Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 23

ഒരു കുടുംബകഥ കൂടി… അധ്യായം 23

Sathyadeepam

വിനായക് നിര്‍മ്മല്‍

അന്നൊരു ഞായറാഴ്ചയായിരുന്നു. കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നവര്‍ക്കിടയില്‍ ത്രേസ്യാമ്മയും ബിനുവും എത്സയും സോജനും ലിസിയുമുണ്ടായിരുന്നു. സോജന്‍റെ വാഹനത്തിലാണ് അവര്‍ പള്ളിയിലേക്ക് വന്നത്. ഞായറാഴ്ചയായതുകൊണ്ട് ഡ്രൈവര്‍ ജോയിയെ കൂട്ടിയില്ല. കുര്‍ബാന കഴിഞ്ഞ് വണ്ടിയിലേക്ക് കയറാന്‍ ബിനു നടക്കുമ്പോള്‍ ത്രേസ്യാമ്മ പറഞ്ഞു: “എടാ ബിനൂ നീ അവിടെ നിന്നേ…”

എന്നതാ അമ്മച്ചി..

ബിനു നിന്നപ്പോള്‍ പിന്നിലുണ്ടായിരുന്ന എത്സയും നിന്നു.

നിങ്ങള് പൊയ്ക്കോ ഞാനും ബിനൂം നടന്നുവന്നോളാം… ത്രേസ്യാമ്മ പറഞ്ഞു.

നടന്നുവര്വേ? സോജന് അത് മനസ്സിലാകുന്ന കാര്യമായിരുന്നില്ല.

നടന്നാലുടനെ കാലു വേദനയുള്ള അമ്മച്ചി വീടുവരെ നടക്കാനോ… നല്ല ശേലായി.

വീടുവരെ നടക്കുന്നില്ല… പോരേ… നിങ്ങള് പൊയ്ക്കോ… എനിക്ക് അലക്സച്ചനെയൊന്ന് കാണണം. അതിനാ…

എത്സ വീണ്ടും സംശയിച്ചു നിന്നു.

മോളും പൊയ്ക്കോ… ത്രേസ്യാമ്മ ആവര്‍ത്തിച്ചു. എത്സയുടെ മുഖത്തെ ഭാവമാറ്റം അപ്പോള്‍ ബിനു ശ്രദ്ധിച്ചു. ബിനുവിനെ നോക്കിക്കൊണ്ട് എത്സ വണ്ടിയിലേക്ക് കയറി.

അവര്‍ അമ്മേം മകനും എന്തോ രഹസ്യം ഒപ്പിക്കാനാ… സോജന്‍റെ ഒപ്പമുള്ള ഫ്രണ്ട്സീറ്റിലേക്ക് കയറിയിരിക്കുന്നതിനിടയില്‍ ലിസി അഭിപ്രായപ്പെട്ടു.

എന്തു രഹസ്യം? സോജന്‍ ചോദിച്ചു.

എന്നതാന്ന് അറിയാമെങ്കില്‍ ഞാന്‍ പറയുകേലേ…ഇതു നല്ല കൂത്ത്… പക്ഷേ എന്തോ ഉണ്ട്… അതുറപ്പ്…

ലിസി എത്സയെ തിരിഞ്ഞുനോക്കി ചിരിച്ചു. എത്സയ്ക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. സോജന്‍ വണ്ടി മുന്നോട്ടെടുത്തു. ആളുകള്‍ക്കിടയിലൂടെ സോജന്‍റെ വാഹനം പള്ളിമുറ്റം കടന്നുകഴിഞ്ഞപ്പോള്‍ ത്രേസ്യാമ്മ ബിനുവിനോട് പറഞ്ഞു.

വാടാ നമുക്ക് ഇത്തിരി നടക്കാം.

അപ്പോ അലക്സച്ചനെ കാണുന്നില്ലേ?

അതൊക്കെ പിന്നീട്…ഇപ്പം നമുക്കിത്തിരിയൊന്ന് നടക്കാം.

അമ്മച്ചിക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് ബിനുവിന് മനസ്സിലായി. അതാണ് എല്ലാവരെയും ഒഴിവാക്കിയത്.

പണ്ടത്തെ കാലമൊന്നുമല്ല മോനേ ഇപ്പോഴുള്ളെ… പണ്ടൊക്കെ കെട്ട്യോന്മാരുടെ അടീം ചവിട്ടും ഇടീം എല്ലാം കൊണ്ടാലും പെണ്ണുങ്ങള് കമാന്നൊരക്ഷരം പറയുകേലായിരുന്നു. കെട്ട്യോന്മാരുടെ സ്നേഹംപോലെ ഇതും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിചാരിച്ച് അവര്‍ മിണ്ടാതിരുന്നു. പിന്നെ ഒരു പരിധി കഴിയുമ്പോഴൊക്കെയേ അവര്‍ എന്തെങ്കിലുമൊക്കെ തിരിച്ചു പറഞ്ഞിരുന്നുള്ളൂ. പക്ഷേ ഇപ്പോ ആ കാലമൊക്കെ മാറി. കെട്ട്യോന്മാരില്‍ നിന്ന് ചെറിയൊരു അവഗണന പോലും സഹിക്കാന്‍ വയ്യാതായിട്ടുണ്ട് ഇന്നത്തെ കാലത്തെ പെമ്പിള്ളേര്‍ക്ക്.

ത്രേസ്യാമ്മ അങ്ങനെയാണ് തുടങ്ങിയത്.

ചിലപ്പോ അതിനെ അവഗണന എന്ന് പോലും പറയാന്‍ പറ്റുകേലായിരിക്കും. ചില കാര്യം തിരക്കിനിടയില്‍ ഭര്‍ത്താവ് മറന്നുപോയതോ അല്ലെങ്കില്‍ അത്ര പ്രധാനപ്പെട്ട കാര്യമായി തോന്നാത്തോണ്ട് വിട്ടുകളഞ്ഞതോ ഒക്കെയാവാം… പക്ഷേ പെണ്ണുങ്ങള് നോക്കുമ്പോ അതൊക്കെ വലിയ പ്രശ്നങ്ങളാ… എല്ലാ ഭാര്യമാരുടേം കയ്യില് ഒരു ഭൂതക്കണ്ണാടിയുണ്ടെന്നാ എനിക്ക് തോന്നുന്നെ… ഭര്‍ത്താവിന്‍റെ ഏതൊരു ചെറിയ കുറ്റോം അവര്‍ വലുതായി കാണും… എന്നാ നന്മയൊന്നും കാണുകേം ഇല്ല…

അമ്മച്ചിയുടെ കൈയിലുമുണ്ടായിരുന്നോ ഈ ഭൂതക്കണ്ണാടി? ബിനു ചോദിച്ചു. മറുപടിയായി ത്രേസ്യാമ്മ ചിരിച്ചു.

നീ എന്‍റെ കാര്യം വിട്… ഇത് പുതിയ കാലത്തെ പെണ്ണുങ്ങളുടെ കാര്യമല്ലേ ഞാന്‍ പറഞ്ഞോണ്ടുവരുന്നെ… നിനക്ക് ഞാന്‍ പറഞ്ഞുവരുന്നതിന്‍റെ റൂട്ട് മനസ്സിലായോ?
ചെറുതായിട്ട്… ബിനു പറഞ്ഞു.

എടാ ഒരു പെണ്ണിന്‍റെ മനസ്സ് മനസിലാക്കാന്‍ കഴിയുന്നത്, ഈ ലോകം കീഴടക്കുന്നതിനേക്കാള്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാ… കാരണം അവരുടെ മനസ്സിലുള്ളത് എന്നതാന്ന് അവര്‍ക്ക് മാത്രേ അറിയത്തുള്ളൂ. അവര് വിചാരിക്കുന്നതാണ് അവരുടെ ശരി… അവര്‍ വിചാരിക്കുന്നതാണ് അവരുടെ തെറ്റ്… പൊതുവായിട്ടുള്ള ശരീം തെറ്റുമൊന്നും അവര്‍ക്ക് പലപ്പോഴും കാണില്ല. പ്രത്യേകിച്ച് കുടുംബജീവിതത്തീ… ഭാര്യമാരെ മനസ്സിലാക്കാന്‍ കഴിഞ്ഞോ ആ കുടുംബം രക്ഷപ്പെട്ടു.

അപ്പോ ഭാര്യമാര് ഭര്‍ത്താക്കന്മാരെ മനസ്സിലാക്കണ്ടേ? ഭര്‍ത്താക്കന്മാര്‍ക്ക് മനസ്സിലാക്കപ്പെടാന്‍ ആഗ്രഹമൊന്നും വേണ്ടെന്നാണോ…? ബിനു തര്‍ക്കിച്ചു. അതൊന്നും പുരുഷന് ബാധകമല്ലേ?

സ്ത്രീബലഹീന പാത്രമാണെന്ന് ബൈബിളുപോലും പറയുന്നില്ലേടാ… മണ്‍കുടത്തില്‍ ഓരോ ഭര്‍ത്താക്കന്മാര്‍ക്കും കിട്ടിയിരിക്കുന്ന നിധികളാ ഈ ഭാര്യമാര്‍…

പിന്നെ ഒരു നിധി… ബിനു പുച്ഛിച്ചു.

കണ്ടോ ഇതാ നിന്‍റെ കു ഴപ്പം… നിന്‍റെ വിചാരം ഭാര്യമാര്‍ എന്നു പറയുന്നത് രണ്ടാം തരക്കാരാണെന്നാ.

ഏയ് അങ്ങനെയൊന്നും ഞാന്‍ കരുതിയിട്ടില്ല. ഭാര്യ മാത്രമല്ല ഭര്‍ത്താവും നിധിയാണെന്ന് ഭാര്യമാര്‍ കരുതണം… അത്രേയുള്ളൂ – ബിനു പറഞ്ഞു.

ഭാര്യമാരുടെ സന്തോഷോം സംതൃപ്തിയുമാടാ ഏതൊരു കുടുംബജീവിതത്തിന്‍റെയും വിജയം… ഏതു കുടുംബത്തീ ഭാര്യമാര്‍ക്ക് സന്തോഷമില്ലേ, സംതൃപ്തിയില്ലേ അവിടെയെന്നും പ്രശ്നങ്ങളായിരിക്കും… പ്രശ്നം പരിഹരിക്കാന്‍ മാത്രമല്ല പ്രശ്നം ഉണ്ടാക്കാനും പെണ്ണിനെപോലെ കഴിവുള്ളവര്‍ ആരുമില്ല.

അതു ശരിയാ അത് ഞാന്‍ സമ്മതിച്ചു… പ്രശ്നമുണ്ടാക്കാന്‍ പെണ്ണിനെ പോലെ കഴിവുള്ളവര്‍ വേറെ ആരും കാണില്ല. ബിനു ചിരിച്ചു

നീ ശരിക്കും ഒരു സ്ത്രീ വിരോധിയാണോ… ചില മര്‍ക്കടമുഷ്ടിക്കാരായ ആണുങ്ങളെപോലെ പെണ്ണ് എന്നും അടിമയാണെന്നും അബലകളാണെന്നും കരുതുന്നവന്‍… ത്രേസ്യാമ്മ സംശയിച്ചു.

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എനിക്ക് നന്നായിട്ടറിയാം അമ്മച്ചി..അവരോടെനിക്ക് സ്നേഹോം ബഹുമാനോം ഉണ്ട്. കാരണം നമ്മുടെ വീട്ടില്‍ കുടുതലും സ്ത്രീകളായിരുന്നുവല്ലോ… പക്ഷേ എല്ലാ സ്ത്രീകളും നമ്മള്‍ കൊടുക്കുന്ന പരിഗണനയ്ക്കും ആദരവിനും അര്‍ഹതയുള്ളവരാകണമെന്നില്ല… അത് വെറുമൊരു സ്ത്രീ മുതല്‍ ഭാര്യയും അമ്മയും വരെയാകാം.

അല്ലെടാ മോനേ നീയും എത്സയും തമ്മീ എന്തെങ്കിലും പ്രശ്നമുണ്ടോ…? പെട്ടെന്ന് ത്രേസ്യാമ്മ ചോദിച്ചു

ബിനു പെട്ടെന്ന് കുഴങ്ങി.

ഞാന്‍ ആഗ്രഹിച്ചതുപോലെയൊരു കുടുംബജീവിതമല്ല നിങ്ങള്‍ക്കുള്ളതെന്ന് എനിക്കൊരു തോന്നല്‍. ചിരിച്ചോ കളിച്ചോ നിങ്ങളെ ഞാന്‍ കണ്ടിട്ടില്ല… നീ ഒന്നും തുറന്നുപറയാത്ത പ്രകൃതക്കാരനാണെന്ന് എനിക്കറിയാം… ഞാന്‍ പറഞ്ഞതുകൊണ്ട് മാത്രമാണോ നീ എത്സയെ വിവാഹം ചെയ്തത്?

ബിനുവിന് ഉത്തരം മുട്ടി.

ഇങ്ങനെയൊക്കെയായിരുന്നെങ്കില് തെറ്റു ചെയ്തത് നീയല്ല ഞാനാ… ഞാന്‍ നിന്നെ ഒരിക്കലും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കരുതായിരുന്നു.

ത്രേസ്യാമ്മയ്ക്ക് പലപ്പോഴായി അനുഭവപ്പെട്ടിരുന്ന കുറ്റബോധം അധികരിച്ചു.

ഞാന്‍ കാരണം നമ്മുടെ കുടുംബത്തീ ഒരു പെണ്ണിന്‍റെ കണ്ണീര് വീണുകൊണ്ടിരിക്കുകയാ… ത്രേസ്യാമ്മയ്ക്ക് തളര്‍ച്ച തോന്നി.

അതിന് അവളെന്തിന് കരയണം? ബിനു ചൊടിച്ചു. അവള്‍ക്കിവിടെ എന്തിന്‍റെ കുറവാ?

അതിന് അവള്‍ക്കിവിടെ എന്നതാടാ ഉള്ളേ? ത്രേസ്യാമ്മയുടെ സ്വരം ഉയര്‍ന്നു.

നിന്‍റെ അടുത്ത് അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ…? നിന്‍റെ മേലെ അവള്‍ക്ക് അധികാരമുണ്ടോ…? നീ അവളോട് സംസാരിക്കാറുണ്ടോ…? നിങ്ങള് ഒരുമിച്ച് എവിടെയെങ്കിലും പോകാറുണ്ടോ…? അവളെ പോറ്റാന്‍ നിനക്ക് കൃത്യമായ ജോലിയുണ്ടോ…? വരുമാനമുണ്ടോ… പറയെടാ അവള്‍ക്കെന്നതാ ഇവിടെ ഉള്ളേ? അവള് നോക്കുമ്പോ, അല്ലെങ്കീ അവള് ചോദിക്കുമ്പം നമ്മളെന്നാ മറുപടി പറയും?

അവള് അങ്ങനെ അമ്മച്ചിയോട് ചോദിച്ചോ? ബിനു സംശയിച്ചു.

അവള് എന്നോട് ചോദിച്ചോ ഇല്ലയോ എന്നതല്ല പ്രശ്നം… നീ എന്‍റെ ചോദ്യത്തിന് മറുപടി പറ.

ഞാന്‍… ബിനു ഉമിനീരിറക്കി.

അവളൊരു മോശം കൊച്ചാണെന്ന് ഞാന്‍ പറയില്ല… നീയും ഒട്ടും മോശക്കാരനല്ല. പക്ഷേ എന്നിട്ടും നിങ്ങള് തമ്മിലുള്ള കുടുംബജീവിതത്തില്‍ എങ്ങനെയാടാ മോശം സംഭവിച്ചോണ്ടിരിക്കുന്നെ… മോശമായിക്കൊണ്ടിരിക്കുന്നെ?

എന്തു മോശമാകാന്‍… ഇതൊക്കെ അമ്മച്ചീടെ ഓരോ തോന്നലുകളാ… ശരിയാ സിനിമേ കാണുന്നതുപോലെ ആടാനും പാടാനുമൊന്നും ഞാന്‍ നില്ക്കാറില്ല. എന്നുവച്ച് ഞാന്‍ മോശക്കാരനാണെന്ന് വരുമോ?

എടാ ആട്ടവും പാട്ടുമല്ല ജീവിതം. പക്ഷേ എല്ലാവരോടും സ്നേഹപൂര്‍വ്വം പെരുമാറുകയും സ്നേഹമുള്ളവനാണെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയും ചെയ്യുന്ന നീ സ്നേഹമുള്ളവനാണെന്ന് എത്സയ്ക്ക് തോന്നാത്തതെന്താ…? നിന്‍റെ സ്നേഹം അവള്‍ക്ക് ബോധ്യമാകാത്തതെന്താ…? അതാണ് ഞാന്‍ ചോദിക്കുന്നെ… ലോകം മുഴുവന്‍ നീ സ്നേഹമുള്ളവനാണെന്ന് പറഞ്ഞാലും നിന്‍റെ ഭാര്യയ്ക്ക് മുമ്പീ നീ സ്നേഹമില്ലാത്തവനാണെങ്കീ അത് നിന്‍റെ പരാജയമാ… കാരണം ഞങ്ങളൊക്കെ ഓരോ ഘട്ടങ്ങളിലായിട്ട് നിന്നെ പിരിഞ്ഞുപോകാനുള്ളവരാ… അപ്പനും അമ്മയും പെങ്ങന്മാരും കൂട്ടുകാരും എന്തിന് മക്കളുപോലും… അവസാനം വരെ അതായത് മരണം വരെ കൂടെയുള്ളവര്‍ നിങ്ങള് മാത്രാ… സ്നേഹിക്കേണ്ടവര്‍ നിങ്ങളാ… മറ്റെല്ലാവരെയും അവരവരുടെ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ…

ഒരാളെ സ്നേഹിക്കാന്‍ തോന്നുന്നത് എന്തുകൊണ്ടാ…? ബിനു പെട്ടെന്ന് ചോദിച്ചു.

ഒരാളെ വെറുക്കാന്‍ ചിലപ്പോ പല കാരണങ്ങളുണ്ടാകാം. പക്ഷേ ഒരാളെ സ്നേഹിക്കാന്‍ നമുക്ക് പ്രത്യേകിച്ച് ഒരു കാരണവും വേണ്ട… കാരണം അത് ഉള്ളില്‍ നിന്ന് വരുന്നതാ… തിരിച്ചൊന്നും കിട്ടാതെവരുമ്പോഴും രണ്ടാമതൊന്ന് കണ്ടുമുട്ടാന്‍ ഇടയില്ലാതെ വരുമ്പോഴും ചിലരെയൊക്കെ നമ്മള് സ്നേഹിച്ചുപോകുന്നത് അത് അങ്ങനെ ഉള്ളില്‍നിന്ന് വരുന്നതുകൊണ്ടാ…

നീ പറഞ്ഞുവരുന്നത്…? ത്രേസ്യാമ്മയ്ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.

ശരിയാ അമ്മച്ചി എനിക്ക് എത്സയെ സ്നേഹിക്കാന്‍ കഴിയുന്നില്ല. അത് സത്യമാ… അമ്മച്ചിയോട് മാത്രം പറയുന്ന സത്യം. ഒറ്റയ്ക്ക് നില്ക്കുമ്പോ അവള്‍ നല്ലവളായിരിക്കാം. പക്ഷേ എന്നോട് ചേര്‍ന്നുകഴിയുമ്പോള്‍ അവള്‍ എനിക്ക് മിസ്ഫിറ്റായി തോന്നുന്നു. അവളുടെ ഓരോ ചേഷ്ടകളും… വീടിന്‍റെ രീതികളും…

മോനേ… ത്രേസ്യാമ്മയുടെ സ്വരത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു.

പിന്നെ നീയെന്തിന്…?

പ്രായപൂര്‍ത്തിയായ ഏതൊരു ചെറുപ്പക്കാരനും ചെയ്യാന്‍ കഴിയുന്ന ഏക പ്രവൃത്തിയാണ് വിവാഹമെന്ന് ഒരു വട്ടം ഞാനും ചിന്തിച്ചുപോയി… പിന്നെ കല്യാണം കഴിക്കാതെ നില്ക്കുന്നതിന്‍റെ നൂറുവട്ട ചോദ്യങ്ങളില്‍ നിന്നുള്ള രക്ഷപ്പെടല്‍… അങ്ങനെ… അങ്ങനെയാ ഞാന്‍ വിവാഹം കഴിച്ചത്. അമ്മച്ചിയെ പ്രതി… അല്ലാതെ എനിക്കൊരിക്കലും ഇതുവരെ വിവാഹം വേണമെന്ന് തോന്നിയിട്ടുണ്ടായിരുന്നില്ല. എന്‍റെ മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നു.

അതൊരു കുമ്പസാരംപോലെയാണെന്ന് ത്രേസ്യാമ്മയ്ക്ക് തോന്നി. കുളിക്കാനായി ഉടുതുണിയഴിച്ച് മുമ്പില്‍ വന്നുനില്ക്കുന്ന ഒരു മൂന്നു വയസ്സുകാരനാണ് അതെന്നും. അവന് അവിടെ ഒളിക്കാനൊന്നുമില്ല… അവന്‍ ഏറ്റവും സുതാര്യനാകുന്നു…

ഞാന്‍ അവളെ കുറ്റം പറയുന്നില്ല… എന്നെ മാത്രേ കുറ്റം വിധിക്കുന്നുള്ളൂ. അവള്‍ക്ക് ഇനിയും എന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സമയമുണ്ട്…

രക്ഷപ്പെടാനോ… ത്രേസ്യാമ്മയുടെ നെറ്റി ചുളിഞ്ഞു.

നീ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി… നിന്‍റെ കൂട്ടുകാരന്‍റെ വഴിയെ അല്ലേ… വിവാഹമോചനം… അതല്ല നമ്മുടെ വഴി.

മനസ്സുകൊണ്ടും ശരീരം കൊണ്ടും അകന്ന് ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് അതുതന്നെയല്ലേ? ഒരു തോക്കു നെഞ്ചിന് നേരെ ചൂണ്ടി നീ അവളെ സ്നേഹിക്ക് എന്ന് പറഞ്ഞാല്‍ എനിക്ക് സനേഹിക്കാന്‍ കഴിയുമോ? സ്നേഹിക്കാം എന്ന് പറഞ്ഞാല്‍ അത് സ്നേഹമാകുമോ?

എന്‍റെ കര്‍ത്താവേ… ത്രേസ്യാമ്മ വിതുമ്പി…

എനിക്ക് ഒന്നുമറിയില്ല…

ഇങ്ങനെയൊരു മറുപടി കേള്‍ക്കാനായിരുന്നില്ല അവര്‍ ആഗ്രഹിച്ചിരുന്നത്. ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരുടെ കുടുംബജീവിതം സുഗമമാക്കിത്തീര്‍ക്കുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ പറയാനുള്ളത് പറയാതെ, പറഞ്ഞുവന്നത് വഴിതിരിഞ്ഞ് പോയി മറ്റൊരു വഴിയില്‍ എത്തിയിരിക്കുന്നു.

ബിനുവും ത്രേസ്യാമ്മയും തിരികെ വീട്ടിലെത്തി. മുറിയിലേക്ക് ചെല്ലുമ്പോള്‍ എത്സ കട്ടിലില്‍ കിടക്കുന്നത് ബിനു കണ്ടു. മുറിയില്‍ ഏതോ ഒരു ബാമ്മിന്‍റെ ഗന്ധം ഉണ്ടായിരുന്നു.

തലവേദനയാണോ…? ബിനു ചോദിച്ചു

ഉം… കൂട്ടുന്ന വിധത്തിലാണല്ലോ രീതികള്‍… എത്സ കട്ടിലില്‍ എണീറ്റിരുന്നു.

എന്തു രീതികള്‍… ബിനു ചോദിച്ചു.

എന്തായിരുന്നു ഇത്ര രഹസ്യം പറച്ചില്? എത്സ ചോദ്യം മറ്റൊരുരീതിയിലാക്കി.

രഹസ്യം പറച്ചിലോ… ആരോട്… ആര്…?

എത്സയ്ക്ക് ദേഷ്യം വന്നു.

നിങ്ങള് അമ്മയും മോനും തമ്മീ… എല്ലാവരെയും ഒഴിവാക്കിവിട്ടിട്ട് രണ്ടുപേരും കൂടി പിന്നെ വണ്ടിപിടിച്ച് വരണമെങ്കീ അതിലെന്തെങ്കിലും കാണണമല്ലോ?

ആ ഉണ്ട്… എത്സയുടെ സംസാരത്തിന്‍റെ രീതി ബിനുവിന് ഇഷ്ടമായില്ല.

നിങ്ങള്‍ക്ക് അമ്മയും പെങ്ങന്മാരുമൊക്കെയാണ് വലുതെങ്കില്, അവരുടെ കൂടെ ജീവിക്കുന്നതാണ് സന്തോഷമെങ്കില് പിന്നെയെന്തിനാ എന്നെ വിവാഹം കഴിച്ചത്? അവരെ കല്യാണം കഴിച്ചാല്‍ പോരായിരുന്നോ? എത്സ ദേഷ്യത്തോടെ ചോദിച്ചു.

നീയെന്താ പറഞ്ഞത്? ബിനു ചോദിച്ചതും എത്സയുടെ കവിളത്ത് അടിവീണതും ഒരുമിച്ചായിരുന്നു.

(തുടരും)

Leave a Comment

*
*