Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 15

ഒരു കുടുംബകഥ കൂടി… അധ്യായം 15

Sathyadeepam

വിനായക് നിര്‍മ്മല്‍

വരാന്തയില്‍ ഇരിക്കുകയായിരുന്നു കുഞ്ഞേപ്പച്ച നും ത്രേസ്യാമ്മയും. അപ്പോഴാണ് കാര്‍ ഗെയ്റ്റ് കടന്നുവന്നത്. അവര് ഇത്ര പെട്ടെന്ന് എത്തിയോ?

വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിക്കൊണ്ട് കുഞ്ഞേപ്പച്ചന്‍ ചോദിച്ചു.

കാര്‍ മുറ്റത്ത് വന്നു നിന്നു. മുന്‍വശത്തെ ഡോര്‍ തുറന്ന് ബിനു ഇറങ്ങി. പുറകിലത്തെ ഡോര്‍ തുറന്ന് എത്സയും.

കുഞ്ഞേപ്പച്ചനും ത്രേസ്യാമ്മയും അതു കണ്ട് പരസ്പരം നോക്കി. വരാന്തയില്‍ നില്ക്കുന്ന അവരെ നോക്കി എത്സ ചിരിച്ചു.

ആശുപത്രീന്ന് നേരെ ഇങ്ങോട്ട് പോന്നോ മോളേ…? ത്രേസ്യാമ്മ ചെന്ന് എത്സയുടെ കരം കവര്‍ന്നു.

എത്സ മറുപടിയായി ചിരിച്ചതേയുള്ളൂ.

…നിങ്ങള്‍ക്ക് എവിടെയെങ്കിലുമൊക്കെ കറങ്ങാന്‍ പോകാന്‍ മേലായിരുന്നോടാ… വല്ല സിനിമയ്ക്കോ ഷോപ്പിങ്ങിനോ..

ത്രേസ്യാമ്മ ഇഷ്ടപ്പെടാത്ത മട്ടില്‍ ബിനുവിനോട് ചോദിച്ചു

പിന്നെ… അതിനൊക്കെ പറ്റിയ സമയമല്ലേ ഇത്… ബിനു ദേഷ്യപ്പെട്ടു.

…എന്നുവച്ച് ഇനി ജീവിതം മുഴോന്‍ നീ കരഞ്ഞോണ്ടിരിക്കാന്‍ പോവാണോ… പോകാനുള്ളവര്‍ പോയി… ദാവീദ് രാജാവ് പറഞ്ഞതുപോലെ നമുക്ക് അവന്‍റെ അടുക്കലേക്ക് പോകാമെന്നല്ലാതെ അവനിനി ഒരിക്കലും നമ്മുടെ അടുക്കലേക്ക് വരില്ലല്ലോ? മരിച്ചവരെയോര്‍ത്തുള്ള വിലാപദിനങ്ങള്‍പോലും ഏഴ്, പതിന്നാല് തീര്‍ന്നു… പിന്നേം അതും പറഞ്ഞ് എണ്ണിപ്പറഞ്ഞിരിക്കാന്‍ പറ്റുമോ…?

അമ്മച്ചിക്ക് അതൊന്നും പറഞ്ഞാ മനസ്സിലാവില്ല..ബിനു അകത്തേയ്ക്ക് പോയി.

ഉം. നീയും ചെല്ല്… എത്സയുടെ കരം വിടുവിച്ചുകൊണ്ട് ത്രേസ്യാമ്മ പറഞ്ഞു.

ത്രേസ്യാമ്മ മുഖംതിരിച്ചത് ഡ്രൈവര്‍ ജോയിയുടെ മുഖത്തേയ്ക്കാണ്. അയാള്‍ വെറുതെ ചിരിച്ചുകൊണ്ട് നില്ക്കുകയായിരുന്നു

നീയെന്നാത്തിനാടാ കിളിക്കുന്നെ…? ത്രേസ്യാമ്മ ദേഷ്യത്തോടെ ചോദിച്ചു.

അല്ലെന്‍റെമ്മച്ചീ… ഈ ബിനുക്കുട്ടന്‍റെ ഒരു കാര്യം…

എന്നാ പറ്റി അവന്…? ത്രേസ്യാമ്മ ശബ്ദമുയര്‍ത്തിചോദിച്ചു.

ത്രേസ്യാമ്മയുടെ സ്വരം ഉയര്‍ന്നപ്പോള്‍ ജോയിയുടെ ചിരി മാഞ്ഞു…

അല്ല… ബിനുക്കുട്ടന് വണ്ടിയോടിക്കാന്‍ അറിയാമായിരുന്നെങ്കീല് എവിടെയൊക്കെ പോകാമെന്നോര്‍ത്തുപോയി… ഇതിപ്പോ എവിടെ പോകണമെങ്കിലും ഞാന്‍ വേണ്ടേ വണ്ടിയോടിക്കാന്‍… ജോയി വീണ്ടും ചിരിച്ചു.

ഓ ഈ ലോകത്ത് നീ മാത്രമല്ലേ ഡ്രൈവറുള്ളൂ… അല്ലെങ്കീ വണ്ടിയോടിക്കാന്‍ അറിയാത്തവരൊന്നും ഈ ലോകത്തീ ജീവിക്കുന്നില്ലല്ലോ… ഒന്നുപോടാ…

വണ്ടിയോടിക്കുമ്പം സ്ഥലങ്ങളുടെ ബോര്‍ഡ് പോലും വായിക്കാന്‍ അറിയാത്തോനാ എന്‍റെ മോനേ കുറ്റം പറയാന്‍ വന്നേക്കുന്നെ…

ജോയി പെട്ടെന്ന് അവിടെ നിന്ന് സ്ഥലം വിട്ടു.

അവരുടെ മുഖത്ത് സന്തോഷം ഇല്ലല്ലോ ത്രേസ്യാമ്മേ…

വീണ്ടും തങ്ങള്‍ തനിച്ചായപ്പോള്‍ കുഞ്ഞേപ്പച്ചന്‍ ഭാര്യയോടായി പറഞ്ഞു.

…രണ്ടുപേരുടേം മുഖത്ത് എന്തോ വല്ലായ്മ… അവള് പിന്നെ കാണുമ്പം ചിരിക്കുകേം ചോദിക്കുന്നതിന് പറയുകേം ചെയ്യുന്നുണ്ടെന്ന് മാത്രം. ഉള്ള സങ്കടങ്ങളൊന്നും പുറമേ കാണിക്കാതിരിക്കാന്‍ അവള്‍ക്ക് പറ്റുന്നുണ്ട്… പക്ഷേ ബിനൂന് അതും ഇല്ല.

…അതിപ്പം എങ്ങനെ സന്തോഷം ഉണ്ടാവാനാ… അവര് തമ്മീ അത്രേം കൂട്ടല്ലായിരുന്നോ…

അതിനേക്കാള്‍ വലിയ കൂട്ടല്ലേടീ ഇപ്പോ അവനു കിട്ടിയിരിക്കുന്നെ. ഇപ്പഴല്ലേ ആ കൂട്ടുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കൂടുതല്‍ പ്രയോജനം ഉണ്ടാവണ്ടേ?

ത്രേസ്യാമ്മയ്ക്ക് അത് ശരിയാണെന്ന് തോന്നി. കുഞ്ഞേപ്പച്ചന്‍ പറഞ്ഞതു മുഴുവനും ശരിയാണ്. ബിനുവിനും എത്സയ്ക്കും തെല്ലും സന്തോഷമില്ല… ഇപ്പോള്‍ എന്തുമാത്രം സന്തോഷം ഉണ്ടാവേണ്ട ദിവസങ്ങളാണ്…ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍. പില്ക്കാലത്ത് അനുഭവിക്കാനിരിക്കുന്ന എല്ലാ സങ്കടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്‍കൂര്‍ ആനുകൂല്യമെന്ന നിലയില്‍ നല്കിയിരിക്കുന്ന സൗജന്യദിനങ്ങളാണ് ഈ മധുവിധുദിനങ്ങള്‍. അപ്പോള്‍ പോലും ഇവര്‍ക്ക് ആത്മാര്‍ത്ഥമായി സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍… ത്രേസ്യാമ്മ നെടുവീര്‍പ്പിട്ടു.

അപ്പോള്‍ അകത്തുനിന്ന് ബിനുവിന്‍റെ ശബ്ദം കേട്ടു.

അമ്മച്ചീ ചോറെടുക്ക്… കുഞ്ഞേപ്പച്ചനും ത്രേസ്യാമ്മയും പരസ്പരം നോക്കി.

നീ ചെല്ല്… അയാള്‍ പറഞ്ഞു.

ത്രേസ്യാമ്മ അകത്തേക്ക് ചെന്നു. ബിനു കൈകഴുകി ഭക്ഷണമേശയില്‍ ഇടംപിടിച്ചിരുന്നു. മേശപ്പുറത്ത് കാസറോളില്‍ ചോറും കറികളും മൂടിവച്ചിട്ടുണ്ടായിരുന്നു.

അവളെന്ത്യേ… എത്സ? – ത്രേസ്യാമ്മ ചോദിച്ചു.

ആ… ബിനു നീരസം കലര്‍ന്ന സ്വരത്തില്‍ മറുപടി നല്കി.

മോളേ എത്സേ… ത്രേസ്യാമ്മ ശബ്ദമുയര്‍ത്തി വിളിച്ചു.

…വാ… ഊണുകഴിക്കാന്‍ വാ..

വരുന്നമ്മച്ചീ… അകത്തുനിന്ന് എത്സയുടെ വിളി കേട്ടു.

നിങ്ങള്‍ക്ക് പുറത്തുനിന്ന് കഴിച്ചിട്ട് വരാന്‍ മേലായിരുന്നോടാ…? – ത്രേസ്യാമ്മ ചോദിച്ചു

…ഇപ്പഴക്കെയല്ലേ അത് വേണ്ടത്… നിനക്ക് ഒട്ടും വകതിരിവില്ല – ത്രേസ്യാമ്മ കളിയായി ബിനുവിന്‍റെ ചെവിയില്‍ പിടുത്തമിട്ടു.

അമ്മച്ചി ചോറ് വിളമ്പ്… – ബിനു ക്ഷമ നശിച്ച മട്ടില്‍ പറഞ്ഞു.

അവളും കൂടി വരട്ടെടാ… നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം എന്നല്ലേ…

ത്രേസ്യാമ്മ ചോറു വിളമ്പി തുടങ്ങി. അപ്പോഴേയ്ക്കും വേഷം മാറി എത്സയും വന്നിരുന്നു.

ഇരിക്ക് മോളേ. ത്രേസ്യാമ്മ അവളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. എത്സ ബിനുവിന്‍റെ സമീപത്തെ കസേര വലിച്ച് അതില്‍ ഇരുന്നു. ബിനു അപ്പോള്‍ തന്‍റെ കസേര ഇത്തിരി അകറ്റിയിട്ടു. ത്രേസ്യാമ്മ രണ്ടും ശ്രദ്ധിച്ചു. എന്നിട്ട് അത് ഗൗനിക്കാത്ത ഭാവത്തില്‍ എത്സയുടെ പാത്രത്തിലേക്ക് ചോറു വിളമ്പി.

മതിയമ്മച്ചി… ചോറിന്‍റെ അളവ് കൂടുതലാണെന്ന് തോന്നിയപ്പോള്‍ എത്സ തടഞ്ഞു.

കഴിക്ക്. കല്യാണം കഴിഞ്ഞാലുടനെ ദേഹം നന്നാകണം. ഇല്ലേല് നാട്ടുകാര് അതുമിതും പറയും.

താന്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവാണ് പാത്രത്തിലുള്ളതെന്ന് എത്സയ്ക്ക് മനസ്സിലായി. എങ്കിലും ത്രേസ്യാമ്മ വിളമ്പിയതുകൊണ്ട് അവള്‍ തടസ്സം പറഞ്ഞില്ല.

മോള്‍ക്ക് പറഞ്ഞൂടായിരുന്നോ പുറത്തൂന്ന് ഭക്ഷണം കഴിക്കാമെന്ന്…

ത്രേസ്യാമ്മ എത്സയോടും ചോദിച്ചു.

എത്സ അതിനും ചിരിച്ചു.

നിങ്ങളെന്നാ ഇനി വീട്ടിലോട്ട് പോകുന്നേ? ഇതുവരേം പോയില്ലല്ലോ… ത്രേസ്യാമ്മ തുടക്കമിട്ടു.

അമ്മ വിളിച്ചായിരുന്നു… ഇതുതന്നെ അമ്മേം ചോദിച്ചു. എത്സ പരുങ്ങലോടെ അറിയിച്ചു. അവള്‍ മുഖം തിരിച്ച് ബിനുവിനെ നോക്കുകയും ചെയ്തു. ബിനുവിന് ഭക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധയെന്ന് അവള്‍ക്ക് മനസ്സിലായി. അപ്പോഴാണ് അവന്‍ ഭക്ഷണം കഴിക്കുന്ന രീതി അവള്‍ ശ്രദ്ധിച്ചത്. സാധാരണ ആണുങ്ങള്‍ കഴിക്കുന്നതുപോലെ വലിച്ചുവാരിയായിരുന്നില്ല ബിനുവിന്‍റെ ഭക്ഷണരീതി… ആഹാരാവശിഷ്ടങ്ങള്‍ വിരലുകളുടെ ആദ്യരണ്ടു മടക്കുകള്‍ക്ക് താഴേയ്ക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. വായടച്ച് പിടിച്ച്… ശബ്ദമുണ്ടാക്കാതെ… ചാച്ചന്‍ ഭക്ഷണം കഴിക്കുന്നതാണ് പെട്ടെന്ന് എത്സയു ടെ ഓര്‍മ്മയിലേക്ക് വന്നത്.

എന്തൊരു തിടുക്കപ്പെട്ടും ശബ്ദമുണ്ടാക്കിയും ആര്‍ത്തിയോടെയുമാണ് ചാച്ചന്‍… പക്ഷേ ഇവിടെ ബിനു… എത്സ പെട്ടെന്ന് തന്‍റെ കരങ്ങളിലേക്ക് നോക്കി. ഉരുട്ടിയെടുത്ത ചോറുരുളകള്‍… വിരലുകളുടെ രണ്ടുമടക്കും കഴിഞ്ഞും ഒലിച്ചിറങ്ങിയിരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍… അവള്‍ക്ക് പെട്ടെന്ന് ആത്മനിന്ദ അനുഭവപ്പെട്ടു.

നാട്ടുനടപ്പ് നാട്ടുനടപ്പ് തന്നെയാ… അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല… നിങ്ങള് പോയിട്ട് ഒരാഴ്ച കഴിഞ്ഞ് വന്നാ മതി… എവിടെയാന്നുവച്ചാ പൊയ്ക്കോ…പിന്നെ ആ പൊട്ടന്‍കൊണാപ്പനെ കൂട്ടണ്ടാ… ജോയിയെ… വേറെ നല്ല ഡ്രൈവര്‍ മാരേം വിളിച്ചാ മതി…

അപ്പോള്‍ കോളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു.

ആരാ ഇപ്പോ… വല്ല സഹായത്തിനുമായിരിക്കും… ത്രേസ്യാമ്മ മുന്‍വശത്തേയ്ക്ക് പോയി. പെട്ടെന്ന് തന്നെ ബിനു ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു. അവന്‍ പ്ലേറ്റ് കയ്യിലെടുത്തു. എത്സയ്ക്ക് അമ്പരപ്പ് തോന്നി.

അവിടെ വച്ചോളൂ… ഞാന്‍ കഴുകിവച്ചോളാം… എത്സ പതുക്കെ പറഞ്ഞു.

എന്‍റെ പാത്രങ്ങള്‍ ഞാന്‍ തന്നെയാണ് കഴുകിവയ്ക്കാറ്… ബിനു വേസ്റ്റ്പാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് പോയി…

ഇങ്ങേര് ആര് മഹാത്മാഗാന്ധിയോ…?

എത്സ ഉള്ളില്‍ ചോദിച്ചു. അവള്‍ക്ക് ചിരിയും വന്നു. അവള്‍ വീണ്ടും ഭക്ഷണപാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. പക്ഷേ അവള്‍ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല.

അവളും എണീറ്റു. അപ്പോഴേയ്ക്കും ത്രേസ്യാമ്മ തിരികെ വന്നു.

ധര്‍മ്മത്തിന് വന്നതാ… അല്ലാ രണ്ടാളും ഊണ് മതിയാക്കിയോ ത്രേസ്യാമ്മ അത്ഭുതപ്പെട്ടു.

മതിയമ്മച്ചി… എത്സ പറഞ്ഞു.

അന്ന് രാത്രി കിടക്കാന്‍ നേരത്ത് കുഞ്ഞേപ്പച്ചന്‍ ത്രേസ്യാമ്മയോട് പറഞ്ഞു. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.

ഊം എന്നതാ…? കിടക്കവിരി തട്ടിക്കുടയുകയായിരുന്ന ത്രേസ്യാമ്മ ചോദിച്ചു.

കുഞ്ഞേപ്പച്ചന്‍ ജനാലയ്ക്കരികില്‍ നില്ക്കുകയായിരുന്നു.

ത്രേസ്യാമ്മ അയാളുടെ അരികിലേക്ക് ചെന്നു.

നീ നിന്‍റെ മകനെ വിട്ടുകൊടുക്കണം…

നിങ്ങളെന്നതാ ഇപ്പറയുന്നെ? ആര്‍ക്ക് ആരെ വിട്ടുകൊടുക്കണമെന്നാ നിങ്ങള് പറയുന്നെ? ത്രേസ്യാമ്മയുടെ സ്വരമുയര്‍ന്നു.

കുഞ്ഞേപ്പച്ചന്‍ ചിരിച്ചു.

പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോട് ചേരണം എന്നല്ലേ ബൈബിളില്‍ പറയുന്നത്?

ഭാര്യമാരായിക്കഴിയുമ്പോള്‍ മാത്രമല്ല ഭാര്യമാര്‍ അമ്മമാരായി കഴിയുമ്പോഴും അത് അങ്ങനെ തന്നെയാ… പക്ഷേ മിക്ക പെണ്ണുങ്ങളും കരുതുന്നത് ഭാര്യമാരായിക്കഴിയുമ്പോ മാത്രം മതി ആ വചനമെന്നാ… അവര്‍ നാളെ അമ്മമാരായിക്കഴീമ്പോ അതിന്‍റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

ത്രേസ്യാമ്മയുടെ നെറ്റിചുളിഞ്ഞു.

നിങ്ങളീ വലിച്ചുനീട്ടൂം വളച്ചുകെട്ടീം പറഞ്ഞോണ്ടിരിക്കാതെ കാര്യങ്ങള് എന്നതാന്നുവച്ചാ തെളിച്ചുപറ…

നീ വാ… കുഞ്ഞേപ്പച്ചന്‍ ത്രേസ്യാമ്മയുടെ തോളത്ത് കൈയിട്ട് കിടക്കയുടെ അരികിലേക്ക് പോയി. അവരെ കട്ടിലില്‍ പിടിച്ചിരുത്തിയതിന് ശേഷം അയാളും ഇരുന്നു.

ലോകത്ത് ഒരു മകനും ഒരമ്മയെ സ്നേഹിച്ചിട്ടില്ലാത്ത വിധത്തില്‍ നിന്നെ സ്നേഹിക്കുന്നോനാ നമ്മുടെ മകന്‍ ബിനു. നീ പറയുന്നതിന് അപ്പുറം അവന് മറ്റൊന്നുമില്ല… നീ ചാകാന്‍ പറഞ്ഞാ അവന്‍ ചാകും. നീ കൊല്ലാന്‍ പറഞ്ഞാ അവന്‍ കൊല്ലും. ഇതുവരെ എല്ലാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്തത് നീ പറഞ്ഞതുകൊണ്ടാ അവന്‍ സമ്മതിച്ചതും. അതായത് അവന്‍റെ കല്യാണം… നിനക്ക് വേണ്ടി കെട്ടിയതുപോലെയാ അവന്‍ കല്യാണം കഴിച്ചതെന്ന് ഇപ്പോ അവന്‍റെ മട്ടുംഭാവവും കാണുമ്പോ എനിക്ക്പോലും തോന്നുന്നുണ്ട്.

അതെയോ ത്രേസ്യാമ്മ അമ്പരന്നു.

…അവന്‍റെ മനസ്സില്‍ നീ ആകാശത്തോളം ഉയര്‍ന്നുനില്ക്ക്വാ… അവന്‍റെ മനസ്സീ നീയും നിന്‍റെ മനസ്സി അവനും ഉള്ളതോണ്ടാ അവന് അവന്‍റെ ഭാര്യേ പോലും നേരാംവണ്ണം സ്നേഹിക്കാന്‍ കഴിയാത്തത്.

നിങ്ങളെന്നാ പോക്രിത്തരമാ മനുഷ്യാ ഇപ്പറയുന്നെ… ത്രേസ്യാമ്മ കട്ടിലില്‍നിന്ന് ചാടിയെണീറ്റു. പക്ഷേ കുഞ്ഞേപ്പച്ചന്‍ ചിരിച്ചതേയുള്ളൂ.

നിനക്കെന്നാ അറിയാം… മനുഷ്യമനസ്സ്… പ്രത്യേകിച്ച് പുരുഷന്‍റെ മനസ്സ്… അവന്‍റെ മനസ്സിലെ ആദ്യത്തെ സ്ത്രീബിംബം അവന്‍റെ അമ്മയാ.. അവന്‍ ചെറുപ്പം മുതല്‍ കണ്ടുവളരുന്ന അവന്‍റെ അമ്മ…

ബിംബമോ… അതെന്നതാ ത്രേസ്യാമ്മ സംശയിച്ചു.

അതൊക്കെയുണ്ട്… ഒരു പ്രത്യേകതരം വിഗ്രഹം… അങ്ങനെയങ്ങ് കരുതിയാ മതി.

നിങ്ങളീ വാക്കൊക്കെ എവിടുന്നാ പഠിച്ചേ?

എനിക്കിതൊക്കെ അറിയാമായിരുന്നെടീ… ഒക്കെ വേണ്ടെന്ന് വച്ചതല്ലേ… അയാള്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു.

ഒരുവന്‍ കല്യാണം കഴിക്കുന്നതോടെ ഒരു തരത്തീ അല്ലെങ്കി വേറൊരു തരത്തീ തകര്‍ന്നുവീഴുന്നത് അതുവരെ അവന്‍ മനസ്സീ പ്രതിഷ്ഠിച്ചിരുന്ന അമ്മയെന്ന ബിംബമാ… നിനക്ക് തന്നെ അറിയാമല്ലോ ചില വീടുകളില്‍ മകന്‍ പെണ്ണുകെട്ടി കൊണ്ടുവരുന്നതോടെ മകന്‍ അമ്മയില്‍ നിന്ന് അകലുന്നതും പിന്നെ അമ്മയും മരുമകളും തമ്മിലും അമ്മയും മകനും തമ്മിലും വഴക്കുണ്ടാക്കുന്നതും. വേറെ ചില വീടുകളില്‍ ഇത് തിരിച്ചാ… അവിടെ കല്യാണം കഴിച്ചിട്ടും മകന് അമ്മയോടായിരിക്കും സ്നേഹക്കൂടുതല്‍. അതു ഭാര്യയ്ക്ക് സഹിക്കുമോ? ഇല്ല… അതുകൊണ്ടെന്താ ഭാര്യയും മകനും തമ്മിലായിരിക്കും അവിടെ പൊരിഞ്ഞ അടി… രണ്ടിടത്തും പെട്ടുപോകുന്നത് പാവം പുരുഷനും… കുഞ്ഞേപ്പച്ചന്‍ ചിരിച്ചു.

അപ്പോ ഞാന്‍ അവനെ സ്നേഹിക്കുന്നതു കാരണമാണ് അവന്‍ ഇതുവരേം പെണ്ണ് കെട്ടാതിരുന്നത് എന്നാണോ നിങ്ങള് പറഞ്ഞുവരുന്നത്? ത്രേസ്യാമ്മയ്ക്ക് അത് ഹൃദയഭേദകമായിരുന്നു.

അങ്ങനെയല്ലെടീ… അതുമാത്രമല്ലെടീ… അങ്ങനേം ഒരു സാധ്യതയുണ്ടെന്നേ ഞാന്‍ പറഞ്ഞുള്ളൂ… അത് ശരിയായിരിക്കാം… തെറ്റായിരിക്കാം… പക്ഷേ ഒന്നെനിക്കറിയാം, അവന്‍റെ മനസ്സ് ഒരു പ്രത്യേക ടൈപ്പാ… ഞാന്‍ പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ… ഇപ്പോ അവന്‍ ചോറ് വിളമ്പാന്‍ ആവശ്യപ്പെട്ടത് ആരോടാ?
എന്നോട്… ത്രേസ്യാമ്മ സമ്മതിച്ചു.

…വേണമെങ്കില്‍ അവന് അത് അവളോട് പറയാം… അല്ലേ?

അതെങ്ങനെയാ… ഇത്രേം നാ ളും ഞാനല്ലേ അവന് ചോറു വിളമ്പിക്കൊടുത്തോണ്ടിരുന്നത്…? ത്രേസ്യാമ്മ ചോദിച്ചു.

അതെ, പക്ഷേ അവളെക്കൊണ്ട് ചോറ് വിളമ്പിച്ചിട്ട് നിന്നേം വിളിച്ചിരുത്തിയാലും മതിയല്ലോ…

ത്രേസ്യാമ്മ മറുപടി പറഞ്ഞില്ല.

ചെറുതെന്ന് തോന്നുന്ന പലകാ ര്യങ്ങളിലും വലിയ അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്‍റെ ത്രേസ്യാമ്മേ…

കുഞ്ഞേപ്പച്ചന്‍ കളിയായി ത്രേസ്യാമ്മയുടെ താടിക്ക് പിടിച്ചു. ത്രേസ്യാമ്മയാവട്ടെ ആ കരം തട്ടിമാറ്റുകയും ചെയ്തു.

അപ്പോ ഞാന്‍ ഇനിമുതല്‍ അവന് ഭക്ഷണം വിളമ്പിക്കൊടുക്കരുതെന്നാണോ?

ഭക്ഷണം ഒരു ഉദാഹരണം മാത്രം… നീ അവന് മുമ്പില്‍ നിന്നിരുന്ന പലതില്‍ നിന്നും നീ അവനില്‍ നിന്ന് അകന്നുതുടങ്ങണം… എന്നിട്ട് നിനക്ക് പകരം അവളെ നീ അവിടേയ്ക്ക് കയറ്റിനിര്‍ത്തണം… എങ്കിലേ നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ഒരു കുടുംബജീവിതം നമ്മുടെ മകന് ലഭിക്കൂ… അല്ലെങ്കീ നമ്മള് നിര്‍ബന്ധിച്ചതുകൊണ്ട് കല്യാണം കഴിച്ചതുപോലെയാകും കാര്യങ്ങള്‍… അവര്‍ക്ക് ഒരു ജീവിതം ഉണ്ടാവില്ല… ആ പെണ്ണിന്‍റെ കണ്ണീര് കാണേണ്ടിവരും നമ്മള്… നീ അവള്‍ക്കും ഇക്കാര്യം പറഞ്ഞു കൊടുക്കണം… നീ അവന് എന്തായിരുന്നുവോ അതെല്ലാം അവള്‍ അവനാകണമെന്ന്… ഏതൊരു പു രുഷനും ഉള്ളിന്‍റെയുള്ളില്‍ ആഗ്രഹിക്കുന്നത് അവന്‍റെ ഭാര്യ അവന് ഒരമ്മയും കൂടിയാവണമെന്നാ… ഞാന്‍ നിന്നെ എന്തുകൊണ്ടാ ഒരുവാക്കുകൊണ്ടുപോലും എതിര്‍ക്കാത്തത്…? പുറമേ നിന്ന് നോക്കുന്നവര്‍ക്ക് തോന്നാം – ചിലപ്പോള്‍ നമ്മുടെ മക്കള്‍ക്ക് വരെ – ഞാനൊരു കഴിവുമില്ലാത്തവനാണെന്നും പെങ്കോന്തനാണെന്നും… പക്ഷേ അതല്ല നീയെനിക്ക് ഒരേസമയം അമ്മയും ഭാര്യയും കൂട്ടുകാരിയും ഒക്കെയാ… ഞാന്‍ നിനക്ക് എന്നെ പൂര്‍ണ്ണമായും വിട്ടുതന്നതാ… കാരണം ഞാന്‍ ആഗ്രഹിക്കുന്നതൊക്കെ ആകാന്‍ നിനക്ക് കഴിയുന്നുണ്ട്… ഇന്നത്തെ കാലത്തെ പെമ്പിള്ളേര്‍ക്കൊന്നും ആകാന്‍ കഴിയാത്തത് അതൊക്കെയാ… അവര് വെറും ഭാര്യമാര്‍ മാത്രമായിപോകുന്നു. ഭര്‍ത്താവില്‍ നിന്ന് സ്നേഹവും കരുതലും പരിഗണനയും ആദരവും മേടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഭരിക്കപ്പെടാനോ വിധേയപ്പെടാനോ സന്നദ്ധരല്ലാത്ത, വിട്ടുവീഴ്ചയും സഹിഷ്ണുതയുമില്ലാത്ത വെറും ഭാര്യമാര്‍… ഭാര്യ അമ്മയും കൂടിയാകുമ്പോഴാ ഭര്‍ത്താവിന് അവളോട് നിത്യപ്രണയമുണ്ടാകുന്നത്… അതാവാത്തപ്പോഴും അങ്ങനെയൊന്ന് കിട്ടാത്തപ്പോഴും അവരുടെ പ്രണയം ശരീരത്തില്‍ മാത്രം ഒതുങ്ങുന്ന യൗവനകാലത്തെ വെറും തിളപ്പ് മാത്രമാകുന്നു.
കുഞ്ഞേപ്പച്ചന്‍ അതുപറഞ്ഞുകൊണ്ട് മുഖംകുനിച്ച് ത്രേസ്യാമ്മയുടെ കവിളത്ത് ഉമ്മ വച്ചു.
(തുടരും)

Leave a Comment

*
*