ഒരു കുടുംബകഥ കൂടി… അധ്യായം 16

ഒരു കുടുംബകഥ കൂടി… അധ്യായം 16

വിനായക് നിര്‍മ്മല്‍

പിന്നിലേക്ക് ഓടിപ്പോകുന്ന കാഴ്ചകള്‍…

ഒരു കൊച്ചുകുട്ടിയുടെ കൗതുകമായിരുന്നു എത്സയുടെ മനസ്സിന്. അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു… വീട്ടിലേക്ക് പോവുകയാണ്… വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം ആദ്യമായി…

വീട്…

ഏതൊരാളുടെയും ജീവിതത്തെ പ്രകാശിപ്പിച്ചു നിര്‍ത്തുന്ന വലിയൊരു ഘടകമാണതെന്ന് അവള്‍ക്ക് തോന്നി. വീട് കാണാന്‍ കൊതിയാകുന്നു… വീട്ടുകാരെ കാണാനും.

ഒരിക്കല്‍ ആ വീട്ടില്‍ നിന്ന് എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് പുറത്തുപോകാനായിരുന്നു ആഗ്രഹം… വീട് പലപ്പോഴും പലവിധ കാരണങ്ങളാല്‍ മടുപ്പിച്ചുകളഞ്ഞിരുന്നു. താന്‍ വീടിന് ഭാരമാണെന്നും തന്നെയോര്‍ത്ത് വീട്ടുകാര്‍ അസ്വസ്ഥരാണെന്നുമുള്ള തിരിച്ചറിവായിരുന്നു അതിന് പ്രധാന കാരണം.

എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്തുകടക്കാന്‍ മനസ്സ് വെമ്പിയിട്ടുണ്ട്… വിവാഹം മാത്രമായിരുന്നില്ല അതിനുള്ള ഓപ്ഷന്‍… ദൂരെയെവിടെയെങ്കിലുമുള്ള ഒരു ജോലി… വീട്ടുകാരുടെയും പരിചയക്കാരുടെയും കണ്ണെത്താത്ത ഒരിടം… അതായിരുന്നു ആഗ്രഹം. പിഎസ്സിയുടെ പല പരീക്ഷകള്‍ എഴുതുമ്പോഴും ദൂരെയുള്ള സ്ഥലങ്ങള്‍ തന്നെയായിരുന്നു വച്ചിരുന്നത്. പക്ഷേ ഒരിടത്തു നിന്നും വിളി വന്നില്ല…ഒരിടത്തും പോകാനും കഴിഞ്ഞില്ല… വീട്ടില്‍ തന്നെ…

അതിനിടയിലായിരുന്നു വിവാഹം… സന്തോഷമായിരുന്നു… ആശ്വാസമായിരുന്നു. പക്ഷേ വിവാഹത്തിന്‍റെയും അതിനോട് അനുബന്ധിച്ച ദിനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ മനസ്സിലായി, താന്‍ ആഗ്രഹിച്ച സന്തോഷവും സമാധാനവും അതൊന്നും ആയിരുന്നില്ലെന്ന്… ഇനിയെന്നെങ്കിലും അത്തരത്തിലൊന്ന് തനിക്ക് അനുഭവിക്കാന്‍ സാധിക്കും എന്ന് കരുതാനും കഴിയില്ല. കാരണം മനസ്സിന് ഇപ്പോള്‍ വല്ലാത്ത നിരാശയാണ്… നിസ്സംഗതയാണ്.

ആരോടും ഒന്നിനോടും മതിപ്പുതോന്നാത്ത അവസ്ഥ… ഒരു മാസത്തിനുള്ളില്‍ ഒരു യുവതിയുടെ വിവാഹസ്വപ്നങ്ങള്‍ വാടിക്കരിയുമെങ്കില്‍ അവള്‍ നേരിടുന്നത് എത്രയോ വലിയ ദുരനുഭവങ്ങളായിരിക്കും… പുറമേയ്ക്ക് നോക്കുന്നവര്‍ക്ക് തന്‍റെ മാനസികാവസ്ഥ അറിയില്ല.

ബിനുവിന്‍റെ വീട്ടില്‍ ശാന്തമായി ഉറങ്ങാന്‍പോലും എത്സയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഇടവിട്ടുള്ള ഉറക്കങ്ങള്‍… അതിനിടയില്‍ എപ്പോഴൊക്കെയോ ദുഃസ്വപ്നങ്ങള്‍… കൃത്യമായ അകലം പാലിച്ചുള്ള ബിനുവിന്‍റെ ഇടപെടലുകള്‍… ഉറക്കെ ചിരിക്കാനോ ഉറക്കെ സംസാരിക്കാന്‍ പോലുമോ മടി തോന്നുന്ന അവസ്ഥ.

പക്ഷേ ഇപ്പോള്‍ വീട്ടിലേക്ക് പോകുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം… താന്‍ ആ പഴയ പെണ്‍കുട്ടിയായതുപോലെ… ഉത്സാഹവും ചുറുചുറുക്കുമുള്ള ആ പഴയ പെണ്‍കുട്ടി. വിവാഹം കഴിയുന്നതോടെ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ വീടിനോട് സ്നേഹം കൂടുതലാവുമെന്ന് എത്സ കണ്ടെത്തി. ഇന്നലെ വരെ കണ്ടതുപോലെയല്ല പിന്നീട് അവള്‍ വീടിനെ കണ്ടുതുടങ്ങുന്നത്. നഷ്ടപ്പെടുമ്പോള്‍ മാത്രം എല്ലാറ്റിന്‍റെയും മൂല്യം തിരിച്ചറിയുന്നതുപോലെ വീട്ടില്‍ നിന്ന് പടിയിറങ്ങിക്കഴിയുമ്പോള്‍ മുതല്‍ അതിനോട് സ്നേഹം കൂടുതലായി തോന്നിത്തുടങ്ങുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം… എത്രയും പെട്ടെന്ന് വീടെത്തിയിരുന്നുവെങ്കില്‍… എത്സ ആഗ്രഹിച്ചു.

യാത്രയില്‍ ബിനുവും ചിന്താകുലനായിരുന്നു. മൂന്ന് ദിവസത്തേയ്ക്ക് എന്ന മട്ടിലാണ് വീട്ടില്‍ നിന്ന് ഇറങ്ങിയിരിക്കുന്നത്. അതും അമ്മച്ചിയുടെ നിര്‍ബന്ധത്താല്‍…

അവരെന്താണെന്നും ഇത്രയേയുള്ളൂവെന്നും അറിഞ്ഞിട്ട് തന്നെയല്ലേ നമ്മള് ബന്ധം കൂടിയിരിക്കുന്നത്.അതുകൊണ്ട് അവരോട് അകല്‍ച്ചയൊന്നും കാണിക്കാന്‍ പാടില്ല… അപമാനിക്കുകയാണെന്നും തോന്നരുത്… രണ്ടു മൂന്ന് ദിവസം നീ അവിടെ പോയി നില്ക്ക്… അവര്‍ക്ക് നിന്നോടും നിനക്ക് അവരോടും അടുപ്പവും സ്നേഹവും ഉണ്ടാകട്ടെ… അമ്മച്ചി പറഞ്ഞത് ബിനു ഓര്‍മ്മിച്ചു..

അവന്‍ ദീര്‍ഘമായി നിശ്വസിച്ചു. മൂന്നു ദിവസങ്ങള്‍…തനിക്ക് മാനസികമായി യാതൊരു അടുപ്പവും തോന്നാത്തവരുടെയിടയില്‍… തനിക്ക് സ്നേഹം തോന്നാത്ത ഒരു പരിസരത്ത്… സാധിക്കുമോ… താന്‍ വിജയിക്കുമോ… പാപ്പച്ചന്‍റെയും മേരിക്കുട്ടിയുടെയും ബിന്‍സിയുടെയും മുഖങ്ങള്‍ ബിനുവിന്‍റെ മനസ്സിലേക്ക് കടന്നുവന്നു. മനസ്സില്‍ എന്തോ തികട്ടിവന്നതുപോലെ അവന് തോന്നി… പാപ്പച്ചന്‍റെ ചില മാനറിസങ്ങള്‍… ബീഡിപ്പുക… കാര്‍ക്കിച്ചുതുപ്പല്‍… മേരിക്കുട്ടിയുടെ ലജ്ജ കലര്‍ന്നവിധത്തിലുള്ള സംസാരം… ആരാധന കലര്‍ന്ന മട്ടിലുള്ള ബിന്‍സിയുടെ നോട്ടം..

അവരൊക്കെ തന്‍റെ ആരെങ്കിലുമാണോ…? ബിനു തന്നോട് തന്നെ ചോദിച്ചു. അവരെ സ്നേഹിക്കാന്‍ തനിക്ക് എന്നെങ്കിലും കഴിയുമോ? അതുപോട്ടെ എത്സയെയോ…?

ബിനു സ്വഭാവികമായിട്ടെന്ന വിധത്തില്‍ പിന്നിലേക്ക് ശിരസ് തിരിച്ചു നോക്കി. എത്സ പുറത്തേയ്ക്ക് നോക്കിയിരിക്കുകയാണ്… അവളുടെ മുഖത്ത് വല്ലാത്ത സന്തോഷവും ഉത്സാഹവുമുണ്ടെന്ന് ബിനു കണ്ടെത്തി. അവന്‍ നോക്കുന്നതുപോലും അവള്‍ അറിയുന്നുണ്ടായിരുന്നില്ല.

ബിനു നോട്ടം പിന്‍വലിച്ചു. കാര്‍ ഓടിപ്പൊയ്ക്കൊണ്ടിരുന്നു.

ബിനുക്കുട്ടാ… ഡ്രൈവര്‍ ജോയി പെട്ടെന്ന് വിളിച്ചു…

നിങ്ങളെന്താ ഇന്ന് സൗന്ദര്യപ്പിണക്കത്തിലാണോ… രണ്ടുപേരും ഒന്നും മിണ്ടുന്നില്ലല്ലോ…?

അല്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ യാത്രയ്ക്കിടയില്‍ എപ്പഴാ സംസാരിച്ചുകണ്ടിരിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ബിനുവിന്. പക്ഷേ അവന്‍ അത് ചോദിച്ചില്ലെന്ന് മാത്രം.

മിണ്ടാതെയിരുന്ന് വണ്ടിയോടിക്കുമ്പോ എനിക്ക് ഉറക്കം വരും… വണ്ടിക്കകത്ത് ഒച്ചേം ബഹളോം ഇല്ലെങ്കില്‍ എനിക്ക് വണ്ടിയോടിക്കാന്‍ ഒരു രസോം ഉണ്ടാവില്ല.

ജോയി അത് പറഞ്ഞിട്ട് സിഡി പ്ലെയര്‍ ഓണ്‍ ചെയ്തു.

രതിസുഖസാരമായി ദേവി നിന്‍മെയ് വാര്‍ത്തു ദൈവം കലാകാരന്‍…

പ്ലെയറില്‍ നിന്ന് പാട്ടു മുഴങ്ങി. ബിനു പെട്ടെന്ന് അത് ഓഫ് ചെയ്തു.

ബിനുക്കുട്ടന് ആ പാട്ട് ഇ ഷ്ടമായില്ലേ… നമ്മുടെ നൗഷാദ് ട്യൂണ്‍ ചെയ്ത പാട്ടാ… മലയാളത്തിലെ അങ്ങേരുടെ ഫസ്റ്റ് മൂവിയായിരുന്നു…

ജോയി തന്‍റെ അറിവ് പങ്കുവച്ചു. അടുത്ത പാട്ടിലേക്ക് അയാളുടെ കരം നീണ്ടു.

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി
നിന്‍റെ തിങ്കളാഴ്ച നോയ മ്പിന്ന് മുടക്കും ഞാന്‍

അതായിരുന്നു ഇത്തവണ കാറില്‍ മുഴങ്ങിയത്.

ശ്ശോ തന്നെക്കൊണ്ട് വലിയ ശല്യമായല്ലോ… ബിനു ദേഷ്യത്തോടെ അതും ഓഫ് ചെയ്തു.

താന്‍ പാട്ടുകേള്‍ക്കാതെ വണ്ടിയോടിച്ചാല്‍ മതി… – ബിനു പറഞ്ഞു.

എന്നാ ഞാന്‍ പാടും… വാശി കണക്കെ ജോയി പറഞ്ഞു.

എന്നാ താന്‍ പാട്…കേള്‍ക്കട്ടെ… ബിനുവും വാശിയിലായിരുന്നു.

ഒരു നിമിഷം ഏതു പാട്ടാണ് പാടേണ്ടതെന്ന് ജോയി ആലോചിച്ചു. പിന്നെ ജോയി പാടിത്തുടങ്ങി

ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാന്‍ പോകുന്നു
മെഴുതിരിയേന്തും മാലാഖ മരണരഥത്തില്‍ വന്നെത്തി

പാടിക്കഴിഞ്ഞ് ജോയി ഓട്ടക്കണ്ണിട്ട് ബിനുവിനെ നോക്കി. ബിനുവിന്‍റെ ഓര്‍മ്മകളി ലേക്ക് വീണ്ടും ജോമോന്‍ കടന്നുവന്നു. ഉയര്‍ന്നുനില്ക്കുന്ന കുരിശുകള്‍… സെമിത്തേരി… ശവപ്പെട്ടി… വാടാത്ത പൂക്കള്‍… കൈക്കുമ്പിളില്‍ കുരിശുപിടിച്ച് ജോമോന്‍… അടയ്ക്കപ്പെടുന്ന ശവപേടകം… അതിന്‍റെ മീ തേയ്ക്ക് വീഴുന്ന കുന്തിരിക്കം… മണ്ണ്…

ബിനു അസ്വസ്ഥതയോടെ തല വെട്ടിച്ചു.

ദൈവമേ ജോമോന്‍റെ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് ഇനിയും മുക്തി ലഭിക്കാത്തതെന്ത്… ഓരോ ദിവസവും ആ ഓര്‍മ്മകള്‍ക്ക് ശക്തി കൂടുന്നതേയുള്ളൂ, ഒട്ടും കുറയുന്നില്ലല്ലോ.

ഈ പാട്ട് പാടാന്‍ പറ്റിയ അവസരം തന്നെ ഇത്… എത്സ മനസ്സില്‍ പറഞ്ഞു. എന്തോ ആ നേരങ്ങളില്‍ അവള്‍ക്ക് മരണത്തോട് വല്ലാത്ത സ്നേഹം തോന്നി. ഈ യാത്രയില്‍ ഒരപകടം… അതുണ്ടായിരുന്നുവെങ്കില്‍… അവള്‍ സത്യമായും അതാഗ്രഹിച്ചിരുന്നു.

സ്ഥലമെത്തി… പെട്ടെന്ന് പിന്നില്‍ നിന്ന് എത്സ വിളിച്ചുപറഞ്ഞു. ജോയിയുടെ പാട്ട് നിലച്ചു. ജോയി ചുറ്റിനും നോക്കി.

വീട് കാണുന്നില്ലല്ലോ…ജോയി പിന്നിലേക്ക് തിരിഞ്ഞ് എത്സയോട് ചോദിച്ചു.

വീട്ടിലേക്ക് വഴിയില്ല… റബര്‍ത്തോട്ടത്തിലൂടെ പോണം… എത്സ പറഞ്ഞു.

ഓ അതു ശരി…

ജോയി വഴിയുടെ സൈഡിലായി കാര്‍ ബ്രേക്ക് ചെയ്തു. വെളിയിലേക്ക് ഇറങ്ങാന്‍ ബിനുവിന് മടി തോന്നി. മറ്റാരെയോ പ്രീതിപ്പെടുത്താനും സന്തോഷിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നതെന്ന് അവന് മനസ്സിലായി. ഇതില്‍ നിന്നൊന്നും തനിക്ക് ഒരു സന്തോഷവും ലഭിക്കുന്നില്ല… മാത്രമല്ല അസ്വസ്ഥത തനിക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സ്വയം അസ്വസ്ഥനായിക്കൊണ്ട് താന്‍ ആരെയാണ് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്?

ജോയി ഡിക്കി തുറന്ന് ബാഗുകള്‍ പുറത്തേയ്ക്ക് എടുത്തുവയ്ക്കാനാരംഭിച്ചു.

ഇതെന്നാത്തിനാ ബിനുക്കൂട്ടാ ഇത്രേം സാധനങ്ങള്… ഇനി നിങ്ങള് ഇവിടെ നിന്ന് പോകുന്നില്ലേ.. രണ്ടു ദിവസത്തേക്ക് എന്തുമാത്രം സാധനങ്ങളാ… ജോയി മറുപടി പ്രതീക്ഷിക്കാതെ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.

എവിടെപോയാലും തനിക്കാവശ്യമുള്ള മുഴുവന്‍ സാധനങ്ങളുമായി മാത്രമേ ബിനു പോകാറുള്ളൂ എന്ന് ജോയിക്ക് അറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അയാള്‍ അത് ചോദിച്ചതും.

അയാള്‍ എടുത്തുവച്ച ബാഗ് ബിനു കയ്യിലെടുത്തു. നല്ല ഭാരമുണ്ടായിരുന്നു അതിന്… എത്സയുടെ ഡ്രസ് മറ്റൊരു ബാഗിലായിരുന്നു… ചെറിയൊരു ബാഗായിരുന്നു അവളുടേത്. എത്സ അത് കയ്യിലെടുത്തു.

എത്സക്കൊച്ചിന്‍റെ ബാഗുകൂടി ഇതിനകത്തോട്ട് വയ്ക്ക്… എന്നിട്ട് ഞാന്‍ രണ്ടും കൂടി എടുത്തുകൊണ്ടുവന്നു തരാം.

ജോയി പറഞ്ഞു.

വേണ്ട താന്‍ പൊയ്ക്കോ… ബിനു പറഞ്ഞു.

കയ്യാല കേറിയിറങ്ങി ബിനുക്കുട്ടന്‍ മടുക്കും… നമ്മുടെ അവിടത്തെ വഴിപോലെയൊന്നുമല്ല ഇത്… ജോയി മുന്നറിയിപ്പ് നല്കി.

അതൊന്നും സാരമില്ല… താന്‍ പൊയ്ക്കോ… ഞാന്‍ ഫോണ്‍ ചെയ്തേക്കാം… അപ്പോ വന്നാ മതി…

ബിനു ബാഗുമെടുത്ത് നടക്കാന്‍ ആരംഭിച്ചു.

അറിയാത്ത പിള്ള ചൊറിയുമ്പോ അറീം… അല്ലപിന്നെ… ജോയി നീരസത്തോടെ കാറിനുള്ളിലേക്ക് തന്നെ കയറി.

പിന്നെ പുറത്തേയ്ക്ക് തലയിട്ട് എത്സയോട് പറഞ്ഞു.

വീട്ടീ ചെല്ലുമ്പോ ബിനുക്കുട്ടന് ഒന്ന് ചൂടുപിടിച്ചുകൊടുത്തേക്ക്… മേലനങ്ങി ഒരു പണീം ചെയ്യാത്ത ആളാ… പേന കൈയീ പിടിക്കുന്നതല്ലാതെ ഒരു തൂമ്പാ പോലും ഇന്നേ വരെ കൈ കൊണ്ട് തൊട്ടിട്ടില്ല… പേനയ്ക്ക് വലിയ ഭാരമൊന്നും ഇല്ലല്ലോ… ഇതെല്ലാം ആ ത്രേസ്യാമ്മച്ചീടെ പണിയാ… ഇളയമോനാന്ന് പറഞ്ഞ് കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി…

എത്സ ചിരിയോടെ തലയാട്ടി. അത് ശരിയാണെന്ന് അവള്‍ക്കും തോന്നി. മകന് അമ്മയോടാണ് അടുപ്പം മുഴുവന്‍. എത്ര തവണ താന്‍ ആവശ്യപ്പെട്ടിട്ടും സാധിക്കാത്ത കാര്യമാണ് അമ്മച്ചി പറഞ്ഞയുടന്‍ സാധിച്ചുതന്നത്… ഇവിടേക്ക് ഇപ്പോള്‍ പുറപ്പെട്ടത് അങ്ങനെയായിരുന്നുവല്ലോ…

അമ്മച്ചിയും മകനും… അതൊരു വല്ലാത്ത ആകര്‍ഷണവലയമാണെന്ന് അവള്‍ക്ക് തോന്നി. ആ നിമിഷങ്ങളില്‍ അവള്‍ക്ക് ത്രേസ്യാമ്മയോട് വെറുപ്പ് തോന്നി. അമ്മയാണോ ബിനുവിന് തന്നോടുള്ള സ്നേഹത്തിന് വിഘാതമായി നില്ക്കുന്നത്? ലോകത്തുള്ള എല്ലാ ഭാര്യമാരുടെയും ആദ്യത്തെ ശത്രു ഭര്‍ത്താവിന്‍റെ അമ്മയാണെന്ന് അപ്പോള്‍ എത്സയ്ക്ക് തോന്നി.

ജോയി വണ്ടി തിരിച്ചെടുത്തു. അയാള്‍ക്ക് നേരെ കരം വീശി കാണിച്ചതിന് ശേഷം എത്സ ബാഗുമെടുത്ത് ബിനുവിന്‍റെ പുറകെ നടന്നു. ചുവടുകള്‍ക്ക് പിന്നില്‍ നിന്ന് നോക്കുമ്പോള്‍ എത്സയ്ക്ക് മനസ്സിലായി ബിനുവിനെ ബാഗുകളുടെ ഭാരം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന്… ജോയി പറഞ്ഞത് ശരിയാണെന്നും. കിതച്ചുകൊണ്ടാണ് ബിനു പറമ്പുകള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നത്.

ഇനീം അധികദൂരമുണ്ടോ…? – ബിനു തിരിഞ്ഞ് നിന്ന് ചോദിച്ചു

എത്സയ്ക്ക് ചിരി വന്നു.

ഇല്ല… രണ്ടു പറമ്പുകൂടി കടന്നാ മതി…

അപ്പോള്‍ പറമ്പില്‍ നിന്ന് എത്സചേച്ചീ എന്ന വിളി കേട്ടു.

എത്സ നോക്കുമ്പോള്‍ വിറകുപെറുക്കുകയാണ് കുറെ പെണ്‍കുട്ടികള്‍. അവള്‍ ട്യൂഷനെടുത്തിരുന്ന കുട്ടികളായിരുന്നു അത്, അവര്‍ അവളുടെ അടുക്കലേയ്ക്ക് ഓടിവന്നു.

ചേച്ചി എന്നാ പണിയാ കാണിച്ചേ…?

അവര്‍ പരിഭവം പറഞ്ഞു.

എത്ര ദിവസം കഴിഞ്ഞിട്ടാ ഇങ്ങോട്ടൊക്കെ വരുന്നെ?

ചേച്ചി പോയതോടെ ഞങ്ങളുടെ ട്യൂഷനും നിന്നു… അതായിരുന്നു മറ്റൊരുവളുടെ സങ്കടം.

ടൗണിലെ ട്യൂഷന്‍ സെന്‍ററീ പോയി പഠിക്കാന്‍ അച്ഛന്‍ സമ്മതിക്കുന്നില്ല..

അതെന്താ…? എത്സ ചോദിച്ചു.

അവിടെ ആണുങ്ങളാ ട്യൂഷനെടുക്കുന്നെ…

അങ്ങനെയൊക്കെ വിചാരിക്കാനുണ്ടോ? എത്സ ചോദിച്ചു.

ചേച്ചീ ചേച്ചീടെ ചേട്ടന്‍ സൂപ്പറാട്ടോ… അടിപൊളി… മറ്റൊരുവള്‍ ബിനുവിനെ നോക്കി അടക്കം പറഞ്ഞു.

എത്സയ്ക്ക് അതുകേട്ടപ്പോള്‍ പെട്ടെന്ന് അഭിമാനം തോന്നി.

ചേച്ചി ഭാഗ്യവതിയാ… മറ്റൊരുവള്‍ വിധിയെഴുതി.

ഭാഗ്യം. എത്സയുടെ സന്തോഷം കെട്ടടങ്ങി…

ഇത്തിരി ജാടയുണ്ടോന്നൊരു സംശയം… ഞങ്ങളെ മൈന്‍ഡാക്കാതെ പോയതു കണ്ടില്ലേ…

പോടീ… അതു പറഞ്ഞവളുടെ കവിളില്‍ ചെറിയൊരു നുള്ള് കൊടുത്തുകൊണ്ട് എത്സ മുന്നോട്ടു നടന്നു.

വീട്ടിലെത്തിയപ്പോഴേയ്ക്കും ബിനു വിയര്‍ത്തുകുളിച്ചിരുന്നു.

പശുവിനെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടി തിരിച്ചുവന്നപ്പോഴാണ് മേരിക്കുട്ടി അവരെ കണ്ടത്.

അയ്യോ മോന്‍ ക്ഷീണിച്ചുപോയോ… മേരിക്കുട്ടി ഓടിവന്ന് ബിനുവിന്‍റെ ബാഗ് പിടിച്ചുവാങ്ങി. തൊഴുത്തിന്‍റെ മണം മേരിക്കുട്ടി അടുത്തു വന്നപ്പോള്‍ ബിനുവിന്‍റെ മൂക്കില്‍ നിറഞ്ഞു. അവന് അസ്വസ്ഥത അനുഭവപ്പെട്ടു.

ദേ അവര് വന്നു കേട്ടോ… അകത്തേയ്ക്ക് നോക്കി മേരിക്കുട്ടി വിളിച്ചുപറഞ്ഞു.

പിന്നെ തിരിഞ്ഞ് ബിനുവിനോട് പറഞ്ഞു: "ചാച്ചന്‍ ഇറച്ചി നുറുക്കുവാ… വാ മോനേ കയറിവാ…"

ബിനു മുറ്റത്തുനിന്ന് വീടിനെ നോക്കി. ഓടിട്ട ചെറിയ വീട്… എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് അതെന്ന് അവന് തോന്നി. അപ്പോള്‍ ഒരു പൂച്ച വന്ന് അവന്‍റെ പാദങ്ങളില്‍ മുഖമുരസി. അപ്രതീക്ഷിതമായിരുന്നതിനാല്‍ ബിനു ഞെട്ടിപ്പോയി. അവന്‍ ഞെട്ടി ഒരടി പുറകിലേക്ക് കാല്‍വച്ചു.

ശ്ശോ ഈ പൂച്ചേടെ ഒരു കാര്യം… മേരിക്കുട്ടി അതിനെ ശകാരിച്ചു.

എടീ കിങ്ങിണീ… എത്സ കുനിഞ്ഞ് പൂച്ചയെ എടുത്ത് ഓമനിച്ചു. അതിന്‍റെ മുഖത്തേയ്ക്ക് തന്‍റെ മുഖം അടുപ്പിക്കുകയും ചെയ്തു. ബിനുവിന്‍റെ കണ്ണുകളില്‍ അത്ഭുതം കൂറി… പൂച്ചരോമങ്ങള്‍ വിഷമാണ്… അത് വായ്ക്കുള്ളില്‍ പോയാല്‍ അപകടമാണ്… അവന്‍റെ മനസ്സിലിരുന്ന് ആരോ പറഞ്ഞു.

പെട്ടെന്ന് ബിന്‍സി പിന്നില്‍ നിന്ന് ഓടിവന്ന് എത്സയെ കെട്ടിപ്പിടിച്ചു.

ചേച്ചീ… ബിന്‍സി കിതയ്ക്കുന്നുണ്ടായിരുന്നു.

നീയെന്നതാടീ ഓടിയാണോ വന്നേ? മേരിക്കുട്ടി ചോദിച്ചു.

വരുന്ന വഴിക്ക് അനുമോളും സന്ധ്യേം പറഞ്ഞു ചേച്ചീം ചേട്ടനും വന്നുവെന്ന്… കിതപ്പോടെ ബിന്‍സി പറഞ്ഞു.

ഓ അതിന് ഇങ്ങനെ ശ്വാസം വിടാതെ ഓടണോ… മേരിക്കുട്ടി ശാസിച്ചു.

നീയെവിടെ പോയതാടീ… പൂച്ചയെ വിട്ടിട്ട് എത്സ ബിന്‍സിയെ കെട്ടിപിടിച്ചു.

പഞ്ചസാരേം കാപ്പിപ്പൊടീം വാങ്ങാന്‍… പിന്നെ ഇറച്ചിമസാലേം…

തന്‍റെ കൈയിലെ ചെറിയ കിറ്റ് ബിന്‍സി ഉയര്‍ത്തിക്കാണിച്ചു. പൂച്ചരോമങ്ങള്‍… ബിനുവിന്‍റെ മനസ്സില്‍ അപ്പോഴും അതുതന്നെയായിരുന്നു. കൈകള്‍ കഴുകാതെ ഇപ്പോള്‍ എത്സ അനിയത്തിയെ ആശ്ലേഷിച്ചിരിക്കുന്നു…!

വാ മോനേ… മേരിക്കുട്ടി ബാഗുമായി വരാന്തയിലേക്ക് കയറിയിട്ട് വീണ്ടും ക്ഷണിച്ചു.

ബിനു വരാന്തയിലേക്ക് കയറി. അവന്‍ കാലെടുത്തു വയ്ക്കാന്‍ ഭാവിച്ചത് കോഴിക്കാഷ്ഠത്തിന് മീതേയ്ക്കാണ്. പെട്ടെന്ന് ഭാഗ്യത്തിന് ഒരപകടത്തില്‍ നിന്ന് ഒഴിവായതുപോലെ അവന്‍ കാല്‍ പുറകോട്ടു വലിച്ചു.

ശ്ശോ ഈ കോഴികളെക്കൊണ്ട് തോറ്റു… ഒന്ന് കണ്ണ് തെറ്റിയാ വരാന്തേ കേറി തൂറിവയ്ക്കും… മേരിക്കുട്ടി അരപ്ലേസില്‍ കിടന്ന ഒരു പേപ്പറെടുത്ത് കോഴിക്കാഷ്ഠം തുടച്ച് മുറ്റത്തേയ്ക്കിട്ടു. പിന്നെ സാരിത്തുമ്പില്‍ കൈ തുടച്ചുകൊണ്ട് എത്സയോട് പറഞ്ഞു.

പഞ്ചായത്തീന്ന് ഇപ്പോ കോഴിയെ കിട്ടുന്നുണ്ട്… പോയി വാങ്ങണം… മുട്ടക്കോഴിയാ…

ബിനുവിന് ഛര്‍ദ്ദിക്കണമെന്ന് തോന്നി. എന്തോ തികട്ടിവരുന്നുണ്ട്… മേരിക്കുട്ടി വീണ്ടും ബാഗെടുക്കാന്‍ തുടങ്ങിയപ്പോള്‍ ബിനു തടഞ്ഞു.

വേണ്ട ഞാന്‍ എടുത്തോളാം… അപ്പോഴേയ്ക്കും അടുക്കളയില്‍ നിന്ന് പാപ്പച്ചന്‍ വരാന്തയിലേക്ക് വന്നു. തോളത്ത് കിടന്ന മുഷിഞ്ഞ തോര്‍ത്തില്‍ കൈ തുടച്ചുകൊണ്ടാണ് അയാള്‍ വന്നത്. വന്നപാടെ മുറ്റത്തേയ്ക്ക് കാര്‍ക്കിച്ചുതുപ്പുകയും ചെയ്തു.

നിങ്ങടെ നാട്ടില് പോത്തിറച്ചിക്ക് എന്നാ വിലയാ… ഇവിടെ മുന്നൂറാ… പാപ്പച്ചന്‍ പറഞ്ഞു

ബിനു ഉത്തരം പറയാതെ നി സ്സഹായനായി… തന്‍റെ മുഖത്ത് കാര്‍ക്കിക്കലിന്‍റെ തുള്ളികള്‍ പതിച്ചതുപോലെയുള്ള അസ്വസ്ഥതയിലായിരുന്നു അവന്‍.

ഓ അതിന് മോന് അതുവല്ലതും അറിയാമോ… അവിടെ പണിക്കാരൊക്കെയല്ലേ അത് വാങ്ങുന്നെ. മേരിക്കുട്ടി അഭിപ്രായപ്പെട്ടു.

എനിക്കൊന്ന് കുളിക്കണം… അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ഭാവത്തില്‍ ബിനു പറഞ്ഞു.

അതിനെന്താ കുളിക്കാലോ… എത്സയാണ് മുറിയിലേക്ക് ബിനുവിനെ കൊണ്ടുപോയത്. ചെറിയൊരു മുറിയായിരുന്നു അത്. അയയില്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന തുണികള്‍… മുറിയില്‍ അസുഖകരമായ ഗന്ധം നിറഞ്ഞു നിന്നിരുന്നു. ബിനു മുറിയുടെ മൂലയ്ക്കായി ബാഗ് കൊണ്ടുപോയി വച്ചു. എത്സ അവിടെ തന്നെ നിന്നു.

എനിക്ക് ഡ്രസ് മാറണം… അപരിചിതയോടെന്ന പോലെ ബിനു പറഞ്ഞു.

എത്സ പെട്ടെന്ന് മുറിക്ക് വെളിയിലേക്ക് പോയി. ബിനു ബാഗ് തുറന്നു. ബാത്ത് ടവ്വലും സോപ്പും എടുക്കാന്‍ നോക്കി. പക്ഷേ ബാഗില്‍ അത് രണ്ടും കണ്ടില്ല…

ബിനുവിന് പരിഭ്രമം വര്‍ദ്ധിച്ചു. അവന്‍ ബാഗില്‍ നിന്ന് ഓരോന്നും പുറത്തേയ്ക്ക് എടുത്തുവച്ചു… അതിലൊന്നിലും ബാത്ത് ടവ്വല്‍ കണ്ടില്ല. സോപ്പും.

എങ്ങനെ സംഭവിച്ചു ഇത്? ബിനുവിന് എത്തും പിടിയും കിട്ടിയില്ല. ഏതു യാത്രയിലും കൃത്യമായി എടുത്തുവയ്ക്കുന്നവയാണ് ഇവ രണ്ടും. മറ്റുള്ളവരുടെ തോര്‍ത്ത്… അവരുപയോഗിക്കുന്ന സോ പ്പ്… അവരുടെ വസ്ത്രം… ഒന്നും ബിനു ഉപയോഗിക്കാറില്ല. ഉപയോഗിച്ചാല്‍ തന്നെ അത് അത്രമേല്‍ സ്നേഹമുള്ള ആരുടെയെങ്കിലുമായിരിക്കുകയും ചെയ്യും.

ഇനിയെന്തു ചെയ്യും… കുളിക്കണം… സോപ്പ് തേയ്ക്കണം.

എത്സേ..ബിനു വിളിച്ചു

എന്തോ എത്സ ഓടിവന്നു.

ഇപ്പോള്‍ അവള്‍ക്ക് നൈറ്റിയായിരുന്നു വേഷം… നന്നായി ഉണങ്ങാതെ മടക്കിവച്ച വസ്ത്രങ്ങള്‍ക്കുണ്ടാകുന്ന ഗന്ധമായിരുന്നു അവള്‍ അടുത്തു വന്നപ്പോള്‍. ആ നൈറ്റി മേരിക്കുട്ടിയുടേതാണെന്ന് ബിനുവിന് മനസ്സിലായി.

മേരിക്കുട്ടിയാണ് മുമ്പില്‍ നില്ക്കുന്നതെന്ന് അവന് തോന്നി

എന്‍റെ സോപ്പും ടവ്വലും കാണുന്നില്ല.

എന്തോ അബദ്ധം സംഭവിച്ചതു പോലെയായിരുന്നു ബിനുവിന്‍റെ വാക്കുകള്‍.

അതിനിപ്പം എന്താ… സോപ്പ് കുളിമുറീലുണ്ട്… തോര്‍ത്ത് ഇപ്പം തരാം… ചാച്ചാ…

എത്സ വിളിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി. ഉടന്‍ തന്നെ തിരികെ വരുകയും ചെയ്തു

ഇന്നാ തോര്‍ത്ത്… അവള്‍ തോര്‍ത്ത് ബിനുവിന് നേരെ നീട്ടി.

പാപ്പച്ചന്‍റെ തോളില്‍ കിടന്ന, അയാള്‍ കൈ തുടച്ച നിറം മങ്ങിയ, വിറകുകൊള്ളിപോലെ മടങ്ങാത്ത തോര്‍ത്തായിരുന്നു അത്. ബിനു ആ തോര്‍ത്തിലേക്ക് നടുക്കത്തോടെ നോക്കിനിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org