ഒരു കുടുംബകഥ കൂടി… അധ്യായം 30

ഒരു കുടുംബകഥ കൂടി… അധ്യായം 30


വിനായക് നിര്‍മ്മല്‍

ബിനു തിരികെ വരുമ്പോള്‍ പോര്‍ച്ചിലും മുറ്റത്തുമായി സോജനും ലിസിയും നില്പുണ്ടായിരുന്നു.

നീയെവിടെ പോയതായിരുന്നു… ഡോര്‍ തുറന്നു പുറത്തിറങ്ങിയ ബിനുവിനോട് സോജന്‍ സംഭ്രമത്തോടെ ചോദിച്ചു.

എത്സയെ കാണുന്നില്ല. ലിസി അറിയിച്ചു.

അവള് പോയി… ബിനുവിന്‍റെ സ്വരം ശാന്തമായിരുന്നു.

പോയോ… എങ്ങോട്ട്? സോജനും ലിസിയും ഒരുമിച്ചാണ് ചോദിച്ചത്.

അവളുടെ വീട്ടിലേക്ക്… ബിനു അകത്തേക്ക് നടന്നു. സോജനും ലിസിയും പരസ്പരം നോക്കി. ബിനു അവരെ ഗൗനിക്കാതെ തന്‍റെ മുറിയിലേക്ക് നടന്നു. ആദ്യത്തെ നടുക്കത്തില്‍ നിന്ന്ഉണര്‍ന്ന് ഇരുവരും ബിനുവിന്‍റെ പുറകെ ചെന്നു. മുറിയുടെ വാതില്ക്കലെത്തിയതും അവരുടെ മുമ്പില്‍ വാതില്‍ കൊട്ടിയടഞ്ഞു.

എടാ…

സോജന്‍ വാതിലില്‍ മുട്ടി. പക്ഷേ ബിനു വാതില്‍ തുറന്നില്ല. ബിനുവിനെ അവന്‍റെ ഏകാന്തതയ്ക്ക് വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് സോജന് തോന്നി. അയാള്‍ അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് ഒരു വട്ടം കൂടി നോക്കി ദീര്‍ഘനിശ്വാസത്തോടെ പിന്തിരിഞ്ഞു.

മുറിയിലെത്തിയ ബിനു കട്ടിലിലേക്ക് വീണു. ബെഡില്‍ കുറുകനെ നീണ്ടുനിവര്‍ന്ന് കിടക്കുമ്പോള്‍ വെറുതെയൊന്ന് പൊട്ടിക്കരയാനായിരുന്നു അവന് ആഗ്രഹം. താന്‍ ഈ ലോകത്തിലേക്കും വച്ചേറ്റവും ഒറ്റപ്പെട്ടവനും അനാഥനുമാണെന്ന് അവനു തോന്നി.

അമ്മച്ചിയില്ലാത്ത വീട്… എത്സയില്ലാത്ത വീട്…

ഇപ്പോള്‍ മുറികളുടെ ചുവരുകള്‍ നാലുവശത്തു നിന്നും തിക്കിത്തിരക്കിവന്ന് തന്നെ ഞെരിഞ്ഞമര്‍ത്തുന്നതു പോലെ ബിനുവിന് അനുഭവപ്പെട്ടു. വല്ലാത്ത ശ്വാസംമുട്ടല്‍. ഇനി എത്സയില്ല… എത്സ തന്‍റെ കൂടെയില്ല… ആ തിരിച്ചറിവ് വല്ലാതെ വേദനിപ്പിക്കുന്നതായി ആദ്യമായി ബിനു തിരിച്ചറിഞ്ഞു. എത്സയുടെ വീട്ടിലേക്കുള്ള റബര്‍ത്തോട്ടം ആരംഭിക്കുന്ന ആ പാതയില്‍ അവളെ വണ്ടിയിറക്കി പോകും നേരത്ത് എത്സ തന്നെ നോക്കിയ നോട്ടം ജീവിതകാലം മുഴുവന്‍ തന്നെ വേട്ടയാടുമെന്ന് അവന് മനസ്സിലായി.

ഒന്നും പറയാതെയുള്ള തീക്ഷ്ണമായ ആ നോട്ടം… അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ… പൂച്ചക്കുഞ്ഞിനെ ആരും കാണാതെ വഴിയില്‍ ഉപേക്ഷിച്ചുപോകുന്നതുപോലെയായിരുന്നില്ലേ താന്‍ അവളെ ഉപേക്ഷിച്ചുകളഞ്ഞത്… അങ്ങനെ ഉപേക്ഷിച്ചുകളയാന്‍ മാത്രം വളരെ നിസ്സാരയായിരുന്നോ എത്സ? അവള്‍ തന്‍റെ ആരായിരുന്നു? അവന്‍ തന്നോടുതന്നെ ചോദിച്ചു.

ബിനു കട്ടിലില്‍ നിന്നെണീറ്റു. അവന്‍റെ കൈയില്‍ ബെഡില്‍ എന്തോ തടഞ്ഞു. ബിനു അതെടുത്തു നോക്കി. സിഡിയായിരുന്നു അത്; ബിനുവിന്‍റെയും എത്സയുടെയും വിവാഹത്തിന്‍റെ സീഡി.

ഇതെങ്ങനെ ഇവിടെ വന്നു. ഒരുപക്ഷേ ഡ്രസ് അടുക്കിവയ്ക്കാന്‍ എടുത്തപ്പോള്‍ അലമാരയില്‍ തിരികെ വയ്ക്കാന്‍ എത്സ മറന്നുപോയതായിരിക്കും. സിഡിയുടെ കവറിലിരുന്ന് എത്സ ചിരിച്ചു. നിഷ്ക്കളങ്കമായ സത്യസന്ധമായ ചിരി. ബിനു അത് നോക്കിയിരുന്നു. എത്സയെ താന്‍ ആദ്യമായി കാണുകയാണെന്ന് അവന് തോന്നി. ഇത്രയും നേരം താന്‍ അവളെ ഇതുവരെ നോക്കിയിരുന്നിട്ടില്ല എന്നും അവന്‍ തിരിച്ചറിഞ്ഞു. പരസ്പരം ഇങ്ങനെ കുറെനേരം നോക്കിയിരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പോലും തങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകുമായിരുന്നു.

പക്ഷേ തനിക്ക് ഒരിക്കലും അവളുടെ അടുത്തിരിക്കാന്‍ സമയം കിട്ടിയില്ല. താന്‍ സമയം കണ്ടെത്തിയില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. മറ്റേതോ ലോകത്തിലായിരുന്നു താന്‍. ഒരുപ ക്ഷേ എത്സയില്‍ നിന്ന് അകന്നുനില്ക്കാനുള്ള വഴികള്‍ തേടുകയായിരുന്നു തന്‍റെ മനസ്സ്.

ബിനു സിഡി, പ്ലെയറിലേക്ക് ഇട്ടു. അവന്‍ ആദ്യമായിട്ടായിരുന്നു തന്‍റെ വിവാഹ വീഡിയോ കാണുന്നത്. വിവാഹത്തിന്‍റെ ചടങ്ങുകള്‍ നോക്കിയിരിക്കുമ്പോള്‍ തന്‍റെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങളെ തിരിച്ചറിയാന്‍ അവന്‍ നന്നേ ബുദ്ധിമുട്ടി. കഴുത്തില്‍ താലി ചാര്‍ത്തിയ നിമിഷം വീണ്ടും കണ്ടപ്പോള്‍ ബിനുവിന്‍റെ മനസ്സില്‍ വലിയൊരു അത്ഭുതം നിറഞ്ഞു.

ഭാര്യ… അവള്‍ നിന്‍റെ ഭാര്യയായിരുന്നു. എവിടെ നിന്നോ ആ വാക്കുകള്‍ ബിനുവിന്‍റെ കാതുകളില്‍ മുഴങ്ങി. നിനക്ക് ഇണയും തുണയുമായി ലഭിച്ചവള്‍… സുഖത്തിലും സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെയുണ്ടാവുമെന്ന് നീ അവള്‍ക്ക് ദൈവതിരുമുമ്പാകെ വാക്കു കൊടുത്തിരുന്നു. എന്നിട്ട് എത്ര നിസ്സാരമായിട്ടാണ് നീ അവളോട് പറഞ്ഞത്, നമുക്ക് പിരിയാമെന്ന്… മനസ്സാക്ഷി തന്നെ വിമര്‍ശിക്കുന്നത് ബിനു അറിഞ്ഞു.

ഒരു പെണ്ണ് വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിക്കുമ്പോള്‍ അവളുടേത് വലിയൊരു സമര്‍പ്പണം കൂടിയായി മാറുന്നുണ്ട്. എത്ര വലിയ റിസ്ക്കാണ് ഒരു പെണ്ണ് ഏറ്റെടുക്കുന്നത്. അവളുടെ വീടും സ്വന്തക്കാരെയും എല്ലാം ഉപേക്ഷിച്ച് ഒരു ദിവസത്തെയോ മണിക്കൂറുകളുടെയോ മാത്രം പരിചയമുള്ള ഒരുവനെ വിശ്വസിച്ച് അവന്‍റെ കൂടെ ജീവിക്കാന്‍ അവള്‍ തയ്യാറാകുന്നതിലും വലിയ റിസ്ക്ക് ഈ ലോകത്ത് മറ്റാരും എടുക്കുന്നില്ല. എന്തു സെക്യൂരിറ്റിയാണ് അവള്‍ക്കുള്ളത്… അന്യവീട്… അന്യരായ ആളുകള്‍…

പുരുഷന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. കാരണം അവന്‍ വീടുപേക്ഷിക്കുന്നില്ല… വീട്ടുകാരെ ഉപേക്ഷിക്കുന്നില്ല. പക്ഷേ അവള്‍… എന്നിട്ടും എല്ലാറ്റിനെയും സ്വന്തമെന്ന് കരുതി സ്നേഹിക്കാനും വിശ്വസിക്കാനും അവള്‍ക്ക് പിന്നീട് കരുത്ത് കിട്ടുന്നത് അള്‍ത്താരയ്ക്ക് മുമ്പില്‍ വച്ചെടുക്കുന്ന ചില പ്രതിജ്ഞകളുടെയും അവന്‍ കഴുത്തില്‍ അണിയിക്കുന്ന ഒരുതരി പൊന്നിന്‍റെയും ബലത്തിലാണ്.

അവളെ സംരക്ഷിക്കുമെന്നും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമുളള തന്‍റേടം ഓരോ പുരുഷനും കാണിക്കേണ്ടിയിരിക്കുന്നു. താന്‍ ഒരു ഭര്‍ത്താവല്ലേ… പുരുഷനല്ലേ… എത്സയെ താന്‍ സ്നേഹിച്ചിരുന്നില്ലേ… തനിക്ക് എന്താണ് സംഭവിച്ചത്…? വീഡിയോയില്‍ എത്സയെ കണ്ടിരിക്കുമ്പോള്‍ അവളോടുള്ള സ്നേഹം ഒരു പുഴ പോലെ തന്നെ കടന്നുപോകുന്നത് ബിനു അറിഞ്ഞു.

അവളുമായുള്ള വേര്‍പാട് ജീവിതത്തിലെ വലിയൊരു ആഘാതം പോലെ അവന് ആദ്യമായി അനുഭവപ്പെട്ടു. എത്സയെ കാണാന്‍ അവനാഗ്രഹം തോന്നി. ഇപ്പോള്‍ തന്നെ എത്സയെ ചെന്ന് കൂ ട്ടിക്കൊണ്ടുവന്നാലോ…? അവള്‍ ഈ മുറിയില്‍ തന്‍റെ അവഗണനയും സ്നേഹരാഹിത്യവും അനുഭവിച്ച് എത്ര നാളാണ് കൂടെ കഴിഞ്ഞത്… അന്നൊന്നും അവളെ ഒരു ഭാര്യയായി കണ്ടില്ല എന്നു മാത്രമല്ല മനുഷ്യവ്യക്തിയായിക്കൂടി പരിഗണിച്ചിരുന്നില്ല. മറ്റേതൊക്കെയോ ഉള്ള സ്നേഹങ്ങളില്‍ അവളെ സ്നേഹിക്കാന്‍ താന്‍ മറന്നുപോയി.

റോസ്മേരി പറഞ്ഞത് ബിനുവിന്‍റെ ഓര്‍മ്മയിലെത്തി. സ്നേഹം തിരസ്ക്കരിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാന്‍ കഴിയില്ല. അതിനോടുള്ള അവരുടെ പ്രതികരണം ഓരോ രീതിയിലായിരിക്കുമെന്ന് മാത്രം.

നീ അവളെ സ്നേഹിക്കണം… നീയല്ലാതെ മറ്റാരാ അവള്‍ക്കുള്ളേ? അമ്മച്ചിയുടെ വാക്കുകള്‍.

അമ്മച്ചിയുടെ ഇഷ്ടമനുസരിച്ച് ജീവിക്കാന്‍ നീ ശ്രമിക്കണം. അപ്പച്ചന്‍റെ വാക്കുകള്‍.

ഒറ്റയ്ക്കൊറ്റയ്ക്ക് എത്രയോ നല്ല വ്യക്തികളാ നിങ്ങള്‍… എന്നിട്ടും ഒരുമിച്ചുചേര്‍ന്നപ്പോ നിങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ച ത്? വീണ്ടും റോസ്മേരിയുടെ വാക്കുകള്‍.

അതെ എന്താണ് തങ്ങള്‍ക്കിടയില്‍ സം ഭവിച്ചത്…? ബിനു ആദ്യമായി ആത്മവിമര്‍ശനം നടത്തി. എത്സ പറഞ്ഞതുപോലെ ജോമോനോടുള്ള തന്‍റെ അതിരുകടന്ന സൗഹൃദമായിരുന്നോ കാരണം? അമ്മച്ചിയോടുള്ള സ്നേഹം മൂലം സംഭവിച്ചതാണോ… വിവാഹം കഴിഞ്ഞിട്ടും അമ്മച്ചിയോട് ചേര്‍ന്നുനിന്നതുകൊണ്ട് സംഭവിച്ചതാണോ അത്?

ജോമോന്‍ തനിക്ക് ആരായിരുന്നു? നന്നേ ചെറുപ്പം മുതല്‍ക്കേ കൂടെയുണ്ടായിരുന്നവന്‍. പരസ്പരം അകന്ന് കഴിഞ്ഞ നാളുകള്‍ വളരെ കുറവായിരുന്നു. സൗഹൃദത്തിനുമപ്പുറം അതിന് നിറമുണ്ടായിരുന്നു. പക്ഷേ അത് എങ്ങനെ എത്സ മനസ്സിലാക്കി.?

ബിനു പെട്ടെന്ന് ചാടിപ്പിടഞ്ഞെണീറ്റ് തന്‍റെ അലമാര തുറന്നുനോക്കി. ഡയറികളുടെ ക്രമം തെറ്റിയിരിക്കുന്നത് അവന് മനസ്സിലായി. മുകളിലായുള്ള ഒരു ഡയറി അവന്‍ പെട്ടെന്ന് കയ്യിലെടുത്തു. അവന്‍റെ കണ്ണുകളില്‍ തടഞ്ഞ പേജിലെ വരികള്‍ ഇങ്ങനെയായിരുന്നു:

ഇനി നിനക്ക് ഞങ്ങള്‍ ആര്‍ക്കും അറിഞ്ഞുകൂടാത്ത എന്തെങ്കിലും രഹസ്യങ്ങളുണ്ടോ… ഐ മീന്‍ മറ്റെന്തെങ്കിലും ഓറിയന്‍റേഷന്‍സ്… ഇന്ന് ജോമോന്‍ എന്നോട് ചോദിച്ചു. ഓറിയന്‍റേഷന്‍… അവനത് ചോദിച്ചപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും തോന്നി. എനിക്ക് അവനെയും അവന് എന്നെയും അറിയാമല്ലോ… എന്നിട്ടും… നമ്മുടെ സമൂഹത്തില്‍ മാന്യതയോടെ ജീവിച്ചുപോകണമെങ്കില്‍ ഇങ്ങനെയൊക്കെ ചില മാസ്ക്ക് വേണമായിരിക്കും… അത് ജോമോന് കൃത്യമായി അറിവുണ്ടായിരിക്കും… അതുകൊണ്ടാവും അവന്‍ എന്നോട് അങ്ങനെ ചോദിച്ചത്. അവന്‍റെ മനസ്സില്‍ എന്നോട് സ്നേഹമില്ലേ… എനിക്ക് ചിലപ്പോള്‍ അങ്ങനെയും തോന്നിയിട്ടുണ്ട്. എത്രയോ രാത്രികളില്‍ ഞാന്‍ അവനെയോര്‍ക്കാറുണ്ടെന്ന് ഒരുപക്ഷേ അവന് പോലും അറിയില്ല. ജോമോന്‍… ഞാന്‍ നിന്നെ എന്നെപ്പോലെ സ്നേഹിക്കുന്നു…

ആ വരികള്‍ക്ക് ചുവടെ കണ്ണുനീര്‍ത്തുള്ളിയുടെ നനവു ബിനു കണ്ടു. എത്സയുടെ കണ്ണുനീര്‍. അവന് മനസ്സിലായി. ബിനു തളര്‍ന്നു.

അപ്പോഴാണ് വാതില്ക്കല്‍ മുട്ടുകേട്ടത്… തുടര്‍ച്ചയായ മുട്ടുകള്‍, വിളികള്‍…

ബിനൂ ബിനൂ… ആ സ്വരം സിദ്ധാര്‍ത്ഥിന്‍റേതാണെന്ന് അവന് മനസ്സിലായി. ബിനു ഡയറി വേഗം അലമാരയിലേക്ക് വച്ചു… പിന്നെ ചെന്ന് വാതില്‍ തുറന്നു. വാതിലിനപ്പുറം കസവുമുണ്ടും ജൂബയും നെറ്റിയില്‍ ചന്ദനക്കുറിയുമായി പുഞ്ചിരിതൂകി നില്ക്കുന്ന സിദ്ധാര്‍ത്ഥ്…

ബിനു അമ്പരന്നു. അവന്‍ ഒന്നും ചോദിച്ചില്ല. അപ്പോഴേയ്ക്കും സിദ്ധാര്‍ത്ഥിന്‍റെ മറവില്‍ നിന്ന് അയാളുടെ ഭാര്യ പ്രത്യക്ഷപ്പെട്ടു. അവളുടേത് കസവുസാരിയായിരുന്നു. മുടിയില്‍ മുല്ലപ്പൂ. വിവാഹമോചനം നേടിയവര്‍. അവരെന്താണ് ഇപ്പോള്‍ ഇങ്ങനെ…

ബിനുവിന്‍റെ മനസ്സിലെ ചോദ്യങ്ങള്‍ മനസ്സിലാക്കിയ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ഞങ്ങള്‍ വീണ്ടും വിവാഹിതരായി… സത്യം പറഞ്ഞാ മാര്യേജ് ആക്ടും താലിയും ഒന്നും കൂടാതെയുള്ള ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിന് ശേഷം ആദ്യമായി മതാചാരപ്രകാരം ഇന്ന് വിവാഹം കഴിച്ചു. സിദ്ധാര്‍ത്ഥ് ചിരിച്ചുകൊണ്ട് തുടര്‍ന്നു.

പിരിയാന്‍ ഞങ്ങള്‍ക്ക് പല കാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നിക്കാന്‍ ഞങ്ങള്‍ക്ക് ഒരൊറ്റ കാരണമേയുണ്ടായിരുന്നുള്ളൂ. ഉള്ളിന്‍റെയുള്ളില്‍ പരസ്പരം സ്നേഹമുണ്ടായിരുന്നുവെന്ന തിരിച്ചറിവ്… പുഴകള്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ടുപോയാലും അടിയില്‍ ഉറവയുണ്ടല്ലോ… അതുപോലെയായിരുന്നു ഞങ്ങളുടെ കാര്യവും. അത് തിരിച്ചറിയാന്‍ ഡിവോഴ്സ് വേണ്ടിവന്നുവെന്ന് മാത്രം. കാരണം വേര്‍പിരിഞ്ഞു കഴിഞ്ഞപ്പോഴായിരുന്നു ഞങ്ങള്‍ക്ക് പരസ്പരം ഞങ്ങളുടെ വില മനസ്സിലായത്. പരസ്പരമുണ്ടായിരുന്ന സ്വാധീനം മനസ്സിലായത്. പിന്നെ മടിച്ചില്ല വീണ്ടും ഞങ്ങള്‍ കൈ കൊടുത്തു. പക്ഷേ ഇത്തവണ അത് ദൈവത്തിന്‍റെ മുമ്പിലായിരുന്നുവെന്ന് മാത്രം. ഏതു മതവും വിശ്വാസവുമായിക്കോട്ടെ ദൈവത്തിന്‍റെ മുമ്പില്‍ വച്ചുള്ള വാക്കുകൊടുക്കലുകള്‍ക്ക് വല്ലാത്ത വിലയുണ്ട്… ദൈവത്തിന് നമ്മുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വവുമുണ്ട്. കാരണം അങ്ങേരെ സാക്ഷിനിര്‍ത്തിയാണല്ലോ നമ്മള് ജീവിതം തുടങ്ങുന്നത്…പിന്നെ ഒഴിഞ്ഞുമാറാന്‍ പറ്റ്വോ അങ്ങേര്‍ക്ക്… സിദ്ധാര്‍ത്ഥ് ചിരിച്ചു.

കാര്യങ്ങളൊക്കെ ചേട്ടായി പറഞ്ഞു, ഞാന്‍ കൂടുതലൊന്നും നിന്നോട് അതേക്കുറിച്ച് ചോദിക്കുന്നില്ല. നിങ്ങള്‍ക്കിടയിലെ പ്രശ്നം എന്തായാലും അത് നീട്ടിക്കൊണ്ടു പോകരുത്. നീ ചെന്ന് എത്സയെ വിളിച്ചുകൊണ്ടുവരണം… സത്യം പറയാല്ലോടാ. മുന്‍ശുണ്ഠീം ഇത്തിരി കുശുമ്പും കുന്നായ്മേം ഒക്കെയുണ്ടെങ്കിലും ഈ പെണ്ണെന്ന് പറയുന്ന വര്‍ഗ്ഗമുണ്ടല്ലോ അവര് വളരെ നല്ലവരാ… മറ്റാരെയും അവര്‍ തങ്ങളേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ സമ്മതിക്കുകേലെന്നേയുള്ളൂ… അത് സ്വന്തം മക്കളെയായാല്‍ പോലും…

അപ്പോള്‍ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ അയാളെ ചെറുതായി നുള്ളി. എന്നാ ശരിയെടാ ഞങ്ങള് ഇറങ്ങിക്കോട്ടെ… ഇന്ന് ഞങ്ങള് മൂകാംബികയ്ക്ക് പോകുവാ… സിദ്ധാര്‍ത്ഥ് തിരിഞ്ഞുനടന്നു. പെട്ടെന്ന് തന്നെ തിരിഞ്ഞുനിന്നിട്ട് അയാള്‍ ബിനുവിനോട് പറഞ്ഞു. ഈ ലോകത്ത് സത്യമായിട്ടുള്ള ഒരേയൊരു ബന്ധവും ദാമ്പത്യമാടാ… മറ്റെല്ലാ ബന്ധങ്ങളും ഓരോരോ ഘട്ടത്തില്‍ പിരിഞ്ഞുപോകും… പക്ഷേ ദൈവം കൂട്ടിയോജിപ്പിച്ചുതരുന്ന ഭര്‍ത്താവും ഭാര്യയും അവരുടെ മരണം വരെ കൂടെയുണ്ടാവും. കൂടെയുണ്ടാവണം… അത് നമ്മുടെ തീരുമാനമാണ്.

ഭാര്യയുടെ തോളത്ത് കൈകള്‍ വച്ച് സിദ്ധാര്‍ത്ഥ് നടന്നുപോകുന്നത് ബിനു നോക്കിനിന്നു.

***   ***

വേഗം ഇറങ്ങ്… ഇല്ലേല്‍ ബസിന് സമയം പോകും… പാപ്പച്ചന്‍ മുറ്റത്തേക്കിറങ്ങിയിട്ട് അകത്തേയ്ക്ക് നോക്കി ധൃതി വച്ചു.

ഈ ചാച്ചന്‍റെയൊരു കാര്യം… ബിന്‍സി ദേഷ്യപ്പെട്ടു. ഒരു വഴിക്ക് സമാധാനത്തോടെ പോകാന്‍ സമ്മതിക്കുകേലാ…

പാപ്പച്ചന്‍റെ വാക്കുകളെ ഗൗനിക്കാതെ മേരിക്കുട്ടി എത്സയോട് പറഞ്ഞു: "എന്നാ പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങിക്കോ മോളേ…"

എത്സ തിരുഹൃദയത്തിന്‍റെ രൂപത്തിന് മുമ്പില്‍ കൈകള്‍കൂപ്പി നിന്നു. അവളുടെ മനസ്സ് തേങ്ങി… ഈശോയേ, എല്ലാം നന്നായി വരണേ…

ആന്‍റിക്ക് ഉമ്മ കൊടുക്ക് മക്കളേ… എത്സയ്ക്ക് പിന്നില്‍ കൈകള്‍കൂപ്പി നില്ക്കുകയായിരുന്ന ബെറ്റ്സി തന്‍റെ പെണ്‍കുഞ്ഞുങ്ങളോടായി പറഞ്ഞു.

ബെറ്റ്സി പറഞ്ഞത് അനുസരിച്ച് പെണ്‍മക്കള്‍ എത്സയുടെ കവിളില്‍ ഉമ്മ കൊടുത്തു.

എത്സ തിരിച്ചും.

ഇനി പഴയതൊന്നും ഓര്‍ത്ത് കണ്ണീരൊഴുക്കണ്ടാ… കേട്ടല്ലോ… എത്സ ബെറ്റ്സിയോടായി പറഞ്ഞു. അത് സമ്മതിച്ച് തലകുലുക്കുമ്പോഴും പക്ഷേ ബെറ്റ്സിയുടെ കണ്ണ് നിറഞ്ഞു. താന്‍ പിന്നിട്ടുവന്ന ജീവിതത്തിന്‍റെ കനല്‍പ്പാതകളെക്കുറിച്ചാണ് അവള്‍ക്കപ്പോള്‍ ഓര്‍മ്മവന്നത്.

ഞാന്‍ ഇറങ്ങിക്കോട്ടെ അമ്മേ… എത്സ വലിയ ട്രാവല്‍ ബാഗ് കൈയിലെടുത്തു.

നീ ചെന്നിട്ട് വിളിക്കണം… മേരിക്കുട്ടി കണ്ണുതുടച്ചു

എല്ലാരും ഇങ്ങനെ കരയാന്‍ ഞാനെന്താ കാശ്മീരിലെ പട്ടാളക്യാമ്പിലേക്കാണോ പോകുന്നത്… എത്സ തമാശയായി ചോദിച്ചു.

ഒന്നുമല്ലേലും പിഎസ്സി കനിഞ്ഞ് എനിക്ക് കാസര്‍കോഡ് ഒരു ജോലി തന്നില്ലേ? അത് ചോദിക്കുമ്പോള്‍ എത്സയുടെ മനസ്സിന്‍റെ വേദന മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ആരും അതിന് മറുപടി പറഞ്ഞില്ല. എത്സ മുറ്റത്തേയ്ക്ക് കാലെടുത്തുവച്ചതും ഞെട്ടിപ്പോയി; മുമ്പില്‍ ബിനു. വരാന്തയിലും മുറ്റത്തുമായി നില്ക്കുകയായിരുന്ന എല്ലാവരെയും അത്ഭുതം ബാധിച്ചു. എത്സയ്ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.

ഞാന്‍ പല തവണ വിളിച്ചു…കിട്ടിയില്ല… എത്സ പറഞ്ഞു. ഞാന്‍ പിന്നെ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു.

അറിഞ്ഞു, ചേച്ചി പറഞ്ഞു, അതാ ഈ സമയത്ത് തന്നെ എത്തിയത്… കാസര്‍കോഡേയ്ക്ക്… അല്ലേ… ബിനു ചോദിച്ചു.

ഉം എത്സ തലകുലുക്കി.

കണ്‍ഗ്രാറ്റ്സ്…

താങ്ക്സ്.

ഒടുവില്‍ ആഗ്രഹിച്ചതുപോലെ തന്നെ നടന്നു അല്ലേ?

എത്സ ദീര്‍ഘമായി നിശ്വസിച്ചു.

വണ്ടി പോകും. പാപ്പച്ചന്‍ ഓര്‍മ്മപ്പെടുത്തി. അയാള്‍ ബിനുവിനെ തെല്ലും ഗൗനിച്ചില്ല. ബിനുവിനെ കണ്ട മാത്രയില്‍ അയാള്‍ക്ക് അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. വീണ്ടും മകളുടെ ജീവിതത്തിലേക്ക് അവനെ കൂട്ടിചേര്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നുമില്ല.

ഇത് ബെറ്റ്സി… എത്സ പെട്ടെന്ന് തിരിഞ്ഞ് ബെറ്റ്സിയെ ബിനുവിന് പരിചയപ്പെടുത്തി.

ഒരിക്കല്‍ നമ്മുടെ വീട്ടില്‍… എത്സ പെട്ടെന്ന് പറഞ്ഞുവന്നത് നിര്‍ത്തി. പിന്നെ തുടര്‍ന്നു.

അല്ല… അവിടെ വന്നിരുന്നു ആംഗ്യത്തോടെ പാലത്തുങ്കല്‍ തറവാടിനെ ഉദ്ദേശിച്ച് എത്സ പറഞ്ഞു. അവള്‍ തുടര്‍ന്നു… ഞാന്‍ ചെന്ന് അവളെ കൂട്ടിക്കൊണ്ടുവന്നു, കോഴിക്കോട് നിന്ന്… ഇനി അവളും കുട്ടികളും എന്‍റെ സംരക്ഷണയിലായിരിക്കും. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കാന്‍ ക ഴിയുന്നതിലുള്ള ആത്മവിശ്വാസം എത്സയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

ബിനു ബെറ്റ്സിയെ നോക്കി. കുഞ്ഞുങ്ങളുടെ ശിരസ് തലോടി ബിനു അവരെ ലാളിച്ചു.

നല്ലത്… ബിനു അഭിനന്ദിച്ചു.

മോളേ വണ്ടി… പാപ്പച്ചന്‍ വീണ്ടും ധൃതിവച്ചു.

ബിനു അപ്പോള്‍ എത്സയുടെ ബാഗിന് നേരെ കരം നീട്ടി. പെട്ടെന്ന് പാപ്പച്ചന്‍ ഇടയ്ക്ക് കയറി.

വേണ്ട… ഇനി നിന്നെ അവള്‍ക്ക് വേണ്ട… കൊണ്ടുപോകുന്ന വഴിക്ക് വല്ലയിടത്തും ഉപേക്ഷിച്ചുകളയാന്‍ മാത്രമല്ല തല്ലിക്കൊന്നു കളയാനും മടിയില്ലാത്തോനാ നീയ്…

അയാള്‍ ദേഷ്യപ്പെട്ടു.

കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന് ഞാന്‍ പണ്ടേ ഇവളോട് പറയുന്നതാ… മേരിക്കുട്ടിയുടെ നേരെ അയാള്‍ വിരല്‍ചൂണ്ടി…പക്ഷേ അവള്‍ അന്നത് പഠിച്ചില്ല… ഇപ്പോ അവള്‍ക്കത് ബോധ്യമായി… ചേരേണ്ടതു തമ്മിലേ ചേരാവൂ, വേലേം കൂലീം ഇല്ലാതെ നടക്കുന്ന നിന്നെപ്പോലെയല്ല എന്‍റെ മോള്… അവള്‍ ഇപ്പോ ഗവണ്‍മെന്‍റുദ്യോഗസ്ഥയാ… സര്‍വീസ് കൂടുന്നതിന് അനുസരിച്ച് പരീക്ഷയെഴുതി അങ്ങ് കളക്ടറ് വരെയാകും അവള്… നോക്കിക്കോ നീ… നീ കുടിപ്പിച്ച കണ്ണീരിനെല്ലാം അവള് നിന്നോട് കണക്ക് ചോദിക്കും.

ചാച്ചാ പ്ലീസ്… എത്സ പാപ്പച്ചന് നേരെ അപേക്ഷിച്ചു. അവള്‍ ബാഗ് ബിനുവിന് കൈമാറി.

ഞങ്ങള് പൊയ്ക്കോളാം… അവള്‍ അറിയിച്ചു. പാപ്പച്ചന്‍ നടുങ്ങിപ്പോയി ബിനുവും. അവള്‍ അങ്ങനെ പ്രതികരിക്കുമെന്ന് അവന്‍ കരുതിയിരുന്നില്ല. ഒരു പൊട്ടിത്തെറി… പരിഭവം, കുറ്റപ്പെടുത്തല്‍. സങ്കടം, കരച്ചില്‍… അങ്ങനെ പലതുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ എത്സ ശരിക്കും ബിനുവിനെ അത്ഭുതപ്പെടുത്തി കളഞ്ഞു.

ബിനു അവളെ നന്ദിയോടെ നോക്കി. അവള്‍ ഇപ്പോള്‍ അവനെ തള്ളിപ്പറഞ്ഞിരുന്നുവെങ്കില്‍ അത് അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തിരസ്ക്കാരവും ആഘാതവുമായി പോകുമായിരുന്നു.

പോട്ടെ… ബിനു എല്ലാ മുഖങ്ങളെയും നോക്കി പുഞ്ചിരിയോടെ യാത്ര ചോദിച്ചു. ബിന്‍സി സന്തോഷത്തോടെ കരം വീശി… അതുകണ്ട് ബെറ്റ്സിയുടെ മക്കളും പിന്നെ ബെറ്റ്സിയും…

യാന്ത്രികമെന്നോണം മേരിക്കുട്ടിയുടെ കരങ്ങളും ഉയര്‍ന്നു. പാപ്പച്ചന്‍ ഈര്‍ഷ്യയോടെ മുഖം വെട്ടിച്ചു.

വഴിയില്‍ ബിനുവിന്‍റെ കാര്‍ കിടപ്പുണ്ടായിരുന്നു.

കാറിലാണോ പോകുന്നെ…? എത്സ സംശയിച്ചു.

എന്താ പേടിയുണ്ടോ?

എന്തിന്… എത്സ കൂസലില്ലാതെ മുന്‍സീറ്റില്‍ കയറിയിരുന്നു.

എത്സ പോയിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ എത്സയുടെ വില മനസ്സിലാക്കുന്നത്… അമ്മച്ചിയുടെ ജീവന്‍ രക്ഷിക്കാന്‍ എത്സ എന്തുമാത്രം ശ്രമിച്ചുവെന്ന് ബിന്‍സി ഗള്‍ഫീന്ന് വിളിച്ചുപറയുമ്പഴാ ഞാനറിയുന്നത്. അയാം സോറി… സോറി ഫോര്‍ എവരിത്തിങ്ങ്

അവനെ കൂടുതല്‍ പറയാന്‍ അനുവദിക്കാതെ എത്സ തന്‍റെ കരമെടുത്ത് അവന്‍റെ ചുണ്ടുകള്‍ക്ക് മീതെ വച്ചു. ഒന്നും പറയരുതെന്ന് തല ചലിപ്പിക്കുകയും ചെയ്തു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.

അയാം നോട്ട് പെര്‍ഫെക്ട്… ബിനുവിന് പക്ഷേ പറയാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

ആരു പറഞ്ഞു…? എത്സ തര്‍ക്കിച്ചു

യൂആര്‍ പെര്‍ഫക്ട്… അബ്സല്യൂട്ട്ലി പെര്‍ഫെക്ട്. ഒരാള്‍ താന്‍ പരിപൂര്‍ണ്ണനല്ല എന്ന് തിരിച്ചറിയുന്നിടത്ത് അയാള്‍ പരിപൂര്‍ണ്ണതയിലേക്ക് പ്രവേശിക്കുന്നു. അങ്ങനെയാ ഞാന്‍ വിശ്വസിക്കുന്നത്. എത്സ പറഞ്ഞു.

എനിക്കറിയാം എത്സയ്ക്ക് എന്നെ ഏത് അവസ്ഥയിലും സ്വീകരിക്കാന്‍ കഴിയും; സ്നേഹിക്കാനും. ബട്ട് എനിക്ക് സമയം വേണം… സ്വയം തിരുത്താനും നന്നാകാനും… ദാമ്പത്യത്തില്‍ കുറവ് പരിഹരിക്കാന്‍ കഴിയുന്നവരെയാ ദൈവം കൂട്ടിയോജിപ്പിക്കുന്നത്… എന്തിനാണെന്നല്ലേ, പരസ്പരം താങ്ങാകാന്‍… സ്വയം അഹങ്കരിക്കാതിരിക്കാന്‍…

ബിനു നമ്മുടെ ഈ കുടുംബകഥ സിനിമയാക്കണം, ജീവിതം കൊണ്ട് ഒരാള്‍ പറയുന്ന കാര്യത്തിന് സങ്കല്പം കൊണ്ട് സൃഷ്ടിക്കുന്ന ലോകത്തേക്കാള്‍ ഈ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. എത്സ നിര്‍ദ്ദേശിച്ചു

നമ്മുടെ ജീവിതമായിരിക്കും സിനിമയാകുന്ന എന്‍റെ രണ്ടാമത്തെ സ്ക്രിപ്റ്റ്; ഷുവര്‍.

അപ്പോള്‍ ആദ്യത്തെ സിനിമയോ? എത്സ സന്തോഷത്തോടെ ചോദിച്ചു

അത് ഓക്കെയായി.. അക്കാര്യം പറയാന്‍ കൂടിയാ ഞാന്‍ വന്നത്…

ഹായ്… എത്സ ആനന്ദത്തോടെ മുഷ്ടിചുരുട്ടി ബിനുവിന്‍റെ തോളത്ത് ഇടിച്ചു.

ഇതൊന്നും കാണാന്‍ അമ്മച്ചി കൂടെയില്ലാതായി പോയി… ബിനു ഖേദിച്ചു.

എത്സ അവന്‍റെ തോളത്തേക്ക് മുഖം ചേര്‍ത്തു

ഇനി ബിനുവിന്‍റെ അമ്മയും ഭാര്യയും കാമുകിയും സുഹൃത്തും എല്ലാം ഞാനായിരിക്കും…ബിനു ആഗ്രഹിക്കുന്ന രീതിയില്‍ ഒരു നല്ല ഭാര്യയാകാന്‍ ഞാന്‍ ശ്രമിക്കും. എത്സ തീരുമാനിച്ചു.

കാര്‍ മറ്റൊരു വഴിയിലേക്ക് തിരിയുന്നത് കണ്ടപ്പോള്‍ എത്സ ചോദിച്ചു.

നമ്മളിതെങ്ങോട്ടാ…?

നമ്മള്‍ ആദ്യമായി സമ്മതം പറഞ്ഞത് എവിടെ വച്ചായിരുന്നുവോ അവിടേയ്ക്ക് തന്നെ…

കാര്‍ ചേര്‍പ്പുങ്കല്‍ പള്ളിമുറ്റത്തെത്തി. തിരക്ക് കുറവായിരുന്നു. ആരോ കൊളുത്തിയ തിരികള്‍ അവിടെ കത്തുന്നുണ്ടായിരുന്നു. ബിനു പള്ളിവക സ്റ്റാളില്‍ നിന്ന് തിരി വാങ്ങി കവര്‍ പൊട്ടിച്ച് എത്സയ്ക്ക് കൈമാറി… ഇരുവരും ചേര്‍ന്ന് തിരികള്‍ കത്തിച്ചു. കത്തുന്ന മെഴുകുതിരികള്‍ക്ക് മുമ്പില്‍ കൂപ്പിപ്പിടിച്ച കൈകളുമായി ബിനുവും എത്സയും ഉണ്ണീശോയുടെ രൂപത്തിന് മുമ്പില്‍ ഉള്ളുരുകിയ പ്രാര്‍ത്ഥനകളോടെ നിന്നു.

(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org