Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 13

ഒരു കുടുംബകഥ കൂടി… അധ്യായം 13

Sathyadeepam

വിനായക് നിർമ്മൽ

ബിനുവിനെ അതാണ് തളർത്തിക്കളഞ്ഞത്. അമ്മച്ചി പോലീസ് സ്റ്റേഷനിൽ.

താൻ താലി ചാർത്തിയ, തന്റെ ഭാര്യയായി മാറിയവൾ വിവാഹദിവസം പൊലീസ് സ്റ്റേഷനിൽ ആണ് എന്നത് അവനെ നടുക്കിയില്ല. പക്ഷേ അമ്മച്ചി… അതും എന്തിന്… കശപിശ… അടിപിടി… തങ്ങളുടെ ഭാഗത്തു നിന്ന് ആരും അങ്ങനെ ചെയ്യില്ലെന്ന് അവനുറപ്പായിരുന്നു. അപ്പോൾ… അതിന്റെ ഉറവിടം മനസ്സിലായി… എത്സയുടെ വീട്ടുകാരുടെ ഭാഗത്തുനി ന്ന്… ബിനു ദേഷ്യം കൊണ്ട് പുകഞ്ഞു.

നീയെന്താ ഒന്നും പറയാത്തെ? വൈശാഖ് ചോദിച്ചു.

വാ, പോകാം… ബിനു തിരിഞ്ഞുനടന്നു. അവന്റെ ചുവടുകൾക്ക് വല്ലാത്ത വേഗതയായിരുന്നു.

തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അവനറിയില്ലായിരുന്നു. അജ്ഞാതമായ ഏതൊക്കെയോ സംഭവങ്ങൾ, അല്ലെങ്കിൽ ദുരന്തങ്ങൾ അതിലേയ്ക്കാണോ താൻ നടന്നടുക്കുന്നത്? വൈശാഖ് ബിനുവിന്റെ ഒപ്പം ഒാടിയെത്തി. ബിനു സ്ഥലകാലബോധം നഷ്ടപ്പെട്ടവനെപോലെ വണ്ടിയിലേക്ക് കയറി. വൈശാഖ് പോലീസ് സ്റ്റേഷനിലേക്ക് വണ്ടി പറത്തി.

വിവാഹവേഷത്തിൽ വണ്ടിയിൽ വന്നിറങ്ങിയ ബിനുവിനെ കണ്ട് കോൺസ്റ്റബിൾമാർ ചിരിച്ചു.

സാറേ കല്യാണച്ചെറുക്കൻ വരുന്നുണ്ട്.

അവർ അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു.

വരട്ടെടോ… നമുക്ക് പൊലീസ് സ്റ്റേഷനിൽ വച്ചുതന്നെ കുരിശുവരപ്പിച്ച് കയറ്റിയേക്കാം… ഇനി അതും കൂടിയല്ലേ നടക്കാനുള്ളൂ. എസ് എെ രാജു മൈക്കിൾ ചിരിച്ചു.

അവരുടെ വാക്കുകൾ എത്സ കേട്ടു. അവൾ ഞെട്ടിയുണർന്നു. എത്സ അപ്പോഴും കരഞ്ഞുതീർന്നിട്ടില്ലായിരുന്നു. ഇതുപോലൊരു വിവാഹദിവസം ഒരു പെണ്ണിനും ഒരിക്കലും ഉണ്ടാവരുതേയെന്നായിരുന്നു അവൾ വീണ്ടും വീണ്ടും പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. എന്തൊരു അപമാനം… സങ്കടം… ഹോ ഒാർക്കുവാൻകൂടി വയ്യ. തല പെരുക്കുന്നതുപോലെ…

എത്സയുടെ സമീപത്തായി ത്രേസ്യാമ്മയും ഉണ്ടായിരുന്നു. സത്യത്തിൽ ത്രേസ്യാമ്മ സ്റ്റേഷനിലേക്ക് സ്വന്തം ഇഷ്ടപ്രകാരം പോന്നതായിരുന്നു. എത്സയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് നിർബന്ധം ഉള്ളതുപോലെയായിരുന്നു പോലീസിന്.

അടിയുണ്ടാക്കിയവരെ കൊണ്ടുപോയാൽ പോരേ അവരല്ലേ പ്രശ്നക്കാർ എന്ന് ത്രേസ്യാമ്മ തർക്കിച്ചപ്പോൾ പൊ ലിസിന്റെ മറുപടി ചെറുക്കനും പെണ്ണുംകൂടി സ്റ്റേഷനിലെത്തണം എന്നതായിരുന്നു. അങ്ങനെയെങ്കിൽ എത്സയെ തനിച്ച് സ്റ്റേഷനിലേക്ക് വിടില്ലെന്നായി ത്രേസ്യാമ്മ. അവൾക്കൊപ്പം താനും വരും…

അങ്ങനെ തന്നിഷ്ടപ്രകാരം പൊലീസ് വാഹനത്തിൽ ചെന്നു കയറുകയായിരുന്നു ത്രേസ്യാമ്മ. അവരെ ഇറക്കിവിടാൻ പോലീസ് ശ്രമിച്ചെങ്കിലും ത്രേസ്യാമ്മ പിടിവാശി പോലെ സീറ്റിൽ തന്നെ ഇരുന്നു.

അത്രയ്ക്ക് വാശിയാണെങ്കീ ചേടത്തി പോന്നോട്ടെടോ സ്റ്റേഷനിലേക്ക്… ഇത്രയും ആയുസ്സിനിടയിൽ ഒരുപക്ഷേ സ്റ്റേഷൻ കണ്ടിട്ടുണ്ടാവില്ല… ഇനി ഇൗ ജന്മത്തിൽ കാണാൻ അവസരമുണ്ടായില്ലെങ്കിലോ… നമ്മളായിട്ട് അതിന് തടസ്സം നില്ക്കണ്ടാ…

രാജു മൈക്കിൾ അതിനോട് പ്രതികരിച്ചത് അങ്ങനെയാണ്. പിന്നെ ഒാരോരുത്തരെയായി വണ്ടിയിലേക്കു കയറ്റുകയായിരുന്നു.

രാജു മൈക്കിളിന് സോജനോടും ബിനുവിനോടും വ്യക്തിപരമായ മുൻവൈരാഗ്യമുണ്ടായിരുന്നു. രാജുവിന്റെ സഹോദരനുള്ള ബിസിനസ് കാര്യവുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു അത്. സത്യത്തിൽ അത് സോജനും രാജുവിന്റെ സഹോദരനും തമ്മിലുള്ള പ്രശ്നമായിരുന്നു. അതിലേക്ക് പൊലീസിന്റെ പവർ അനുസരിച്ച് രാജു കടന്നുവന്നു. അതേ പ്രശ്നത്തിൽ എങ്ങനെയോ ബിനുവും ചെന്നുചാടി. അപ്പോൾ മുതൽ ചേട്ടനും അനിയനും രാജുവിന്റെ കണ്ണിലെ കരടായി.

ഏതെങ്കിലും ഒരു അവസരത്തിൽ അത് തീർക്കാൻ അയാൾ തക്കം പാർത്തിരിക്കുകയായിരുന്നു. പക്ഷേ അത് ഇങ്ങനെയൊരു വിധത്തിലായിരിക്കുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. കിട്ടിയ അവസരം അയാൾ മുതലാക്കി. ഇനിയൊരുനാളും ആരും മറന്നുപോകാനിടയില്ലാത്ത വിധത്തിൽ…

ബിനു വന്നുവെന്ന് കേട്ടപ്പോൾ ത്രേസ്യാമ്മയും ആലോചനയിൽ നിന്നുണർന്നു. പൊലീസ് സ്റ്റേഷന്റെ വാതില്ക്കൽ നിന്ന് ബിനു അകത്തേയ്ക്ക് കണ്ണോടിച്ചു. കസേരയിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അമ്മച്ചി… അമ്മച്ചിയുടെ സമീപത്തായി എത്സ… വെരുകിനെ പോലെ കൈകൾ പിന്നിൽ കെട്ടി നടക്കുന്ന സോജൻ… കയ്യും കെട്ടി തല കുമ്പിട്ട് നില്ക്കുന്ന സോജന്റെ അളിയന്മാർ… തറയിൽ കുത്തിയിരിക്കുന്ന പാപ്പച്ചനും സഹോദരന്മാരും… ഒരൊറ്റ നോട്ടത്തിലൂടെ ബിനുവിന്റെ കാഴ്ചയിലൂടെ അവരെല്ലാം മിന്നിമാഞ്ഞു.

അമ്മച്ചി…

ബിനു ത്രേസ്യാമ്മയുടെ തോളത്ത് കൈകൾ വച്ചു. അവന് അത് സഹിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല… ആ വിളിയിലെ സങ്കടവും അപമാനവും വേദനയും ത്രേസ്യാമ്മയ്ക്ക് മനസ്സിലായി.

പക്ഷേ ഉള്ളിലെ കലക്കം ത്രേസ്യാമ്മ പുറമേയ്ക്ക് കാണിച്ചില്ല. അവർ ആ കരം എടുത്തുമാറ്റിയിട്ട് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു:

സാരമില്ലെടാ… ങ്… നീ ചെന്ന് സാറിനോട് എന്താന്നുവച്ചാ പറഞ്ഞിട്ട്… എവിടെയാന്ന് വച്ചാ ഒപ്പിട്ടിട്ട് എല്ലാരേം ഇറക്കിക്കൊണ്ടുപോ…

എത്സ ബിനുവിനെ കണ്ടപ്പോൾ കസേരയിൽ നിന്ന് എണീറ്റുനിന്നു. അവനെ തന്നെ നോക്കിനില്ക്കുകയായിരുന്നു അവൾ. പക്ഷേ ബിനു അവൾക്ക് മുഖം കൊടുക്കാതെ എസ്എെയുടെ സീറ്റിനരികിലേക്ക് ചെന്നു.

വന്നല്ലോ വനമാല… എസ് എെ പരിഹാസത്തോടെ ചിരിച്ചു.

…നല്ലൊരു വകുപ്പ് കണ്ടെത്തി മണിച്ചിത്രത്താഴിട്ട് നീയുൾപ്പടെ എല്ലാരേം പൂട്ടാമെന്നായിരുന്നു പ്ലാൻ… അതിന് മുമ്പേ അങ്ങ് മോളീന്ന് മുതല് ഫോൺ വന്നുതുടങ്ങി… നിങ്ങള് വല്യ കുടുംബക്കാരാണ് അല്ല്യോ… തിരുമേനിമാരും എംപിമാരും മന്ത്രിമാരും ഒക്കെ നിങ്ങടെ ചിറ്റപ്പന്മാരും കൊച്ചാപ്പന്മാരുമാണ് അല്ല്യോ… പരിഹാസത്തോടെ പ്രത്യേക ടോണിലായിരുന്നു രാജുവിന്റെ ചോദ്യം.

…ആ പള്ളിക്കെന്തോ ഇപ്പോ ഒരു ബാധ കേറീട്ടുണ്ട് സാറേ… അല്ലാതെ ഇവരുടെ ആരുടേം കുഴപ്പമല്ല; കോൺസ്റ്റബിൾ ദിലീപ് രാജുവിനോട് പറഞ്ഞു.
പള്ളിക്ക് ബാധയോ… രാജു പൊട്ടിച്ചിരിച്ചു.

അതെ സാറേ സാറ് ഒാർക്കുന്നില്ലേ രണ്ടുമൂന്ന് മാസം മുമ്പ്് അവിടെത്തന്നെയല്ലേ ഇതുപോലൊരു അടി നടന്നെ… പെണ്ണുങ്ങള് വരെ പൊരിഞ്ഞ അടി… സിനിമേല് ഒക്കെ കാണുന്നതുപോലെ ഭക്ഷണമൊക്കെ മുഖത്തേക്കെറിഞ്ഞ്..

ശരിയാ ശരിയാ… രാജു അത് ഒാർത്തെടുത്തു; അത് യൂട്യൂബിലൊക്കെയുണ്ടെന്ന് കേട്ടു.

യൂട്യൂബിലൊക്കെ വരാത്തതായി ഇപ്പോ എന്തെങ്കിലുമുണ്ടോ സാറേ… ഇൗ അടി തന്നെ വന്നു കാണും…

ഇരുവരും ചിരിച്ചു.

രാഹുകാലം കഴിയാറായോ… അതിന് മുമ്പ് ചെറുക്കനും പെണ്ണിനും വീട്ടീ ചെന്നു കേറാനുള്ളതല്ലേ? ദിലീപ് കലണ്ടറിലേക്ക് നോക്കി.

ഒാ… ഇവര് വല്യ സത്യക്രി സ്ത്യാനികളല്ലേടോ… ഇവരൊന്നും രാഹുകാലോം ഗുളികനും ഒന്നും നോക്കുന്നവരല്ല… അല്ലേടാ… രാജു ബിനുവിനോടായി ചോദിച്ചു.
ബിനു ഒന്നും പറഞ്ഞില്ല.

ങ്… വന്ന് ഒപ്പിട്ടിട്ട് എല്ലാരും പൊയ്ക്കോ… രാജു ഒരു ഫയൽ ബിനുവിന്റെ മുമ്പിലേക്ക് തള്ളിവച്ചുകൊടുത്തു.

ഒാരോരുത്തരായി വന്ന് ഒപ്പിട്ടു തുടങ്ങി.

പറ്റിപ്പോയി… പാപ്പച്ചൻ ബിനുവിന്റെ മുമ്പിലെത്തി ദാസ്യഭാവത്തിൽ പുറം ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

…എല്ലാം വെള്ളത്തിലായിരുന്നു… ഇപ്പഴാ കുറേശ്ശേ കെട്ട് വിട്ടോണ്ടിരിക്കുന്നെ…

ബിനു അത് ഗൗനിച്ചതേയില്ല. അവൻ ത്രേസ്യാമ്മയുടെ കൈ പിടിച്ച് പുറത്തേയ്ക്ക് നടന്നു.

എത്സ അന്യയെപ്പോലെ അവരുടെ പിന്നാലെ നടന്നു.

സോജനും ആന്റണിയും വാതില്ക്കലെത്തിയത് ഒരുമിച്ചായിരുന്നു. ആന്റണിയെ കണ്ടതും സോജൻ അറിയാതെ കവിളത്ത് കരം വച്ചുപോയി.

ഒാ അതൊന്നും സാരമില്ലെന്നേ… ആന്റണി പെട്ടെന്ന് സോജനെ ബലമായി പിടിച്ച് കവിളത്ത് ഒരുമ്മവച്ചുകൊടുത്തു.

നമ്മളെത്ര അടി കൊടുത്തിരിക്കുന്നു… അടി വാങ്ങിയിരിക്കുന്നു… ഇതുവല്ലതും അടിയാണോ… പോട്ടെന്നേ… നമ്മളിപ്പോ ബന്ധുക്കളല്ലേ…

ബന്ധു… സോജൻ പല്ലിറുമ്മിക്കൊണ്ട് ആന്റണിയെ തന്നിൽ നിന്ന് അടർത്തിമാറ്റി.

സംസ്… പറയാൻ വന്ന വാക്ക് പിന്നെ മറ്റെന്തോ ഒാർമ്മിച്ച് സോജൻ പറഞ്ഞില്ല.

കാറിന് അടുക്കലെത്തിയപ്പോൾ ത്രേസ്യാമ്മ ബിനുവിനോട് ചോദിച്ചു.

നീയിനി എങ്ങോട്ടാ…?

ഞാൻ… ബിനു പൂർത്തിയാക്കിയില്ല.

സംഭവിക്കാനുള്ളത് സംഭവിച്ചു… ആരും വിചാരിക്കാത്തതും പ്ലാൻ ചെയ്യാത്തതുമാണ് നടന്നത്… നിങ്ങളുടെ മുമ്പിൽ രണ്ടുണ്ട് മാർഗ്ഗം… ഒന്നുകിൽ ഇതിന്റെ പേരിൽ ഇപ്പോ മുതൽ പരസ്പരം കുറ്റപ്പെടുത്തിത്തുടങ്ങാം. ചൊറി കുത്തി ചിരങ്ങാക്കുന്നതുപോലെ ഒാരോ ദിവസവും ഇതിൽ തുടങ്ങി വലുതാക്കിക്കൊണ്ടുവരാം ഒാരോ പ്രശ്നങ്ങള്… ഇനി അതല്ല എങ്കിൽ ഇപ്പോ നടന്നതെല്ലാം ഇവിടെ വച്ച് മറക്കാം… ഏതു വേണമെന്നത് നിങ്ങളുടെ തീരുമാനം…നിങ്ങളുടെ വിവേകം… നിങ്ങളുടെ മനസ്സിന്റെ വലുപ്പം.

ബിനുവും എത്സയും ഒന്നും പറഞ്ഞില്ല… അപ്പോൾ ത്രേസ്യാമ്മ ഇരുവരുടെയും കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു.

മറക്കണം മക്കളേ… അതാണ് വേണ്ടത്… നല്ലത് മാത്രം നമ്മള് ഒാർത്താൽ മതി… നന്മയായിട്ടുള്ളതും… വേദനിപ്പിക്കുന്നതെല്ലാം മറക്കണം… വേദനിപ്പിച്ചവ ഒാർമ്മിച്ചോണ്ടിരുന്നാ നമുക്ക് വേദനിക്കാനേ നേരം കാണൂ… ഒരുപക്ഷേ നമ്മെ വേദനിപ്പിച്ചവര് അതൊക്കെ അപ്പഴേ മറന്നുപോയിട്ടുണ്ടാവും.. എന്നിട്ടും നമ്മള് മാത്രം അതോർത്തോണ്ടിരിക്കും… എന്തിനാ… നമ്മുടെ സ്വസ്ഥത കളയാൻ… പള്ളീല് അ ച്ചന്മാര് പ്രസംഗിക്കുന്നത് കേട്ടിട്ടില്ലേ നല്ല കാര്യങ്ങളെല്ലാം പാറയിൽ എഴുതണം… മോശം കാര്യങ്ങളെല്ലാം മണലിലും…

ബിനുവും എത്സയും കേട്ടുനില്ക്കുക മാത്രമേ ചെയ്തുള്ളൂ.

ഇത് നിങ്ങളുടെ ജീവിതമാ… ഇവിടത്തെ നഷ്ടങ്ങളും ലാഭങ്ങളും നിങ്ങളെ മാത്രമേ ബാധിക്കൂ… ഒന്നുകിൽ രണ്ടുപേർക്കും നഷ്ടം…അല്ലെങ്കിൽ രണ്ടുപേർക്കും ലാഭം… ഒരാൾക്ക് നഷ്ടം മറ്റൊരാൾക്ക് ലാഭം… ഇല്ല… അങ്ങനെയൊന്ന് ഇല്ലാത്ത ഏക കച്ചവടമാ ദാമ്പത്യം… നഷ്ടത്തിലോടിക്കണോ ലാഭമാക്കണോയെന്നതും നിങ്ങടെ തീരുമാനം.. കളി കാണാൻ എന്നും കുറച്ചാളുകൾ പുറത്തുണ്ടാവും… പക്ഷേ അവർക്കൊരിക്കലും കളിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കാൻ കഴിയില്ല. അവർക്ക് വെറുതെ കയ്യടിക്കാനോ അല്ലെങ്കിൽ കൂവാനോ… അതിനേ കഴിയൂ… കളിക്കേണ്ടത് നിങ്ങളാ… കപ്പടിക്കേണ്ടതും നിങ്ങളാ… അതോണ്ട് എല്ലാം ഇവിടെ അവസാനിച്ചു… ഇനി പുതിയ തുടക്കം… വാ വന്ന് വണ്ടിയേ കേറ്…

ത്രേസ്യാമ്മ അവർക്കായി വാതിൽ തുറന്നു കൊടുത്തു.

വണ്ടി വിട്ടോടാ വീട്ടിലോട്ട്… ത്രേസ്യാമ്മ വൈശാഖിന് നിർദ്ദേശം നല്കി…

***

രാത്രി…

കട്ടിലിൽ മലർന്നുകിടക്കുകയായിരുന്നു ബിനു. അവൻ അറിയാതെയെന്നോണം കൈ മണത്തുനോക്കി.. കുളികഴിഞ്ഞിട്ടും കുന്തിരിക്കത്തിന്റെ മണം മായാത്തതുപോലെ… ജോമോന് നല്കാൻ അവസാനമായി തനിക്കുണ്ടായിരുന്നത് ഇൗ കുന്തിരിക്കം മാത്രം… വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞയുടൻ ബിനു ജോമോന്റെ ശവസംസ്കാരച്ചടങ്ങുകൾക്കായി പോയിരുന്നു. ഇത്തവണ എത്സയെയും അവൻ കൂട്ടിയിരുന്നു. പക്ഷേ വഴിയിൽ ഇരുവരും സംസാരിക്കുക പോലുമുണ്ടായില്ല. അപരിചിതരെപ്പോലെ അവർ പോവുകയും മടങ്ങിവരുകയും ചെയ്തു.

ജോമോൻ ഇപ്പോൾ.. സെമിത്തേരിയുടെ ചിത്രം ബിനുവിന്റെ മനസ്സിലേക്ക് കടന്നുവന്നു. ഉയർന്നുനില്ക്കുന്ന കുരിശുകൾ… ശവക്കല്ലറകൾ… അവിടെ പുതുമണ്ണിന്റെ നനവിൽ ജോമോൻ… എന്റെ ജോമോൻ…

ബിനുവിന്റെ കണ്ണുകൾ ഇരുവശങ്ങളിലൂടെയും നിറഞ്ഞൊഴുകി. താൻ അവനെപോലെ ആരെയും ഇതിനിടയിൽ സ്നേഹിച്ചിട്ടില്ലെന്ന് ബിനുവിന് തോന്നി… എന്തൊരു സ്നേഹമായിരുന്നു തനിക്ക് അവനോട്… അവന് തന്നോടും… ജോമോന്റെ വിവാഹം കഴിയുന്നതോടെ സൗഹൃദത്തിന് വിടവുകളുണ്ടാകുമെന്ന് പലരും പറഞ്ഞു. പക്ഷേ അതുണ്ടായില്ല… എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെ… രണ്ടുപേർക്കിടയിലെ സൗഹൃദത്തിനുണ്ടാവുന്ന എല്ലാ നിറവും മണവും അതിനുണ്ടായിരുന്നു… അതൊക്കെ ഇപ്പോൾ ബിനുവിന്റെ മനസ്സിലേക്ക് കടന്നുവന്നു. സംസ്കാരത്തിന്റെ സമയത്തേക്ക് മാത്രമായി റോസ് മേരിയെ ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നിരുന്നു. അതിന് ശേഷം ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോവുകയും ചെയ്തു… റോസ്മേരി ആർത്തലച്ച് കരയുകയോ ഒന്നും ചെയ്യാതിരുന്നതും ബിനുവിനെ ആശങ്കപ്പെടുത്തി. അവൾക്കെന്തെങ്കിലും മാനസികമായി…

അവളുടെ അടുക്കലെത്താൻ അവൻ ആഗ്രഹിച്ചു. പക്ഷേ അവൻ അമ്മച്ചിയെ ഒാർമ്മിച്ചു. ഇന്ന് തന്റെ വിവാഹദിനമാണ്… വിവാഹരാത്രിയാണ്…

ഇന്ന് ഇനി പുറത്തേയ്ക്ക് പോവണ്ട… രാവിലെ രണ്ടാളും കൂടി എവിടെയാന്ന് വച്ചാ പൊയ്ക്കോ…ത്രേസ്യാമ്മ ബിനുവിന് നല്കിയിരുന്ന നിർദ്ദേശമായിരുന്നു അത്. ബിനു ദേഷ്യം സഹിക്കാനാവാതെ മുഷ്ടി ചുരുട്ടി സ്വന്തം കൈയിൽ തന്നെ ഇടിച്ചു.

ആ സമയം വാതിൽ തുറന്ന് എത്സ കടന്നുവന്നു. അവൾ മുണ്ടും നേര്യതുമായിരുന്നു വേഷം. ആരോ നിർദ്ദേശിച്ചതനുസരിച്ചുള്ള ചുവടുവയ്പ്പുകളോടെ പതുക്കെ എന്നാൽ പരിഭ്രമിച്ചായിരുന്നു അവൾ മുറിയിലേക്ക് കടന്നുവന്നത്. കൈയിൽ പാൽ… ബിനു കട്ടിലിൽ എണീറ്റിരുന്നു. അവൻ മുഖം ചെരിച്ച് അവളെ നോക്കി… അവളുടെ വേഷം… നില്പ്… പാൽഗ്ലാസ്… ബിനുവിന് ചിരി വന്നു. ആ ചിരിയിൽ പുച്ഛം കലർന്നിരുന്നു.

ക്ലീഷേ! അവൻ തന്നോടുതന്നെ പറഞ്ഞു. എത്സയെ വല്ലാത്ത പരിഭ്രമം ബാധിച്ചിട്ടുണ്ടായിരുന്നു. വായിച്ച കഥകളിലും കണ്ട സിനിമകളിലുമെല്ലാം ഉള്ള സവിശേഷമായ ഒരു രാത്രി… വിവാഹരാത്രി… ഇത് തന്റെ വിവാഹരാത്രിയാകുന്നു… പക്ഷേ എത്സയ്ക്ക് അതിൽ സന്തോഷം തോന്നിയില്ല. അവൾ മാനസികമായും ശാരീരികമായും തളർന്നിട്ടുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല… തുടർന്നുള്ള സംഭവവികാസങ്ങൾ അവൾക്ക് നല്ല തലവേദനയും സമ്മാനിച്ചിട്ടുണ്ടായിരുന്നു. എവിടെയെങ്കിലും ഒന്ന് കിടന്നുറങ്ങിയാൽ മാത്രം മതിയെന്നായിരുന്നു അവളുടെ ആഗ്രഹം.

ബിനു എണീറ്റ് ചെന്ന് വാതിൽ കുറ്റിയിട്ടപ്പോൾ എത്സയുടെ ദേഹത്തൂകൂടെ ഒരു വിറയൽ കടന്നുപോയി. അടുത്ത നിമിഷം മുറിയിലെ വെളിച്ചമണഞ്ഞു… എത്സ വിറയ്ക്കാൻ തുടങ്ങി. പിന്നെ ബിനുവിന്റെ കരം അവളുടെ തോളത്ത് പതിഞ്ഞു. ഉച്ഛ്വാസം ചുമലിൽ തട്ടി. അപ്പോൾ എത്സയുടെ കൈയിൽ നിന്ന് ഗ്ലാസ് താഴെ വീണ് ചിതറി.

(തുടരും)

Leave a Comment

*
*