Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 21

ഒരു കുടുംബകഥ കൂടി… അധ്യായം 21

Sathyadeepam

വിനായക് നിര്‍മ്മല്‍

ചേച്ചീ ബെറ്റ്സി വീണ്ടും വിളിച്ചു.

ചേച്ചി! എത്സയുടെ നെഞ്ചകത്താണ് ആ വിളി വന്നു വീണത്.മോളേ… അവള്‍ക്ക് കരച്ചില്‍ വന്നു. എത്സ ഓടിച്ചെന്ന് ബെറ്റ്സിയെ കെട്ടിപ്പിടിച്ചു. എത്സയെ കെട്ടിപ്പിടിച്ച് ബെറ്റ്സി കരഞ്ഞു; എത്സയും. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സംഗമം. തന്‍റെ കൈവിരല്‍ത്തുമ്പു പിടിച്ച് സ്കൂളിലേക്ക് നടന്നിരുന്ന ബെറ്റ്സിയെയാണ് എത്സയ്ക്ക് ഓര്‍മ്മവന്നത്. ഇപ്പോഴിതാ മറ്റൊരു വേഷത്തില്‍… രൂപത്തില്‍…

ബെറ്റ്സിയുടെ മുഖം കൈക്കുടന്നയിലെടുത്ത് എത്സ ചോദിച്ചു

ഇതെന്നാ കോലമാ മോളെ… നീയെന്താ ഇങ്ങനെ…? എത്സയ്ക്ക് ഒന്നും മനസ്സിലായില്ല. വിവാഹനിശ്ചയം കഴിഞ്ഞ തന്‍റെ സ്വര്‍ണ്ണാഭരണങ്ങളുമെടുത്ത് ഏതോ ഒരുവന്‍റെ ഒപ്പം ഒളിച്ചോടി പോയി എന്നതായിരുന്നു ബെറ്റ്സിയെക്കുറിച്ചുള്ള ഏക അറിവ്. പിന്നീട് അവള്‍ക്കെന്ത് സംഭവിച്ചു എന്ന് ആരും അന്വേഷിച്ചിരുന്നില്ല… അവള്‍ ജീവനോടെയിരിപ്പുണ്ടോ, എവിടെയാണ്, ആരുടെയൊപ്പമാണ്… ഇല്ല ഒരു തരത്തിലുള്ള അന്വേഷണങ്ങളും നടന്നിട്ടില്ല. വെറുക്കപ്പെട്ടവളായിരുന്നു അവള്‍… ശപിക്കപ്പെട്ടവളും. പുകഞ്ഞ കൊള്ളി പുറത്ത്… അതായിരുന്നു എല്ലാവരുടെയും മട്ട്… കൂട്ടം വിട്ടോടിപോയ ആട്… ഒരു ഇടയനും അവളെ അന്വേഷിച്ച് പുറകെ പോയിട്ടില്ല. ആലയിലേക്ക് അവളെ കൂട്ടിക്കൊണ്ടുവന്നിട്ടുമില്ല.

ഇപ്പോഴിതാ വളരെ അപ്രതീക്ഷിതമായി… എങ്ങനെ അറിഞ്ഞു അവള്‍ തന്‍റെ കല്യാണം കഴിഞ്ഞതായിട്ട്… തന്‍റെ ഇപ്പോഴത്തെ വീട് ഇതാണെന്ന്… എത്സയുടെ മനസ്സില്‍ നിരവധി സംശയങ്ങള്‍ ഉയര്‍ന്നു.

ചേച്ചി എന്നോട് പൊറുക്കണം… ബെറ്റ്സി പെട്ടെന്ന് എത്സയുടെ കാല്‍ച്ചുവട്ടിലേക്കിരുന്നു. അവള്‍ കരം നീട്ടി എത്സയുടെ കാലുകളെ സ്പര്‍ശിച്ചു.

എന്നതാ മോളെ ഇത്… എത്സ പെട്ടെന്ന് പിന്നിലേക്ക് മാറി.

ചേച്ചിയോട് ഞാന്‍ അത്രേം വലിയ ദ്രോഹല്ലേ ചെയ്തിരിക്കുന്നത്… കാലുപിടിച്ചാലും ആ പാപത്തിന് മോചനം കിട്ടൂന്ന് തോന്നുന്നില്ല… ബെറ്റ്സി കരഞ്ഞു.

നീയെന്നോട് അങ്ങനെയൊന്നും പറയരുത്… അപ്പോഴത്തെ തോന്നലില്‍ ശരിയെന്ന് തോന്നുന്നത് നീ ചെയ്തു. മറ്റാരുടെയും ശരികള്‍ നീ നോക്കിയുമില്ല. അതൊക്കെ എല്ലാവരും എന്നേ ക്ഷമിച്ചു… നീ അതൊന്നും ഓര്‍ത്ത് മനസ്സ് വിഷമിപ്പിക്കരുത്. എത്സ ബെറ്റ്സിയെ പിടിച്ചെണീല്പിച്ചു

എന്നാലും… നമ്മള് മറ്റാരെയും ചതിക്കാന്‍ പാടില്ല ചേച്ചീ… നമ്മള് ആരെയെങ്കി ലും ചതിച്ചാ നമ്മളേം ആരെങ്കിലും ചതിക്കും… ഇത്രേം നാളുകൊണ്ട് ഞാന്‍ മനസ്സിലാക്കിയ കാര്യമാണത്. ബെറ്റ്സി പറഞ്ഞു

നിന്‍റെ കുട്ടികളല്ലേടീ ഇത്…!? എത്സ  അതിശയത്തോടെ കുട്ടികളെ നോക്കിക്കൊണ്ട് ചോദിച്ചു. കുട്ടികള്‍ അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ടതിന്‍റെ എല്ലാവിധ പരിഭ്രമത്തോടെയും നില്‍ക്കുകയായിരുന്നു. മക്കളേ ഇത് ഉമ്മാന്‍റെ ഇത്താത്തയാ… ചെല്ല്… ഇത്താത്തേടെ അടുത്തോട്ട് ചെല്ല്… ബെറ്റ്സി തന്‍റെ മക്കളെ എത്സയുടെ അടുക്കലേയ്ക്ക് പറഞ്ഞയച്ചു. രണ്ട് പെണ്‍കുട്ടികളായിരുന്നു അവര്‍. മൂന്നും നാലും വയസ് പ്രായം തോന്നിക്കുന്ന ഓമനത്തം തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍.

ഉമ്മയോ… ഇത്താത്തയോ…? നീയെന്നതൊക്കെയാ ബെറ്റ്സീ ഇപ്പറയുന്നെ…? എത്സ അമ്പരന്നു.

അവള്‍ കുട്ടികളുടെ മുമ്പില്‍ മുട്ടുകുത്തിനിന്നു.

അവരെ എത്സ കെട്ടിപ്പിടി ച്ചു. തന്‍റെ അനിയത്തിയുടെ മക്കള്‍. തന്‍റെ കുടുംബത്തിലെ പുതിയ തലമുറ.

എന്താ മക്കള്‍ടെ പേര്…? എത്സ കുട്ടികളോട് ചോദിച്ചു.

സമീറ… ഷംന… ബെറ്റ്സിയുടെ കണ്ണുകള്‍ അപ്പോഴും നിറയുന്നുണ്ടായിരുന്നു.

നീയിപ്പോ എവിടെയാ… നിന്‍റെ ഭര്‍ത്താവെന്ത്യേ…? നീയെങ്ങനെയാ വിവരങ്ങളൊക്കെ അറിഞ്ഞേ? നിനക്ക് സുഖമാണോ?

എത്സ ഇടവേളയില്ലാതെ ചോദിച്ചു.

എല്ലാം പറയാം ചേച്ചീ… ബെറ്റ്സി പറഞ്ഞു.

നീ അകത്തോട്ട് വാ… എത്സ ക്ഷണിച്ചു.

ബെറ്റ്സി ചുറ്റുപാടും വീക്ഷിച്ചു. മനോഹരമായ വീടും കാഴ്ചകളും അവള്‍ കണ്ടു.

ചേച്ചിക്കിവിടെ സുഖമാണ് അല്ലേ…? ബെറ്റ്സി ചോദിച്ചു.

എന്‍റെ എന്നത്തെയും പ്രാര്‍ത്ഥനയും അതുതന്നെയായിരുന്നു. എന്തായാലും ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടല്ലോ…

ബെറ്റ്സി സന്തോഷിച്ചു. അപ്പോഴേയ്ക്കും ലിസി വാതില്ക്കലെത്തിയിരുന്നു.

ആരാ എത്സേ ഇത്…? പര്‍ദ്ദ ധരിച്ചുനില്ക്കുന്ന ബെറ്റ്സിയെ ലിസി അതിശയത്തോടെ നോക്കി.

എന്‍റെ അനിയത്തിയാ ചേച്ചി… എത്സ  മടിയില്ലാതെ പറഞ്ഞു.

ഓ… അന്ന് എത്സേടെ സ്വര്‍ണ്ണോം എടുത്തു ഒളിച്ചോടിപോയ അനിയത്തി അല്ലേ…?

ലിസിയുടെ മുഖം വിടര്‍ന്നു. എത്സ അതെയെന്നോ അല്ലെന്നോ പ്രതികരിച്ചില്ല. പക്ഷേ ബെറ്റ്സിയുടെ മുഖം കുനിഞ്ഞു. ജീവിതകാലം മുഴുവന്‍ തന്നെ വേട്ടയാടുന്ന വിശേഷണമാണ് അതെന്ന് അവള്‍ക്ക് മനസ്സിലായി. ചേച്ചിയുടെ വിവാഹത്തിന് സ്വരുക്കൂട്ടിവച്ചിരുന്ന സ്വര്‍ണവും കാശുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടിപോയവള്‍. ഈ അപമാനം തന്നെ വിട്ടുപോകുകയില്ല. എത്ര കുളിച്ചാലും ഇതിന്‍റെ ദുര്‍ഗന്ധം തന്നില്‍ നിന്ന് മാറുകയില്ല. വലിയൊരു കുറ്റവാളിയെ കാണാന്‍ കഴിഞ്ഞതിന്‍റെ അത്ഭുതം പോലെയാണ് ലിസി ബെറ്റ്സിയെ നോക്കിനിന്നത്.

അപ്പോഴേക്കും സോജന്‍റെ കാര്‍ ഗെയ്റ്റ് കടന്നു പോര്‍ച്ചില്‍ വന്നുനിന്നു. അയാള്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി.

ഇവറ്റകളെയൊന്നും വീട്ടി കേറ്റരുത്… സഹായോം ചോദിച്ചോണ്ട് പിള്ളേരേം പൊതിഞ്ഞുകെട്ടി ഇങ്ങ് പോന്നോളും… അങ്ങനെ പറഞ്ഞുകൊണ്ടാണ് സോജന്‍ പുറത്തേക്കിറങ്ങിയത്. ഒരു ചാണകവണ്ടി ദേഹത്തേയ്ക്ക് മറിഞ്ഞുവീണതുപോലെ എത്സയ്ക്ക് തോന്നി. താന്‍ നില്ക്കുന്ന ഇടം താഴ്ന്നുപോയിരുന്നുവെങ്കിലെന്ന് ബെറ്റ്സി ആഗ്രഹിച്ചു.

അയ്യോ… ലിസി പെട്ടെന്ന് തന്‍റെ വായ് പൊത്തി.

ഇത് എത്സേടെ അനിയത്തിയാ.. ലിസി അറിയിച്ചു.

സോജന്‍റെ മുഖത്ത് വല്ലായ്മ പരന്നു, അയാള്‍ അറിയാതെ കവിളത്ത് കരം ചേര്‍ത്തു. ബിനുവിന്‍റെ കല്യാണദിവസം സ്റ്റേജില്‍ നടന്ന സംഭവങ്ങള്‍ അയാളുടെ ഓര്‍മ്മയിലേക്കു വന്നു.

നീ ഇങ്ങ് വാ… അയാള്‍ ലിസിയോട് അങ്ങനെ പറഞ്ഞിട്ട് വേഗം അകത്തേക്ക് പോയി.

ഞാന്‍ വന്നത് ചേച്ചിക്ക് നാണക്കേടായോ…? ബെറ്റ്സി ചങ്കു പൊടിഞ്ഞുകൊണ്ട് ചോദിച്ചു.

ഒരുപകാരോം എന്നെക്കൊണ്ട് നമ്മുടെ വീടിനുണ്ടായിട്ടില്ല… ഇപ്പോ ചേച്ചിക്ക് നാണക്കേടും.

ഏയ് അതൊന്നും സാരമില്ല മോളേ… എത്സ ആശ്വസിപ്പിച്ചു.

നീ വാ, അകത്തേയ്ക്ക്…

ഇല്ല ചേച്ചീ ഞാന്‍ അകത്തേയ്ക്ക് വരുന്നില്ല. അത് അവര്‍ക്ക് ഇഷ്ടമാകില്ല… ഞാന്‍ വന്നിട്ട് ചേച്ചിക്കെന്നാത്തിനാ വീണ്ടും പ്രശ്നമുണ്ടാക്കുന്നത്.

അങ്ങനെയൊന്നും ഇല്ല മോളേ… എത്സ വീണ്ടും നിര്‍ബന്ധിച്ചു.

ഇല്ല ചേച്ചീ ബെറ്റ്സി വിസമ്മതം പറഞ്ഞു.

ചേച്ചിയോടൊന്ന് മാപ്പ് പറയണമെന്ന് തോന്നി. ഒന്ന് കാണണമെന്ന് തോന്നി… കണ്ടു… മാപ്പ് പറഞ്ഞു… ഇനി ചത്താലും സാരമില്ല… മനസ്സിന് സമാധാനമുണ്ടല്ലോ…

നീയെന്നാത്തിനാ വേണ്ടാത്തതൊക്കെ പറയുന്നെ…? എത്സ ശാസിച്ചു.

വേണ്ടാത്തതല്ലല്ലോ ചേ ച്ചി… ജനിച്ചാ ഒരുനാള്‍ മരിക്കണം. അത് പ്രകൃതിനിയമമല്ലേ. ചേച്ചി വാ നമുക്ക് മുറ്റത്തേയ്ക്ക് ഇറങ്ങിനില്ക്കാം…

എന്തു ചെയ്യണമെന്ന് എത്സ ഒരു നിമിഷം ആലോചി ച്ചു. അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയാല്‍ ബിനു എങ്ങനെ പ്രതികരിക്കും എന്നാണ് അവള്‍ ആദ്യം ചിന്തിച്ചത്. തന്നെ കാണാന്‍ ആരാണ് വന്നിരിക്കുന്നതെന്ന ആകാംക്ഷ പോലും ബിനുവിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലല്ലോ എന്നും അവള്‍ ഓര്‍ത്തു. സ്നേഹമുള്ള ഒരു ഭര്‍ത്താവാണെങ്കില്‍ ഇതിനകം ഇവിടേയ്ക്ക് വരില്ലേ… വന്ന അതിഥിയുമായി പരിചയപ്പെടാന്‍ സന്നദ്ധമാകില്ലേ. ഇല്ല… താന്‍ എവിടെപോയാലും തന്നെ ആരു കാണാന്‍ വന്നാലും അതൊന്നും ബിനുവിനെ ബാധിക്കുന്ന പ്രശ്നമേ ആകാത്തതുപോലെ… ബെറ്റ്സിയുടെ കേള്‍ക്കല്‍ വച്ച് എന്തെങ്കിലും പറഞ്ഞുപോയാല്‍ അത് ഏറ്റവുമധികം വേദനിപ്പിക്കുന്നത് ബെറ്റ്സിയെയായിരിക്കും. തന്നെ കാണാന്‍ വന്നിട്ട് താനായിട്ട് അവള്‍ക്കൊരു വേദന കൊടുക്കാന്‍ എത്സ ആഗ്രഹിച്ചില്ല. എന്നാല്‍ ഒരു അന്യയെപോലെ അവളെ പറഞ്ഞയ്ക്കാനും അവള്‍ക്ക് കഴിയുമായിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ എത്സ കുഴങ്ങി.

ചേച്ചി ആലോചിക്കാനൊന്നുമില്ല… നമുക്ക് മുറ്റത്ത് നില്ക്കാം. ബെറ്റ്സി എത്സയുടെ കൈപിടിച്ചു വലിച്ചു. അതിന് കീഴ്പ്പെട്ട് എത്സ മുറ്റത്തേയ്ക്കിറങ്ങി…

എത്സ ഇളയകുട്ടിയെ വാരിയെടുത്തു. അവര്‍ മുറ്റവും പറമ്പും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചെറിയ മതിലില്‍ ചെന്നിരുന്നു. ജാതിമരത്തിന്‍റെ തണല്‍ അവിടെ കിട്ടുന്നുമുണ്ടായിരുന്നു.

നീ പറ മോളെ നിനക്കെന്നതാ സംഭവിച്ചതെന്ന്…?

എത്സ അഭ്യര്‍ത്ഥിച്ചു.

എനിക്ക് ഇനിയൊന്നും സംഭവിക്കാനില്ല ചേച്ചീ… ബെറ്റ്സി ദൂരേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു. പരിചയപ്പെടുകേം പ്രേമിക്കുകേം പിന്നെ ഒളിച്ചോടി പോകുന്നതുവരെയും ഞാന്‍ കരുതീത് അയാളൊരു ക്രിസ്ത്യാനിയാണെന്നായിരുന്നു. പക്ഷേ ആള് മുസ്ലീമാ… ഷാജഹാന്‍ എന്നാ പേര്… ഷാജീന്നാ എന്നോട് പറഞ്ഞെ… കഴുത്തീ ഒരു മാലയുണ്ടായിരുന്നു… കൊന്തയാണെന്നാ ഞാന്‍ കരുതിയെ… ക്രിസ്ത്യാനിപെമ്പിളേളരെ വലയില്‍ വീഴിക്കാന്‍ കുരിശില്ലാത്ത ഏതോ ഒരു മാലയായിരുന്നു കഴുത്തീ കെടന്നിരുന്നത്. പള്ളീലുമൊക്കെ എന്നെ ബൈക്കില്‍ കാത്തുനില്ക്കുന്നത് കണ്ടപ്പോഴും ഞാന്‍ കരുതീത് ക്രിസ്ത്യാനിയാണെന്ന് തന്നെയായിരുന്നു. അറിഞ്ഞുവന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു… ബെറ്റ്സി നെടുവീര്‍പ്പിട്ടു.

അയാള് പറയുമ്പോ ശരിയാ… ഞാന്‍ അങ്ങേരോട് ജാതി ചോദിച്ചിട്ടില്ല… മതം ചോദിച്ചിട്ടില്ല… വിശ്വാസം ചോദിച്ചിട്ടില്ല… അപ്പോ തെറ്റുപറ്റീത് എനിക്കല്ലേ… അയാളെ ചതിയാന്ന് വിളിക്കാന്‍ പറ്റ്വോ? പ്രേമിക്കുമ്പം നമുക്ക് അതൊരു വല്ലാത്ത വിശ്വാസമാ ചേച്ചീ… ഒടേതമ്പുരാനില്‍ പോലും തോന്നാത്ത വിശ്വാസം… ആ വിശ്വാസം തകര്‍ന്നുകഴിഞ്ഞാലുണ്ടല്ലോ ചെകുത്താനെ പോലും നാം അതുപോലെ വെറുക്കില്ല…

ബെറ്റ്സി ചിരിച്ചു… എത്സയുടെ ചങ്ക് പിടച്ചു. സ്നേഹിക്കുന്ന പുരുഷന്‍റെ ഒപ്പം കൈപിടിച്ച് പോകുമ്പോള്‍ സാമ്രാജ്യം കീഴടക്കിയ ചക്രവര്‍ത്തിയുടെ ആഹ്ലാദമായിരിക്കും പെണ്ണിന്… കൂടെയുള്ളവരെയെല്ലാം വെട്ടിവീഴ്ത്തുന്നുണ്ടെന്നോ ആര്‍ക്കൊക്കെയോ ചോര പൊടിയുന്നുണ്ടെന്നോ അവര്‍ ചിന്തിക്കാറേയില്ല. ഏറെ മുന്നോട്ടുപോയിക്കഴിയുമ്പോഴായിരിക്കും അവര്‍ക്ക് തങ്ങളുടെ തെറ്റ് തിരിച്ചറിയാന്‍ കഴിയുന്നത്. അപ്പോഴേയ്ക്കും… പ്രേമിച്ച് ഒളിച്ചോടി പോകുന്ന പെണ്‍കുട്ടികള്‍ ഇതൊക്കെ അറിയുന്നുണ്ടോ ആവോ…

എന്നിട്ട് ഇപ്പോ അയാളെവിടെയാ. അയാള്‍ക്കെന്താ ജോലി?

ക്രിസ്ത്യാനി പെമ്പിള്ളേരെ പ്രേമിച്ച് മതം മാറ്റുന്ന ഏതോ സംഘടനേലെ ആളാന്നാ ചേച്ചീ എനിക്ക് തോന്നുന്നെ… ചേച്ചിക്ക് ഇപ്പോ എന്‍റെ പേര് കേക്കണോ… സീനത്ത്… നല്ല പേരല്ലേ അത്.

ബെറ്റ്സിയുടെ കണ്ണുകള്‍ നിറഞ്ഞുവരുന്നത് എത്സ കണ്ടു.

എന്‍റെ മോളേ എന്ന സങ്കടം എത്സയുടെ നെഞ്ചില്‍ കിടന്നു പിടഞ്ഞു. നീയിപ്പോ എവിടുന്നാ…?

ഞാന്‍ ഇപ്പം പേരാമ്പ്രേലാ… കോഴിക്കോട് കഴിഞ്ഞു പോകണം… കുറ്റ്യാടിക്കടുത്ത്… ഇത്രേം ദൂരം ഞാന്‍ വന്നത് ചേച്ചിയെ മാത്രം കാണാനാ…

നീ ഇവിടം വരെ വന്നിട്ട് ചാച്ചനേം അമ്മച്ചിയേം കാണുന്നില്ലേ…? എത്സ അമ്പരന്നു.

ഞാന്‍ കാണുന്നില്ല ചേച്ചീ… എനിക്കതിനുള്ള ധൈര്യമില്ല.

നിനക്കവിടെ സുഖമാണോ മോളേ… സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു… ഇനി ജാതീം മതോം ഒന്നും നോക്കണ്ടാ… നിന്നേം പിള്ളേരേം അയാള് നന്നായി നോക്കുന്നുണ്ടോ… എനിക്കത് അറിഞ്ഞാ മതി.

പുഞ്ചിരി മാത്രമായിരുന്നു ബെറ്റ്സിയുടെ മറുപടി. പറയാതെ പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമേറെയാണെന്ന് എത്സ തന്നോട് തന്നെ പറഞ്ഞു. എത്സ ബെറ്റ്സിയെ തന്‍റെ തോളോട് ചേര്‍ത്തു. ബെറ്റ്സി എത്സയുടെ തോളത്ത് കിടന്നു വിങ്ങിപ്പൊട്ടി… ആദ്യം ശബ്ദമില്ലാതെ… പിന്നെയത് ഹൃദയം നുറുങ്ങുന്ന വേദനയോടെ… അവള്‍ കരയട്ടെയെന്ന് എത്സയും വിചാരിച്ചു… അവള്‍ക്കാശ്വാസം കിട്ടുമെങ്കില്‍ അതായിക്കോട്ടെ… എത്സയ്ക്കും കരച്ചിലടക്കാനായില്ല. കൂടപ്പിറപ്പാണ് നെഞ്ച് പൊടിഞ്ഞ് കരയുന്നത്… അവളുടെ ഉള്ളില്‍ സങ്കടങ്ങളുടെ വലിയൊരു കടലുണ്ട്. ഇത് വെറും തിരകള്‍ മാത്രമേ ആകുന്നുള്ളൂ.

സമീറയും ഷംനയും അപ്പോള്‍ കരഞ്ഞുതുടങ്ങി. എത്സ കുട്ടികളെയും തന്നോട് ചേര്‍ത്തു.

കുറെ നേരം കഴിഞ്ഞപ്പോള്‍ ബെറ്റ്സി കരച്ചില്‍ അവസാനിപ്പിച്ചു.

എനിക്കിപ്പോ വലിയ സമാധാനമായി ഒരു കുമ്പസാരക്കൂട്ടീന്ന് ഇറങ്ങിവരുന്നതുപോലെ… എനിക്കിനിയൊരിക്കലും കുമ്പസാരിക്കാനോ ഒന്നിനും കഴിയില്ലല്ലോ അല്ലേ ചേച്ചീ…?

എന്തു പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത് എന്ന് എത്സയ്ക്കറിയില്ലായിരുന്നു.

സാരമില്ല ചേച്ചീ… ചേച്ചിയെന്നെയോര്‍ത്ത് വിഷമിക്കരുത്… ചേച്ചീടെ ജീവിതം ഞാന്‍ തകര്‍ത്തല്ലോ എന്നായിരുന്നു എന്‍റെ സങ്കടം… ഇപ്പോ അതിനേക്കാള്‍ നല്ലജീവിതം ചേച്ചിക്ക് കിട്ടിയല്ലോ. എനിക്ക് സമാധാനമായി… ഇനി ഞാന്‍ പൊയ്ക്കോട്ടെ… ബെറ്റ്സി എത്സയുടെ കവിളത്ത് ഉമ്മവച്ചു. എത്സ കുഞ്ഞുങ്ങളെയും ഉമ്മ വച്ചു.

നിന്‍റെ ഫോണ്‍നമ്പര്‍ താ…ഞാന്‍ ഇടയ്ക്ക് വിളിക്കാം.. എത്സ പറഞ്ഞു.

എനിക്ക് ഫോണൊന്നും ഇല്ല ചേച്ചീ… അതിനുള്ള സ്വാതന്ത്ര്യം ഒന്നും എനിക്കില്ല.

അപ്പോ നിന്നെ ഇത്രേം ദൂരം വിടാന്‍ അയാള് സമ്മതിച്ചോ…?

എത്സ സംശയിച്ചു. അതൊക്കെ ഒരു കഥയാ ചേച്ചീ വഴിയെ ചേച്ചിയത് അറിഞ്ഞോളൂം. ബെറ്റ്സി ഇളയ കുട്ടിയെ ഒക്കത്തെടുത്തു. ഇനി ഞാന്‍ പൊയ്ക്കോട്ടെ ചേച്ചീ… പോണമെന്നോ വേണ്ടായെന്നോ എത്സ പറഞ്ഞില്ല. ഒരു അനാഥയെപോലെ യാചകിയെപോലെ തന്‍റെ അനിയത്തി പടിയിറങ്ങുകയാണ്. വീട്ടിലേക്ക് വിളിച്ച് ഒരുഗ്ലാസ് വെള്ളം പോലും കൊടുക്കാന്‍ കഴിയാതെ… കുഞ്ഞുങ്ങള്‍ക്ക് ഇത്തിരി മധുരം പോലും നല്‍കാതെ… ദൈവമേ താന്‍ വല്ലാത്തൊരു നിര്‍ഭാഗ്യവതിയായിപോയല്ലോ എന്ന് എത്സ സങ്കടപ്പെട്ടു. പിന്നെയും അവസാനിക്കാത്ത സ്നേഹത്തോടെ പിരിയാന്‍ കഴിയാതെ ബെറ്റ്സി വീണ്ടും എത്സയെ ഉമ്മവച്ചു.

അമ്മച്ചിയോടും ചാച്ചനോടും പറയണം എന്നെ ശപിച്ചേക്കരുതെന്ന്… മരിച്ചാ പോലും എനിക്ക് ശാന്തി ഉണ്ടാവുകേലാ… ബിന്‍സിയോട് പറയണം ഒരുത്തന്‍റേം കണ്ണിറുക്കലില്‍ വീണുപോകരുതെന്ന്… ഇവിടെ പെണ്ണിനേ നഷ്ടപ്പെടാനുള്ളൂ ചേച്ചീ… ആണുങ്ങളെല്ലാം നാലു കാലേല്‍ വീഴുന്ന പൂച്ചയെപോലെയാ… അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല.

എത്സയുടെ ഉള്ളില്‍ എന്തൊക്കെയോ ആശങ്കകള്‍ നിറഞ്ഞു.

ദൈവമേ… എന്ന് മാത്രം എത്സ വിളിച്ചു.

എന്‍റെ അനിയത്തിയേം കുഞ്ഞുങ്ങളേം കാത്തുകൊള്ളണേ… അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. കണ്ണീരിന്‍റെ പാടയിലൂടെ ബെറ്റ്സിയും കുഞ്ഞുങ്ങളും ഗെയ്റ്റ് കടന്ന് മറയുന്നത് എത്സ നോക്കി നിന്നു.

(തുടരും)

Comments

One thought on “ഒരു കുടുംബകഥ കൂടി… അധ്യായം 21”

  1. p onnu Mol says:

    790250 5006

Leave a Comment

*
*