ഒരു കുടുംബകഥ കൂടി… അധ്യായം 14

ഒരു കുടുംബകഥ കൂടി… അധ്യായം 14

വിനായക് നിര്‍മ്മല്‍

വികൃതരൂപികളായ ഒരുപറ്റം ആളുകള്‍ ഒത്തൊരുമിച്ച് ആര്‍ത്തട്ടസഹിച്ചുകൊണ്ട് അവരുടെ മുഖം എത്സയുടെ മുഖത്തേയ്ക്ക് അടുപ്പിച്ചു. അവരുടെ കയ്യില്‍ ആളിക്കത്തുന്ന തീപ്പന്തങ്ങള്‍… പിന്നെ ഏതോ ഒരു സംഘഗാനത്തിന് ചുവടുകള്‍ വച്ചു കൊണ്ട് അവര്‍ പിന്നിലേക്ക് മാറി. അടുത്ത നിമിഷം നിലത്തു വീണുകിടക്കുന്ന എത്സയുടെ മുഖത്തേയ്ക്ക് തന്നെ അവര്‍ ആദ്യത്തേതുപോലെ മുഖം അടുപ്പിച്ചു. അപ്പോഴെല്ലാം എത്സ ഭയത്തോടെ നിലവിളിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് എത്സ ഞെട്ടിയുണര്‍ന്നു. കഴുത്തില്‍ ആരോ പിടിമുറുക്കിയതുപോലെ അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. താന്‍ എവിടെയാണ് എന്ന് അവള്‍ക്കാദ്യം മനസ്സിലായില്ല. പിന്നെ പതുക്കെ പതുക്കെ അവള്‍ക്ക് സ്ഥലകാലബോധം വന്നു. എത്സ കട്ടിലില്‍ എണീറ്റിരുന്നു. അവള്‍ കാല്‍മുട്ടുകളില്‍ മുഖം ചേര്‍ത്തിരുന്നു. കട്ടിലില്‍ ബിനു ഉണ്ടായിരുന്നില്ല. കാതോര്‍ത്തപ്പോള്‍ ബാത്ത്റൂമില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടു. തനിക്ക് മുന്നേ ബിനു ഉണര്‍ന്നുവെന്ന് അപ്പോള്‍ അവള്‍ക്ക് മനസ്സിലായി.

കഴിഞ്ഞുപോയ രാത്രിയെക്കുറിച്ചാണ് എത്സ ഓര്‍മ്മിച്ചത്. അത് തന്‍റെ വിവാഹരാത്രിയായിരുന്നു. കഥകളിലും സിനിമകളിലും കാണുന്നതുപോലെയുള്ള ആദ്യ രാത്രി. പക്ഷേ..

എന്തിനോ എത്സയുടെ കണ്ണ് നിറഞ്ഞു. ഷവറിന് കീഴെ നില്ക്കുമ്പോള്‍ ബിനുവിന്‍റെ മനസ്സില്‍ കുറ്റബോധമായിരുന്നു. അവന് തന്നോടു തന്നെ പുച്ഛം തോന്നി… തനിക്കെന്താണ് സംഭവിച്ചത്? സ്നേഹമില്ലാത്ത രതി കൊലപാതകമാണെന്ന് വിശ്വസിച്ചിരുന്ന തനിക്ക്…

സ്നേഹമായിരുന്നോ ഇന്നലെ… ഇല്ല… സ്നേഹമുണ്ടായിരുന്നില്ല. അക്കാര്യത്തില്‍ ബിനുവിന് തീര്‍ച്ചയുണ്ടായിരുന്നു. ആദ്യരാത്രി എന്നാല്‍ ഇങ്ങനെയായിരിക്കണം എന്ന് ലോകത്തിലെ ഭൂരിപക്ഷം ആണുങ്ങളും വി ചാരിക്കുന്ന വിധത്തിലുള്ള വങ്കത്തരം തനിക്കുണ്ടായിരുന്നോ? അതുമില്ല. എന്നിട്ടും തനിക്കെന്താണ് സംഭവിച്ചത്? സത്യസന്ധമായി വിലയിരുത്തിയപ്പോള്‍ ബിനുവിന് ഒരു കാര്യം മനസ്സിലായി… പകയായിരുന്നു… വിദ്വേഷമായിരുന്നു… എവിടെയെല്ലാമോ ആരോടെല്ലാമോ ഉള്ള പക… തന്‍റെ ജീവിതം തന്നില്‍ നിന്ന് ആരൊക്കെയോ ചേര്‍ന്ന് തട്ടിപ്പറിച്ചെടുത്തതിന്‍റെ പക… അതിന്‍റെ പകവീട്ടല്‍ അങ്ങനെയായി… എത്സയോട്… അവളുടെ ശരീരത്തോട്…

താന്‍ ഒരു അധമനായെന്ന് അവന് തോന്നി. ആത്മനിന്ദകൊണ്ട് ബിനുവിന്‍റെ നെഞ്ചകം കനത്തു. ഏതു നദിയില്‍ കഴുകിയാലും തീരാത്തത്ര വിധമുള്ള രക്തക്കറ പതിഞ്ഞ ഷേക്സ്പിയറിന്‍റെ ആ കഥാപാത്രത്തെ ബിനു ഓര്‍ത്തുപോയി… തനിക്കും അതുപോലെയാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഈ മാലിന്യം തന്നില്‍ നിന്ന് മാഞ്ഞുപോകുകയില്ല. അവന് കരയണമെന്ന് തോന്നി. ഇനിയെങ്ങനെ എത്സയുടെ മുഖത്ത് നോക്കും?

ഭാര്യയാണ്… ഭാര്യയുടെ ശരീരത്തില്‍ അവള്‍ക്കല്ല ഭര്‍ത്താവിനാണ് അവകാശമെന്ന വചനവും ഓര്‍മ്മയിലെത്തി. പക്ഷേ അതിലൊന്നും ബിനുവിന് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. അനുവാദമില്ലാതെ ഒരാളുടെ ദേഹത്തുപോലും അനുചിതമായി സ്പര്‍ശിക്കരുത്… ഉഭയസമ്മതമില്ലാതെ ശരീരങ്ങളുടെ ഇഴുകിച്ചേരലും നടക്കരുത്. അതൊക്കെയായിരുന്നു തന്‍റെ സിദ്ധാന്തങ്ങള്‍. പക്ഷേ സംഭവിച്ചത്…

സിദ്ധാന്തങ്ങളുടെ പൂര്‍ത്തീകരണല്ല പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നത്. ആശയങ്ങള്‍ പലപ്പോഴും പ്രവൃത്തിപഥത്തില്‍ നടപ്പിലാക്കപ്പെടാറുമില്ല. എഴുതുന്നവയും പ്രസംഗിക്കുന്നവയും ജീവിക്കുന്നവയും തമ്മില്‍ എപ്പോഴും അകലങ്ങളുണ്ട്… അത് അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നതാകാം… അതെന്തായാലും സംഭവിക്കുന്നത് അതാണ്. ആരെയും അതില്‍ കുറ്റം വിധിക്കാനാവില്ല. എത്ര നേരം അങ്ങനെ നിന്നുവെന്ന് അവന് തന്നെയറിയില്ല. വാതില്ക്കല്‍ മുട്ടുകേട്ടപ്പോഴാണ് അവന്‍ ഷവര്‍ ഓഫാക്കിയത്.

സത്യത്തില്‍ എത്സയ്ക്ക് പരിഭ്രമം തോന്നിയിരുന്നു. ഇങ്ങനെയുമുണ്ടോ കുളി? എത്ര നേരമാണ്… അതാണ് അവള്‍ ആലോചിച്ചത്. ഏറെ നേരം അവള്‍ ബാത്ത്റൂമിന് വെളിയില്‍ കാതോര്‍ത്തുനിന്നു..

വെള്ളത്തിന്‍റെ ഒഴുക്ക് നിലയ്ക്കുന്നുണ്ടോ? സോ പ്പിന്‍റെ ഗന്ധം വരുന്നുണ്ടോ… മൂളിപ്പാട്ടിന്‍റെ ഈണം കേള്‍ക്കുന്നുണ്ടോ… ഒന്നും സംഭവിക്കുന്നില്ല… അപ്പോള്‍ എത്സയ്ക്ക് പരിഭ്രമം തോന്നി.

കാരണം ബിനുവിന്‍റെ മനോനിലയില്‍ താന്‍ മുമ്പു കണ്ടതില്‍ നിന്നും മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് അവള്‍ക്ക് മനസ്സിലായിരുന്നു… ജോമോന്‍റെ മരണമാണ് അതിന് കാരണമെന്നും അവള്‍ക്ക് തോന്നിയിരുന്നു. വിവാഹദിനത്തിലെ ബിനുവിന്‍റെ പെരുമാറ്റം അതാണ് അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തിരുന്നത്.

വിവാഹരാത്രിയിലെ അസ്വാഭാവികവും അപക്വവുമായ പെരുമാറ്റവും അതിന്‍റെ തുടര്‍ച്ചയാണെന്ന് എത്സയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് നേരം ഏറെ കഴിഞ്ഞിട്ടും ബാത്ത് റൂമില്‍ നിന്ന് ബിനു പുറത്തുവരാതിരുന്നപ്പോള്‍ അവള്‍ ആശങ്കപ്പെട്ടത്. ആദ്യം നേര്‍ത്ത ശബ്ദത്തിലും പിന്നീട് കനത്ത ശബ്ദത്തിലുമാണ് എത്സ വാതിലില്‍ മുട്ടിയത്. കനത്ത മുട്ടിന്‍റെ ആവര്‍ത്തനത്താല്‍ പൊടുന്നനെ അവന്‍ ഷവര്‍ ഓഫാക്കുകയായിരുന്നു. അകത്ത് വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചപ്പോള്‍ എത്സയ്ക്ക് ആശ്വാസമായി. അവള്‍ വേഗം കട്ടിലില്‍ ചെന്നിരുന്നു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ബിനു പുറത്തേയ്ക്ക് വന്നു. അവന് എത്സയെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എത്സയും അവന് നേരെ മുഖം ഉയര്‍ത്തിയില്ല. ജീവിതത്തില്‍ എത്രയോ അധികം സന്തോഷിക്കേണ്ട ഒരു രാത്രിയാണ് അതിന് വിരുദ്ധമായി കടന്നുപോയതെന്ന ചിന്ത എത്സയെ മഥിക്കുന്നുണ്ടായിരുന്നു.

സോറി എന്ന് അവളുടെ മുമ്പിലെത്തുമ്പോള്‍ പറയണമെന്ന് ബിനു ആഗ്രഹിച്ചു. പക്ഷേ അവന്‍റെ നാവ് അണ്ണാക്കിനോട് ഒട്ടിപിടിച്ചതുപോലെയായിരുന്നു. അവന്‍ എന്തെങ്കിലും പറയുമെന്ന് എത്സയും പ്രതീക്ഷിച്ചു. അവളെ നോക്കാന്‍ അവന് കരുത്തുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

എത്സ എണീറ്റ് ബാത്ത് റൂമിലേക്ക് നടന്നു. വാതില്‍ ചേര്‍ത്തടഞ്ഞ ശബ്ദം കേട്ടപ്പോള്‍ ബിനു അവിടേയ്ക്ക് നോക്കി. അവന്‍ അറിയാതെ നെടുവീര്‍പ്പെട്ടു.

*****

ആശുപത്രി.

കട്ടിലില്‍ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു റോസ്മേരി… അവളുടെ കൈകളിലും തലയിലും പരിക്കുകളുണ്ടായിരുന്നു. ഇനിയും ഉറക്കമുണരാത്ത നടുക്കം അവളെ ബാധിച്ചിട്ടുണ്ടായിരുന്നു. റോസ്മേരിയുടെ ആങ്ങളയുടെ ഭാര്യയായിരുന്നു ബൈസ്റ്റാന്‍റര്‍…

റോസ്മേരിയുടെ സമീപത്ത് എത്സ. അവള്‍ വെറുതെ റോസ്മേരിയുടെ കരത്തിന് മീതെ തന്‍റെ കരം ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു. എന്തും പറയുന്നതിനേക്കാള്‍ വാചാലമായിരുന്നു ആ സ്പര്‍ശം. അങ്ങനെ കിടക്കവെ റോസ് മേരിയുടെ കണ്ണുകള്‍ ഇരുവശങ്ങളിലേക്കും നിറഞ്ഞൊഴുകി. എത്സ കരം നീട്ടി അത് തുടച്ചെടുത്തു. അത് കണ്ടു നില്ക്കവെ ബിനു വേഗം നോട്ടം മാറ്റി. അവന്‍ പുറത്തേയ്ക്ക് നടന്നു.

റോസ്… എത്സ പതുക്കെ വിളിച്ചു.

ഊം… റോസ്മേരി മൂളി.

ഇനിയെന്തു ചോദിക്കണമെന്ന് എത്സയ്ക്കറിയില്ലായിരുന്നു.

നിനക്ക് സന്തോഷമാണോ…? പെട്ടെന്ന് റോസ്മേരി തിരികെ ചോദിച്ചു. ആ ചോദ്യത്തിന് മുമ്പില്‍ എത്സ ഉത്തരം നഷ്പ്പെട്ടു നിന്നു. സന്തോഷം… അതിന്‍റെ അര്‍ത്ഥം എന്താണ്…? എത്സ ആദ്യമായി ആലോചിച്ചു.

എന്തൊക്കെയാണ് ഒരു പെണ്‍കുട്ടിയെ, ഒരു ഭാര്യയെ സന്തുഷ്ടയാക്കുന്നത്? ഭര്‍ത്താവിന്‍റെ പരിഗണന…അയാളുടെ കരുതല്‍… സ്നേഹവാത്സല്യങ്ങള്‍… രണ്ടുപേരും ഒന്നാണെന്ന തോന്നല്‍…

അതൊക്കെയാണെങ്കില്‍ താന്‍ സന്തുഷ്ടയാണോ…? എത്സയ്ക്ക് അതിന് ഉത്തരം കിട്ടിയില്ല. വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിരി ക്കുന്നു. ആശുപത്രിയിലേക്കുള്ള ഈ യാത്രയില്‍ മാത്രമാണ് തന്നെ കൂടെ കൂട്ടുന്നത്.

രാവിലെ എവിടേയ്ക്കോ ഇറങ്ങിപ്പോകും… രാത്രി എപ്പോഴെങ്കിലും തിരികെവരും. അമ്മച്ചിയോട് മാത്രം പറഞ്ഞിട്ടുപോകും, എവിടേയ്ക്കാണെന്ന്… അമ്മച്ചി പറഞ്ഞുവേണം താന്‍ വിവരം അറിയാന്‍… രാത്രിയില്‍ വന്നാലും ഒരേ കട്ടിലില്‍ തന്നെ തൊടാതെയെന്നോണമാണ് കിടപ്പ്… എന്താണ് ബിനുവിന്‍റെ ഉള്ളിലെന്ന് തനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല.

പുറമേനിന്ന് നോക്കുന്നവര്‍ക്ക് താന്‍ ഭാഗ്യവതിയാണ്. വെറും സാധാരണ കുടുംബത്തില്‍ നിന്ന് വന്ന തനിക്ക് മനോഹരമായ ഭര്‍ത്തൃഭവനമുണ്ട്… നാലാളറിയുന്ന മേല്‍വിലാസമുണ്ട്… സുന്ദരനും സുമുഖനും വിദ്യാസമ്പന്നനുമായ ഭര്‍ത്താവുണ്ട്. അതിനപ്പുറം തനിക്കെന്താണ് ഉള്ളത്?

വിവാഹം കഴിഞ്ഞ് കേവലം ഒരാഴ്ചയ്ക്കുള്ളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇനിയെന്തായിരിക്കും തന്നെ ഭാവിയില്‍ കാത്തുനില്ക്കുന്നത്? എത്സയ്ക്ക് ആലോചിച്ചിട്ട് തന്നെ എത്തുംപിടിയും കിട്ടിയില്ല. അവള്‍ ദീര്‍ഘമായി നെടുവീര്‍പ്പെട്ടു.

ഇനി എനിക്കൊരിക്കലും സന്തോഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല… റോസ് മേരി പതുക്കെ പറഞ്ഞു.

എന്‍റെ ജോമോന്‍… ഞാന്‍ അവനോട് ഒരുപാട് കുറുമ്പ് കാണിച്ചിട്ടുണ്ട്… കുന്നായ്മ കാട്ടിയിട്ടുണ്ട്. പക്ഷേ അവന്‍ എന്നോട് ഒരു വാക്കു കൊണ്ടുപോലും യാത്ര പറയാതെ ഇങ്ങനെ പോകുമെന്ന്… റോസ് മേരി വിതുമ്പിക്കരഞ്ഞു.

എന്നേം കൂടി അങ്ങ് കൊണ്ടുപോകാന്‍ മേലായിരുന്നോ… ദൈവത്തോടായി റോസ്മേരി പരാതിപ്പെട്ടു.

അതു കേട്ടിരിക്കവെ എത്സയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

എന്താണ് റോസ്മേരിയോട് പറയുക… എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക? ഏതു വാക്കുകള്‍ക്കാണ് അല്ലെങ്കില്‍ അവളുടെ നെഞ്ചിലെ തീ അണയ്ക്കാന്‍ കഴിയുക?

അപ്പോള്‍ അവരുടെ അരികിലേക്ക് ബിനു വന്നു. അവന്‍റെ കൈയില്‍ മൊബൈലുമുണ്ടായിരുന്നു. അത് അവന്‍ എത്സയ്ക്ക് നേരെ നീട്ടി.

വീട്ടില്‍ നിന്നാണ്..

എത്സ ഫോണ്‍ വാങ്ങിക്കൊണ്ട് പുറത്തേയ്ക്ക് പോയി…

ഹലോ…

ആ മോളേ… അമ്മയാ… മേരിക്കുട്ടിയുടെ ശബ്ദം എത്സ കേട്ടു

നീയിപ്പം എവിടെയാ…?

ഞാന്‍ ആശുപത്രീലാ അമ്മേ… റോസിന്‍റെ അടുത്ത്…

ആ കൊച്ചിന് ആശുപത്രീന്ന് പോരാറായില്ലേ?

ഒരാഴ്ച കൂടിയെടുക്കുമെന്ന് തോന്നുന്നു.

ആ… അതുപോട്ടെ… പിന്നെ നിങ്ങളെന്താ ഇങ്ങോട്ട് വരാത്തതെന്ന് നാട്ടുകാര് മുഴോന്‍ ചോദിക്കുന്നു.

എത്സ അതിന് ഉത്തരം പറഞ്ഞില്ല.

നിനക്കവിടെ സുഖമാണോ മോളേ…?

അതെയമ്മേ… എത്സ പ്രസന്നത ഭാവിച്ചുകൊണ്ട് മറുപടി നല്കി.

കല്യാണം കഴിഞ്ഞിട്ട് ഇത്രേം ദിവസമായില്ലേ… ഇതുവരേം നിങ്ങള് വരാത്തതുകൊണ്ട് നാട്ടുകാരൊക്കെ എന്നതൊക്കെയാ പറയുന്നതെന്നറിയാമോ…?

വരാം അമ്മേ…

വരാം എന്ന് നീയാണോ പറയണ്ടെ… മേരിക്കുട്ടിക്ക് ദേഷ്യം വന്നു.

ഞാന്‍ ബിനുവിനോട് ചോദിച്ചു… ചോദിച്ച പാടെ അവന്‍ ഫോണ്‍ നിനക്ക് കൊടുക്കാമെന്ന് പറഞ്ഞ് നിന്‍റെ കയ്യിലേക്ക് തന്നു… അതറിയോ നിനക്ക്…

എത്സ അതിനൊന്നും മറുപടി പറഞ്ഞില്ല.

അന്നത്തെ സംഭവത്തിന്‍റെ ചൊരുക്ക് അവന്‍റെ മനസ്സിലുണ്ടെന്നാ എന്‍റെ തോന്നല്‍… അത് വല്ലതും അവന്‍ നിന്‍റെയടുത്ത് കാണിക്കുമോയെന്നാ എന്‍റെ പേടി… അല്ലാ അവന്‍റെ അമ്മേം പെങ്ങന്മാരും ഒക്കെ നിന്നോട് വല്ല ദേഷ്യോം കാണിക്കുന്നുണ്ടോ?

ഇല്ലമ്മേ…

ഊം… മേരിക്കുട്ടി അമര്‍ത്തിമൂളി.

ചാച്ചനെന്ത്യേ… ബിന്‍സിക്ക് ക്ലാസുണ്ടോ… എത്സ ചോദിച്ചപ്പോഴേയ്ക്കും മേരിക്കുട്ടി ഫോണ്‍ കട്ടാക്കിയിരുന്നു. ഫോണും പിടിച്ച് എത്സ തിരികെ റോസ്മേരിയുടെ അടുക്കലെത്തി. ബിനു അവളുടെ അടുത്തുതന്നെയിരിക്കുന്നുണ്ടായിരുന്നു.

ബിനൂ… എത്സാ… റോസ്മേരി വിളിച്ചു.

ഇരുവരും അവളുടെ ഇരുവശങ്ങളിലായിരുന്നു.

രണ്ടു പേരോടും എനിക്കൊന്നേ പറയാനുള്ളൂ…

ഇരുവരും റോസ്മേരിയുടെ മുഖത്തേയ്ക്ക് ആകാംക്ഷയോടെ നോക്കി.

ജീവിതം വളരെ ഹ്രസ്വമാ… പ്രത്യേകിച്ച് ദാമ്പത്യജീവിതം… ഇന്ന് സ്നേഹിക്കാനുള്ള സ്നേഹം ഇന്ന് കൊടുത്തുതീര്‍ക്കണം… നാളെ കൊടുക്കാമെന്ന് കരുതി കൈയീ പിടിച്ചാ നാളെ കൊടുക്കാന്‍ രണ്ടിലൊരാള്‍ കൂടെയുണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. ബൈബിളിലെ ആ മന്നയുടെ കാര്യം പോലെയാ സ്നേഹത്തിന്‍റെ കാര്യോം… ഇന്ന് കിട്ടിയത് ഇന്ന് തന്നെ തീര്‍ക്കണം… നാളെത്തേയ്ക്ക് വച്ചാ അത് നശിച്ചുപോകും… എന്‍റെ അനുഭവത്തീന്നാ ഞാനിത് പറയുന്നെ…

റോസ്മേരിയുടെ കണ്ഠം ഇടറിയിരുന്നു.

ഇപ്പോ തോന്നുന്നുണ്ട് കുറെക്കൂടി ജോമോനെ സ്നേഹിക്കാമായിരുന്നുവെന്ന്…

പരിഗണിക്കാമായിരുന്നുവെന്ന്…

സ്നേഹിക്കാന്‍ കിട്ടുന്ന ഒരവസരോം നമ്മള്‍ കളഞ്ഞുകുളിക്കരുത്… നമ്മുടെ ഉളളീ സ്നേഹമുണ്ടായിരിക്കും… പക്ഷേ പലപ്പോഴും അത് എക്സ്പ്രസ് ചെയ്യാന്‍ നമുക്ക് കഴിയാതെ പോകുന്നതിന് കാരണം നമ്മുടെ ഉള്ളിലെ ഈഗോയാ… മറ്റെയാള്‍ മിണ്ടട്ടെ… മറ്റെയാള്‍ ചെയ്യട്ടെ… അതാണ് നമ്മുടെ മട്ട്…

റോസ്മേരി നെറ്റിയില്‍ കൈവച്ചു. അവള്‍ക്ക് തല വേദനിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലായി.

മതി മോളെ സംസാരിച്ചത്… നാത്തൂന്‍ സ്നേഹപുരസരം ശാസിച്ചു.

അധികം സ്ട്രെയ്ന്‍ എടുക്കരുതെന്നല്ലേ പറഞ്ഞിരിക്കുന്നത്…

അതെ റോസേ… നീ അധികം സംസാരിക്കണ്ടാ… എത്സയും തടഞ്ഞു.

സാരമില്ല… പറയാനുള്ളത് പറഞ്ഞുതീര്‍ക്കണ്ടെ… റോസ്മേരി ചിരിച്ചു.

കൂടുതലൊന്നും പറയാനില്ല… സ്നേഹിക്കുക… സ്നേഹിക്കുക…സ്നേഹിക്കുക… അത്ര തന്നെ.

റോസ്മേരി പറഞ്ഞവസാനിപ്പിച്ചു. അവളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org