ഒരു കുടുംബകഥ കൂടി… അധ്യായം 19

ഒരു കുടുംബകഥ കൂടി… അധ്യായം 19

വിനായക് നിര്‍മ്മല്‍

ഉച്ച.

കട്ടിലില്‍ ഭിത്തിക്ക് അഭിമുഖമായി കിടക്കുകയായിരുന്നു എത്സ. അവളുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.

അമ്മച്ചി പറഞ്ഞതുകൊണ്ട്… അമ്മച്ചി പറഞ്ഞതുകൊണ്ടു മാത്രാ ഞാന്‍ നിന്നെ വിവാഹം കഴിച്ചത്… ബിനുവിന്‍റെ വാക്കുകള്‍ തിരമാലപോലെ ആര്‍ത്തലച്ചുവരുന്നത് എത്സ അറിഞ്ഞു.

വിവാഹം മറ്റാര്‍ക്കെങ്കിലും വേണ്ടിയുള്ള ഉടമ്പടിയാണോ…? എത്സ അതേക്കുറിച്ചാണ് ആലോചിച്ചത്. പൂര്‍ണ്ണമനസ്സോടെയും മറ്റാരുടെയും നിര്‍ബന്ധമില്ലാതെയുമാണ് ഒരാള്‍ വിവാഹം കഴിക്കേണ്ടത്… വിവാഹ സമയത്തെ വാഗ്ദാനങ്ങള്‍ പോലും അതോര്‍മ്മിപ്പിക്കുന്നുണ്ട്…

എന്നിട്ടും ബിനു പറയുന്നത് കേട്ടില്ലേ; അമ്മയ്ക്ക് വേണ്ടി…

ബിനുവിന് തന്നെ സ്നേഹിക്കാന്‍ കഴിയില്ലെന്ന് അവള്‍ക്ക് മനസ്സിലായി. ആ ഓര്‍മ്മയില്‍ അവള്‍ വിങ്ങിപ്പൊട്ടി. മനസ്സിലാവുന്നുണ്ട് ഇപ്പോള്‍ ബിനുവിന്‍റെ ഓരോ ഇടപെടലിനും പിന്നില്‍ എന്തായിരുന്നുവെന്ന്. സ്നേഹമില്ലെങ്കില്‍ ദാമ്പത്യബന്ധം ഒന്നുമല്ല… സ്നേഹമില്ലെങ്കില്‍ ഹൃദയബന്ധങ്ങള്‍ ഉണ്ടാവുകയില്ല.. തങ്ങള്‍ക്ക് അടുക്കാന്‍ കഴിയാത്തത് തങ്ങള്‍ക്കിടയില്‍ ഹൃദയബന്ധം രൂപപ്പെടാത്തതുകൊണ്ടാണ്.

ആദ്യമായി അന്ന് ബിനുവിനെ ദേവാലയത്തില്‍ വച്ച് കണ്ടുമുട്ടിയതിന്‍റെ ഓര്‍മ്മ എത്സയിലേക്ക് കടന്നുവന്നു. തന്നെ പരിഗണിക്കുന്ന ഒരാള്‍… അങ്ങനെയൊരു തോന്നല്‍ അന്നുണ്ടായിരുന്നു. പക്ഷേ ആ തോന്നല്‍ ശരിയായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. അല്ലെങ്കില്‍ ആ തോന്നല്‍ എവിടെ വച്ചോ നഷ്ടപ്പെട്ടിരിക്കുന്നു.

എങ്ങനെയാണ് അത് നഷ്ടമായത്? എത്സ ആലോചിച്ചു.

അപ്പോള്‍ വാതില്ക്കല്‍ മുട്ടുകേട്ടു.

ആദ്യം തന്‍റെ തോന്നലായിരിക്കുമെന്ന് അവള്‍ക്ക് തോന്നി. പിന്നെ മനസ്സിലായി അതല്ല എന്ന്… അവള്‍ കണ്ണുംമുഖവും തുടച്ചുകൊണ്ട് എണീറ്റു. അപ്പോള്‍ കട്ടിലില്‍ വച്ചിരുന്ന പുസ്തകം അവളുടെ കാല്‍തട്ടി നിലത്തേയ്ക്ക് വീണു. ബിനുവിന്‍റെ പുസ്തകങ്ങളുടെ ശേഖരത്തില്‍ നിന്ന് വായിക്കാനെടുത്തതായിരുന്നു അത്. എത്സയ്ക്ക് അത്ര സുദീര്‍ഘമായ വായനയുടെ പാരമ്പര്യം ഉണ്ടായിരുന്നില്ല. പിഎസ്സിയുടെ പരീക്ഷയ്ക്ക് വേണ്ടിയുള്ള വായനയ്ക്കപ്പുറം അവളുടെ വായനയില്‍ ഒരിക്കലും സാഹിത്യസംബന്ധമായ ഒന്നും ഉണ്ടായിരുന്നുമില്ല.

എത്സ വേഗം വാഷ്ബെയ്സിന്‍റെ അടുത്തേയ്ക്ക് ചെന്നു. മുഖം കഴുകി തുടച്ച് അവള്‍ കണ്ണാടിയിലേക്ക് നോക്കി ചിരിച്ചു. കരയുകയായിരുന്നുവെന്ന് ഇപ്പോള്‍ ആരും പറയില്ല. എത്സ ചെന്ന് വാതില്‍ തുറന്നു.

ത്രേസ്യാമ്മയായിരുന്നു അത്.

മോള്‍ ഉറങ്ങുവായിരുന്നോ…? ത്രേസ്യാമ്മ ചോദിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി.

എന്തോ ത്രേസ്യാമ്മയെ കണ്ടപ്പോള്‍ എത്സയുടെ മനസ്സില്‍ വല്ലാത്ത അകല്‍ച്ച തോന്നി. മകനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച അമ്മ. എന്തായിരുന്നു അതിന്‍റെ കാരണം…? അതും തന്നെപ്പോലെ അവരുടെ വിലയ്ക്കും നിലയ്ക്കും പാകമാകാത്ത ഒരു ബന്ധം… താന്‍ തന്നെ മതിയെന്ന് ഇവരെന്തുകൊണ്ടാണ് തീരുമാനിച്ചത്? എത്സയ്ക്ക് ആദ്യമായി സംശയം തോന്നി. മകന്‍റെ ആദ്യത്തെ ആലോചനയായിരുന്നുവെന്നാണ് പറഞ്ഞുകേട്ടത്. അത്തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ കല്യാണം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോഴും കേള്‍ക്കുകയുണ്ടായി. പക്ഷേ അപ്പോഴൊന്നും അത് സംശയം ഉളവാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍… ബിനുവിന് ഇനി മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ…? എത്സയുടെ ഉള്ളില്‍ സംശയങ്ങളുടെ കടന്നല്‍ ഇളകി.

ത്രേസ്യാമ്മ അകത്തേയ്ക്ക് കയറി. അവര്‍ മുറിയാകെ കണ്ണോടിച്ചു. കിടക്കവിരിയില്‍ ചുളിവുകള്‍. വായിച്ചു തീര്‍ന്നതോ വായിച്ചു പാതിയാക്കിയതോ എന്നറിയാത്ത പുസ്തകം അലക്ഷ്യമായി കട്ടിലില്‍. മുറിയുടെ മൂലയ്ക്കല്‍ കൂട്ടിയിട്ടിരിക്കുന്ന വിഴുപ്പ് വസ്ത്രങ്ങള്‍…

അല്ല… വായിക്കുകയായിരുന്നു.. എത്സ മറുപടി നല്കി.

ത്രേസ്യാമ്മ ചെന്ന് കട്ടിലില്‍ ഇരുന്നു. പുസ്തകം എടുത്തു മറിച്ചുനോക്കി.

അപ്പോ മോന് ചേര്‍ന്ന ആള് തന്നെ… അവനും പുസ്തകപ്പുഴുവാ…

ത്രേസ്യാമ്മ ചിരിച്ചു. എത്സ കൃത്രിമമായി ചിരിച്ചു.

ചേരേണ്ടത് ചേരേണ്ടപ്പോ ചേരേണ്ടതുപോലെ ചേരണം…

എത്സ തലകുലുക്കി.

പക്ഷേ ചേര്‍ച്ചയുണ്ടോ എന്ന് ആദ്യം തന്നെ നോക്കണമായിരുന്നു; അതവള്‍ പറഞ്ഞില്ല.

മോള്‍ക്ക് സന്തോഷമില്ലേ…? പെട്ടെന്ന് ത്രേസ്യാമ്മ ചോദിച്ചു. അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുമ്പില്‍ എത്സ പതറിപ്പോയി…

സന്തോഷം എന്നത് നമ്മള്‍ കണ്ടെത്തുന്ന ഒന്നാ മോളേ… ആരും നമുക്ക് സന്തോഷം തരില്ല… നമ്മളായിട്ട് അത് കണ്ടെത്തണം… പ്രത്യേകിച്ച് കുടുംബജീവിതത്തില്‍…

എത്സയ്ക്ക് അതു പുതിയൊരു അറിവായിരുന്നു.

അവള്‍ അത്ഭുതത്തോടെ ത്രേസ്യാമ്മയെ നോക്കി.

മറ്റുള്ളവര്‍ സന്തോഷം തരും… സമാധാനം തരും എന്ന് വിചാരിച്ച് നമ്മള് നോക്കിയിരുന്നാ നമ്മള് പതുക്കെ പതുക്കെ നിരാശപ്പെട്ട് പോകും… ഇങ്ങോട്ട് തരുന്നത് നോക്കിയിരിക്കാതെ നമ്മളായിട്ട് അത് അങ്ങോട്ട് കൊടുത്തുതുടങ്ങണം… കൊടുക്കാതെ ആര്‍ക്കും ഇവിടെ ഒന്നും കിട്ടില്ല മോളേ… സ്നേഹം പോലും… സ്നേഹിച്ചാലേ സ്നേഹം കിട്ടൂ… കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ…

ത്രേസ്യാമ്മ എത്സയെ നോക്കി ചിരിച്ചു. എത്സയുടെ ചുണ്ടിലും ചിരി പരന്നു

കുടുംബജീവിതം ഒരു കടലുപോലെയാ… ഒരുപാട് ചുഴികള്… തിരകള്… അലകള്… മുത്തും പവിഴവും ശംഖും പിന്നെ പാഴ്വസ്തുക്കള്… വല്ലാത്ത ആഴമുണ്ട് അതിന്… അതൊരിക്കലും അടങ്ങിയിരിക്കാറുമില്ല. കടലിലേക്കിറങ്ങി നമ്മള്‍ കോരിയെടുക്കുന്നത് എന്താണെന്ന് അല്ലെങ്കീ നമ്മുടെ കയ്യീലോട്ട് വരുന്നത് എന്താണെന്ന് നമുക്കറിയില്ല. ചിലപ്പോ കോരുമ്പോള്‍ കിട്ടുന്നത് കുപ്പീം കടലാസും ആയിരിക്കും… ചിലപ്പോ കൈമുറിയും… കൈ വൃത്തികേടാകും… പക്ഷേ അതുകൊണ്ടൊന്നും തപ്പല്‍ നിര്‍ത്തരുത്. മുത്തും പവിഴോം കിട്ടുന്നതുവരെ… മോക്ക് മനസ്സിലാവുന്നുണ്ടോ?

എത്സയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. എന്നിട്ടും അവള്‍ തലകുലുക്കി.

മനസ്സിലാവില്ല… അത് നിങ്ങള് ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ എന്നതുകൊണ്ടാ… പക്ഷേ മനസ്സിലാവും… അപ്പോഴേയ്ക്കും ജീവിതം എന്തായിത്തീരുമെന്ന് എനിക്കറിയില്ല.. മനസ്സിലായിവരാന്‍ വേണ്ടി സ്വന്തം ജീവിതം തീറെഴുതിക്കൊടുക്കരുത്… മറ്റാരുടെയെങ്കിലുമൊക്കെ ജീവിതങ്ങളില്‍ നിന്ന് വേണം നാം സ്വന്തം ജീവിതത്തിലെ തെറ്റുകള്‍ തിരുത്താനും മനസ്സിലാക്കാനും… പുതുതായി കെട്ടിവരുന്ന പെണ്ണിന്‍റെ വിജയം എവിടെയാണെന്നറിയാമോ? ത്രേസ്യാമ്മ എത്സയെ നോക്കി ചോദിച്ചു.

അറിയില്ലെന്ന് എത്സ ആംഗ്യം കാണിച്ചു.

കെട്ടിക്കയറിവരുന്ന വീടിന്‍റെ സാഹചര്യമനുസരിച്ച് മാറാന്‍ കഴിയുമ്പോള്‍… ശരിയാ മാറിവരാന്‍ താമസമെടുക്കും… അത് സാരമില്ല. പക്ഷേ മാറാന്‍ മനസ്സുണ്ടാവണം… എന്തു ചെയ്യാം നമ്മുടെ പല പെണ്ണുങ്ങള്‍ക്കും അങ്ങനെയൊരു മനസ്സില്ല… അവര്‍ സ്വയം മാറാതെ, കെട്ടിക്കയറി വന്ന വീട്ടുകാരെ മുഴുവന്‍ മാറ്റാന്‍ ശ്രമിക്കും… എന്നിട്ട് പരാതിയായി… പരിഭവമായി… വഴക്കായി… ഒരു പെണ്ണ് വിചാരിച്ചാ നടക്കാത്തതായി ഈ ലോകത്തില്‍ ഒന്നുമില്ല… അവള് കാരണം ഈ ലോകത്തില്‍ യുദ്ധങ്ങളുണ്ടായിട്ടുണ്ട്… സമാധാനം വന്നിട്ടുമുണ്ട്… ആണിനോട് പോരടിച്ചും വെല്ലുവിളിച്ചും അവനെ കീഴ്പ്പെടുത്തി തന്‍റെ അടിമയാക്കാമെന്ന് പെണ്ണ് വിചാരിക്കുന്നിടത്താണ് അവളുടെ പരാജയം. മറിച്ച് നയംകൊണ്ടും സ്നേഹംകൊണ്ടും വിനയംകൊണ്ടും അവനെ അവള്‍ അടിമയാക്കണം… അവിടെയാണ് സ്ത്രീയുടെ വിജയം… ആണും പെണ്ണും തുല്യരാ എന്നൊക്കെ പറഞ്ഞ് ആണിനൊപ്പം നിന്ന് അവനെ മര്യാദ പഠിപ്പിക്കാനും ചീത്ത വിളിക്കാനും വേണേല്‍ തല്ലാനും വരെ തയ്യാറായി നില്ക്കുന്ന ചില പെണ്ണുങ്ങളുണ്ട് നമ്മുടെ നാട്ടില്‍, നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെണ്ണുങ്ങള്‍ വരെ… അവര്‍ വിചാരിക്കുന്നത് ആണിനെ അങ്ങനെയേ മെരുക്കിയെടുക്കാന്‍ കഴിയൂ എന്നാണ്… പക്ഷേ അവരൊന്ന് പത്തിമടക്കി നിന്നു കാണിച്ചുകൊടുക്കട്ടെ… ഈ വീരശൂരപരാക്രമികളായ ആണുങ്ങളൊക്കെ അവരുടെ കാല്‍ച്ചുവട്ടില്‍ വീണു കിടക്കും. അറിയാമോ…?

വലിയൊരു രഹസ്യം പറയുന്നതുപോലെയാണ് ത്രേസ്യാമ്മ അത് കൈമാറിയത്.

കര്‍ത്താവിനെ ഭയപ്പെടണം എന്ന് ബൈബിള് പറയുന്നില്ലേ. ഞാന്‍ പറയും കര്‍ത്താവിനെ മാത്രോല്ല ഭര്‍ത്താവിനേം ഭയപ്പെടണമെന്ന്… അതൊരു കുറവൊന്നുമല്ല. എന്നുവച്ച് അങ്ങേരെ തിരുത്താന്‍ പാടില്ലെന്നോ അങ്ങേര് പറയുന്നത് മുഴുവന്‍ ശരിവയ്ക്കണമെന്നോ അല്ല… കുടുംബജീവിതം എന്നത് കൂട്ടുത്തരവാദിത്വമാ… ഒരാള്‍ക്കില്ലാത്ത കഴിവ് മറ്റേയാള്‍ക്ക് ദൈവം കൊടുക്കും… അങ്ങനെയേ ദൈവം രണ്ടുപേരെ കൂട്ടിമുട്ടിക്കൂ…ഞാന്‍ ഇതൊക്കെ എന്നാത്തിനാ പറയുന്നതെന്ന് അറിയാമോ…? അമ്മായിയമ്മയുടെ സ്ഥാനത്തല്ല അമ്മയുടെ സ്ഥാനത്തു നില്ക്കുന്നത് കൊണ്ട്… എന്‍റെ ബിനൂന് നല്ലൊരു കുടുംബജീവിതം ഉണ്ടായിക്കാണാന്‍…

മകന് നല്ലൊരു കുടുംബജീവിതം… എത്സയുടെ ചിന്ത ആ വഴിക്കാണ് പോയത്. മകനാണ് മുഖ്യം… അയാളുടെ സന്തോഷങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ട ആള്‍ മാത്രം ഞാന്‍… അല്ലാതെ തനിക്ക് മാത്രമായി സന്തോഷങ്ങളില്ല. തനിക്ക് മാത്രമായി ജീവിതവുമില്ല. പുരുഷന്‍റെ ജീവിതത്തില്‍ സന്തോഷം പകരാനുള്ള ഒരു ഉപകരണം. മാത്രമാണോ സ്ത്രീ… ഭാര്യ… അതിനപ്പുറം അവള്‍ക്ക് സന്തോഷങ്ങള്‍ ഉണ്ടാവണമെന്ന് ആരും ആഗ്രഹിക്കുന്നില്ലേ?

അത് അമ്മച്ചി മാത്രം വിചാരിച്ചാല്‍ പോരല്ലോ… എത്സ പെട്ടെന്ന് പ്രതികരിച്ചുപോയി.

നല്ലൊരു കുടുംബജീവിതം ഉണ്ടാകുന്നത് അതിലേര്‍പ്പെടുന്നവര്‍ കൂടി മനസ്സ് വയ്ക്കുമ്പോഴാ… അല്ലാതെ അമ്മ പറഞ്ഞതുകൊണ്ടും പെങ്ങന്മാരു പറഞ്ഞതുകൊണ്ടും വിവാഹം കഴിക്കുന്നവര്‍ക്ക് അത് സാധിക്കുകേലാ..

മോളേ… ത്രേസ്യാമ്മ വല്ലാതെ പതറിപ്പോയി.

നീയെന്നതാ ഇങ്ങനെയൊക്കെ പറയുന്നെ?

അമ്മച്ചീടെ മോന്‍ എന്നോട് പറഞ്ഞു, അമ്മച്ചി പറഞ്ഞതുകൊണ്ട് മാത്രാ എന്നെ വിവാഹം കഴിച്ചതെന്ന്… അല്ലാതെ എന്നെ ഇഷ്ടമായിട്ടല്ല എന്ന്… എത്സ പെട്ടെന്ന് കരഞ്ഞു.

എന്തിനാ പിന്നെ എന്‍റെ ജീവിതം…? ഇരുകരങ്ങളും മലര്‍ത്തിക്കൊണ്ടാണ് എത്സയത് ചോദിച്ചത്. ത്രേസ്യാമ്മ ആ കരങ്ങളില്‍ മുറുക്കിപ്പിടിച്ചു. അതിന് വല്ലാത്ത തീയുണ്ടെന്ന് അവര്‍ക്ക് തോന്നി.

മോളേ… നിങ്ങള്‍ തമ്മില്‍… ചോദിക്കുമ്പോള്‍ ത്രേസ്യാമ്മയ്ക്ക് ഭീതിയുണ്ടായിരുന്നു. താന്‍ സംശയിച്ചിരുന്നതിനേക്കാളും ഭയപ്പെട്ടിരുന്നതിനേക്കാളും ആഴമേറിയതാണ് ബിനുവിനും എത്സയ്ക്കും ഇടയിലെ പ്രശ്നമെന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായി… അത് എന്താണെന്നും എങ്ങനെയാണെന്നും എത്സ പറയുമോ…?

നിനക്ക് അവനെ ഇഷ്ടമില്ലേ… ത്രേസ്യാമ്മ അങ്ങനെയാണ് ചോ ദിച്ചത്.

അതിന് മുമ്പ് അമ്മച്ചീ, അമ്മച്ചീടെ മോനോട് ചോദിക്കൂ എന്നെ ഇഷ്ടമാണോയെന്ന്… എന്നെ എന്തിനാ വിവാഹം കഴിക്കാന്‍ സമ്മതിച്ചതെന്ന്… ഒരു പാവം കുടുംബത്തില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചാല്‍ ജീവിതകാലം മുഴുവന്‍ ചോദിക്കുകേം പറയുകേം ചെയ്യാതെ ഇവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞോളുമെന്ന് അമ്മച്ചിം വിചാരിച്ചോ… പുറമേന്ന് നോക്കുമ്പോ ശരിയാ, മകന്‍ വിവാഹം കഴിച്ചു… അവനൊരു കുടുംബമായി… പക്ഷേ അതില്‍ പെട്ടുപോയ ആള്‍ അനുഭവിക്കുന്ന വിഷമങ്ങളും സങ്കടങ്ങളും… അങ്ങനെയൊരു വശം കൂടിയുണ്ട് അമ്മച്ചീ…

എന്‍റെ ബിനൂനെ എനിക്കറിയാം… അവന് എല്ലാവരേം സ്നേഹിക്കാന്‍ മാത്രേ അറിയൂ… അവനാരെയും മനസ്സുകൊണ്ട് വേദനിപ്പിക്കില്ല.

ത്രേസ്യാമ്മയുടെ ശബ്ദം ഇടറിയിരുന്നു.

അമ്മമാരുടെ മുമ്പിലെ മുഖമല്ല അവരുടെ മക്കള്‍ക്ക് ഭാര്യമാരുടെ മുമ്പില്‍… എത്സ പ്രസ്താവിച്ചു.

ബിനൂന് ഞാനെന്ന ഒരാള്‍ ഈ വീട്ടിലുണ്ടെന്ന വിചാരം പോലുമില്ല… എന്നോട് ഈ മുറിയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ സംസാരിക്കില്ല… എന്നോടൊരു ഗ്ലാസ് വെള്ളം പോലും ചോദിച്ചുവാങ്ങില്ല… എവിടെ പോകുന്നുവെന്നോ എപ്പോള്‍ വരുമെന്നോ എന്നോട് പറയില്ല… ഞാനാരാ ശരിക്കും…? എനിക്ക് ഇത്രയും മാസമായിട്ടും അതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. എന്‍റെ ഒരു കാര്യത്തിലും ബിനു ശ്രദ്ധിക്കുന്നില്ല.. എന്‍റെ വീട്ടുകാരോട് മിണ്ടാറുപോലുമില്ല… എന്‍റെ പാവം ബിന്‍സി… അവള്‍ക്കാണേ ബിനൂനോട് മിണ്ടാന്‍ കൊതിയാ…പക്ഷേ അവളെ തിരിഞ്ഞുപോലും നോക്കില്ല… ഞങ്ങള് പാവങ്ങളാണെന്ന് അറിഞ്ഞോണ്ടുതന്നെയല്ലേ ഈ വിവാഹം നടത്തിയത്… പിന്നെയെന്നാത്തിനാ ഇങ്ങനെ മനുഷ്യരെ നാണം കെടുത്തുന്നത്…? എത്സയുടെ സ്വരം ഉയര്‍ന്നിരുന്നു.

ശരിയാ… നീ നോക്കുമ്പോ എല്ലാം ശരിയാ… നമുക്ക് ഒക്കെ ശരിയാക്കാം… എനിക്കും അറിയാം സാധാരണ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയല്ല നിങ്ങള് ജീവിക്കുന്നതെന്ന്… പക്ഷേ അതില്‍ എവിടെയാ പ്രശ്നം എന്ന് എനിക്കറിയില്ലായിരുന്നു… ഒരു കാര്യം എനിക്ക് മനസ്സിലായി. നിങ്ങളുടെ ഇടയില്‍ ഞാനും പ്രശ്നമായിട്ടുണ്ട്… ചാച്ചന്‍ പറഞ്ഞത് ശരിയാ… ചാച്ചന്‍ പറഞ്ഞത് ശരിയാ… ത്രേസ്യാമ്മ വാക്കുകള്‍ ആവര്‍ത്തിച്ചു.

കുഞ്ഞേപ്പച്ചന്‍ പറഞ്ഞതെല്ലാം ത്രേസ്യാമ്മയുടെ മനസ്സിലൂടെ വീണ്ടും കടന്നുപോയി.

അമ്മച്ചീ…

തന്‍റെ വാക്കുകള്‍ ത്രേസ്യാമ്മയെ വേദനിപ്പിച്ചുവോ എന്ന് എത്സ ശങ്കിച്ചു. ഏതിനോടും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ് അവള്‍. അത് ജന്മനാ ഉള്ളതാണ്… അതുകൊണ്ടാണ് വരുന്ന ദേഷ്യവും സങ്കടവും എല്ലാം അവള്‍ പറഞ്ഞുതീര്‍ക്കുന്നത്.

അപ്പോള്‍ വാതില്‍ തുറന്ന് ബിനു ഊണുമുറിയിലേക്ക് വന്നത് ത്രേസ്യാമ്മയും എത്സയും അറിഞ്ഞു.

അമ്മച്ചീ… ബിനുവിന്‍റെ വിളി മുഴങ്ങി. ത്രേസ്യാമ്മയും എത്സയും പരസ്പരം നോക്കി. ഊണുവിളമ്പാനുള്ള വിളിയാണ് അതെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. ആദ്യം ആ വിളിക്ക് കീഴ്പ്പെട്ട് ഊണുവിളമ്പാനായി പോകുന്നതിന് ത്രേസ്യാമ്മ മുന്നോട്ടു ചുവടുകള്‍ വയ്ക്കുക പോലും ചെയ്തു. പെട്ടെന്ന് മറ്റൊരു ചിന്തയാല്‍ അവര്‍ അവിടെ നിശ്ചലയായി. പിന്നെ വലതുചുമലിലൂടെ മുഖം തിരിച്ച് എത്സയോട് പറഞ്ഞു.

ചെല്ല്… ചെന്ന് അവന് ചോറു വിളമ്പിക്കൊടുക്ക്… എത്സയുടെ മുഖത്ത് അമ്പരപ്പ് പരന്നു.

ഉം ചെല്ലാന്‍… ഇത്തവണ ത്രേസ്യാമ്മയുടെ ശബ്ദം ആജ്ഞാ സ്വരത്തിലായിരുന്നു. എത്സയുടെ പാദങ്ങള്‍ അനുസരണയോടെ മുന്നോട്ട് ചലിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org