Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 29

ഒരു കുടുംബകഥ കൂടി… അധ്യായം 29

Sathyadeepam

വിനായക് നിര്‍മ്മല്‍

ആകാശം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെയായിരുന്നു അത്. കൈ നീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ മേഘങ്ങള്‍ ഒഴുകി നടന്നു. മേഘങ്ങള്‍ക്കിടയില്‍ അവര്‍. ത്രേസ്യാമ്മയും ബിനുവും. ത്രേസ്യാമ്മയ്ക്ക് നാല്പതുകാരിയുടെ ചെറുപ്പം. അവരുടെ എളിയിലായി മൂന്നുവയസുകാരന്‍റെ ഓമനത്തത്തോടെ ബിനു.

മോന്‍ ഇങ്ങ് നോക്കിക്കേ… കണ്ടോ ആകാശം… ആകാശത്തു കണ്ടോ ഈശോപ്പ.

എന്ത്യേ ഈശോപ്പ… ബിനു ചുറ്റിനും നോക്കി.

ദാ ഇവിടെ… ത്രേസ്യാമ്മ മുകളിലേക്ക് വിരല്‍ചൂണ്ടി. ത്രേസ്യാമ്മയുടെ ചുണ്ടുവിരലിലൂടെ ബിനുവും മുകളിലേക്ക് നോക്കി. അപ്പോള്‍ അവന്‍റെ വായ് തുറന്നു. ആ ചെറിയ വായിലേക്ക് ത്രേസ്യാമ്മ ചോറുരുള വച്ചുകൊടുത്തു.

അങ്ങനെ… മിടുക്കന്‍… ത്രേസ്യാമ്മ ബിനുവിന്‍റെ കവിളില്‍ ഒരുമ്മ കൊടുത്തു. നാല്പത്തിരണ്ടാം വയസ്സില്‍ കാലം തെറ്റിയെന്നോണം അപ്രതീക്ഷിതമായി ജനിച്ചവന്‍… എന്‍റെ ചക്കരക്കുട്ടന്‍… എത്ര കണ്ടിട്ടും മതിയാവാത്തതുപോലെ ത്രേസ്യാമ്മ ബിനുവിനെ നോക്കി.

അമ്മാമം കഴിച്ച് വലിയ ആളാകണ്ടെ… അ പഠിക്കാന്‍ പോകണ്ടെ… വാ തുറക്ക്… കണ്ടോ കാക്ക മുട്ട…

അടുത്ത ചോറുരുള വായില്‍ വച്ചുകൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ത്രേസ്യാമ്മ. ബിനു അറിയാതെയെന്നോണം വീണ്ടും വായ് തുറന്നു.

ബിനൂ… പെട്ടെന്ന് കാതുകളില്‍ മറ്റാരുടെയോ വിളി.

ബിനൂ… കുറച്ചുകൂടി ഉച്ചത്തിലായിരുന്നു അത്.

ങ്… ബിനു ഞെട്ടി കണ്ണു തുറന്നു. ആകാശം മാഞ്ഞുപോയി… മേഘങ്ങള്‍ അകന്നുപോയിരിക്കുന്നു… അമ്മിച്ചിയില്ല… അമ്മിച്ചിയുടെ എളിയില്‍ മൂന്നു വയസ്സുകാരനായി താനുമില്ല. എവിടെ പോയി അമ്മിച്ചി… ഹോ എന്തൊരു മനോഹരമായ സ്വപ്നമായിരുന്നു അത്. ബിനു പരിഭ്രമത്തോടെ ചുറ്റിനും നോക്കി. കണ്ണു തുറന്നു നോക്കിയപ്പോള്‍ ആരെയും അടുത്തൊന്നും കണ്ടില്ല. അവന്‍ കട്ടിലില്‍ എണീറ്റിരുന്നു. ഇത് രാത്രിയാണോ പകലാണോ… ഇതേതാണ് ദിവസം… താന്‍ ഏതോ അന്യഗ്രഹത്തിലാണ് കഴിയുന്നതെന്ന് ബിനുവിന് തോന്നി. പക്ഷേ മരണഗന്ധം ഇവിടെ നിന്ന് വിട്ടുപോയിട്ടില്ല… ചുവരുകള്‍ക്കിടയില്‍ നിന്ന് അടക്കിപിടിച്ചെന്നോണം ചരമഗീതങ്ങള്‍ ഉയരുന്നു. ദിവസങ്ങളെത്രയാണ് കടന്നുപോയത്… കൃത്യമായി അറിയില്ല.

ബിനൂ… വീണ്ടും വിളി… ഇപ്പോള്‍ അവന് മനസ്സിലായി ചേച്ചിയുടെ ശബ്ദമാണ്. ബിനു സാവധാനം മുറിയുടെ വെളിയിലേക്ക് നടന്നു. അത്താഴമേശയില്‍ കുഞ്ഞേപ്പച്ചനുണ്ട്… സോജനുണ്ട്… ലിസിയുണ്ട്… രാത്രിയാണ്. മുറിയില്‍ എങ്ങും വെളിച്ചമുണ്ട്.. ബിനു തിരിച്ചറിഞ്ഞു. അവന്‍ മേശയുടെ നേര്‍ക്ക് നടന്നുവരുന്നത് മറ്റുളളവര്‍ നോക്കി നിന്നു.

എത്ര പെട്ടെന്നാണ് മനുഷ്യരുടെ ജീവിതം മാറി മറിയുന്നത്. ഇന്നലെ വരെ എത്ര ഉന്മേഷവാനും പ്രസന്നവദനനുമായി നടന്നിരുന്ന വ്യക്തിയായിരുന്നു ബിനു. ഇപ്പോള്‍ കണ്ടില്ലേ ആ രൂപം. ബിനു കസേര വലിച്ചിട്ട് ഇരുന്നു.

നീ ഇങ്ങനെ വിഷമിച്ചു നടന്നാ മരിച്ചുപോയവര്‍ തിരിച്ചുവരുമോടാ… കുഞ്ഞേപ്പച്ചന്‍ സങ്കടം കലര്‍ന്ന ദേഷ്യഭാവത്തില്‍ ബിനുവിനോട് ചോദിച്ചു.

ചങ്ക് തിരുമ്മി മരിക്കാന്‍ പറ്റുമോ നമുക്ക്… ജനനമുണ്ടെങ്കീ മരണവും ഉണ്ട്… ഇഷ്ടമില്ലാത്തവര്‍ മാത്രമല്ല ഇഷ്ടമുള്ളവരും പിരിഞ്ഞുപോകും. എല്ലാം കൂടിചേര്‍ന്നതാ ജീവിതം…

കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

ജീവിതം… ബിനു ചിരിച്ചു. അതിന്‍റെ അര്‍ത്ഥം തനിക്ക് പിടികിട്ടുന്നില്ലെന്ന് ബിനു തന്നോട് തന്നെ പറഞ്ഞു.

നിന്നേക്കാള്‍ ദെണ്ണം എനിക്കല്ലേ ഉണ്ടാവണ്ടെ… മുഖം കറുത്തൊരു വാക്ക് അവളോടെനിക്ക് പറയേണ്ടിവന്നിട്ടില്ല. ഒരമ്മ കൊച്ചിനെ കൊണ്ടുനടക്കുന്നതുപോലെ അവളെന്നെ കൊണ്ടുനടന്നു… എന്‍റെ പിടിവാശികളും മുന്‍കോപവും മണ്ടത്തരങ്ങളും എല്ലാം സഹിച്ച്… എനിക്ക് അവള്‍ എല്ലാമായിരുന്നു, എല്ലാം…

കുഞ്ഞേപ്പച്ചന്‍ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി. തോളത്ത് കിടന്ന തോര്‍ത്തെടുത്ത് അയാള്‍ കണ്ണ് തുടച്ചു.

…എന്നിട്ട് അവസാനം പോകാന്‍ നേരത്ത്… ബിനു പാത്രത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കയ്യിട്ട് വെറുതെ ഇരുന്നു. കുറ്റബോധത്തിന്‍റെ കാറ്റ് സോജന്‍റെ മനസ്സിലൂടെയും കടന്നുപോകുന്നുണ്ടായിരുന്നു. താന്‍ അല്പം കൂടി ചാച്ചന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധ കൊടുത്തിരുന്നുവെങ്കില്‍… പകരം ഭാര്യയുടെ വാക്കുകളെ താന്‍ മാനിച്ചു. പുലിവരുന്നേ പുലി കഥയുടെ ഉദാഹരണം പറഞ്ഞ് അവള്‍ അമ്മച്ചിയുടെ നെഞ്ച് വേദനയെ നിസ്സാരവല്ക്കരിച്ചു. താനും അതിന് കൂട്ടുനിന്നു. ത്രേസ്യാമ്മ മരിച്ച ആ ദിനം ലിസിയുടെ കവിളത്ത് ആഞ്ഞടിച്ചാണ് സോജന്‍ തന്‍റെ സങ്കടവും കുറ്റബോധവും അമര്‍ഷവും പലപ്പോഴായി ലിസിയോട് ഉള്ളില്‍ കെട്ടിക്കിടന്ന നീരസവും പ്രകടമാക്കിയത്.

ഇനി ഈ വീട്ടില്‍ എന്‍റെ വാക്കേ നടക്കൂ… നിന്‍റെ വാക്ക് എന്നൊക്കെ ഞാന്‍ വിശ്വസിച്ചോ അന്നൊക്കെ എനിക്ക് നഷ്ടമേ വന്നിട്ടുള്ളൂ എന്ന് അയാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സോജന്‍റെ ആ ഭാവമാറ്റം ലിസിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞിരുന്നു. തന്‍റെ ചൊല്പ്പടിക്ക് നില്ക്കുമെന്ന് താന്‍ കരുതിയിരുന്ന, താന്‍ എല്ലായ്പ്പോഴും അങ്ങനെ നിര്‍ത്തിയിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ തനിക്ക് മീതെ ഉയര്‍ന്നുനില്ക്കുന്ന പദവി കൈവരിച്ചിരിക്കുന്നത് അവളെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഭാര്യ ഭര്‍ത്താവിന് മീതെ നില്ക്കേണ്ടവളല്ല എന്ന് അവള്‍ ആദ്യമായി തിരിച്ചറിയുകയും ചെയ്തു.

നീ ഉണ്ണാതെയും മിണ്ടാതെയും പുറത്തേക്കിറങ്ങാതെയും ഇവിടെയിങ്ങനെ കഴിഞ്ഞാ മരിച്ചുപോയവര്‍ തിരിച്ചുവരുമോ ഇല്ലല്ലോ… ശരിയാ നമുക്കെല്ലാവര്‍ക്കും തെറ്റുകളുണ്ടായിട്ടുണ്ട്, ഓരോരുത്തര്‍ ഇങ്ങനെ മരണത്തിന്‍റെ പേരില്‍ പിരിഞ്ഞുപോയിക്കഴിയുമ്പോഴാ നമുക്ക് അതൊക്കെ മനസ്സിലാവുന്നെ… ഇനി നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ. അമ്മിച്ചിയുടെ ഇഷ്ടമനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക… പ്രത്യേകിച്ച് നീ…

അതുവരെ നിശ്ശബ്ദനായിരുന്ന സോജനാണ് അത് പറഞ്ഞത്.

…അമ്മിച്ചി ചെയ്തതെല്ലാം ഈ കുടുംബത്തിന്‍റെ നന്മയ്ക്ക് വേണ്ടിയായിരുന്നു… ചിലപ്പോഴൊക്കെ നമുക്ക് ദേഷ്യം തോന്നിയിട്ടുണ്ട്… സമ്മതിച്ചുകൊടുക്കാതെയുമിരുന്നിട്ടുണ്ട്… പക്ഷേ ഇപ്പോ അമ്മച്ചി ഇല്ലാത്ത സമയത്ത്, വെറുതെ പുറകോട്ട് തിരിഞ്ഞൊന്ന് ആലോചിച്ചുനോക്കുമ്പോ മനസ്സിലാവുന്നുണ്ട് അമ്മച്ചി ചെയ്തതെല്ലാം ശരികളായിരുന്നു… ആ ശരികളില്‍ നിന്ന് തെറ്റുകളുണ്ടായത് നാം അത് കൈകാര്യം ചെയ്ത രീതി തെറ്റിപ്പോയതുകൊണ്ടാ… അല്ലാതെ അമ്മച്ചി തെറ്റായതുകൊണ്ടായിരുന്നില്ല. നിന്‍റെ കല്യാണക്കാര്യോം അങ്ങനെ തന്നെയായിരുന്നു.

ബിനു പെട്ടെന്ന് തലയുയര്‍ത്തി സോജനെ നോക്കി.

അടിപിടിയോ മദ്യപാനമോ അങ്ങനെയെന്തെങ്കിലും പുറമേയ്ക്ക് കാണാന്‍ കഴിയുന്ന പ്രശ്നമായിരുന്നെങ്കീ അത് പരിഹരിക്കാന്‍ കഴിയുമായിരുന്നു… പക്ഷേ ഇത് നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും പുറമേയ്ക്ക് കാണാന്‍ കഴിയാത്ത എന്തോ ആണ്… എന്താണ് നിങ്ങള്‍ക്കിടയിലെ ശരിയായ പ്രശ്നം? സോജന്‍ ബിനുവിനോട് ചോദിച്ചു.

ഒരുതരം ശീതയുദ്ധമാണെന്ന് തോന്നുന്നു നിങ്ങള്‍ക്കിടയിലുള്ളത്… ആരാണ് വലുതെന്നോ ആരാണ് ചെറുതെന്നോ മട്ടിലുള്ളത്… നീ പറ നിങ്ങള്‍ക്കിടയില്‍ എന്താണ് പ്രശ്നം? ഇപ്പോ നമ്മുടെ അമ്മിച്ചി പെട്ടെന്ന് പോകാന്‍തന്നെ ഇതും കാരണമായിട്ടുണ്ട്… അതോണ്ട് അമ്മിച്ചിയുടെ ആത്മാവിനെങ്കിലും സന്തോഷം കിട്ടാന്‍ നിങ്ങളിത് പറഞ്ഞേ തീരു…

എന്ത് പറയാന്‍… ബിനു കൈമലര്‍ത്തി.

എനിക്കൊന്നും പറയാനില്ല… ബിനു കസേരയില്‍ നിന്നെണീറ്റു. നീ ഒന്നും കഴിച്ചില്ലല്ലോ… കുഞ്ഞേപ്പച്ചന്‍ വിഷമിച്ചു.

നിനക്കോ? സോജന്‍ എത്സയുടെ നേരെ തിരിഞ്ഞു. ഊണുമുറിയുടെ അങ്ങേ ചെരിവിലെ ഭിത്തിയില്‍ ചാരി നില്ക്കുകയായിരുന്നു എത്സ. അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് സോജന്‍ കണ്ടു. എത്സ ഒന്നും ഇല്ലെന്ന ഭാവത്തില്‍ ശിരസ്സ് ചലിപ്പിച്ചു. സോജന്‍ ദീര്‍ഘമായി നിശ്വസിച്ചു.

ഏതു പ്രശ്നത്തിനും പരിഹാരമുളള കാലമാ ഇത്… കൗണ്‍സലിംങ്, തെറാപ്പി… പക്ഷേ രണ്ടുകൂട്ടരും മനസ്സ് കാണിക്കണമെന്ന് മാത്രം. ഇവിടെയുള്ള എല്ലാവരേക്കാളും വിവരമുള്ളവരല്ലേ നിങ്ങള്‍… ആ നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാലോ…?

അതിന് ചെവി കൊടുക്കാതെ ബിനു ഭക്ഷണം കഴിക്കാതെ മുറിയിലേക്ക് നടന്നു.

എത്സ  കിടപ്പുമുറിയില്‍ എത്തുമ്പോള്‍ ബിനു പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു. എത്സ വാതില്‍ ചേര്‍ത്തടച്ചു. ത്രേസ്യാമ്മയുടെ മരണം കഴിഞ്ഞപ്പോള്‍ അവള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു, ബിനു തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുമെന്ന്… ഇപ്പോള്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നു മാത്രമല്ല പ്രതീക്ഷിക്കാന്‍ കൂടി ഒന്നുമില്ലാതെയും ആയിരിക്കുന്നു. തങ്ങള്‍ കൂടുതല്‍ സ്നേഹിക്കണമെന്നും അടുക്കണമെന്നും ആഗ്രഹിച്ചിരുന്നത് ത്രേസ്യാമ്മയായിരുന്നുവെന്ന് ഇപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്. പക്ഷേ ത്രേസ്യാമ്മയുടെ വേര്‍പാട് പ്രശ്നം വഷളാക്കിയിരിക്കുന്നു. ഏതോ വിഷാദങ്ങളുടെ വന്‍കരയില്‍ പെട്ടുപോയതുപോലെയായിരുന്നു ബിനു.

കിടക്കുന്നില്ലേ… എത്സ  ശബ്ദം താഴ്ത്തി ചോദിച്ചു.

അതിന് മറുപടി പറയാതെ ബിനു മറ്റൊന്ന് പറഞ്ഞു.

എനിക്കൊരു കാര്യം പറയാനുണ്ട്…

എത്സ അവനെ ആകാംക്ഷയോടെ നോക്കി.

നമുക്ക് പിരിയാം… അതാണ് നല്ലത്… ബിനു അവളുടെ മുഖത്തേക്ക് നോക്കി ശാന്തമായിട്ടാണ് അത് പറഞ്ഞത്. എത്സയുടെ മുഖത്ത് നടുക്കമോ അതിശയമോ പരിഭ്രമമോ ഇല്ലാതിരുന്നത് ബിനുവിനെ അത്ഭുതപ്പെടുത്തി.

എത്സ  ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ജീവിതം നല്കാന്‍ എനിക്കാവില്ല.

കുറ്റസമ്മതം കണക്കെ, കുമ്പസാരം പോലെ ബിനു പറഞ്ഞു.

എനിക്കതറിയാം. തന്നോട് തന്നെയെന്നോണം എത്സ  അതു പറഞ്ഞപ്പോള്‍ നടുങ്ങിയത് ബിനുവായിരുന്നു.

ഒരു ഭാര്യയായി എന്നെ സ്വീകരിക്കാന്‍ ബിനുവിന് ഒരിക്കലും കഴിയില്ല. അത് ബിനുവിന്‍റെ തെറ്റല്ല, ബിനുവിന്, ബിനു ആകാനേ കഴിയൂ… ബിനുവാകാന്‍ മാത്രം…

അവളെന്താണ് പറഞ്ഞുവരുന്നതെന്നോ താന്‍ പറഞ്ഞ വാക്കുകളെ പ്രതി അവള്‍ പൊട്ടിത്തെറിക്കാത്തത് എന്തെന്നാണെന്നോ ബിനുവിന് മനസ്സിലായില്ല.

…മറിച്ച് ഒരു ഫ്രണ്ടായി ബിനുവിന് എന്നെ കാണാന്‍ പറ്റും, സ്നേഹിക്കാനും. പക്ഷേ ഒരിക്കലും ഒരു ഭാര്യയായി സ്വീകരിക്കാന്‍, ഭാര്യയ്ക്ക് നല്കേണ്ടത് നല്കാന്‍… അതൊന്നും ബിനുവിന് കഴിയില്ല.

ജനലഴികളില്‍ പിടിച്ചു നില്ക്കുകയായിരുന്ന ബിനുവിന് അവയിന്മേലുള്ള പിടുത്തം വിട്ടുപോയി.

…കാരണം ബിനുവിന്‍റെ മനസ്സില്‍ ഭാര്യയില്ല, സൗഹൃദങ്ങളേയുള്ളൂ… ബിനുവിന്‍റെ ഉള്ളില്‍ ബിനു പോലും സമ്മതിച്ചുതരാത്ത മറ്റൊരു ബിനുവുണ്ട്… ബിനുവിന് മാത്രം അറിയാവുന്ന ഒരു ബിനു. ശരിയല്ലേ…?

എത്സയുടെ ചോദ്യത്തിന് മുമ്പില്‍ ബിനു പതറിത്തുടങ്ങി.

ബിനുവിന്‍റെ സ്നേഹത്തിന്‍റെ ത്രാസിലെ രണ്ടു തട്ടുകളിലുള്ളത് അമ്മച്ചിയും പിന്നെ…

എത്സ  പൂരിപ്പിച്ചില്ല, ബിനുവിന്‍റെ ചങ്ക് പെരുമ്പറ പോലെ മിടിച്ചു.

…പിന്നെ? അവന്‍ ആശങ്കപ്പെട്ടു.

ജോമോനും… എത്സ പൂരിപ്പിച്ചു.

കളിക്കൂട്ടുകാരായിരുന്നവര്‍… ആത്മാര്‍ത്ഥ സ്നേഹിതര്‍… ഇണപിരിയാത്ത കൂട്ടുകാര്‍… പക്ഷേ അതിനുമപ്പുറം തീവ്രതയുണ്ടായിരുന്നു ബിനുവിന് ജോമോനോടുള്ള സ്നേഹത്തിന്… ജോമോന് ബിനുവിനോടുള്ള സ്നേഹത്തിനും. ആ സ്നേഹത്തിന് എന്തു പേരു നല്കണമെന്ന് എനിക്കറിയില്ല. എത്സ ചിരിച്ചു.

ആ സ്നേഹത്തില്‍ നിന്ന് കുതിച്ചുചാടി ജോമോന്‍ വിവാഹിതനായി… ബിനുവിനെയും അതേ വഴിയിലൂടെ കൊണ്ടുപോകാന്‍ ജോമോന്‍ ശ്രമിച്ചത് അതുകൊണ്ടുകൂടിയാണ്… ഏതൊരാള്‍ക്കും സമൂഹം വില കല്പിക്കുന്നത് അവന്‍റെ കുടുംബത്തിന്‍റെയും കുടുംബമഹിമയുടെയും പേരിലാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും സമ്പത്തും സൗന്ദര്യവും സല്‍സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്‍ അവിവാഹിതനായി നില്ക്കുന്നത് കുടുംബത്തിന്‍റെ മുഴുവന്‍ വേദനയാണ്. അവനെന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നൊരു തീരുമാനത്തിലെത്തിയിരിക്കുന്നു എന്ന് തലപുകഞ്ഞ് ആലോചിക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയാറില്ല, പിന്നെ ഏതെങ്കിലും വഴിയിലൂടെ നിര്‍ബന്ധിച്ചും കണ്ണീരൊഴുക്കിയും ഒപ്പിച്ചെടുക്കുന്ന ഒരു ബന്ധം… ആര്‍ക്കൊക്കെയോ വേണ്ടി ഒന്നും തുറന്നുപറയാന്‍ കരുത്തില്ലാതെ ചെറുപ്പക്കാരനും സമ്മതിക്കുന്നു. അങ്ങനെ നടക്കുന്ന വിവാഹബന്ധങ്ങളില്‍ എത്രയെണ്ണം നിലനില്ക്കുന്നുണ്ട്…? എത്രനാള്‍ നീണ്ടുപോകുന്നുണ്ട്…? വേറെ ചിലത് പുറമേയ്ക്ക് കാണിക്കാതെ മൂടിവച്ച് മുന്നോട്ടുപോകുകയും ചെയ്യും… ആര്‍ക്കും പരിക്കേല്ക്കാതെ… പക്ഷേ അതിനെല്ലാം ഇടയില്‍ പെട്ടുപോകുന്ന ഒരാളുണ്ട്… ദാമ്പത്യജീവിതം മാത്രം സ്വപ്നം കണ്ട് വരുന്ന പെണ്ണ്… ജീവിതം നഷ്ടമാകുന്നത് അവള്‍ക്ക് മാത്രമാണ്…

മതി… മതി പറഞ്ഞത്… ബിനു കിതച്ചു. താന്‍ പൊതുവഴിയില്‍ വച്ച് നഗ്നനാക്കപ്പെട്ടതുപോലെ അവന് തോന്നി. എങ്ങനെയാണ് എത്സ  എല്ലാ കാര്യങ്ങളും കൂട്ടിയെഴുതിയതെന്നാണ് അവന്‍ അത്ഭുതപ്പെട്ടത്. ഒരു മനശ്ശാസ്ത്രവിദഗ്ദയെപോലെ തന്‍റെ മനസ്സിന്‍റെപ്പുറങ്ങള്‍ അവളെങ്ങനെയാണ് വായിച്ചെടുത്തത്?

മതി നിര്‍ത്തി… എത്സ പറഞ്ഞു.

ഞാന്‍ ഇതാരോടും പറയാനും പോകുന്നില്ല… ചില പെണ്ണുങ്ങളൊക്കെ ഉള്ളുതുറന്ന് പറഞ്ഞാല്‍ തീരുന്നതേയുള്ളൂ സമൂഹത്തിലെ പല മിടുക്കന്മാരുടെയും അഭിമാനവും സല്‍പ്പേരും… പക്ഷേ ഇതൊക്കെ ആരെങ്കിലും പറയുകയും അറിയുകയും ചെയ്യേണ്ടേ ഈ സമൂഹത്തോട്… നമ്മുടെ സഭയോട്… ചുരുങ്ങിയ പക്ഷം വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ താല്പര്യമില്ലാതെ നില്ക്കുന്ന ചെറുപ്പക്കാരെ എങ്ങനെയെങ്കിലും പിടിച്ച് പെണ്ണുകെട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അപ്പനമ്മമാരെങ്കിലും… അവരൊക്കെയൊന്ന് റീതിങ്ക് ചെയ്യാനെങ്കിലും… പിരിയാനാണ് എന്നോട് പറയുന്നതെങ്കില്‍ എനിക്ക് സമ്മതമാണ് അത്… അതുകൊണ്ട് ബിനുവിനെങ്കിലും സന്തോഷവും സമാധാനവും കിട്ടുമെങ്കില്‍… പക്ഷേ എനിക്കൊരു സഹായം ചെയ്തുതരണം.

ബിനു അവളെ ദയനീയമായി നോക്കി.

…ഞാന്‍ ഇവിടേയ്ക്ക് തനിയെ വന്നതല്ല…. ഒരു വീട്ടില്‍ നിന്നാണ് ഞാന്‍ വന്നത്… ആ വീട്ടില്‍ എന്നെ കൊണ്ടുവന്നിറക്കണം എന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഇവിടെ നിന്ന് തന്നെ ഇറങ്ങിപ്പോകാന്‍ എനിക്ക് വയ്യ. അതുകൊണ്ട് എന്നെ ഇവിടെ നിന്ന് പറഞ്ഞുവിടാന്‍ കൂടെ വരണം… എന്നിട്ട്… വഴിയിലെവിടെയെങ്കിലും വച്ച് ഉപേക്ഷിച്ചുകൊള്ളൂ… എത്സയുടെ തൊണ്ട ഇടറിയിരുന്നു.

ആരോടും യാത്ര പറയാനും എനിക്ക് വയ്യ… നേരം പുലരുന്നതിന് മുമ്പ് പോയാല്‍ അത്രയും നല്ലത്… എന്‍റെ വീട് എനിക്ക് തുണയാകും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല… പക്ഷേ എനിക്കിപ്പോള്‍ പോകാന്‍ അവിടം മാത്രമേയുള്ളൂ… അവിടെ നിന്ന് വേണം എനിക്ക് എന്‍റെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍..

എത്സ  ഇങ്ങനെ പ്രതികരിച്ചുകളയുമെന്ന് ബിനു കരുതിയിരുന്നില്ല. പിരിയാമെന്ന് താന്‍ പറയുമ്പോള്‍ അതിനൊരിക്കലും അവള്‍ സമ്മതം പറയില്ല എന്നാണ് ബിനു വിചാരിച്ചത്… സ്ത്രീസഹജമായ എല്ലാ സ്വഭാവസവിശേഷതകളോടെയും തന്നെ വിട്ടുപിരിയാന്‍ കഴിയാതെ അവള്‍ കരയുമെന്നും തന്നെ കെട്ടിപ്പിടിക്കുമെന്നും അങ്ങനെയൊന്നും പറയരുതെന്ന് അപേക്ഷിക്കുമെന്നും… പക്ഷേ അതിന് വിപരീതമായ പ്രതികരണമാണ് എത്സയില്‍ നിന്നുണ്ടായിരിക്കുന്നത്.

എല്ലാം തകരുകയാണെന്ന് ബിനുവിന് തോന്നി. എല്ലാം അവസാനിക്കുകയാണ്. അന്ന് രാത്രി മുഴുവന്‍ എത്സ  നിശ്ശബ്ദയായി കിടന്നു കരഞ്ഞു. കരഞ്ഞുകരഞ്ഞ് അവളുടെ തലയണ കുതിര്‍ന്നു. തന്‍റെ ജീവിതം ചുരുങ്ങിയകാലത്തിനുള്ളില്‍ ഇങ്ങനെയെല്ലാം പരിണമിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല… എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. താന്‍ ഭാഗ്യവതിയാണെന്ന് എല്ലാവരും പറഞ്ഞു… ഭാഗ്യം… തന്‍റെ ഭാഗ്യങ്ങളുടെ ആയുസ് ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ… ഈ രാത്രി ഈ വീട്ടിലെ തന്‍റെ അവസാന രാത്രിയാണ്… ഇനിയൊരിക്കലും ഇങ്ങനെയൊരു രാത്രിയുണ്ടാവില്ല.

വെളുപ്പാന്‍കാലമായപ്പോഴേക്കും എത്സ  യാത്രയ്ക്ക് റെഡിയായിക്കഴിഞ്ഞിരുന്നു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് എത്സ  ഇറങ്ങി. അവള്‍ അറിയാതെ പിന്നിലേക്ക് തിരിഞ്ഞുനോക്കി. താന്‍ വിവാഹിതയായി കയറിവന്ന വീട്… ആ വീട്ടില്‍ നിന്നാണ് ഇപ്പോള്‍… എത്സയുടെ കണ്ണ് നിറഞ്ഞു. അവള്‍ ചെന്ന് കാറില്‍ കയറി. ബിനു പോര്‍ച്ചില്‍ നിന്ന് കാര്‍ മുന്നോട്ടെടുത്തു. കാര്‍ ഗെയ്റ്റ് കടന്നു.

ഭര്‍ത്താവ് ഡ്രൈവ് ചെയ്യുന്ന വണ്ടിയില്‍ ആദ്യമായുള്ള യാത്ര… അവസാനത്തേതും. എത്സ  നെടുവീര്‍പ്പെട്ടു. തന്‍റെ ജീവിതം എവിടേയ്ക്കാണ് പോകുന്നത്? ഈ യാത്രയില്‍ എന്താണ് തന്നെ കാത്തുനില്ക്കുന്നത്? എത്സ  തന്നോടു തന്നെ ചോദിച്ചു.

(നോവല്‍ അടുത്ത ലക്കത്തില്‍ അവസാനിക്കും).

Leave a Comment

*
*