Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 4

ഒരു കുടുംബകഥ കൂടി… അധ്യായം 4

Sathyadeepam

വിനായക് നിര്‍മ്മല്‍

രാത്രി.

പാലത്തുങ്കല്‍ തറവാട്

കൈകളിലും മുഖത്തും ക്രീം തേച്ചുപിടിപ്പിച്ചതിനു ശേഷം കണ്ണാടിയില്‍ ഒരുവട്ടം കൂടി നോക്കി ലിസി സോജന് നേരെ തിരിഞ്ഞു.

അപ്പോ അക്കാര്യത്തില്‍ തീരുമാനമായി അല്ലേ?

ഏതു കാര്യത്തില്‍… മൊബൈലില്‍ എന്തോ നോക്കു കയായിരുന്ന സോജന്‍ അലക്ഷ്യഭാവത്തില്‍ ചോദിച്ചു. ലിസിക്ക് ദേഷ്യം വന്നു.

ഏതു നേരോം ഇതും കു ത്തിക്കോണ്ടിരിപ്പാ… നിങ്ങള്‍ക്കാരെങ്കിലും മൊബൈലില്‍ കൈവിഷം തന്നിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നെ… അവള്‍ വേഗം ചെന്ന് അയാളുടെ കയ്യില്‍നിന്ന് അത് പിടിച്ചുവാങ്ങി മാറ്റി വച്ചു. അഴിഞ്ഞു തുടങ്ങിയ മുണ്ട് വലിച്ചുകുത്തിയിട്ട് കട്ടിലിന്‍റെ ക്രാസിയിലേക്ക് ചാരിയിരുന്ന് സോജന്‍ ചോദിച്ചു: “ഏതു കാര്യമാ നീ പറയുന്നെ?”

ബിനൂന്‍റെ കല്യാണക്കാര്യം. ലിസി അയാളുടെ അടുക്കല്‍ വന്നിരുന്നു.

ങ്… അതു പിന്നെ നല്ലതല്ലേ, എങ്ങനെയായാലും അവന്‍ സമ്മതിച്ചല്ലോ… ഇനി അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല. കുടുംബമായാലേ അവനൊരു ഉത്തരവാദിത്വം വരൂ…

പിന്നേയ്… ലിസി പുച്ഛിച്ചു.

ഉത്തരവാദിത്വം. ഉത്തരവാദിത്വം ഉണ്ടാക്കാന്‍ വേണ്ടിയല്ലേ ഇവിടെ ആണുങ്ങള് കല്യാണം കഴിക്കുന്നത്…? അവള്‍ ചിരിച്ചു.

അസുഖം മാറാന്‍ മരുന്ന് കഴിക്കുന്നതുപോലെ വിവാഹം കഴിച്ചാല്‍ എന്തൊക്കെയോ മാറുമെന്ന് കരുതുന്ന കുറെ ആള്‍ക്കാരുണ്ടിവിടെ… ലിസി പല്ലുകടിച്ചു.

….ആളുടെ സ്വഭാവം മാറ്റാന്‍ വേണ്ടി വിവാഹം കഴിപ്പിച്ചാല്‍, വിവാഹം കഴിപ്പിക്കുന്നവര്‍ കൂടി നാറും. ഇതൊന്നും കണ്ണീര് വീഴ്ത്തിയോ കുടുക്കില്‍പെടുത്തിയോ സാധിക്കേണ്ട കാര്യങ്ങളല്ല.

അത് നീ പറഞ്ഞത് കറക്ട്… സോജന്‍ ഉത്സാഹം ഭാവിച്ചു.

വിവാഹം കുടുക്കില്‍പെടുത്തി നടത്തേണ്ട കാര്യമല്ലെന്ന്…

ലിസിയുടെ മുഖം മങ്ങി. തങ്ങളുടെ വിവാഹക്കാര്യത്തെക്കുറിച്ചാണ് അയാള്‍ പരാമര്‍ശിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായി. പാലത്തുങ്കല്‍ തറവാടിനേക്കാള്‍ പലവിധത്തിലും താഴ്ന്ന നിലവാരമുള്ള കുടുംബത്തിലെ അംഗമായിരുന്നു ലിസി. ലിസിയുടെ അപ്പന്‍ കശാപ്പുകാരനാണ്. സോജനും ലിസിയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. സോജന്‍റെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ സോജന്‍ ശ്രമിച്ചപ്പോള്‍ ലിസിയുടെ ബന്ധുക്കള്‍ ബലമായി സോജനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ലിസി ഗര്‍ഭിണിയാണെന്ന് പറഞ്ഞ്. പക്ഷേ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലിസി ഗര്‍ഭിണിയായിട്ടില്ല. ആദ്യഗര്‍ഭം ആവിയായി പോയോ എന്നാണ് ത്രേസ്യാമ്മയുടെ ചോദ്യം. നുണ പറഞ്ഞും ബലമായും വിവാഹം കഴിപ്പിച്ചെടുത്തതിന്‍റെ അസംതൃപ്തി ലിസിയോട് പല കാര്യങ്ങളിലും ത്രേസ്യാമ്മ പ്രകടമാക്കുകയും ചെയ്തിരുന്നു.

എന്നിട്ടിപ്പോ എന്തു പറ്റി? ലിസി ചൊടിച്ചു.

ഞാന്‍ വന്നതില്‍ പിന്നെയല്ലേ ഈ കുടുംബത്തിന് ഇത്രയും ഐശ്വര്യം ഉണ്ടായത്… നിങ്ങള്‍ക്ക് വലിയ അഭിവൃദ്ധിയുണ്ടായത്… അത് സമ്മതിച്ചുതരില്ല. ലിസി ദേഷ്യപ്പെട്ട് കട്ടിലില്‍ കയറിക്കിടന്നു.

കെട്ടിക്കയറി വരുന്ന പെണ്ണിന്‍റെ ഐശ്വര്യമാ കുടുംബത്തിന്‍റെ ഐശ്വര്യമെന്ന് നിങ്ങടെ അമ്മ നാഴികയ്ക്ക് നാല്പതുവട്ടം പറയാറുണ്ടല്ലോ… അല്ല, അറിയാഞ്ഞിട്ട് ചോദിക്കുവാ, ഞാന്‍ കെട്ടിക്കയറിവരുമ്പോ ഈ വീട്ടിലെന്നതാ ഉണ്ടായിരുന്നത്… അന്നത്തെ അവസ്ഥയാണോ ഇപ്പോ ഈ വീടിന്… മനുഷ്യരായാ ഇത്തിരിയൊക്കെ നന്ദി വേണം. ഭാര്യയോട് നന്ദി കാണിച്ചെന്ന് വച്ച് ഒരു ഭര്‍ത്താവിന്‍റേം ചെരിപ്പ് തേഞ്ഞുപോകില്ല.

അതെ, നീ വലതുകാല്‍ വച്ച് വന്നതില്‍ പിന്നെയാ ഈ വീട് ഐശ്വര്യം പ്രാപിച്ചത്… അതുകൊണ്ടല്ലേ ഞാന്‍ വീടിന്‍റെ കട്ടിളപ്പടിയില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്…

എന്ത്? ലിസി ചോദിച്ചു.

ലിസി ഈ വീടിന്‍റെ ഐശ്വര്യം എന്ന്… ലിസി ദേഷ്യത്തോടെ തലയണയെടുത്ത് സോജന് നേരെ എറിഞ്ഞു. സോജന്‍റെ ചിരി മുറിയില്‍ നിറഞ്ഞു.

പിന്നെയൊരു കാര്യം. ലിസി ചൂണ്ടുവിരലുയര്‍ത്തി പറഞ്ഞു.

അനിയനെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ അത് സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തിയുണ്ടെന്ന് അവന് തോ ന്നിയിട്ട് മതി… ഇപ്പോതന്നെ ചേട്ടന്‍റെ ചെലവിലാ അവന്‍ കഴിയുന്നെ… വേലേം കൂലീം കിട്ടാഞ്ഞിട്ടൊന്നുമല്ലല്ലോ.. അവന് വേണ്ട… അദ്ധ്വാനിക്കാന്‍ മനസ്സില്ല… ആവശ്യത്തിന് വന്ന് ചേട്ടന്‍റെ പെട്ടീന്ന് കയ്യിട്ട് എടുത്തോണ്ട് പൊക്കോളും. അത് ഞാന്‍ സഹിച്ചു. സമ്മതിച്ചു. ഇനി അവന്‍ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനുംകൂടി ചെലവിന് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. അത് കട്ടായം.

ലിസി തീര്‍ത്ത് പറഞ്ഞു.

*** *** ***

കാര്യങ്ങള് ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്… ജോമോന്‍ ഓരോ മുഖങ്ങളിലേക്കും നോക്കിക്കൊണ്ട് തുടര്‍ന്നു…

നമുക്ക് ബിനൂന് വേണ്ടി പെണ്ണ് ആലോചിച്ചു തുടങ്ങാം അല്ലേ?

അവന്‍ ചോദിച്ചു. പാലത്തുങ്കല്‍ തറവാട്ടിലായിരുന്നു എല്ലാവരും ഒരുമിച്ചുകൂടിയത്. ത്രേസ്യാമ്മയുടെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. ബിനു, കുഞ്ഞേപ്പന്‍ ചേട്ടന്‍, മേഴ്സി, ലിസി, ആന്‍സി, ബിന്‍സി, സീന, ബിന്ദു, ബിന്‍സിയുടെ ഭര്‍ത്താവ് ബാബു, ജോമോന്‍റെ ഭാര്യ റോസ് മേരി എന്നിവരായിരുന്നു അവിടെയുണ്ടായിരുന്നത്.

അതെ, ഇപ്പഴേ ആലോചിച്ചുതുടങ്ങിയാലേ ഒരു വര്‍ഷം കൊണ്ടെങ്കിലും എവിടെനിന്നെങ്കിലും ഒരെണ്ണത്തിനെ തപ്പിപ്പിടിച്ചെടുക്കാന്‍ പറ്റൂ. ബാബു അഭിപ്രായപ്പെട്ടു.

ആഴ്ച തോറും കാലിചന്തേ ചെന്ന് കന്നുകാലിയെ നോക്കിയെടുക്കുന്നതുപോലെയൊന്നുമല്ലല്ലോ ഇത്. ത്രേസ്യാമ്മയ്ക്ക് ബാബു പറഞ്ഞത് രസിച്ചില്ല. ഇത് വി വാഹമാ… ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സംഭവം. അപ്പോ അതുകൊണ്ട് അതിന്‍റെ പവിത്രത എല്ലാകാര്യത്തിലും വേണം. വിവാഹം ആലോചിക്കുന്ന മനോഭാവം തൊട്ട് അങ്ങേയറ്റം വരെ…

നമുക്ക് ആലോചിക്കാം. പക്ഷേ ഇവന്‍റെ ഡിമാന്‍റ് അറിയണമല്ലോ… സീന ചോദിച്ചു.

അതെ അതു ശരിയാ… അളിയന്‍റെ ഡിമാന്‍റ് അറിയാതെ നമ്മളെങ്ങനെയാ പെണ്ണ് ആലോചിക്കുന്നെ ബാബു വീണ്ടും ശബ്ദിച്ചു.

എടാ… അതുവരെ ഈ ചര്‍ച്ചയിലൊന്നും താന്‍പെട്ടിട്ടേ ഇല്ല എന്ന മട്ടില്‍ ഇരിക്കുകയായിരുന്ന ബിനുവിനെ ചെന്ന് ജോമോന്‍ തട്ടിവിളിച്ചു.

നിന്‍റെ കണ്‍സപ്റ്റ് പറയെടാ…

കണ്‍സെപ്റ്റ്… ബിനു ഞെട്ടലില്‍ നിന്നുണര്‍ന്നു..

വളരെ നാച്വറല്‍… സിംപിള്‍…

എല്ലാവരുടെയും ശ്രദ്ധ ബിനുവിന്‍റെ മുഖത്തായി.

ബിനു തുടര്‍ന്നു.

… അനാവശ്യമായ ട്വിസ്റ്റുകളില്ല… പച്ചയായ ജീവിതം… പച്ചയായ മനുഷ്യര്‍… നമ്മുടെയൊക്കെ ജീവിതപരിസരങ്ങളില്‍ കണ്ടുമുട്ടുന്നവര്‍… അവരുടെ ജീവിതം… ആദിമധ്യാന്ത പൊരുത്തമു ള്ള ഒരു ഇതിവൃത്തവുമല്ല.

ബിനുവിനെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന എല്ലാവരുടെയും മുഖം മങ്ങി. അവര്‍ പരസ്പരം നോക്കി.

എടാ… ജോമോന്‍ ശബ്ദമുയര്‍ത്തി.

നിന്‍റെ സ്റ്റോറിയുടെ ഡിസ്ക്കഷന് ഇരിക്കുന്നവരല്ല ഞങ്ങള്‍…

കണ്ടോ… ബാബു ബിനുവിനെ നോക്കിക്കൊണ്ട് മറ്റുള്ളവരിലേക്ക് തിരിഞ്ഞു.

അളിയന്‍റെ മനസ്സ് ഇവിടെയൊന്നുമല്ല… അത് ഏതോ സംവിധായകനോട് കഥ പറയുന്ന ലോകത്താ… കഥയല്ലിത് മോനേ ജീവിതമാ, ജീവിതം…

ഇങ്ങനെ പോയാല്‍ എന്താകും അവസ്ഥ? മേഴ്സി ചോദിച്ചു.

അവന് നമ്മള് പറയുന്ന കാര്യത്തിലൊന്നും ഒരു ഇന്‍ട്രസ്റ്റുമില്ലാത്തതുപോലെ…

ത്രേസ്യാമ്മയ്ക്ക് ദേഷ്യംവന്നു. അവര്‍ ചാടിയെണീറ്റ് ബിനുവിന്‍റെ അടുക്കലേക്ക് ചെന്നു.

നീയെന്താ മനുഷ്യരെ പൊട്ടന്‍കളിപ്പിക്കുവാണോ… ഇവിടെ നിന്‍റെ കല്യാണാലോചനയുടെ കാര്യമാ ഞങ്ങള്‍ ചര്‍ച്ച ചെയ്തോണ്ടിരിക്കുന്നത്… അതിന് വേണ്ടിയാ എല്ലാവരേം ഞാന്‍ വിളിച്ചുവരുത്തിയതും. എന്നിട്ട് നീ മാത്രം ഇവിടെയൊന്നുമില്ല.

എന്‍റെ അമ്മച്ചി ഞാന്‍ പറഞ്ഞല്ലോ എനിക്ക് വിവാഹത്തിന് സമ്മതമാണെന്ന്…

അതില്‍കൂടുതല്‍ ഞാന്‍ എന്നതാ പറയണ്ടെ?

ബിനു കൈമലര്‍ത്തി.

എടാ നീ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിനെക്കുറിച്ച് നിന്‍റെ സങ്കല്പമെന്താണെന്ന്… ഓരോരുത്തര്‍ക്കുമുണ്ടാവില്ലേ നടക്കാതെ പോകുന്ന കുറെ വിവാഹസങ്കല്പങ്ങള്‍… ഇണയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍… അതിലേതെങ്കിലും ഒന്ന് പറയെടാ… എന്നിട്ടല്ലേ അതനുസരിച്ച് ഒന്നിനെ നിനക്ക് വേണ്ടി സേര്‍ച്ച് ചെയ്യാന്‍ പറ്റൂ… ഏതെങ്കിലും ഒരു പെണ്ണിനെ നീ വായിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലായിരുന്നെങ്കില്‍ അതെങ്കിലും നോക്കി എനിക്കെന്തെങ്കിലും പറയാമായിരുന്നു. ജോമോന്‍ പറഞ്ഞു.

അളിയന്‍ കേട്ടിട്ടില്ലേ, മറക്കുടയാല്‍ മുഖം മറയ്ക്കും പെണ്ണല്ല…

ഒരു സിനിമയിലെ ഗാനരംഗം അഭിനയിച്ചുകാണിച്ചുകൊണ്ട് ബാബു ചോദിച്ചു. അങ്ങനെ എന്തെങ്കിലും ഉണ്ടോയെന്നാ ഞങ്ങളുടെ ചോദ്യം… ജോലിക്കാരിയായിരിക്കണോ… പൊക്കക്കാരിയായിരിക്കണോ… മുടിയുണ്ടായിരിക്കണോ… പല്ല് കോമ്പല്ലാണെങ്കില്‍ പ്രശ്നമുണ്ടോ… ബാബു കൈവിരല്‍ മടക്കിക്കൊണ്ട് ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.

ബിനു ചിരിച്ചു.

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍… ബിനു ആലോചനയോടെ മുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. ബിനു നോക്കിയതുപോലെ മുകളിലേക്ക് തന്നെ ബാബുവും നോക്കി. എന്നിട്ട് തന്നോടുതന്നെ അയാള്‍ പറഞ്ഞു,

ഞാനവിടെയൊന്നും കാണുന്നില്ലല്ലോ…

ബിനു നോട്ടം മാറ്റി. തനിക്കെന്താണ് അങ്ങനെയൊരു സങ്കല്പം ഇതുവരെയും ഇല്ലാതെ പോയത്? തന്‍റെ ഈ പ്രായത്തില്‍ ഭൂരിപക്ഷം ചെറുപ്പക്കാരും വിവാഹത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും സ്വപ്നങ്ങള്‍ നെയ്യുമ്പോള്‍ തനിക്ക് മാത്രമെന്താണ് അതൊന്നും ഇല്ലാതെ പോയത്? ഇനി ഇവരൊക്കെ പറയുന്നതുപോലെ തനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ആത്മശോധനയ്ക്ക് മുമ്പില്‍ ബിനു അറിയാതെയൊന്ന് ഞെട്ടിപ്പോയി.

നീയെന്തെങ്കിലുമൊന്ന് പറയെടാ… ത്രേസ്യാമ്മ സ്വരമുയര്‍ത്തി.

ശൂന്യാകാശത്തേക്ക് റോക്കറ്റ് വിട്ടിട്ട് നോക്കിനില്ക്കുന്നതുപോലെ കുറെനേരമായല്ലോ നീ വായും പൊളിച്ച് നില്ക്കാന്‍ തുടങ്ങീട്ട്… എന്തെങ്കിലും പറയെടാ…
പറയാം… ബിനു പ്രസന്നതയോടെ അമ്മയ്ക്ക് നേരെ തിരിഞ്ഞു.

നൂറ്റമ്പത് പെണ്ണുങ്ങളെ പെണ്ണ് കണ്ട് നടക്കാനൊന്നും എന്നെ കിട്ടില്ല. ബിനു പ്രഖ്യാപിച്ചു.

നീയേതു ലോകത്തിലാടാ ജീവിക്കുന്നത്? ജോമോന്‍ ചോദിച്ചു.

ഇന്ന് ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്ത്… ഓണ്‍ലൈനില്‍ ഇഷ്ടപ്പെട്ട്… ഓണ്‍ലൈനില്‍ സം സാരിച്ച്… അങ്ങനെയൊക്കെയല്ലേടാ വിവാഹം നടക്കുന്നത്… കാര്യങ്ങള് വളരെ ഈസിയായില്ലേ… നീയിതൊന്നും അറിയാത്ത ഏത് കോത്താഴത്തുകാരനാടാ?

കോത്താഴത്തുകാരനായാലും ശരി കൂത്താട്ടുകുളംകാരനായാലും ശരി ഞാന്‍ പറഞ്ഞത് ഇത്രയേയുള്ളൂ. ആദ്യമായിട്ടും അവസാനമായിട്ടും ഞാന്‍ ഒരേ ഒരു തവണയേ പെണ്ണുകാണലിന് പോകൂ. ആ പെണ്ണിനെ…

അതായത് ഞാന്‍ കെട്ടാന്‍ പോകുന്നത് ഏതു പെണ്ണാണോ ആ പെണ്ണിനെ…

ബിനു ത്രേസ്യാമ്മയുടെ കരം കവര്‍ന്നു.

അമ്മച്ചിയെനിക്ക് കണ്ടുപിടിച്ചു തന്നാ മതി…

എന്‍റെ കര്‍ത്താവേ… ത്രേസ്യാമ്മ അവന്‍റെ കരം ദേഷ്യത്തോടെ എടുത്തുമാറ്റി.

നീയെന്നതാടാ കൊച്ചേ ഈ പറയുന്നെ… നീയല്ലേ കെട്ടാന്‍ പോകുന്നത്… നിങ്ങളല്ലേ ജീവിക്കാന്‍ പോകുന്നത്… നിനക്കല്ലേ അവളെ ആദ്യം ഇഷ്ടപ്പെടേണ്ടത്… നിനക്കല്ലേ അറിയത്തുള്ളൂ അവള് നിനക്ക് ചേര്‍ന്നവളാണോയെന്ന്… നിനക്ക് ഇഷ്ടപ്പെട്ട് കഴിഞ്ഞിട്ടല്ലേ ഞങ്ങള് ചെന്ന് പെണ്ണ് കാണുന്നത്… അതല്ലേ നാട്ടുനടപ്പ്… അല്ലാതെ മകന് വേണ്ടി അമ്മയാണോ ആദ്യം പെണ്ണു കാണാന്‍ പോകുന്നത്… അമ്മയ്ക്ക് ഇഷ്ടപ്പെടുന്നത് മകന് ഇഷ്ടപ്പെടുമെന്ന് എന്നതാ ഉറപ്പ്… പണ്ടത്തെ കാലമൊന്നുമല്ല ഇത്.

ത്രേസ്യാമ്മയെ വല്ലാത്ത ആധി ബാധിച്ചു. വലിയൊരു ഉത്തരവാദിത്വമാണ് തന്‍റെ ചുമലിലേക്ക് മകന്‍ വച്ചുതരുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. എവിടെയെങ്കിലും പിഴച്ചുപോയാല്‍ മകന്‍റെ ജീവിതമാണ് തകരുന്നത്. അതോര്‍ക്കാനേ വയ്യ.

ഇന്നത്തെ കാലത്തിന് എന്നതാ അമ്മച്ചി ഒരു കുഴപ്പം? ബിനു ചിരിച്ചുകൊണ്ട് ചോദിച്ചു.

…പഴയതിനേക്കാള്‍ നല്ല ലോകം… നല്ല മനുഷ്യര്‍. അതൊന്നും കാണാതെ നമ്മളെന്നാത്തിനാ പഴയകാലം പോലെയല്ല പഴയകാലം പോലെയല്ല എന്ന് എപ്പോഴും പറഞ്ഞോണ്ടിരിക്കുന്നത്… മൊബൈലും വാട്ട്സാപ്പും ഇന്‍റര്‍നെറ്റൊന്നുമൊന്നും പണ്ട് ഇല്ലായിരുന്നു എന്നതല്ലാതെ പഴയകാലത്തെ പോലെ തന്നെയാ ഇപ്പഴും മനുഷ്യന്‍റെ സ്വഭാവം… അവന്‍റെ നന്മ… അവന്‍റെ ശീലങ്ങള്‍… അവന്‍റെ കുറവുകള്‍… പൊരുത്തക്കേടുകള്‍… എല്ലാം ഒരുപോലെ തന്നെ… അതുകൊണ്ട് എന്‍റെ അമ്മച്ചി അധികമൊന്നും പറയണ്ടാ… അമ്മച്ചിക്ക് മനസ്സില്‍ പിടിച്ചുവെന്ന് തോന്നുന്ന ഒരു സുന്ദരിക്കുട്ടിയെ എനിക്ക് വേണ്ടി അമ്മച്ചി തന്നെ തപ്പിയെടുത്തു താ.. ഞാന്‍ അവളെ അമ്മച്ചിക്ക് വേണ്ടി കെട്ടി, കൂടെ പൊറുപ്പിച്ച്… ഞങ്ങളങ്ങനെ ഹാപ്പിയായിട്ട് ജീവിച്ചോളാം…

എടാ മോനേ അത് ശരിയാവില്ലെടാ…

ത്രേസ്യാമ്മ ഒഴിഞ്ഞുമാറാന്‍ ആവതു ശ്രമിച്ചു.

അത് ശരിയാവില്ലെങ്കില്‍ വേറെയൊന്നും ശരിയാവില്ല. ബിനു പറഞ്ഞു.

എന്നാ പിന്നെ നീ പെണ്ണ് കെട്ടണ്ടാ… ഇത് നല്ല കൂത്ത്… ത്രേസ്യാമ്മ ദേഷ്യപ്പെട്ടു.

വേണ്ട… ഞാന്‍ പെണ്ണു കെട്ടുന്നില്ല… പ്രായം പത്തുമുപ്പതായ ഏതൊരു ചെറുപ്പക്കാരനും ചെയ്യാവുന്ന ഏക ജോലി പെണ്ണ് കെട്ടലാണെന്നൊന്നും ഞാന്‍ കരുതുന്നില്ല… ഈ സമൂഹത്തിനു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും എന്തെല്ലാം നന്മകള്‍ ചെയ്യാന്‍ കിടക്കുന്നു… ബിനു ആശ്വസിച്ചു.

ഓ ഒരു നന്മക്കാരന്‍… പറച്ചില് കേട്ടാ തോന്നും മദര്‍ തെരേസയാണെന്ന്…

അതുകേട്ട് ലിസി പിറുപിറുത്തു.

ആണ്ടെ കെടക്കുന്നു… മേഴ്സി ഒച്ചവച്ചു.

ചാണ്ടി മുറുകുമ്പോ തൊമ്മന്‍ അയഞ്ഞു എന്ന് പറഞ്ഞതുപോലെയായല്ലോ ഇവിടെ… ഇതുവരെയുള്ള പൂരം മുഴുവന്‍ നടന്നത് അവനെ പെണ്ണ് കെട്ടിക്കാന്‍ വേണ്ടിയായിരുന്നു… ഇപ്പോ കാര്യങ്ങള് ഇതുവരെ കൊണ്ടുചെന്നെത്തിച്ച അമ്മച്ചി തന്നെ പറയുന്നു അവനോട് പെണ്ണ് കെട്ടണ്ടായെന്ന്… ഇതെങ്ങനെ ശരിയാകും?
മേഴ്സി ചോദിച്ചു.

അതുതന്നെയല്ലേ ഞാനും ചോദിക്കുന്നെ… ഉറങ്ങിക്കിടന്ന എന്നെ വിളിച്ചെണീല്പിച്ചിട്ട് കൈയും കഴുകി ഉണ്ണാന്‍ വന്നിരിക്കുമ്പം ചോറില്ല എന്ന് പറഞ്ഞതുപോലെയായില്ലേ കാര്യങ്ങള്… ബിനു സങ്കടം ഭാവിച്ചു.

ഒന്നുപോടാ അവിടുന്ന്… നിന്‍റെയൊരു കോമഡി… സീന ബിനുവിന്‍റെ തോളത്തിന് ഒരടി നല്കി.

അമ്മച്ചീ ഇത് ഇവന്‍റെ അടവാ… ഈ പേരും പറഞ്ഞ് സ്കൂട്ടാകാനാ അവന്‍ നോക്കുന്നെ… അമ്മച്ചി ഈ വെല്ലുവിളി ഏറ്റെടുക്കണം… അമ്മച്ചിയുടെ തൊട്ടുപുറകില്‍ ഞങ്ങളെല്ലാവരുമില്ലേ? ജോമോന്‍ ചോദിച്ചു.

അതെ അമ്മച്ചി ജോമോന്‍ പറയുന്നത് ശരിയാ… അമ്മച്ചിയെന്നാത്തിനാ പേടിക്കുന്നെ… നമുക്ക് അ മ്മച്ചീടെ പൊന്നുമോനെ ബലമായെങ്കീ ബലമായിട്ട് തന്നെ പിടിച്ചു പെണ്ണ് കെട്ടിക്കണം… ഇങ്ങനെയുണ്ടോ ആണുങ്ങള്? നിനക്കിട്ട് വച്ചിട്ടുണ്ട് എന്ന മട്ടില്‍ ബിനുവിനെ നോക്കിക്കൊണ്ടാണ് റോസ്മേരി അത് പറഞ്ഞത്.

ഒന്ന് പോടീ എന്ന് ബിനു അവളുടെ നേര്‍ക്ക് ആംഗ്യം കാട്ടി.

അമ്മച്ചിക്ക് നല്ലതെന്ന് തോന്നുന്നത് നല്ലതായിരിക്കും അമ്മച്ചി… അമ്മച്ചിയിലുള്ള ഉറപ്പും വിശ്വാസവും കാരണമല്ലേ അവന്‍ അമ്മച്ചിയെ തന്നെ ഇക്കാര്യം ഏല്പിച്ചെ… നല്ല പെണ്ണുങ്ങളെ വല്ലതും തിരഞ്ഞെടുക്കാന്‍ അറിയാമായിരുന്നുവെങ്കില് മൂക്കില്‍ പല്ലു മുളയ്ക്കുന്ന ഈ കാലം വരെ ഇവനിങ്ങനെ നില്ക്കേണ്ടിവരുമായിരുന്നോ…നല്ല ഒരു പെണ്‍കുട്ടിയെ ലൈനടിച്ച് അവനവളുടെ കയ്യും പിടിച്ച് ഇങ്ങോട്ട് കേറിവരില്ലായിരുന്നോ…

ജോമോന്‍ ചോദിച്ചു.

എങ്കില്‍ ഞാന്‍ അവന്‍റെ മുട്ടുകാലു തല്ലിയൊടിക്കും… ത്രേസ്യാമ്മ പെട്ടെന്ന് ശബ്ദമുയര്‍ത്തി.

കുടുംബത്തിന്‍റെ വിലയും നിലയും നോക്കാതെ വല്ലയിടത്തുനിന്നും കൊണ്ടുവന്നാല്…

അമ്മച്ചി പഴേ ഫോമിലായി…ബാബു ചിരിച്ചു.

പക്ഷേ എന്‍റെ മോന്‍ അങ്ങനെ ചെയ്യില്ല… അവന്‍റെ പേര് ബിനൂന്നാ സോജന്‍ എന്നല്ല… ത്രേസ്യാമ്മ പൂരിപ്പിച്ചു. ഓ തുടങ്ങി… ലിസി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റു.

ഏതു നേരോം എനിക്കിട്ട് കുത്ത്… ദേ ഞാന്‍ എല്ലാവരോടുമായിട്ട് ഒരു കാര്യം പറഞ്ഞേക്കാം… നിങ്ങള് ബിനൂന് വേണ്ടി വല്ല ടാറ്റായുടെയോ ബിര്‍ളായുടെയോ മകളെയോ കൊച്ചുമകളെയോ ആരെയാന്നുവച്ചാ കൊണ്ടുവന്നോ…പക്ഷേ അതിന്‍റെ പേരും പറഞ്ഞ് എന്നോട് മെക്കിട്ടുകേറാന്‍ വന്നേക്കരുത്…ലിസി ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി.

അതു ശരിയല്ലേ അവള് പറഞ്ഞത്… മേഴ്സി ശബ്ദം താഴ്ത്തി ത്രേസ്യാമ്മയോട് ചോദിച്ചു

വര്‍ഷം എത്രയായി അവരുടെ കല്യാണം കഴിഞ്ഞിട്ട്… ഇനീം പഴമ്പുരാണം പറഞ്ഞ് അവളെയെന്നാത്തിനാ കൊച്ചാക്കുന്നത്. അതും ഇങ്ങനെ നാലാള് കൂടുമ്പം…
അതോ… മേഴ്സിയോട് സ്വരംതാഴ്ത്തി ത്രേസ്യാമ്മ തുടര്‍ന്നു.

…അവള്‍ക്കൊരു വിചാരമുണ്ട് അവള് വന്നതില്‍ പിന്നെയാ നമുക്കിത്രയും പണമുണ്ടായതെന്ന്… അതിന്‍റെ ഒരു അഹങ്കാരം അവള്‍ക്കുണ്ട്. ആ അഹങ്കാരത്തിന് ചെറിയൊരു തട്ട് കൊടുക്കണം. ഇല്ലേല് അവള് നെഗളിച്ചങ്ങനെ ആകാശം മുട്ടേ പൊങ്ങിപ്പോകും. അത് പാടില്ല. അതോണ്ടാ ഇടയ്ക്കിടെ ഞാന്‍ ഇങ്ങനെയൊരു തട്ട് കൊടുക്കു ന്നത്, അല്ലാതെ നിങ്ങള് വിചാരിക്കുന്നതുപോലെ എനിക്കവളോട് വലിയ ദേഷ്യമൊന്നും ഇല്ല… ത്രേസ്യാമ്മ ചിരിച്ചു.

ഈ അമ്മച്ചീടെ ഒരു കാര്യം… മേഴ്സി അതിശയിച്ചു. അപ്പോള്‍ ബിനുവിന്‍റെ മൊബൈല്‍ ശബ്ദിച്ചു. അവന്‍ ഹലോ പറഞ്ഞ് പുറത്തേയ്ക്ക് പോയി.

എടീ ത്രേസ്യാമ്മേ നീ കൈവച്ചിട്ടുള്ള ഒന്നും മോശമായിട്ടില്ലെന്ന് നമ്മുടെ മോന് അറിയാം. അതോണ്ടാ അവന്‍ നിന്നെ തന്നെ ഇക്കാര്യം ഏല്പിച്ചെ… നീ അവന് ഏ വും നല്ലതേ തിരഞ്ഞെടുത്തു കൊടുക്കൂ എന്നും അവനറിയാം… നീ പേടിക്കാതിരി… നമ്മളെല്ലാവരും കൂടി ഒറ്റക്കെട്ടല്ലേ ഇക്കാര്യത്തില്‍?

അതുവരെ നിശ്ശബ്ദനായിരുന്ന കുഞ്ഞേപ്പന്‍ ശബ്ദിച്ചു.

എന്നാലും… ത്രേസ്യാമ്മയ്ക്ക് അപ്പോഴും ആശങ്കകള്‍ വിട്ടുപോയിരുന്നില്ല.

എങ്ങാനും മോശമായി പോകുമോയെന്നല്ലേ നിന്‍റെ പേടി… ചക്കയാണെങ്കില് തുന്നിച്ചുനോക്കാം… മനുഷ്യമനസ്സ് അങ്ങനെ തുന്നിച്ചുനോക്കാന്‍ പറ്റുവോടീ… വളവും തിരിവുമുള്ള തടിയാണെങ്കിലും.അത് നല്ലൊരു ആശാരീടെ കയ്യീല്‍ കിട്ടുവാണെങ്കില് അയാളത് ചെത്തി നന്നാക്കിയെടുക്കില്ലേ… അത്രയേയുള്ളൂ… അത്രയുമുണ്ട് താനും പെണ്ണും മണ്ണും നന്നാകുന്നത് അതാരുടെ കയ്യിലാണോ എത്തിയിരിക്കുന്നത് എന്നതനുസരിച്ചിരിക്കും…

അങ്ങനെയെങ്കില്‍ ഈ ആലോചനായോഗം വൈന്‍റപ്പ് ചെയ്യാന്‍ സമയമായിരിക്കുന്നു. ജോമോന്‍ പറഞ്ഞു.

…ഓരോരുത്തരും തങ്ങളുടെ ബന്ധവും സ്വന്തവും എല്ലാം ബിനൂന് നല്ലൊരു പെണ്ണിനെ കിട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്നും എനിക്ക് തോന്നുന്നു. ഒരു കമ്മിറ്റിയുടെ ഉപസംഹാരപ്രസംഗത്തിന്‍റെ ടോണിലായിരുന്നു ജോമോന്‍റെ വാക്കുകള്‍.

കല്യാണം നടത്തുവാണെങ്കില് അത് അരുവിത്തുറ പള്ളി പെരുന്നാളിന് മുന്നേയായിരിക്കണം. പെട്ടെന്ന് ബാബു പറഞ്ഞു.

…അല്ലാതെ അരുവിത്തുറ പ ള്ളി പെരുനാളും കല്യാണവും കൂ ടി കൂട്ടിക്കുഴയ്ക്കാന്‍ ഞാന്‍ സമ്മതിക്കുകേലാ.

ജോമോന്‍റെ നെറ്റി ചുളിഞ്ഞു.

ഈ ഡയലോഗ് ഞാനെവിടെയോ കേട്ടിട്ടുള്ളതാണല്ലോ, ഏതോ സിനിമേല്… ഇന്നസെന്‍റ് പറയുന്നത്… അളിയന്‍ അത് ഇവിടെ അടിച്ചുമാറ്റിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ലല്ലോ…

പിന്നേയ് ഇന്നസെന്‍റ്… ഒന്നുപോടാ അവിടുന്ന്… ഇതൊക്കെ പറയാന്‍ ഞാന്‍ ഇന്നസെന്‍റ് ആകണമെന്നൊന്നുമില്ല, ബാബുവായാലും മതി…

ശരിയാ… ജോമോന്‍ സമ്മതിച്ചു. പക്ഷേ ശശിയാകരുത്… എല്ലാവരും അതുകേട്ട് ചിരിച്ചു.

അപ്പോഴേയ്ക്കും ഫോണ്‍സംഭാഷണം അവസാനിപ്പിച്ചിട്ട് ബിനു തിരികെ മുറിയിലെത്തിയിരുന്നു.
അല്ല എല്ലാവരും പോകുവാണോ… അപ്പോ എന്‍റെ കല്യാണം ഉറപ്പിച്ചോ… ബിനു സന്തോഷഭാവത്തില്‍ ചോദിച്ചു.

എവിടെയാ പെണ്ണ്… എടാ ജോമോനേ എന്നാടാ എന്‍റെ കല്യാണം?

ഇവന് എല്ലാം കുട്ടിക്കളിയാ… ഇതെന്നതായി തീരുമോ ആവോ… കര്‍ത്താവിനറിയാം… ബിന്ദു കൈ മലര്‍ത്തി.

വാടാ ഞാന്‍ പറയാം… ജോമോന്‍ ബിനുവിന്‍റെ തോളത്ത് കൈ യിട്ട് പുറത്തേയ്ക്ക് നടന്നു.

ഞങ്ങളിറങ്ങുവാ അമ്മച്ചി, ഇവിടെ അടുത്ത് എന്‍റെയൊരു ഫ്രണ്ടുണ്ട്. അടുത്തകാലത്ത് ഇവിടേയ്ക്ക് ഷിഫ്റ്റ് ചെയ്തവരാ… അവിടെയൊന്ന് കയറാന്‍ വേണ്ടിയാ ഞാന്‍ ജോയുടെ ഒപ്പം ഇങ്ങോട്ട് വന്നത്… റോസ്മേരി ത്രേസ്യാമ്മയോടും മറ്റുള്ളവരോടും യാത്ര ചോദിച്ചിട്ട് പുറത്തേയ്ക്കിറങ്ങി. അപ്പോള്‍ മുറ്റത്ത് ബിനുവിനെ ബലമായി ചേത്തുപിടിച്ച് അവന്‍റെ ചെവിയില്‍ എന്തോ അടക്കം പറയുകയായിരുന്നു ജോമോന്‍. ബിനുവിന്‍റെ മുഖത്ത് അവന്‍ അടക്കം കേള്‍ക്കുന്നതിന്‍റെ പ്രതികരണങ്ങള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

എന്നതാ ഇവിടെയൊരു രഹസ്യം പറച്ചില്… റോസ്മേരി ചോ ദിച്ചു

പെണ്ണ് എവിടെയാന്നും കല്യാണമെന്നാണെന്നും പറഞ്ഞുകൊടുക്കുവായിരുന്നു.

ജോമോന്‍ പറഞ്ഞു.

ഉവ്വവ്വ… നീന അടക്കി ചിരിച്ചു. ജോമോന്‍ എന്താണ് ചെവിയില്‍ പറഞ്ഞതെന്ന് ബിനുവിന്‍റെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഛേ… ജോമോന്‍ അകന്നുമാറിയപ്പോള്‍ ബിനു ചെവി കുടഞ്ഞു.

നമുക്ക് പോകാം… റോസ്മേരി പറഞ്ഞു.

ജോമോന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. റോസ്മേരി പുറകില്‍ കയറിയിരുന്നു.

പോട്ടേടാ? ജോമോന്‍ ബൈക്കില്‍ കയറിയിരുന്നിട്ട് പുറകിലേക്ക് മുഖം തിരിച്ച് യാത്ര ചോദിച്ചു.

കല്യാണത്തിന് നീ എല്ലാം നേരാവണ്ണം നോക്കിനടത്താന്‍ മുമ്പീ തന്നെയുണ്ടാകണം. ജോമോനെ ചൊടിപ്പിക്കാനായി ബിനു പുറകില്‍ നിന്ന് പറഞ്ഞു.

ഉണ്ടാവുമെടാ… ബൈക്ക് മുന്നോട്ടുപോകുമ്പോള്‍ ജോമോനും പറഞ്ഞു. ബിനുവിന് ചിരിവന്നു. അവന്‍ ബൈക്ക് പോകുന്നത് നോക്കിനിന്നു.

(തുടരും)

Leave a Comment

*
*