Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 7

ഒരു കുടുംബകഥ കൂടി… അധ്യായം 7

Sathyadeepam

വീടെത്തിയത് എങ്ങനെയാണെന്ന് ബിനുവിനേ അറിയൂ. വല്ലാത്തൊരു ശ്വാസം മുട്ടല്‍ യാത്രയിലുടനീളം അവന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മച്ചി എന്ത് ഭാവിച്ചുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യം അവന്‍റെ നെഞ്ചില്‍ കിടന്ന് തിരയിളക്കി. അതോ ഇതെല്ലാം വെരി പ്ലാന്‍ഡാണോ… ബിനുവിന് അങ്ങനെയും സംശയം തോന്നി. ജോമോനും റോസ്മേരിയും അമ്മച്ചിയുമെല്ലാം ഒത്തോണ്ടുള്ള കളി…

പിന്നെ അവന്‍ തന്നെ അത് നിഷേധിച്ചു. ഏയ് ഇതങ്ങനെയൊന്നും ആവാന്‍ വഴിയില്ല. ചിലപ്പോള്‍ എല്ലാം യാദൃച്ഛികമായി ഒത്തുവന്നതായിരിക്കാം.

മകന്‍റെ മുഖത്തെ ഗൗരവം ത്രേസ്യാമ്മ ശ്രദ്ധിച്ചു. അവര്‍ മകന്‍റെ കരത്തിന് മേലെ സ്വന്തം കരം വച്ചു. പെട്ടെന്ന് ബിനു അത് ഇഷ്ടമാകാത്തതുപോലെ എടുത്തുനീക്കി. പിന്നെ ഓടിപ്പോകുന്ന കാഴ്ചകളിലേക്ക് ശ്രദ്ധതിരിക്കുന്നതുപോലെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ത്രേസ്യാമ്മയ്ക്ക് അതു കണ്ടപ്പോള്‍ ചിരിയാണ് വന്നത്. എന്തിനോ വഴക്കു പറഞ്ഞപ്പോള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന ഒരു എട്ടു വയസ്സുകാരനെയാണ് അവര്‍ക്ക് ഓര്‍മ്മ വന്നത്.

അമ്മച്ചിയോട് ഞാന്‍ പിണക്കാ…

ആ എട്ടു വയസ്സുകാരന്‍റെ അതേ മട്ട്. പ്രായം പത്തുമുപ്പതായെന്ന് പറഞ്ഞിട്ട് എന്തു കാര്യമാ ഉള്ളേ? ഇപ്പഴും കുട്ടിക്കളി മാറിയിട്ടില്ല. അതോ എല്ലാവരുടെയുള്ളിലും ഏതു പ്രായത്തിലും ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുണ്ടാവുമോ ആവോ.

വണ്ടി പാലത്തുങ്കല്‍ തറവാടിന്‍റെ ഗെയ്റ്റ് കടന്നു.

നീയൊന്നും പറഞ്ഞില്ലല്ലോടാ… ത്രേസ്യാമ്മ ശങ്കിച്ചു.

ബിനു ഡോര്‍ തുറന്ന് വേഗത്തില്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ പോക്ക് നോക്കിക്കൊണ്ടാണ് ത്രേസ്യാമ്മ കാറില്‍ നിന്നിറങ്ങിയത്. ത്രേസ്യാമ്മ നോക്കുമ്പോള്‍ ജോയിച്ചന്‍ അടക്കിപിടിച്ച് ചിരിക്കുന്നുണ്ട്.

എന്നാടാ നീ കിളിക്കുന്നേ? ത്രേസ്യാമ്മ ശബ്ദമുയര്‍ത്തി.

പിന്നെ അവന്‍റെ അടുക്കലേക്ക് ചെന്നിട്ട് താക്കീതുപോലെ പറഞ്ഞു

അവിടെ കണ്ടതും ഇവിടെ കേട്ടതുമെല്ലാം കണ്ടിടത്തു ചെന്ന് പറഞ്ഞെന്ന് ഞാനറിഞ്ഞാലുണ്ടല്ലോ, ലിസ്സീടെ വീട്ടുകാരുടെ കയ്യീന്ന് നല്ല കത്തിവാങ്ങിച്ച് ഞാന്‍ അങ്ങോട്ട് വരും. കേട്ടല്ലോ?

ജോയിച്ചന്‍ തലകുലുക്കി. അമര്‍ത്തിമൂളിക്കൊണ്ട് ത്രേസ്യാമ്മ വരാന്തയിലേയ്ക്ക് കയറി.

ബിനു നേരെ പോയത് മുറിയിലേക്കായിരുന്നു. മുറിയിലെത്തിയതേ അവന്‍ ഉറക്കെ വിളിച്ചു.

അമ്മച്ചീ…

തോളത്തുനിന്ന് കവിണി ഊരി മാറ്റാന്‍ തുടങ്ങുകയായിരുന്ന ത്രേസ്യാമ്മ കാതോര്‍ത്തു. തീരുമാനം ‘നോ’ പറയാന്‍ വിളിക്കുന്നതാണോ? അവര്‍ അങ്ങനെയാണ് ആദ്യം സംശയിച്ചത്.

എന്നാടാ നീയെന്നാത്തിനാടാ വിളിച്ചേ…? മകന്‍റെ സ്വരത്തിലെ ദേഷ്യം തിരിച്ചറിയാന്‍ ത്രേസ്യാമ്മയ്ക്ക് കഴിഞ്ഞിരുന്നു. അവര്‍ വേഗം ബിനുവിന്‍റെ മുറിയിലെത്തി.
വാതില്ക്കലെത്തിയതും ത്രേസ്യാമ്മയോട് അവന്‍ പറഞ്ഞു.

കണ്ടില്ലേ അമ്മച്ചി എന്‍റെ മുറീല് ആരോ കയറി… കട്ടിലേല്‍ കിടക്കുകേം ചെയ്തിട്ടുണ്ട്… വായിച്ചുകൊണ്ടിരുന്ന പുസ്തകം ഇപ്പോ കാണാനുമില്ല. ഇവിടെയാരാ കയറിയെ…?

അത് ഞാനെങ്ങനെ അറിയാനാ… ഞാന്‍ നിന്‍റെ കൂടെ പോന്നതല്ലേ? ആ പിള്ളേരെങ്ങാനുമായിരിക്കും…

സിനിയുടെയും ബിന്ദുവിന്‍റെയും കുട്ടികള്‍ ആ സമയം വീട്ടിലുണ്ടായിരുന്നു.

മ്യൂസിയം അടച്ചിട്ടേക്കുന്നതുപോലെ ഏതു നേരോം നീ മുറി അടച്ചിട്ടേക്കുവല്ലേ… എന്നാ ഇപ്പോ തുറന്നു കിടക്കുന്നതു കണ്ട് ഇതിന്നാത്ത് എന്നതാന്ന് കാണാന്‍ വേണ്ടി പിള്ളേര് കേറിയതായിരിക്കും. നീയതിന് ചന്ദ്രഹാസം ഇറക്കേണ്ട വല്ല കാര്യവുമുണ്ടോ… പിള്ളേരങ്ങനെയല്ലേ.

ഒരു പിള്ളേര്… ബിനു പിറുപിറുത്തു.

മുറി അടച്ചുപൂട്ടി പോകാതിരുന്നതോര്‍ത്ത് അവന്‍ ഖേദിച്ചു. സാധാരണ പുറത്തേയ്ക്ക് പോകുമ്പോള്‍ അവന്‍ മുറി പൂട്ടിപോവുകയാണ് പതിവ്. പക്ഷേ താക്കോല്‍ ത്രേസ്യാമ്മയെ ഏല്പിക്കും. അമ്മച്ചിക്ക് മാത്രമേ മുറിയില്‍ കയറാനോ കട്ടിലില്‍ ഇരിക്കുവാനോ അനുവാദമുള്ളൂ.

അതിന് മാത്രം ഇവിടെ എന്നാ രഹസ്യമാ ഉള്ളേ? ത്രേസ്യാമ്മ ചോദിച്ചു. അതോ വല്ല നിധീം ഒളിപ്പിച്ചുവച്ചിട്ടുണ്ടോ?

ഇവനെന്നാ ഇവിടെ കിടന്ന് തൊള്ള തുറക്കുന്നെ…?

അപ്പോള്‍ സിനി കുട്ടികളെയും കൂട്ടി അവിടേയ്ക്ക് വന്നു. ഓ, അവന്‍റെ മുറീല് ആരാണ്ട് കയറിയെന്ന്… ത്രേസ്യാമ്മ ലാഘവത്തോടെ പ റഞ്ഞു.

നിങ്ങള് ഇവിടെ കേറിയായിരുന്നോ മക്കളേ… കൊച്ചുമക്കളുടെ താടിക്ക് വാത്സല്യത്തോടെ പിടിച്ചുകൊണ്ട് ത്രേസ്യാമ്മ ചോദിച്ചു.

പിന്നേയ് എന്‍റെ പിള്ളേര് കുഷ്ഠം പിടിച്ചു കിടക്കുവല്ലേ, പിള്ളേര് ഒന്ന് ആ മുറീ കേറീന്നോര്‍ത്ത് ഇപ്പം എന്നാ സംഭവിക്കാനാ? സിനി ദേഷ്യപ്പെട്ടു.

അവനും അവന്‍റെയൊരു മുറീം… എന്നാ കാണാന്‍ കേറിപ്പോയതാടീ അങ്ങോട്ട്… ഇവിടേ ഇത്രേം സ്ഥലം കിടക്കുമ്പഴാ അവന്‍റെ മുറീലോട്ട്…

സിനി ദേഷ്യത്തോടെ കുട്ടിക്ക് ഒരടിവച്ചുകൊടുത്തു. കുട്ടി കരഞ്ഞു. ബിനുവിന് ആത്മനിന്ദ തോന്നി.

ചേച്ചിയെന്നതാ ഇക്കാണിക്കുന്നെ… ബിനു ചോദിച്ചു

ഞാന്‍ എന്തെങ്കിലും ഒന്ന് പറഞ്ഞെന്നോര്‍ത്ത്…കുട്ടി കരയുന്നതു കണ്ടപ്പോള്‍ അവന് വിഷമം തോന്നി… അവന്‍ കുട്ടിയെ ആശ്വസിപ്പിക്കാനായി ചെന്നപ്പോള്‍ സിനി വാശിയോടെ കുട്ടിയെ തന്‍റെ പിന്നിലേക്ക് മാറ്റിനിര്‍ത്തി.

നമുക്ക് കാണാടാ… ഇനി ഈ മുറീല് ആരെങ്കിലും കയറുമോയെന്ന്… എന്തായാലും പെണ്ണ് കെട്ടിക്കഴീമ്പോ പെണ്ണിനെ വേറെ മുറീല് കെടത്താന്‍ പറ്റില്ലല്ലോ… പിള്ളേരുണ്ടായിക്കഴീമ്പോ അവരേം നിന്‍റെ കൂടെയല്ലേ കെടത്താന്‍ പോകുന്നെ… അതോടെ നിന്‍റെ അടുക്കും ചിട്ടയും വൃത്തീം എല്ലാം തീരും. അന്ന് വേണം എനിക്ക് നിന്നോട് രണ്ട് വര്‍ത്ത മാനം പറയാന്‍…

സിനി കുട്ടിയെയും കൊണ്ട് വേഗം അവിടെ നിന്ന് പോയി. ബിനു ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു. അവന് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഈ മുറിയില്‍ മറ്റൊരാള്‍ കൂടി…

ആ ചിന്ത അവനെ വല്ലാതെ വിഷമിപ്പിച്ചു. ഇന്നേവരെ ഈ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തന്‍റേതായ ലോകമായിരുന്നു ഇവിടം. അടുക്കും ചിട്ടയുമുള്ള മുറി.

ചുളിവു വീഴാത്ത ബെഡ് ഷീറ്റ്… മുഷിയാത്ത തലയണ… ബോഡി സ്പ്രേയ്ക്കും ഫെയ്സ് ക്രീമിനുമെല്ലാം കൃത്യമായ സ്ഥലം… ദിവസവും രണ്ടുനേരം കുളി… ബ്രഷിങ്ങ്. ഡ്രസ് ചെയ്ഞ്ച് ചെയ്യല്‍, പ്രത്യേകം സോപ്പ്, തുകര്‍ത്ത്. .. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം മുറി പങ്കിടുന്നതിനോ അവര്‍ക്കൊപ്പം കിടന്നുറങ്ങുന്നതിനോ ഒരിക്കലും അകല്‍ച്ച കാണിച്ചിട്ടുമുണ്ടായിരുന്നില്ല. അതൊരുപക്ഷേ ഒന്നോ രണ്ടോ പേരില്‍ ഒതുങ്ങുകയും ചെയ്തിരുന്നു.

പക്ഷേ വിവാഹിതനാകുമ്പോള്‍ അങ്ങനെയൊന്നുമല്ല. വിവാഹാവസരങ്ങളിലുള്ള വൈദികരുടെ പ്രസംഗങ്ങള്‍ അവന്‍റെ ഓര്‍മ്മയിലേക്ക് വന്നു.

ഇന്നു മുതല്‍ ജോസഫ,് ജോസഫിന്‍റെ ഇഷ്ടങ്ങള്‍ക്കല്ല മുന്‍തൂക്കം കൊടുക്കേണ്ടത്… മേരിയുടെ ഇഷ്ടങ്ങള്‍ക്കാണ്. മേരി, മേരിയുടെ ഇഷ്ടങ്ങളെ ബലികഴിച്ച് ജോസഫിന്‍റെ ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം. ഇനി മുതല്‍ നിങ്ങള്‍ക്കിടയില്‍ ഞാന്‍ ഉണ്ടാവാന്‍ പാടില്ല. എന്‍റെ ഇഷ്ടങ്ങളോ എന്‍റെ താല്പര്യങ്ങളോ അല്ല പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്.

വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയെക്കുറിച്ചുള്ള ഭാവിസങ്കല്പങ്ങളെക്കാളും തന്നെ ഭാരപ്പെടുത്തുന്നത് തന്‍റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമല്ലോ എന്നുള്ള ചിന്തയാണ് എന്നത് ബിനുവിനെ ഞെട്ടിച്ചു. മറ്റേയാളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ കഴിയുമോയെന്നുള്ള ആകുലത തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. തന്നെപ്പോലെ വൃത്തിയും അടുക്കും ചിട്ടയുമുള്ള പെണ്‍കുട്ടിയായിരിക്കുമോയെന്ന ആശങ്കയും തന്നെ തളര്‍ത്തുന്നുണ്ട്.

ബിനു മടുപ്പോടെ കട്ടിലിലേക്ക് ഇരുന്നു. മുറിയില്‍ മറ്റാരോ കൂടിയുള്ളതുപോലെ അവന് പെട്ടെന്ന് തോന്നി. ആരുടെയോ ഉച്ഛ്വാസം മുഖത്തടിക്കുന്നതുപോലെ… അവന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി. മുറിയില്‍ അവന്‍ എത്സയെ കണ്ടു. എത്സ…

വിവിധ ഭാവങ്ങളില്‍ അവളുടെ മുഖം അവന്‍റെ കണ്‍മുമ്പിലേക്ക് വന്നു. അമ്മച്ചിക്ക് ഒറ്റയടിക്ക് ഇഷ്ടപ്പെടാന്‍ കഴിയത്തക്കവിധത്തില്‍ അവളിലെന്താണ് ഇരിക്കുന്നത്…?

അവള്‍ ആരാണെന്ന് തനിക്കറിയില്ല… അവളെക്കുറിച്ച് അറിയാന്‍ ബിനുവിന് ആഗ്രഹം തോന്നി. അവന്‍ വേഗം ജോമോനെ വിളിച്ചു. ഈ സമയം ജോമോന്‍റെയും റോസ്മേരിയുടെയും വീട്ടില്‍ നിന്ന് എത്സ പോയിക്കഴിഞ്ഞിരുന്നു. താന്‍ വിഷയം അവതരിപ്പിച്ച കാര്യം ത്രേസ്യാമ്മ ഫോണ്‍വിളിച്ച് ജോമോനെ അറിയിക്കുകയും ചെയ്തിരുന്നു.

ഇനി ഏതു രീതിയില്‍ കരുക്കള്‍ നീക്കണം എന്ന് ജോമോനും റോസ്മേരിയും ആലോചിച്ചിരിക്കുമ്പോഴാണ് ഫോണ്‍ റിങ്ങ് ചെയ്തത്.

എടീ ബിനു വിളിക്കുന്നു… ജോമോന്‍ ഉത്സാഹത്തോടെ പറഞ്ഞു.

അത്രയും എക്സൈറ്റഡാകണ്ടാ… റോസ്മേരി നിര്‍ദ്ദേശിച്ചു. നോര്‍മ്മലായി സംസാരിച്ചാല്‍ മതി… ജോമോന്‍ തലകുലുക്കി. പിന്നെ അവന്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു.

ഹലോ.

എടാ അവളാരാടാ….? ബിനു ചോദിച്ചു.

ഏത് ലെവള്? ജോമോന്‍ ഒന്നുമറിയാത്തതുപോലെ തിരികെ ചോദിച്ചു.

നിന്‍റെ വീട്ടിലുണ്ടായിരുന്നവള്…

അത് റോസ്മേരിയല്ലേ… നിനക്കെന്താ വട്ടുപിടിച്ചോ?

ജോമോന്‍ ഭാര്യയെ നോക്കി കണ്ണിറുക്കി. അതുകൊള്ളാം എന്ന് റോസ്മേരി പെരുവിരലുയര്‍ത്തി കാണിച്ചു.

അതല്ലടാ… ബിനുവിന്‍റെ സ്വരത്തില്‍ അക്ഷമ കലര്‍ന്നു.

റോസിന്‍റെ കൂട്ടുകാരി… എത്സ…

ആ എത്സ… അതിനെന്താ… ജോമോന്‍ നിരുത്സാഹത്തോടെ ചോദിച്ചു. അവന്‍ മൊബൈലിന്‍റെ ലൗഡ് സ്പീക്കര്‍ ഓണാക്കി.

അല്ല… അതു പിന്നെ… അമ്മച്ചി ഒരു കാര്യം പറഞ്ഞു… പരുങ്ങലോടെ ബിനു അറിയിച്ചു.

എന്തു കാര്യം…?

അമ്മച്ചിക്ക് അവളെ ഇഷ്ടമായെന്ന്… എനിക്ക് വേണ്ടി ആലോചിച്ചാലോയെന്ന്…

ബിനൂ… റോസ്മേരി വേഗം ഫോണ്‍ വാങ്ങി. തുടര്‍ന്ന് അവളാണ് സംസാരിച്ചത്.

നിങ്ങടെയത്ര പത്രാസൊന്നുമുള്ള വീട്ടുകാരൊന്നുമല്ല അവള്… ഒന്നാമത് ചൂടുവെള്ളത്തില് ചാടിയിട്ടിരിക്കുവാ അവര്… അതിന്‍റെ കൂടെ ഇത്… വെറുതെ നേരം പോക്കിനാണെങ്കില് ആലോചിക്കുകേ വേണ്ട…

റോസ്മേരി എന്താണ് ഇങ്ങനെ പറയുന്നതെന്ന അമ്പരപ്പിലായി ജോമോന്‍. അവള്‍ക്കായിരുന്നല്ലോ ധൃതി ബിനുവിനെയും എത്സയെയും തമ്മില്‍ വിവാഹം കഴിപ്പിക്കണമെന്ന്… എന്നിട്ട് ഇപ്പോള്‍ പറയുന്നതോ. പക്ഷേ റോസ്മേരിയുടെ മനസ്സില്‍ മറ്റൊന്നായിരുന്നു. തങ്ങള്‍ പറഞ്ഞതുകൊണ്ടോ ആലോചിച്ചതുകൊണ്ടോ അല്ല സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം കഴിക്കുന്നതെന്ന് ബിനു തന്നെ വെളിപ്പെടുത്തേണ്ടതുണ്ടെന്ന് അവള്‍ കരുതിയിരുന്നു.

അതെന്താ ആ കൊച്ചിനെ വല്ലവന്മാരും തേച്ചിട്ട് പോയതാണോ ചൂടുവെള്ളത്തിന്‍റെ കാര്യം പറഞ്ഞത്… ബിനു സംശയനിവാരണം നടത്തി.

അപ്പോള്‍ റോസ് മേരി ഒട്ടൊരു ദീര്‍ഘമായിട്ട് തന്നെ എത്സയുടെ വീട്ടുകാര്യങ്ങള്‍ അവതരിപ്പിച്ചു. അതിന് ശേഷം പറഞ്ഞു.

ഉള്ള കാര്യം വളച്ചുകെട്ടാതെ പറഞ്ഞത് നാളെ സ്ത്രീധനത്തിന്‍റെ പേരിലോ ഇല്ലാത്ത കുടുംബമഹിമയുടെ പേരിലോ അവളെ നിങ്ങള് കണ്ണീര് കുടിപ്പിക്കരുത് എന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ടാ… ജോമോന് ബിനു എങ്ങനെയോ അങ്ങനെ തന്നെയാ എനിക്ക് എത്സയും. പിന്നെ ഇതുവരെ കാണാതിരുന്നതിന്‍റെ പേരില്‍ ഞങ്ങളുടെ സൗഹൃദത്തിനൊന്നും ഒരു പരുക്കും പറ്റിയിട്ടില്ല.

ജോമോനെ നോക്കിയാണ് റോസ്മേരി അത് പറഞ്ഞത്.

ഓ അത് അവള് എനിക്കിട്ട് വച്ചതാണ് എന്ന് ജോമോന്‍ പിറുപിറുത്തു.

ഛേ സ്ത്രീധനം… അതാരു ചോദിച്ചു.. ബിനുവിന് ജാള്യം അനുഭവപ്പെട്ടു. ഒരു സ്ത്രീധനമോഹിയായി താന്‍ ചിത്രീകരിക്കപ്പെടുന്നത് അവന് സഹിക്കാന്‍ കഴിയുമായിരുന്നില്ല.

അതൊക്കെയുണ്ട് ബിനൂ… ചില നേരങ്ങളില്‍ ചില ഭര്‍ത്താക്കന്മാര്‍ അങ്ങനെയുമുണ്ട്. എത്ര ആദര്‍ശം പറയുന്നവര്‍ക്കിടയിലും. കൂട്ടുകാരനോ, അയല്‍വക്കത്തോ തന്‍റെ ഭാര്യയേക്കാള്‍ ഇത്തിരി കൂടുതല്‍ സ്ത്രീധനം കിട്ടിയെന്നറിയുമ്പോള്‍ നിന്‍റെ വീട്ടീന്ന് എന്നതാടീ കൊണ്ടുവന്നിരിക്കുന്നതെന്ന് ഒരു വട്ടമെങ്കിലും ചോദിക്കാത്ത ആണുങ്ങളുണ്ടോ നിങ്ങളുടെയിടയില്‍?

റോസ്മേരിയുടെ നോട്ടം അപ്പോഴും ജോമോന് നേരെ തന്നെയായിരുന്നു.

ഇതും അവള് എന്നെ ഉദ്ദേശിച്ചുപറഞ്ഞതു തന്നെ… ജോമോന്‍ തലകുലുക്കി.

പിന്നെ ഒരു കാര്യം ഞാന്‍ ബിനുവിനോട് പറഞ്ഞേക്കാം… അമ്മച്ചിക്ക് എത്സയെ ബിനൂന് വേണ്ടി ആലോചിക്കാന്‍ തോന്നിയെങ്കില്‍ അതിലെന്തോ ഉണ്ട്… എത്സ നല്ലകുട്ടിയാ… ബിനൂനെ അവള് പൊന്നുപോലെ നോക്കിക്കോളും.

റോസ്മേരിയുടെ സ്വരത്തില്‍ കലര്‍ന്ന സന്തോഷവും വാത്സല്യവും ബിനുവിന് മനസ്സിലായി.

മാത്രോല്ല അമ്മച്ചി പറയുന്ന കുട്ടിയെ കെട്ടിക്കോളാം എന്ന് ബിനു വാക്ക് നല്കിയതുമാണല്ലോ.

എനിക്കാ കുട്ടിയെ ഒന്നുകൂടി ഒന്നു കാണണം. ബിനു ആഗ്രഹം പ്രകടിപ്പിച്ചു.

അതിനെന്താ ഞാന്‍ അവളോട് പറയാം. പെട്ടെന്ന് റോസ്മേരി ചോദിച്ചു.

നാളെ ബിനു ഫ്രീയാണോ…?

അവന്‍ അല്ലെങ്കീ എന്നാ ഫ്രീ അല്ലാത്തത്… അതുകേട്ട ജോമോന്‍ പ്രതികരിച്ചു.

ഫ്രീയാണെന്നോ അല്ലെന്നോ ബിനു പറഞ്ഞില്ല. പകരം മറ്റൊന്നു ചോദിച്ചു.

നാളെയെന്നതാ പ്രത്യേകത?

നാളെ ആദ്യ വെള്ളിയാഴ്ചയല്ലേ… എത്സ ചേര്‍പ്പുങ്കല്‍ പള്ളീ വരുന്നതാ എണ്ണയൊഴിക്കാന്‍… അവിടെയാകുമ്പോ നിങ്ങളെ ആരും ശ്രദ്ധിക്കില്ല. രണ്ടുപേര്‍ക്കും എന്താന്നുവച്ചാ സംസാരിക്കാം… അതിന് മുമ്പ് ഞാന്‍ എത്സയോട് ഇക്കാര്യമൊന്ന് പറയട്ടെ.

റോസ് മേരി വേഗം ഫോണ്‍ കട്ട് ചെയ്തിട്ട് എത്സയെ വിളിച്ചു.

അടിച്ചുമോളേ… എന്നായിരുന്നു എത്സ ഫോണെടുത്തപ്പോള്‍ റോസ്മേരിയുടെ പ്രതികരണം.

നീയാരാ കിട്ടുണ്ണിയോ… കാര്യം പറയെടീ എത്സ ചിരിച്ചു.

നിന്നെ ഞാന്‍ കെട്ടിക്കാന്‍ പോവാ… നല്ല ഒന്നാന്തരം ചെറുക്കനെ കൊണ്ട്…

ഒന്നുപോടീ… എത്സ ചിരിച്ചു.അല്ലെടീ സത്യമായിട്ടും… തുടര്‍ന്ന് കാര്യങ്ങളെല്ലാം റോസ്മേരി വിശദീകരിച്ചു.

ബിനുവിനെക്കുറിച്ച് അവള്‍ ഇങ്ങനെയാണ് അവതരിപ്പിച്ചത്.

സിനിമേല്‍ കേറിപ്പറ്റിയിട്ടേ കല്യാണം കഴിക്കൂന്നാ ബിനൂന്‍റെ വാശി. അതു മാത്രമേ പ്രശ്നമുള്ളൂ. ബാക്കിയെല്ലാ കാര്യത്തിലും നൂറാ മാര്‍ക്ക്.., ചിലപ്പോ നിന്‍റെയോ നിന്‍റെ പിള്ളേരുടെയോ ഭാഗ്യം വഴിയായിരിക്കും ബിനൂന് സിനിമേല് എന്‍ട്രി കിട്ടുന്നത്.

അതു കേട്ടപ്പോള്‍ എത്സയ്ക്ക് നാണം വന്നു.

അമ്മച്ചിക്ക് നിന്നെ ഇഷ്ടമായി. സത്യത്തീ അതൊരു പെണ്ണ് കാണല്‍ ചടങ്ങ് തന്നെയായിരുന്നെടീ… നീയും ബിനൂം അറിഞ്ഞില്ലെന്ന് മാത്രം… അമ്മച്ചിക്ക് ഇഷ്ടമായില്ലെങ്കീ പിന്നെ നിനക്ക് വിഷമമായിരിക്കുമല്ലോ എന്നോര്‍ത്താ ഞാനത് പറയാതിരുന്നെ…

പറയാതിരുന്നത് നന്നായി…എത്സ പറഞ്ഞു… അതുകൊണ്ട് വളരെ നാച്വറലായി നമുക്ക് ഇടപെടാന്‍ പറ്റിയല്ലോ. എന്തായാലും ആ അമ്മച്ചിയെ എനിക്ക് ഇഷ്ടമായി കേട്ടോ നല്ല ന്യൂജന്‍ അമ്മച്ചി… എത്സ ത്രേസ്യാമ്മയുമൊത്തുള്ള കണ്ടുമുട്ടലിനെയും സംസാരത്തെയും ഓര്‍ത്ത് ചിരിച്ചു.

അപ്പോ എങ്ങനെയാ നാളെ ഉണ്ണീശോയുടെ തിരുമുറ്റത്ത് വച്ച് ഒഫീഷ്യലീ പെണ്ണുകാണല്‍ ചടങ്ങ് നടക്കുവല്ലേ?

മറുതലയ്ക്കല്‍ എത്സയുടെ ചിരി റോസ്മേരി കേട്ടു.

നീ നിന്‍റെ അമ്മച്ചിയോട് ഒന്ന് സൂചിപ്പിച്ചേക്ക്… ഞാന്‍ ബിനൂനെ വിളിച്ച് സമയം ചോദിച്ചിട്ട് നിന്നെ ഇപ്പം തന്നെ വിളിക്കാം.

ധൃതിയോടെ എത്സയ്ക്കുള്ള കോള്‍ കട്ട് ചെയ്തിട്ട് റോസ്മേരി ബിനുവിനെ വിളിച്ചു. ബിനു പറഞ്ഞ സമയം അറിയിക്കാനായി വീണ്ടും എത്സയെ വിളിച്ചു. ഇരുവര്‍ക്കും അന്യോന്യം ഫോണ്‍നമ്പറുകളും നല്കി.

എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ റോസ്മേരി ജോമോനോട് പറഞ്ഞു.

മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ഈ കല്യാണം നടക്കുമായിരിക്കും അല്ലേ ജോ?

നടക്കാതെ പിന്നെ എവിടെപോകാന്‍? നീ നോക്കിക്കോ നാളെ ബിനുവിന് അവളെ ഇഷ്ടമാകുകതന്നെ ചെയ്യും.

(തുടരും)

Leave a Comment

*
*