Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 11

ഒരു കുടുംബകഥ കൂടി… അധ്യായം 11

Sathyadeepam

വിനായക് നിര്‍മ്മല്‍

പ്രഭാതം.

പാലത്തുങ്കല്‍ തറവാട്. ബിനുവിന്‍റെ വിവാഹദിവസം ശോകമൂകമായിരുന്നു അന്തരീക്ഷം. എല്ലാവരുടെയും ഉള്ളില്‍ നിന്ന് സന്തോഷം പടിയിറങ്ങിയതുപോലെ… ജോമോനും റോസ്മേരിക്കുമുണ്ടായ അപകടമായിരുന്നു ആ സന്തോഷക്കേടുകള്‍ക്ക് കാരണം. രാത്രിയില്‍ തന്നെ അപകടവിവരം പാലത്തുങ്കല്‍ അറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജോമോന്‍ മരിച്ചിരുന്നു. റോസ്മേരി ഗുരുതരാവസ്ഥയിലാണ്. ബിനുവിന്‍റെ സുഹൃത്തുക്കളില്‍ വീടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് അവനായിരുന്നു… എല്ലാ കാര്യങ്ങളും അറിയാവുന്നവന്‍.. വീട്ടിലെ അംഗത്തെ പോലെയായിരുന്നു അവന്‍. അങ്ങനെയുള്ള ആളാണ്… സഹിക്കാന്‍ കഴിയുമോ…?

എന്നാല്‍ ഈ വിവരം ബിനുവിനെ ആരും അറിയിച്ചിരുന്നില്ല. അത് ത്രേസ്യാമ്മയുടെ തീരുമാനമായിരുന്നു. ബിനു ഇക്കാര്യമറിഞ്ഞാല്‍ അന്നേ ദിവസം വിവാഹത്തിന് സമ്മതിക്കില്ലാന്ന് ത്രേസ്യാമ്മയ്ക്കറിയാമായിരുന്നു. ഇത്രയും വരെയെത്തിച്ചിട്ട് ഇത് മാറിപോയാല്‍…

ബിനുവിനെക്കാള്‍ അന്നേരം ത്രേസ്യാമ്മ ഓര്‍മ്മിച്ചത് എത്സയെയായിരുന്നു. അവളുടെ ഭാവി… രണ്ടു തവണ വിവാഹം മാറിപോയ പെണ്‍കുട്ടിയാവുകയെന്നുവച്ചാല്‍… അത് അവള്‍ക്കേല്ക്കുന്ന ജീവിതത്തിലെ ഏറ്റവും വലിയ അപമാനമായിരിക്കും.

ഈ വിവാഹം മാറ്റിവച്ചാല്‍ ബിനു ചിലപ്പോള്‍ പിന്നെയൊരിക്കലും വിവാഹം കഴിക്കുകയുമില്ലായിരിക്കും. എന്നാല്‍ അതിനേക്കാള്‍ ഈ വിവാഹമാറ്റം എത്സയെ ബാധിച്ചേക്കും. അവളുടെ ജീവിതം പിന്നെയെന്നും ഇരുളടഞ്ഞതാകും. അതുണ്ടാവരുത്… അതായിരുന്നു ത്രേസ്യാമ്മയുടെ തീരുമാനം.

പോകാനുള്ളവര് പോയി… ത്രേസ്യാമ്മ കണ്ണീരു തുടച്ചുകൊണ്ട് സോജനോടും ബിനുവിന്‍റെയും ജോമോന്‍റെയും സുഹൃത്തുക്കളായ സിദ്ധാര്‍ത്ഥിനോടും വൈശാഖിനോടുമായി പറഞ്ഞു.

എന്‍റെ ചങ്കിന്‍റെ പൊള്ളല്‍ നിങ്ങള്‍ക്കറിയില്ല… ഈ വി വാഹം നടത്താന്‍ ഏറ്റവും അധികം ആഗ്രഹിച്ചതും ശ്രമിച്ചതും അവരായിരുന്നു. ജോമോനും റോസും… എന്നിട്ട്…ത്രേസ്യാമ്മ വിതുമ്പി.

…എന്നാലും ഞാന്‍ പറയുവാ… കെട്ട് നടക്കട്ടെ… അതുകഴിഞ്ഞ് മതി അവനറിയാന്‍…

ഇപ്പോ തന്നെ ജോമോനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞ് നടക്കുവാ ബി നു… പത്രമൊക്കെ രാവിലെ തന്നെ ഇവിടെ നിന്ന് മാറ്റി… സോജന്‍ പറഞ്ഞു.

അല്ലെടാ വൈശാഖേ, ഇനി നിങ്ങടെ കൂട്ടുകാര് ആരെങ്കിലും വാട്ട്സാപ്പിലോ ഫെയ്സ്ബുക്കിലോ കണ്ടോളന്‍സ് പോസ്റ്റ് ചെയ്യുമോ…? അതെങ്ങാനും ബിനു അറിയുമോ സോജന്‍ സംശയിച്ചു.

…ഇപ്പോ എല്ലാ അവന്മാര്‍ക്കും അതുതന്നെയല്ലേ പണി… വാട്ട്സാപ്പും ഫെയ്സ് ബുക്കും…

ഗ്രൂപ്പിലുള്ളവര്‍ക്കൊക്കെ ഞാന്‍ പേഴ്സണലായി മെസേജ് അയച്ചിരുന്നു. ഇനി അതൊന്നും അറിയാത്തവന്മാര് വല്ല പണിയും ഒപ്പിക്കുമോയെന്നാ എന്‍റെ പേടി… വൈശാഖ് അഭിപ്രായപ്പെട്ടു.

അപ്പോഴാണ് ബിനു അവിടേയ്ക്ക് വന്നത്.

എന്നതാ എല്ലാരും കൂടി ഒരു ഗൂഢാലോചന… ബിനു ചോദിച്ചു.

കല്യാണം കഴിഞ്ഞ് രാത്രി ഇവിടെ വേണോ അതോ എത്സേടെ വീട്ടില്‍ വേണോ എന്ന് ഒരു ചര്‍ച്ച… വൈശാഖ് പെട്ടെന്ന് പറഞ്ഞു.

നീ ഇതുവരേം അവള്‍ടെ വീടും കണ്ടിട്ടില്ലല്ലോ..

വീടു കണ്ടാലും കണ്ടില്ലെങ്കിലും ഞാന്‍ ഇന്ന് എന്‍റെ വീട്ടിത്തന്നെയേയുള്ളൂ; ബിനു പ്രഖ്യാപിച്ചു.

എല്ലാ കാര്യങ്ങളിലും നീയിങ്ങനെ ഏകപക്ഷീയമായി തീരുമാനമെടുക്കരുത് കേട്ടോ. വൈശാഖ് ഉപദേശിച്ചു. സത്രീ സമത്വം… അത് കു ടുംബജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാ…

ആ ജോമോനെവിടെ പോയി കിടക്കുവാ… രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോകണമായിരുന്നു…. അവള്‍ടെ ഫോണും സ്വിച്ചോഫാ… ബിനുവിന്‍റെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നു.

അവന്‍… സിദ്ധാര്‍ത്ഥിന്‍റെ സ്വരത്തില്‍ പെട്ടെന്ന് ഇടര്‍ച്ച വന്നു. അവന്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞേക്കുമെന്ന ഭീതിയില്‍ വൈശാഖ് ഇടയില്‍ കയറി.

ജോമോന്‍ വന്നാലേ നീ ബ്യൂട്ടി പാര്‍ലറില്‍ പോകത്തുള്ളോ… എന്താ ഞങ്ങള് നിന്‍റെ ഫ്രണ്ട്സല്ലേ… വേണോങ്കീ വാ… പോയിട്ട് വരാം… പിന്നെ ജോമോനെ വെറുതെ വിളിച്ച് സമയം കളയണ്ടാ… അവന്‍റെ ഫോണ്‍ ഇന്നലെ രാത്രി മുതല്‍ സ്വിച്ചോഫാ… ഇനി അവന്‍ കല്യാണം കഴിഞ്ഞേ ഫോണെടുക്കൂ…

ഓ… അവന്‍റെയൊരു കല്യാണം. ബിനു പിറുപിറുത്തു.

അവന്‍റെയല്ല നിന്‍റെ… വൈശാഖ് തിരുത്തി.

എന്‍റേതാണെങ്കിലും ധൃതിവച്ചത് മുഴുവന്‍ അവനായിരുന്നല്ലോ…

ബിനു പറഞ്ഞു. അവന്‍ കാണാതെ കണ്ണ് തുടച്ചുകൊണ്ട് ത്രേസ്യാമ്മ അകത്തേയ്ക്ക് പോയി.

വിവാഹത്തിനായി എല്ലാവരും വീട്ടില്‍ നിന്ന് പുറപ്പെട്ടു. പള്ളിയില്‍ ചെന്നിറങ്ങിയപ്പോഴും ബിനുവിന്‍റെ കണ്ണുകള്‍ അന്വേഷിച്ചത് ജോമോനെയായിരുന്നു. എവിടെ ജോമോന്‍… റോസ്മേരിയെവിടെ…?

അസാധാരണമോ അഹിതകരമായതോ ആയ എന്തോ സംഭവിച്ചതുപോലെ ബിനുവിന് തോന്നി. എത്സയുടെ കഴുത്തിലേക്കും കൈകളിലേക്കുമാണ് പിന്നെ ബിനുവിന്‍റെ നോട്ടം ചെന്നത്. അവിടെ സ്വര്‍ണ്ണത്തിന്‍റെ അത്രയധികം തിളക്കമൊന്നും കണ്ടില്ല. ഇന്നലെ രാത്രി എത്സയ്ക്കുള്ള സ്വര്‍ണ്ണവുമായി പോയതാണ് ഇരുവരും. പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ചോഫ്… അവരെക്കുറിച്ച് ചോദിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ആവശ്യമില്ലാത്തവിധത്തിലുള്ള ദേഷ്യം… അകാരണമായ ഒഴിഞ്ഞുമാറല്‍… എന്താണ് ഇവിടെ സംഭവിച്ചത്?

അമ്മച്ചീ… അടുത്തുനില്ക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കാതുകളിലേക്ക് ചെവി അടുപ്പിച്ചുകൊണ്ട് ബിനു ചോദിച്ചു:

“എന്താ ഇവിടെ സംഭവിച്ചേ… ജോമോനെന്ത്യേ?”

അപ്പോഴേക്കും അകത്ത് സംഗീതോപകരണങ്ങള്‍ ചലിച്ചുതുടങ്ങിയിരുന്നു.

കെട്ടിന് സമയമായി… നീ ഇപ്പോ വേറെയൊന്നും ആലോചിക്കണ്ട… അന്വേഷിക്കാനും പോവണ്ട…

ത്രേസ്യാമ്മ ശബ്ദം താഴ്ത്തി പറഞ്ഞു. പിന്നെ എത്സയ്ക്കൊപ്പം പള്ളിയിലേക്കു കയറാനേ ബിനുവിന് ആകുമായിരുന്നുള്ളൂ. എത്സയുടെ മുഖത്ത് സങ്കടം തോരാതെ നിന്നിരുന്നു. രാത്രിയില്‍ത്തന്നെ അപകടവിവരം എത്സ അറിഞ്ഞിരുന്നു. സ്വര്‍ണ്ണവുമായി രാവിലെ റോസ് മേരി എത്തുമെന്നായിരുന്നുവല്ലോ അവള്‍ക്ക് കിട്ടിയിരുന്ന വിവരം. താന്‍ വല്ലാത്തൊരു നിര്‍ഭാഗ്യവതിയാണെന്നാണ് എത്സയ്ക്ക് തോന്നിയത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ?

അള്‍ത്താരയ്ക്ക് മുമ്പില്‍ വിവാഹവസ്ത്രങ്ങളണിഞ്ഞ് കാര്‍മ്മികന് മുമ്പില്‍ നില്ക്കുമ്പോള്‍ എത്സയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു; ബിനുവിന്‍റെ മനസ്സും. തങ്ങളുടെ വിവാഹച്ചടങ്ങുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നോ തങ്ങള്‍ ഒരുമിച്ചൊരു പുതിയ ജീവിതം തുടങ്ങാന്‍ പോവുകയാണെന്നോ ഉള്ള ചിന്തകള്‍ ഇരുവര്‍ക്കും നഷ്ടമായിരുന്നു. തങ്ങളുമായി ബന്ധമില്ലാത്ത ഏതോ ഒന്നിന് സാക്ഷികളായി നില്ക്കേണ്ടിവരുന്നതിലെ നിസ്സംഗതയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നിട്ടും കാര്‍മ്മികനായിരുന്ന അലക്സച്ചന്‍റെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ കൈകള്‍ ചേര്‍ത്തുപിടിക്കുകയും മോതിരവിരലുകള്‍ നീട്ടിക്കൊടുക്കുകയും ചെയ്തു. ബിനുവിന്‍റെ സുഹൃത്തുക്കളും ഇടവകയില്‍ നേരത്തെ സേവനം അനുഷ്ഠിച്ചവരുമായ വൈദികരും വിവാഹച്ചടങ്ങുകളില്‍ സഹകാര്‍മ്മികരായുണ്ടായിരുന്നു.

താലിച്ചരട് ആശീര്‍വദിച്ച് എത്സയുടെ കഴുത്തില്‍ അണിയിക്കാനായി അലക്സച്ചന്‍ ബിനുവിന് നേരെ നീട്ടിയപ്പോള്‍ ബിനുവിന്‍റെ മനസ്സ് യാഥാര്‍ത്ഥ്യബോധത്തിലേക്ക് വന്നു. അച്ചന്‍റെ കൈകളില്‍ നിന്ന് അതേറ്റുവാങ്ങുമ്പോള്‍ അവന്‍റെ കൈകള്‍ വിറയ്ക്കുക പോലും ചെയ്തു.

താലി…

അതൊരു യാഥാര്‍ത്ഥ്യമാണ്…, അതൊരു വാഗ്ദാനമാണ്…, അതൊരു പ്രതിജ്ഞയാണ്.

ഇന്നുമുതല്‍ പരസ്പരസ്നേഹത്താല്‍ ബന്ധിതരാക്കപ്പെടുന്ന, രണ്ടിലൊരാളുടെ മരണം വരെ നീണ്ടുനില്ക്കേണ്ട ഉടമ്പടിക്ക് ഇവി ടെ തുടക്കമാകുന്നു. ഇന്നുമുതല്‍ ജീവിതം പഴയതുപോലെയല്ലാതാകുന്നു… ഇന്നലെ വരെ താന്‍ ആരെല്ലാമോ ആയിരുന്നു, ഭര്‍ത്താവ് മാത്രമായിരുന്നില്ല.

പക്ഷേ ഇപ്പോള്‍ താന്‍ ഒരു ഭര്‍ത്താവായിരിക്കുന്നു…തനിക്കൊരു ഭാര്യയുണ്ടായിരിക്കുന്നു.

ഭര്‍ത്താവ്… ഭാര്യ… ദൈവമേ… ബിനുവിന് അത്ഭുതം തോന്നി. താന്‍ തെല്ലും ആഗ്രഹിക്കാതെ… താന്‍ സ്വപ്നം കാണാതെ… നിന്നുകൊ ടുക്കുകയായിരുന്നു താന്‍… ബിനു തന്നോടുതന്നെ പറഞ്ഞു. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് താന്‍ നിന്നുകൊടുക്കുകയായിരുന്നു. പ്രത്യേകി ച്ച് അമ്മച്ചിയുടെ വാക്കുകള്‍ക്ക്… ജോമോന്‍റെ സ്നേഹനിര്‍ബന്ധങ്ങള്‍ക്ക്… റോസ് മേരിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്… അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ താന്‍ ഇങ്ങനെ നില്ക്കുമായിരുന്നില്ല… താന്‍ വിവാഹിതനാകുമായിരുന്നില്ല. ഒരു സമ്മതം മൂളല്‍. അത് തന്‍റെ ഭാഗത്തു നിന്നുണ്ടായി. അപ്പോഴാണ് അത് ഒരു വിവാഹമായി മാറിയത്.

കഴുത്തില്‍ താലിച്ചരട് വീണപ്പോള്‍ എത്സയുടെ മനസ്സിലും ഒരു തിരയിളക്കമുണ്ടായി.

താന്‍ ഭാര്യയായി മാറിയിരിക്കുന്നു… ഇന്നലെവരെ ഇല്ലാതിരുന്ന ഒരു അവസ്ഥയിലേക്ക് തന്‍റെ ജീവിതം മാറിമറിയുന്നു. ഒരു തരിപൊന്നിന് ഒരു പെണ്ണിന്‍റെ ജീവിതത്തെ ആകമാനം മാറ്റിമറിക്കാന്‍ കഴിവുണ്ടോ? ഒരു ചെറിയ ചരട് കഴുത്തില്‍ വീണതോടെ അവളുടെ ജീവിതം ബന്ധിക്കപ്പെടുകയാണോ? ഒരുവന്‍റെ മുമ്പില്‍ അവന്‍ അണിയിക്കേണ്ട ആഭരണത്തിനു വേണ്ടി കഴുത്ത് കുനിക്കേണ്ടിവരുമ്പോള്‍ മുതല്‍ അവളുടെ ജീവിതം തല കുനിക്കപ്പെടുകയാണോ…? അവളുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും ബലി കഴിക്കപ്പെടുകയാണോ? വിവാഹം ഒരു പെണ്ണിന്‍റെ ജീവിതത്തെ മാത്രമാണോ ഇങ്ങനെ മാറ്റിമറിക്കുന്നത്?

വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു. വധൂവരന്മാര്‍ പുറത്തേക്ക് ഇറങ്ങി. ആള്‍ക്കൂട്ടത്തില്‍ ബിനുവിന്‍റെ കണ്ണുകള്‍ ജോമോനെയും റോസ്മേരിയെയും തിരഞ്ഞു. പക്ഷേ അവരെ മാത്രം കണ്ടില്ല.

ജോമോന്‍ എവിടെ…? ബിനു സോജനോട് തിരക്കി.

വാ, വന്ന് ഒപ്പിട്… അച്ചന്‍ ധൃതി വയ്ക്കുന്നു. സോജന്‍ തിരക്ക് ഭാവിച്ച് മുന്നേ നടന്നു. പിന്നെ അവനെ പിന്തുടരാനേ ബിനുവിന് കഴിഞ്ഞുള്ളൂ. അലക്സച്ചന് മുമ്പില്‍ രജിസ്റ്ററില്‍ ഒപ്പുവച്ച് വീണ്ടും അ ച്ചന്‍റെ പക്കല്‍ നിന്ന് ആശംസകള്‍ ഏറ്റുവാങ്ങി ബിനുവും എത്സയും റിസപ്ഷന്‍ ഹാളിലേക്ക് നടന്നു.

മധുരം വയ്ക്കല്‍… കേക്ക് മുറിക്കല്‍… വിരുന്ന്… ആശംസകള്‍…

ബിനുവിന്‍റെ മനസ്സ് പക്ഷേ അവിടെങ്ങും ആയിരുന്നില്ല. എല്ലാവരുടെയും ചലനങ്ങളില്‍ എന്തോ കൃത്രിമത്വം കലര്‍ന്നിരിക്കുന്നതുപോലെ… ആരോ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ… അതിനിടയില്‍ എത്സയോട് ബിനു അടക്കം ചോദിച്ചു.

റോസ്മേരിയെ കണ്ടില്ലല്ലോ…?

ബിനുവിനോട് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ എത്സ കുഴങ്ങി. ബിനുവിനോട് ഇക്കാര്യം പറയാമോ…? ഇപ്പോള്‍ പറയാമോ… പക്ഷേ പറയാതിരിക്കുന്നതെങ്ങനെ?

റോസ്… റോസ്… എത്സ എങ്ങനെ പറയണമെന്നറിയാതെ വിഷമിച്ചു. എത്സയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.

ഈ ചടങ്ങുകള്‍ അവസാനിച്ചിട്ട് എത്രയും പെട്ടെന്ന് അവളുടെ അടുക്കലെത്താന്‍ ആയിരുന്നു എത്സയുടെ ആഗ്രഹം. തങ്ങള്‍ ഇവിടെ വിവാഹാഘോഷങ്ങളുടെ സന്തോഷങ്ങളില്‍ മുഴുകുമ്പോള്‍ ഇനിയൊരിക്കലും ജോമോന്‍ തിരിച്ചുവരില്ലെന്ന് അറിയാതെ ഐസിയുവിന്‍റെ തണുപ്പില്‍ കഴിയുകയാണല്ലോ റോസ്മേരി എന്ന ചിന്ത എത്സയുടെ മനസ്സില്‍ വേദനയായി.

എന്താന്നു വച്ചാ പറ… ബിനു അക്ഷമനായി…

ഒരു ആക്സിഡന്‍റ്… എത്സ മടിച്ചുമടിച്ചു പറഞ്ഞു.

ആക്സിഡന്‍റോ… ആര്‍ക്ക്? ബിനുവിന്‍റെ സ്വരം ഉയര്‍ന്നു. എത്സ വല്ലാതെയായി. അപ്പോഴേക്കും ത്രേസ്യാമ്മ അവരുടെ അടുക്കലേയ്ക്ക് വന്നു.

അമ്മച്ചി ഞാനെന്നതാ ഈ കേക്കുന്നെ…?

ബിനുവിന്‍റെ സ്വരത്തില്‍ ദ്വേ ഷ്യവും സങ്കടവും കലര്‍ന്നു.

നീയെന്നതാ കേട്ടെ? ത്രേസ്യാ മ്മ ഒന്നുമറിയാത്തതുപോലെ ചോദിച്ചു.

ജോമോന് എന്നതാ പറ്റിയെ? ബിനു ചോദിച്ചു.

ത്രേസ്യാമ്മ ഒന്നും പറഞ്ഞില്ല.

എനിക്കിപ്പോ പോണം…

നീ പൊയ്ക്കോ… പോകണ്ടാന്ന് ആരും പറഞ്ഞില്ല… പക്ഷേ ഇത്തിരി കൂടി കഴിഞ്ഞിട്ട്…

പറ്റില്ല… ബിനു തീര്‍ത്തുപറഞ്ഞു.

എനിക്കിപ്പോ പോണം…

ഇത് നിന്‍റെ കല്യാണ ദിവസാ… നമ്മള്‍ വിളിച്ചുവരുത്തിയ ആള്‍ക്കാരാ… ഒറ്റപ്പന്തിയിലെങ്കിലും ആള്‍ക്കാര്‍ ഭക്ഷണം കഴിച്ച് എണീറ്റോട്ടെ… അതുകഴിഞ്ഞ്… ത്രേസ്യാമ്മ അപേക്ഷിച്ചു.

ഒരു നശിച്ച കല്യാണം… ബിനു പൊട്ടിത്തെറിച്ചു. എത്സ നടുങ്ങിപ്പോയി.

ഞാന്‍ പോകുന്നു… ബിനു പു റംതിരിഞ്ഞു.

എടാ… ത്രേസ്യാമ്മ കരം നീട്ടി വിളിച്ചു. അരുതേയെന്ന അപേക്ഷ അതിലുണ്ടായിരുന്നു. അവന്‍ പക്ഷേ അത് ചെവിക്കൊണ്ടില്ല.

വണ്ടിയെടുക്കെടാ… ബിനു വൈശാഖിനോട് കല്പിച്ചു. വൈശാഖ് നിസ്സഹായനായി.

നിന്നോടല്ലേ പറഞ്ഞത്… ബി നു സ്വരമുയര്‍ത്തി.

വാ… വൈശാഖ് ആ സ്വരത്തിന് കീഴടങ്ങി. വൈശാഖിന് പിന്നാലെ ബിനു നടന്നു.

തന്നെക്കൂടി ക്ഷണിച്ചില്ലല്ലോ… തന്നെക്കൂടി കൂട്ടിയില്ലല്ലോ… എത്സ ഉള്ളില്‍ പരിതപിച്ചു. ബിനു നടന്നുപോകുന്നത് നോക്കിനില്ക്കുമ്പോള്‍ എത്സയുടെ മനസ്സിലെ പരിദേവനം അതായിരുന്നു. വിവാഹവസ്ത്രം ധരിച്ച് ഒറ്റയ്ക്ക് നടന്നുപോകുന്ന വരന്‍.

വിവാഹവസ്ത്രം ധരിച്ച് വിവാഹറിസപ്ഷന്‍ പന്തലിലെ സ്റ്റേജില്‍ ഒറ്റയ്ക്കായി പോയ വധു.

നിന്നോട് ആരെങ്കിലും അത് പറയാന്‍ പറഞ്ഞായിരുന്നോ…? അവനോട് എന്തുപറയണം, എങ്ങനെ പറയണം എന്ന് നിനക്കാണോ എനിക്കാണോ അറിയാവുന്നത്?

ബിനു വിവാഹസദ്യ നടക്കുന്ന ഹാളിലൂടെ പ്രധാനകവാടത്തിലേക്ക് നടന്നുപോകുന്നത് സ്റ്റേജില്‍ നോക്കിനിന്ന ത്രേസ്യാമ്മ പെട്ടെന്ന് എത്സയോട് ചോദിച്ചു. ത്രേസ്യാമ്മയുടെ സ്വരത്തില്‍ ദേഷ്യവും സങ്കടവും കലര്‍ന്നിരുന്നു. എത്സയുടെ കണ്ണുകളില്‍ സങ്കടം പൊടിഞ്ഞു. വല്ലാത്തൊരു നിസ്സഹായതയുടെയും സങ്കടത്തിന്‍റെയും വരണ്ട കാറ്റ് തന്നെ ചുഴറ്റുന്നത് അവളറിഞ്ഞു.

(തുടരും)

Leave a Comment

*
*