Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 6

ഒരു കുടുംബകഥ കൂടി… അധ്യായം 6

Sathyadeepam

ത്രേസ്യാമ്മ മുറിയിലൂടെ അങ്ങുമിങ്ങും നടന്നു, കൈകള്‍ പിന്നില്‍ കെട്ടി ആലോചനയോടെ. എല്ലാവരുടെയും കണ്ണുകള്‍ ത്രേസ്യാമ്മയിലായിരുന്നു. കുഞ്ഞേപ്പന്‍, സോജന്‍, ലിസി, ബിന്ദു, സീന, ജോമോന്‍, റോസ്മേരി എന്നിവരായിരുന്നു മുറിയിലുണ്ടായിരുന്നത്. എത്സയുടെ വിവാഹക്കാര്യം അവതരിപ്പിച്ചതിന് ശേഷം ത്രേസ്യാമ്മ ഏതു രീതിയിലാണ് പ്രതികരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു മറ്റുള്ളവര്‍.

കേട്ടിടത്തോളം എനിക്ക് ഇഷ്ടമായില്ല… സോജനാണ് അതുവരെയുള്ള നിശ്ശബ്ദതയെ തകര്‍ത്തത്.

…ഒരു കള്ളുകുടിയനാണ് എന്‍റെ അനിയന്‍റെ അമ്മായിയപ്പന്‍ എന്ന് പറയുന്നത് എനിക്ക് നാണക്കേടാ…

ത്രേസ്യാമ്മ നടത്തം നിര്‍ത്തിയിട്ട് കട്ടക്കണ്ണടയുടെ മുകളിലൂടെ സോജനെ തിരിഞ്ഞുനോക്കി.

രാവെളുക്കുവോളം അദ്ധ്വാനിച്ചിട്ട് ഒന്ന് ശരീരം തണുപ്പിക്കാനായി ബിവറേജിന്‍റെ മുമ്പില്‍ ക്യൂനില്ക്കുന്നവര്‍ മദ്യപര്‍. സ്കോച്ച് വിസ്ക്കി ബെഡ്റൂമില്‍ വച്ച് തണുപ്പിച്ച് കുടിക്കുന്നവന്‍ മാന്യന്‍. അല്ലേടാ… ത്രേസ്യാമ്മ സോജനോട് ചോദിച്ചു.

വേണമെങ്കില്‍ ഒന്ന് പെമ്പിളയ്ക്കും കൊടുക്കും. എന്നിട്ട് ഒന്നുമറിയാത്തവരെപ്പോലെ പെരുമാറുകയും ചെയ്യും. ത്രേസ്യാമ്മ ചിരിച്ചു. സോജന്‍ വിളറി വെളുത്തുപോയി. അമ്മച്ചി ഇക്കാര്യമെല്ലാം എങ്ങനെ അറിയുന്നുവെന്നായിരുന്നു അവന്‍ ആലോചിച്ചത്.

നീ വാടി… എനിക്ക് കടേല്‍പോകാന്‍ സമയമായി.സോജന്‍ വേഗം ഇരിപ്പിടത്തില്‍ നിന്നെണീറ്റു. രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു ലിസിക്കും. എന്തായാലും തക്കസമയത്ത് സോജന്‍ രക്ഷിച്ചു. അല്ലെങ്കിലും ചില നേരങ്ങളില്‍ പുള്ളിക്കാരന് ബള്‍ബ് പെട്ടെന്ന് തെളിയും. ലിസി മനസ്സില്‍ പറഞ്ഞു.

എനിക്കും ചേട്ടായി പറഞ്ഞതുപോലെ തന്നെയാ തോന്നുന്നെ… നമുക്ക് ചേരുന്ന ബന്ധമാണോ അമ്മച്ചി അത്? സീന സംശയിച്ചു.

സാമ്പത്തികവും ഇല്ല, മനസ്സമ്മതം വരെ കഴിഞ്ഞ പെണ്ണും. ച്ഛേ… സീന മുഖം വക്രിച്ചു.

നിന്‍റെ പറച്ചില് കേട്ടാ തോന്നുമല്ലോ നമ്മളിപ്പം തന്നെ അവളെ കൊണ്ട് ബിനൂനെ കെട്ടിക്കാനാ പോകുന്നതെന്ന്… ഇത് അതൊന്നുമല്ല. വെറുതെ ഒരു പെണ്ണുകാണല്‍. അത്രയല്ലേയുള്ളൂ. ത്രേസ്യാമ്മ ചോദിച്ചു.

ആദ്യമായിട്ട് അവനുവേണ്ടി പെണ്ണുകാണാന്‍ പോകുവല്ലേ ഒന്നു തുടങ്ങിവയ്ക്കാം. അത്രേ ഞാന്‍ വിചാരിക്കുന്നുള്ളൂ. ജോമോന്‍ ഇടപെട്ടു.

അതെ, അതാശരി… ത്രേസ്യാമ്മ അത് സമ്മതിച്ചു.

അതും ജോമോനും റോസ്മേരീം പറഞ്ഞതുകൊണ്ട്… രണ്ടാള്‍ക്കും ബിനൂനേം അറിയാം ആ പെങ്കൊച്ചിനേം അറിയാം. അപ്പോ തീര്‍ത്തും മോശമാകുകേലെന്നൊരു തോന്നല്‍… പിന്നെ സാമ്പത്തികോം കുടുംബസാഹചര്യോം… കെട്ടിക്കയറിവരുന്ന പെണ്ണിന്‍റെ സ്ത്രീധനക്കാശുകൊണ്ട് വേണോ ഇവിടെ കഞ്ഞികുടിക്കാന്‍…വേണ്ടല്ലോ… വലതുകാല്‍ വച്ച് മനം നിറഞ്ഞ് കെട്ടിക്കയറിവരുന്ന പെണ്ണിന്‍റെ ഐശ്വര്യമാ ആ കു ടുംബത്തിന്‍റെ ഐശ്വര്യം… കെട്ട്യോന്‍റെ ഐശ്വര്യം… അവള് നല്ലവളാണെങ്കീ ബിനൂന് അത് പോരേ… പെണ്ണിന്‍റെ ഭാഗ്യമാ അവള്‍ടെ കെട്ട്യോന്‍റെ കരുത്ത്…

പെണ്ണിനെ മാത്രം നോക്കിയാല്‍ മതിയെന്നാ എനിക്കും തോന്നുന്നെ… കുഞ്ഞേപ്പന്‍ അഭിപ്രായം പറഞ്ഞു. അയാള് കുടിക്കുവോ വലിക്കുവോ എന്നാ ചെയ്താലും നമുക്കെന്നാ… നമ്മുടെ കുഞ്ഞിനെ അങ്ങോട്ട് കെട്ടിച്ചുവിടുവൊന്നും അല്ലല്ലോ… നമ്മള് അവിടെനിന്ന് ഇങ്ങോ ട്ട് കൊണ്ടുവരുവല്ലേ… അപ്പോ പിന്നെ മദ്യപാനത്തിന്‍റെ കാര്യം അങ്ങ് വിട്ടേക്ക്…

അതെ, ത്രേസ്യാമ്മ ഭര്‍ത്താവിനെ നോക്കി അഭിനന്ദനച്ചിരി ചിരിച്ചു.

ആ പെങ്കൊച്ച് കൊളളാമെന്നാ കേട്ടിടത്തോളം എനിക്കും തോന്നുന്നെ… ഒന്നുമല്ലേലും അവള്‍ക്ക് നല്ല തന്‍റേടമുണ്ട്… ജീവിക്കാനും പൊരുതിനില്ക്കാനുമുള്ള ശേഷിയുമുണ്ട്… ഇപ്പഴത്തെ കാലത്തെ പെമ്പിള്ളേരെ പോലെ ഒന്ന് പറഞ്ഞ് രണ്ടാമത് ചാകാന്‍ നടക്കുന്ന ടൈപ്പല്ല… അത് വലിയ കാര്യമാ…

അതെയമ്മച്ചീ… അതുതന്നെയാ ഞാനും പറഞ്ഞെ…റോസ്മേരിക്ക് ഉത്സാഹമായി. താന്‍ മനസ്സില്‍ കരുതിയ പോയിന്‍റ് തന്നെയാണ് അമ്മച്ചിയും പറയുന്നത്.

ബിനൂന് അവള് എല്ലാത്തരത്തിലും വലിയ സപ്പോര്‍ട്ടായിരിക്കും. അക്കാര്യം ഷുവര്‍… റോസ്മേരി തീര്‍ത്തുപറഞ്ഞു.

മോളേ… ത്രേസ്യാമ്മ റോസ്മേരിയുടെ നേര്‍ക്ക് തിരിഞ്ഞു.

എനിക്ക് ആ പെങ്കൊച്ചിനെയൊന്ന് കാണണം…

അതിനെന്താ അമ്മച്ചീ നമുക്ക് പോകാമല്ലോ..

അതല്ല മോളേ… പറഞ്ഞുകേട്ടിടത്തോളം ഇത്തിരി കുന്നും തോട്ടോം ഒക്കെ ഉള്ള സ്ഥലമല്ലേ… അതൊന്നും ചവിട്ടിക്കയറി വരാന്‍ എന്നെക്കൊണ്ടുപറ്റുകേല… നീയൊരു കാര്യം ചെയ്യ്… അവളെ നിന്‍റെ വീട്ടിലോട്ട് ഒരു ദിവസം വിളിക്ക്… നിങ്ങള് കൂട്ടൂകാരാകുമ്പം അത് പ്രശ്നമില്ലല്ലോ… ഞാനവിടെ വരാം… ബിനൂനേം കൂട്ടാം… അവനും അവളും ഇക്കാര്യമൊന്നും അറിയാതിരുന്നാ മതി…

ഹോ ഈ അമ്മച്ചീടെ ബുദ്ധി കാഞ്ഞ ബുദ്ധിയാ കേട്ടോ… ജോമോന്‍ ഒരു കോപ്ലി മെന്‍റ് നല്കി..

ഞങ്ങള്‍ക്ക് പോലും ഈ ബുദ്ധി തോന്നിയില്ല. അല്ലേടീ? ജോമോന്‍ റോസ്മേരിയെ നോക്കി.

അതിന് ഇപ്പഴത്തെ പിള്ളേര്‍ക്കെവിടെയാ പ്രായോഗികജ്ഞാനം? കുഞ്ഞേപ്പന്‍ ചിരിച്ചു.

അവര്‍ക്ക് മൊബൈലും ഇന്‍റര്‍നെറ്റും അല്ലാതെ ഒരു സംഗതി അറിയത്തില്ലല്ലോ.. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ത്രേസ്യാമ്മ നേരെ പോയത് പ്രാര്‍ത്ഥനമുറിയിലേക്കാണ്. അവിടെ ചെന്ന് വചനപ്പെട്ടി എടുത്തു. ജീവിതത്തില്‍ നിര്‍ണ്ണായകമായ തീരുമാനമെല്ലാം എടുക്കുന്ന നേരങ്ങളില്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ച് വചനപ്പെട്ടി തുറന്ന് വായിക്കുന്നത് ത്രേസ്യാമ്മയുടെ ഒരു ശീലമായിരുന്നു. അതില്‍ നിന്നുള്ള ഒരു വചനം തന്‍റെ അപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുള്ള ദൈവത്തില്‍ നിന്നുള്ള മറുപടിയാണെന്ന് ത്രേസ്യാമ്മ എന്നും വിചാരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ വചനപ്പെട്ടി തുറന്നുനോക്കാന്‍ ത്രേസ്യാമ്മ എത്തിയത്. കൈകള്‍ കൂപ്പി ത്രേസ്യാമ്മ പ്രാര്‍ത്ഥിച്ചെടുത്തത് ഇങ്ങനെ വായിച്ചു.

ദൈവം കൂട്ടിയോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ.

ത്രേസ്യാമ്മയുടെ മനസ്സ് നിറഞ്ഞു. ദൈവം സംസാരിക്കുന്നതുപോലെ അവര്‍ക്ക് തോന്നി. തിരികെ വന്നപ്പോള്‍ ആ മുഖത്തെ സന്തോഷം സീനയ്ക്ക് മനസ്സിലായി.

അമ്മച്ചി വിചാരിച്ചതുപോലെയാണെന്ന് തോന്നുന്നല്ലോ കാര്യങ്ങള്‍..

അതേടീ… അങ്ങനെതന്നെയാ… ത്രേസ്യാമ്മ സംതൃപ്തിയോടെ ചിരിച്ചു.

എന്നാ മോളേ റോസ്മേരീ… ഇനിയൊട്ടും വച്ചുതാമസിപ്പിക്കണ്ടാ… അടുത്ത ദിവസംതന്നെ നീ നിന്‍റെ കൂട്ടുകാരിയെ വീട്ടിലോട്ട് ക്ഷണിക്ക്… ഞങ്ങള് അവളെ കാണാന്‍ വരാം… നല്ല കാര്യങ്ങള്‍ ഇടിപിടീന്ന് നടത്തണം… വലിച്ചിഴയ്ക്കരുത്… അതാ എന്‍റെ രീതി..

ശരിയമ്മച്ചീ ഞാന്‍ ഇന്ന് തന്നെ എത്സയെ വിളിക്കാം.റോസ്മേരി പറഞ്ഞു.

***   ***   ***
എടാ ബിനൂ, ത്രേസ്യാമ്മ ബിനുവിന്‍റെ മുറിയിലേക്ക് ചെന്നു. ബിനു അപ്പോള്‍ കട്ടിലില്‍ കിടന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു.

ത്രേസ്യാമ്മ അവന്‍റെ അരികില്‍ ചെന്നിരുന്നു.

നിനക്കിന്ന് എന്നതെങ്കിലും പരിപാടിയുണ്ടോടാ…

വൈകിട്ടെന്താ പരിപാടി? ബിനു ആലോചിച്ചു. അവന്‍ എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് ത്രേസ്യാമ്മ പറഞ്ഞു. എന്തു പരിപാടിയാണെങ്കിലും സാരമില്ല ഇന്ന് നീ എന്‍റെകൂടെ ഒരിടംവരെ വരണം.

വല്ല പെണ്ണു കാണാനുമായിരിക്കും… ബിനു ഇഷ്ടമില്ലാത്ത മട്ടില്‍ മുഖംതിരിച്ചു.

ങ്ഹാ പെണ്ണുകാണാന്‍ തന്നെ… പക്ഷേ കെട്ടിച്ച പെണ്ണാണെന്നേയുള്ളൂ… ത്രേസ്യാമ്മ ദേഷ്യം ഭാവിച്ച് പറഞ്ഞു.

ബിനു സംശയഭാവത്തോടെ അമ്മയെ നോക്കി.

…എടാ റോസ്മേരീടെ വീടുവരെ എനിക്കൊന്ന് പോകണം… ആ കൊച്ചാണേല്‍ കുറേ നാളായിട്ട് എന്നെ വിളിക്കുന്നു, വാ വാ എന്ന്… അവിടെ അവള്‍ക്ക് അമ്മായിയമ്മയൊന്നുമില്ലല്ലോ… അമ്മമാരൊക്കെ ഇടയ്ക്കൊക്കെ വീടുകളില്‍ വന്നുപോയാലേ ഒറ്റയ്ക്ക് താമസിക്കുന്ന മക്കള്‍ക്ക് ഒരു സന്തോഷമൊക്കെ വരൂ… അവര്‍ക്ക് നമ്മളല്ലാതെ മറ്റാരാടാ ഉള്ളേ…? നമുക്കവിടംവരെയൊന്ന് പോയേച്ചുവരാം…

അതിന് ഞാനെന്നാത്തിനാ അമ്മച്ചീ വരുന്നെ… അമ്മച്ചി ഡ്രൈവറേം കൂട്ടി പോയാ പോരേ?

ബിനു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

എനിക്കിപ്പം അവനെ കാണുന്നതേ കലിപ്പാ… അവനല്ലേ വലിയ ധൃതി എന്നെ പിടിച്ചുപെണ്ണ് കെട്ടിക്കാന്‍… അവന്‍റെ ഉത്സാഹം കണ്ടാ തോന്നും അവനാ എന്‍റെ അപ്പനെന്ന്…

അതൊക്കെ വിട്ടുകളയെടാ… നിന്‍റെ നന്മയ്ക്കല്ലേ അവന്‍ പറയുന്നത്..

ഒരു നന്മ… ങും… അമ്മച്ചി ചെന്ന് വേഗം റെഡിയാകാന്‍ നോക്ക്. ബിനു കട്ടിലില്‍ നിന്നെണീറ്റു. ത്രേസ്യാമ്മ ഉത്സാഹവും സന്തോഷവും അടക്കിവച്ച് ഡ്രസ് മാറാനായി ഓടി.

അവന്‍ സമ്മതിച്ചോടീ… കുഞ്ഞേപ്പന്‍ അടക്കം ചോ ദിച്ചു.

ഉം. ത്രേസ്യാമ്മ തലയാട്ടി.

എന്നാ ഞാനും കൂടി വന്നാലോ..

എന്തിന്… ത്രേസ്യാമ്മ ദേഷ്യപ്പെട്ടു. അവന് സംശയം വല്ലതും തോന്നിയാലോ… ഇതാകുമ്പം നയത്തിലങ്ങനെ കൊണ്ടുപോകാം.

എന്നാ ശരി നീ തന്നെ പൊയ്ക്കോ ഞാന്‍ വരുന്നില്ല… കുഞ്ഞേപ്പന്‍ ആഗ്രഹം അടക്കി. ത്രേസ്യാമ്മ ഏറ്റവും നല്ല കവണിയും മുണ്ടും ചട്ടയുമാണ് അണിഞ്ഞത്.

എടാ ഈ ബ്രോച്ച് ഒന്ന് കുത്തിതന്നേടാ… കവണിയില്‍ കുത്താനുള്ള ബ്രോച്ചുമായി ത്രേസ്യാമ്മ ബിനുവിന്‍റെ അടുക്കലേക്ക് ചെന്നു.

അമ്മച്ചി ഇതെങ്ങോട്ടാ… ത്രേസ്യാമ്മയെ അടിമുടി നോക്കിയ ബിനു ചോദിച്ചു.

ഒരു കല്യാണത്തിന് പോകുന്ന മട്ടിലാണല്ലോ…

എടാ ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണം… നമ്മള് ഒരു വീട്ടിലോട്ട് ചെല്ലുന്നതല്ലേ… നമ്മുടെ ഭാഗത്തുനിന്ന് യാതൊന്നിനും കുറവുണ്ടാകരുത്..

അല്ലാ, ഇനി നമ്മള് ചെല്ലുമ്പം അവന്‍ അവിടെ കാണുമോ… സണ്‍ഡേ ആയതോണ്ട് വല്ല ഔട്ടിങ്ങിനും പോയാലോ ബിനു ഫോണ്‍ ചെയ്യാന്‍ ഭാവിച്ചപ്പോള്‍ ത്രേസ്യാമ്മ തടഞ്ഞു.

അതൊന്നും വേണ്ടെടാ… നമ്മള് അറിയിച്ചിട്ട് ചെന്നാല്‍ അവര് വല്ല വിരുന്നും ഒരുക്കിയാലോ നമുക്ക് അതൊന്നും വേണ്ട…

അത് ശരിയാണെന്ന് ബിനുവിനും തോന്നി.

അയ്യേ… ബിനുവിനെ നോക്കി പെട്ടെന്ന് ത്രേസ്യാമ്മ താടിക്ക് കൈ കൊടുത്തു.

നീ മുണ്ടാണോ ഉടുക്കുന്നെ… പോയി ജീന്‍സെടുത്തിടെടാ..

ഓ ജീന്‍സ്… എന്നുവച്ച് ഞാന്‍ വണ്ടര്‍ലായില്‍ പോകുവല്ലേ… അമ്മച്ചി വരുന്നുണ്ടെങ്കീ വന്നേ..

എടാ ഞാനിത്രേം വൃത്തിക്ക് ഒരുങ്ങിയിട്ട് നീ മോശമായിട്ട് എന്‍റെ കൂടെ വന്നാ അതിന്‍റെ നാണക്കേട് ആര്‍ക്കാ… എനിക്കല്ലേ… പോടാ… പോയി ചെന്ന് ആ ജീന്‍സും ടീ ഷര്‍ട്ടും എടുത്തിട്ട്… നീല ജീന്‍സും വെള്ള ടീഷര്‍ട്ടും.

ത്രേസ്യാമ്മ ബിനുവിനെ പിടിച്ചുതള്ളി.

ഈ അമ്മച്ചീടെ ഒരു കാര്യം… ബിനു മനസ്സില്ലാമനസ്സോടെ വേഷം മാറാനായി മുറിയിലേക്ക് പോയി. ആദ്യം വിസമ്മതം പറഞ്ഞാലും താന്‍ എന്തു പറഞ്ഞാലും ബിനു അനുസരിക്കുമെന്ന് ത്രേസ്യാമ്മയ്ക്കറിയാമായിരുന്നു. വേഷം മാറി വന്ന ബിനുവിനെ കണ്ടപ്പോള്‍ ത്രേസ്യാമ്മ പറഞ്ഞു.

നല്ല അടിപൊളിയായിട്ടുണ്ട്… ഇങ്ങനെ വേണം എപ്പഴും…

എടാ ജോയിച്ചാ വണ്ടിയെടുക്കെടാ… പത്രം വായിച്ച് മുറ്റത്തിരിക്കുകയായിരുന്ന ഡ്രൈവറോട് ത്രേസ്യാമ്മ പറഞ്ഞു.

അമ്മേം മോനും കൂടി എങ്ങോട്ടാ… പെണ്ണുകാണാന്‍ പോകുവാണോ… ജോയി ഒരു വഷളന്‍ ചിരി ചിരിച്ചു. ഇവിടെ എല്ലാവര്‍ക്കുമിപ്പോ ബിനുക്കുട്ടന്‍റെ കല്യാണക്കാര്യം പറയാനേ നേരമുള്ളൂ… അതോണ്ട് ചോദിച്ചതാ… ബിനുവിന് സംശയമായി. ഇനി അങ്ങനെ വല്ലതുമാണോ… അവന്‍ സംശയഭാവത്തില്‍ ത്രേസ്യാമ്മയെ നോക്കി.

അതേടാ പെണ്ണു കാണാനാ…നിന്‍റെ അമ്മ മരിച്ചുപോയിട്ട് പത്തുപതിനാറ് വര്‍ഷമായില്ലേ നിന്‍റെ അപ്പന്‍ ചാണ്ടിക്ക് അന്തിക്കൂട്ടിന് ഒരാളെ തപ്പിപോകുവാ… പോയിവണ്ടിയെടുക്കെടാ… ത്രേസ്യാമ്മ ശബ്ദമുയര്‍ത്തി.

ന്‍റമ്മേ… ജോയി വേഗം ഡോര്‍ തുറന്ന് അകത്തുകയറി. ബിനുവിന് ചിരിവന്നു. ഈ നാവില്ലായിരുന്നുവെങ്കില്‍ അമ്മച്ചിയുടെ കാര്യം വലിയ കഷ്ടത്തിലായേനേ… അവന്‍ ആത്മഗതം പറഞ്ഞു.

കാര്‍ ഗെയ്റ്റ് കടന്നപ്പോള്‍ ജോയി പറഞ്ഞു.

ബിനുക്കുട്ടന് വണ്ടി ഓടിക്കാന്‍ പഠിക്കാന്‍ മേലായിരുന്നോ… ഇന്നത്തെ കാലത്ത് ആര്‍ക്കാ ഡ്രൈവിങ്ങ് അറിയാന്‍മേലാത്തത്..

അതു കേട്ടപ്പോള്‍ ബിനു വല്ലാതെയായി. എല്ലാവരും ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന കാര്യം.

ബിനുക്കുട്ടന് വണ്ടിയോടിക്കാന്‍ പേടിയാ അല്ലേ… ജോയി ചിരിച്ചു.

പേടിയോ… എന്തിന്… ബിനു ചിരിക്കാന്‍ ശ്രമിച്ചു..

എനിക്ക് ലൈസന്‍സുണ്ട്… അവന്‍ പോക്കറ്റ് തടവി..

അതെനിക്കറിയാം. തപാലില്‍ പഠിച്ചതല്ലേ… ജോയി തിരിച്ചടിച്ചു.

ഓ ഒരു മിടുക്കന്‍… പെട്ടെന്ന് ത്രേസ്യാമ്മ വിഷയത്തില്‍ ഇടപെട്ടു.

നാലക്ഷരം കൂട്ടിയെഴുതാന്‍ അറിയാമോടാ നിനക്ക്… വഴിയില്‍ വച്ചിരിക്കുന്ന ബോര്‍ഡെങ്കിലും വായിക്കാന്‍.. ജോയി ഉമിനീരിറക്കി.

അധികം വിളച്ചിലെടുത്താലുണ്ടല്ലോ… ങാ… ത്രേസ്യാമ്മ അമര്‍ത്തി മൂളി.

എന്‍റെ മോന്‍ ഡ്രൈവിങ്ങ് പഠിച്ചില്ലെന്നോര്‍ത്ത് ഈ ലോകത്തിന് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അവനും… പിന്നെ ജോയി ഒന്നും സംസാരിച്ചില്ല. വണ്ടി ജോമോന്‍റെ വീട്ടിലെത്തിയപ്പോള്‍ റോസ്മേരി അടുക്കളയിലായിരുന്നു. സംസാരിച്ചുകൊണ്ട് എത്സ അരികിലുമുണ്ടായിരുന്നു. വണ്ടി വന്നു നില്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ റോസ്മേരി ജോലിക്കിടയില്‍ നിന്ന് തലയുയര്‍ത്തിനോക്കി.

ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു, ജോമോനേ… അവള്‍ അകത്തേയ്ക്ക് നോക്കിവിളിച്ചു. പക്ഷേ ജോമോന്‍ വിളി കേട്ടില്ല.

എത്സേ നീ ചെന്ന് നോക്കാമോ ആരാ വന്നിരിക്കുന്നതെന്ന്…

എത്സ മറ്റൊന്നും വിചാരിക്കാതെ മുന്‍വശത്തെ വാതില്‍ തുറന്ന് നോക്കാനായി പോയി. അവള്‍ വാതില്‍ തുറന്നു. ഡോര്‍ തുറന്ന് പുറത്തേയ്ക്കിറങ്ങിയ ത്രേസ്യാമ്മ വീടിന്‍റെ ഭംഗി നോക്കിനില്ക്കുമ്പോഴാണ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്. റോസ്മേരിയെ ആയിരുന്നു ത്രേസ്യാമ്മ പ്രതീക്ഷിച്ചത്. പക്ഷേ വാതില്ക്കല്‍ മറ്റൊരു മുഖം. ത്രേസ്യാമ്മയുടെ കണ്ണ് വിടര്‍ന്നു ഈ മുഖം ഇതിന് മുമ്പ് മറ്റെവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോയെന്നായിരുന്നു ത്രേസ്യാമ്മ ആലോചിച്ചത്. എത്സയെ നോക്കി പടികള്‍ കയറാന്‍ തുടങ്ങിയ ത്രേസ്യാമ്മ പെട്ടെന്ന് പടിയില്‍ തട്ടി ഒന്ന് വീഴാന്‍ ഭാവിച്ചു. അതുകണ്ട് വാതില്ക്കല്‍നിന്ന് എത്സ ഓടിയെത്തി ത്രേസ്യാമ്മയെ താങ്ങി.

അയ്യോ അമ്മച്ചി വീഴല്ലേ..

ബിനു ഒരു ഫോണ്‍കോള്‍ അറ്റന്‍റ് ചെയ്ത് വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ കാണുന്നത് അമ്മച്ചിയെ ഒരു പെണ്‍കുട്ടി താങ്ങിപ്പിടിച്ചിരിക്കുന്നതാണ്.

അമ്മച്ചീ… ബിനു ഓടിവന്നു. രണ്ടുവശത്തുനിന്നും രണ്ടുപേരുടെയും കൈതാങ്ങലുകള്‍. ത്രേസ്യാമ്മ ഇരുമുഖങ്ങളെയും മാറിമാറി നോക്കി ചിരിച്ചു.

എനിക്കൊന്നും പറ്റിയില്ലെന്‍റെ മക്കളേ… ഒന്ന് വീഴാന്‍ പോയി… ഈ കൊച്ചെന്നെ താങ്ങി.

അപ്പോഴാണ് ബിനു എത്സയെ ശ്രദ്ധിച്ചത്. എത്സ അവനെയും.

ഇരുവരും നോക്കി പരസ്പരം ചിരിച്ചു.

ആരാ മനസ്സിലായില്ലല്ലോ… ബിനു ചോദിച്ചു. റോസ്മേരിക്ക് അനിയത്തിമാരില്ലെന്ന് അവനറിയാമായിരുന്നു.

ഞാന്‍… എത്സ… എത്സ പറഞ്ഞു.

ആരാ എത്സേ അവിടെ… അപ്പോഴേക്കും ജോമോനും റോസ് മേരിയും വാതില്ക്കലേക്ക് വന്നു.

ഹായ് അമ്മച്ചി… റോസ്മേരി ഒന്നും അറിയാത്തവളെ പോലെ ഓടിവന്ന് ത്രേസ്യാമ്മയെ കെട്ടിപ്പിടിച്ചു.

അവസാനം അമ്മച്ചി വന്നല്ലോ, വരാം വരാം എന്ന് പറഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി…

എടാ ബിനൂ കേറി വാടാ… ജോമോന്‍ ബിനുവിന്‍റെ കരം കവര്‍ന്നു.

നീ ഇങ്ങനെ മസില് പിടിച്ച് നില്ക്കാതെ… ജോമോന്‍ ബിനുവിനെ ആലിംഗനം ചെയ്തു. അ തില്‍ ബിനുവിന്‍റെ പരിഭവം അലിഞ്ഞുപോയി.

ഈ മോളേ ഞാന്‍ എവിടെവച്ചോ ഇതിന് മുമ്പ് കണ്ടിട്ടുണ്ടല്ലോ അകത്തേയ്ക്ക് നടക്കുമ്പോഴും അതുതന്നെയായിരുന്നു ത്രേസ്യാമ്മയുടെ ചിന്ത. ഇതാരാ റോസ് മേരീ?

ആ… അതു ഞാന്‍ പറഞ്ഞില്ലല്ലോ… ഇതെന്‍റെ കൂട്ടുകാരിയാ അ മ്മച്ചി… എത്സ… ഞങ്ങള് ചെറുപ്പം മുതല്‍ക്കേ കൂട്ടുകാരായിരുന്നു. ഒരുപാട് കാലം കൂടി കഴിഞ്ഞ ദിവസമാ ഞങ്ങള് വീണ്ടും കണ്ടത്… അപ്പോ ഞാന്‍ ഇവളെ ഇങ്ങോട്ട് വിളിച്ചായിരുന്നു…

എവിടെയാ മോള്‍ടെ വീട്?

എത്സ സ്ഥലപ്പേര് പറഞ്ഞു.

അവിടമെനിക്ക് പരിചയമില്ല. പിന്നെ എവിടെവച്ചാ കണ്ടത്… ആ പിടി കിട്ടി… ത്രേസ്യാമ്മ സന്തോഷിച്ചു.

കുറെ നാള് മുമ്പ് മോള് ഭരണങ്ങാനത്ത് വന്നില്ലായിരുന്നോ അവിടെ അല്‍ഫോന്‍സാമ്മേടെ പള്ളീല്… അന്നും പള്ളീലോട്ട് കയറാന്‍ നേരത്ത് ഇതുപോലെ ഞാന്‍ തട്ടിവീഴാന്‍ തുടങ്ങി. ലിസി എന്‍റെ കൂടെയുണ്ടായിരുന്നു. പക്ഷേ അതുകൊണ്ടു എന്നാ വിശേഷമാ എനിക്കുള്ളെ… അപ്പോ അന്നും ഇതുപോലെ മോളാ എന്നെ ഓടിവന്ന് താങ്ങിയത്… ഓര്‍ക്കുന്നില്ലേ?

ഈ അമ്മച്ചീടെ മെമ്മറി ഭയങ്കര ഷാര്‍പ്പാണല്ലോ.. എത്സ ത്രേസ്യാമ്മയ്ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. ആ ഉമ്മ ത്രേസ്യാമ്മയ്ക്ക് ഭയങ്കര ഇഷ്ടമായി.

അമ്മച്ചി പറഞ്ഞപ്പഴാ ഞാനാ ഇന്‍സിഡന്‍റ് ഓര്‍ക്കുന്നെ… ശരിയാ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

എത്സ ഓര്‍ത്തെടുത്തു.

അന്നു തൊട്ടേ ഈ മുഖമെന്‍റെ മനസ്സിലുണ്ടായിരുന്നു… ത്രേസ്യാമ്മയ്ക്ക് സന്തോഷം അടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ഒരു സാധാരണ സംഭവം. അതൊക്കെ ഇങ്ങനെ ഓര്‍ത്തിരിക്കാന്‍ എന്താണുള്ളത്? കേട്ടുനിന്ന ബിനുവിന്‍റെ ആലോചന അതായിരുന്നു.

ചട്ടയും മുണ്ടുമുടുത്ത അമ്മച്ചിമാരെ എനിക്ക് ഭയങ്കര ഇഷ്ടമാ… എനിക്ക് ഒരു വല്യമ്മച്ചി ഉണ്ടായിരുന്നു. അമ്മേടെ അമ്മ… അക്കരയമ്മച്ചി എന്നാ ഞങ്ങള് വിളിച്ചിരുന്നെ… പാവം മൂന്നാലു വര്‍ഷം മുമ്പ് മരിച്ചുപോയി… അമ്മച്ചിയെ കാണുമ്പോഴൊക്കെ ഞാന്‍ അക്കരയമ്മച്ചിയെ ഓര്‍മ്മിക്കും. രണ്ടാള്‍ക്കും എവിടെയൊക്കെയോ നല്ല സാമ്യം… എത്സ തീര്‍ത്തും അനൗപചാരികമായിട്ടാണ് സംസാരിച്ചത്. ആ ലാളിത്യവും തുറവിയും ത്രേസ്യാമ്മയ്ക്കും ഇഷ്ടമായി.

ഞങ്ങടെ കാലം കഴിയുന്നതോടെ ഈ വേഷോം തീരും. പിന്നെ ചട്ടയും മുണ്ടും കാണണമെങ്കില് വല്ല മ്യൂസിയത്തിലും പോണം. പുരാതന കത്തോലിക്കാ സ്ത്രീകളുടെ പാരമ്പര്യ വേഷം എന്ന് അടിക്കുറിപ്പുമായിട്ട് അവിടെ കാണാം… ത്രേസ്യാമ്മ അഭിപ്രായപ്പെട്ടു. എല്ലാവരും അതുകേട്ട് ചിരിച്ചു.

ഹോ ഈ അമ്മച്ചീടെ ഓരോരോ ഒബ്സര്‍വേഷന്‍സ്… ജോമോന്‍ അഭിനന്ദിച്ചു.

മോളിങ്ങ് വന്നേ… ഞാന്‍ ചോദിക്കട്ടെ… ത്രേസ്യാമ്മ എത്സയുടെ കൈയ്ക്ക് പിടിച്ച് സോഫയിലേക്കിരുന്നു.

എനിക്കെന്തോ മണക്കുന്നുണ്ടല്ലോടാ… ശ്വാസം ആഞ്ഞെടുത്തുകൊണ്ട് ബിനു പറഞ്ഞു. അവന്‍ പറഞ്ഞതിലെ ധ്വനി മനസ്സിലായെങ്കിലും അത് ഗൗനിക്കാതെ ജോമോന്‍ റോസ്മേരിയോട് പറഞ്ഞു,

നീ അടുക്കളേലോട്ട് ചെല്ല്…എന്തോ മണക്കുന്നതുപോലെ.

ആ ശരിയാ കുക്കറില്‍ ഇറച്ചിവച്ചായിരുന്നു… റോസ്മേരി ഒന്നും ഭാവിക്കാത്തതുപോലെ അടുക്കളയിലേക്ക് നടന്നു.

ഭക്ഷണത്തിനിരിക്കുമ്പോഴാണ് വീണ്ടും ബിനുവും എത്സയും തമ്മില്‍ കണ്ടത്. ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ എത്സയും കൂടി.

മോളിരിക്ക്… മോളും ഇന്ന് ഞങ്ങളെപോലെ ഗസ്റ്റാ… ത്രേസ്യാമ്മ എത്സയുടെ കൈക്ക് പിടിച്ച് അരികിലിരുത്താന്‍ ശ്രമിച്ചു.

ഞങ്ങള് പിന്നെ കഴിച്ചോളാം അമ്മച്ചി… എത്സ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

നീയും കൂടി ഇരുന്നോ എത്സേ… റോസ്മേരി നിര്‍ബന്ധിച്ചു. ത്രേസ്യാമ്മ തന്‍റെ അരികിലായി എത്സയെ ഇരുത്തി. എത്സയോടുള്ള ത്രേസ്യാമ്മയുടെ പ്രത്യേക അടുപ്പവും താല്പര്യവും കണ്ടപ്പോള്‍ ബിനുവിന്‍റെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. അമ്മച്ചിയുടെ മനസ്സിലെന്താണാവോ?

ഈ ബീഫ് ഉലത്തലിന് ഒരു പ്രത്യേക ടേസ്റ്റുണ്ടല്ലോ റോസ്മേരീ… ഇതെങ്ങനെയാ നീ ഉണ്ടാക്കിയെ? ത്രേസ്യാമ്മ ചോദിച്ചു.

അത് ഞാനല്ല അമ്മച്ചി ഉണ്ടാക്കിയെ… എത്സേടെ പാചകമാ..

ഉം… അപ്പോ കൈപ്പുണ്യവും ഉണ്ട്. ത്രേസ്യാമ്മ സന്തോഷിച്ചു. പിന്നെ ഒരു രഹസ്യം കണക്കെ ശബ്ദം താഴ്ത്തി പറഞ്ഞു

കെട്ട്യോന്മാരുടെ മനസ്സിലേക്ക് പെണ്ണുങ്ങള്‍ക്ക് കയറിക്കൂടാനുള്ള എളുപ്പവഴിയാ ഇത്… പാചകം. വായ്ക്ക് രുചിയോടെ നല്ല രീതിയില്‍ മാറിമാറി ഓരോന്നും ഉണ്ടാക്കിക്കൊടുക്കണം. ത്രേസ്യാമ്മ ശബ്ദമുണ്ടാക്കി ചിരിച്ചു.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ത്രേസ്യാമ്മ ബിനുവിനോടായി ചോദി ച്ചു: “ഇന്ന് ഒരു നല്ലദിവസമായിരുന്നു അല്ലേടാ?

ഒരു ദിവസംപോയിക്കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ബിനു ചൊടിച്ചു

നീ ആ പെങ്കൊച്ചിനെ ശ്രദ്ധിച്ചായിരുന്നോ, എത്സയെ?

ഞാനാരെയും ശ്രദ്ധിച്ചില്ല… ഞാനെന്നാത്തിനാ കണ്ട പെമ്പിള്ളേരുടെ വായീ നോക്കുന്നെ…?

അതെനിക്കറിയാം നീ വായിനോക്കുകേലെന്ന്… എനിക്കവളെ നന്നായി ഇഷ്ടപ്പെട്ടു. നല്ല അടക്കോം ഒതുക്കോം മര്യാദേം… ഇന്നത്തെ കാലത്ത് അങ്ങനെത്തെ പെമ്പിള്ളേര് വളരെ കുറവാ…

അണ്ടിയോട് അടുക്കുമ്പോ അറിയാം മാങ്ങേടെ പുളി. ചൊടിപ്പിക്കാനായി ബിനു പറഞ്ഞു.

അല്ലേങ്കിലും പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല… ത്രേസ്യാമ്മ തിരിച്ചടിച്ചു.

എന്നാ മുടിയാടാ ആ പെങ്കൊച്ചിന്… എനിക്കുമുണ്ടായിരുന്നു പണ്ട് അത്രേം മുടി… ത്രേസ്യാമ്മ പഴയ ഓര്‍മ്മകളിലേക്ക് മടങ്ങിയതുപോലെ…

…ഇത്രേം മുടിയുണ്ടായിട്ട് ഒരൊറ്റ പേന്‍ പോലുമില്ല.

ഛേ… ബിനു മുഖം വക്രിച്ചു. അമ്മച്ചി അതിനിടയില്‍ പേന്‍ നോക്കാനും പോയോ?

അതല്ലെടാ ഞാന്‍ ചോദിച്ചു അവള് പറഞ്ഞു. അതിന്‍റെ അര്‍ത്ഥം അവള് വൃത്തിയുള്ളവളാണെന്നാ. നിനക്ക് ഓവര്‍വൃത്തിയല്ലേ…

അവളുടെ തലേല്‍ പേനോ ഉറുമ്പോ എന്തുണ്ടായാലും ഇല്ലെങ്കിലും എനിക്കെന്നാ… എന്‍റെ വൃത്തീം അവളുടെ പേനും തമ്മില്‍ എന്നാ ബന്ധമാ…?

എടാ നിനക്ക് കൂടി ഇഷ്ടമായെങ്കില് നമുക്കവളെ നിനക്ക് വേണ്ടി ആലോചിച്ചാലോ… നിന്‍റെ പെണ്ണായിട്ട് അവളെന്‍റെ മനസ്സില്‍ കയറിക്കൂടിയെടാ… അവള് നിനക്ക് നന്നായിട്ട് ചേരും… എന്നെപ്പോലെ അവള് നിന്നെ നോക്കിക്കോളും.ഉറപ്പാ… അതുകൊണ്ട് എന്‍റെ പൊന്നുമോന്‍ ഇതിനു സമ്മതിക്കണം. പത്തും നൂറും പെണ്ണ് കണ്ട് നടക്കേണ്ട കാര്യവുമില്ല നമുക്ക്… ഇത് മതി… എത്സ…

ബിനു അതു കേട്ടപ്പോള്‍ നടുങ്ങി.

(തുടരും)

Leave a Comment

*
*