Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 8

ഒരു കുടുംബകഥ കൂടി… അധ്യായം 8

Sathyadeepam

വിനായക് നിര്‍മ്മല്‍

രാത്രി.

എത്സയുടെ വീട്.

ആരായിരുന്നെടീ നിന്നെ ഫോണ്‍ വിളിച്ചത്…?

അടുക്കളവാതില്‍ ചേര്‍ത്തടച്ചിട്ട് പുറംതിരിഞ്ഞ മേരിക്കുട്ടി എത്സയോട് ചോദി ച്ചു.

…മൊബൈല്‍ കൈയില്‍ പിടിച്ച് നില്ക്കുകയായിരുന്നു അപ്പോഴും എത്സ.

നാളെ കാണാമെന്നോ ഒക്കെ പറയുന്നതു കേട്ടല്ലോ…

അത് അവളാ റോസ് മേരി… അവളൊരു കാര്യം പറയാന്‍ വിളിച്ചതാ… എത്സ മേരിക്കുട്ടിക്ക് പിന്നാലെ മുറിയിലേക്ക് കയറി. അവിടെ ബിന്‍സി പുസ്തകത്തിന് മുമ്പിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.

ഈ പെണ്ണിന്‍റെയൊരു ഉറക്കം എന്ന് പറഞ്ഞ് മേരിക്കുട്ടി ദേഷ്യത്തോടെ ചെന്ന് ബിന്‍സിയുടെ തോളത്ത് ഒരടി നല്കി. ബിന്‍സി പെട്ടെന്ന് ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. അവള്‍ ചിറികള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് മുഖം ചെരിച്ച് ഉടുപ്പിലേക്ക് തൂത്തിട്ട് വേഗം പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.

ങ് എന്നാ കാര്യമാ… മേരിക്കുട്ടി വീണ്ടും എത്സയ്ക്ക് നേരെ തിരിഞ്ഞു.

അത്… എങ്ങനെയാണ് അക്കാര്യം അവതരിപ്പിക്കേണ്ടതെന്ന് എത്സ പരുങ്ങി.

നിന്നു കിണുങ്ങാതെ കാര്യം പറയെടീ… ബാക്കിയുള്ളോര്‍ക്ക് ഒന്നു നടുനിവര്‍ക്കാനുള്ളതാ… നേരം പത്തായി… മേരിക്കുട്ടിക്ക് ചെറുതായി ദേഷ്യം വന്നു

ഒരു കല്യാണക്കാര്യമാ… എത്സ പറഞ്ഞു.

ആണോ… ഇപ്പോള്‍ മേരിക്കുട്ടിയുടെ കണ്ണും മുഖവും വികസിച്ചു.

എവിടുന്നാടീ…?

ഞാന്‍ കഴിഞ്ഞ ദിവസം അവള്‍ടെ വീട്ടില്‍ ചെന്നപ്പോ ഒരമ്മേം മോനേം കണ്ടെന്ന് അമ്മച്ചിയോട് പറഞ്ഞില്ലായിരുന്നോ… ആ മോന് വേണ്ടിയാ…

ചേച്ചിയെ ആ ചേട്ടന്‍ കണ്ട് ഇഷ്ടപ്പെട്ടതാണോ…? ബിന്‍സി പുസ്തകം മടക്കിവച്ചിട്ട് എണീറ്റു.

പോയിരുന്ന് പഠിക്കെടീ… മേരിക്കുട്ടി ബിന്‍സിക്ക് നേരെ കരം ചൂണ്ടി…

വല്യകാര്യം തിരക്കാന്‍ വന്നേക്കുന്നു… മേരിക്കുട്ടി അവള്‍ക്ക് നേരെ കണ്ണുരുട്ടി.

ഓ ഈ അമ്മച്ചീടെ ഒരു കാര്യം… ബിന്‍സി ചൊടിച്ചുകൊണ്ട് വീണ്ടും കസേരയിലേക്കിരുന്നു. അപ്പോഴും അവളുടെ ശ്രദ്ധ എത്സയുടെ വാക്കുകളിന്മേലായിരുന്നു.

ആണോ… അവന്‍ നിന്നെ ഇഷ്ടപ്പെട്ട് ആലോചിച്ചതാണോ… മേരിക്കുട്ടിക്ക് സന്തോ ഷം അടക്കാനായില്ല.

അമ്മച്ചീം തുടങ്ങിയോ അവള്‍ടെ മാതിരി… എന്‍റെ പൊന്നമ്മച്ചീ അയാള്‍ക്ക് ഇഷ്ടമായിട്ട് വന്ന ആലോചനയൊന്നുമല്ല… അയാള്‍ടെ അമ്മച്ചിക്ക് എന്നെ ഇഷ്ടമായി… അതുകൊണ്ട് അയാള് വന്ന് എന്നെ പെണ്ണു കണ്ടോട്ടെയെന്ന്…

അപ്പോ അവന്‍ അന്ന് നിന്നെ കണ്ടില്ലായിരുന്നോ…? മേരിക്കുട്ടിക്ക് അത് തീര്‍ത്തും മനസ്സിലായില്ല. എത്സ, റോസ്മേരി പറഞ്ഞ കാര്യങ്ങള്‍ എല്ലാം വിശദമായി മേരിക്കുട്ടിയെ പറഞ്ഞു കേള്‍പ്പിച്ചു.

ചേച്ചീ ഇത് നല്ല കേസാ ചേച്ചീ… നമ്മുടെ ഭാഗ്യത്തിന് വന്നതാ… ബിന്‍സി സന്തോഷിച്ചു.

ശരിയാ… എത്രയിടത്ത് തിരികത്തിച്ചും എണ്ണയൊഴിച്ചും പ്രാര്‍ത്ഥിച്ചോണ്ടിരിക്കുവാ നീയ്… മേരിക്കുട്ടി സഹതാപത്തോടെ എത്സയെ നോക്കി. ആ സഹതാപം പക്ഷേ എത്സയ്ക്ക് തെല്ലും ഇഷ്ടമായില്ല.

അയ്യേ… കല്യാണം നടക്കാതെ വിഷമിച്ച് ഞാന്‍ നില്ക്കുവാണെന്നാണോ അമ്മച്ചീടെ ധാരണ… എനിക്ക് അങ്ങനെയൊന്നും വിഷമമില്ല കേട്ടോ… ഞാന്‍ അതിന് വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നതും. പിഎസ്സി കനിഞ്ഞ് എനിക്ക് എവിടെയെങ്കിലും ഒരു ജോലി കിട്ടണം… സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയണം. എത്രകാലമാ വീട്ടുകാരേം പിന്നെ കെട്ടുന്നവനേം ആശ്രയിച്ച് ഒരു പെണ്ണ് ജീവിക്കുന്നത്… മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ മുതല്‍ എത്ര കാര്യങ്ങള്‍ക്കാ അവള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത്..

നിങ്ങള് കേട്ടോ… മേരിക്കുട്ടി വരാന്തയിലേക്ക് ചെന്നു. പാപ്പച്ചന്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. മേരിക്കുട്ടി ചെന്ന് അയാളെ കുലുക്കിയെണീപ്പിച്ചു.

ഇങ്ങോട്ടെണീക്ക് മനുഷ്യാ… നമ്മുടെ എത്സയ്ക്ക് ഒരാലോചന… അവര് ഇങ്ങോട്ട് വന്നതാ…

ഈ പാതിരാത്രീലാണോടീ കല്യാണാലോചന… ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ പാപ്പച്ചന്‍ പിറുപിറുത്തു.

നിങ്ങളെക്കൊണ്ട് ഞാന്‍ തോറ്റു… പായ് കണ്ടാ മതി അപ്പോ തുടങ്ങും ഉറക്കം ഇവിടെ ബാക്കിയുള്ളോര്‍ക്ക് ് കിടന്നാലും ആലോചിച്ചിട്ട് ഉറക്കം വരുകേലാ… എന്‍റെയൊരു തലേവര. മക്കള്‍ക്കു നല്ല കാര്യം വരുമ്പഴും അങ്ങേര്‍ക്ക് കിടന്നുറങ്ങണം… മേരിക്കുട്ടി പല്ലിറുമ്മി.

ഞാനുറങ്ങുന്നില്ല… എന്താ നിനക്ക് സമാധാനമായോ… പാപ്പച്ചന്‍ എണീറ്റിരുന്നു. മേരിക്കുട്ടി അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞു.

ഓ അവര് വലിയ ആള്‍ക്കാരല്ലേ… ഈ ബന്ധം ശരിയാവുമോ

അതായിരുന്നു പാപ്പച്ചന്‍റെ ആദ്യപ്രതികരണം.

കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ… അതാ എന്‍റെ പ്രമാണം. നമ്മള് കേറിച്ചെല്ലുമ്പോ അത് നമുക്ക് നമ്മുടെ സ്വന്തം വീടുപോലെ തോന്നിക്കണം… നമ്മളേക്കാള്‍ വലിയവരുമായിട്ടുള്ള ബന്ധം ശരിയാവുകേലാ… അത് നമ്മുടെ കൊച്ചിനും പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും.

പാപ്പച്ചന്‍ പറയുന്നത് ശരിയാണെന്ന് എത്സയ്ക്കും തോന്നി. തങ്ങളേക്കാള്‍ സാമ്പത്തികസ്ഥിതിയും കുടുംബപാരമ്പര്യവുമുള്ള വീട്ടുകാരാണ് അവര്‍. ആ അമ്മച്ചിയെ മാത്രമേ തനിക്ക് അറിയൂ. മറ്റുള്ളവര്‍ എത്തരക്കാരാണെന്ന് അറിയില്ല.

നാളെ സ്ത്രീധനത്തിന്‍റെയും കുടുംബമഹിമയുടെയും കാര്യം പറഞ്ഞ് അവര്‍ തന്നെ ദ്രോഹിക്കാന്‍ തുടങ്ങിയാലോ? എത്സയുടെ മനസ്സില്‍ ആകുലത അനുഭവപ്പെട്ടു.

എന്നാ കാര്യം പറഞ്ഞാലും അതിന്‍റെ ദോഷവശമേ നിങ്ങള് കാണൂ… അവളെ കെട്ടിച്ചയയ്ക്കാന്‍ നിങ്ങളിവിടെ കൊട്ടപ്പടി ഉണ്ടാക്കിവച്ചേക്കുവല്ലേ… ബാക്കിയുള്ളോര് പാലു വിറ്റും പന്നീം ആടും വളര്‍ത്തീം ഉന്തിത്തള്ളി ഒരു കണക്കിന് കൊണ്ടുപോകുന്നതോണ്ട് കഞ്ഞികുടിച്ച് ജീവിക്കുന്നു. ദേ ഒരുത്തീം കൂടിയുണ്ട്… ഇടിപിടീന്ന് അവളും ഇങ്ങോട്ട് വളര്‍ന്നുവന്നോളും…

മേരിക്കുട്ടി പിന്നിലേക്ക് ബിന്‍സിയുടെ നേര്‍ക്ക് കൈ ചൂണ്ടി

…നാളെ അവളേം ഒരു വഴിക്കാക്കണം… അതിനെല്ലാറ്റിനും കൂടി നിങ്ങടെ കയ്യി എന്നതാ ഉള്ളേ?

പാപ്പച്ചന്‍ നിശ്ശബ്ദനായി.

ഞാന്‍ നോക്കിയിട്ട് അവന് നിന്നെ ഇഷ്ടമായെങ്കീ അത് നമ്മുടെ ഭാഗ്യമാ… ബാക്കിയെല്ലാം വരുന്നിടത്ത് വച്ച്… ഭാവി മുഴുവന്‍ പ്രവചിക്കാന്‍ കഴിവുള്ളവരായിട്ട് ഇവിടെയാരുമില്ലല്ലോ… നീ നാളെ എന്തായാലും പള്ളീ പോകുന്നതല്ലേ? അവനെയൊന്ന് കണ്ട് സംസാരിക്ക്.. പിന്നെയൊരു കാര്യം മനുഷ്യരെക്കൊണ്ട് പറയിപ്പിക്കുന്ന രീതീല് ചിരീം വര്‍ത്താനോം ഒന്നും വേണ്ട. കല്യാണം മാറിപ്പോയ പെണ്ണാ നീയ്… അതോര്‍മ്മ വേണം.

മേരിക്കുട്ടി മുറിക്കകത്തേക്ക് കയറി. പാപ്പച്ചന്‍ എത്സയെ നോക്കി. അയാളൊന്നും മിണ്ടിയില്ല. അമ്പേ നിസ്സഹായനായ ഒരു മനുഷ്യനാണ് അയാളെന്ന് എത്സയ്ക്ക് തോ ന്നി. കുടുംബത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയാതെ പോയ അല്ലെങ്കില്‍ സ്വന്തം കൈയില്‍ നിന്ന് അതിന്‍റെ നിയന്ത്രണം നഷ്ടമായിപ്പോയ മനുഷ്യന്‍.

തലയ്ക്ക് മീതെ ശൂന്യാകാശം, താഴെ മരുഭൂമി…

പാപ്പച്ചന്‍ പാട്ടുപാടി വീണ്ടും കട്ടിലിലേക്ക് ചെരിഞ്ഞു. എത്സ നെടുവീര്‍പ്പോടെ പുറംതിരിഞ്ഞു… കിടന്നിട്ട് അവള്‍ക്ക് ഉറക്കം വന്നില്ല.

അപ്പോള്‍ ബിന്‍സിയുടെ മുഖം തന്‍റെ മുഖത്തിന് നേര്‍ക്ക് വരുന്നത് ഇരുട്ടില്‍ എത്സ കണ്ടു.

ചേച്ചീ ആ പുള്ളിക്കാരന്‍ ആള് സ്മാര്‍ട്ടാണോ…?

ബിന്‍സി അടക്കിപ്പിടിച്ച ശബ്ദത്തില്‍ ചോദിച്ചു.

ആ… എത്സ പറഞ്ഞു. അവള്‍ ബിനുവിന്‍റെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്രമേല്‍ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശരി. പക്ഷേ ഒന്ന് അവള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ആ മുഖത്ത് വല്ലാത്തൊരു നിഷ്കളങ്കതയുണ്ടായിരുന്നു. ഒരുപക്ഷേ അമ്മക്കുട്ടിയായി വളര്‍ന്നുവന്നതുകൊണ്ടായിരിക്കും.

ചേച്ചി നാളെ ഒരു ഫോട്ടോയെടുത്തോണ്ട് വരണം. അതുപറഞ്ഞു കഴിഞ്ഞിട്ടാണ് തങ്ങളുടെ മൊബൈലിന്‍റെ സ്ഥിതിയെക്കുറിച്ച് ബിന്‍സിക്ക് ഓര്‍മ്മവന്നത്.

ശ്ശോ നമ്മുടെ നോക്കിയ സ്മാര്‍ട്ട് ഫോണല്ലല്ലോ അല്ലേ.

എത്സയ്ക്ക് അവളുടെ സ്വരമാറ്റം കേട്ടപ്പോള്‍ ചിരിവന്നു.

എന്നാ ഞാനും കൂടി വന്നാലോ ചേച്ചി നാളെ… ചേച്ചിക്കൊരു ധൈര്യത്തിന്… എനിക്ക് പുള്ളിക്കാരനെ ഒന്നു കാണുകേം ചെയ്യാം.

പത്താം ക്ലാസില്‍ പഠിക്കുവാണെന്നോര്‍മ്മ വേണം. എത്സ കളിയായി ബിന്‍സിയുടെ ചെവിയില്‍ പിടുത്തമിട്ടു.

മിണ്ടാതെ കിടക്കെടീ അവിടെ… പാതിരാത്രിയായി…അപ്പഴാ ഒരു വിശേഷം പറച്ചില്.

അടുത്ത മുറിയില്‍ നിന്ന് മേരിക്കുട്ടിയുടെ ശബ്ദം അവര്‍ക്കിടയില്‍ മുഴങ്ങി.

ഓ ഈ അമ്മച്ചീടെ ചെവിക്ക് എന്നാ കേള്‍വിശക്തിയാ… ബിന്‍സി പിറുപിറുത്തുകൊണ്ട് തിരിഞ്ഞുകിടന്നു.

***  ***

ഒരു പെരുന്നാള്‍ മുറ്റത്ത് വന്നുനില്ക്കുന്നതുപോലെയാണ് ബിനുവിന് അനുഭവപ്പെട്ടത്. എത്രയോ തിരക്കാണ് ഇവിടെ…

ആളുകള്‍ക്ക് ഇത്രയധികം സങ്കടങ്ങളുണ്ടെന്നും ദൈവത്തിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് ഇത്രയധികം അപേക്ഷകളുണ്ടെന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നത് ഇതുപോലെയുള്ള തീര്‍ത്ഥാടനാലയങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിക്കുമ്പോഴാണെന്ന് ബിനുവിന് തോന്നി. പ്രാര്‍ത്ഥനകള്‍ക്കെല്ലാം ദൈവം ഉത്തരം തരുമെന്ന വിശ്വാസമാണ് ഓരോരുത്തരെയും കൈകള്‍ കൂപ്പി, കണ്ണുനീരൊഴുക്കി തിരുനടയില്‍ നില്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അപ്രകാരം മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ ബിനുവിന് ഉള്ളില്‍ വല്ലാത്തൊരാഗ്രഹം തോന്നി. താനിന്നുവരെ ഇങ്ങനെയൊന്ന് പ്രാര്‍ത്ഥിച്ചിട്ടില്ലല്ലോ… ഒരുപക്ഷേ തനിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാകാത്തതുകൊണ്ടാകാം… മനുഷ്യന്‍ പ്രാര്‍ത്ഥനയെ മാത്രം കൂട്ടുപിടിക്കുന്നത് ചില കാര്യങ്ങളൊക്കെ അവന്‍റെ കൈപിടിയില്‍ നില്ക്കാതെ വരുമ്പോഴാണല്ലോ.

ബിനു ഒറ്റയ്ക്കായിരുന്നു എത്സയെ കാണാന്‍ ചേര്‍പ്പുങ്കല്‍ പള്ളിയിലെത്തിയത്. ജോമോനെ കൂട്ടുവിളിച്ചെങ്കിലും അവന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നെ പറഞ്ഞ വാക്കിനെ മാറ്റിപറയാന്‍ തോന്നാത്തതുകൊണ്ട് നേരെ ഇങ്ങ് പോരുകയായിരുന്നു. സാധാരണ സുഹൃത്തുക്കളുടെ ആരുടെയെങ്കിലും വണ്ടിയിലായിരുന്നു യാത്രകളെങ്കില്‍ ഇത്തവണ അത് ഒഴിവാക്കി. ബസിലാണ് ഇവിടേയ്ക്ക് തിരിച്ചത്.

എത്സയെ ഈ ആള്‍ക്കൂട്ടത്തില്‍ വച്ച് എങ്ങനെ കണ്ടുപിടിക്കും എന്ന് ബിനു ആലോചിച്ചു. ഒറ്റത്തവണയല്ലേ കണ്ടിട്ടുള്ളൂ. കൃത്യമായി ആ മുഖം ഓര്‍മ്മയില്‍ പതിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ബിനു ക്യൂ നില്ക്കുന്ന ഓരോ മുഖങ്ങളെയും നോക്കിക്കൊണ്ട് എത്സയുടെ മൊബൈലിലേക്ക് ഫോണ്‍ ചെയ്തു. ആദ്യറിങ്ങില്‍ തന്നെ എത്സ ഫോണെടുത്തു. അത് പ്രതീക്ഷിച്ചിരിക്കുകയാണെന്ന മട്ടില്‍.

ഹലോ ഞാനിവിടെ ക്യൂവിലാ…

എത്സ ശബ്ദം താഴ്ത്തി പറഞ്ഞു. ബിനുവിന്‍റെ കണ്ണുകള്‍ സ്ത്രീകളുടെ നീണ്ട ക്യൂവിലൂടെ അലഞ്ഞു. അപ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് ഫോണ്‍ ചെവിയോട് മാറ്റാതെ ഒരു പെണ്‍കുട്ടി കൈ ഉയര്‍ത്തിക്കാണിക്കുന്നത് ബിനു കണ്ടു.

ഞാനാ… എത്സ എന്ന ശബ്ദം ബിനുവിന്‍റെ കാതുകളില്‍ പതിയുകയും ചെയ്തു. ആ സ്വരത്തിനോട് അവന് വല്ലാത്തൊരാകര്‍ഷണം തോന്നി. ഫോണിലൂടെ കേള്‍ക്കുമ്പോള്‍ ആ സ്വരത്തിന് എന്തോ ഒരു ഫീലുണ്ട്. എത്സ ഫോണ്‍ കട്ട് ചെയ്തു. അവളുടേത് ഒരു സാധാരണ ഫോണാണെന്ന് അകലെക്കാഴ്ചയിലും ബിനുവിന് മനസ്സിലായി. അവള്‍ ഏകദേശം നിലവിളക്കിന്‍റെ അടുക്കലെത്താറായിരുന്നു.

ബിനു അപ്പോള്‍ ആംഗ്യം കാണിച്ചു. ഇത്തിരി ദൂരെ ഒരു സ്ഥലം കാണിച്ചിട്ട് അവിടെ കണ്ടേക്കാമെന്ന്… എത്സ തല കുലുക്കുകയും ചെയ്തു.

സാധാരണയായി പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ബിനുവിന് യാതൊരുവിധ പാരവശ്യവും അനുഭവപ്പെടാറുണ്ടായിരുന്നില്ല. വീട്ടില്‍ പെങ്ങന്മാരോടും മറ്റും അടുത്തിടപഴകിയതുകൊണ്ട് ഏതു പ്രായത്തിലുള്ള സ്ത്രീകളോടും തുറന്ന രീതിയില്‍ സംസാരിക്കുവാന്‍ അവന് കഴിയുമായിരുന്നു. പക്ഷേ ഇപ്പോള്‍… വല്ലാത്തൊരു പാരവശ്യം തന്നെ പിടിമുറുക്കിയിരിക്കുന്നതായി ബിനുവിന് തോന്നി. പെണ്ണുകാണല്‍ ചടങ്ങ്… പെണ്ണിന് മാത്രമല്ല ആണിനും പരിഭ്രമം ഉണ്ടാവുമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എവിടെയോ വായിച്ചു കേട്ടതിന്‍റെ ഓര്‍മ്മ വച്ച് ടെന്‍ഷനെ മറികടക്കാനെന്ന മട്ടില്‍ ബിനു ദീര്‍ഘമായി നിശ്വസിച്ചു. അപ്പോഴേയ്ക്കും എത്സ അടുക്കലെത്തിയിരുന്നു. അവള്‍ ഹൃദ്യമായി അവന് നേരെ പുഞ്ചിരിച്ചു. ആ ചിരിയില്‍ അവന് വിശ്വാസം അനുഭവപ്പെട്ടു.

പള്ളിയില്‍ കയറിയില്ലേ? എത്സയാണ് സംസാരത്തിന് തുടക്കമിട്ടത്.

പള്ളി… ബിനു ഒന്നു പരുങ്ങി…

എന്‍റെ കാര്യം കൂടി പറഞ്ഞില്ലേ…? അവന്‍ പെട്ടെന്ന് ചോദിച്ചു. പിന്നെ ഞാനെന്നാത്തിനാ പള്ളിയില്‍ കയറുന്നേ? പെട്ടെന്ന് തങ്ങള്‍ക്കിടയിലെ മഞ്ഞ് ഉരുകുന്നതുപോലെ ഇരുവര്‍ക്കും തോന്നി.

അയ്യോ ഞാന്‍ പ്രാര്‍ത്ഥിച്ചൊന്നുമില്ല… എത്സ സത്യസന്ധമായി മറുപടി നല്കി.

അല്ലെങ്കില്‍ ഈ പ്രാര്‍ത്ഥനയെന്ന് പറയുന്നത് എന്നതാ…? ബിനു ചോദിച്ചു

അങ്ങനെ ചോദിച്ചാല്‍… എത്സയ്ക്ക് മറുപടി കിട്ടിയില്ല.

എന്‍റെ കര്‍ത്താവേ എന്നെ ഓര്‍ക്കണേയെന്ന നമ്മുടെ നെടുവീര്‍ പ്പ്… അതല്ലേ പ്രാര്‍ത്ഥന.

എത്സ അതെയെന്നോ അല്ലെന്നോ പറഞ്ഞില്ല.

നമുക്ക് ഇത്തിരി നടന്നാലോ…? ബിനു ചോദിച്ചു. എത്സ തലയാട്ടി. ഒരുമിച്ച് നടക്കുമ്പോള്‍ ബിനു അവളെ സാകൂതം നോക്കി. അറിയാതെ ശിരസിലേക്ക് കണ്ണുകള്‍ പാ ഞ്ഞു. അമ്മച്ചി പറഞ്ഞതു ശരിയാണ്. എന്തൊരു മുടിയാണ്! പിന്നെ പെണ്ണുകാണല്‍ ചടങ്ങ് പോലെ ആയിട്ടും കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കാനായി കൃത്രിമമായ യാതൊരു ഒരുക്കങ്ങളും അവള്‍ നടത്തിയിട്ടുമില്ല. വില കുറഞ്ഞ ചുരിദാറും സാധാ ചെരിപ്പും. കൈകളില്‍ ഒരു സ്വര്‍ണ്ണവള മാത്രം. കഴുത്തില്‍ നൂലു പോലത്തെ സ്വര്‍ണ്ണമാല… തുടുത്ത മുഖം… നിരയൊത്ത പല്ലുകള്‍… കൈകളില്‍ നേരിയ സ്വര്‍ണ്ണരോമങ്ങള്‍… ചേര്‍ന്നു നടക്കുമ്പോള്‍ അവള്‍ക്ക് തന്നേക്കാള്‍ പൊക്കക്കുറവാണെന്നും ബിനു കണ്ടെത്തി. ഏറിയാല്‍ അഞ്ച് രണ്ട്…

നടന്നുപോകുമ്പോള്‍ വഴിയോരത്തായി ഒരു വാഹനത്തിലിട്ട് ഓറഞ്ച് വില്ക്കുന്നത് അവര്‍ കണ്ടു.

ഓറഞ്ച് ഇഷ്ടമാണോ…? അവള്‍ ഒന്നും പറഞ്ഞില്ല. ബിനു ഓറഞ്ചിന്‍റെ വില ചോദിച്ചു. പിന്നെ രണ്ടുകിലോ ആവശ്യപ്പെട്ടു. പണം പോക്കറ്റില്‍ നിന്ന് എടുത്തുകൊടുക്കുന്നതിനിടയില്‍ മറുകരം കൊണ്ട് ഓറഞ്ച് കിറ്റ് എത്സയ്ക്ക് നേരെ നീട്ടി. വീട്ടിലേക്കാ… അവിടെ അമ്മയും അനിയത്തിയുമൊക്കെ ഇല്ലേ?

എത്സ ബിനുവിന്‍റെ വിരലുകളെ സ്പര്‍ശിക്കാതെയെന്നോണം കിറ്റ് വാങ്ങി. എന്നിട്ടും അറിയാതെ അവളുടെ വിരല്‍ അവന്‍റെ വിരലുകളെ സ്പര്‍ശിക്കുക തന്നെ ചെയ്തു. കറന്‍റ് അടിക്കുന്നതുപോലെ എത്സയ്ക്ക് തോന്നി. അവിചാരിതമായിട്ടെന്നോണം ചില യാത്രകള്‍ക്കിടയിലോ മറ്റോ പുരുഷന്മാരുടെ നിരുദ്ദേശപരമായ സ്പര്‍ശനം അനുഭവിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്ത എന്തോ ഒന്ന്… അനുഭവിച്ചിട്ടില്ലാത്ത ഒന്ന്…ദൈവമേ ഇതെന്താണ്… എത്സയ്ക്ക് അതിശയം തോന്നി.

പിഎസ്സി കോച്ചിങ്ങിന് പോകുന്നുണ്ടോ…?

ബിനുവിന്‍റെ പെട്ടെന്നുള്ള ചോ ദ്യം കേട്ട് എത്സ അമ്പരന്നു.

പണ്ടത്തെ കാലമൊന്നുമല്ല നന്നായി പ്രിപ്പയര്‍ ചെയ്താലേ കിട്ടൂ… അതും ഇപ്പം ഒരുപാട് യംങ്സ്റ്റേഴ്സ് അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്… അവരോട് മത്സരിച്ച് ജയിക്കാന്‍ ഭയങ്കര പാടാ…

എത്സ തല കുലുക്കി. തന്‍റെ കാ ര്യത്തില്‍ കരുതലുള്ള ആള്‍. എത്സയ്ക്ക് അങ്ങനെയൊരു തോന്നലാണ് ഉണ്ടായത്. വീട്ടില്‍ നിന്ന് ഇതുവരെ കിട്ടാതിരുന്ന ഒന്ന്…

അവര്‍ അങ്ങനെ സംസാരിച്ചുനില്ക്കവെ റോഡിലൂടെ വിവാഹത്തിനായി പോകുന്ന അലങ്കരിച്ച വാഹനങ്ങള്‍ കടന്നുപോയി. എത്സയും ബിനുവും അത് നോക്കി നിന്നു. പിന്നെ ഒന്നും പറയാതെ പരസ്പരം നോക്കി ചിരിച്ചു. ബിനുവിന് ഉള്ളില്‍ എന്തുകൊണ്ടോ ലാഘവത്വം അനുഭവപ്പെട്ടു. പെണ്ണുകാണല്‍ ചടങ്ങ് എന്ന് പറയുമ്പോഴുണ്ടാകുന്ന കടുംപിടുത്തങ്ങളും ടെന്‍ഷനുകളും ഒന്നും ഇല്ലാതാകുന്നതുപോലെ. എത്സയ്ക്കും അങ്ങനെയാണ് തോന്നിയത്. ഇവിടേയ്ക്ക് വരുമ്പോള്‍, ബിനുവിനെ കാണുന്ന കാര്യമോര്‍ക്കുമ്പോള്‍ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ദീര്‍ഘനാള്‍ പരിചയമുണ്ടായിരുന്ന ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ..

പെട്ടെന്ന് ബിനുവിന്‍റെ മൊബൈല്‍ ശബ്ദിച്ചു. നമ്പര്‍ നോക്കിയിട്ട് ബിനു എത്സയോട് പറഞ്ഞു.

അവനാ ജോമോന്‍… എന്തായീന്ന് അറിയാന്‍ വിളിക്കുന്നതാ… ബിനു അത് പറഞ്ഞിട്ട് ഫോണ്‍ അറ്റന്‍റ് ചെയ്തു

എടാ ഫോണ്‍ വച്ചിട്ടുപോടാ… വെറുതെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകാതെ…

ജോമോന് തിരികെ പറയാന്‍ അവസരം കൊടുക്കാതെ ബിനു ഫോണ്‍ കട്ട് ചെയ്തു. എത്സയെ നോക്കി കണ്ണടച്ച് ചിരിക്കുകയും ചെയ്തു. എത്സയ്ക്കും ചിരിവന്നു.
അപ്പോഴേയ്ക്കും എത്സയുടെ ബസ് വന്നു.

എങ്കീ കയറിക്കോളൂ… ബിനു ബസിന് കരം കാണിച്ചു

ബൈക്കിനാണോ വന്നത്… അതോ കാറിനോ…? എത്സ ചോദിച്ചു.

ബിനു ഒരു നിമിഷം പരുങ്ങി.

അല്ല ബസിന്… എനിക്ക് ഡ്രൈവിങ്ങ് അറിയില്ല… പറയുമ്പോള്‍ അവന്‍റെ സ്വരത്തിന് ശബ്ദം കുറവായിരുന്നു.

അതിനെന്താ ഇനിയാണെങ്കിലും പഠിച്ചാല്‍ മതിയല്ലോ… എത്സ ചിരിച്ചുകൊണ്ട് ബസിലേക്ക് കയറി. ചവിട്ടുപടിയില്‍ നിന്നുകൊണ്ട് അവള്‍ അവന് നേരെ യാത്ര ചോദി ക്കും മട്ടില്‍ ശിരസ് ചലിപ്പിച്ചു. ബിനു ചിരിയോടെ കരമയുര്‍ത്തി. ബസ് കണ്‍വെട്ടത്തുനിന്ന് മറയുന്നതുവരെ ബിനു അത് നോക്കി നിന്നു. എത്സ… അവന്‍ ദീര്‍ഘമായി നിശ്വസിച്ചു. ഇത് പെണ്ണുകാണല്‍ ചടങ്ങായിരുന്നോ… ഇങ്ങനെയാണോ പെണ്ണുകാണല്‍ ചടങ്ങ്… ഡ്രൈവിങ്ങ് അറിയില്ലെന്ന് പറയുമ്പോള്‍ അവളുടെ മുഖത്ത് പുച്ഛഭാവമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. അല്ലെങ്കില്‍ അമ്പരപ്പ്… പക്ഷേ രണ്ടും ഉണ്ടായില്ല. പകരം പ്രോത്സാഹനം… അതിനെന്താ ഇനിയാണെങ്കിലും പഠിച്ചാല്‍ മതിയല്ലോ എന്ന്… അതൊരു നല്ല സൂചനയാണെന്ന് അവന് തോന്നി. ഒരിക്കല്‍ക്കൂടി എത്സയുടെ സ്വരം കേള്‍ക്കണമെന്ന് അവന് തോന്നി. ബിനു ഫോണ്‍ ചെയ്തു. അന്നേരം എത്സ ബസില്‍ ഓറഞ്ച് കിറ്റുമായി കമ്പിയില്‍ പിടി ച്ച് യാത്ര ചെയ്യുകയായിരുന്നു. അ പ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. കിറ്റ് വേഗം സീറ്റിലിരിക്കുന്ന ഒരു സ്ത്രീയുടെ മടിയിലേക്ക് വച്ചുകൊ ടുത്തിട്ട് എത്സ ഫോണ്‍ അറ്റന്‍റ് ചെയ്തു

ഹലോ…

സീറ്റ് കിട്ടിയോ… ബിനുവിന്‍റെ ചോദ്യം.

ഇല്ല.

ഒരു നിമിഷം നിശ്ശബ്ദത. അവന്‍ ഇനി എന്താണ് പറയുന്നതെന്ന് അവള്‍ കാതോര്‍ത്തു.

അപ്പോ സംസാരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ.

ഏയ് അതു സാരമില്ല പറഞ്ഞോ…

ഇല്ല ചുമ്മാ വിളിച്ചതാ…

എന്നാ, ഞാന്‍ വീട്ടിലെത്തിയി ട്ട് വിളിക്കാം; എത്സ പറഞ്ഞു

അപ്പോഴേയ്ക്കും സീറ്റിലിരുന്ന സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ്പെത്തിയിരുന്നു. പൊതി എത്സയ്ക്ക് കൈ മാറിയിട്ട് അവര്‍ എണീറ്റു. എത്സ ആ സീറ്റിലേക്ക് ഇരുന്നു.

ദൈവമേ എന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്? എന്താണ് സംഭവിക്കാന്‍ പോകുന്ന ത്? അവിചാരിതമായി കണ്ടുമുട്ടിയവര്‍… അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍… ഒരുപക്ഷേ ഈ ലോകത്തിലുള്ള ഭൂരിപക്ഷം സ്ത്രീപുരുഷന്മാരും ഇങ്ങനെ കണ്ടുമുട്ടിയവരായിരിക്കും. ഏതോ ഒരു നിമിഷത്തില്‍ ഇനി ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനം എടുത്തവരുമായിരിക്കും. കുടുംബജീവിതങ്ങള്‍ എല്ലാം രൂപപ്പെടുന്നത് ഇങ്ങനെയായിരിക്കുമോ… എത്സയെ യാത്ര അയച്ചിട്ട് ബിനു തിരികെ നടന്നത് പള്ളിയിലേക്കാണ്. അവന് എണ്ണയൊഴിക്കണമെന്ന് തോന്നി. ക്യൂവില്‍ നില്ക്കുമ്പോള്‍ അവന്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞിരുന്നു.

(തുടരും)

Leave a Comment

*
*