ഒരു കുടുംബകഥ കൂടി… അധ്യായം 27

ഒരു കുടുംബകഥ കൂടി… അധ്യായം 27

വിനായക് നിര്‍മ്മല്‍

അവിടെയെന്നതായിരുന്നു വര്‍ത്തമാനം…?

ത്രേസ്യാമ്മ മുറിയിലേക്ക് വന്നപ്പോള്‍ കുഞ്ഞേപ്പച്ചന്‍ ചോദിച്ചു.

എല്ലാരും ഉണ്ടായിരുന്നല്ലോ… ത്രേസ്യാമ്മ ഒന്നും പറയാതെ കട്ടിലില്‍ ചെന്നിരുന്നു. അവര്‍ അപ്പോഴും നെഞ്ചില്‍ കൈ അമര്‍ത്തിയിട്ടുണ്ടായിരുന്നു.

അല്ലാ, നീ മഴ നനഞ്ഞോ… കുഞ്ഞേപ്പച്ചന്‍ ത്രേസ്യാമ്മയില്‍ നിന്ന് മുഖം തിരിച്ച് പുറത്തേയ്ക്ക് നോക്കി… പുറത്ത് മഴ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ടായിരുന്നു.

…നിന്‍റെയൊരു കാര്യം… ഇപ്പഴും ആ പഴയ പ്രായമാണോ നിനക്ക്… കുഞ്ഞേപ്പച്ചന്‍ ഒരു തോര്‍ത്തെടുത്ത് കൊണ്ടുവന്ന് ത്രേസ്യാമ്മയുടെ തല തുടച്ചു.

ഇന്നാ… ഇനി നീ തന്നെ ചെയ്യ്… തന്‍റെ കൈകള്‍ക്ക് വേണ്ടത്ര ബലമില്ലെന്ന് തോന്നിയപ്പോള്‍ അയാള്‍ ത്രേസ്യാമ്മയ്ക്ക് നേരെ തോര്‍ത്ത് നീട്ടി. ത്രേസ്യാമ്മ അത് കരം നീട്ടി വാങ്ങിയില്ല. ഭാര്യയുടെ മുഖത്തെ വല്ലായ്മ ഇപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്.

എന്നാ പറ്റിയെടീ… അയാള്‍ ത്രേസ്യാമ്മയുടെ അരികില്‍ ചെന്നിരുന്നു.

പോയി… എല്ലാം കൈവിട്ടുപോയി… ത്രേസ്യാമ്മ ആരോടെന്നില്ലാതെ പറഞ്ഞു. അവരുടെ ചുണ്ടുകള്‍ വിറകൊള്ളുന്നതും കണ്ണുകള്‍ നിറഞ്ഞുവരുന്നതും കുഞ്ഞേപ്പച്ചന്‍ കണ്ടു. ഗൗരവമായിട്ടെന്തോ സംഭവിച്ചുവെന്ന് അയാള്‍ക്ക് മനസ്സിലായി.

ത്രേസ്യാമ്മേ… അയാള്‍ അമ്പരപ്പോടെ വിളിച്ചു.

നീ കാര്യം പറ…

എന്‍റെ നെഞ്ചുവേദനയുടെ ആ കഥയില്ലേ…
ത്രേസ്യാമ്മ ചോദിച്ചു

ഉം.. കുഞ്ഞേപ്പച്ചന്‍ തലകുലുക്കി. ഐസിയുവില്‍ വച്ച് നടന്നത് ത്രേസ്യാമ്മ ഭര്‍ത്താവിനോട് മാത്രമേ തുറന്നുപറഞ്ഞിരുന്നുള്ളൂ. രണ്ടുപേര്‍ക്കുമിടയില്‍ ഒളിപ്പിച്ചുവച്ച വലിയൊരു രഹസ്യമായി ഇത്രയും മാസങ്ങളായി അവരത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ പൊളിഞ്ഞുവീണത്… തകര്‍ന്നുവീണത്.

…അത് ബിന്‍സി ബിനൂനോട് പറഞ്ഞു… അവള് പാവം. കാര്യത്തിന്‍റെ ഗൗരവമൊന്നും അവള്‍ക്കറിയില്ലല്ലോ… അവരു തമ്മില്‍ ഭയങ്കര സ്നേഹമാ എന്നൊക്കെയാണെന്ന് തോന്നുന്നു അവള്‍ടെ ധാരണ. അതോണ്ടാ അവളങ്ങനെ പറഞ്ഞെ…

എന്‍റെ കര്‍ത്താവേ… കുഞ്ഞേപ്പച്ചന്‍ സങ്കടപ്പെട്ടു

മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങ വീണെന്ന് പണ്ടാരോ പറഞ്ഞതുപോലെയായല്ലോ… ങ് എന്നിട്ട്…

അത് സോജനും ലിസീം അറിഞ്ഞു… ത്രേസ്യാമ്മ സങ്കടത്തോടെ പറഞ്ഞു.

കൊള്ളാം… ആത്മനിന്ദയോടെ കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

കാരണം നോക്കിയിരിക്കുവായിരുന്നല്ലോ രണ്ടാളും… ഇനി ഇവിടെ കിടക്കപ്പൊറുതിയില്ലാതാകും. പണ്ടേ നമുക്ക് രണ്ടാള്‍ക്കും ബിനൂനോടാ സ്നേഹക്കൂടുതലെന്ന് സോജന് ഒരു വര്‍ത്തമാനമുണ്ട്… അല്ല അവനെക്കൊണ്ട് അവള് ലിസി അങ്ങനെ ചിന്തിപ്പിച്ചെടുത്തിട്ടുമുണ്ട്. ഇപ്പോ ഇതും കൂടിയാകുമ്പോ നല്ല ശേലായി.

ഉം… ത്രേസ്യാമ്മ തല ചലിപ്പിച്ചു.

എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെ അപ്പോ അവള് ലിസി നമ്മള് പെണ്ണുകാണാന്‍ പോയ കാര്യോം പറഞ്ഞു… എല്ലാം ഒരു നാടകമായിരുന്നുവെന്ന് ബിനു മനസ്സിലാക്കി.

എന്നിട്ട് അവനെവിടെ…കുഞ്ഞേപ്പച്ചന് അതായിരുന്നു അറിയേണ്ടത്.

അവന്‍ പോയി… ജനലഴികള്‍ക്കിടയിലൂടെ പുറത്തേയ്ക്ക് നോക്കി ത്രേസ്യാമ്മ പറഞ്ഞു.

അവന്‍ മിടുക്കനായി വരുവായിരുന്നു… നിങ്ങള് കണ്ടില്ലല്ലോ. വണ്ടിയോടിച്ചാ അവന്‍ വന്നത്. അതേ സ്പീഡില്‍ തിരിച്ചുപോയി… ഇനി അവന് അവന്‍റെ വഴിയാണത്രെ…

എന്തൊക്കെയാ സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ലെന്‍റെ മാതാവേ.. ശരിയാ എന്‍റെ ഭാഗത്താ തെറ്റ്… ഉന്തിമരം കേറ്റിയാ ശരിയാവുകേലെന്ന് എല്ലാരും പറഞ്ഞു… പക്ഷേ ഞാന്‍ സ മ്മതിച്ചില്ല. പൊഴേലൂടെ ഒഴുകിവരുന്ന വിറക് കമ്പ് തടഞ്ഞുകിടക്കുമ്പോ ആരെങ്കിലും ഒന്ന് തട്ടിക്കൊടുത്താ അത് വീണ്ടും ഒഴുകിപ്പൊക്കോളും എന്നും പറഞ്ഞു. ഇല്ല… അതും ശരിയായിരുന്നില്ല…

ത്രേസ്യാമ്മ നെഞ്ച് തിരുമ്മി… അവര്‍ക്ക് ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. മുഖം വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു.

എനിക്ക് സഹിക്കാന്‍ വയ്യെന്‍റെ കര്‍ത്താവേ… എന്‍റെ മോന്‍… അവന്‍ എന്നെ നോക്കിയ നോട്ടം…

ത്രേസ്യാമ്മ കട്ടിലിലേക്ക് മുഖം കുത്തി കിടന്നു.

കുഞ്ഞേപ്പച്ചനും വല്ലാത്ത തളര്‍ച്ച തോന്നി. അത് ബിനു പിണങ്ങിപ്പോയതുകൊണ്ടു മാത്രമായിരുന്നില്ല ഇത്രയും കാലത്തെ ദാമ്പത്യബന്ധത്തിനിടയില്‍ ത്രേസ്യാമ്മയെ ഇതുപോലെ ദുര്‍ബലയായി അയാളൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. ഏതു പ്രശ്നത്തെയും തെല്ലും കൂസാതെ നേരിട്ടിട്ടേയുള്ളൂ ത്രേസ്യാമ്മ. ഉള്ള് കലങ്ങുമ്പോഴും അവര്‍ ആ പതര്‍ച്ച പുറമേയ്ക്ക് കാണിക്കാറുമില്ലായിരുന്നു.

പക്ഷേ ഇപ്പോള്‍… ആദ്യമായി…

ഈ സംഭവം ത്രേസ്യാമ്മയെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടെന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ലോകത്ത് ഒരമ്മയും ഒരുപക്ഷേ മകന്‍റെ വിവാഹത്തിന് വേണ്ടി ഇത്രയും ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ടാവില്ലെന്നും. അയാള്‍ക്ക് തോന്നി. വിവാഹം കഴിപ്പിക്കാന്‍ ഇത്രയേറെ ശ്രമങ്ങളും നടത്തിയിട്ടുണ്ടാവില്ല… വിവാഹം കഴിച്ചതിന് ശേഷവും ടെന്‍ഷന്‍ വിട്ടൊഴിയാതെ കൊണ്ടുനടന്നിട്ടുമുണ്ടാവില്ല. എന്നിട്ടും അവസാനം സംഭവിച്ചത് എന്താണ്… അന്തിയോളം വെള്ളം കോരിയിട്ട് അവസാനം നടയ്ക്കല്‍ കൊണ്ടുവന്ന് കലം ഉടച്ചിരിക്കുന്നു.

നീ ഇങ്ങനെ വിഷമിക്കാതെ… കുഞ്ഞേപ്പച്ചന്‍ ആശ്വസിപ്പിച്ചു.

നമുക്ക് വഴിയുണ്ടാക്കാം… ഇത് വലിയ വിശ്വാസവഞ്ചനയോ ചതിയോ ഒന്നുമല്ലല്ലോ… നീ വിഷമിക്കാതെ…

അയാള്‍ ത്രേസ്യാമ്മയുടെ പുറം തലോടിക്കൊണ്ടിരുന്നു. പെട്ടെന്ന് ത്രേസ്യാമ്മ കട്ടിലിലേക്ക് മറിഞ്ഞുവീണു.

ത്രേസ്യാമ്മേ… അയാള്‍ ഉറക്കെ വിളിച്ചു.

ത്രേസ്യാമ്മയുടെ ശരീരം വിയര്‍ത്തുകുളിച്ചിരിക്കുന്നതായി അയാള്‍ കണ്ടു… കുഞ്ഞേപ്പച്ചന് പതര്‍ച്ചയുണ്ടായി.

അയാള്‍ ഭാര്യയെ കുലുക്കിവിളിച്ചു.

ത്രേസ്യാമ്മേ… എടീ ത്രേസ്യാമ്മേ..

എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല എന്‍റെ നെഞ്ച് പൊട്ടിപോകുവാ… ദയനീയമായിരുന്നു ത്രേസ്യാമ്മയുടെ സ്വരം.

എടാ മക്കളേ… കുഞ്ഞേപ്പച്ചന്‍ തുറന്നുകിടന്ന വാതില്ക്കലേക്ക് നോക്കി ഉറക്കെ വിളിച്ചു. മഴയുടെ ഇരമ്പലില്‍ അതാരും കേട്ടില്ല. എന്തു ചെയ്യണമെന്നറിയാതെ കുഞ്ഞേപ്പച്ചന്‍ നിസ്സഹായനായി. അയാള്‍ ഭാര്യയെ നോക്കി. ത്രേസ്യാമ്മയ്ക്ക് ഓക്കാനം വരുന്നതുപോലെ അയാള്‍ക്ക് തോന്നി.

എടാ സോജാ…

കുഞ്ഞേപ്പച്ചന്‍ തിടുക്കത്തില്‍ എണീറ്റു. അയാള്‍ക്ക് വേഗം നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാലുകള്‍ക്ക് വല്ലാത്ത ബലക്ഷയം. എന്നിട്ടും അതിനെ അവഗണിച്ച് അയാള്‍ സോജന്‍റെ മുറിയിലേക്ക് ഏന്തിവലിഞ്ഞു.

സോജാ… അയാള്‍ മുറിയിലേക്ക് നടക്കുമ്പോഴും വിളിച്ചു. പിന്നെ വാതില്ക്കല്‍ ചെന്ന് ആഞ്ഞിടിച്ചു. എടാ വാതില്‍ തുറക്കെടാ…

ലിസിയാണ് വാതില്‍ തുറന്നത്.

എന്നതാ അപ്പച്ചാ…?

അവിടെ… അമ്മച്ചിക്ക്… കുഞ്ഞേപ്പച്ചന്‍ മുറിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.

അമ്മച്ചിക്ക് ചങ്ക് വേദന… വേദന കൊണ്ട് പുളയുവാ…

കുഞ്ഞേപ്പച്ചന്‍ പരിഭ്രമത്തോടെ അറിയിച്ചു.

എന്നതാ… സോജന്‍ ലിസിക്ക് പിന്നില്‍ പ്രത്യക്ഷപ്പെട്ടു.

അമ്മച്ചിയുടെ രണ്ടാമത്തെ നാടകം തുടങ്ങിയെന്ന്… ലിസി ചിരിയോടെ സോജന് നേരെ തിരിഞ്ഞു.

ചങ്ക് വേദന… ഹാര്‍ട്ടാറ്റാക്ക് അഭിനയം. കള്ളത്തരം പൊളിഞ്ഞതിന്‍റെ ചമ്മലുണ്ടേ… അത് മറയ്ക്കാന്‍ വീണ്ടും വേഷം കെട്ടുന്നതാ…

ആണോ… സോജന് ചെറുതായി സംശയം തോന്നി.

ആണ്… ലിസി തീര്‍ത്തുപറഞ്ഞു. പിന്നെ സോജന് ആശങ്കയൊന്നും തോന്നിയില്ല.

അല്ലെടാ മോനേ… അന്ന് അമ്മച്ചി എന്നോട് അക്കാര്യം പറഞ്ഞായിരുന്നു എന്നത് ശരിയാ… പക്ഷേ ഇത് അതുപോലെയല്ല.

അപ്പച്ചന്‍ ചെല്ല്… ഇതൊക്കെ അമ്മച്ചീടെ വെറും നമ്പരാ… സോജന്‍ പറഞ്ഞു.

അല്ലെടാ മോനേ… ഇത് അങ്ങനെയല്ല… ശരിക്കും… കുഞ്ഞേപ്പച്ചന്‍ തീര്‍ത്തു പറഞ്ഞു.

പുലിവരുന്നേ പുലി വരുന്നേ എന്ന് പണ്ടാരോ പറഞ്ഞതുപോലെയാ അമ്മച്ചീടേം കാര്യം… ഇനി ഹാര്‍ട്ട് അറ്റാക്ക് സത്യമായിട്ട് വന്നാലും ഞാന്‍ വിശ്വസിക്കുകേലാ… നിങ്ങള് വാ… ലിസി കിടക്കയുടെ അരികിലേക്ക് നടന്നു.

എടാ മോനേ സോജാ… എന്ന് കുഞ്ഞേപ്പച്ചന്‍ പറയാന്‍ ഭാവിച്ചതും സോജന്‍ വാതിലടച്ചതും ഒരുമിച്ചായിരുന്നു.

അപ്പച്ചന്‍ ഇങ്ങനെ അമ്മച്ചീടെ നാടകത്തിനെല്ലാം കൂട്ടുനില്ക്കരുത് കേട്ടോ… വാതില്‍ അടയ്ക്കുമ്പോള്‍ കുഞ്ഞേപ്പച്ചനെ ഉപദേശിക്കാനും അയാള്‍ മറന്നില്ല. കുഞ്ഞേപ്പച്ചന്‍ ഞെട്ടിപ്പോയി. രണ്ടാമതും വാതിലില്‍ മുട്ടിവിളിക്കാന്‍ അയാള്‍ ശ്രമിച്ചു. അടുത്ത നിമിഷം അത് വേണ്ടെന്ന് വച്ചു. കുഞ്ഞേപ്പച്ചന്‍ ബിനുവിന്‍റെ മുറിയിലേക്ക് നടന്നു.

അതും അടഞ്ഞുകിടക്കുകയായിരുന്നു.

എത്സേ… എത്സ കൊച്ചേ… കുഞ്ഞേപ്പച്ചന്‍ വാതിലില്‍ ഇടിച്ചു. കരഞ്ഞുതോരാത്ത മുഖത്തോടെ എത്സ വന്ന് വാതില്‍ തുറന്നു.

എടീ മോളേ നീ ബിനൂനെ വിളിക്ക്… അമ്മച്ചിക്ക് തീരെ വയ്യ… ചങ്കിന് വേദന… എന്തെങ്കിലും ചെയ്യണം… ഇല്ലേല്‍… അയാള്‍ അത് പൂര്‍ത്തിയാക്കിയില്ല.

എത്സ കണ്ണു തുടച്ചുകൊണ്ട് ഫോണെടുക്കാന്‍ പോയി… കുഞ്ഞേപ്പച്ചന്‍റെ മുമ്പില്‍ നിന്നുകൊണ്ട് തന്നെ അവള്‍ ബിനുവിന് ഫോണ്‍ ചെയ്തു… അങ്ങേ തലയ്ക്കല്‍ ഫോണ്‍ റിംങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല.

ഫോണ്‍ എടുക്കുന്നില്ല… എത്സ അറിയിച്ചു.

നീ ഒന്നുകൂടി വിളിക്ക്… എത്സ രണ്ടാമതും ശ്രമിച്ചു.

ഫോണ്‍ സ്വിച്ച്ഡോഫ്… എത്സയ്ക്ക് സന്ദേശം കിട്ടി.

ഓഫ് ചെയ്തു… നിസ്സഹായതയോടെ എത്സ അറിയിച്ചു. കുഞ്ഞേപ്പച്ചന്‍ വീണ്ടും തളര്‍ന്നു.

എത്സ ത്രേസ്യാമ്മയുടെ മുറിയിലേക്ക് ഓടിച്ചെന്നു.

ത്രേസ്യാമ്മ വേദനയാല്‍ പുളയുന്നത് അവള്‍ കണ്ടു… അവര്‍ മുറിയില്‍ ഇപ്പോള്‍ ഛര്‍ദ്ദിച്ചിട്ടുമുണ്ടായിരുന്നു.

അമ്മച്ചീ… ത്രേസ്യാമ്മയുടെ അരികില്‍ ഇരുന്ന എത്സ വിളിച്ചു. അവള്‍ക്ക് കരച്ചില്‍ വന്നു.

അമ്മച്ചീ…

എന്‍റെ മോന്‍… ബിനു… ത്രേസ്യാമ്മയ്ക്ക് എന്തോ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് പിന്നെ ഒരുവാക്കും പുറത്തേയ്ക്ക് വന്നില്ല. ത്രേസ്യാമ്മ പെട്ടെന്ന് ബോധരഹിതയായി.

അമ്മച്ചീ… എത്സ ചങ്കുലച്ച് വിളിച്ചു.

ചേട്ടായീ… അവള്‍ ഉറക്കെ വിളിച്ചു. ചേച്ചീ…

അവര് വരില്ല മോളേ… തിരികെ മുറിയിലെത്തിയ കുഞ്ഞേപ്പച്ചന്‍ അറിയിച്ചു.

എത്സ പരിഭ്രമത്തോടെ ഫോണെടുത്തു.

നീ ആരെയാ വിളിക്കാന്‍ പോകുന്നെ..

ബിന്‍സിയെ… ഡോക്ടറെ…

ഫോണ്‍ റിംങ് ചെയ്യുന്നതിന്‍റെ ശബ്ദം കേട്ടുകൊണ്ട് എത്സ മറുപടി നല്കി. എത്സയുടെ കോള്‍ വരുമ്പോള്‍ ഡോക്ടര്‍ ബിന്‍സി ഡ്രൈവ് ചെയ്തുപോകുകയായിരുന്നു. എത്സയുടേതാണ് കോള്‍ എന്നറിഞ്ഞപ്പോള്‍ ബിന്‍സി റോഡിന്‍റെ അരികിലേക്കായി കാര്‍ സ്ലോ ചെയ്തു.

ഫോണെടുത്തതും എത്സയുടെ കരച്ചില്‍ ബിന്‍സിയുടെ കാതുകളിലെത്തി. ബിന്‍സി നടുങ്ങിപ്പോയി.

എന്താ എത്സേ നീയെന്തിനാ കരയുന്നെ…?

അമ്മച്ചിക്ക് ചങ്കുവേദന… വേഗം വരണം…

പേരമ്മയ്ക്കോ? ബിന്‍സി ചോദിച്ചു.

അവിടെ ചേട്ടായി ഇല്ലേ… വേഗം ആശുപത്രിയിലെത്തിക്കാന്‍ നോക്ക്…

ആരും വരില്ല… എത്സ കരഞ്ഞു.

പേരമ്മയ്ക്ക് ബോധമുണ്ടോ?

ഇല്ല… ഇപ്പോ അണ്‍കോഷ്യസായി… ഞാനെന്താ ചെയ്യണ്ടെ… സിപിആര്‍ കൊടുക്കട്ടെ…

എത്സ ഇങ്ങോട്ട് ചോദിച്ചതുകേട്ടപ്പോള്‍ ബിന്‍സിക്ക് ആശ്വാസം തോന്നി. എത്സയ്ക്ക് അത് അറിയാമല്ലോ… മിടുക്കി.

കൊടുക്ക്… ഞാന്‍ ഇപ്പോ തന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ചുപറഞ്ഞ് ആംബുലന്‍സുമായി വരാം. അടുത്ത നിമിഷം ബിന്‍സി ചോദിച്ചു.

ബിനുവിനെ വിളിച്ചുപറഞ്ഞോ?

ഇല്ല ഫോണെടുക്കുന്നില്ല.

ഉം… ബിന്‍സി ഫോണ്‍ കട്ട് ചെയ്തു. അവള്‍ അപ്പോള്‍തന്നെ ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് ആവശ്യപ്പെട്ടു. ആംബുലന്‍സ് ബിന്‍സിയെയും കൊണ്ടാണ് വീട്ടിലെത്തിയത്. ബിന്‍സി വരുമ്പോള്‍ എത്സ ത്രേസ്യാമ്മയ്ക്ക് കൃത്രിമ ശ്വാസോച്ഛാസം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.

ആംബുലന്‍സിന്‍റെ നീണ്ട നിലവിളി കേട്ടപ്പോഴാണ് സോജനും ലിസിയും മുറിയുടെ വെളിയിലേക്ക് വന്നത്. അവര്‍ കണ്ടത് ആശുപത്രി സ്റ്റാഫ് സ്ട്രെച്ചറുമായി ത്രേസ്യാമ്മയുടെ മുറിയിലേക്ക് പോകുന്നതാണ്. അവര്‍ക്ക് മുമ്പേ അകത്തേയ്ക്ക് നടന്ന ബിന്‍സി സോജന്‍റെയും ലിസിയുടെയും നേര്‍ക്ക് കത്തുന്ന നോട്ടം നല്കാനും മറന്നില്ല. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ഇരുവര്‍ക്കും മനസ്സിലായി.

ആംബുലന്‍സ് വീട്ടുമുറ്റത്തുനിന്ന് തിരിച്ചു. സോജന്‍ ഓടിവന്ന് കയറാന്‍ തുടങ്ങിയപ്പോള്‍ ബിന്‍സി തടഞ്ഞു.

ഇനി ചേട്ടായിടെ സഹായം വേണ്ട… അവള്‍ പരുഷതയോടെ അറിയിച്ചു. അയാള്‍ക്ക് മുമ്പില്‍ ആംബുലന്‍സിന്‍റെ ഡോര്‍ അടഞ്ഞു. സോജന്‍ വല്ലാതെയായി പോയി.

എന്‍റെ കര്‍ത്താവേ… നെഞ്ചില്‍ കൈവച്ച് കുഞ്ഞേപ്പച്ചന്‍ മുറ്റത്തുനിന്നു.

കാത്തോളണേ… എന്‍റെ ത്രേസ്യാമ്മയെ കാത്തോളണേ… അയാള്‍ ആകാശങ്ങളിലേക്ക് നോക്കി കൈകള്‍കൂപ്പി പ്രാര്‍ത്ഥിച്ചു.

ആംബുലന്‍സ് ഗെയ്റ്റ് കടന്നു. അത് ആശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞു. എത്സയുടെ കയ്യില്‍ ത്രേസ്യാമ്മ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള പാതിവഴിയില്‍ വച്ച് ത്രേസ്യാമ്മ ഒരിക്കല്‍കൂടി ഛര്‍ദ്ദിച്ചു. എത്സയെ പിടിച്ചിരുന്ന കൈകള്‍ അപ്പോള്‍ അയഞ്ഞു. അത് താഴേയ്ക്ക് ജീവനറ്റ് ഊര്‍ന്നുവീണു.

അമ്മച്ചീ… എത്സ ചങ്കുപൊടിഞ്ഞ് വിളിച്ചു

ആംബുലന്‍സിന്‍റെ ചുവന്ന സൈറണ്‍ നിലച്ചു. ബിന്‍സി ത്രേസ്യാമ്മയുടെ നാഡിമിടിപ്പ് പരിശോധിച്ചു. പിന്നെ അനിവാര്യമായ വിധിക്ക് മുമ്പില്‍ അവള്‍ നിസ്സഹായതയോടെ കണ്ണടച്ചു. മഴ അപ്പോഴും പെയ്തുതോര്‍ന്നിരുന്നില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org