ഒരു കുടുംബകഥ കൂടി… അധ്യായം 3

ഒരു കുടുംബകഥ കൂടി… അധ്യായം 3

വിനായക് നിര്‍മ്മല്‍

ഹോസ്പിറ്റല്‍.

വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഇടനാഴികള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണെന്ന് ബിനുവിന് തോന്നി. എത്ര നടന്നിട്ടും എത്തിച്ചേരുന്നില്ല. കാലുകള്‍ക്ക് വല്ലാത്തൊരു ഭാരമുള്ളതുപോലെ… ശരീരത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ..

താന്‍ കാരണമാണ്… താന്‍ കാരണമാണ്… മനസ്സ് അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു…

അമ്മച്ചിക്ക് എന്തെങ്കിലും അസുഖം വന്നിട്ടുള്ളതായി തന്‍റെ ഓര്‍മ്മയില്‍ പോലുമില്ലല്ലോ എന്ന് അവന്‍ ഓര്‍ത്തു. ഒരു ജലദോഷം, പനി, കാല്‍മുട്ടുവേദന… അങ്ങനെ സാധാരണയായി ഉണ്ടാകുന്ന എന്തെങ്കിലുമല്ലാതെ ഈ പ്രായത്തില്‍ മനുഷ്യരെ ബാധിക്കുന്ന മറ്റ് ഗുരുതരമായ യാതൊരു അസുഖങ്ങളും – ഷുഗര്‍, കൊളസ്ട്രോള്‍, ബിപി – ത്രേസ്യാമ്മയ്ക്കുണ്ടായിരുന്നുമില്ല.

എല്ലുമുറിയെ പണിയെടുത്തു ശീലമുള്ളവളായിരുന്നു ത്രേസ്യാമ്മ. ചെറുപ്പകാലം തൊട്ടേ മണ്ണിലും വീട്ടിലും വിശ്രമമില്ലാതെയെന്നോണം ജോലി ചെയ്തു. പശു, ആട്, പന്നി, കോഴി… അത് മറ്റൊരു വശത്തുണ്ടായിരുന്നു. നിലാവുള്ള രാത്രികളില്‍ തൂമ്പയുമായി പറമ്പിലേക്ക് ഇറങ്ങിയിരുന്ന ഒരു കാലം പോലുമുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്ക്.

കൊപ്രക്കച്ചവടമെന്നും മറ്റേതെങ്കിലും കച്ചവടമെന്നും പറഞ്ഞ് വെളുപ്പിനേ വീട്ടില്‍ നിന്നിറങ്ങുന്ന സ്വഭാവക്കാരനായിരുന്നു കുഞ്ഞേപ്പന്‍ചേട്ടന്‍ എന്ന ജോസഫ്. രാത്രി വൈകിയേ വീട്ടിലെത്തൂ. അതിനിടയില്‍ മദ്യപാനവും ഒരു ശീലമായി കൂടെ കൂടി.

കച്ചവടത്തില്‍ നഷ്ടങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ മറ്റ് പലതും ചെയ്തുനോക്കി. ഒന്നിലും രക്ഷ കിട്ടുന്നില്ല. ആറേഴ് മക്കളും പിന്നെ ജോസഫിന്‍റെ മാതാപിതാക്കളും എല്ലാം അടങ്ങുന്ന വലിയ കുടുംബത്തെ അന്ന് പട്ടിണിക്കിടാതെ കാത്തുസംരക്ഷിച്ചത് ത്രേസ്യാമ്മയുടെ അദ്ധ്വാനശീലവും ആത്മധൈര്യവും പ്രതികൂലാവസ്ഥകളെ നേരിടാന്‍ കഴിയുന്ന വിശ്വാസജീവിതവുമായിരുന്നു.

ഉള്ള സ്വത്ത് ഇനിയും അന്യാധീനപ്പെടുത്തിയില്ലെന്ന് മാത്രമല്ല കുറെയൊക്കെ സ്ഥലം തന്‍റെ അദ്ധ്വാനത്തിലൂടെ കൂട്ടിച്ചേര്‍ക്കാനും ത്രേസ്യാമ്മയ്ക്ക് കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. കര്‍ത്താവും ഞാനും കൂടി ഉണ്ടാക്കിയതാ ഇതെന്നാണ് അതേക്കുറിച്ചുള്ള ത്രേസ്യാമ്മയുടെ വിശദീകരണം.

സോജനെ വിദേശത്തേയ്ക്ക് അയച്ചതുപോലും ത്രേസ്യാമ്മയുടെ പദ്ധതിയായിരുന്നു. ത്രേസ്യാമ്മയുടെ സഹോദരിയുടെ മക്കള്‍ വിദേശത്തായിരുന്നു. അവര്‍ വഴിയാണ് സോജന്‍ വിദേശത്ത് എത്തിയത്. അവന്‍ അവിടെ നിന്ന് അയയ്ക്കുന്ന കാശിനെ ഫലപ്രദമായി വിനിയോഗിക്കാനും നിക്ഷേപിക്കാനും ത്രേസ്യാമ്മയ്ക്ക് കഴിഞ്ഞു. അതോടെയാണ് പാലത്തുങ്കല്‍ കുടുംബത്തിന്‍റെ മുഖച്ഛായതന്നെ മാറിയത്.

കുടുംബം സാമ്പത്തികമായി ഉയര്‍ന്നപ്പോള്‍ എല്ലാവരും കരുതി ഇനിയെങ്കിലും ത്രേസ്യാമ്മ അടങ്ങിയിരിക്കുമെന്ന്… പക്ഷേ പറമ്പില്‍ പണിയെടുത്തില്ലെങ്കിലും പശു, ആട്, കോഴി എന്നിവയുമായി ഇപ്പോഴും ത്രേസ്യാമ്മ രംഗത്തുണ്ട്. മക്കളുടെ മുമ്പില്‍ കൈനീട്ടാതെ പള്ളിയില്‍ പോകുമ്പോ നേര്‍ച്ചയിടാനും ധര്‍മ്മക്കാര് വീട്ടില്‍വരുമ്പോ ഒരു രൂപ കൊടുക്കാനും നമ്മുടെ കയ്യിലും വേണ്ടേ പത്തു രൂപ എന്നാണ് അതേക്കുറിച്ചുള്ള പ്രതികരണം.

വീട്ടില്‍ സ്വന്തമായി വാഹനങ്ങളുള്ളപ്പോഴും അടുക്കളയില്‍ യന്ത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അവയ്ക്ക് പിന്നാലെയൊന്നും ത്രേസ്യാമ്മ പോയില്ല. ഞായറാഴ്ചകളില്‍ സോജനും ഭാര്യയും മക്കളും ഒന്നിച്ച് കുര്‍ബാനയ്ക്ക് പോകുമ്പോള്‍ മാത്രമേ അവര്‍ പള്ളിയിലേക്ക് പോകാനായി വാഹനമുപയോഗിക്കാറുള്ളൂ. ഇടദിവസങ്ങളില്‍ രാവിലെയുള്ള കുര്‍ബാനയ്ക്കായി അവര്‍ കൈകള്‍ വീശിയാണ് നടന്നുപോകാറ്. അതിന് കാരണവും പറയും.

ഈ നടത്തത്തിന് രണ്ടുണ്ട് കാര്യം. ഒന്ന് നിങ്ങള്‍ പറയുന്ന എക്സര്‍സൈസ്. കൊളസ്ട്രോളില്‍ നിന്ന് രക്ഷപ്പെടാം. പിന്നെ കുര്‍ബാന കാണുന്നതിന്‍റെ പുണ്യം.

ത്രേസ്യാമ്മയുടെ സമപ്രായക്കാരൊക്കെ രോഗബാധിതരായി ഇഹലോകവാസം വെടിയുകയോ കിടക്കയിലാവുകയോ ചെയ്തപ്പോഴും അതില്‍നിന്നെല്ലാം ഒരു പരിധിവരെ വിട്ടുനില്ക്കാന്‍ ത്രേസ്യാമ്മയുടെ ഈ ജീവിതരീതികളും മനോഭാവങ്ങളും ഏറെ ഗുണം ചെയ്തിട്ടുണ്ട്. അങ്ങനെയെല്ലാമുള്ള ആളാണ് ഇപ്പോള്‍ ഇങ്ങനെ…

പാലത്തുങ്കല്‍ തറവാട് മുഴുവനുമെന്നോണം ഐസിയുവിന് മുമ്പിലുണ്ടായിരുന്നു, ബിനു ചെല്ലുമ്പോള്‍… ബിനു നടന്നുവരുന്നത് കണ്ടപ്പോള്‍ സോജന്‍ പല്ലിറുമ്മിക്കൊണ്ട് അവന്‍റെ അടുത്തേയ്ക്ക് ചെന്നു.

ഓ വന്നോ തമ്പുരാന്‍…സോജന്‍ പുച്ഛിച്ചു. തിരക്കിലായിരിക്കും. അല്ല്യോ… മുഖം കാണിച്ചിട്ട് ഉടനെ പോകുവായിരിക്കും..

ചേട്ടായി ഞാന്‍… ബിനു എന്തോ പറയാന്‍ ഭാവിച്ചു.

വേണ്ടടാ നീയൊന്നും പറയണ്ടാ… എടാ, നിന്നെക്കൊണ്ട് ഞങ്ങള്‍ക്ക് വേറെയൊരു ഉപകാരോം ഉണ്ടാവണ്ട…ഇത്തിരി മനസ്സമാധാനമെങ്കിലും തന്നൂകൂടെ നിനക്ക്…

ചേട്ടായി അതിന് ഞാന്‍…അതിന് ഞാനെന്തു ചെയ്തു?

നീയെന്ത് ചെയ്തെന്നോ…? അതു ശരി. നീയൊറ്റ ഒരുത്തനാ ഇപ്പോ അമ്മച്ചിയെ ഈ നിലയിലാക്കിയത്.

ചേട്ടായി… ബിനു ഞടുങ്ങിപ്പോയി.

ആരാ അവിടെ ശബ്ദമുണ്ടാക്കുന്നത്? സൈലന്‍സ്… പെട്ടെന്ന് മുറിവാതില്‍ തുറന്ന് ഒരു നഴ്സ് പ്രത്യക്ഷപ്പെട്ടു. സോജന്‍ നിശ്ശബ്ദനായി. ബിനുവിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് അയാള്‍ ആദ്യം നിന്നിരുന്നിടത്തേക്ക് തന്നെ പോയി. ബിനു അസ്വസ്ഥതയോടെ മുടിയിഴകള്‍ കോര്‍ത്തുവലിച്ചു. തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കി; ജോമോന്‍.

നിന്‍റെ ചേട്ടന്‍ ഇപ്പഴും സോജന്‍ ജോസഫ് പാലത്തുങ്കല്‍ തന്നെയല്ലേ.. പിന്നെയെന്തിനാടാ വിഷമിക്കു ന്നത്… വിട്ടുകള…

ജോമോന്‍ ചിരിച്ചു. സുഹൃത്തിന്‍റെ സാന്ത്വനം… ബിനു ആ കരങ്ങളിലേക്ക് തന്‍റെ കരവും ചേര്‍ത്തു. അതെ, സോജന്‍ ജോസഫ് പാലത്തുങ്കല്‍ എന്‍റെ ചേട്ടന്‍ തന്നെയാ എന്ന് ദീര്‍ഘനിശ്വാസത്തോടെ അവന്‍ പറയുകയും ചെയ്തു. അപ്പോഴാണ് കുഞ്ഞേപ്പന്‍ ചേട്ടന്‍ വരാന്തയിലെ കസേരയില്‍ ആകുലപ്പെട്ട് ഇരിക്കുന്നത് കണ്ടത്. അവന്‍ അവിടേയ്ക്ക് ചെന്നു.

അപ്പച്ചാ…

ങ് നീ വന്നോ.. കുഞ്ഞേപ്പന്‍ചേട്ടന്‍ മകന്‍റെ കരം കവര്‍ന്നു.

അമ്മച്ചിക്ക്…?

നീ പേടിക്കണ്ടാടാ മോനേ… നീ വന്നുവെന്ന് അറിയുമ്പോ അവളേറ്റുവന്നോളും… അവളാരാ മോള്…

കുഞ്ഞേപ്പന്‍ചേട്ടന്‍ ചിരിച്ചു. പക്ഷേ ആ ചിരിയില്‍ കണ്ണീരും ഉത്കണ്ഠയുമുണ്ടെന്ന് ബിനുവിന് മനസ്സിലായി. കാരണം ചിരിച്ചുകൊണ്ട് അയാള്‍ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. പിന്നെ തന്നോട് തന്നെയെന്നോണം അപ്പച്ചന്‍ പറയുന്നത് ബിനു കേട്ടു.

അവളിരിക്കുമ്പോ, അവള്‍ടെ കയ്യില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം വാങ്ങികുടിചേച്ച് വേണം പോകാന്‍ എന്ന് എനിക്കൊരാഗ്രഹമുണ്ടായിരുന്നു… അത് കര്‍ത്താവ് സാധിച്ചുതരുമോ ആവോ…

കുഞ്ഞേപ്പന്‍ മുകളിലേക്ക് മുഖവും കരവും ഉയര്‍ത്തി. മരണത്തിന്‍റെ അവസാനവിനാഴികയിലും ഒരുമിച്ചുനില്ക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍… പരസ്പരം താങ്ങാകാന്‍ ആഗ്രഹിക്കുന്നവര്‍… ദാമ്പത്യം അത്രമേല്‍ ദൃഢമാണോ… വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അവരുടെ സ്നേഹത്തിന് കുറവുകളുണ്ടായിട്ടില്ലേ? ബിനുവിന്‍റെ മനസ്സില്‍ കുറേ ചോദ്യങ്ങളുയര്‍ന്നു. എന്താണ് ദാമ്പത്യത്തിന്‍റെ രഹസ്യം? എന്താണ് ദാമ്പത്യത്തിന്‍റെ സത്യം?

മറ്റുളളവരുടെ ദാമ്പത്യങ്ങളെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ ഒരുവന്‍ എത്തിച്ചേരുന്നത് തന്‍റെ തന്നെ ദാമ്പത്യജീവിതത്തിലായിരിക്കും. ബിനു വരാന്തയിലെ കസേരയില്‍ ചെന്നിരുന്നു. മേഴ്സിയുടെ ഭര്‍ത്താവ് ജോണിയുടെ അരികിലായിരുന്നു ആ ഇരിപ്പിടം.

മനുഷ്യന്‍റെ കാര്യമൊക്കെ ഇത്രയുമേ ഉള്ളെടാ… ഒരു നെഞ്ചുവേദന… ഒരു കുഴഞ്ഞുവീഴല്‍… തീര്‍ന്നു.

ബിനു അളിയനെ നോക്കി.

എന്‍റെ അമ്മച്ചീടെ കാര്യം തന്നെ എടുക്ക്… എല്ലാരേം പോലെ രാത്രീല് ഉറങ്ങാന്‍ കിടന്നതാ… നേരം വെളുത്തിട്ടും എണീല്ക്കാതിരിക്കുമ്പോ വന്നു നോക്കിയപ്പോ… ജോണി ഒരു നിമിഷം നിര്‍ത്തിയിട്ട് തുടര്‍ന്നു.

ഒരു കണക്കിന് പറഞ്ഞാ അതും നന്നായി. മുഖസ്തുതിയാണെന്നൊന്നും വിചാരിച്ചേക്കരുത് കേട്ടോ. കാര്യം എന്‍റെ ഭാര്യ തന്നെയാ, നിന്‍റെ പെങ്ങളും. അമ്മച്ചിയെങ്ങാനും കിടപ്പിലായി പോയാ പച്ചവെള്ളം അവള്‍ടെ കയ്യീന്ന് വാങ്ങി കുടിച്ചേച്ച് മരിക്കാന്‍ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടാവുകേലായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു നിന്‍റെ പെങ്ങള്‍ക്ക് എന്‍റെ അമ്മയോടുള്ള സ്നേഹം..

ജോണി സ്വരമുയര്‍ത്തി ഒരു കോട്ടുവാ ഉതിര്‍ത്തു. അതിന്‍റെ ഇടയിലൂടെ അയാള്‍ പറഞ്ഞു.

ഒരു കണക്കിന് എന്‍റെ അമ്മച്ചി ഭാഗ്യവതിയാ.. കെടന്ന് നരകിക്കാതെ അങ്ങ് പോയല്ലോ.

ബിനുവിന് ദേഷ്യം വന്നു. അവന്‍ അവിടെ നിന്ന് എണീറ്റ് മറ്റൊരിടത്തേയ്ക്ക് ചെന്നിരുന്നു. ബിന്ദുവിന്‍റെ ഭര്‍ത്താവ് സന്തോഷ് അപ്പോള്‍ അവിടേയ്ക്ക് വന്നിരുന്നു

കൊടു കൈ അളിയാ…

സന്തോഷ് പ്രസന്നഭാവത്തില്‍ ബിനുവിന് നേരെ കൈ നീട്ടി. ബിനുവിന് അമ്പരപ്പായിരുന്നു. ഇതെന്ത് എന്ന ഭാവം.

എന്നതാണെങ്കിലും അളിയന്‍ കല്യാണം കഴിക്കാന്‍ സമ്മതിച്ചല്ലോ… ഞങ്ങളൊക്കെ എത്ര വട്ടം പറഞ്ഞ വിഷയമായിരുന്നു… പക്ഷേ അളിയന്‍റെ അമ്മച്ചിയുണ്ടല്ലോ… അമ്മച്ചി ഒരു പ്രസ്ഥാനമാ കേട്ടോ. ആരു പറഞ്ഞിട്ടും സമ്മതിക്കാതിരുന്നത് എത്ര ഈസിയായിട്ടാ അമ്മച്ചി സാധിച്ചെടുത്തത്? പെണ്ണൊരുമ്പെട്ടാല്‍ എന്ന് പറയുന്നത് വെറുതെയല്ല… ആട്ടെ അളിയന് എന്തൊക്കെയാ ഡിമാന്‍റ്?

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്ന മട്ടിലാണല്ലോ കാര്യങ്ങള്‍ എന്നാണ് ബിനു ചിന്തിച്ചത്. ജോണി അളിയന്‍റെ അടുക്കല്‍നിന്നും രക്ഷപ്പെട്ട് വന്നത് അതിനേക്കാള്‍ വലിയ അപകടത്തിലേക്കാണല്ലോ?

എന്‍റെ അളിയാ ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന സിറ്റുവേഷനാണോ ഇപ്പോഴുള്ളത്? ബിനു ചോദിച്ചു. ആ സ്വരത്തിലെ ഭാവം സന്തോഷിന് മനസ്സിലായി. അതുകൊണ്ട് പിന്നെ അയാളൊന്നും മിണ്ടിയില്ല.

ഈ സമയം ഐസിയുവിന്‍റെ അകത്ത് മറ്റൊന്ന് നടക്കുന്നുണ്ടായിരുന്നു. ത്രേസ്യാമ്മയുടെ അനിയത്തിയുടെ ഇളയ മകള്‍ ബിന്‍സിയായിരുന്നു ഡോക്ടര്‍. പ്രഷറും ഇസിജിയും മറ്റു പരിശോധനകളും നടത്തിയതിന് ശേഷം ഡോക്ടര്‍ ബിന്‍സി ത്രേസ്യാമ്മയുടെ അടുക്കലേക്ക് ചെന്നു.

പേരമ്മയ്ക്ക് ഒരു കുഴപ്പവുമില്ല കേട്ടോ.

അതിന് എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞോ എന്ന് ത്രേസ്യാമ്മ ചിരിയോടെ ചോദിച്ചപ്പോള്‍ കണ്ണ് മിഴിച്ചുപോയത് ബിന്‍സിയുടേതായിരുന്നു.

അമ്മച്ചിയെ ഇവിടെ കൊണ്ടുവന്നത്…

ബിന്‍സി പൂര്‍ത്തിയാക്കിയില്ല.

ഓ അതൊക്കെ എന്‍റെ ഒരു നാടകമല്ലേ ത്രേസ്യാമ്മ കട്ടിലില്‍ എണീറ്റിരുന്നു. ബിന്‍സി താടിക്ക് കൈ കൊടുത്തുപോയി.

പിള്ളേരാരും ഇങ്ങോട്ട് കയറിവരില്ലല്ലോ എന്ന് ത്രേസ്യാമ്മ ഉറപ്പുവരുത്തുകയും ചെയ്തു. ക്രാസിയില്‍ ചാരികിടക്കാനായി ബിന്‍സി ത്രേസ്യാമ്മയ്ക്ക് ഒരു തലയണ ഉയര്‍ത്തിവച്ചുകൊടുത്തു.

കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ… ത്രേസ്യാമ്മ ചോദിച്ചു.

ഫങ്ഷന് വരാന്‍ പറ്റിയില്ലെങ്കിലും അമ്മച്ചിയെ ഫോണ്‍ വിളിച്ചപ്പോ ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞു. പേരമ്മ വളരെ ഇന്‍റലിജന്‍റായി ബിനുവിനെക്കൊണ്ട് വിവാഹം കഴിക്കാന്‍ സമ്മതം വാങ്ങിയെന്ന്.

ഓ ഇപ്പോ അതുതന്നെയാ പ്രശ്നോം. ത്രേസ്യാമ്മയുടെ മുഖം മങ്ങി.

ഞാന്‍ അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് ഒരു ഭാഗം. അതില്‍ തെറ്റൊന്നും ഇല്ലെന്ന് വേറൊരു കൂട്ടര്. വാക്ക് നല്കിയാലും ബിനു ഇറങ്ങിപ്പോയത് അവനും അത് ഇഷ്ടമാകാത്തതോണ്ടാണെന്ന് എനിക്കറിയാം. സോജന്‍ അതിന്‍റെ പേരില്‍ വീട്ടില്‍ കുറെ കശപിശ ഉണ്ടാക്കി. എന്നെ ചാടിക്കടിക്കാന്‍ വന്നു. എന്തോ എനിക്ക് വല്ലാത്ത വിഷമം തോന്നി. കാര്യങ്ങള് കൈ വിട്ടുപോകുവാണോയെന്നൊരു തോന്നല്‍… ബിനു പെണ്ണ് കെട്ടുകേം വേണം… എന്നെ ആരും കുറ്റം പറയാനും പാടില്ല. അങ്ങനെ ആലോചിച്ചപ്പോ എന്‍റെ മുമ്പീ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. പിന്നേയ്… നീയിങ്ങ് അടുത്തുവാ.

ബിന്‍സി ത്രേസ്യാമ്മയുടെ ക ട്ടിലില്‍ ചെന്നിരുന്നു

അവനുണ്ടല്ലോ, സോജന്‍ അവനിട്ടൊരു ചെറിയ പണിയും കൂടി കൊടുത്തേക്കാമെന്ന് വച്ചു, ശബ്ദം കുറെക്കൂടി താഴ്ത്തി ത്രേസ്യാമ്മ പറഞ്ഞു.

പെമ്പിള പറയുന്നതു കേട്ട് അവനോരോന്നിനും ഇപ്പോ എന്നെ ചാടിക്കടിക്കാന്‍ വരവ് ഇത്തിരികൂടുതലാ… അവനെ അങ്ങനെ വിട്ടാല്‍ പറ്റുകേലാ.

എന്‍റെ മാതാവേ… ബിന്‍സിക്ക് ചിരിക്കണോ ദേഷ്യപ്പെടണോ എന്ന് അറിയില്ലായിരുന്നു.

എന്നാ പേരമ്മയെ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തേക്കുവാ… ഇനി പേരമ്മയെ ഇവിടെ കിടത്തിയാ പേരമ്മ എനിക്കിട്ടും കൂടി പണിതരും. ബിന്‍സി ചിരിച്ചു.

ഒന്നു പോടീ… ത്രേസ്യാമ്മയും ചിരിയില്‍ പങ്കുചേര്‍ന്നു.

കര്‍ത്താവായിട്ടാ ഈ രാത്രീല് നിന്നെതന്നെ ഇവിടെ ഡ്യൂട്ടിക്കിട്ടത്. അതോണ്ട് ഇനി ഞാന്‍ പറയുന്നതുപോലെ നീയെനിക്ക് ചെയ്തുതരണം.

ത്രേസ്യാമ്മ ആവശ്യപ്പെട്ടു.

എന്നതാ പേരമ്മേ..

എനിക്ക് ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ടെന്ന് നീ ബിനുവിനോടും സോജനോടും പറയണം. മനസ്സിന് വിഷമം ഉണ്ടാക്കുന്ന യാതൊന്നും പറയുകയോ ചെയ്യുകയോ പാടില്ലെന്നും. ഇതങ്ങോട്ട് മുറുക്കിയില്ലെങ്കില്‍ മുറുക്കിയതുകൂടി അയഞ്ഞുപോകും. നീയെന്നെ ഒന്ന് സഹായിക്കണം. ത്രേസ്യാമ്മ ബിന്‍സിയുടെ കരം കവര്‍ന്നു.

പിന്നെ സിനിമേലൊക്കെ കാണുന്നതുപോലെ എന്‍റെ മുഖത്ത് ഒരു ഗ്ലാസൊക്കെ പിടിപ്പിക്ക്. അവിടേം ഇവിടേം ഒരു ട്യൂബും ഇട്…

എന്‍റെ പേരമ്മേ ത്രേസ്യാമ്മയെ കൂടുതല്‍ പറയിപ്പിക്കാന്‍ സമ്മതിക്കാതെ ബിന്‍സി ഇടയ്ക്ക് കയറി.

ഇത് സിനിമയൊന്നുമല്ല ജീവിതമാ… പേരമ്മയ്ക്ക് ഹാര്‍ട്ടിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞാ ബിനുവും സോജന്‍ചേട്ടായിയും വെറുതെയിരിക്കുമോ… അവര് പേരമ്മയെ വേറെ ഡോക്ടേഴ്സിനെ കണ്‍സള്‍ട്ട് ചെയ്യില്ലേ… വേറെ ഹോസ്പിറ്റലില്‍ പോകില്ലേ… ഞാന്‍ ജൂനിയര്‍ ഡോക്ടറാ… അതറിയില്ലേ പേരമ്മയ്ക്ക്… പിന്നെ പേരമ്മ ഇത്രയും വരെയെത്തിച്ച സ്ഥിതിക്ക് ഞാന്‍ ചെറിയൊരു സഹായം ചെയ്തുതരാം, ഇപ്പോ ഡി സ്ചാര്‍ജ് ചെയ്യുന്നില്ല, നാളെ ഡോക്ടര്‍ മാത്യുകൂടി ചെക്കപ്പ് നടത്തട്ടെ. ബിനുവിനെ വിളിച്ചുവരുത്തി പേരമ്മയ്ക്ക് മനഃപ്രയാസം ഉണ്ടാക്കുന്ന യാതൊന്നും ചെയ്യുകയോ പറയുകയോ വേണ്ടെന്നും പറഞ്ഞേക്കാം. പക്ഷേ പേരമ്മ വായ് തുറക്കരുത്… എന്‍റെ കരിയറിന്‍റെ കൂടി ഭാവി നോക്കി എനിക്കിത്രയുമൊക്കെയേ പേരമ്മയ്ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റൂ. അതും പേരമ്മയുടെ നല്ല ഉദ്ദേശ്യത്തെ പ്രതിമാത്രം.

ഇത്രയുമെങ്കില്‍ ഇത്രയും…

ത്രേസ്യാമ്മ തലയണ എടുത്തു മാറ്റി കട്ടിലില്‍ നിവര്‍ന്നുകിടന്നു.

കുടുംബത്തില്‍ ഒരു ഡോക്ടറുണ്ടെന്ന് പറഞ്ഞിട്ടൊന്നും ഒരു വിശേഷവുമില്ല. ത്രേസ്യാമ്മ പിറുപിറുത്തു.

ഈ പേരമ്മയുടെ ഒരു കാര്യം. ബിന്‍സി ചിരിച്ചുകൊണ്ട് ത്രേസ്യാമ്മയുടെ കവിളില്‍ ഒരു നുള്ള് കൊടുത്തു.

ബിനു ഐസിയു എന്ന് എഴുതിയ ചില്ലുവാതിലിന് മുമ്പില്‍ കാത്തുനില്ക്കുകയായിരുന്നു. അവന്‍റെ മനസ്സില്‍ നിറയെ പ്രാര്‍ത്ഥനകളുമുണ്ടായിരുന്നു. അപ്പോഴാണ് വാതില്‍ തുറക്കപ്പെട്ടത്. എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കായി.

ആരാണ് ബിനു?

നേഴ്സ് ചോദിച്ചു.

ബിനു താനാണെന്ന് ശിരസ് ചലിപ്പിച്ചു. വരൂ. നേഴ്സ് വാതില്‍ തുറന്നുകൊടുത്തു. മറ്റുള്ളവരെ നോക്കിക്കൊണ്ട് ബിനു അകത്തേയ്ക്ക് പോയി.

അമ്മച്ചി അന്ത്യാഭിലാഷം ഒ ന്നുകൂടി ഓര്‍മ്മിപ്പിക്കാനായിരിക്കും വിളിച്ചത്. ജോണി അഭിപ്രായപ്പെട്ടു.

അളിയന്‍റെ കല്യാണം കൂടാന്‍ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടാകില്ലേ? സന്തോഷ് തന്നോട് തന്നെ ചോദിച്ചു.

ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ രണ്ടാളും. സോജന്‍ അവരെ നോക്കി പല്ലിറുമ്മി. സന്തോഷും ജോണിയും വേഗം വായടച്ചു.

ബിനു ത്രേസ്യാമ്മയുടെ അടുക്കലെത്തി. അവനെ കണ്ടതേ ത്രേസ്യാമ്മയുടെ കണ്ണ് നിറഞ്ഞുപോയി. അതറിയിക്കാതിരിക്കാന്‍ അവര്‍ വേഗം മുഖം ചെരിച്ചു. അമ്മച്ചിയെ ഈയൊരു വിധത്തില്‍ ആദ്യമായി കാണുന്നതുകൊണ്ട് ബിനുവിനും അറിയാതെ സങ്കടം വന്നു. മകന്‍റെ സങ്കടം അമ്മയ്ക്ക് മനസ്സിലായി. അത് കാണാന്‍ അവര്‍ക്ക് കരുത്തില്ലായിരുന്നു. അമ്മച്ചി വളരെ നിസ്സഹായയാണെന്ന് ബിനുവിന് തോന്നി. രോഗം എല്ലാ മനുഷ്യരെയും നിസ്സഹായരാക്കുന്നു. ഓടിച്ചാടി ആരോഗ്യത്തോടെ നടക്കുമ്പോള്‍ ഈ ലോകത്തെ മുഴുവന്‍ നേരിടാനുള്ള കരുത്ത് തനിക്കുണ്ടെന്ന് അവന്‍ കരുതുന്നു. ആ രോഗ്യം നശിച്ച് കിടക്കയിലാകുമ്പോഴോ… ഇനിയൊരിക്കലും എണീറ്റ് നടക്കാന്‍ പോലുമാവില്ലെന്ന് അവന് തോന്നിപ്പോകുന്നു.

അമ്മച്ചി… ബിനു ത്രേസ്യാമ്മയുടെ കൈത്തലത്തില്‍ കരം അമര്‍ത്തി.

ബിനൂ, അപ്പോള്‍ ബിന്‍സി അവിടേയ്ക്ക് വന്നു.

അധികം സ്ട്രെയ്ന്‍ കൊടുക്കരുത്…

അമ്മച്ചിക്ക് എന്നതാടീ പറ്റിയത്… ചോദിക്കുമ്പോള്‍ ബിനുവിന്‍റെ സ്വരം ഇടറിയിരുന്നു.

വേറെ എങ്ങോട്ടെങ്കിലും അമ്മച്ചിയെ കൊണ്ടുപോകണോ?

വേറെ എവിടെ കൊണ്ടുപോയാലും തിരികെ നിന്‍റെയൊക്കെ അടുത്തേക്കല്ലേ പേരമ്മയ്ക്ക് വരേണ്ടത്? നീയൊക്കെ പേരമ്മയ്ക്ക് സമാധാനം കൊടുക്കുമോ… ബിന്‍സി സമര്‍ത്ഥമായി കരുക്കള്‍ നിരത്തുകയായിരുന്നു. ബിനു ഉത്തരമില്ലാതെ ശിരസ് കുമ്പിട്ടു നിന്നു.

വേറെ ഡോക്ടേഴ്സിനെ കാണിച്ചിട്ടൊന്നും വലിയ വിശേഷമൊന്നുമില്ല. പേരമ്മയ്ക്ക് ഇപ്പോ വേണ്ടത് ഇത്തിരി മനസ്സമാധാനമാ… അത് കൊടുക്കാമെന്നുണ്ടെങ്കില്‍ പേരമ്മ റെഡിയായിക്കോളും.

അമ്മച്ചിക്ക് എന്തു മനസ്സമാധാനമാ വേണ്ടത്…?

ബിനു ത്രേസ്യാമ്മയോട് ചോദിച്ചു

ത്രേസ്യാമ്മ എന്തോ പറയാന്‍ ഭാവിച്ചപ്പോള്‍ ബിന്‍സി കരമുയര്‍ത്തി തടഞ്ഞു. പേരമ്മ സംസാരിക്കണ്ട…

അവള്‍ ബിനുവിന് നേരെ വീണ്ടും തിരിഞ്ഞു.

എന്തൊക്കെ പുകിലാ നീയിവിടെ ഉണ്ടാക്കിയെ, നല്ലോരു ദിവസമായിട്ട്… എന്നിട്ട് പഴി മുഴുവന്‍ കേട്ടത് പേരമ്മയും. ആര്‍ക്കായാലും വിഷമമുണ്ടാവില്ലേ.

ബിനു വീണ്ടും തലകുനിച്ചു.

അമ്മച്ചി എന്താന്നുവച്ചാ തീരുമാനിച്ചോ… ഞാന്‍… ഞാനായിട്ട് ഇനി ഒരു കാര്യത്തിനും തടസ്സം നില്ക്കുന്നില്ല.

ത്രേസ്യാമ്മയുടെ കരം കവര്‍ന്ന് നെഞ്ചോട് ചേര്‍ത്താണ് ബിനു അത് പറഞ്ഞത്.

ഈ അമ്മയുടെയും മകന്‍റെയും ഒരു കാര്യം. അങ്ങനെയാണ് അത് കണ്ടുനിന്നപ്പോള്‍ ബിന്‍സി മനസ്സില്‍ പറഞ്ഞത്. ഇന്നത്തെ കാലത്തും അമ്മയെ ഇങ്ങനെ സ്നേഹിക്കുന്ന മക്കളുണ്ടല്ലോ…. നല്ല കാര്യം.

ബിനുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ത്രേസ്യാമ്മയ്ക്ക് സന്തോഷമായി. ആ വാക്കുകളിലെ സത്യസന്ധതയും ഉറപ്പും അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവര്‍ക്ക് വീണ്ടും കരച്ചില്‍ വന്നു. മകനെ നോക്കാന്‍ കരുത്തില്ലാതെ അവര്‍ വേഗം കണ്ണുകളടച്ചു. അടച്ച കണ്ണുകള്‍ക്ക് മുമ്പില്‍ ഒരു ദൃശ്യം തെളിഞ്ഞു.

ബിനുവിന്‍റെ വിവാഹം. വിവാഹവസ്ത്രം ധരിച്ച ബിനു സുന്ദരിയായ വധുവിനൊപ്പം പള്ളിനടകള്‍ ഇറങ്ങിവരുന്നു. വെള്ള ഗൗണായിരുന്നു വധുവിന്‍റെ വിവാഹവസ്ത്രം. അവരുടെ കാലുകള്‍ക്ക് ഭാരമുണ്ടായിരുന്നില്ല… അവര്‍ തൂവല്‍ പോലെ ഒഴുകിയിറങ്ങുകയായിരുന്നു. അന്തരീക്ഷം സംഗീതസാന്ദ്രമായി… ആകാശത്തു നിന്ന് വെണ്‍പ്രാക്കള്‍ പറന്നിറങ്ങി അവരെ മുട്ടിയിരുമ്മി പറന്നുപോയി. പള്ളിമണികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org