ഒരു കുടുംബകഥ കൂടി… അധ്യായം 18

ഒരു കുടുംബകഥ കൂടി… അധ്യായം 18

വിനായക് നിര്‍മ്മല്‍

ഓട്ടോയിലാണ് എത്സയും വീട്ടുകാരും പാലത്തുങ്കല്‍ തറവാട്ടില്‍ വന്നിറങ്ങിയത്. പാപ്പച്ചന്‍ ഓട്ടോക്കാരന് കൂലി കൊടുക്കുമ്പോള്‍ എത്സ പാലത്തുങ്കല്‍ വീട്ടിലേക്ക് നോക്കി നിന്നു. അപരിചിതമായ ഒരിടമായിട്ടാണ് അവള്‍ക്കത് തോന്നിയത്. എവിടെപോയാലും തനിക്കിനി ഇവിടെ മാത്രമാണ് അഭയം. കാരണം പരസ്യമായ അവകാശങ്ങളും രേഖകളും തനിക്ക് ഇവിടെയാ ണുള്ളത്. പാലത്തുങ്കലിലെ ബിനുവിന്‍റെ ഭാര്യ… പാലത്തുങ്കലിലെ മരുമകള്‍..

തന്‍റെ വീടും മാതാപിതാക്കളും ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങള്‍ മാത്രം… ഒരു പെണ്‍കുട്ടി ഭാര്യയാകുന്നതോടെ അവള്‍ വര്‍ത്തമാനകാലത്തിന്‍റെ മാത്രം സമ്പത്താകുന്നു. അവളുടെ നിലനില്പും ഭാവിയും അതിലാണ്.. ഇനി അവള്‍ക്ക് പിന്നിലേക്ക് മടങ്ങാനാവില്ല…പിന്നിലേക്ക് മടങ്ങിയാല്‍ തന്നെ അവളവിടെ സ്വാഗതം ചെയ്യപ്പെടുന്നുമില്ല.

ഈ നാട്ടുകാരെല്ലാം മനുഷ്യപ്പറ്റില്ലാത്തവന്മാരാണല്ലോ… പാപ്പച്ചന്‍റെ ശബ്ദമാണ് എത്സയെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

ആള്‍ക്കാരെ കൊന്നാ കൂലി മേടിക്കുന്നെ…തിരിച്ചുപോകുന്ന ഓട്ടോക്കാരനെ നോക്കി പാപ്പച്ചന്‍ പല്ലിറുമ്മി.

നീയൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നെടാ… അവസാനം പള്ളീലോട്ട് കെട്ടിയെടുക്കുമ്പോ ഇതൊക്കെ കൊണ്ടുപോകുന്നതൊന്ന് കാണണം.

ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ… മേരിക്കുട്ടി ശാസിച്ചു.

എവിടെ ചെന്നാലും കാ ണുന്നവരോടൊക്കെ ഉടക്കണം… ബസേ കേറിയാ ബസ് ചാര്‍ജ് കൂടുതലാണെന്ന് പറഞ്ഞ് കണ്ടക്ടറോട് ചൂടാകും… ഇങ്ങനെയൊരു മനുഷ്യന്‍… മേരിക്കുട്ടി ദേഷ്യപ്പെട്ടു.

അതുപിന്നെ പത്രക്കാര്‍ക്കും ടിവിക്കാര്‍ക്കും പറയാം കേരളത്തിലെ ബസ് ചാര്‍ജ് കൂടുതലാണെന്ന്… എനിക്കത് പറയത്തില്ല അല്ലേ.. അങ്ങ് തമിഴ്നാട്ടിലൊക്കെ ബസ് ചാര്‍ജ് എത്ര കുറവാണെന്ന് അറിയാമോ നിനക്ക്?

എന്നാ പിന്നെ ചാച്ചന്‍ തമിഴ്നാട്ടീ പോയി താമസിക്ക്… ബിന്‍സി ചിരിച്ചുകൊണ്ട് പറഞ്ഞു.

കണ്ടോ… കണ്ടോ പാപ്പച്ചന്‍ ബിന്‍സിക്ക് നേരെ വിരല്‍ചൂണ്ടി മേരിക്കുട്ടിയോടായി പറഞ്ഞു.

നീയെന്നെ വകവയ്ക്കാത്തതോണ്ടാ മക്കളും എന്നെ വകവയ്ക്കാത്തത്… ആദ്യം പെമ്പ്രന്നോത്തിമാര് നല്ല മാതൃക കാണിച്ചുകൊടുക്കണം. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്… നിന്നെ കണ്ടല്ലേ പെണ്‍മക്കള് പഠിക്കുന്നത്… പിന്നെയെങ്ങനെ ഗുണം പിടിക്കും? കണ്ടില്ലേ ഒരുത്തി കുടുംബത്തിന്‍റെ മുഖത്ത് മൊത്തം കരിവാരിത്തേച്ച് ഇറങ്ങിപ്പോയത്… അവളിപ്പോ എവിടെയാണാവോ…? ബെറ്റ്സിയെ ഓര്‍ത്ത് പാപ്പച്ചന്‍റെ ഹൃദയം വിങ്ങി.

നല്ലതു വന്നാല്‍ നിങ്ങടെ ഗുണം… മോശം വന്നാല്‍ എന്‍റേം… മേരിക്കുട്ടി എന്തൊക്കെയോ പറയാന്‍ കെട്ടഴിച്ചുതുടങ്ങിയപ്പോള്‍ എത്സ ഇടയ്ക്ക് കയറി.

ഒന്നു മിണ്ടാതിരിക്കാമോ രണ്ടാളും… എവിടെയാ എന്നതാ എന്നൊന്നും ഒരു വിചാരവുമില്ലാതെ…

ഏതു നേരവും പാപ്പച്ചനും മേരിക്കുട്ടിയും കീരിയും പാമ്പും പോലെ മുറുമ്മിക്കൊണ്ടിരിക്കുന്നതാണ് പൊതുസ്വഭാവം. താന്‍ ജനിച്ചനാള്‍ മുതല്‍ അങ്ങനെ തന്നെയായിരുന്നു. ഇനി അതില്‍ നിന്നൊരു മാറ്റം പ്രതീക്ഷിക്കാനാവില്ല. എത്സ നെടുവീര്‍പ്പിട്ടു.

എത്സയുടെ വാക്കുകള്‍ക്ക് കീഴ്പ്പെട്ട് പാപ്പച്ചനും മേരിക്കുട്ടിയും തുടര്‍ന്നൊന്നും സംസാരിച്ചില്ല. എങ്കിലും മേരിക്കുട്ടിയെ നോക്കി പല്ലിറുമ്മാന്‍ പാപ്പച്ചന്‍ മറന്നില്ല.

അയാള്‍ ദേഷ്യത്തോടെ ഗെയ്റ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് പ്രവേശിച്ചു.

കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ലിസിയാണ് വന്ന് വാതില്‍ തുറന്നത്.

അയ്യോ നിങ്ങളായിരുന്നോ… ഓട്ടോടേ സൗണ്ട് കേട്ടായിരുന്നു. ബെല്‍ കേട്ടപ്പോ ഞാന്‍ വിചാരിച്ചു വല്ല ധര്‍മ്മക്കാരുമായിരിക്കുമെന്ന്.. അവസരത്തിനൊത്ത് തന്നെ പരിഹസിക്കാന്‍ ലിസി ശ്രമിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ലെന്ന് എത്സയ്ക്ക് മനസ്സിലായിരുന്നു.

അതെയോ… പാപ്പച്ചന്‍ ചിരിച്ചു.

നിങ്ങടെ ഇവിടെയൊക്കെ ധര്‍മ്മക്കാര് ഓട്ടോ പിടിച്ചാണോ വരുന്നെ… ഞങ്ങടെ അവിടെ ഇപ്പോ നാനോയേലാ ധര്‍മ്മക്കാര് വരുന്നെ…

മേരിക്കുട്ടിയോടുള്ള ദേഷ്യം പാപ്പച്ചന്‍ ലിസിയോട് തീര്‍ത്തു. അത് നന്നായെന്ന് എത്സയ്ക്കു തോന്നി. തക്കഅവസരത്തില്‍ ആദ്യമായിട്ടാണെങ്കിലും പാപ്പച്ചന്‍ പ്രതികരിച്ചല്ലോ?

പാപ്പച്ചന്‍റെ വാക്കുകേട്ടപ്പോള്‍ ലിസിയുടെ മുഖം ഇരുണ്ടു… അവള്‍ മുഖം വെട്ടിച്ച് അകത്തേയ്ക്ക് പോയി. മേരിക്കുട്ടി പി ന്നില്‍നിന്ന് പാപ്പച്ചനെ കുത്തി.

നിങ്ങടെയൊരു നാവ്… എനിക്കും സ്വൈര്യം തരില്ല ഇപ്പോ നിങ്ങടെ മകള്‍ക്കും സ്വൈര്യം കൊടുക്കുകേലാ.

അവളിവിടെ ആ പെണ്ണുമ്പിള്ളേടെ കെട്ട്യോന്‍റെ ചെലവിലാ കഴിയുന്നെ… അതോര്‍മ്മ വേണം.

സംസാരം കേട്ടപ്പോള്‍ ത്രേസ്യാമ്മ അകത്തു നിന്ന് വന്നു.

അല്ലാ ഇതാരൊക്കെയാ വന്നേക്കുന്നെ… നീയെന്നാ മോളേ ഫോണ്‍വിളിക്കാതിരുന്നെ… ത്രേസ്യാമ്മ ഓടിവന്ന് എത്സയുടെ കരം കവര്‍ന്നു. ജോയിയെ വിടാമെന്ന് പറഞ്ഞതല്ലായിരുന്നോ…

എത്സ മറുപടിയായി ചിരിച്ചതേയുള്ളൂ.

നിങ്ങളിങ്ങ് വന്നേ… എത്സേം വീട്ടുകാരും വന്നിട്ടുണ്ട്. ത്രേസ്യാമ്മ കുഞ്ഞേപ്പച്ചനോടായി അകത്തേയ്ക്ക് തല നീട്ടി വിളിച്ചുപറഞ്ഞു.

ബിനുവെന്ത്യേ… മേരിക്കുട്ടി ചോദിച്ചു.

ഓ, എത്സ ഇല്ലാത്തപ്പോ അവനിവിടെ ഇരിക്കാറില്ല…ത്രേസ്യാമ്മ പറഞ്ഞു. അതുകേട്ടപ്പോള്‍ എത്സയ്ക്ക് ചിരി വന്നു. തന്‍റെസാന്നിധ്യം ബിനുവിന് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്ന് അവള്‍ക്ക് ഇതിനകം മനസ്സിലായിട്ടുണ്ടായിരുന്നു. എന്നിട്ടും…

കുഞ്ഞേപ്പച്ചന്‍ വേഗം അവിടേയ്ക്കു വന്നു.

വന്ന കാലില്‍ നില്ക്കാതെ അങ്ങോട്ടിരിക്ക്… സോഫയിലേക്ക് ഇരുന്നുകൊണ്ട് കുഞ്ഞേപ്പച്ചന്‍ ക്ഷണിച്ചു.

ബിന്‍സിയുടെ കണ്ണുകള്‍ മുറിയിലൂടെ അങ്ങുമിങ്ങും അലഞ്ഞു. ഇപ്പോഴാണ് വീട് മുഴുവന്‍ വൃത്തിയായി കാണാന്‍ കഴിഞ്ഞത്… തന്‍റെ ചേച്ചി ഭാഗ്യവതിയാണെന്ന് അവള്‍ക്ക് വീണ്ടും തോന്നി.

കുഞ്ഞേപ്പച്ചനും പാപ്പച്ചനും കൂടി എന്തൊക്കെയോ സംസാരിച്ചിരുന്നു. ത്രേസ്യാമ്മ മേരിക്കുട്ടിയുമായി അകത്തേയ്ക്ക് പോയി. എത്സക്കൊപ്പം ബിന്‍സി ചേര്‍ന്നു.

മോളേ എത്സേ… ത്രേസ്യാമ്മ വിളിച്ചു. നീ അവനെയൊന്ന് ഫോണ്‍ വിളിച്ചേ… ചാച്ചനും അമ്മേം അനിയത്തീം വന്നതല്ലേ… അവനോട് വരാന്‍ പറ.

ബിനുവിനെ ഫോണ്‍ ചെയ്യാന്‍ എത്സ മടിച്ചു.

എന്താണ് ബിനുവിനോട് പറയേണ്ടത്? അതായിരുന്നു എത്സയുടെ സംശയം. തന്‍റെ വീട്ടുകാരോടുള്ള ബിനുവിന്‍റെ മനോഭാവം എന്താണെന്നും അവള്‍ക്കറിയാമായിരുന്നു. എങ്കിലും ത്രേസ്യാമ്മ പറഞ്ഞതനുസരിച്ച് അ വള്‍ ബിനുവിനെ ഫോണ്‍ ചെയ്തു. പക്ഷേ കോള്‍ പോകുന്നില്ലായിരുന്നു.

നെറ്റ്വര്‍ക്ക് പ്രോബ്ലം. അ ത് നന്നായെന്ന് എത്സയ്ക്ക് തോന്നി. ബിനു ഏതു രീതിയിലാണ് അവരോട് പെരുമാറുക എന്ന കാര്യത്തില്‍ അവള്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നു. തന്‍റെ വീട്ടില്‍ നിന്ന് ബിനു പിറ്റേന്ന് ഇറങ്ങിപ്പോയപ്പോള്‍ തന്നെ അവള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിരുന്നു.

ഭക്ഷണമേശയിലിരിക്കുമ്പോഴാണ് പോര്‍ച്ചില്‍ ഒരു ബൈക്ക് വന്നു നിന്നതും പിന്നെ അത് അകന്നുപോകുന്ന ശബ്ദം കേട്ടതും.

ബിനു വന്നൂന്ന് തോന്നുന്നു. ത്രേസ്യാമ്മ പറഞ്ഞു. അവരുടെ ഊഹം ശരിയായിരുന്നു. വാതില്‍ തുറന്ന് വന്നത് ബിനുവായിരുന്നു.

നിന്നെ ഫോണ്‍ വിളിച്ചി ട്ട് കിട്ടുന്നുണ്ടായിരുന്നില്ലല്ലോ… എന്തായാലും നീ വന്നല്ലോ…

ത്രേസ്യാമ്മ സന്തോഷിച്ചു. അപ്രതീക്ഷിതമായി എത്സയെയും വീട്ടുകാരെയും കണ്ടപ്പോള്‍ ബിനുവിന്‍റെ മുഖം മങ്ങി. വാതില്‍ തുറന്നു വരുമ്പോഴുള്ള പ്രസന്നതയും ഇപ്പോഴുള്ള പ്രസന്നതയും തമ്മിലുള്ള അന്തരം എത്സ തിരിച്ചറിഞ്ഞു. എങ്കിലും ബിനു തനിക്ക് പരിചയമില്ലാത്ത നാട്യത്തോടെ ചിരിക്കാന്‍ ശ്രമിച്ചു

എപ്പോ വന്നു..

അവന്‍ പാപ്പച്ചന്‍റെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു.

ഞങ്ങള് കുറച്ചു നേരമായി… മേരിക്കുട്ടിയാണ് മറുപടി പറഞ്ഞത്.

പോകുന്നതിന് മുമ്പ് കാണാന്‍ പറ്റിയല്ലോ?

ഇന്ന് പോവാണോ. ത്രേസ്യാമ്മ ചോദിച്ചു.

അതു വേണ്ട… ആദ്യമായിട്ട് വന്നതല്ലേ ഒരു ദിവസം ഇവിടെ കിടന്ന് നാളെ രാവിലെ പോയാ മതി… പറ മോളേ അമ്മയോട്… ത്രേസ്യാമ്മ എത്സയോടായി പറഞ്ഞു.

അയ്യോ അതൊന്നും പറ്റില്ല… അവിടെ പശും കോഴീം ആടും എല്ലാം ഉണ്ട്… പിന്നെ ഒറ്റയ്ക്ക് വിടണ്ടാല്ലോ എന്ന് വിചാരിച്ച് ഞങ്ങള് പോന്നതാ…

അല്ലാ ഞാന്‍ പലവട്ടം ചോദിക്കണമെന്ന് വിചാരിച്ചതാ… പാപ്പച്ചന്‍ എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് പെട്ടെന്ന് ചോദിച്ചു. മേരിക്കുട്ടിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. പാപ്പച്ചന്‍ എന്താണാവോ ചോദിക്കാന്‍ പോകുന്നത്… അയാളെന്തു ചോദിച്ചാലും അത് തടയണമെന്ന് അവരാഗ്രഹിച്ചു. പ ക്ഷേ അതിന് മുമ്പ പാപ്പച്ചന്‍ ചോദിച്ചു: "ശരിക്കും ഈ ബിനൂന് എന്നതാ ജോലി?"

ബിനു ആ ചോദ്യത്തിന് മുമ്പില്‍ വിളറിപ്പോയി.

കാര്യമൊക്കെ ശരിയാ… കാശുള്ള വീടാ… പക്ഷേ അതൊക്കെ ചേട്ടന്‍ സോജന്‍ ഉണ്ടാക്കിയ കാശാണെന്നാ നാട്ടുകാര് പോലും പറയുന്നെ… അപ്പന്‍ ആനപ്പുറത്ത് കയറീന്ന് പറഞ്ഞതോണ്ട് മകന് ആ തഴമ്പുണ്ടാകുമോ… അതുപോലെയല്ലേ ഇതും… എന്നാ ചേട്ടന്‍റെ കൂടെ വല്ല ബിസിനസും ചെയ്ത് കാശുണ്ടാക്കാന്‍ നോക്കുന്നുണ്ടോ? അതുമില്ല.. ആധാരമെഴുത്തുകാരന് പോലും കൈയില്‍ കാശുണ്ട്… കഥയെഴുത്തുകാരന്‍ കാശുണ്ടാക്കിയ കാര്യമൊന്നും എനിക്കറിയത്തില്ല… അല്ലാ എനിക്കത്രേം വിവരമേയുള്ളൂവെന്ന് കരുതിക്കോ…

മേരിക്കുട്ടി ആംഗ്യം കാണിച്ച് സംസാരം നിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ അതൊന്നും പാപ്പച്ചന്‍ കണ്ടില്ല. അപ്പോള്‍ മേരിക്കുട്ടി മേശയുടെ അടിയിലൂടെ കാല്‍ നീട്ടി പാപ്പച്ച നെ ചവിട്ടി.

നിനക്കെന്നാത്തിന്‍റെ സൂക്കേടാ? പാപ്പച്ചന്‍ മേരിക്കുട്ടിയോട് ദേഷ്യപ്പെട്ടു. മേരിക്കുട്ടി വിളറിയ ചിരി ചിരിച്ചു.

അതൊക്കെ ഇപ്പോ എന്നാത്തിനാ പറയുന്നെ? മേരിക്കുട്ടി ചോദി ച്ചു.

ഇപ്പോ അല്ലാതെ പിന്നെ എപ്പഴാടീ പറയുന്നെ? എനിക്ക് മനസ്സി ഒന്ന് വച്ച് പുറമേ മറ്റൊന്ന് കാണിക്കാന്‍ അറീത്തില്ല… അതോണ്ടാ പറയുന്നെ…

ത്രേസ്യാമ്മയും കുഞ്ഞേപ്പച്ചനും പരസ്പരം നോക്കി.

അതു പിന്നെ… ഇവിടെയുള്ളത് മുഴുവന്‍ ബിനൂനുള്ളതാ… നിന്‍റേത് എന്‍റേത് അങ്ങനെയൊരു വേര്‍തിരിവൊന്നും ഇവിടെയില്ല… ത്രേസ്യാമ്മ വിശദീകരിക്കാന്‍ ശ്രമിച്ചു.

ബിനു ആകെ വിയര്‍ത്തുപോയിരുന്നു. ഇതൊരു അപമാനംപോലെയാണ് അവന് അനുഭവപ്പെട്ടത്. തന്‍റെ ജോലി… അതൊരു വല്ലാത്ത പ്രശ്നമായിരിക്കുന്നു.

എത്സയാവട്ടെ അക്ഷരാര്‍ത്ഥത്തില്‍ ഉപ്പുതൂണ്‍ കണക്കെയായിരുന്നു. ചാച്ചന്‍ എന്തിനാണ് ഇപ്പോള്‍ അനവസരത്തില്‍, അനാവശ്യമായ ഒരു വിഷയം എടുത്തിട്ടത് എന്ന വിഷമത്തിലായിരുന്നു അവള്‍. ഇതൊക്കെ കല്യാണത്തിന് മുമ്പ് അന്വേഷിച്ചുകൂടായിരുന്നോ ചാച്ചന്… അപ്പോള്‍ ഒന്നും ചെയ്തില്ല. ഇനി ഇവിടെയുള്ളവര്‍ക്ക് തന്നോടു ദേഷ്യം കൂടുകയേയുള്ളൂ. പ്രത്യേകിച്ച് ബിനുവിന്…

കൂലിപ്പണിക്കാരനാണെങ്കിലും കൃത്യമായ വരുമാനം ഉള്ള ഒരാള് അതാ വേണ്ടെ… ചെറുക്കന് എന്നതാ ജോലിയെന്ന് ചോദിച്ചാ ആ…ആര്‍ക്കറിയാം… കൈമലര്‍ത്തിക്കൊണ്ട് പാപ്പച്ചന്‍ കസേരയില്‍നിന്നെണീറ്റു.

ഇവിടെ കുത്തിപിടിച്ചിരിക്കുവാണോ വീട്ടി പോകണ്ടെ? പാപ്പച്ചന്‍ സ്വരമുയര്‍ത്തി. ബിന്‍സിയും മേരിക്കുട്ടിയും ചാടിയെണീറ്റു. എന്തോ പറഞ്ഞിട്ടു പോകാമെന്ന മട്ടില്‍ മേരിക്കുട്ടി ത്രേസ്യാമ്മയുടെ കരം കവര്‍ന്നു

അമ്മച്ചിക്ക് വേറെയൊന്നും തോന്നരുത്. അങ്ങേര് ഒരു ഒറ്റബുദ്ധിക്കാരനാ… എന്നതാ പറയണ്ടെ, എവിടെ വച്ചാ പറയണ്ടെ ങ്ഹേ ഒരു വിവരോം ഇല്ല. ക്ഷമിച്ചുകള… അതൊന്നും മനസ്സീ വച്ചോണ്ട് എന്‍റെ മോളോട് ഒന്നും പെരുമാറിയേക്കരുത്…

ഏയ്… മേരിക്കുട്ടി സമാധാനത്തോടെ പോ… കൂടുതല്‍ പറയിപ്പിക്കാന്‍ ത്രേസ്യാമ്മയും തയ്യാറായില്ല.

പോട്ടെ ചേച്ചീ… എത്സയുടെ കവിളത്ത് ഉമ്മ കൊടുത്താണ് ബിന്‍സി യാത്ര ചോദിച്ചത്.

അന്നു രാത്രി കിടപ്പുമുറിയില്‍, തുറന്നു കിടക്കുന്ന ജനാലയ്ക്കരികില്‍ നില്ക്കുകയായിരുന്നു ബിനു. അടുക്കളയില്‍ ലിസിയെ സഹായിച്ചതിന് ശേഷം എത്സ മുറിയിലേക്ക് കടന്നുവന്നു. അവള്‍ വാതില്‍ ചേര്‍ത്തടച്ചതും കാത്തുനില്ക്കുകയായിരുന്ന വിധം ബിനു പൊട്ടിത്തെറിച്ചു.

ടാറ്റായുടെയോ അംബാനിയുടെയോ കുടുംബത്തിലേക്ക് കെട്ടിച്ചുവിട്ടാല്‍ പോരായിരുന്നോ നിന്‍റെ തന്തയ്ക്ക്? എന്തിനാ വെറുതെ… എന്‍റെ തലേലോട്ട് കെട്ടിവച്ചുതന്നത്?

കെട്ടിവച്ചുതരിക… ആ പ്രയോഗം എത്സയുടെ തലയ്ക്ക് പ്രഹരം ഏറ്റതുപോലെയായിരുന്നു.

കെട്ടിച്ചു തരാമോയെന്ന് ചോദിച്ച് പുറകെ നടന്നതൊന്നുമല്ലല്ലോ ഞാന്‍… ആണോ… എത്സയുടെ തൊട്ടരികിലെത്തി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് നെഞ്ചില്‍ വിരല്‍ തൊട്ട് ബിനു ചോദിച്ചു.

ഞാന്‍… എത്സയുടെ കണ്ണ് നിറഞ്ഞു. അവള്‍ക്ക് അതല്ലാതെ മറ്റൊരു വാക്കും പുറത്തേയ്ക്കു വന്നില്ല.

ഇതാണ് ഞാന്‍… ഇങ്ങനെയാണ് ഞാന്‍… ഇത്രയുമേയുള്ളൂ താനും. ഇതിലും വലിയ സ്വപ്നങ്ങളുമൊക്കെയായിട്ടാണ് കടന്നുവന്നതെങ്കില്‍ പോകാം, ബിനു വാതില്‍ക്കലേക്ക് വിരല്‍ ചൂണ്ടി.

ആരും തടയില്ല… ഇഷ്ടമുണ്ടെങ്കില്‍… ഇഷ്ടമുണ്ടെങ്കില്‍ മാത്രം തുടര്‍ന്നാല്‍ മതി ഇവിടെ… പിന്നെ ഒരു കാര്യം കൂടി… അതും അറിഞ്ഞിരിക്കുന്നത് നല്ലതാ… പെണ്‍ തുണയില്ലാതെ ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ കഴിയില്ല എന്ന് വിശ്വസിക്കുന്ന ആണൊരുത്തനൊന്നുമല്ല ഞാന്‍… പത്തുമുപ്പതു വര്‍ഷക്കാലം പെണ്‍തുണയില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ ഇനിയുള്ള കാലവും അങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസോം എനിക്കുണ്ട്.

പിന്നെ… പിന്നെയെന്തിന്… എത്സ അറിയാതെ ചോദിച്ചുപോയി

അതോ… ബിനു ചിരിച്ചു.

…അമ്മച്ചി പറഞ്ഞതുകൊണ്ടു മാത്രാ ഞാന്‍ നിന്നെ വിവാഹം കഴിച്ചത്.. അതുകൊണ്ടു മാത്രം…

എത്സ തളര്‍ന്നുവീഴാതിരിക്കാന്‍ ഭിത്തിയോട് ചാരി നിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org