Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 25

ഒരു കുടുംബകഥ കൂടി… അധ്യായം 25

Sathyadeepam

വിനായക് നിര്‍മ്മല്‍

കഥ… എത്സയെ സംബന്ധിക്കുന്ന കഥ. ബിനുവിന്‍റെ മനസ്സിലൂടെ ഒരു കാര്‍മേഘം ഇഴഞ്ഞു. താന്‍ ഇതുവരെ അറിയാത്ത കഥ… റോസ് മേരി ഇതുവരെയും പറയാത്ത കഥ. ആ കഥ ഏതാണ്… എന്താണ്…? ബിനു പകപ്പോടെ റോസ്മേരിയെ നോക്കി.

ബിനു ഇത്രേം ടെന്‍ഷനടിക്കാന്‍ മാത്രമൊന്നുമില്ല… റോസ്മേരി പറഞ്ഞു

അത് പറഞ്ഞാലല്ലേ അറിയൂ… ബിനു പ്രതികരിച്ചു.

ഒരു കഥ എല്ലാവരും ഒരേരീതിയില്‍ അല്ല കേള്‍ക്കുന്ന ത്; അതിനോട് പ്രതികരിക്കുന്നതും. സിനിമയുടെയും ഒരു പുസ്തകത്തിന്‍റെയുമെല്ലാം കഥ അങ്ങനെയാണ്. അപ്പോള്‍ ജീവിതത്തിന്‍റെയോ… അതും അങ്ങനെ തന്നെയല്ലേ…?

പറയാം… റോസ്മേരി പറഞ്ഞു.

പാമ്പു പാപ്പച്ചന്‍… അങ്ങനെയാ എത്സേടെ അപ്പച്ച നെ എല്ലാവരും അറിയുന്നത്… അത് ഞാന്‍ അടുത്തയിടെയാ കേട്ടോ അറിഞ്ഞെ… ജോമോനാ അതിന്‍റെ അര്‍ത്ഥം പറഞ്ഞുതന്നെ… ഭയങ്കര മദ്യപാനികളെയാ അങ്ങനെ വിളിക്കുന്നതെന്ന്…

ഉം.. ബിനു തലകുലുക്കി. അത് എനിക്കുമറിയാവുന്ന കാര്യമാണല്ലോ… ആലോചന വന്നപ്പോള്‍ ചേട്ടായിയും മറ്റും എതിര്‍ത്തതും അതുകൊണ്ടായിരുന്നു. പക്ഷേ അമ്മച്ചി അത് കണക്കിലെടുത്തില്ല… പെണ്ണിനെ അങ്ങോട്ടല്ലല്ലോ പറഞ്ഞുവിടുന്നത് ഇങ്ങോട്ട് കൊണ്ടുവരുവല്ലേ എന്ന് അമ്മച്ചി അതിനെ നിസ്സാരവുമാക്കി… ബിനു അറിയിച്ചു.

അപ്പച്ചന്‍ ഒരു മദ്യപാനിയാണെന്ന് പഠിക്കുന്ന കാലം തൊട്ടേ എത്സ പറഞ്ഞതിന്‍റെ ഓര്‍മ്മയെനിക്കുണ്ട്. അങ്ങേരുടെ മദ്യപാനം കുടുംബത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ തീരെ കുറവൊന്നുമായിരുന്നില്ല. അടിയും പിടിയും കലം തല്ലി പൊട്ടിക്കലും. പിന്നെ സ്വഭാവികമായുണ്ടാകുന്ന ദാരിദ്ര്യോം… അന്നത്തെ അവസ്ഥേല് എത്സയെയും അനിയത്തി ബെറ്റ്സിയെയും ഒരു അനാഥാലയത്തിലാക്കുക മാത്രമേ അവരുടെ അമ്മയ്ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കുടിച്ച് വെളിവില്ലാതെ വരുമ്പോള്‍ തന്‍റെ പെണ്‍മക്കളെ ഭര്‍ത്താവ് മറ്റൊരു രീതിയില്‍ ഉപദ്രവിക്കുമോയെന്ന പേടികൊണ്ടാണോ അന്ന് അവരുടെ അമ്മ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല… അത് എത്സ പറഞ്ഞിട്ടുമില്ല… അമ്മയുടെയും അപ്പന്‍റെയും സ്നേഹവും പരിലാളനയും വാത്സല്യവും അനുഭവിച്ചു വളരേണ്ട പ്രായത്തീ എത്സയും അനിയത്തിയും അനാഥാലയത്തിലായി. ആരുമില്ലാത്ത അനാഥരേക്കാള്‍ എന്നെ എന്നും സങ്കടപ്പെടുത്തുന്നത് ഇങ്ങനെയുള്ള അനാഥരാ.. ചുറ്റുമതിലിന് വെളിയില്‍ അവര്‍ക്ക് ബന്ധുക്കളും സ്വന്തക്കാരുമെല്ലാമുണ്ട്… എന്നിട്ടും അനാഥരായി ജീവിക്കുന്നവര്‍… അന്ന് അവിടെയുള്ള ജീവിതം എത്സയുടെ ക്യാരക്ടറിനെ നല്ല തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബെറ്റ്സി പിന്നീട് എന്തുകൊണ്ട് എത്സയുടെ വിവാഹത്തിനുള്ള പണോം സ്വര്‍ണ്ണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി പോയി എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടുണ്ട്… ചെറുപ്പത്തില്‍ കിട്ടാതെ പോയ സ്നേഹവും പരിഗണനയുമൊക്കെ ഏതോ ഒരുത്തന്‍ വഴിവക്കില്‍ നിന്ന് വാരിക്കോരി കൊടുത്തപ്പോള്‍ അതിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം അവള്‍ക്കില്ലാതെ പോയി. ങ് നമ്മള് പറഞ്ഞത് എത്സയെക്കുറിച്ചല്ലേ… അവഗണിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുമ്പോള്‍, ശാസിക്കുകയോ ഉപദേശിക്കുകയോ ചെയ്യുമ്പോള്‍ അപ്പോഴെല്ലാം എത്സ വല്ലാതെ ഹേര്‍ട്ട് ചെയ്യപ്പെടും. അപ്പോള്‍ അവള്‍ പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് അവള്‍ക്ക് പോലും അറിയില്ല. അനാഥാലയത്തില്‍ കിട്ടിയ ശിക്ഷണവും തിരസ്ക്കരണവും നിഷേധാത്മകതയുമൊക്കെയായിരിക്കും അവളെ അങ്ങനെയാക്കുന്നത്… എനിക്കറിയില്ല കേട്ടോ ഞാനീ പറയുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സൈക്കോളജിക്കല്‍ ഇന്‍റര്‍പേറ്റഷന്‍ ഉണ്ടോ എന്ന്… ചെറുപ്പത്തില്‍ കിട്ടാതെ പോയ സ്നേഹമെല്ലാം വിവാഹം കഴിഞ്ഞപ്പോള്‍ കിട്ടുമെന്ന് അവള്‍ പ്രതീക്ഷിച്ചു. ഒരു പുരുഷന്‍റെ സംരക്ഷണവും അവന്‍റെ കരുതലും… അത് ആഗ്രഹിക്കുന്നതുപോലെ കിട്ടാതെ വന്നപ്പോള്‍, വിവാഹദിനം മുതല്‍ അവള്‍ നേരിട്ട അവഗണന… അത് അവളുടെ ഉള്ളില്‍ ദഹിക്കാതെ കിടക്കുന്നുണ്ടാവും… അതായിരിക്കും അവളിങ്ങനെ ബിനൂനോട് പൊട്ടിത്തെറിച്ചത്… ഞാന്‍ പറഞ്ഞില്ലേ മുറിവേറ്റ മൃഗം ഏറ്റവും കൂടുതല്‍ അപകടകാരിയാകുമെന്ന്… ബിനൂന്‍റെ സ്നേഹം പിടിച്ചുപറിക്കാനായി, ഏതെങ്കിലും തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാനായി, ബിനുവിനെ എങ്ങനെയെങ്കിലും പ്രതികരണശേഷിയുള്ളവനാക്കാനായി… അതിനായിരിക്കും അവള്‍ ഇങ്ങനെയൊക്കെ കയര്‍ത്തത്…

ഇങ്ങനെ കയര്‍ത്താല്‍ ഞാന്‍ അവളെ സനേഹിക്കുമോ… ബിനു ചിരിച്ചു… ബഡ്റൂമിന് വെളിയിലേക്ക് അവള്‍ പ്രശ്നങ്ങള്‍ കൊണ്ടുചെന്നെത്തിച്ചാല്‍ ഞാന്‍ അവളെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുമോ കഷ്ടം.

ഓരോരുത്തരുടെയും മനസ്സ് ഓരോ അവസരങ്ങളിലായി എങ്ങനെയൊക്കെയാ പ്രതികരിക്കുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ ബി നൂ… ഞാന്‍ ഒരു പ്രോബ്ലത്തെ ഫെയ്സ് ചെയ്യുന്നതുപോലെയല്ല ബിനു ആ പ്രശ്നത്തെ ഫെയ്സ് ചെയ്യുന്നത്… അതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം. നമ്മുടെ എഡ്യൂക്കേഷനും വാല്യൂസും സ്പിരിച്വാലിറ്റിയും ചൈല്‍ഡ്ഹൂഡും എല്ലാം അവിടെ കടന്നുവരും. ഞാന്‍ പറഞ്ഞില്ലേ അവള്‍ ചെറുപ്പത്തില്‍ നേരിട്ട അവഗണന…

ബിനു പെട്ടെന്ന് റോസ്മേരിക്ക് നേരെ കരമുയര്‍ത്തി തടഞ്ഞു.

അമ്മയെ മാനഭംഗപ്പെടുത്തിയാലും അപ്പനെ കൊന്നാലും എല്ലാം നമ്മള്‍ സൈക്കോളജി കൊണ്ടുവരും… ഹിറ്റ്ലറെയും മുസോളിനിയെയും ഉദാഹരിക്കും. ചൈല്‍ഡ് ഹൂഡ്… കാല്‍ക്കാശിന് ഉപകാരമില്ലാത്ത ഫിലോസഫി… ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും മുറിവേറ്റവര്‍ തന്നെയാണ്. പക്ഷേ സ്വയം അനുഭവിച്ച മുറിവ് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നുകൊടുക്കാനുള്ള ഇടമല്ല കുടുംബജീവിതം. സ്വന്തം മുറിവ് മൂടിവച്ച് മറ്റെയാള്‍ക്ക് സൗഖ്യം കൊടുക്കാനുള്ള വേദിയാ അത്… ഇവിടെ എത്സ ഇപ്പോ റോസ് മേരി പറഞ്ഞതുവച്ച് നോക്കുമ്പോ എന്താ ചെയ്തുകൊണ്ടിരിക്കുന്നത്… അവള്‍ അവളുടെ മുറിവുകളെ വലുതാക്കുകയാണ്… അവള്‍ അമ്മച്ചിയോടും മോശമായി സംസാരിച്ചിട്ടുണ്ട്… എനിക്കതുറപ്പാ… ഞാന്‍ ചോദിച്ചപ്പോ അമ്മച്ചി അത് ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാക്കി… അത് ഞാന്‍ വിഷമിക്കാതിരിക്കാന്‍ വേണ്ടി അമ്മച്ചി ഒളിച്ചുവച്ചതാണെന്നും എനിക്കറിയാം… റോസ്മേരി പറഞ്ഞില്ലേ അവള്‍ക്ക് കിട്ടിയ അവഗണനയെക്കുറിച്ച് അതിന് അവളെ ആര് അവഗണിച്ചുവെന്നാണ്… അമ്മച്ചിക്ക് അവളെ എന്തിഷ്ടമാ… ചാച്ചനും അവളെ ഇഷ്ടമാ… ചേച്ചിമാര്‍ക്കും എന്നോടുള്ള അതേ ഇഷ്ടം അവളോടുണ്ട്… ഇതൊന്നും അവള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് വച്ചാ… അത് കഷ്ടമല്ലേ…?

എല്ലാവര്‍ക്കും അവളെ ഇഷ്ടമാ… സമ്മതിച്ചു. പക്ഷേ ബിനൂന് അവളെ എന്തുമാത്രം ഇഷ്ടമുണ്ട്?

റോസ്മേരിയുടെ ചോദ്യത്തിന് മുമ്പില്‍ ബിനുവിന് ഉത്തരം നഷ്ടമായി.

ആരൊക്കെ അവളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ബിനു അവളെ ഇഷ്ടപ്പെടണം… ബിനു അവളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് അവള്‍ക്ക് ബോധ്യമാകണം… അവിടെയാണ് ബിനുവിലെ ഭര്‍ത്താവ് വിജയിക്കുന്നത്. അതാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നതും. കൂട്ടുകുടുംബത്തിലെ പ്രശ്നങ്ങളെ ഒരു ഭാര്യയ്ക്ക് അതിജീവിക്കാനും പോട്ടെയെന്ന് വയ്ക്കാനും കഴിയുന്നത് ഭര്‍ത്താവ് അവള്‍ക്ക് സപ്പോര്‍ട്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാ… ഞാന്‍ മനസ്സിലാക്കുന്നത് എത്സയ്ക്ക് അവിടെ ബിനുവിന്‍റെ സപ്പോര്‍ട്ട് കിട്ടുന്നില്ലെന്നാ… നിങ്ങള്‍ തമ്മില്‍ ഒരേ വേവ് ലങ്ത് ഉണ്ടാവുന്നില്ലെന്നാ… ഞാന്‍ അറിയുന്ന ബിനു… ഞാന്‍ അറിയുന്ന എത്സ… പരസ്പരം നിങ്ങള്‍ക്കുള്ള എല്ലാ കുറവുകളെയും മനസ്സിലാക്കിതന്നെയാണ് ഞാന്‍ ഈ ആലോചന മുന്നോട്ടുകൊണ്ടുവന്നത്. ഞാനും ജോമോനും ഇക്കാര്യം വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. ഒരാള്‍ക്കില്ലാത്ത ഗുണം മറ്റേയാള്‍ക്കുണ്ട്. ഒരാളുടെ കുറവ് പരിഹരിക്കാന്‍ മറ്റെയാള്‍ക്കു കഴിവുണ്ട്. അതുകൊണ്ട് കൊണ്ടും കൊടുത്തും ഈ ലോകത്തിലെ ഏറ്റവും നല്ല ദാമ്പത്യങ്ങളിലൊന്നായി നിങ്ങള്‍ മാറുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ… പക്ഷേ… റോസ്മേരി നെടുവീര്‍പ്പിട്ടു.

ബിനൂ, ബിനുവിനെ പോലെ ഈ ലോകത്ത് മനുഷ്യരെ മനസ്സിലാക്കാന്‍ കഴിവുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇതുപോലെ സ്നേഹം എക്സ്പ്രസ് ചെയ്യാന്‍ അറിയാവുന്ന ഒരാളെയും… എന്നിട്ടും എത്സയെ സ്നേഹിക്കാന്‍ ബിനുവിന് കഴിയുന്നില്ലെന്ന് അറിയുമ്പോ അതെന്നെ സത്യമായും അത്ഭുതപ്പെടുത്തുന്നു…

സ്നേഹം കിട്ടാനും ചില അര്‍ഹതയൊക്കെ വേണം… ബിനു ആരോടെന്നില്ലാതെ പറഞ്ഞു.

അര്‍ഹത നോക്കിയാണെങ്കില് പലതിലും നമുക്ക് അര്‍ഹതയില്ലെന്ന് പറയേണ്ടിവരും ബിനൂ… സൗജന്യമായി നമ്മള്‍ ശ്വസിക്കുന്ന വായു… ഭൂമിയുടെ ഈ പച്ചപ്പ്… ആരൊക്കെയോ വച്ചുനീട്ടുന്ന ചില കൈത്താങ്ങലുകള്‍… നമുക്കെവിടെയാ ബിനൂ ഇതിനൊക്കെയുള്ള അര്‍ഹത… അര്‍ഹത നോക്കിയും തിരിച്ചുകിട്ടുമെന്ന് കരുതിയും സനേഹിക്കാനുള്ള ഇടപാടൊന്നുമല്ല കുടുംബജീവിതം… വിവാഹസമയത്ത് നമ്മളൊരു പ്രതിജ്ഞയെടുക്കുന്നില്ലേ ഇന്നുമുതല്‍ മരണം വരെയെന്ന്… അത് പറയുന്നത് എന്തെങ്കിലും വ്യവസ്ഥകള്‍ വച്ചിട്ടൊന്നുമല്ല… ഇങ്ങനെയാണെങ്കില്‍ ചെയ്യാം എന്നോ ഇത്രനാള്‍ ചെയ്യാമെന്നോ ഒന്നും… അപ്പോ തിരിച്ചുകിട്ടുമെന്ന് കരുതി സ്നേഹിക്കുന്നതോ നമുക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്താല്‍ മാത്രം സ്നേഹിക്കാമെന്ന് കരുതുന്നതോ ശരിയാണോ…?

റോസ്മേരി ഒരു കോംപ്ലിമെന്‍റ് പറഞ്ഞോട്ടെ… ബിനു അനുവാദം ചോദിച്ചു

നീയെവിടെയെങ്കിലും കുടുംബജീവിതത്തെക്കുറിച്ച് ക്ലാസെടുക്കാനോ ധ്യാനിപ്പിക്കാനോ പോണം കേട്ടോ…ചുരുങ്ങിയ പക്ഷം ടിവീല് പ്രോഗ്രാം അവതരിപ്പിക്കാനെങ്കിലും… നല്ല ഉപദേശം… എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു.

എന്താ…? റോസ്മേരി തിരക്കി.

ഡ്രൈവിങ്ങും അത്യാവശ്യം ഇലക്ട്രിക്കല്‍ വര്‍ക്കുകളും പഠിക്കാന്‍. കുടുംബജീവിതം നയിക്കാന്‍ പുരുഷന് ഇതൊക്കെ അറിഞ്ഞിരിക്കണമെന്നത് എന്‍റെ ആദ്യത്തെ അറിവാ…

ഈ വാശി നല്ലതാ.. പോസിറ്റിവായിട്ടാണെങ്കില്‍… റോസ്മേരി പ്രോത്സാഹിപ്പിച്ചു.

…അല്ലാതെ ആരോടെങ്കിലുമുള്ള വാശിക്കാണെങ്കില്‍… എനിക്കതിനോട് വലിയ യോജിപ്പില്ല.

വാശി വേണം റോസ്മേരി… മറ്റുള്ളവരോടല്ല അവനവനോടുള്ള വാശി… ഞാനെന്നും അതിന്‍റെ പുറകെയായിരുന്നു…

അല്ലാതെ എന്‍റെ മുമ്പിലുള്ള ആരോടെങ്കിലുമായിരുന്നില്ല.

ബെസ്റ്റ് വിഷസ്… റോസ് മേരി ചിരിച്ചു.

ബിനു യാത്ര പറഞ്ഞ് എണീല്ക്കുമ്പോള്‍ റോസ്മേരി പിന്നില്‍ നിന്ന് വിളിച്ചു:

“ബിനൂ.”

ബിനു തിരിഞ്ഞുനോക്കി.

ഇനി ഇങ്ങനെ ഇടയ്ക്കിടെ എന്നെ കാണാന്‍ ബിനു വരരുത്.

റോസ്മേരി അറിയിച്ചു

റോസ്മേരീ… ബിനു നടുങ്ങിപ്പോയി.

വിഷമമുണ്ടെന്നറിയാം… പക്ഷേ എനിക്കത് പറയാതിരിക്കാന്‍ കഴിയില്ല ബിനൂ… നമ്മള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് നമുക്കറിയാം… പക്ഷേ ബിനു വീട്ടില്‍ നിന്നിറങ്ങിപ്പോരുന്നത് എന്‍റെ അടുത്തേക്കാണെന്ന് ഇന്നോ നാളെയോ ആരെങ്കിലും അറിഞ്ഞാല്‍ അത് ബിനുവിന്‍റെ കുടുംബജീവിതം തകര്‍ക്കും. പ്രത്യേകിച്ച് ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്സ അറിഞ്ഞാല്‍… തനിക്കും തന്‍റെ പുരുഷനും നടുവില്‍ നില്ക്കുന്ന സ്ത്രീ അയാളുടെ അമ്മയാണെങ്കില്‍ പോലും സഹിഷ്ണുതയോടെ കാണാന്‍ സ്ത്രീകള്‍ക്കാവില്ല… അപ്പോള്‍ എന്നെപോലെയൊരു വിധവയാണെങ്കിലത്തെ കാര്യം പറയാനുണ്ടോ…?

റോസ്മേരി കണ്ണീരിലൂടെ ബിനുവിനെ നോക്കി പുഞ്ചിരിച്ചു.

ബിനു തലയ്ക്ക് അടിയേറ്റ ആഘാതത്തോടെ ഇറങ്ങിനടന്നു.

*******

ഈ ബിനു എവിടെപോയി കിടക്കുവാ പേരമ്മേ… അവനെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ…

ഡോക്ടര്‍ ബിന്‍സി ബിനുവിനെ ഫോണ്‍ വിളിച്ച് മടുത്തിട്ട് ദേഷ്യത്തോടെ ത്രേസ്യാമ്മയോട് പറഞ്ഞു.

പാലത്തുങ്കല്‍ തറവാട്ടിലെത്തിയതായിരുന്നു ഡോക്ടര്‍ ബിന്‍സി… ത്രേസ്യാമ്മയുടെ അനിയത്തിയുടെ മകള്‍.

ഗള്‍ഫിലേക്ക് ജോലി കിട്ടി പോകുന്നതിന് മുമ്പ് എല്ലാവരെയും കണ്ട് യാത്ര പറയാന്‍ വേണ്ടി വന്നതായിരുന്നു അവള്‍.

ബിന്‍സിയോട് എന്തു മറുപടി പറയണമെന്ന് അറിയാതെ ത്രേസ്യാമ്മ സമീപത്തു നില്ക്കുന്ന എത്സയുടെ നേരെ നോക്കി.

എത്സ അപ്പോള്‍ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു:

എന്‍റെ അനിയത്തീടെ പേരും ബിന്‍സീന്നാ…

അതെയോ… ഡോക്ടര്‍ ബിന്‍സി അതിശയിച്ചു. പിന്നെ വാച്ചിലേക്ക് നോക്കി പറഞ്ഞു.

എന്നാ ഞാന്‍ ഇറങ്ങുവാ…കണ്ടിട്ട് പോകാനുള്ള യോഗം അവനില്ല… എത്സ പറഞ്ഞാ മതി ബിനൂനോട്… ചേട്ടായിയേം ചേച്ചിയേം കാണാനും പറ്റിയില്ല…

ഇച്ഛാഭംഗത്തോടെ ബിന്‍സി പറഞ്ഞു.

എന്നാ ഞാന്‍ പൊയ്ക്കോട്ടേ പേരമ്മേ… ഞാന്‍ ഇനി ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് വരുമ്പോഴും ഇങ്ങനെ മിടുക്കിയും സുന്ദരിയുമായിട്ടിരുന്നോണം… ബിന്‍സി ത്രേസ്യാമ്മയുടെ കവിളില്‍ ഉമ്മ കൊടുത്ത് യാത്ര പറഞ്ഞിറങ്ങി.

അവള്‍ ഡോര്‍ തുറന്ന് അകത്തേയ്ക്ക് കയറാന്‍ ഭാവിച്ചപ്പോഴാണ് ഒരു കാര്‍ ഗെയ്റ്റ് കടന്ന് അകത്തേയ്ക്ക് വരുന്നത് കണ്ടത്. സ്വഭാവികമായും ഡോക്ടര്‍ ബിന്‍സി അതിനുള്ളിലേക്ക് നോക്കി. അവള്‍ അത്ഭുതപ്പെട്ടുപോയി. ബിനുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.

എടാ നീയോ… ബിന്‍സി വേഗം ബിനുവിന്‍റെ കാറിനരികിലേക്ക് ചെന്നു. പരിചയമില്ലാത്ത കാര്‍ ആരുടേതാണെന്ന ഭാവത്തില്‍ നില്ക്കുകയായിരുന്നു ത്രേസ്യാമ്മയും എത്സയും. ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് ബിനു പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോള്‍ അവരും അതിശയിച്ചു. അമ്പരപ്പ് മാറാതെ ത്രേസ്യാമ്മ കാറിനുള്ളിലേക്ക് കുനിഞ്ഞ് നോക്കുകയും ചെയ്തു. മറ്റാരെങ്കിലും കൂടെയുണ്ടോ… ഇല്ല… ഇതെന്തൊരു അതിശയം. ഇന്നലെവരെ നേരാം വണ്ണം ബൈക്ക് പോലും ഓടിച്ചിട്ടില്ലാത്ത ഒരുവന്‍ ഒരു സുപ്രഭാതത്തില്‍ കാര്‍ ഓടിച്ച് മുറ്റത്തെത്തിയിരിക്കുന്നു.

നീ കിടുക്കി… തിമിര്‍ത്തു… പൊളിച്ചു… പുറത്തേക്കിറങ്ങിയ ബിനുവിന് കൈ കൊടുത്ത് ബിന്‍സി പറഞ്ഞു.

എന്തായാലും പോകുന്നതിന് മുമ്പ് നിന്നേം കൂടി കാണാന്‍ പറ്റിയല്ലോ, അതും ഇങ്ങനെ… നീ ആള് സംഭവമാ കേട്ടോ… ഇത്രയും ധൈര്യം കാണിച്ചല്ലോ?

പിന്നേ… ഒരു വണ്ടിയോടിക്കുന്നതാ ഇപ്പോ ഇത്രേം ധൈര്യം? ബിന്‍സിയുടെ വാക്കുകളെ ബിനു നിസ്സാരമായി തള്ളി.

ഏറ്റവും വലിയ ധൈര്യം എന്താണെന്നറിയാമോ… അത് പെണ്ണ് കെട്ടുന്നതിലാ… ഒരു പെണ്ണിനെ കെട്ടി അവളെ പോറ്റാനുള്ള ധൈര്യം ഒരു പുരുഷന്‍ എന്ന് കാണിക്കുന്നോ അവന് പിന്നെ ഈ ലോകത്തില്‍ എന്തും ചെയ്യാനുള്ള ധൈര്യമുണ്ടാവും… ഇതെന്‍റെ കണ്ടുപിടിത്തമാ… വേണേല്‍ നീ കുറിച്ചുവച്ചോ… ബിനു ചിരിച്ചുകൊണ്ട് പറഞ്ഞു

ഒന്നു പോടാ.. നീ തന്നെ ഇങ്ങനെ പറയണം… അതും പെണ്ണ് കെട്ടാതെ ഉഴപ്പി നടന്നവന്‍… ഇതിനൊക്കെ നീ ആരോടാ താങ്ക്സ് പറയേണ്ടതെന്ന് അറിയാമോ… ബിന്‍സി ചോദിച്ചു.

ഭാര്യയോടല്ലേ. ബിനു എത്സയെ നോക്കി ചോദിച്ചു.

അല്ല… ബിന്‍സി ചിരിച്ചു.

അല്ലേ പിന്നെ ആരോടാ? ബിനു ചോദിച്ചു.

നിന്‍റെ പുന്നാര അമ്മച്ചിയോട്…

ത്രേസ്യാമ്മയുടെ ചങ്ക് പടപടാ മിടിച്ചുതുടങ്ങി.

നീ പോകാന്‍ നോക്ക് കൊച്ചേ… നല്ല മഴ വരുന്നുണ്ട് കേട്ടോ…

ത്രേസ്യാമ്മ ഇടയ്ക്ക് കയറി. ബിന്‍സിയെങ്ങനെയെങ്കിലും പോയാല്‍ മതിയെന്നായിരുന്നു ത്രേസ്യാമ്മയുടെ ആഗ്രഹം. പക്ഷേ ബിന്‍സി അത് ഗൗനിച്ചില്ല.

എടാ നിനക്കൊരു കുടുംബമുണ്ടായി കാണാന്‍ വേണ്ടി എന്‍റെ പേരമ്മ എന്തുമാത്രം സഹിച്ചു… അഭിനയിച്ചു… നിനക്കറിയാമോ നിന്‍റെ അമ്മച്ചി നല്ല ഒന്നാന്തരം നടിയാ… സിനിമേലോ നാടകത്തിലോ ഒക്കെ അഭിനയിച്ചിരുന്നെങ്കില് അവാര്‍ഡ് കിട്ടാന്‍ മാത്രം കഴിവുള്ള നടി.

നടിയോ? ബിനു സംശയിച്ചു.

ആ… നടി തന്നെ… എന്നാ അഭിനയമായിരുന്നു പേരമ്മേടേത്. ഐസിയുവില്‍ വച്ച്… ഇല്ലാത്ത നെഞ്ചുവേദനയൊക്കെ അഭിനയിച്ച് ഞങ്ങള്‍ ഡോക്ടേഴ്സിനെ പോലും ടെന്‍ഷനടിപ്പിച്ച് വലപ്പിച്ച് കളഞ്ഞ മഹാനടി… ബിന്‍സി ചിരിച്ചു.

ഒറ്റ ലക്ഷ്യമേ പേരമ്മയ്ക്കുണ്ടായിരുന്നുള്ളൂ. നിന്നെ എങ്ങനേം വിവാഹം കഴിപ്പിക്കണം… പെണ്‍ ബുദ്ധി പിന്‍ബുദ്ധിയെന്നൊക്കെ പറേന്നത് വെറും നുണയാണെന്ന് മനസ്സിലായില്ലേ. പെണ്ണൊരുമ്പെട്ടാല്‍ ഈ ലോകത്ത് പലതും നടക്കും… അതുകൊണ്ടെന്താ നീ ഇപ്പോ സന്തോഷമായിട്ട് ജീവിക്കുന്നില്ലേ…?

ബിന്‍സി വീണ്ടും ചിരിച്ചു. ത്രേസ്യാമ്മയ്ക്ക് തന്‍റെ ശരീരം തളരുന്നതുപോലെ തോന്നി. ബിനുവും എത്സയും ഞെട്ടിത്തരിച്ചു നിന്നു.

(തുടരും)

Leave a Comment

*
*