ഒരു കുടുംബകഥ കൂടി… അധ്യായം 12

ഒരു കുടുംബകഥ കൂടി… അധ്യായം 12

31വിനായക് നിര്‍മ്മല്‍

എന്നതാടീ എന്നതാ പ്ര ശ്നം?

സ്റ്റേജില്‍ എത്സ ഒറ്റയ്ക്ക് നില്ക്കുന്നതും ബിനു ഇറങ്ങിപ്പോകുന്നതും കണ്ട പാപ്പച്ചന്‍ വേഗം എത്സയുടെ അരികിലെത്തി. അയാള്‍ അടുത്തുവന്നപ്പോള്‍ മദ്യത്തിന്‍റെ മണം എത്സയ്ക്ക് അനുഭവപ്പെട്ടു. കല്യാണം കഴിയുന്നതുവരെ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. അതിന് ശേഷം അയാള്‍ക്കെവിടെ നിന്ന് കിട്ടിയോ ആവോ മദ്യം? മകളുടെ വിവാഹദിവസം പോലും മദ്യപിക്കാതിരിക്കാന്‍ ചാച്ചന് കഴിയാതെ പോയല്ലോ? എത്സയുടെ മനസ്സ് തേങ്ങി.

മേരിക്കുട്ടിയും അയാള്‍ക്കൊപ്പം സ്റ്റേജിലേക്ക് വന്നു. എത്സയ്ക്ക് ഒരുവാക്കും പുറത്തേയ്ക്ക് വന്നില്ല.

എന്നതാ മോളേ… ബിനു എങ്ങോട്ടാ പോയെ? മേരിക്കുട്ടി ചോദിച്ചു.

എത്സ അപ്പോഴും ഒന്നും പറഞ്ഞില്ല… സങ്കടം അവളുടെ എല്ലാ വാക്കുകളെയും വിഴുങ്ങിക്കളഞ്ഞിരുന്നു.

എന്നതാ അമ്മച്ചി ഇവിടുണ്ടായെ…? സമീപത്തു നില്ക്കുകയായിരുന്ന ത്രേസ്യാമ്മയോട് മേരിക്കുട്ടി ചോദിച്ചു. ആ ചോദ്യത്തെ അപ്പോള്‍ ത്രേസ്യാമ്മ ഭയക്കുകതന്നെ ചെയ്തു. കരുതിവച്ചിരുന്ന ധൈര്യമെല്ലാം ചോര്‍ന്നുപോയതുപോലെ… എന്നിട്ടും അവസാനശ്രമമെന്ന മട്ടില്‍ സ്വയം ആശ്വസിപ്പിക്കാനുള്ള ശ്രമമെന്ന രീതിയില്‍ ത്രേസ്യാമ്മ പറഞ്ഞു

ഓ… അവനിപ്പം വരും… നിസ്സാരതയോടെയായിരുന്നു തുടക്കം. പക്ഷേ അടുത്തവാചകത്തില്‍ ത്രേസ്യാമ്മ പതറി… എത്ര ശ്രമിച്ചിട്ടും അതിനെ നിസ്സാരവല്ക്കരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.

…ആ ജോമോനുണ്ടല്ലോ റോസ്മേരിയുടെ ഭര്‍ത്താവ്… അവന്‍ ഇന്നലെ… ത്രേസ്യാമ്മയുടെ വാക്കുകളെ കരച്ചില്‍ വിഴുങ്ങി.

എന്‍റെ മാതാവേ… മേരിക്കുട്ടി നെഞ്ചില്‍ കൈവച്ചുപോയി.

…ഇവിടെയൊരു ചടങ്ങ് ഇങ്ങനെ നടന്നോണ്ടിരിക്കുമ്പം അവന്‍ അങ്ങോട്ടാണോ പോയെ? മേരിക്കുട്ടി ചോദിച്ചു.

ആ പ്രതികരണത്തിന് മുമ്പില്‍ ഇപ്പോള്‍ വല്ലാതെയായത് ത്രേസ്യാമ്മയായിരുന്നു. എന്‍റെ മാതാവേ എന്ന നിലവിളി കേട്ടപ്പോള്‍ ത്രേസ്യാമ്മ ആദ്യം കരുതിയത് അപകടവാര്‍ത്ത മേരിക്കുട്ടി അറിഞ്ഞുകാണില്ല എന്നായിരുന്നു. അടുത്ത നിമിഷംതന്നെ ത്രേസ്യാമ്മ ഓര്‍ത്തെടുത്തു അക്കാര്യം അവിടെ അറിയിച്ചിരുന്നുവല്ലോയെന്ന്. പക്ഷേ ഇപ്പോള്‍ ജോമോന്‍ മരിച്ചതിനെക്കാളേറെ മേരിക്കുട്ടിയെ വിഷമിപ്പിച്ചത് ആഘോഷങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് ബിനു അവിടേയ്ക്ക് പോയതാണ്. വിവാഹദിവസം ആരെങ്കിലും ചെയ്യുന്ന പണിയാണോ അത്? അതായിരുന്നു മേരിക്കുട്ടിയുടെ സംശയം.

മരിച്ചവര്‍ പോയി… അവരെ പിടിച്ചുനിര്‍ത്താനൊന്നും പറ്റില്ലല്ലോ… പക്ഷേ അവന്‍ ആ ബിനു ഇപ്പം കാണിച്ചത് പോക്രിത്തരമല്ലേ…? പാപ്പച്ചന്‍റെ ശബ്ദമുയര്‍ന്നു.

ചാച്ചാ… പതുക്കെ…

എത്സ അപേക്ഷിച്ചു.

വിരുന്നുകാരുടെ ശ്രദ്ധ മുഴുവന്‍ സ്റ്റേജിലേക്കായി.

ഇനി ചടങ്ങ് എന്തെല്ലാം ബാക്കികിടക്കുന്നു… ഗൃഹപ്രവേശം എങ്ങനെ നടത്തും? അവനിനി എപ്പം വരും? ഈ പെണ്ണിനെ ഇനി എന്നാ ചെയ്യും? എത്സയുടെ കരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പാ പ്പച്ചന്‍ ചോദിച്ചു.

അപ്പോഴേയ്ക്കും പാപ്പച്ചന്‍റെ ചേട്ടാനുജന്മാരും സ്റ്റേജിലേക്ക് കയറിവന്നു.

എല്ലാവരെയും മദ്യം മണക്കുന്നുണ്ടായിരുന്നു. എത്സ വല്ലാതെയായി. കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് അവളുടെ മനസ്സ് പറഞ്ഞു. ഇവിടെ ആരെന്തുപറഞ്ഞാലും അതെല്ലാം പ്രതികൂലമായി ബാധിക്കുന്നത് തന്നെ മാത്രമാണെന്ന് അവള്‍ക്കറിയാമായിരുന്നു.

എന്‍റെ ഈശോയേ എന്‍റെയൊരു തലേവര ഇങ്ങനെയായിപ്പോയല്ലോ? അവള്‍ പരിതപിച്ചു.

എന്നതാ ചേട്ടാ ഇവിടെ പ്രശ്നം…? പാപ്പച്ചന്‍റെ ബന്ധുക്കള്‍ അന്വേഷിച്ചു.

പാപ്പച്ചന്‍ അവരോട് കാര്യം വിശദീകരിച്ചു.

ശരിയാ മരിച്ചതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്…പക്ഷേ ഈ ചെയ്തത് ശരിയായോ? അതും ആരോടും പറയാതെ അവന്‍ പോയത്… അവന്‍ ആരാണെന്നാ അവന്‍റെ വിചാരം?

പാപ്പച്ചന്‍റെ അനുജന്‍ ദേവസ്യാച്ചന്‍റെ ശബ്ദമുയര്‍ന്നു.

അവന്‍ ഇപ്പം വരും… പതുക്കെ പറ… മറ്റുള്ളവര് അറിയണ്ട… ത്രേസ്യാമ്മ കാലുപിടിക്കാനുള്ള ഭാവത്തിലായിരുന്നു.

ഓ പിന്നേ ഇതൊന്നും ആരും അറിഞ്ഞില്ലെന്നാണോ പെണ്ണുമ്പിള്ളേ നിങ്ങടെ വിചാരം…? പാപ്പച്ചന്‍റെ ചേട്ടന്‍ ആന്‍റണിയുടെയായിരുന്നു ആ ചോദ്യം.

പെണ്ണുമ്പിള്ള… ത്രേസ്യാമ്മ പല്ലിറുമ്മി. മറ്റേതെങ്കിലും ഒരവസരത്തിലായിരുന്നുവെങ്കില്‍ അയാള്‍ ത്രേസ്യാമ്മയുടെ വായില്‍ നിന്ന് നല്ലതു കേള്‍ക്കുമായിരുന്നു. ഇപ്പോള്‍ തെറ്റ് തങ്ങളുടെ ഭാഗത്തുമുണ്ട്. അത് നിഷേധിക്കാതിരിക്കാന്‍ ത്രേസ്യാമ്മയ്ക്ക് കഴിയില്ല.

ചെറുക്കനും പെണ്ണും വീട്ടില്‍ ചെന്നു കയറിയതിന് ശേഷം മാത്രം ജോമോന്‍റെ കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു ത്രേസ്യാമ്മയുടെ തീരുമാനം. അതുവരെ ഏതെങ്കിലുമൊക്കെ തരത്തില്‍ ബിനുവിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. പക്ഷേ എല്ലാം കളഞ്ഞുകുളിച്ചില്ലേ…

ത്രേസ്യാമ്മ എത്സയെ നോക്കി. ഒന്നും ചെയ്യാന്‍ കഴിയാതെ വളരെ നിസ്സഹായയായി നില്ക്കുകയാണ് അവള്‍… ആ നോട്ടവും നില്പും കണ്ടപ്പോള്‍ ത്രേസ്യാമ്മയുടെ മനസ്സില്‍ അവളോട് സഹതാപം തോന്നി. ഇങ്ങനെയൊന്നും ആകുമെന്ന് വിചാരിച്ച് പറഞ്ഞതാവില്ലല്ലോ അവള്‍. എന്നാല്‍ സംഭവിച്ചത് എന്താണ്?

മര്യാദയ്ക്ക് സംസാരിക്കണം കേട്ടോ..

സോജനെ അതിനിടയില്‍ ആ ശബ്ദത്തിനൊപ്പമാണ് ത്രേസ്യാമ്മ കണ്ടത്. ആന്‍റണിയുടെ നേരെ വിരല്‍ചൂണ്ടിയായിരുന്നു സോജന്‍റെ താക്കീത്.

ആരാ എന്നതാ എന്നൊന്നും നോക്കാതെ ചന്തേല്‍ പറേന്ന വര്‍ത്താനം ഞങ്ങളോട് പറയരുത്.

സോജന്‍ നല്ല ദേഷ്യത്തിലായിരുന്നു.

അതു ശരി നീ കേട്ടില്ലേ നിന്‍റെ മരുമകന്‍റെ ചേട്ടന്‍ ഞങ്ങളെ വിളിച്ചത്… ഞങ്ങള് ചന്തയാണെന്ന്…

ആന്‍റണി പാപ്പച്ചനോട് പരാതി പറഞ്ഞു.

വിളിച്ചുവരുത്തി ഞങ്ങളെ നീ നാണം കെടുത്തുകയാണോടാ… ആന്‍റണി ചോദിച്ചു.

അട്ടേ പിടിച്ചു മെത്തേല്‍ കെടത്തിയാ കെടക്കില്ലല്ലോ… അതാണല്ലോ ഇപ്പോ കണ്ടോണ്ടിരിക്കുന്നത്? അല്ലാതെ പിന്നെ ഞാന്‍ നിങ്ങളോടൊക്കെ എന്നതാ പറയണ്ടേ? സോജന്‍ ഇരുകരങ്ങളും മലര്‍ത്തിക്കൊണ്ട് ചോദിച്ചു.

ഞങ്ങള് എന്നതാ ഏതാ എന്നൊക്കെ അറിഞ്ഞോണ്ടാണല്ലോ ഈ കല്യാണത്തിന് സമ്മതിച്ചത്… പിന്നെയെന്നാത്തിനാ ഇപ്പോ ഇതൊക്കെ പറയുന്നെ? പാപ്പച്ചന്‍ ചോദിച്ചു.

തൃപ്തിയായില്ലേടീ നിനക്ക്… ഞാന്‍ അന്നേ നിന്നോട് പറഞ്ഞതാ കൊക്കിനൊതുങ്ങുന്നതേ കൊത്താവൂ എന്ന്… അപ്പോ കേട്ടില്ല… ഇപ്പോ അനുഭവിച്ചോടീ… അനുഭവിച്ചോ…

പാപ്പച്ചന്‍ തന്‍റെ ദ്വേഷ്യം മുഴുവന്‍ മേരിക്കുട്ടിയോട് തീര്‍ത്തു. മേരിക്കുട്ടി തല കു നിച്ചു.

നിങ്ങള് വലിയ തറവാടികള്… എന്നിട്ട് ലോകത്ത് എവിടെയെങ്കിലും നടക്കുന്നതാണോടാ ഇവിടെ സംഭവിച്ചേ? ദേവസ്യാച്ചന്‍ സോജനോട് ചോദിച്ചു.

പെണ്ണിനെ താലികെട്ടി കൊണ്ടുവന്നിട്ട് അവളോട് പോലും ഒരു വാക്കു പറയാതെ അവന്‍ പോയേക്കുന്നു… ഇനി അവന്‍ എപ്പം വരും, എങ്ങോട്ട് വരും… അത് വല്ലതും നിങ്ങള്‍ക്കറിയാമോ… ഈ പെണ്ണിനെ ഇവിടെ നിര്‍ത്തിയിട്ട് ഞങ്ങള് പോണോ… നാട്ടുനടപ്പ് അനുസരിച്ച് ഇനി എന്തെല്ലാം ചെയ്യാന്‍ കിടക്കുന്നു… അത് വല്ലതും ഇന്ന് നടക്കുമോ… ഇതാണോ നിങ്ങളുടെ തറവാടിത്തം? ഇന്ന് ഇതാണ് അവന്‍ ചെയ്തതെങ്കില്‍ നാളെ അവന്‍ ഞങ്ങടെ കൊച്ചിനോട് എന്തെല്ലാം ശോഭകേടാ കാട്ടിക്കൂട്ടാന്‍ പോവുന്നേ? ഞങ്ങടെ പാവം കൊച്ച്… ദേവസ്യാച്ചന്‍ മദ്യലഹരിയില്‍ വിങ്ങിപ്പൊട്ടിക്കരയാന്‍ തുടങ്ങി.

സോജന്‍ പല്ല് ഞെരിച്ചുകൊണ്ട് ത്രേസ്യാമ്മയെ നോക്കി.

അമ്മച്ചി തന്നെ ഇതിനുള്ള സമാധാനം പറയ്… അമ്മച്ചി കൊണ്ടുവന്ന ആലോചനയല്ലേ…? എനിക്കീ സംസ്കാരമില്ലാത്തവരോട് സംസാരിക്കാനറിയില്ല. സോജന്‍ വല്ലാത്ത അസ്വസ്ഥത ഭാവിച്ചു.

പെട്ടെന്ന് ആന്‍റണി സോജന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ കയറിപിടിച്ചു.

നീ കുറേ നേരമായല്ലോടാ ഞങ്ങളെ അപമാനിക്കാന്‍ തുടങ്ങീട്ട്… നീ ആരാന്നാ നിന്‍റെ ഭാവം… നിന്‍റെയത്ര പണോം പത്രാസും ഇല്ലേലും ഞങ്ങളും കുടുംബത്തില്‍ പിറന്നവര് തന്നെയാടാ..

സോജന്‍ പതറിപ്പോയി.ഇങ്ങനെയൊരു നീക്കം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. താന്‍ അപമാനിതനായതുപോലെ അയാള്‍ക്ക് തോന്നി.

എന്‍റെ അളിയന്‍റെ ദേഹത്ത് തൊടാറായോടാ നീ…?

ദേവസ്യാച്ചന്‍റെ കവിളത്ത് അടി വീണത് പെട്ടെന്നായിരുന്നു. ലിസിയുടെ ആങ്ങള ഷിബുവായിരുന്നു അത്.

ഇപ്പോള്‍ സോജന്‍ ശരിക്കും നടുങ്ങി. തന്‍റെ അളിയന്മാര്‍ക്ക് തന്നോട് ഇത്ര സ്നേഹമോ എന്നാണ് സോജന്‍ അമ്പരന്നത്.

വാടാ… ഇവന്മാരെ ഒറ്റയൊരെണ്ണത്തെ വെറുതെ വിടരുത്. ഷിബു വിരുന്നുമേശകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു

വാടാ ഇവന്മാരെ നമുക്കിന്ന് ഒരുപാഠം പഠിപ്പിക്കണം… ദേവസ്യാച്ചന്‍ തന്‍റെ കൂട്ടരോട് വിളിച്ചുപറഞ്ഞു.

പിന്നെ കണ്ടത് കടന്നല്‍ക്കൂട് ഇളകുന്നതുപോലെ ഒരു സംഘം ആളുകള്‍ സ്റ്റേജിലേക്ക് ഇരച്ചുവരുന്നതാണ്.

അയ്യോ എന്നതാ ഇത്… ത്രേസ്യാമ്മ വിലപിച്ചു.

തടസ്സം നില്ക്കാനും അരുത് പറയാനും ഭാവിച്ചുകൊണ്ട് ത്രേസ്യാമ്മ അവര്‍ക്കിടയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു.

അമ്മച്ചി ഇങ്ങ് വാ… പെട്ടെന്ന് എത്സ ത്രേസ്യാമ്മയെ പിന്നിലേക്ക് വലിച്ചുനീക്കി. അവള്‍ കരയുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഒരു പെണ്ണിനും ഇങ്ങനെയൊരു ദിവസം ഉണ്ടാവരുതേയെന്ന് അവള്‍ ആ നിമിഷവും പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

സംഘം ചേര്‍ന്ന് അടി നടക്കുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ത്രേസ്യാമ്മയ്ക്കും എത്സയ്ക്കും പ്രതിരോധം തീര്‍ത്തു.

പോലീസിനെ വിളിക്ക്…

ആരോ അതിനിടയില്‍ വിളിച്ചുപറഞ്ഞു.

ഈ സമയം ബിനു ജോമോന്‍റെ വീട്ടിലെത്തിയിരുന്നു. മുറ്റത്തും വഴിയിലും കൂടി നില്ക്കുന്ന ആളുകള്‍… വാഹനങ്ങള്‍…

എന്നതാടാ ഇത്… ബിനു വണ്ടിയില്‍ നിന്നിറങ്ങാതെ പരിസരം വീക്ഷിച്ചുകൊണ്ട് വൈശാഖിനോട് ചോദിച്ചു. യാത്രയില്‍ വൈശാഖ് ബിനുവിനോട് സംഭവിച്ചതെന്തെന്ന് വിശദീകരിച്ചിരുന്നില്ല. പറയാന്‍ അവന് ത്രാണിയുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. അഹിതകരമായത് എന്തോ സംഭവിച്ചു എന്ന് ബിനു മനസ്സിലാക്കിയിരുന്നു. പക്ഷേ അത് അംഗീകരിച്ചുകൊടുക്കാന്‍ അവന് മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ട് അവന്‍ വൈശാഖിനോടും ഒന്നും ചോദിച്ചിരുന്നില്ല.

പെട്ടെന്ന് ഒരു ഫ്ളക്സ് ബോര്‍ഡ് ബിനുവിന്‍റെ കണ്ണില്‍ പെട്ടു.

ആദരാഞ്ജലികള്‍!

ജോമോന്‍റെ ചിരിക്കുന്ന മുഖം… അപ്പോള്‍ വീശിയ കാറ്റില്‍ കറുത്ത തിരശ്ശീല ജോമോന്‍റെ മുഖത്തേയ്ക്ക് പാറിവീണു.

എടാ ജോമോന്‍… ബിനു അലറിക്കരഞ്ഞു.

പോയെടാ… പോയി നമ്മുടെ ജോമോന്‍… പെട്ടെന്ന് വൈശാഖ് ബിനുവിനെ കെട്ടിപ്പിടിച്ചു.

ലോകം അവസാനിക്കുന്നതുപോലെ ബിനുവിന് അനുഭവപ്പെട്ടു. ഭ്രമണപഥങ്ങളില്‍ നിന്ന് തെറിച്ചുപോയ ഏതോ ഒരുഗ്രഹമാണ് താന്‍ എന്ന് അവന് തോന്നി. ഇനി മേല്‍ ജോമോന്‍ ഇല്ലാത്ത ലോകം.. അതെത്ര ഭീകരമായിരിക്കും.

ബിനു… ജോമോന്‍റെ മറ്റ് സുഹൃത്തുക്കള്‍ അപ്പോള്‍ അവിടേയ്ക്ക് വന്നു. ആര്‍ക്കും എന്താണ് ബിനുവിനോട് പറയേണ്ടതെന്ന് അറിയില്ല.

സുഹൃത്തുക്കള്‍ ഡോര്‍ തുറന്നുകൊടുത്തു. ബിനു യാന്ത്രികമെന്നോണം പുറത്തേക്ക് ഇറങ്ങി. സുഹൃത്തുക്കള്‍ അവനെ ഇരുവശങ്ങളിലും താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഒരു ആംബുലന്‍സ് ശബ്ദമുണ്ടാക്കി മുറ്റത്തേക്ക് വന്നു. അതിന്‍റെ പിന്‍ വാതിലുകള്‍ തുറക്കപ്പെട്ടു.

ജോമോന്‍റെ മൃതദേഹം പുറത്തേയ്ക്ക് ആരൊക്കെയോ ചേര്‍ന്നെടുത്തു. ഹൃദയം പൊടിയുന്ന വേദനയോടെ ബിനു അത് നോക്കി നിന്നു. ബിനുവിന്‍റെ കണ്‍മുമ്പിലൂടെ മൃതദേഹം അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. ബിനു അവനെ കൈനീട്ടി തൊടാന്‍ ശ്രമിച്ചു. പക്ഷേ ആളുകള്‍ അവന് വിഘാതമായി.

റോസ്… ബിനു വൈശാഖിനോട് ചോദിച്ചു

ഹോസ്പിറ്റലിലാ… ക്രിട്ടിക്കല്‍ സ്റ്റേജ് കഴിഞ്ഞു…

വൈശാഖ് പറഞ്ഞു. ബിനു ദീര്‍ഘമായി നിശ്വസിച്ചു. ജോമോന്‍ പോയി… റോസ്മേരി ജീവിച്ചിരിക്കുന്നു. ഭാഗ്യമെന്നാണോ നിര്‍ഭാഗ്യമെന്നാണോ ഇതിനെ വിളിക്കേണ്ടത്? ബിനു ആലോചിച്ചു.

അത്രമേല്‍ സ്നേഹിച്ചിരുന്നവരായിരുന്നു അവര്‍… സൗഹൃദത്തിന്‍റെ സ്വര്‍ണ്ണനൂലിഴകളായിരുന്നു ഭാര്യാഭര്‍ത്തൃബന്ധത്തേക്കാള്‍ അവര്‍ക്കിടയിലുണ്ടായിരുന്നത്. ഇടയ്ക്കിടെ അവര്‍ കാമുകീകാമുകന്മാരെപോലെ എടാ എന്നും നീയെന്നും വിളിച്ചു. മറ്റ് ചിലപ്പോള്‍ ഉത്തമദാമ്പത്യത്തിന്‍റെ പീഠത്തില്‍ കൊളുത്തിവയ്ക്കപ്പെട്ട വിളക്കുകളെപോലെ പരസ്പരബഹുമാനത്തിന്‍റെയും ആദരവിന്‍റെയും വിളക്കുകളായി പ്രശോഭിച്ചു. ജീവിതം ഇത്രയുമേയുള്ളോ? ഒരുമിച്ചൊരു വഴിക്ക് ഇറങ്ങിത്തിരിച്ചിട്ട് പാതിവഴിയില്‍ രണ്ടായി പിരിഞ്ഞുപോയവര്‍. ജോമോനും റോസ്മേരിയും. ഓരോ ഇണയും ഇങ്ങനെ ഓരോ വഴികളില്‍ വച്ച് വേര്‍പിരിയേണ്ടവരാണെന്നോ?

പെട്ടെന്ന് ബിനുവിന് എത്സയെ ഓര്‍മ്മവന്നു. താന്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ചോര്‍മ്മ വന്നു. അവന്‍ തന്‍റെ ഡ്രസിലേക്ക് നോക്കി…

വിവാഹവേഷം… ഇന്ന് തന്‍റെ വിവാഹമായിരുന്നു… ഇന്നാണ് തന്‍റെ ജോമോന്‍ തന്നെ വിട്ടുപോയ ദിവസം.

കല്യാണത്തിന് മുമ്പീ തന്നെ കാണില്ലേടാ നീ? ആഴ്ചകള്‍ക്ക് പിന്നിലെന്നോ താന്‍ ചോദിച്ച അല്പം ദേഷ്യം കലര്‍ന്ന ചോദ്യം ബിനുവിന്‍റെ കാതുകളില്‍ മുഴങ്ങി.
കാണുമെടാ… മുമ്പീ തന്നെ കാണും. കാണിച്ചുതരാമെടാ…

അതേ നാണയത്തിലുള്ള ജോമോന്‍റെ മറുപടി. അതും ബിനുവിന്‍റെ കാതുകളില്‍ മുഴങ്ങി.

എന്നിട്ട് ഇപ്പോള്‍… ബിനുവിന്‍റെ കണ്ണുനിറഞ്ഞു.

അവന്‍ ജോമോന്‍റെ മൃതദേഹത്തിന്‍റെ അരികിലെത്തി.

ജോമോന്‍റെ മുഖത്ത് യാതൊരു പരിക്കുകളുമില്ലായിരുന്നു. പതിവുപോലെയുള്ള പുഞ്ചിരി… ഉറങ്ങിക്കിടക്കുന്ന ഭാവം.

ജോമോനേ… ബിനു സ്വരം താഴ്ത്തി വിളിച്ചു അവന്‍റെ കൈകള്‍ ജോമോന്‍റെ കവിള്‍ത്തടം തലോടി…

ബിനു സ്ഥലകാലബോധം നഷ്ടപ്പെട്ടാണോ നില്ക്കുന്നതെന്ന് മറ്റുള്ളവര്‍ സംശയിച്ചു.

കണ്ടോടാ നീ എന്നെ… ബിനു സ്വന്തം വസ്ത്രം തൊട്ടുകാണിച്ചുകൊണ്ട് ചോദിച്ചു.

നിനക്കല്ലായിരുന്നോ ധൃതി… നിനക്കല്ലായിരുന്നോ ഏറ്റവും ആവേശം… എനിക്കൊരു കുടുംബമുണ്ടായിക്കാണാന്‍… എന്നിട്ട്… എന്നിട്ട് നീയതൊന്നും കാണാന്‍ നില്ക്കാതെ പൊയ്ക്കളഞ്ഞില്ലേടാ..

ബിനുവിന്‍റെ സ്വരം ഉയര്‍ന്നു.

ബിനൂ… വൈശാഖ് ബിനുവിനെ അവിടെ നിന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

നീ ഇങ്ങ് വാ…

ഞാന്‍ വരുന്നില്ല… ഞാന്‍ വരുന്നില്ല… വാശിപിടിച്ച വിധത്തിലായിരുന്നു ബിനുവിന്‍റെ പ്രതികരണം.

അതല്ലെടാ… പോലീസ് സ്റ്റേഷനീന്ന് ഇപ്പോ വിളിച്ചായിരുന്നു. വൈശാഖ് മടിച്ചുമടിച്ചു പറഞ്ഞു.

പോലീസ് സറ്റേഷനീന്നോ… എന്തിന്… ആക്സിഡന്‍റുമായി ബന്ധപ്പെട്ട കാര്യത്തിനാണോ? ബിനു സംശയിച്ചു.

അല്ലെടാ… അത് എങ്ങനെ അവതരിപ്പിക്കണം എന്ന് വൈശാഖും മടിച്ചു

…അവിടെ പള്ളീ വച്ച്… റിസപ്ഷനില്‍ ചെറിയ പ്രശ്നം.. ചെറിയ കശപിശ… പാരീഷ് ഹാളായതോണ്ട് ആരോ പോലീസിനെ വിളിച്ചു…

ബിനുവിന്‍റെ നെറ്റി ചുളിഞ്ഞു.

എന്തു കശപിശ?

അടിയോപിടിയോ… അങ്ങനെയെന്തോ…

ആരു തമ്മില്‍?

അതൊന്നും കൃത്യമായിട്ട് എനിക്കും അറിയില്ല… നീ പോന്നതാ പ്രശ്നമായത്…

ഞാന്‍ പോരാതെ പിന്നെ? ഇവിടെ എന്‍റെ ജോമോന്‍… അവനെന്തുപറ്റിയെന്നുപോലും അറിയാതെ…

നീ നോക്കുമ്പോ നിന്‍റെ ഭാഗം ക്ലിയറാ… പക്ഷേ അവരു നോക്കുമ്പം… അവരുടെ ഭാഗവും ക്ലിയറാ… കല്യാണചെറുക്കന്‍ കല്യാണം കഴിഞ്ഞ ഉടനെ പെണ്ണിനെ പോലും കൂട്ടാതെ എങ്ങോട്ടോ ഇറങ്ങിപ്പോവുകയെന്നുവച്ചാല്‍…

ഈ നശിച്ച കല്യാണമാണ് എല്ലാറ്റിനും കാരണം… വേണ്ട വേണ്ട എന്ന് പറഞ്ഞ് ഞാന്‍ മാറിനടക്കുവല്ലായിരുന്നോ ഇതുവരെ… സമ്മതിച്ചില്ല ഒറ്റയൊരെണ്ണം… എന്നിട്ടോ… ഇപ്പോ കണ്ടില്ലേ… ബിനു ദ്വേഷ്യപ്പെട്ടു.

ബിനൂ… അവന്‍റെ ഭാവമാറ്റം വൈശാഖിനെ അത്ഭുതപ്പെടുത്തി.

…നീയെന്താ ഇങ്ങനെയൊക്കെ പറയുന്നെ… കല്യാണം കഴിഞ്ഞതാണോ ഇപ്പോ പ്രശ്നമായത്…?

അതെ, ഈ കല്യാണമില്ലായിരുന്നുവെങ്കില്‍ ഇപ്പോ നമുക്ക് നമ്മുടെ ജോമോനെ നഷ്ടപ്പെടുമായിരുന്നോ…?

വൈശാഖിന് മറുപടി നല്കാന്‍ കഴിഞ്ഞില്ല. അടുത്ത നിമിഷം അവന്‍ പറഞ്ഞു: എന്തായാലും ഇപ്പോ നീ സ്റ്റേഷനിലേക്ക് പോണം. അവിടെ എല്ലാവരുമുണ്ട്… അമ്മച്ചീം എത്സേം ഉള്‍പ്പെടെ എല്ലാവരും. നീ ചെന്നെങ്കില്‍ മാത്രമേ എല്ലാവരേം വിടൂ എന്നാ എസ്ഐ പറയുന്നെ.

ബിനു അതുകേട്ട് നടുങ്ങി. അമ്മച്ചി പോലീസ് സ്റ്റേഷനില്‍…!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org