Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 22

ഒരു കുടുംബകഥ കൂടി… അധ്യായം 22

Sathyadeepam

വിനായക് നിര്‍മ്മല്‍

വൈകുന്നേരം.

പാലത്തുങ്കല്‍ വീട്.

രണ്ട് ബൈക്കുകള്‍ അതിവേഗത്തില്‍ ഗെയ്റ്റ് കടന്ന് വന്ന് മുറ്റത്ത് നിശ്ചലമായി. അതില്‍ നിന്ന് ബിനുവിന്‍റെ സുഹൃത്തുക്കളായ സിദ്ധാര്‍ത്ഥും വൈശാഖും അനിലും സുനിലും ചാടിയിറങ്ങി. മുറ്റത്തിന്‍റെ അരികില്‍ ചരല്‍ക്കല്ലുകള്‍ക്കിടയില്‍ കിളിര്‍ത്തു തുടങ്ങിയ പുല്ല് പറിച്ചെടുക്കുകയായിരുന്നു അപ്പോള്‍ ത്രേസ്യാമ്മ.

ബൈക്കിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവര്‍ മുറ്റത്തു നിന്നെണീറ്റു.

അമ്മച്ചിയേ… സിദ്ധാര്‍ത്ഥ് നീട്ടി വിളിച്ചു.

മുറ്റത്ത് വല്ല ടൈലും പാകിയാ ഇതിന്‍റെ വല്ലോം ബുദ്ധിമുട്ട് ഉണ്ടോ അമ്മച്ചീ… മുറ്റം വൃത്തിയായി കിടക്കുകേം ചെയ്യും…

അതിന് അമ്മച്ചി ഒരു പരിസ്ഥിതി വാദിയല്ലേടാ… വൈശാഖ് തിരുത്തി.

മുറ്റത്ത് ടൈലിടുന്ന പതിവ് ആരംഭിച്ചപ്പം അതാദ്യം ചെയ്തത് ആരാന്നാ നിന്‍റെ വിചാരം… അത് പാലത്തുങ്കല്‍ക്കാരാ… അന്ന് അമ്മച്ചിക്കറിയില്ലായിരുന്നു ടൈല്‍ പരിസ്ഥിതിക്ക് ദോഷമാണെന്ന്… പിന്നെയല്ലേ അക്കാര്യം അറിയുന്നെ… അപ്പം അമ്മച്ചിയെന്നാ ചെയ്തു… ഉള്ള ടൈല്‍ മുഴുവന്‍ കുത്തിപ്പൊളിച്ച് കളഞ്ഞ് വീണ്ടും ചരല് വിരിച്ചു… അതാണ് അമ്മച്ചി…

ഒന്നുപോടാ തെമ്മാടി… ത്രേസ്യാമ്മ വൈശാഖിന് നേരെ കളിയായി കൈയോങ്ങി.

പുല്ലു പറിച്ച കൈയാ… നിനക്കിട്ട് ഒരെണ്ണം തന്നാലുണ്ടല്ലോ…

തന്നോ… അമ്മച്ചീ വച്ചുവിളമ്പിയ ചോറു മാത്രം കഴിച്ചാ പോരല്ലോ ഇടയ്ക്കൊക്കെ ഓരോ പെടയും കിട്ടുന്നത് നല്ലതല്ലേ… വൈശാഖ് എളിയ ഭാവത്തില്‍ കൈകള്‍ കൂപ്പി നിന്നു.

അല്ല കുറേയായല്ലോ ഈ വഴി കണ്ടിട്ട്… ഇങ്ങോട്ടുള്ള വഴി മറന്നോന്ന് ഞാന്‍ ഇടയ്ക്ക് ബിനൂനോട് ചോദിക്കേം ചെയ്തു.

ഇപ്പം പഴയതുപോലെ കമ്പനികൂടാനൊക്കെ ബിനൂനെ വിളിക്കുന്നത് ശരിയാണോ അമ്മച്ചി… ഒന്നുമല്ലെങ്കീലും മധുവിധുവിന്‍റെ ആ സന്തോഷമൊക്കെ ഒന്ന് കഴിഞ്ഞോട്ടെ എന്നുവച്ചാ ഞങ്ങള്… പിന്നെ ജോമോനും പോയല്ലോ… സുനില്‍ പറഞ്ഞു. അപ്രതീക്ഷിതമായുള്ള ജോമോനെക്കുറിച്ചുള്ള പരാമര്‍ശം അവിടെ അസ്വസ്ഥകരമായ മൗനത്തിന് വഴി തെളിച്ചു.

പാവം റോസ്മേരി… ത്രേസ്യാമ്മ നെടുവീര്‍പ്പെട്ടു.

കര്‍ത്താവ് ഓരോരുത്തര്‍ക്കും വിധിച്ചിരിക്കുന്നത് എന്നതാന്ന് ആരറിഞ്ഞു.

അമ്മച്ചിയങ്ങനെ എല്ലാറ്റിനും കര്‍ത്താവിനെ കൂട്ടുപിടിക്കുകയൊന്നും വേണ്ട… അല്ലെങ്കീ മനുഷ്യന്‍റെ കയ്യിയിലിരിപ്പിന് കര്‍ത്താവ് എന്നാ പിഴച്ചു… വണ്ടി അപകടങ്ങളൊക്കെ കര്‍ത്താവ് വരുത്തിവയ്ക്കുന്നതാണെന്നാണോ അമ്മച്ചീടെ വിചാരം… സിദ്ധാര്‍ത്ഥ് ചോദിച്ചു.

ഉറക്കം തൂങ്ങിയും കള്ളുകുടിച്ചും വണ്ടിയോടിച്ച് ആരുടെയെങ്കിലും മേലേ ഇടിച്ചുകയറിയിട്ട് കര്‍ത്താവിനെ പഴിക്കുന്നതിന് വല്ല അര്‍ത്ഥോം ഉണ്ടോ…?

സംഭവിക്കുന്നതെല്ലാം കര്‍ത്താവറിഞ്ഞോണ്ടാണെന്ന് ഞങ്ങള് സത്യക്രിസ്ത്യാനികള്‍ക്ക് ഒരു വിശ്വാസമുണ്ട്. അതൊന്നും നീ പറയുമ്പം മായ്ച്ചുകളയാന്‍ പറ്റുന്നതൊന്നുമല്ല. സുനില്‍ തര്‍ക്കിച്ചു.

ങ് പറഞ്ഞുനില്ക്കാതെ അകത്തോട്ടു കേറി വാ പിള്ളേരേ… ത്രേസ്യാമ്മ നല്ല ആതിഥേയയായി.

അവനെന്ത്യേ അമ്മച്ചി… ബിനു…? അവന് ഇപ്പം ഞങ്ങളെയൊന്നും വേണ്ടാതായ മട്ടാ… പെണ്ണ് കെട്ടിയാ ആണുങ്ങള് ഇങ്ങനേം മാറുമോ… അതും പെണ്ണ് കെട്ടുന്നില്ലാന്ന് പറഞ്ഞ് നടന്ന ഒരുവന്‍… വൈശാഖ് അത്ഭുതപ്പെട്ടു.

ഓ നമുക്ക് കാണാം ഇതെത്ര ദിവസം നീണ്ടുനില്ക്കുമെന്ന്… സിദ്ധാര്‍ത്ഥ് ഇടയ്ക്ക് കയറി.

ഞാനും ഇതുപോലെ സന്തോഷിക്കുകേം ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തതുപോലെ ഭാര്യയെ കൈവെള്ളേല്‍ വച്ചുനടക്കുകേം ചെയ്തിട്ടുള്ളോനാ… എന്നിട്ടെന്നാ പറ്റി…?

എന്നാപറ്റി…? ത്രേസ്യാമ്മ തിരികെ ചോദിച്ചു.

ഞങ്ങള് ഡിവോഴ്സിന് അപ്ലൈ ചെയ്തിട്ടിരിക്കുവല്ലേ… ജോയ്ന്‍റ് പെറ്റീഷന്‍… ഉടനെ കിട്ടും. പിന്നെ അവള്‍ക്ക് അവളുടെ വഴി… എനിക്ക് എന്‍റെ വഴി… സിദ്ധാര്‍ത്ഥ് പൊട്ടിചിരിച്ചു.

എന്‍റീശോയേ.. ത്രേസ്യാമ്മ താടിക്ക് കൈകൊടുത്തു.

കൂസലില്ലാതെ പറയുന്നത് കേട്ടില്ലേ… ഇപ്പഴത്തെ കാലത്തെ പിള്ളേരുടെ ഓരോ മാറ്റങ്ങളേ… ഒന്ന് ക്ഷമിക്കുകേം കണ്ണടയ്ക്കുകേം ചെയ്യാനുള്ളതിന് വിട്ടുവീഴ്ചയില്ലാതെ…

വിട്ടുവീഴ്ച ആരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാ അമ്മച്ചി പറയുന്നെ…?

രണ്ടുപേരുടെ ഭാഗത്തു നിന്നും… ത്രേസ്യാമ്മയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

ആണല്ലോ; സമ്മതിച്ചല്ലോ… പക്ഷേ ആണ് എന്തു വിട്ടുവീഴ്ച ചെയ്താലും എത്രയധികം താണുകൊടുത്താലും പിന്നേം അവന്‍റെ തലേല്‍ കേറി നിരങ്ങാന്‍ നോക്കിയാലോ… എത്രനാള് സഹിക്കും… ക്ഷമിക്കും…? ലോകത്തിലുള്ള എല്ലാ നിയമോം പെണ്ണിന് അനുകൂലമാ… അവള് പറയുന്നതാണ് വേദവാക്യം… ഇതെന്ന് മാറ്റുന്നോ അന്നേ ഈ പെണ്ണുങ്ങള് യാഥാര്‍ത്ഥ്യബോധത്തിലേക്ക് വരൂ.

എന്നതാടാ ഇവിടെ പ്രസംഗം… അപ്പോള്‍ അകത്തു നിന്ന് ബിനു വന്നു. ബൈക്കിന്‍റെ ശബ്ദവും സംസാരവും കേട്ട് ആളാരാണെന്ന് മനസ്സിലാക്കിയായിരുന്നു അവന്‍റെ വരവ്. സുഹൃത്തുക്കളെ കണ്ടതിന്‍റെ ഉത്സാഹം അവന്‍റെ മുഖത്തുണ്ടായിരുന്നു.

അതു ശരി സാറിവിടെയുണ്ടായിരുന്നോ…? സിദ്ധാര്‍ത്ഥ് പരിഹസിച്ചു.

ഭാര്യേം മക്കളും ഒക്കെ ജീവിതത്തിന്‍റെ ഒരു ഘട്ടം വരെയേ കാണൂ… പിന്നെ അവര് പാട്ടും പാടി അവരുടെ വഴിക്ക് പോകും. അന്നും ഒപ്പമുണ്ടാകുന്നത് ഫ്രണ്ട്സായിരിക്കും… ഫ്രണ്ട്സ്… അത് മറക്കരുത്…

നീ വലിയ ഫിലോസഫി അടിക്കാതെ കേറിവാടാ… ബിനു ക്ഷണിച്ചു.

നിന്നോടൊരു സന്തോഷവര്‍ത്തമാനം നേരിട്ടു കണ്ട് പറയാനാ ഞാന്‍ ഇവരേം കൂട്ടിവന്നെ… ഞാന്‍ ഒറ്റയ്ക്ക് വന്ന് പറഞ്ഞാ നീയത് വിശ്വസിക്കുകേല്ലല്ലോ…

എന്നതാടാ വിശേഷം…?ബിനു ആകാംക്ഷാഭരിതനായി.

എന്‍റെ ഡിവോഴ്സാടാ…

അത് നന്നായി. ശാന്തതയോടെ ബിനു പ്രതികരിച്ചു. അതു കേട്ടപ്പോള്‍ ത്രേസ്യാമ്മ വല്ലാതെയായി. മറ്റുള്ളവരും. ബിനു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അവര്‍ ആലോചിച്ചു.

പരസ്പരം യോജിച്ചുപോകാന്‍ പറ്റില്ലെങ്കീ അതങ്ങ് കൈകൊടുത്ത് പിരിയണം… എന്തിനാ വെറുതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി… എന്തോ ആലോചിച്ചുറപ്പിച്ചതുപോലെയായിരുന്നു ബിനുവിന്‍റെ പ്രതികരണം എന്നത് ത്രേസ്യാമ്മയെ ആശങ്കാകുലയാക്കി.

മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്ക് വേണ്ടി… മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് കരുതി… അങ്ങനെയാ ഇഷ്ടമില്ലാത്ത പല ദാമ്പത്യബന്ധങ്ങളും നമ്മുടെ നാട്ടില്‍ മുന്നോട്ടുകൊണ്ടുപോകുന്നത്… അതിന്‍റെ ആവശ്യമില്ലെന്നാ എനിക്ക് തോന്നുന്നെ… നീ കറക്ടായത് ചെയ്തു…

ബിനു അഭിനന്ദിക്കുംപോലെ സിദ്ധാര്‍ത്ഥിന് കൈ കൊടുത്തു. ഇപ്പോള്‍ സിദ്ധാര്‍ത്ഥാണ് പതറിപ്പോയത്. അയാള്‍ മറ്റുള്ളവരെ അമ്പരപ്പോടെ നോക്കി… അവരുടെ മുഖങ്ങളിലും അമ്പരപ്പ് തന്നെയായിരുന്നു.

നീയിങ്ങ് വന്നേ… വൈശാഖിന്‍റെ പിന്നില്‍ നിന്ന് അവനെ തോണ്ടി ത്രേസ്യാമ്മ മുറ്റത്തേയ്ക്ക് തന്നെ നടന്നു.

എന്നതാ അമ്മച്ചി… വൈശാഖ് ത്രേസ്യാമ്മയുടെ പുറകെ ചെന്നു.

എടാ നിങ്ങളോട് ബിനു വല്ലതും പറഞ്ഞായിരുന്നോ?

എന്നതാ അമ്മച്ചി…?

അതല്ലെടാ.. ഇപ്പം അവന്‍ പറയുന്നത് കേട്ടില്ലേ… അവന്‍ അങ്ങനെ പറയണമെങ്കീ അതിലെന്തോ ഉണ്ടെന്നൊരു തോന്നല്‍…

എന്തുണ്ടാവാന്‍… വൈശാഖിന് മനസ്സിലായില്ല.

അവന്‍റെ ജീവിതത്തീ എന്തോ ഒരു പ്രശ്നം…

പ്രശ്നമോ…? വൈശാഖ് അമ്പരന്നു.

നിങ്ങള് വിചാരിക്കുന്നതുപോലെ അവന്‍ അവളോടുള്ള പ്രേമം മൂത്ത് ഇവിടെ അടയിരിക്കുവൊന്നും അല്ല. ഇവിടെ നിന്ന് രാവിലെ അവന്‍ പോകുന്നത് കാണുമ്പോ ഞാന്‍ വിചാരിച്ചത് നിങ്ങടെ അടുത്തോട്ടായിരിക്കും എന്നാ… ഇപ്പഴല്ലേ അവന്‍ നിങ്ങളെ കാണാനല്ല പോകുന്നതെന്ന് മനസ്സിലായെ. സോജന്‍റെ കടേലും അങ്ങനെ സ്ഥിരമായിട്ട് പോകാറില്ല. പിന്നെ അവനെവിടെയാ പോകുന്നെ…?

ആഹാ… അങ്ങനെയാണോ കാര്യങ്ങള്… വൈശാഖ് താടി ചൊറിഞ്ഞു.

നിങ്ങള് കൂട്ടുകാരാകുമ്പം എല്ലാം പറയുമല്ലോ എന്ന് കരുതിയാ ഞാന്‍ നിന്നോട് ചോദിച്ചെ… എത്സയ്ക്കും ബിനൂനും ഇടേല് എന്തോ ഉണ്ട്… ത്രേസ്യാമ്മ തീര്‍ച്ചപ്പെടുത്തി.

എത്സേ… അപ്പോള്‍ ബിനു അകത്തേയ്ക്ക് തല ചെരിച്ച് വിളിച്ചു. എത്സ പിഎസ്സിയുടെ എക്സാമിന്‍റെ പ്രിപ്പറേഷനിലായിരുന്നു. അപ്രതീക്ഷിതമായി ബിനു വിളിച്ചപ്പോള്‍ അവള്‍ ആദ്യമൊന്ന് പതറി. കാരണം ബിനു പ്രത്യേകമായി ഒരു കാര്യങ്ങള്‍ക്ക് വേണ്ടിയും അവളെ വിളിക്കാറില്ലായിരുന്നു. ഇപ്പോള്‍ എന്തിനാണ് തന്നെ വിളിക്കുന്നതെന്ന ചോദ്യം അവളിലുയര്‍ന്നു.

എന്തോ…?

വിളി കേട്ടുകൊണ്ട് എത്സ അവിടേക്ക് ചെന്നു. സ്വീകരണമുറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന ബിനുവിനെയാണ് അവള്‍ കണ്ടത്… അതോടെ അവളുടെ മുഖം മങ്ങി… പ്രസന്നത മാഞ്ഞു. ബിനുവിന്‍റെ ആ വിളിയില്‍ അവള്‍ കൂടുതലായെന്തോ പ്രതീക്ഷിച്ചിരുന്നു.

ഹലോ നമസ്ക്കാരം മിസിസ്സ് ബിനു…

സിദ്ധാര്‍ത്ഥ് നാടകീയമായ ചലനങ്ങളോടെ സോഫയില്‍ നിന്ന് എണീറ്റ് എത്സയുടെ നേരെ കൈകള്‍ കൂപ്പി. മറ്റ് കൂട്ടുകാര്‍ അത് കണ്ട് ചിരിച്ചു. പക്ഷേ എത്സയ്ക്ക് ആ നാടകീയത അസ്വസ്ഥതയാണ് സമ്മാനിച്ചത്.

സ്ത്രീസമത്വത്തിന്‍റെ കാലമല്ലേ… വരണം ഭവതി ഇരിക്കണം…

കൈകള്‍ നീട്ടി സിദ്ധാര്‍ത്ഥ് ക്ഷണിച്ചു. എത്സ പരിഭ്രമത്തോടെ ബിനുവിനെ നോക്കി. ബിനുവാകട്ടെ സിദ്ധാര്‍ത്ഥിന്‍റെ പ്രകടനത്തില്‍ ചിരിതൂകി ഇരിക്കുകയാണ്.

എന്തെല്ലാമാണ് ഭവതി വിശേഷങ്ങള്‍… ഭവതിയുടെ കണവന്‍ സല്‍ഗുണസമ്പന്നനും വിനീതനും നിര്‍മ്മലഹൃദയനും സ്ത്രീസമത്വവാദിയുമാകയാല്‍ ഭവതിക്ക് ഭാഗ്യംന്തരേണ മറ്റ് പ്രയാസങ്ങളൊന്നും ഇതിനകം ഉണ്ടായിട്ടില്ലെന്ന് വിചാരിക്കട്ടെയോ…?

എത്സയ്ക്ക് അവിടെ നിന്ന് എങ്ങനെയും ഓടി രക്ഷപ്പെട്ടാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. എന്തൊരു ബോറനാണ് ഇയാള്‍… അവള്‍ക്ക് സിദ്ധാര്‍ത്ഥിനെക്കുറിച്ച് അങ്ങനെയൊരു വിചാരമാണ് തോന്നിയത്. ഇയാളുടെ സ്വഭാവം ഇതാണെങ്കില്‍ ഭാര്യ എങ്ങനെയാണാവോ ഇയാളെ സഹിക്കുന്നത്?

എനിക്ക് നല്ല തലവേദന… ഞാന്‍ കിടക്കുവായിരുന്നു… എത്സ നെറ്റിയില്‍ തൊട്ടുകൊണ്ട് അസുഖം ഭാവിച്ച് പറഞ്ഞു.

ഞാന്‍ പൊയ്ക്കോട്ടെ…? അവള്‍ അനുവാദം ചോദിച്ചു.

ഓ യെസ്… ഭവതി പോയി വിശ്രമിച്ചുകൊള്ളൂ… ചന്ദനത്തൈലം നെറ്റിയില്‍ അരച്ചിടുവാന്‍ ഭവാനെ പറഞ്ഞയ്ക്കണമോ…? സിദ്ധാര്‍ത്ഥ് ആരാഞ്ഞു.

നോ താങ്ക്സ് എത്സ വേഗം തിരിഞ്ഞു നടന്നു. മുറിയുടെ വാതില്‍ വലിയ ശബ്ദത്തോടെ അടയ്ക്കുന്നതാണ് ബിനു പിന്നെ കേട്ടത്.അതില്‍ നിന്ന് എത്സയുടെ മനോഭാവം ബിനുവിന് മനസ്സിലായി. അവന്‍റെ മുഖത്തെ ഭാവമാറ്റം മറ്റുള്ളവര്‍ക്കും മനസ്സിലായി. പക്ഷേ സിദ്ധാര്‍ത്ഥ് തണുപ്പന്‍ മട്ടില്‍ പറഞ്ഞു:

അതാണ് സ്ത്രീ… അവളുടെ ഓരോ പ്രതികരണവും ഓരോ തരത്തിലായിരിക്കും. നമ്മളത് മനസ്സിലാക്കി അതനുസരിച്ച് പെരുമാറിയാല്‍ മതി… എന്തായാലും നിന്നെ കുറേനാള്‍ കൂടി കണ്ടതില്‍ എനിക്ക്, അല്ല ഞങ്ങള്‍ക്കെല്ലാം സന്തോഷം. സിദ്ധാര്‍ത്ഥ് ഇരിപ്പിടത്തില്‍ നിന്നെണീറ്റു.

നിനക്കെന്താ ഇത്ര ധൃതി? ബിനു അത്ഭുതപ്പെട്ടു.

ഇവിടെ വന്നാ തിരികെ പോകാന്‍ ഏറ്റവും മടി നിനക്കായിരുന്നുവല്ലോ… എന്നിട്ട് ഇപ്പോ ഉടനെ പോകുന്നോ… കാപ്പി കുടിച്ചേച്ച് പോയാല്‍ മതി…

വേണ്ടെടാ… പോരുന്ന വഴിക്ക് രണ്ടെണ്ണം വീശി… ഒരു നല്ലകാര്യം ജീവിതത്തില്‍ സംഭവിക്കാന്‍ പോകുവല്ലേ… അത് എങ്ങനെയെങ്കിലും എന്‍ജോയ് ചെയ്യണ്ടേ?

ശരീടാ… നീ ഇടയ്ക്കൊക്കെ പഴയതുപോലെ ഞങ്ങളുടെ അടുത്തേയ്ക്ക് വാ… അനില്‍ ക്ഷണിച്ചു. അവര്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴും വൈശാഖും ത്രേസ്യാമ്മയും കൂടി സംസാരിച്ചുനില്ക്കുകയായിരുന്നു.

വണ്ടിയെടുക്കെടാ… സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടു.

ങേ നിങ്ങള് പോകുവാണോ…?ഇവിടെ വന്നിട്ട് ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചില്ലല്ലോ… ത്രേസ്യാമ്മ തടസം പറഞ്ഞു

അതോ എത്സ തന്നോ…?

ഒന്നും വേണ്ടമ്മച്ചീ… വയറ് നിറയെ മറ്റവനാ… അനില്‍ വെറുതെയൊരു നുണ പറഞ്ഞു.

ശ്ശോ എന്നാലും… ത്രേസ്യാമ്മ പിണക്കം ഭാവിച്ചു.

എന്‍റെ ത്രേസ്യാമ്മേ… ത്രേസ്യാമ്മ ഇങ്ങനെ പിണങ്ങല്ലേ… സിദ്ധാര്‍ത്ഥ് ത്രേസ്യാമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു.

ത്രേസ്യാമ്മയെപോലെയൊരു അമ്മച്ചി ഉള്ളതുകൊണ്ടും ഞ

ങ്ങള്‍ നന്നായി സ്വീകരിക്കപ്പെടുന്ന തുകൊണ്ടുമല്ലേ ഞങ്ങള് ഇങ്ങനെ കാരണമുണ്ടാക്കിയും കാരണമില്ലാതെയും ഇവിടെ വന്നോണ്ടിരിക്കുന്നെ… കാരണം ഇത് ഞങ്ങള്‍ക്ക് ഞങ്ങടെ സ്വന്തം വീടാ… കാര്യമൊക്കെ ശരിയാ ഞങ്ങളെല്ലാം ഫ്രണ്ട്സാ… ഓരോരുത്തരുടെ വീട്ടിലും ഞങ്ങള് പോയിട്ടുണ്ട്… പക്ഷേ ഞങ്ങളെല്ലാവരും ഒരുപോലെ സ മ്മതിക്കുന്ന ഒരു കാര്യമുണ്ട് ബിനൂന്‍റെ വീടുപോലെ ഞങ്ങളെയെല്ലാവരേം ഒരുപോലെ സ്നേഹിക്കുകയും സല്‍ക്കരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വേറൊരു വീട് ഇല്ലെന്ന്… അതാണ് പാലത്തുങ്കല്‍ വീട്… എന്നാ ഞങ്ങള് പൊക്കോട്ടെ സുന്ദരി അമ്മച്ചീ?

സിദ്ധാര്‍ത്ഥ് ഒരുവട്ടം കൂടി ത്രേസ്യാമ്മയ്ക്ക് ഉമ്മ കൊടുത്തു. ബൈക്ക് ഗെയ്റ്റ് കടന്ന് പോയപ്പോഴും ത്രേസ്യാമ്മയുടെ ഇച്ഛാഭംഗം മാറിയിരുന്നില്ല. ശ്ശോ ആ പിള്ളേര്‍ക്ക് ഒന്നും കൊടുത്തില്ല. ബിനു നേരെ പോയത് സ്വന്തം മുറിയിലേക്കായിരുന്നു. എത്സ പിഎസ്സി ഗൈഡ് വായിക്കുകയായിരുന്നു.

ഇത്ര പെട്ടെന്ന് തലവേദന പോയോ…? ബിനു ചോദിച്ചു

അതിന് എനിക്ക് തലവേദന ഉണ്ടായിരുന്നില്ലല്ലോ… എത്സ ചിരിച്ചു.

എന്നിട്ട് അങ്ങനെയല്ലല്ലോ കു റച്ചുമുമ്പ് പറഞ്ഞത്?

അത് എനിക്ക് അവരുടെ അടുക്കല്‍ ഇരിക്കാന്‍ ഇഷ്ടമില്ലാതിരുന്നിട്ട്…

അവരെന്‍റെ ഫ്രണ്ട്സാ… അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നത് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാ.

ഞാനെന്തിന് അവരെ ഇന്‍സള്‍ ട്ട് ചെയ്യണം. അവര്‍ ആരെ കാണാന്‍ വന്നോ അവരുമായി എന്‍ജോയ് ചെയ്യട്ടെ… ഞാനെന്തിന് അവിടെ എന്‍റെ ടൈം സ്പെന്‍റ് ചെയ്യണം?

ഈ വീടിന് ഒരു ഹോസ്പിറ്റാലിറ്റിയുണ്ട്… ഇവിടെ വരുന്ന ആരോടും ഞങ്ങള്‍ നല്ല രീതിയിലേ പെരുമാറാറുള്ളൂ…

പെട്ടെന്ന് എത്സ പൊട്ടി ചിരിച്ചു. അവളുടെ ചിരിയുടെ കാരണമറിയാതെ ബിനു പകച്ചു.

ഇവിടെ വരുന്നത് ആരെല്ലാമാണ്… ഇവിടെ വരുന്നവര്‍ ആരെ കാണാനാണ് വരുന്നത്…? എത്സ ചോദിച്ചു.

നിങ്ങടെ പെങ്ങന്മാര്‍… നിങ്ങടെ കൂട്ടുകാര്‍… നിങ്ങളുടെ പ്രിയപ്പെട്ടവര്‍… അവരൊക്കെയാണ് ഇവിടെ വരുന്നത്… അവരെയാണ് നിങ്ങള്‍ സല്‍ക്കരിക്കുന്നത്… സ്വീകരിക്കുന്നത്… കാരണം അവര്‍ നിങ്ങളുടെ ആള്‍ക്കാരാണ്… നിങ്ങളുടെ പ്രിയപ്പെട്ടവരാണ്… അതുകൊണ്ട് അവരോടൊക്കെ നിങ്ങളെപോലെ ഞാന്‍ പെരുമാറണം… സല്‍ക്കരിക്കണം… സ്വീകരിക്കണം… കാരണം ഇത് നിങ്ങളുടെ വീടാണ്… എന്നെ കാണാനും ഇവിടെ ആളുകള്‍ വന്നിട്ടുണ്ട്… എന്‍റെ ചാച്ചനും അമ്മച്ചിയും അനിയത്തീം… അവരോടൊക്കെ നിങ്ങളെങ്ങനെയാ പെരുമാറിയതെന്ന് എനിക്ക് നല്ലതു പോലെ അറിയാം… കഴിഞ്ഞ ആഴ്ചേല് ഒരു യാചകിയെപോലെ എന്‍റെ വേറൊരു അനിയത്തീം വന്നിരുന്നു. എത്സയുടെ തൊണ്ട ഇടറി.

അകത്തേയ്ക്ക് വിളിച്ചുകയറ്റാന്‍ പോലുമുള്ള സ്വാതന്ത്ര്യം എനിക്കില്ലായിരുന്നു. ആരുമല്ലാത്തവളെ പോലെയാ അവളിവിടെ നിന്ന് ഇറങ്ങിപ്പോയത്… ശരിയാ അവള്‍ക്ക് നിങ്ങളുടെയത്ര കുടുംബമഹിമയില്ല… പ്രശസ്തിയില്ല… പണമില്ല… അപ്പോഴൊക്കെ എവിടെ പോയി നിങ്ങളുടെ ഹോസ്പിറ്റാലിറ്റി? നിങ്ങളുടെ കുടുംബത്തിന്‍റെ ഹോസ്പിറ്റാലിറ്റി? നിങ്ങടെ കുടുംബത്തിന്‍റെ പേരിനും പ്രശസ്തിക്കും വേണ്ടി എനിക്ക് ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യില്ല… ഭര്‍ത്താവിന്‍റെ വീട്ടുകാരെ അയാളുടെ ഭാര്യ ബഹുമാനിക്കണം… ആദരിക്കണം… സ്നേഹിക്കണം… സല്‍ക്കരിക്കണം… സമ്മതിച്ചു. എന്നാല്‍ അതുപോലെ ഭാര്യയുടെ വീട്ടുകാരെ ഭര്‍ത്താവും സ്വീകരിക്കുകയും സല്‍ക്കരിക്കുകയും വേണ്ടേ…?

എത്സ ചോദിച്ചു. ബിനു ഉത്തരം നഷ്ടപ്പെട്ടവനായി എത്സയെ തുറിച്ചുനോക്കിനിന്നു.

(തുടരും)

Leave a Comment

*
*