ഒരു കുടുംബകഥ കൂടി… അധ്യായം 9

ഒരു കുടുംബകഥ കൂടി… അധ്യായം 9

വിനായക് നിര്‍മ്മല്‍

ബൈക്ക് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ജോമോന്‍ ഉറക്കെ കൂവുന്നുണ്ടായിരുന്നു. ഏതോ യുദ്ധം ജയിച്ചുവരുന്ന ഭടനെപോലെയായിരുന്നു അവന്‍. അവന്‍റെ പിന്നില്‍ ബിനുവുണ്ടായിരുന്നു.

കൂവാതെടാ എന്ന് ബിനു സ്നേഹപൂര്‍വ്വം അവനെ ശാസിച്ചു. പക്ഷേ ജോമോന്‍ കൂവല്‍ നിര്‍ത്തിയില്ല. സോജന്‍റെ കാര്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്ന പോര്‍ച്ചില്‍ അതിന്‍റെ പുറകിലായി ജോമോന്‍ ബൈക്ക് നിര്‍ത്തി. അപ്പോള്‍ അകത്തുനിന്ന് ത്രേസ്യാമ്മ തിടുക്കത്തില്‍ വരാന്തയിലേക്ക് വന്നു. ബിനു എത്സയെ കാണാന്‍ പോയതു മുതല്‍ ത്രേസ്യാമ്മ രൂപക്കൂടിന് മുമ്പിലിരുന്ന് കൊന്ത ചൊല്ലുകയായിരുന്നു.

എന്തായി മക്കളേ… ത്രേസ്യാമ്മ ആകാംക്ഷയോടെ ചോദിച്ചു. ജോമോന്‍റെ പ്രസന്നഭാവം സമ്മതമാണെന്ന തോന്നല്‍ അവരിലുളവാക്കിയിരുന്നുവെങ്കിലും ബിനുവിന്‍റെ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കാനായിരുന്നു ത്രേസ്യാമ്മ ആഗ്രഹിച്ചത്. ബിനു അല്പം നാടകീയമായി തന്നെയാണ് മറുപടി അവതരിപ്പിച്ചത്.

ആ… ഒന്നു കെട്ടിനോക്കാം… ആദ്യത്തെ കല്യാണമല്ലേ… എങ്ങനെയുണ്ട് എന്നറിയാമല്ലോ..

പോടാ തെമ്മാടീ… ത്രേസ്യാമ്മ വേദന അനുഭവപ്പെടാത്ത രീതിയില്‍ ബിനുവിന്‍റെ കൈയ്ക്ക് മീതെ ഒരടി നല്കി…

അറം പറ്റുന്ന വാക്ക് പറയാതെ… ആദ്യത്തെ കല്യാണം… ഹും… നമ്മക്ക് ആദ്യമായിട്ടും അവസാനമായിട്ടും ഒരു കെട്ടേ ഉള്ളൂ. തോന്നുമ്പോ തോന്നുമ്പോ കെട്ടാനും അഴിക്കാനും പറ്റില്ല. അതോണ്ടല്ലേ ഇന്നു മുതല്‍ മരണം വരെ എന്ന് കല്യാണസമയത്ത് നമ്മള് പറയുന്നത്.

അതൊക്കെ പണ്ട്… ബിനു തര്‍ക്കിച്ചു.

ഇപ്പം ജീവിതാവസാനം വരെയോ രണ്ടിലൊരാളുടെ മരണം വരെയോ വിവാഹബന്ധം മുന്നോട്ടുകൊണ്ടുപോയിക്കൊള്ളാം എന്ന് ആരും നേര്‍ച്ചനേരുന്നില്ല അമ്മച്ചി…എപ്പോ അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ ബുദ്ധിമുട്ടാണോ അപ്പോ കട്ട്… രണ്ടാള്‍ക്കും രണ്ടുവഴി… അല്ലാ അതുതന്നെയാ നല്ലതും… എന്തിനാ വെറുതെ നാട്ടുകാരേം വീട്ടുകാരേം പ്രീതിപ്പെടുത്താനായിട്ട് പുറമേയ്ക്ക് അഭിനയിച്ചും അകമേയ്ക്ക് പല്ലിറുമ്മിയും ജീവിക്കുന്നേ… അമ്മച്ചിക്കറിയാമോ നമുക്ക് ചുറ്റുമുള്ള അറുപത് ശതമാനം വിവാഹബന്ധങ്ങളും പുറമേയ്ക്ക് കാണുന്നതുപോലെ അത്ര സുന്ദരമൊന്നുമല്ല… പിന്നെ മക്കള്‍ടെ ഭാവി… കു ടുംബത്തിന്‍റെ സല്‍പ്പേര്… സ്വന്തം ഇമേജ്… എല്ലാം നോക്കി വെറുതെയങ്ങ് കൊണ്ടുനടക്കുന്നതാ..

എന്‍റീശോയേ… ത്രേസ്യാമ്മ താടിക്ക് കൈകൊടുത്തു.

…നീയെന്നതൊക്കെയാ ഇപ്പറയുന്നേ…?

ഇനി അമ്മച്ചി അതിന്‍റെ പുറകെ പോയി അസുഖം വരുത്തിവയ്ക്കണ്ടാ.. വിഷയം കാട് കയറുന്നുവെന്ന് തോന്നിയപ്പോള്‍ ജോമോന്‍ ഇടപെട്ടു.

ബിനുവിന് എത്സയെ ഇഷ്ടമായി… ഇനി നമ്മുടെ അളിയന്‍ പറഞ്ഞതുപോലെ അരുവിത്തുറ പള്ളി പെരുന്നാളും കല്യാണവും കൂടി കൂട്ടിക്കുഴയ്ക്കാതെ അങ്ങ് വേഗം നടത്തിക്കൊടുത്താല്‍ മതി…

എന്‍റെ നിത്യസഹായമാതാവേ… ത്രേസ്യാമ്മ മുകളിലേക്ക് നോക്കി കൈകള്‍ കൂപ്പി. അവരുടെ കൈവിരലുകള്‍ക്കിടയില്‍ അപ്പോഴും ചുറ്റിപ്പിരിഞ്ഞ് കൊന്തയുണ്ടായിരുന്നു.

…നീയെന്‍റെ പ്രാര്‍ത്ഥന കേട്ടല്ലോ..

ത്രേസ്യാമ്മ തുടര്‍ന്ന് പറഞ്ഞു. ത്രേസ്യാമ്മ മുന്നോട്ടു ചെന്ന് ബിനുവിനെ എത്തിവലിഞ്ഞ് അവന്‍റെ കവിളത്ത് ഒരു ഉമ്മ കൊടുത്തു. നല്ല മോന്‍… അമ്മച്ചീടെ വാക്ക് കേട്ടല്ലോ…

ഇനി ശടപടേ ശടപടേന്ന് കാര്യങ്ങള് തീര്‍പ്പാക്കണം അമ്മച്ചി… ജോമോന്‍ പറഞ്ഞു.

അപ്പോഴേക്കും കുഞ്ഞേപ്പന്‍ ചേട്ടനും തൊട്ടുപുറകെയെന്നോണം സോജനും ലിസിയും അവിടേയ്ക്ക് വന്നു.

അല്ല ചേട്ടായി ഇന്ന് നേരത്തെയെത്തിയോ? ജോമോന്‍ സോജനോട് ചോദിച്ചു

ചെറിയൊരു ബോഡി പെയ്ന്‍… പനിക്കാനാണെന്ന് തോന്നുന്നു… സോജന്‍ പറഞ്ഞു… അല്ല പോയകാര്യം എന്തായി…? സോജന്‍ അന്വേഷിച്ചു

പന്ത് ഇപ്പോ നമ്മുടെ കോര്‍ട്ടിലാ ചേട്ടായി… നമ്മള് എങ്ങനെ കളിക്കുന്നു എന്നത് അനുസരിച്ചിരിക്കും കളി തുടരുന്നതും തീരുന്നതും..

അവന് ഇഷ്ടമായെന്ന്..

ബിനുവിനെ നോക്കി ത്രേസ്യാമ്മ സോജനോട് പറഞ്ഞു. ഇനി ഇവര്‍ തമ്മില്‍ സംസാരിക്കട്ടെ എന്ന് തീരുമാനിച്ച് ബിനു അകത്തേക്ക് പോയി.

അവന് മാത്രം ഇഷ്ടമായാല്‍ പോരല്ലോ… നമുക്കും കൂടി ഇഷ്ടപ്പെടണ്ടേ… അവന്‍റെ പെങ്ങന്മാരും അളിയന്മാരും എല്ലാം അവളെ പോയി കാണണ്ടേ? സോജന്‍ കാരണവരായി

ഓനിന്‍റെ പറച്ചില് കേട്ടാ തോന്നും എല്ലാരുടേം ഇഷ്ടം നോക്കിയാ ഇവിടെ എല്ലാരുടേം കല്യാണം നടന്നതെന്ന്… ത്രേസ്യാമ്മയുടെ വാക്കുകളിലെ സൂചന ലിസിക്ക് പെട്ടെന്ന് മനസ്സിലായി. അവള്‍ വേഗം മുഖം വെട്ടിത്തിരിച്ചു.

ഈ തള്ളയ്ക്ക് വയ്യാതാകുന്ന കാലത്ത് ഞാന്‍ ഒരു ഗ്ലാസ് വെള്ളം പോലും കൊ ടുക്കില്ല… പലതവണ മനസ്സില്‍ പറഞ്ഞിട്ടുള്ള ദൃഢപ്രതിജ്ഞ ലിസി വീണ്ടും ആവര്‍ത്തിച്ചു.

…എന്നാപിന്നെ അമ്മേം മോനും കൂടി അങ്ങ് കല്യാണം നടത്തിക്കോ… എന്തിനാ ഞങ്ങളോട് ആലോചിക്കുന്നെ… സോജന്‍ പെട്ടെന്ന് ക്ഷുഭിതനായി.

അങ്ങനെയാണോടാ ഞാന്‍ പറഞ്ഞത്… ഒരുമിച്ചു ജീവിക്കേണ്ടവര് അവരാ… ബിനും എത്സേം… അവര്‍ക്ക് ഇഷ്ടമായി.. ആ കൊച്ച് കൊള്ളാമെന്ന് എനിക്കും തോന്നിയിട്ടുണ്ട്… പിന്നെ ആകെക്കൂടി നമുക്ക് വേണ്ടായെന്ന് പറയിപ്പിക്കാന്‍ തോന്നിക്കുന്നത് അവരുടെ കുടുംബസാഹചര്യമാ… അതു പിന്നെ അവളെ നമ്മള് ഇങ്ങോട്ട് കൊണ്ടുവരുവല്ലേ… വലിയ മുതലും പാരമ്പര്യോം ഇല്ലാത്ത കുടുംബത്തീന്നായതോണ്ട് അടങ്ങിയൊതുങ്ങി ഇവിടെ നിന്നോളും…

ത്രേസ്യാമ്മ പറഞ്ഞതിലെ ആ പോയിന്‍റ് ലിസിക്ക് പെട്ടെന്ന് പിടികിട്ടി. ഇതുവരെ അവള്‍ ബിനുവിന്‍റെ ഈ ആലോചനയെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലായിരുന്നു പൊതുവെ പ്രതികരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ തോന്നുന്നു ഇത് നല്ല ആലോചനയാണെന്ന്. കാരണം ബിനുവിന് നല്ലൊരു കുടുംബത്തില്‍ നിന്ന് എല്ലാം തികഞ്ഞ ആലോചനയാണ് വരുന്നതെങ്കില്‍ തന്‍റെ ഈ വീട്ടിലെ അവസ്ഥ കുറേക്കൂടി പരുങ്ങലിലായേനേ… ഒരുപക്ഷേ ആ പെണ്‍കുട്ടി തന്നേക്കാള്‍ വലിയ കുടുംബത്തില്‍ നിന്ന് വരുന്നവളും പൊന്നും പണവും ധാരാളമായിട്ടുള്ളവളുമാണെങ്കില്‍ എല്ലാവര്‍ക്കും അവളോടായിരിക്കും സ്നേഹം. താന്‍ പരിധിയില്ലാത്തവിധം അവഗണിക്കപ്പെട്ടുപോകും. ഇതാണെങ്കില്‍ എത്സയേക്കാള്‍ ഉയര്‍ന്നുനില്ക്കുന്നത് താന്‍ തന്നെയാണ്. കശാപ്പുകാരനാണെങ്കിലെന്താ കൈനിറയെ കാശുണ്ടല്ലോ തന്‍റെ വീട്ടുകാര്‍ക്ക്… നല്ല ഒന്നാന്തരം വീടും. അനിയത്തി വലതുകാല്‍ വച്ച് കയറിവരുമ്പോള്‍ ചേട്ടത്തിയുടെ ശോഭ ഒട്ടും മങ്ങുകയില്ല. അങ്ങനെയെങ്കില്‍ ഇതെങ്ങനെയും നടത്താനാണ് താന്‍ ശ്രമിക്കേണ്ടത്…

അതു ശരിയാ അമ്മച്ചി പറഞ്ഞത്… നമുക്കെന്നാത്തിനാ പൊന്നും പണോം. പിന്നെ ബിനൂനെ നമ്മള് അങ്ങോട്ട് കെട്ടിച്ചുവിടുവല്ലല്ലോ… ബിനു ഇങ്ങോട്ട് കെട്ടിക്കൊണ്ടുവരുവല്ലേ പിന്നെയെന്നാ പ്രശ്നം?

ലിസിയുടെ പെട്ടെന്നുള്ള മറുകണ്ടം ചാടല്‍ സോജന് മനസ്സിലായില്ല. അവന്‍ അതിശയത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

സോജന്‍ ഇങ്ങനെ ആലോചിച്ചിരിക്കാതെ ചേച്ചിമാരോടും അളിയന്മാരോടും കാര്യം പറ… പെട്ടെന്ന് കാര്യം തീരുമാനിക്ക്… എനിക്ക് ആ കൊച്ചിനെ കാണാന്‍ കൊതിയായി. ലിസി വലിയ ഉത്സാഹം കാണിച്ചു.

അയ്യടാ… ത്രേസ്യാമ്മ വീണ്ടും താടിക്ക് കൈ കൊടുത്തു.

എനിക്കും അവളെയൊന്ന് കാണാന്‍ ധൃതിയായി കുഞ്ഞേപ്പന്‍ ചേട്ടന്‍ പറഞ്ഞു.

വലിയ കാടും മേടും കേറി വേണം പോകാനെന്നല്ലേടാ നീ പറഞ്ഞത് അവള്‍ടെ വീട്ടിലേക്ക്… കുഞ്ഞേപ്പന്‍ ജോമോനോട് ചോദിച്ചു

…അങ്ങനെയാണെങ്കീ എനിക്ക് അവളെ കാണാന്‍ പറ്റില്ല… അതോണ്ട് നീ അവളെ നിന്‍റെ വീട്ടിലോട്ട് തന്നെ വിളിച്ചാ മതി…

അല്ല അതിപ്പോ… അവള്‍ടെ വീട്ടുകാര്… ജോമോന്‍ പരുങ്ങി.

അവര് സമ്മതിക്കുമോ… ഒന്നുമല്ലേലും എല്ലാവര്‍ക്കും കാണില്ലേ ആത്മാഭിമാനം… വല്ല വീട്ടിലും വച്ച് പെണ്ണുകാണലും ഒറപ്പീരും ഒക്കെ നടത്തുകാന്ന് വച്ചാ…? ജോമോന്‍ ചോദിച്ചു.

ഓ… എന്തോന്ന് ആത്മാഭിമാനം… അവര് നോക്കുമ്പോ കാരുണ്യ ലോട്ടറി അടിച്ചതുപോലെയാ… നമ്മുടെ വീടിന്‍റെ മുറ്റത്ത് കേറാനുള്ള യോഗ്യത അവര്‍ക്കില്ല… എന്നതാടി അയാള്‍ടെ പേര് പറഞ്ഞുകേട്ടത്…? സോജന്‍ ലിസിയോട് ചോദിച്ചു

പാമ്പ് പാപ്പച്ചന്‍… ലിസി ചിരിച്ചുകൊണ്ട് അറിയിച്ചു.

ങാ പാമ്പ് പാപ്പച്ചന്‍… അയാള് നമ്മള് പറഞ്ഞതുപോലെ കേക്കും. അല്ലെങ്കീ കേള്‍പ്പിക്കണം.. അവര് സമ്മതിക്കുമെന്നേ… നമ്മള് പറഞ്ഞതുപോലെയെല്ലാം… എടാ ജോമോനേ നിന്നോട് ഞങ്ങള്‍ക്കെല്ലാം സൗകര്യപ്പെടുന്ന ഒരു ദിവസം ഞാന്‍ വിളിച്ചുപറയാം… അന്ന് സൗകര്യമുണ്ടെങ്കീ പെണ്ണിനേം കൂട്ടി നിന്‍റെ വീട്ടിലോട്ട് വരാന്‍ പറ അവറ്റകളോട്…

സോജന്‍ ദേഷ്യപ്പെട്ടെന്നോണം അകത്തേയ്ക്ക് തന്നെ പോയി. പതിവുപോലെ ലിസിയും. സോജന്‍ പറഞ്ഞത് ത്രേസ്യാമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. നമ്മളെന്തോ വലിയ ഉപകാരം ചെയ്യുന്നതുപോലെയാണല്ലോ അവന്‍ പറഞ്ഞത്… സോജന്‍ മറഞ്ഞ വഴി നോക്കി ത്രേസ്യാമ്മ പിറുപിറുത്തു.

ചേരേണ്ടത് തമ്മീ ചേരണം. അതാ കല്യാണത്തിന്‍റെ നിയമം… ഒരാള് വലിയവനാണെന്നോ മറ്റെയാള് ചെറിയവനാണെന്നോ തോന്നിയാല് അവിടെ ഒരുമിച്ചുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരാള് ജീവിതം കൊടുത്തുവെന്ന മട്ടിലുള്ള ദാനധര്‍മ്മത്തിന്‍റെ പൊങ്ങച്ചമൊന്നും വിവാഹത്തിന്‍റെ കാര്യത്തില്‍ വേണ്ട… എത്സയുടെ വീട്ടുകാരേക്കാള്‍ കടപ്പാട് നമുക്ക് അവരോട് തോന്നണം എന്നാ എനിക്ക് തോന്നുന്നെ… ത്രേസ്യാമ്മ നെടുവീര്‍ പ്പിട്ടു.

ഇനി അമ്മച്ചി അതൊന്നും പറയണ്ടാ… ജോമോന്‍ നിര്‍ദ്ദേശിച്ചു.

അതെ… കുഞ്ഞേപ്പനും അതിനെ പിന്താങ്ങി.

അവന് ഇപ്പോ വല്ലാത്ത ദേഷ്യാ… എന്നാ പറഞ്ഞാലും തിന്നാന്‍ വരും… അയാള്‍ തുടര്‍ന്നു പറഞ്ഞു

പെമ്പ്രന്നോത്തീടെ തലയണ മന്ത്രം… അല്ലാതെന്ത്…?ത്രേസ്യാമ്മയ്ക്ക് ദേഷ്യം വന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എത്സയെ പെണ്ണുകാണാന്‍ വേണ്ടി പാലത്തുങ്കല്‍ തറവാട്ടില്‍ നിന്ന് സോജനും ലിസിയും ബിനുവിന്‍റെ സഹോദരിമാരും ഭര്‍ത്താക്കന്മാരും മക്കളും ഉള്‍പ്പടെ വലിയൊരു നിര തന്നെയാണ് എത്സയെ പെണ്ണു കാണാന്‍ എത്തിയത്. ജോമോന്‍റെ വീട്ടില്‍വച്ചു തന്നെയായിരുന്നു പെണ്ണുകാണല്‍ ചടങ്ങ്. പാപ്പച്ചനും മേരിക്കുട്ടിയും ബിന്‍സിയും മാത്രമായിരുന്നു എത്സയ്ക്കൊപ്പം ഉണ്ടായിരുന്നത്. വില കൂടിയ കാറുകളില്‍ വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് ഓരോരുത്തരായി കാറില്‍ നിന്നിറങ്ങുന്നത് കണ്ടപ്പോള്‍ മേരിക്കുട്ടി വിയര്‍ത്തുതുടങ്ങി.

എന്‍റെ മോളേ എന്‍റെ കയ്യും കാലും ഒക്കെ വിറയ്ക്കുന്നെടീ… മേരിക്കുട്ടി പരിഭ്രാന്തിയോടെ എത്സയോട് പറഞ്ഞു.
അവര് വലിയ ആള്‍ക്കാരാ…

പാപ്പച്ചന്‍ സ്വരമുയര്‍ത്തി. അതല്ലേടീ നിന്നോട് പച്ചമലയാളത്തീ ഞാന്‍ ഇതിന് മുമ്പ് പറഞ്ഞത്… കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്ന്… അപ്പോ നിനക്കല്ലായിരുന്നോ ധൃതി…?

പ്ലീസ്… ഇത് വല്ലവരുടേം വീടാ… ഇവിടെകിടന്ന് വേണ്ട നിങ്ങള്‍ടെ ഗുസ്തികൂടല്… ബിന്‍സി രണ്ടു പേരോടുമായി ചൂണ്ടുവിരലുയര്‍ത്തി പറഞ്ഞു. അതോടെ പരസ്പരം നോക്കി പാപ്പച്ചനും മേരിക്കുട്ടിയും നിശ്ശബ്ദത പാലിച്ചു.

എത്സേടെ അപ്പച്ചന്‍ ഇവിടെ നില്ക്കുവാണോ… ഇങ്ങിറങ്ങി വാ… അവരെ ചെന്ന് സ്വീകരിക്ക്…

ജോമോന്‍റെ ശബ്ദം അവര്‍ക്കിടയില്‍ മുഴങ്ങി. മനസ്സില്ലാമനസ്സോടെ പാപ്പച്ചന്‍ അവിടേയ്ക്ക് ചെന്നു. എന്തു പറയണമെന്നോ എങ്ങനെ സ്വീകരിക്കണമെന്നോ അറിയാന്‍ വയ്യാത്ത നിസ്സഹായത അയാളെ വിഴുങ്ങി. സോജനാണ് ആദ്യം വരാന്തയിലേക്ക് കയറിയത്. പാപ്പച്ചന്‍ ചെന്ന് ആദരപൂര്‍വ്വം അയാളെ വണങ്ങി. പക്ഷേ സോജന്‍ അത് ഗൗനിച്ചില്ല. എന്നാല്‍ പാപ്പച്ചന്‍ അടുത്തെത്തിയപ്പോള്‍ അയാള്‍ ശ്വാസം ആഞ്ഞെടുത്തു വലിച്ചു. പാപ്പച്ചന്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു അത്. കുഞ്ഞേപ്പനെ ബിന്ദു കൈയ്ക്ക് പിടിച്ചിട്ടുണ്ടായിരുന്നു. ജോമോന്‍ ഓരോരുത്തരെയായി പാപ്പച്ചനും മേരിക്കുട്ടിക്കും പരിചയപ്പെടുത്തി.

അയ്യോ അപ്പോ ചെറുക്കന്‍ വന്നില്ലേ…?

എല്ലാവരെയും പരിചയപ്പെട്ടുകഴിഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ ബിനുവില്ലെന്ന് അറിഞ്ഞ മേരിക്കുട്ടി ചോദിച്ചു. ബിന്‍സിക്കും ഇച്ഛാഭംഗം തോന്നി. തന്‍റെ ചേട്ടനെ കാണാന്‍ അവള്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു.

ചെറുക്കനോ… ബിനു… അതാ അവന്‍റെ പേര്… മേഴ്സി തിരുത്തി പറഞ്ഞു. ബിനുവിനെ അങ്ങനെ വിശേഷിപ്പിച്ചത് അവള്‍ക്ക് തീരെ ഇഷ്ടമായില്ല.

ഓ ഇപ്പോ അവനെ ഇനി എന്നാ കാണാനാ… ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ഈ ചടങ്ങിന്‍റെ പോലും ആവശ്യമില്ലായിരുന്നു. സോജന്‍ വലിയ കനത്ത സ്വരത്തിലാണ് പ്രതികരിച്ചത്.

വീട്ടിലേക്ക് വരാമായിരുന്നു അതൊക്കെയാ നാട്ടുനടപ്പ്… പാപ്പച്ചന്‍ ചെറിയ രീതിയില്‍ അനിഷ്ടം ഭാവിച്ചു.

എന്നാത്തിനാ ഇപ്പോ വീട്ടിലേക്ക് വരുന്നെ… സോജന്‍ വീണ്ടും നിന്ദിച്ചു.

അമ്മച്ചിക്ക് ഒരൊറ്റ നിര്‍ബന്ധം… ഇതുതന്നെ മതിയെന്ന്… അതാ പിന്നെ ഞങ്ങളിങ്ങ് പോന്നത്… ങ് പിന്നെ കാണാനും പറയാനും ഒക്കെയുണ്ടെങ്കീ വേഗന്നായിക്കോട്ടെ… എനിക്കാണേല്‍ ഇന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ഒരു മീറ്റിങ്ങുള്ളതാ… വേഗം പോണം.സോജന്‍ തിരക്ക് ഭാവിച്ചു.

കേട്ടുനില്ക്കുകയായിരുന്ന റോസ്മേരി വേഗം എത്സയെ ഒരുക്കാനായി അകത്തേയ്ക്ക് പോയി. ചുരിദാറായിരുന്നു എത്സയുടെ വേഷം. ഉള്ളതില്‍ ഏറ്റവും നല്ല വേഷമായിരുന്നു അത്. പ്രത്യേക അലങ്കാരങ്ങളോ ആഭരണങ്ങളോ അവള്‍ക്ക് അപ്പോഴും ഉണ്ടായിരുന്നില്ല. എത്സ ചുരിദാര്‍ അണിഞ്ഞ് മുറിയുടെ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴേ അവളുടെ മുമ്പിലേക്ക് പെണ്‍പട എത്തിച്ചേര്‍ന്നിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ ഒരു കഴുകനെപ്പോലെ തന്നെ കൊത്തിതിന്നുന്നത് എത്സ അറിഞ്ഞു. അവള്‍ അവരെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു.

അല്ല ചുരിദാറാണോ വേഷം? ബിനുവിന്‍റെ രണ്ടാമത്തെ സഹോദരി ആന്‍സി ചോദിച്ചു.

സാരിയൊന്നും ഉടുക്കാറില്ലേ…? മേഴ്സിയും ആന്‍സിയും ബിന്‍സിയും ലിസിയും ബിന്ദുവും സിനിയുമെല്ലാം സാരിയായിരുന്നു വേഷം.

അതൊക്കെ എന്തെങ്കിലും ഫങ്ഷനു പോകുമ്പോഴല്ലേ… എത്സയെ സഹായിക്കാനായി റോസ് മേരിയാണ് മറുപടി പറഞ്ഞത്.

പെണ്ണുകാണല്‍ ചടങ്ങിലും വലിയ ഫങ്ഷന്‍ വേറെ ഏതാ ഉ ള്ളേ? അല്ലേ? ബിന്‍സി അഭിപ്രായം ആരായുംപോലെ മറ്റുള്ളവരെ നോക്കി.

അതെ, ചുരിദാറിട്ടാ ബോഡി ഷേപ്പൊന്നും മനസ്സിലാവില്ല… സാരി വേണം… ചെല്ല് ഒരു സാരിയുടുത്തോണ്ട് വാ…

എത്സയോട് മേഴ്സി പറഞ്ഞു. പിന്നെ എല്ലാവരും തിരികെ നടന്നു. അതിനിടയില്‍ ലിസി തിരിഞ്ഞുനിന്ന് റോസ്മേരിയോട് പറഞ്ഞു.

റോസേ, സാരീം നിന്‍റേതുതന്നെയായിക്കോട്ടെ..

റോസ് മേരി ഒരു ചതഞ്ഞ ചിരി ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന് മട്ടില്‍ തലകുലുക്കി.

റോസ്മേരി വാതില്‍ ചേര്‍ത്തടയ്ക്കുമ്പോള്‍ എത്സ ദേഷ്യത്തോടെ കട്ടിലില്‍ ചെന്നിരുന്നു

ഞാന്‍ ചുരിദാറിട്ടാ എന്നാ കുഴപ്പം? ശബ്ദം താഴ്ത്തി എത്സ ചോദിച്ചു. പക്ഷേ അതില്‍ ദേഷ്യം പുതഞ്ഞുകിടന്നിരുന്നു.

നീ ചുരിദാറിട്ടാലും സാരിയുടുത്താലും സുന്ദരി തന്നെയാ… തല്ക്കാലം നമുക്കിപ്പോ സാരീം കൂടി ഉടുക്കാം. റോസ്മേരി വാര്‍ഡ്രോ ബ് തുറന്നു

എനിക്കാ പെണ്ണുങ്ങളെ തീരെ പിടിച്ചിട്ടില്ല കേട്ടോ… അഹങ്കാരം തലയ്ക്ക് പിടിച്ച മാതിരി… പാലാക്കാരി പെണ്ണുങ്ങള്‍ടെ സ്വഭാവത്തെക്കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ.. എത്സയ്ക്ക് ദേഷ്യം അടങ്ങിയിട്ടുണ്ടായിരുന്നില്ല.

എന്‍റെ എത്സേ പതുക്കെ… റോസ് മേരി അഭ്യര്‍ത്ഥിച്ചു.

ഇതൊക്കെ ഈ പെണ്ണുകാണല്‍ ചടങ്ങിന്‍റെ ചില രീതികളാ… ഇനി നോക്കിക്കോ ചരക്കെടക്കയ്ക്കും ഉണ്ടാകും ഓരോ കൂട്ടം വര്‍ത്താനങ്ങള്… മനസ്സമ്മതത്തിന്‍റെ അന്നും കാണും ഇത് തന്നെ. പിന്നെ കെട്ടുകല്യാണത്തിനും. അതോടെ തീര്‍ന്നു… പിന്നെ നിങ്ങടെ കാര്യമായി… ലോകമായി… ആരും അങ്ങോട്ട് വരില്ലല്ലോ..

എനിക്ക് തോന്നുന്നില്ല എത്സ ദീര്‍ഘദര്‍ശനം നടത്തുന്നതുപോലെയാണ് അത് പറഞ്ഞത്.

നീ എന്തായാലും നല്ല കുട്ടിയായി വന്ന് സാരിയുടുക്ക്… രണ്ടിന്‍റേം ഇടയ്ക്ക് നില്ക്കുന്ന ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാതെ…

അത് ശരിയാ മോളേ ഈ കൊ ച്ച് എന്നാ പിഴച്ചു… മേരിക്കുട്ടി ചോദിച്ചു

എത്സ മനസ്സില്ലാമനസ്സോടെ സാരി ചുറ്റാന്‍ ആരംഭിച്ചു.

സാരിയുടുത്തു കഴിഞ്ഞപ്പോള്‍ എത്സയ്ക്ക് വല്ലാത്തൊരു ആകര്‍ഷകതയും സൗന്ദര്യവും കൈവന്നതുപോലെ റോസ്മേരിക്ക് തോന്നി. ഇപ്പോള്‍ ബിനുകൂടി വരേണ്ടതായിരുന്നു. എത്സയെയും കൂട്ടി റോസ്മേരി സ്വീകരണമുറിയിലേക്ക് ചെന്നു. വിവിധ ഇരിപ്പിടങ്ങളിലായി എല്ലാവരും അവളെയും പ്രതീക്ഷിച്ചെന്നോണം ഇരിക്കുന്നുണ്ടായിരുന്നു. ഓരോ കണ്ണും അവളിലേക്ക് തുളഞ്ഞുകയറി. എത്സ കുഞ്ഞേപ്പന്‍റെ അടുക്കലെത്തി അയാള്‍ക്ക് സ്തുതി ചൊല്ലി.

അപ്പച്ചാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

കുഞ്ഞേപ്പന് വലിയ സന്തോഷം തോന്നി. അയാള്‍ കരംനീട്ടി അവളുടെ ശിരസില്‍ വച്ചു.

നന്നായി വരും…

അതൊരു അനുഗ്രഹമായി എത്സയ്ക്കും അനുഭവപ്പെട്ടു. ബിനുവിന്‍റെ സഹോദരിമാര്‍ ഓരോരുത്തരായി ഓരോ ചോദ്യങ്ങള്‍ ചോദിച്ചു.

അല്ല ആ ഒളിച്ചോടി പോയ അനിയത്തിക്ക് ഇപ്പോ വീടുമായിട്ട് വല്ല അടുപ്പോം ഉണ്ടോ…? ലിസിയുടെ സംശയം അതായിരുന്നു.

ഇല്ല… തല താഴ്ത്തി എത്സ പറഞ്ഞു.

എന്തായാലും കൊള്ളാം… ലിസി നെടുവീര്‍പ്പോടെ പറഞ്ഞു.

ഇനി നിങ്ങള്‍ക്ക് ആര്‍ക്കെങ്കി ലും ചെറുക്കന്‍റെ വീടോ ചെറുക്കനെയോ കാണണമെന്നുണ്ടെങ്കില്‍ എന്നാന്നുവച്ചാ പറഞ്ഞാ മതി… സോജന്‍ പറഞ്ഞു.

ഞങ്ങള് ഒന്നാലോചിച്ചിട്ട് പറയാം… എന്‍റേം ഇവള്‍ടേം വീട്ടുകാരൊക്കെയായിട്ട്… പാപ്പച്ചന്‍ പറഞ്ഞു.

മതിമതി…വലിയ കുടുംബക്കാരാകുമ്പോ പലരോടും ചോദിക്കാനും ആലോചിക്കാനുമുണ്ടാവും…സോജന്‍ തെല്ല് നിന്ദയോടെ പറഞ്ഞു. എത്സയ്ക്ക് വല്ലായ്മ തോന്നി. ഇയാളെന്തേ ഇങ്ങനെ…? ഇയാളെയാണോ താന്‍ ചേട്ടായി എന്ന് വിളിക്കേണ്ടത്? താന്‍ നവവധുവായി ചെന്നു കയറേണ്ട ആ വീട്ടില്‍ നിന്നുള്ള ആരും തന്നോട് സ്നേഹപൂര്‍വ്വം പെരുമാറാത്തത് എന്തേ?

പിന്നെ കാര്യങ്ങള്‍ വേഗം നടന്നു. വിവാഹത്തീയതി നിശ്ചയിച്ചു. മനസ്സമ്മതം കഴിഞ്ഞു… വിവാഹവസ്ത്രങ്ങള്‍ എടുത്തു. വിവാഹവസ്ത്രങ്ങള്‍ സെലക്ട് ചെയ്യാനായി കോട്ടയത്തെ മുന്തിയ ഒരു ഷോറൂമിലേക്കാണ് അവര്‍ പോയത്. ബിന്‍സിക്ക് വാഷ്റൂമില്‍ പോകേണ്ട ആവശ്യം വന്നപ്പോള്‍ എത്സ അവളെയും കൂട്ടി അവിടേയ്ക്ക് പോയി. മേരിക്കുട്ടിയും പാപ്പച്ചനും അവിടെതന്നെ ഇരുന്നതേയുള്ളൂ.

ഡ്രസ് നോക്കുന്നില്ലേ… സമയം പോകും… തിരക്ക് ഭാവിച്ച് ആന്‍സി അവിടേയ്ക്ക് വന്നു

പിള്ളേര് വരട്ടെ… അല്ല ബിനൂം ഫോണ്‍ ചെയ്ത് നില്ക്കുവാണല്ലോ. മേരിക്കുട്ടി ചിരിച്ചു. ആന്‍സി മേരിക്കുട്ടിയുടെ സമീപത്തെ കസേരയിലിരുന്നു.

ഞങ്ങടെ ബിനൂന് ഇങ്ങനെയൊരു ബന്ധമൊന്നുമല്ല ഞങ്ങളാഗ്രഹിച്ചെ… ആളും വെലേയുമുള്ള നല്ലൊരു കുടുംബത്തീന്ന്… പിന്നെ അമ്മച്ചീടെ ചെല നേരത്തെ ഓരോ പിടിവാശികള്… നടക്കട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു… അതാ ഇവിടം വരെയെത്തിയെ… ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ..

മേരിക്കുട്ടിക്ക് മുഖത്ത് അടിയേറ്റതുപോലെ തോന്നി. അപ്പോഴാണ് എത്സയും ബിന്‍സിയും കൂടി അവിടേയ്ക്ക് വന്നത്. എത്സ വരുന്നതു കണ്ടപ്പോള്‍ ആന്‍സി മൊബൈലെടുത്ത് അവിടെനിന്ന് പോയി.

എന്താ അമ്മച്ചീ അവര് പറഞ്ഞത്… അമ്മയുടെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോള്‍ എത്സയ്ക്ക് എന്തോ പന്തികേട് അനുഭവപ്പെട്ടു.

ഒന്നുമില്ല… മേരിക്കുട്ടി സാരിത്തുമ്പെടുത്ത് മുഖം തുടച്ചു. നല്ല ചൂട്…

എസിയിലോ… എത്സ ചോദിച്ചു. ആ… ഇത് ഏസിയാണോ…? മേരിക്കുട്ടി അജ്ഞത ഭാവിച്ചു.

അമ്മച്ചി കാര്യം പറ… എത്സ മേരിക്കുട്ടിയുടെ മുഖത്തേക്ക് അടുത്തുചെന്നു കനത്ത സ്വരത്തില്‍ ആവശ്യപ്പെട്ടു

ആന്‍സി പറഞ്ഞത് പറയണോ വേണ്ടയോ എന്ന് സംശയിച്ച് എത്സയുടെ മുഖത്തേക്ക് നോക്കി മേരിക്കുട്ടി നിന്നു.

(തുടരും).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org