ഒരു കുടുംബകഥ കൂടി… അധ്യായം 17

ഒരു കുടുംബകഥ കൂടി… അധ്യായം 17

തോര്‍ത്ത് വാങ്ങണോ വേണ്ടയോ… ബിനു ആലോചിച്ചു. എത്സ തോര്‍ത്തു നീട്ടിനില്ക്കുകയാണ്. ഒടുവില്‍ ഏതോ വൃത്തികെട്ട വസ്തുവിനെ കൈകൊണ്ട് തൊടുന്ന മട്ടില്‍ ബിനു അത് വാങ്ങി.

കുളിമുറീ വെള്ളം വച്ചിട്ടുണ്ട്…

എത്സ അറിയിച്ചു. ബിനു അവിടേയ്ക്ക് നടന്നു. പൊട്ടിപ്പൊളിഞ്ഞ തറ… അടച്ചുറപ്പില്ലാത്ത വാതില്‍. ബീഡിപ്പുകയുടെ ഗന്ധം അവിടെ തങ്ങിനില്ക്കുന്നുണ്ടായിരുന്നു. വലിയ രണ്ടു ചരുവങ്ങളില്‍ വെള്ളം. ബിനു പാത്രത്തിലേക്ക് കയ്യിട്ടു. പെട്ടെന്ന് തന്നെ അവന്‍ പിന്‍വലിക്കുകയും ചെയ്തു. വല്ലാത്ത തണുപ്പായിരുന്നു വെള്ളത്തിന്. മലമ്പ്രദേശം ആയതുകൊണ്ടാവും ഈ നേരത്തും വെള്ളത്തിന് ഇത്രമേല്‍ തണുപ്പെന്ന് അവന് തോന്നി. വീട്ടില്‍ ഹീറ്റര്‍ ഓണാക്കി മാത്രം കുളിക്കുന്നതായിരുന്നു ബിനുവിന്‍റെ രീതി. ചെറുപ്പത്തില്‍ ആസ്തമയുടെ അസുഖം ഉണ്ടായിരുന്നതുകൊ ണ്ട് ത്രേസ്യാമ്മ അവനെ എന്നും ഇളം ചൂടുവെള്ളത്തിലാണ് കുളിപ്പിച്ചിരുന്നത്. മുതിര്‍ന്നപ്പോഴും ആ രീതിക്ക് മാറ്റമുണ്ടായില്ലെന്ന് മാത്രം. ബിനു പെട്ടെന്ന് തുമ്മി. ഈ തണുത്ത വെള്ളത്തില്‍ തനിക്ക് കുളിക്കാനാവില്ലെന്ന് അവന് മനസ്സിലായി. കയ്യിലിരുന്ന തോര്‍ത്ത്, മുറിയിലേക്ക് വന്ന അട്ടയെ മുറ്റത്തേയ്ക്ക് തോണ്ടിയെറിയുന്ന അറപ്പോടെ കുളിമുറിയുടെ വാതിലില്‍ ഇട്ടിട്ട് ബിനു പുറത്തേയ്ക്ക് ഇറങ്ങി.

ഇത്ര പെട്ടെന്ന് കുളി കഴിഞ്ഞോ? – മേരിക്കുട്ടി ചോദിച്ചു.

അതിന് മറുപടി പ്രതീക്ഷിക്കാതെയെന്നോണം അവര്‍ പറഞ്ഞു, "വാ മോനേ കാപ്പി കുടിക്കാം."

ബിനു ചിരിച്ചു. മേശപ്പുറത്ത് അവല്‍ വിളയിച്ചത്…ചെറുപഴം… അച്ചപ്പം, കുഴലപ്പം.

എന്തെങ്കിലും കഴിച്ചുവെന്ന മട്ടില്‍ ബിനു മേശയില്‍ നിന്ന് എണീറ്റുപോയി. നേരം കടന്നുപോകുന്നതായി അവന് തോന്നിയതേയില്ല. ഏക പ്രതീക്ഷ എന്ന മട്ടില്‍ ബിനു മൊബൈലെടുത്തു. ആരെയെങ്കിലും വിളിക്കണം എന്ന് അവന് തോന്നി… ആരോടെങ്കിലും സംസാരിക്കണമെന്നും… പക്ഷേ റെയ്ഞ്ച് കിട്ടിയില്ല.

മുറ്റത്ത് എവിടെയെങ്കി ലും മാറിനിന്നാല്‍ റെയ്ഞ്ച് കിട്ടുമോ… ബിനു മൊബൈലുമായി മുറ്റത്തേയ്ക്ക് ഇറങ്ങി.

"ബിനു എപ്പഴും മൊബൈലിലാണോ?" – മേരിക്കുട്ടി അടുക്കള ജോലിക്കിടയില്‍ എത്സയോട് ചോദിച്ചു

കുറേ ഫ്രണ്ട്സ് ഉണ്ടല്ലോ… ആരെങ്കിലുമൊക്കെ ഇങ്ങനെ വിളിച്ചോണ്ടിരിക്കും… എത്സ എങ്ങും തൊടാതെ മറുപടി പറഞ്ഞു.

ചേച്ചി അവിടത്തെ വിശേഷങ്ങളൊന്നും പ റഞ്ഞില്ലല്ലോ… ബിന്‍സിക്ക് അതറിയാനായിരുന്നു താല്പര്യം.

അതു ശരിയാ… ഫോണ്‍ വിളിക്കുമ്പം നിനക്കു പറയാനും ഞങ്ങള്‍ക്ക് ചോദിക്കാനും ഒരു പരിധിയൊക്കെയുണ്ടല്ലോ… എങ്ങനെയാ മോളേ നിനക്ക് അവിടെ സുഖമാണോ… അവരൊന്നും നിന്നോട് മോശമായിട്ട് പെരുമാറുന്നില്ലല്ലോ… ബിനൂന്‍റെ പെങ്ങന്മാരൊക്കെ വരാറുണ്ടോ?

ഈ അമ്മച്ചി ഒറ്റവായില്‍ എന്തൊക്കെയാ ചോദിക്കുന്നേ… ബിന്‍സി കളിയാക്കി…

നിര്‍ത്തിനിര്‍ത്തി ചോദിക്ക് എന്നാലല്ലേ ഭാവം വരൂ…

തമാശ് പറയുന്ന മട്ടില്‍ ബിന്‍സി ചിരിച്ചു. എത്സയും അതില്‍ പങ്കുചേര്‍ന്നു.

എനിക്കവിടെ സുഖമാണമ്മച്ചി…

എത്സ കൂടുതലൊന്നും പറഞ്ഞില്ല. സുഖമല്ല എന്ന് പറയാന്‍ മാത്രം സംഭവങ്ങളില്ല. അല്ലെങ്കില്‍ താന്‍ പറയുന്നത് മറ്റാര്‍ക്കെങ്കിലും മനസ്സിലാവുമോ? തന്‍റെ മനസ്സിന്‍റെ മൂടിക്കെട്ടിയ സങ്കടങ്ങള്‍… ഘനീഭവിച്ച നിരാശകള്‍… ഇല്ല. എന്നാല്‍ തനിക്ക് സന്തോഷമുണ്ടോ… പുതുപ്പെണ്ണിന്‍റേതായ ആനന്ദങ്ങളുണ്ടോ? ഇല്ല… ഇവിടെ തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ചേട്ടന്‍ എന്നോടെന്നാ ചേച്ചി ഒന്നും മിണ്ടാത്തേ? ബിന്‍സി സംശയം ചോദിച്ചു.

എനിക്ക് ആകെയുള്ള ഒരേയൊരു ചേട്ടനല്ലേ…

ഈ കഥയെഴുത്തുകാരൊക്കെ അങ്ങനെയാടീ… അവര് ആളും തരവും ഒക്കെ നോക്കിയേ മിണ്ടൂ. മേരിക്കുട്ടി തനിക്കുള്ള അറിവ് പങ്കുവച്ചു.

അത് അമ്മച്ചിക്ക് എങ്ങനെയറിയാം? ബിന്‍സി ചോദി ച്ചു.

ഓ അത് മനസ്സിലാക്കാന്‍ പ്ലസ്ടൂവരെയൊന്നും പോകണ്ടാ… മേരിക്കുട്ടി ചിരിച്ചു.

ചേച്ചി ചേട്ടായീടെ കഥയൊക്കെ വായിച്ചിട്ടുണ്ടോ…ഏതു മാസികേലാ ചേട്ടായി കഥയെഴുതുന്നത്?

എനിക്കറിയില്ല മോളേ…ഞാനൊന്നും വായിച്ചിട്ടില്ല.

ചേച്ചി എന്തൊരു ഭാഗ്യവതിയാ… അത്രേം വലിയ വീട്ടില്‍… ഇവിടെ നമ്മുടേത് എന്നാ വീടാ അല്ലേ…

ബിന്‍സി അഭിമാനത്തോടെ എത്സയെ നോക്കി. തന്‍റെ ചേച്ചി ഇപ്പോള്‍ വലിയൊരു വീട്ടില്‍… അന്തസ്സുള്ള കുടുംബത്തില്‍… ബിന്‍സി ബെറ്റ്സിയെ ഓര്‍ത്തു.

അവളിപ്പോള്‍ എവിടെയായിരിക്കുമോ… എത്ര വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിപ്പോയതാണ്… ഇനിയെന്നെങ്കിലും കാണുമോ? എവിടെയായാലും സുഖമായിരുന്നാല്‍ മതിയായിരുന്നു. ബിന്‍സി ദീര്‍ഘമായി നിശ്വസിച്ചു.

ഒന്നു പോടി… എത്ര ചെറുതായാലും നമ്മുടെ വീട് നമ്മുടെ വീട് തന്നെയാ…

എത്സ തിരുത്തി. അവള്‍ മുറ്റയ്ത്തേക്കിറങ്ങി. അകലെ മലനിരകളിലേക്ക് നോക്കി നില്ക്കുമ്പോള്‍ അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെ നോക്കിനില്ക്കുമ്പോള്‍ മനസ്സിന്‍റെ ഭാരങ്ങളെല്ലാം കുറയുന്നതുപോലെ… എത്സ നോക്കുമ്പോള്‍ റെയ്ഞ്ച് അന്വേഷിച്ച് ബിനു അവിടെയും ഇവിടെയും നടക്കുകയാണ്.

അതിന് ഇവിടെ റെയ്ഞ്ച് കാണില്ലാട്ടോ… എത്സ അറിയിച്ചു. ബിനു അതുകേട്ട് മുഖം തിരിച്ചുനോക്കി.

അവന് വലിയ നിരാശ തോന്നി. ഫെയ്സ്ബുക്കും വാട്ട്സാപ്പും ഇല്ല. ആരെയും വിളിക്കാനും പറ്റുന്നില്ല. ഏതു കമ്പനിക്ക് ആയിരിക്കുമോ ഇവിടെ സിഗ്നലുള്ളത്?

രാത്രിയെത്തി. സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി എല്ലാവരും നിരന്നു. പാപ്പച്ചന്‍ മാത്രം എത്തിയിട്ടുണ്ടായിരുന്നില്ല. അയാള്‍ വൈകുന്നേരം കവലയിലേക്ക് ഇറങ്ങിയതായിരുന്നു.

ബിനുവും ഗത്യന്തരമില്ലാതെ പ്രാര്‍ത്ഥനയ്ക്ക് ചേര്‍ന്നു. പാട്ടും സ്തുതിപ്പും… ബിനുവിന്‍റെ മനസ്സ് അപ്പോഴും അവിടെയെങ്ങും ഇല്ലായിരുന്നു.

പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് പിന്നാമ്പുറത്തു നിന്ന് ആടിന്‍റെ കരച്ചില്‍ കേട്ടത്. അസാധാരണമായ കരച്ചിലായിരുന്നു അത്.

അയ്യോ കുഞ്ഞുമോള് പ്രസവിക്കാറായെന്ന് തോന്നുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ മേരിക്കുട്ടി പറഞ്ഞു.

ഇന്നോ നാളെയോ എന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു.

ആണോ… എന്നിട്ട് അമ്മ പറഞ്ഞില്ലല്ലോ… എത്സയ്ക്ക് ഉത്സാഹം തോന്നി.

നീ കൊന്ത എത്തിച്ചോ… ബിന്‍സിക്ക് ഉത്തരവ് കൊടുത്തിട്ട് മേരിക്കുട്ടി പ്രാര്‍ത്ഥന മുഴുമിപ്പിക്കാതെ എണീറ്റു. മേരിക്കുട്ടി ധൃതിയില്‍ പിന്നാമ്പുറത്തേയ്ക്ക് പോയി ഒപ്പം എത്സയും. ആടിന്‍റെ കരച്ചിലും വെപ്രാളവും ബിനുവിന്‍റെ കാതുകളിലെത്തി… മേരിക്കുട്ടിയുടെയും എത്സയുടെയും ശബ്ദങ്ങളും. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.

ഹായ് ആട്ടിന്‍കുട്ടിയുണ്ടായി… നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയ്ക്കിടയില്‍ ബിന്‍സി പറഞ്ഞു. അവളും പെട്ടെന്ന് ചാടിയെണീറ്റ് പിന്നാമ്പുറത്തേക്ക് പോയി. മുടങ്ങിപ്പോയ പ്രാര്‍ത്ഥനയുടെ അവസാനവഴിയില്‍ വരാന്തയില്‍ ബിനു തനിച്ചായി. അല്പം കഴിഞ്ഞപ്പോള്‍ എത്സ ആട്ടിന്‍കുട്ടിയെ എടുത്ത് അതിനെ ഉമ്മ വച്ചുകൊണ്ട് മുന്‍ വശത്തേയ്ക്ക് വന്നു. ഘോഷയാത്രയെന്നോണം മേരിക്കുട്ടിയും ബിന്‍സിയും പുറകെ.

മണിക്കുട്ടീ… എത്സ ആട്ടിന്‍കുട്ടിയെ ലാളിക്കുന്നതുകണ്ടപ്പോള്‍ ബിനുവിന് അത്ഭുതം തോന്നി.

ഇപ്പോള്‍ എത്ര പ്രസരിപ്പോടെയും ഉത്സാഹത്തോടെയുമാണ് എത്സയുടെ ഇടപെടലുകള്‍. പക്ഷേ തന്‍റെ വീട്ടില്‍ ആയിരുന്നപ്പോള്‍ അവള്‍ അപരിചിതയെപ്പോലെയായിരുന്നു. വിരുന്നുകാരിയെപ്പോലെയായിരുന്നു… ഇ വിടെയെത്തിയപ്പോള്‍ ഏതോ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട തടവുപുള്ളിയുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇവിടേക്കുള്ള യാത്രയ്ക്കിടയില്‍ തോന്നിയത് ബിനുവിന്‍റെ മനസ്സിലേക്ക് വീണ്ടും കടന്നുവന്നു.

ഒരു സ്ത്രീക്ക്, ഭാര്യയ്ക്ക് എത്രയധികമാണ് മുഖങ്ങള്‍.

അവള്‍ ഭര്‍ത്താവിന് മുമ്പില്‍ ഒരു തരത്തില്‍ ഇടപെടുന്നു. അയാളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മുമ്പില്‍ മറ്റൊരു തരത്തില്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും സ്വന്തം വീട്ടിലും വീട്ടുകാര്‍ക്കിടയിലും… മുഖങ്ങളുടെ വച്ചുമാറ്റങ്ങളില്‍ സ്ത്രീകള്‍ ദശമുഖനെപ്പോലും അതിശയിപ്പിക്കുന്നു. ഇതില്‍ ഏതാണ് അവരുടെ മുഖം… ഏതാണ് അവരുടെ ഭാവം. ഏതാണ് നിത്യമായിട്ടുള്ളത്… ഏതാണ് സത്യമായിട്ടുള്ളത്? മുഖങ്ങള്‍കൊണ്ട് മാറി മാറി അവര്‍ ജീവിതം ജീവിച്ചുതീര്‍ക്കുകയാണോ… അതോ അഭിനയിച്ചുതീര്‍ക്കുകയാണോ…? ബിനുവിന് സംശയം തോന്നി.

"പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് തല ചായ്ക്കാന്‍
മണ്ണിലൊരിടമില്ല" – അപ്പോള്‍ പാപ്പച്ചന്‍റെ പാട്ട് അടുത്തടുത്തുവന്നു.

ചാച്ചന്‍ ഇന്ന് നേരത്തെയെത്തിയല്ലോ… ബിന്‍സി അഭിപ്രായപ്പെട്ടു.

അത് പിന്നെ മോനും മോളും വന്നതല്ലേ… അപ്പോ നേരത്തെ വരാതിരിക്കാന്‍ പറ്റുമോ…? അതെന്തായാലും നന്നായി… മോന് വിശക്കുന്നുണ്ടാവും… നമുക്ക് അത്താഴം കഴിക്കാം…

കൈകള്‍ രണ്ടും സാരിത്തുമ്പില്‍ തുടച്ചുകൊണ്ട് മേരിക്കുട്ടി അകത്തേയ്ക്ക് പോയി. അത്താഴത്തിനിരിക്കുമ്പോള്‍ പാപ്പച്ചന്‍ ബിനുവിനോട് ചോദിച്ചു: "മോന്‍ രണ്ടെണ്ണം വീശുന്നോ…?"

അയാള്‍ എളിയില്‍ നിന്ന് ചെറിയൊരു മദ്യക്കുപ്പി മേശയില്‍ എടുത്തുവച്ചു.

നിങ്ങളിതെന്നാ മനുഷ്യനേ കാണിക്കുന്നെ…? മേരിക്കുട്ടി ദേഷ്യപ്പെട്ടു.

നിങ്ങളോ കുടിച്ച് നശിച്ചു. ഇനി ബാക്കിയുള്ളോരെ കൂടി നശിപ്പിക്കാനാണോ ഭാവം?

ഞാന്‍ കഴിക്കാറില്ല… കൂടുതല്‍ സംസാരത്തിന് ഇടം കൊടുക്കാതെ ബിനു വ്യക്തമാക്കി.

അത് നന്നായി… കടം മേടിക്കുന്നതുപോലെയാ കുടീം… തുടങ്ങിക്കഴിഞ്ഞാ പിന്നെ രക്ഷയില്ല… പാപ്പച്ചന്‍ ഉറക്കെ ചിരിച്ചു.

മോനെന്താ ഒന്നും കഴിക്കാത്തെ… കറിയൊന്നും ഇഷ്ടപ്പെട്ടുകാണില്ലായിരിക്കും… മേരിക്കുട്ടി ബിനുവിന്‍റെ പാത്രത്തിലേക്ക് ഇത്തിരി കൂടി ചോറിടാന്‍ ഭാവിച്ചുകൊണ്ട് പറഞ്ഞു.

ഏയ് എനിക്ക് വേണ്ട… ഇതു മതി… ബിനു തടഞ്ഞു.

രാത്രിയില്‍ കുടുസുമുറിയില്‍ കട്ടിലില്‍ കിടക്കുമ്പോള്‍ ബിനുവിന് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. എത്സയെ അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ അവന്‍ ആവതും ശ്രമിക്കുന്നുണ്ടായിരുന്നു. അത് എത്സയ്ക്കും മനസ്സിലായി. അതുകൊണ്ട് അവളും അല്പം അകലം ഭാവിച്ചാണ് കിടന്നത്.

തൊട്ടടുത്ത മുറിയില്‍ നിന്ന് ആട്ടിന്‍കുട്ടി കരയുന്നത് ബിനു കേട്ടു. ആടിനെ ഇവിടെ കൂടെയാണോ കിടത്തിയുറക്കുന്നത്? അനിഷ്ടം മറച്ചുവയ്ക്കാതെ ബിനു ചോദിച്ചു.

തണുപ്പല്ലേ… ഇത്തിരി ചൂടു കൊള്ളിക്കാന്‍ വേണ്ടി അമ്മ മുറീലാ കിടത്തിയേക്കുന്നെ…

നീറിപ്പിടിച്ച ചകിരിയില്‍ നിന്ന് പുക ബിനുവിന്‍റെ മുറിയിലേക്കും വരുന്നുണ്ടായിരുന്നു.

മാത്രോല്ല വല്ല കുറുക്കനോ പട്ടിയോ വന്ന് ഉപദ്രവിക്കാതിരിക്കാനും കൂടിയാ… രണ്ടു ദിവസം മണിക്കുട്ടി വീട്ടില്‍ തന്നെയായിരിക്കും.

മനുഷ്യരും മൃഗങ്ങളുംകൂടി ഒരു മുറിയില്‍… ബിനുവിന് എത്ര ആലോചിച്ചിട്ടും അത് ദഹിച്ചില്ല. ആട്ടിന്‍ കുട്ടിയുടെ ചിണുങ്ങിയുള്ള കരച്ചില്‍ കാരണം അവന് ആ രാത്രിയില്‍ ഉറങ്ങാനും കഴിഞ്ഞില്ല. നല്ല തണുപ്പുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയെന്നായിരുന്നു അവന്‍റെ പ്രാര്‍ത്ഥന.

രാവിലെ കട്ടന്‍കാപ്പിയുമായി എത്സ വരുമ്പോള്‍ ബിനു പുതിയ വേഷത്തിലായിരുന്നു.

എവിടേയ്ക്കാ…?-എത്സ അമ്പരപ്പോടെ ചോദിച്ചു.

ഞാന്‍ പോവാ… ബിനു മുഖംതിരിക്കാതെ മറുപടി നല്കി.

എങ്ങോട്ട്?

വീട്ടിലേക്ക്…

എത്സ നടുങ്ങി.

അപ്പോ ഞാനോ…? അവള്‍ ചോദിച്ചു.

ഇഷ്ടമുള്ളപ്പോ വന്നാ മതി… വിളിച്ചുപറഞ്ഞാ വണ്ടി അയയ്ക്കാം.

എത്സയുടെ കൈയില്‍ നിന്ന് കാപ്പി പോലും വാങ്ങാതെ ബിനു ബാഗുമെടുത്ത് പുറത്തേയ്ക്ക് നടന്നു. മുറ്റത്തോ മറ്റെവിടെയുമോ അവന്‍ ആരെയും കണ്ടില്ല. എത്സ കയ്യിലെ ഗ്ലാസ് താഴത്ത് വയ്ക്കാതെ പുറകെ ചെന്നു.

പറഞ്ഞാ മതി ഞാന്‍ പോയെന്ന്… ആരോടെന്നില്ലാതെ ബിനു പറഞ്ഞു.

എത്സ അറിയാതെയെന്നോണം ശിരസ് ചലിപ്പിച്ചു.

***   ****   ***

ഒരാഴ്ച കടന്നുപോയി. എത്സയുടെ മട്ടും ഭാവവും മേരിക്കുട്ടി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവള്‍ ബിനുവിനെ വിളിക്കുന്നതോ ബിനു അവളെ വിളിക്കുന്നതോ അവര്‍ കണ്ടില്ല. അവര്‍ക്കിടയില്‍ അവര്‍ക്ക് മാത്രം അറിയാവുന്ന എന്തോ ഒന്ന് നീറിപ്പുകയുന്നുണ്ടെന്ന് മേരിക്കുട്ടിക്ക് മനസ്സിലായി. എന്നാല്‍ അതെന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല. ഓരോ ദിവസം കഴിയും തോറും മേരിക്കുട്ടിയുടെ ആധി വര്‍ദ്ധിച്ചു.

"ബിനു എന്നാ വരുന്നെ?" – ഒരു ദിവസം മേരിക്കുട്ടി ചോദിച്ചു.

"ആ…" – എത്സ നിരുന്മേഷയായി മറുപടി നല്കി.

എന്ന് പറഞ്ഞാലെങ്ങനെയാ…? മേരിക്കുട്ടിയുടെ സ്വരമുയര്‍ന്നു.

നിങ്ങള് തമ്മീ എന്നതെങ്കിലും പ്രശ്നമുണ്ടോ… ആരോടും പറയാതെയാ ബിനു ഇവിടുന്ന് പോയെ… നീയാണെങ്കീ ഒന്നും വിട്ടുതുറന്ന് പറയുന്നും ഇല്ല…

അമ്മയ്ക്ക് എന്നതാ അറിയണ്ടേ? എത്സയുടെയും സ്വരം ഉയര്‍ന്നു.

"നിങ്ങള് പിരിഞ്ഞുനില്ക്കുവാണോയെന്ന്…?" – മേരിക്കുട്ടി തുറന്നടിച്ചു ചോദിച്ചു.

എത്സ ഒന്നും പറഞ്ഞില്ല. അമ്മയുടെ മനസ്സിലെ ഭീതി അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയായ മകള്‍ വിവാഹപ്രായം കഴിഞ്ഞും അവിവാഹിതയായി നില്ക്കുമ്പോള്‍ അമ്മമാര്‍ക്കാ സങ്കടവും ആകുലതയും.

വിവാഹം കഴിപ്പിച്ചയച്ച മകള്‍ കാരണമൊന്നും വ്യക്തമാക്കാതെ രണ്ടു ദിവസത്തില്‍ കൂടുതല്‍ ഒറ്റയ്ക്ക് വന്നു നിന്നാലും അമ്മമാര്‍ക്ക് സങ്കടവും ആകുലതയും… താന്‍ വീണ്ടും ഭാരമായി മാറിയിരിക്കുകയാണോയെന്നാണ് അമ്മയുടെ ഭീതി… സംശയം…

ഇതെന്താണ് വ്യക്തമാക്കുന്നത്? പെണ്ണിന് സ്വന്തമായി ഒരിടമില്ലെന്നതോ… ജനിച്ചുവളര്‍ന്ന വീട് അവളോട് നിരന്തരം പറയുന്നത് നീ മറ്റൊരു വീട്ടില്‍ ചെന്നു ജീവിക്കേണ്ടവളാണെന്നാണ്… വിവാഹിതയായി കെട്ടിക്കയറിച്ചെല്ലുന്ന വീട് അവളോട് പറയുന്നത് ഇത് നിന്‍റെ വീടല്ല എന്നും… ഏതാണ് പെണ്ണിന്‍റെ വീട്?

വിവാഹിതയായി പോയ മകള്‍ ഏതു കാരണം കൊണ്ടായാലും പിതൃഭവനത്തില്‍ മടങ്ങിയെത്തി സ്ഥിരതാമസക്കാരിയാകുന്നത് ആരും സ്വാഗതം ചെയ്യുന്നില്ല. അവള്‍ അവിടെ ഒരിക്കലും സ്വീകാര്യയാകുന്നുമില്ല. ഓടിയൊളിക്കാന്‍ ഒരിടം പോലുമില്ലാത്തവളാണോ പെണ്ണ്? അവള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന്‍ കരുത്തില്ലാത്തിടത്തോളം കാലം അവള്‍ എന്നും ആശ്രിതയാണ്… സ്വന്തം വീട്ടുകാരുടെയും ഭര്‍ത്താവിന്‍റെയും… അവള്‍ എന്നും എല്ലാവര്‍ക്കും ഭാരവുമാണ്.

ഗതികേടുകൊണ്ടാണെങ്കിലും പിതൃഭവനത്തിലേക്ക് മടങ്ങിയെത്തുന്ന പെണ്‍കുട്ടികളുടെ മനസ്സിന്‍റെ ഭാരവും അപമാനവും ആര്‍ക്കാണ് നിശ്ചയിക്കാനാവുന്നത്? ഒരു അവകാശവും ഇല്ലാത്തവളാകുന്നു അവിടെ അവള്‍. കാരണം അവകാശം സ്ത്രീധനമായി വാങ്ങി ഒരുവന്‍റെ ഒപ്പം ഇറങ്ങിത്തിരിച്ചവളാണല്ലോ അവള്‍. തന്‍റേതല്ലാത്ത കാരണം കൊണ്ടാണെങ്കില്‍ പോലും തിരികെ വരുമ്പോള്‍ അവള്‍ സ്വന്തം ഭവനത്തില്‍ ന്യായീകരിക്കപ്പെടുന്നുമില്ല. അച്ഛനും അമ്മയും അവള്‍ക്ക് നിത്യമായ ആശ്വാസമാകുന്നില്ല. സഹോദരന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും അവള്‍ വലിയൊരു ഭാരമാകുന്നു. ഇതൊന്നും ഓര്‍ക്കാതെയല്ലേ നിസ്സാരകാരണവും വലിയ പ്രശ്നമാക്കി അവതരിപ്പിച്ച് ചില പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകുന്നത്? എത്രകാലം അവര്‍ക്കവിടെ ആശ്വസിക്കാന്‍ കഴിയും?

ഞാന്‍ പൊയ്ക്കോളാം… എത്സ ഇത്തിരിനേരം കഴിഞ്ഞ് പറഞ്ഞു.

ഞാന്‍ കാരണം അമ്മയ്ക്കോ ചാച്ചനോ ബുദ്ധിമുട്ട് ഉണ്ടാകില്ല…അതുപറയുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

മോളേ… മേരിക്കുട്ടി വിളിച്ചു.

…എന്‍റെ ദെണ്ണം നിനക്ക് മനസ്സിലാവില്ല… സ്വയം വിശദീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് മേരിക്കുട്ടി പറഞ്ഞു

എത്സ കരമുയര്‍ത്തി തടഞ്ഞു, മനസ്സിലാവും… എനിക്ക് ഒക്കെ മനസ്സിലാവും…

അവള്‍ അകത്തേയ്ക്ക് നടന്നു. താന്‍ കൊണ്ടുവന്ന ചെറിയ ബാഗിലേക്ക് അയയില്‍ നിന്ന് എന്തൊക്കെയോ കുത്തിനിറച്ചു. വേഗം ഡ്രസ് മാറി.

ഞാന്‍ പോവ്വാ ബാഗുമായി അവള്‍ വരാന്തയിലെത്തി.

ചേച്ചിയെന്താ പെട്ടെന്ന് പോകുന്നെ… ഇങ്ങനെയൊക്കെ പറയുന്നെ… ബിന്‍സി കരഞ്ഞു.

പിന്നെ ഞാനെന്നതാ മോളേ ചെയ്യണ്ടേ? എത്സയ്ക്കും കരച്ചില്‍ വന്നു.

നിന്നോട് ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞോ… മേരിക്കുട്ടി തൊണ്ട ഇടറിക്കൊണ്ട് ചോദിച്ചു.

എന്‍റെയൊരു സംശയം ഞാന്‍ ചോദിച്ചു…അത് ഇത്ര വലിയ തെറ്റായോ?

എല്ലാവരും അവരവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അവരുടെ ഭാഗത്തു തന്നെയാ അമ്മേ ശരികള്‍ മുഴുവന്‍… അതാരുടെയും കുറ്റമല്ല… ഞാന്‍ പോലും അങ്ങനെ തന്നെയാ… എന്തായാലും എനിക്ക് കയറിച്ചെല്ലാന്‍ ഇപ്പോള്‍ അവിടെയൊരു വീടുണ്ട്. അടികൊണ്ടാലും അമ്പലത്തീതന്നെ കിടക്കണമെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ ശരി… കെട്ടിച്ചുവിട്ട പെണ്ണിന് സ്വന്തം വീട്ടില്‍ നില്ക്കാന്‍ പോലും കൃത്യമായ കണക്കുകളുണ്ട്…അത് എനിക്കറിയില്ലായിരുന്നു…

മോളേ… മേരിക്കുട്ടി അബദ്ധം പറ്റിയതുപോലെ നിന്നു.

സാരമില്ല… സാരമില്ല… എത്സ തന്നോട്തന്നെ പറഞ്ഞു.

പോണോന്നുണ്ടെങ്കീ നീ പൊയ്ക്കോ… പക്ഷേ ഒറ്റയ്ക്ക് പോകണ്ട… ഞങ്ങള് കൊണ്ടുപോയി വിടാം… മേരിക്കുട്ടി തീരുമാനം വ്യക്തമാക്കി.

അങ്ങനെ പാപ്പച്ചനും മേരിക്കുട്ടിയും ബിന്‍സിയും കൂടി എത്സയുമായി ബിനുവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org