Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 24

ഒരു കുടുംബകഥ കൂടി… അധ്യായം 24

Sathyadeepam

വിനായക് നിര്‍മ്മല്‍

കവിളത്ത് കൈ പൊത്തി അമ്പരപ്പോടെ, ഞെട്ടലോടെ എത്സ ബിനുവിനെ നോക്കി. വീശിയടിച്ച കരത്തിലേക്കും എത്സയുടെ മുഖത്തേക്കും ബിനു നോക്കി. ഇരുവര്‍ക്കും അത് അപ്രതീക്ഷിതമായിരുന്നു. ബിനു ആഗ്രഹിച്ചതോ വിചാരിച്ചതോ ആയിരുന്നില്ല അവളെ അടിക്കണമെന്ന്… പറഞ്ഞ വാക്കുകള്‍ ക്രമം വിട്ടുപോയി എന്ന് എത്സയും മനസ്സിലാക്കിയിരുന്നില്ല. പക്ഷേ സംഭവിച്ചത് ഇരുവരും പ്രതീക്ഷിക്കാത്തത്… ഇരുവരും ആഗ്രഹിക്കാത്തത്…

അടികൊണ്ട കവിള്‍ പൊത്തി ബിനുവിനെ നോക്കിയ എത്സയുടെ കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ അവനെ നോക്കി അലറി. ആ….!

ആ അലര്‍ച്ച പാലത്തുങ്കല്‍ തറവാട്ടില്‍ മുഴങ്ങി. ബിനു പതറിപ്പോയി… അവളില്‍ നിന്ന് അങ്ങനെയൊരു പ്രതികരണം ബിനു തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. എത്സയുടെ അലര്‍ച്ചയെ പെട്ടെന്ന് ബിനു കൈ കൊണ്ട് മൂടി.

മിണ്ടരുത്… ബിനു ആജ്ഞാപിച്ചു. പിന്നെ അതേ കൈ കൊണ്ടുതന്നെ എത്സയെ കട്ടിലിലേക്ക് തള്ളിയിട്ടു. എത്സ കിടക്കയിലേക്ക് വീണുപോയി. ബിനു കിതച്ചു. എത്സ ഇപ്പോള്‍ അലറിക്കരയാന്‍ മറന്നു.

ആ നിമിഷം വാതില്ക്കല്‍ മുട്ടുകേട്ടു.

ബിനൂ, ബിനൂ എന്നതാടാ…? ത്രേസ്യാമ്മയുടെ ശബ്ദമായിരുന്നു അത്.

ഒന്നുമില്ല… ബിനു എത്സയെ നോക്കി കിതച്ചുകൊണ്ട് പറഞ്ഞു.

വാതില്‍ തുറക്കെടാ… ത്രേസ്യാമ്മ ആകുലതയോടെ അപേക്ഷിച്ചു.

ബിനു ശബ്ദിച്ചില്ല.

എടാ നിന്നോടല്ലേ പറഞ്ഞെ വാതില്‍ തുറക്കാന്‍… ത്രേസ്യാമ്മയുടെ ശബ്ദം ഉയര്‍ന്നു.

അമ്മച്ചി പൊയ്ക്കോ… ബിനു ശബ്ദമുയര്‍ത്തി പറഞ്ഞു. അല്പനേരം കൂടി ത്രേസ്യാമ്മ ഉത്കണ്ഠയോടെ മുറിയുടെ വാതില്ക്കല്‍ നിന്നു. അകത്തു നിന്ന് യാതൊരു ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ത്രേസ്യാമ്മയ്ക്ക് നെഞ്ച് പൊടിയുന്നതുപോലെ തോന്നി. അവര്‍ തിരിഞ്ഞത് ലിസിയുടെ മുമ്പിലേക്കായിരുന്നു.

എന്നതാ അമ്മച്ചീ ഇവിടെ…? ലിസിയുടെ ചോദ്യത്തില്‍ ആകാംക്ഷയെക്കാളേറെ സന്തോഷം അടങ്ങിയിരിക്കുന്നതുപോലെയാണ് ത്രേസ്യാമ്മയ്ക്ക് തോന്നിയത്. ബിനുവിന് കുടുംബം നല്കുന്ന സ്ഥാനം പലപ്പോഴും ലിസിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു.

ബിനുവിന് എതിരെ ത്രേസ്യാമ്മ നിസ്സഹായതയോടെ കൈമലര്‍ത്തി.

വര്‍ഷം ഒന്ന് തികഞ്ഞില്ല. അതിന് മുമ്പേ അടിം പുകേം തുടങ്ങി… ലിസി പിറുപിറുത്തു.

മറ്റുള്ളവര്‍ക്ക് കുടുംബജീവിതത്തെക്കുറിച്ച് ക്ലാസെടുക്കാന്‍ എന്നാ മിടുക്കനായിരുന്നു… ഇപ്പോ കണ്ടില്ലേ…ഇതാ പറഞ്ഞത് പ്രസംഗിക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനറിയില്ലെന്ന്… ലിസി വാശിയോടെ പറഞ്ഞു.

ആശാരീടെ ചെത്തിലും കാണും തടീടെ വളവിലും കാണും… ഈര്‍ഷ്യയോടെ ത്രേസ്യാമ്മ പറഞ്ഞു.

എന്‍റെ മോനെ എനിക്കറിയാം. ആട്ടിന്‍കുട്ടികളെ തമ്മിലടിപ്പിച്ചിട്ട് ഒരു കുറുക്കനും ചോര കുടിക്കേം വേണ്ട.

അപ്പോ അതു ശരി… ഇപ്പഴും കുറ്റം എനിക്കായി… ലിസി ദേഷ്യപ്പെട്ടു.

ഞാന്‍ വല്ലതും പറഞ്ഞുകൊടുത്തിട്ടാണോ അമ്മച്ചീടെ മോനും മരുമോളുംകൂടി വഴക്കുണ്ടാക്കിയെ… ഇത്രേം ദിവസമായിട്ട് അവര് എന്നതെങ്കിലും സന്തോഷത്തോടെ മിണ്ടിപ്പറഞ്ഞിരിക്കുന്നത് കണ്ടിട്ടുണ്ടോ…? എന്നിട്ടും കുറ്റം മുഴുവന്‍ എനിക്ക്…അതു ശരിയാ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമല്ലേ… ഇപ്പോ ഇഷ്ടപ്പെട്ട് കണ്ടുപിടിച്ച് പുന്നാരമോന് വേണ്ടി കൊണ്ടുവന്നിട്ട് എന്തായി… എന്നെയല്ലേ ആര്‍ക്കും ഇഷ്ടമില്ലാതെ കെട്ടിക്കൊണ്ടുവന്നത്? എന്നിട്ടിപ്പഴോ…?

പുര കത്തുമ്പോ തന്നെ വാഴ വെട്ടണം നിനക്ക് അല്ലേ? ത്രേസ്യാമ്മ കയര്‍ത്തു.

ഇത് കത്താന്‍ പോകുന്നതേയുള്ളൂ… നോക്കിക്കോ… അതാ പണ്ടുള്ളവര് പറയുന്നത് ഉന്തി മരം കേറ്റിയാ ശരിയാവുകേലെന്ന്… നമുക്ക് കാണാം.

ലിസി വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി.

ത്രേസ്യാമ്മയ്ക്ക് ശരീരം തളരുന്നതുപോലെ തോന്നി.

എല്ലാ കരങ്ങളും ചൂണ്ടുന്നത് തനിക്ക് നേരെ… താന്‍ ബിനുവിനെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചത് ശരിയായില്ലെന്ന്… ബിനുവിന് വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നില്ലെന്ന്… തന്‍റെ തിരഞ്ഞെടുപ്പ് മോശമായിരുന്നുവെന്ന്.

എന്നതാടി അവിടെ… മുറിയിലെത്തിയ ത്രേസ്യാമ്മയോട് കുഞ്ഞേപ്പച്ചന്‍ തിരക്കി.

ആ എനിക്കറിയില്ല… ത്രേസ്യാമ്മ ദുര്‍ബലയായി. അവര്‍ തളര്‍ച്ചയോടെ കിടക്കയിലേക്ക് ഇരുന്നു.

ഈ വീട്ടില്‍ ഇതുവരെയും ഇങ്ങനെയൊന്ന് നടന്നിട്ടില്ല… എന്തൊക്കെ പറഞ്ഞാലും സോജന്‍ ലിസിയോട് മാറിനില്ക്കാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോ… അവന്‍

അവളെ അടിച്ചതാ… എനിക്കുറപ്പുണ്ട്.

ത്രേസ്യാമ്മ പരിതപിച്ചു.

ഇങ്ങനെ അടീം പിടീം നടക്കാന്‍ ഇപ്പോ എന്നതാ സംഭവിച്ചതെന്നാ എനിക്കറിഞ്ഞുകൂടാത്തത്..

ചുമ്മാ കേറി അടിക്കാന്‍ അവനെന്താ തലയ്ക്ക് വെളിവില്ലേ…? കുഞ്ഞേപ്പച്ചന്‍ സംശയിച്ചു.

ഇത് അതല്ല… അവളെന്നതെങ്കിലും പറഞ്ഞുകാണും… എനിക്കങ്ങനെയാ തോന്നുന്നെ… പത്തു മുപ്പതു വര്‍ഷം കൊണ്ട് നമ്മള് അറിയുന്നതല്ലേ അവനെ… ആരോടെങ്കിലും മുഖം കറുപ്പിച്ചൊരു വാക്ക് അവന്‍ പറഞ്ഞിട്ടുണ്ടോ…? പെണ്ണിന്‍റെ നാവിനോളം കാളകൂടത്തിമ്പോലും വിഷം കാണുകേലാ… കുഞ്ഞേപ്പച്ചന്‍ പറഞ്ഞു. എന്നതാ ഏതു നേരത്താ ആരോടാ പറയുന്നതെന്ന് ഒരു ചിന്തയില്ലെങ്കില് ചില പെണ്ണുങ്ങളൊക്കെ ഇങ്ങനെ അടി മേടിച്ചെടുക്കും… ചില പെണ്ണുങ്ങള്‍ക്ക് അടി കിട്ടുകേം വേണം. നൂറു വാക്കുകൊണ്ട് നന്നാകുകേലാത്തത് ചിലപ്പോ ഒരടികൊണ്ട് നന്നായ ചരിത്രോം ഉണ്ട്… കുടുംബജീവിതത്തില്…

കുഞ്ഞേപ്പച്ചനെ ത്രേസ്യാമ്മ അത്ഭുതത്തോടെ നോ ക്കി.

ഇങ്ങനെയൊന്നും സംസാരിക്കുന്ന ആളായി അവര്‍ക്കൊരിക്കലും ഭര്‍ത്താവിനെക്കുറിച്ച് തോന്നിയിട്ടുണ്ടായിരുന്നില്ല.

മക്കള്‍ക്ക് സ്വന്തം കുടുംബമായിക്കഴീമ്പോ അവരുടെ കാര്യത്തില്‍ അധികം കേറി ഇടപെടാന്‍ നമുക്ക് പറ്റുകേലല്ലോ… പ്രത്യേകിച്ച് സ്വന്തം കാര്യം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്തിയുള്ള മക്കളുടെ കുടുംബജീവിതത്തില്… അവനും അവളും വിവരമുള്ളവരാ… എങ്ങനെയാ ജീവിക്കേണ്ടതെന്ന് അവര്‍ക്കറിയാം… അവര് പോകുന്നത് ശരിയായ റൂട്ടിലല്ലെന്ന് തോന്നിക്കഴിയുമ്പോ നമുക്ക് ഇടപെടാം… അതാ അതിന്‍റെ ശരി… ഒരടി കൊടുത്തതിന്‍റെ പേരില് താനിങ്ങനെ മനസ്സ് വിഷമിപ്പിക്കണ്ടാ…

എത്ര നിസ്സാരമായിട്ടാ നിങ്ങളിങ്ങനെ പറയുന്നെ… ഒരടി കൊടുത്തു… ഹും… ത്രേസ്യാമ്മ ചിരിച്ചു

ആ അടി പെണ്ണിന്‍റെ ശരീരത്തിലല്ല മനസ്സിലാ കൊള്ളുന്നെ… അതിന്‍റെ ചൂട് അവളെന്നും കൊണ്ടുനടക്കും… പ്രത്യേകിച്ച് കാരണമില്ലാതെയാണെങ്കില്…

കാരണമില്ലാതെ ഭാര്യമാരെ അടിക്കുന്നത് കുടിച്ച് സുബോധം നഷ്ടപ്പെട്ടവരു മാത്രാ… ബിനു അതല്ലാത്തതോണ്ട് കാരണമുണ്ടെന്ന് തന്നെ നമുക്ക് കരുതാം…

കുഞ്ഞേപ്പച്ചന്‍ ആശ്വസിപ്പിച്ചു.

ഈ സമയം എത്സ കിടക്കയിലേക്ക് വീണുകിടന്ന് കരയുകയായിരുന്നു. അതിനിടയില്‍ അവള്‍ എന്തൊക്കെയോ പുലമ്പുന്നുമുണ്ടായിരുന്നു.

എന്നെ അടിച്ചു അല്ലേ… അവള്‍ പെട്ടെന്ന് കിടക്കയില്‍ നിന്ന് ചാടിയെണീറ്റു.

അടിക്കും… ഇത് ചോദിച്ചുവാങ്ങിയ അടിയാ… നാവ് നന്നായിരിക്കണം… ബിനു ദേഷ്യത്തോടെ പറഞ്ഞു.

വീട്ടില്‍ പറയാന്‍ കൊള്ളാവുന്നതേ പറയാവൂ… സംസ്കാരമില്ലാത്ത വര്‍ത്തമാനം എന്‍റെ വീട്ടില്‍ പറഞ്ഞാലുണ്ടല്ലോ…

എന്‍റെ വീടോ… അപ്പോ ഈ വീട്ടില്‍ ഞാനാരുമല്ലേ… ഇതെന്‍റെ വീടല്ലേ…? എത്സ ചോദിച്ചു.

ബിനു നിശ്ശബ്ദനായി.

അതു ശരിയാ… ഇത് നിങ്ങളുടെ വീടാ… അങ്ങനെയൊരു മട്ടും ഭാവവുമാ നിങ്ങള്‍ക്കെന്നോട്… അല്ലെങ്കീ എനിക്കെവിടെയാ ഇവിടെ സ്വാതന്ത്ര്യം… എന്നോടാര്‍ക്കാ ഇവിടെ സ്നേഹം… നിങ്ങളുടെയൊക്കെ മുമ്പീ ഞാന്‍ വെറും ദരിദ്രവാസി… ആര്‍ക്കും എന്നോട് എന്തുമാകാം… ഇവിടെ ഒരു തെണ്ടിയെപ്പോലെയല്ലേ ഞാന്‍ കഴിയുന്നത്? നിങ്ങള്‍ക്ക് നിങ്ങളുടെ സന്തോഷം… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷം…

ഇതൊക്കെ നിന്‍റെ ധാരണകളാ… അതൊന്നും തിരുത്താന്‍ എനിക്ക് കഴിയില്ല. ബിനു കൈമലര്‍ത്തി.

കെട്ടിക്കയറി വന്ന വീട് സ്വന്തം വീടാണെന്ന് നിനക്ക് എന്ന് തോന്നുന്നുവോ അന്നേ നിനക്ക് ഇവിടെയുള്ളവരെ സ്നേഹിക്കാന്‍ കഴിയൂ… അന്നേ നിനക്ക് ഈ വീടിനെ സ്നേഹിക്കാന്‍ കഴിയൂ… മനസ്സിലുള്ള കോംപ്ലക്സ് കൊണ്ട് മറ്റുള്ളവരെ മുഴുവന്‍ വിധിക്കാന്‍ നടക്കും മുമ്പ് ആദ്യം സ്വയമൊന്ന് വിലയിരുത്താന്‍ നോക്ക്…

കോംപ്ലക്സ് അല്ലേ… എത്സ ആത്മനിന്ദയോടെ ചോദിച്ചു.

എനിക്ക് കോംപ്ലക്സാണ് അല്ലേ… അതും നിങ്ങളോട്… എത്സ ചിരിച്ചു.

എന്തിന്… എന്തിനാ എനിക്ക് നിങ്ങളോട് കോംപ്ലക്സ് എന്നും കൂടി പറ…

സ്വന്തമായി വരുമാനമില്ലാത്ത, ചേട്ടന്‍റെ ചെലവില്‍ കഴിയുന്ന ഒരു ബൈക്ക് പോലും ഓടിക്കാനറിയാത്ത നിങ്ങളോട് എനിക്ക് കോംപ്ലക്സോ… നിങ്ങള്‍ക്കെന്തറിയാം… ജീവിക്കാനറിയാമോ… സ്വപ്നലോകത്തിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ അത്യാവശ്യമുള്ള എന്തെങ്കിലും അറിയാമോ…? ഫ്യൂസ് കെട്ടാന്‍… ഗ്യാസ് സിലിണ്ടര്‍ മാറ്റിവയ്ക്കാന്‍… നിങ്ങള്‍ക്കെന്താണ് അറിയാവുന്നത്…? എത്സ ചിരിച്ചു.

എത്സയുടെ ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ ബിനു പാതാളത്തോളം ഇറങ്ങിപ്പോയി. താന്‍ ഒന്നുമല്ലാത്തവനും ഒന്നുമില്ലാത്തവനും ആണെന്ന് ബിനുവിന് ആദ്യമായി തോന്നി. തനിക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളുടെ ലിസ്റ്റൊക്കെ ആരാണ് എത്സയ്ക്ക് പറഞ്ഞുകൊടുത്തതെന്ന് അവന്‍ ആലോചിച്ചു.

ഓ നിങ്ങള് വലിയ കഥയെഴുത്തുകാരനാണല്ലോ അല്ലേ… സ്ക്രിപ്റ്റ് റൈറ്റര്‍… എംടിക്കും പത്മരാജനും ലോഹിതദാസിനും ശേഷം മലയാളം കണ്ട മഹത്തായ തിരക്കഥാകാരന്‍… നിങ്ങളിതൊന്നും ചെയ്യാന്‍ പാടില്ലല്ലോ… മഹാനല്ലേ… വീടിന്‍റെ വരാന്തേലെ മഹാന്‍… എത്സ പുച്ഛിച്ചു.

ആണാണെന്നും കെട്ട്യോനാണെന്നും പറഞ്ഞിട്ട് കാര്യമില്ല… ഒരു ഭാര്യയ്ക്ക് വേണ്ടുന്നതൊക്കെ ചെയ്തുകൊടുക്കാനും കൂടി അറിഞ്ഞിരിക്കണം… എത്സ പറഞ്ഞു.

എടീ…

ബിനു എത്സയ്ക്ക് നേരെ വീണ്ടും കരമുയര്‍ത്തി പെട്ടെന്ന് അവന്‍ തന്നെതന്നെ നിയന്ത്രിച്ചു.

നിന്‍റെ കൈ പുഴുത്തുപോകുമെടാ… എന്നെ തല്ലിയ നിന്‍റെ കൈ പുഴുത്തുപോകുമെടാ… എത്സ തലയില്‍ കൈകള്‍വച്ച് ബിനുവിനെ ശപിച്ചു. ബിനു അമ്പരന്നു പോയി. എത്സ ഉപയോഗിച്ച വാക്കുകളുടെ ആഘാതവും അതേല്പിച്ച ചൂടും അത്രയധികമായിരുന്നു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എത്സയുടെ ഭാവപ്പകര്‍ച്ചയ്ക്ക് മുമ്പില്‍ എന്തു ചെയ്യണമെന്നറിയാതെ ബിനു കുഴങ്ങി. അവന്‍ പെട്ടെന്ന് പുറത്തേയ്ക്കിറങ്ങിപ്പോയി.

***   ***   ***

എന്തൊക്കെയാ ബിനു ഞാനികേള്‍ക്കുന്നത്…? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ…

ബിനു പറഞ്ഞതെല്ലാം കേട്ടതിന് ശേഷം റോസ്മേരി അമ്പരന്നു. സംഭവിച്ച കാര്യങ്ങളെല്ലാം അവന്‍ റോസ്മേരിയോട് തുറന്നുപറഞ്ഞിരുന്നു. അവളുടെ വീട്ടിലേക്കായിരുന്നു ബിനു പോയത്.

നീ അവളെ അടിച്ചു… അവള്‍ നിന്നെ ശപിച്ചു… ഇന്‍സള്‍ട്ട് ചെയ്തു… ദൈവമേ… റോസ്മേരി തലയ്ക്ക് കൈ കൊടുത്തു.

…ഇതൊന്നും കാണാനും കേള്‍ക്കാനും ജോമോന്‍ ഇല്ലാത്തത് നന്നായെന്ന് ഇപ്പോ തോന്നുന്നു… എനിക്കിതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല ബിനൂ… നിങ്ങള് ഒറ്റയ്ക്കൊറ്റയ്ക്ക് എത്രയോ നല്ല വ്യക്തികളാ… പക്ഷേ ഒരുമിച്ച് ചേര്‍ന്നപ്പോ…

റോസ്മേരിക്ക് വാക്കുകള്‍ കിട്ടിയില്ല.

…എവിടെയാ ബിനൂ നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം? – റോസ്മേരി ചോദിച്ചു.

അതിന് മുമ്പ് പ്രശ്നമെന്തെന്ന് കണ്ടുപിടിക്കണം… ബിനു പറഞ്ഞു.

ഒരു കാരണവുമില്ലാതെ മാന്യതയ്ക്ക് നിരക്കാത്ത വര്‍ത്തമാനം പറയാന്‍ അവള്‍ക്കെങ്ങനെയാണ് കഴിഞ്ഞതെന്ന്… ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ പെണ്ണുങ്ങളുടെ വിചാരം? പെണ്ണ് എന്ന് വിചാരിക്കുമ്പോള്‍ ഞാന്‍ പൊതുവെ കരുതുന്ന ഒരു സങ്കലപ്മുണ്ട്… എത്സ ആ സങ്കല്പങ്ങളെയെല്ലാം തട്ടി മറിച്ചിട്ടു. ബിനു നെടുവീര്‍പ്പിട്ടു.

ബിനുവിനെന്താണ് ഒരു പെണ്ണിനെക്കുറിച്ചുള്ള വിചാരം? റോസ്മേരി ചോദിച്ചു.

മുല്ലപ്പൂ ചൂടിയ പഴയ രവിവര്‍മ്മചിത്രത്തിലെ നായികയോ? ഭര്‍ത്താവിന്‍റെ അടിയും ഇടിയും കൊണ്ട് സര്‍വ്വംസഹയെപോലെ കഴിഞ്ഞുകൂടുന്നവളോ? അതൊക്കെ പഴഞ്ചന്‍ സങ്കല്പങ്ങളാ ബിനൂ…ഇന്നത്തെ കാലത്ത് ഒരു പെണ്ണും ഭര്‍ത്താവിന്‍റെ അടിമയല്ല.

അടിമയാകണ്ട… പക്ഷേ വിധേയത്വമുണ്ടാവരുതെന്ന് ഒരിടത്തും പറയുന്നില്ലല്ലോ ഉവ്വോ… ഞാന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത് ഓര്‍ക്കാറുണ്ട് ഇവിടെ എല്ലാ നിയമങ്ങളും സത്രീകള്‍ക്കനുകൂലമാ… ഭര്‍ത്താവിന്‍റെ പീഡനം സഹിക്കുന്ന ഭാര്യയ്ക്ക് നിയമസംരക്ഷണമുണ്ട്… ഒരു പുരുഷന്‍ പീഡിപ്പിച്ചു എന്ന് സ്ത്രീ ആരോപിച്ചാല്‍ പുരുഷന്‍ അറസ്റ്റിലാകും. പക്ഷേ പുരുഷനെ സഹായിക്കാനോ അവനെ മനസ്സിലാക്കാനോ ഇവിടെ നിയമവുമില്ല മനുഷ്യരുമില്ല. എല്ലാ കുറ്റവും അവന്‍റെ ഭാഗത്ത്… ശരികളെല്ലാം അവളുടെ പക്ഷത്തും…

ബിനൂ ഞാന്‍ ബിനുവിനെ കുറ്റപ്പെടുത്തിയതൊന്നുമല്ല… ബിനു നോക്കുമ്പോള്‍ ബിനുവിന്‍റെ ഭാഗത്ത് ശരികളുണ്ട്… എത്സ നോക്കുമ്പോള്‍ എത്സയുടെ ഭാഗത്തും. രണ്ടിടത്തെയും ശരികളും തെറ്റുകളും മൂന്നാമതൊരാള്‍ക്കേ കണ്ടുപിടിക്കാന്‍ കഴിയൂ.

ആ മൂന്നാമതൊരാളായിട്ടല്ലേ റോസ്മേരി നില്ക്കുന്നത്… എന്നിട്ട് പറ, എവിടെയാണ് തെറ്റ്?

ബിനൂ നിന്‍റെ മനസ്സ് എനിക്കറിയാം… അത് ഇത്രയും വര്‍ഷത്തെ നീയുമായുള്ള അടുപ്പം കൊണ്ട് ഞാന്‍ മനസ്സിലാക്കിയതാ… പക്ഷേ എത്സ നിന്നെ പെട്ടെന്ന് മനസ്സിലാക്കണമെന്ന് നീ വിചാരിക്കരുത്… അതുപോലെ എത്സയെയും. എട്ടും പത്തും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്ത ദമ്പതികളാ നമുക്ക് ചുറ്റിനും കൂടുതലുള്ളത്. മനസ്സിലായി വരുമ്പോള്‍ സ്നേഹം വരും… ഇപ്പോ നിങ്ങള്‍ക്ക് പരസ്പരം മനസ്സിലാകുന്നില്ല. അതാ നിങ്ങള്‍ക്ക് പരസ്പരം സ്നേഹിക്കാന്‍ കഴിയാത്തതും. ഞാനൊന്ന് പറയട്ടെ ബിനൂ, കാട്ടിലെ ഏറ്റവും ശാന്തയായ മൃഗമാണ് മാന്‍ എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ മുറിവേറ്റു കഴിഞ്ഞാല്‍ അതിനോളം അക്രമകാരിയായിട്ടുള്ള വേറൊരു മൃഗവുമില്ലത്രേ… പെണ്ണ് എന്ന് പറയുന്നതും ഇതുപോലെയാ… മുറിവേറ്റുകഴിഞ്ഞാല്‍ അത് മറ്റുള്ളവരെയും മുറിവേല്പിച്ചിച്ചേ അടങ്ങൂ… എത്സ മുറിവേറ്റ മൃഗമാണ്. അവഗണനയും തിരസ്കരണവും ഏല്ക്കുമ്പോഴൊക്കെ അവളുടെ മുറിവു പൊടിയും. അതില്‍ നിന്ന് ചോര കിനിയും. ഞാന്‍ പറഞ്ഞിട്ടില്ലാത്ത എത്സയുടെ ഒരു ചരിത്രം കൂടിയുണ്ട്… നിന്നോട് ഞാന്‍ പറയാത്ത കഥ.

കഥയോ!?

അതെ എത്സയ്ക്കൊരു കഥയുണ്ട്…

റോസ്മേരി പറഞ്ഞു. ബിനു ആകാംക്ഷയോടെ റോസ്മേരിയെ നോക്കി.

(തുടരും)

Leave a Comment

*
*