ഒരു കുടുംബകഥ കൂടി… അധ്യായം 28

ഒരു കുടുംബകഥ കൂടി… അധ്യായം 28

വിനായക് നിര്‍മ്മല്‍

മഴയിലേക്ക് തന്നെ നോക്കി വരാന്തയില്‍ നില്ക്കുകയായിരുന്നു കുഞ്ഞേപ്പച്ചന്‍. ഇത് വല്ലാത്ത മഴയാണല്ലോയെന്ന് അയാള്‍ മനസ്സില്‍ വിചാരിച്ചു. അടുത്തകാലത്തൊന്നും ഇതുപോലൊരു മഴ പെയ്തിട്ടില്ല. അതും കാലം തെറ്റി… പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അയാള്‍ അപ്പോഴും ചിന്തിച്ചു. പിന്നെ വഴിതെറ്റിപ്പോയ ചിന്തയെ അയാള്‍ ത്രേസ്യാമ്മയിലേക്ക് തിരികെ കൊണ്ടുവന്നു. എന്‍റെ ഒടേതമ്പുരാനേ ത്രേസ്യാമ്മയ്ക്ക് ഒന്നും സംഭവിക്കരുതേ… അയാള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അയാളുടെ നോട്ടത്തില്‍ സോജന്‍ ആര്‍ക്കോ ഫോണ്‍ ചെയ്ത് ധൃതിവച്ച് നടക്കുന്നുണ്ടായിരുന്നു. അവന്‍റെ മുഖത്തെ വല്ലായ്മ അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കായിരിക്കും സോജന്‍ ഫോണ്‍ ചെയ്യുന്നതെന്ന് അയാള്‍ ഊഹിച്ചു.

ഫോണ്‍ കട്ട് ചെയ്തിട്ട് സംസാരിക്കാമെന്ന് വച്ചാല്‍ ഒന്നുതീരുമ്പോഴേ അടുത്തത്… അത് തീരുമ്പോഴേ മറ്റൊന്ന്… ഇങ്ങനെയുമുണ്ടോ ഫോണ്‍വിളി… അടുത്ത നിമിഷം അയാള്‍ക്ക് തോന്നി ത്രേസ്യാമ്മയ്ക്ക് ഇനി അസുഖം കൂടുതലാണോ…

അപ്പോള്‍ ഗെയ്റ്റിങ്കല്‍ ഒരു വാഹനത്തിന്‍റെ വെളുത്ത പൊട്ട് അയാള്‍ കണ്ടു. അടുത്ത നിമിഷം ആ വാഹനം അയാള്‍ക്ക് മനസ്സിലായി. ആംബുലന്‍സ്… ആംബുലന്‍സ് തിരികെയെത്തുകയാണോ… അതെന്താണ്… കുഞ്ഞേപ്പച്ചന്‍റെ തോളത്ത് സോജന്‍റെ കൈ പതിഞ്ഞു.

അപ്പച്ചാ… സോജന്‍റെ തൊണ്ട ഇടറിയിരുന്നു.

എടാ… അത്… കുഞ്ഞേപ്പച്ചന്‍ മഴയിലൂടെ വീടിന് നേര്‍ക്ക് വരുന്ന ആംബുലന്‍സിന് നേരെ വിരല്‍ചൂണ്ടി.

ആംബുലന്‍സ് മുറ്റത്ത് നിശ്ചലമായി. അതിന്‍റെ ഡോറുകള്‍ തുറക്കപ്പെട്ടു. ഉള്ളില്‍ നിന്ന് കറുത്ത കുടകള്‍ നിവര്‍ക്കപ്പെട്ടു. കുഞ്ഞേപ്പച്ചന്‍ അത് നോക്കിനിന്നു. ഒരു സ്ട്രെച്ചറിന്‍റെ അഗ്രഭാഗം പുറത്തേയ്ക്ക് വരുന്നത് കുഞ്ഞേപ്പച്ചന്‍ കണ്ടു. നീണ്ടുനിവര്‍ന്നുകിടക്കുന്ന രണ്ട് പാദങ്ങളാണ് അയാളുടെ കണ്ണില്‍ ആദ്യം തടഞ്ഞത്… അവിടെ നിന്ന് അയാളുടെ കണ്ണുകള്‍ മുകളിലേക്ക് ചെന്നു. വെള്ളത്തുണിയില്‍ പൊതിഞ്ഞ് കണ്ണടച്ച് കിടക്കുന്ന ത്രേസ്യാമ്മയെ അയാള്‍ കണ്ടു. കുഞ്ഞേപ്പച്ചന് സഹിക്കാന്‍ കഴിഞ്ഞില്ല. വിശ്വസിക്കാനും… ത്രേസ്യാമ്മ… എന്‍റെ ത്രേസ്യാമ്മ… അയാള്‍ നെഞ്ചില്‍ കൈവച്ചുപോയി.

അയാള്‍ വിറളി പിടിച്ചവനെ പോലെ അവിടേയ്ക്ക് ചെന്നു…ത്രേസ്യാമ്മേ… അയാള്‍ വിളിച്ചു.

ചങ്കില്‍ സങ്കടം കെട്ടികിടന്നതുകൊണ്ട് അത് വ്യക്തമായ വാക്കുകളായിരുന്നില്ല.

ഇവിടെ നിന്ന് നീ പോയത് ഇങ്ങനെ വരാനായിരുന്നോ… നിന്നെ ഇങ്ങനെ കാണാന്‍ വേണ്ടിയായിരുന്നോ ഞാന്‍ കാത്തിരുന്നത്… ഇതിന് വേണ്ടിയായിരുന്നോ ഞാന്‍ പ്രാര്‍ത്ഥിച്ചത്… ത്രേസ്യാമ്മയുടെ ജീവനറ്റ ദേഹം വരാന്തയിലെത്തിച്ചു. കുഞ്ഞേപ്പച്ചന്‍ ത്രേസ്യാമ്മയുടെ മുഖം തലോടി.

ത്രേസ്യാമ്മേ… ഇപ്പോള്‍ അയാള്‍ക്ക് ശബ്ദം കിട്ടി.

എടീ ത്രേസ്യാമ്മേ… അയാള്‍ വീണ്ടും വിളിച്ചു.

അപ്പച്ചാ.. എത്സ സങ്കടം കടിച്ചമര്‍ത്തി അയാളുടെ തോളത്ത് കൈകള്‍ വച്ചു.

മോളേ… അമ്മച്ചി… വിശ്വാസം വരാത്തതുപോലെ അയാള്‍ എത്സയുടെ നേരെ തിരിഞ്ഞു.

എത്സ ഒന്നും മിണ്ടിയില്ല.

അവള്… അവള് ശരിക്കും പോയോ… കുഞ്ഞേപ്പച്ചന്‍ ഡോക്ടര്‍ ബിന്‍സിയോടായി ചോദിച്ചു.

ഉം… ബിന്‍സി കരഞ്ഞുകൊണ്ട് തലകുലുക്കി.

എന്‍റെ കര്‍ത്താവേ… കുഞ്ഞേപ്പച്ചന്‍ ഭിത്തിയിലേക്ക് ചാരിനിന്ന് നിലവിളിച്ചു.

അപ്പോഴേയ്ക്കും ഗെയ്റ്റ് കടന്ന് വാഹനങ്ങള്‍ എത്തിത്തുടങ്ങി. മേഴ്സിയുടെയും ആന്‍സിയുടെയും ബിന്‍സിയുടെയും ബിന്ദുവിന്‍റെയും സീനയുടെയും വാഹനങ്ങളായിരുന്നു അത്. പാലത്തുങ്കല്‍ തറവാടില്‍ വിലാപത്തിന്‍റെ മാറ്റൊലി മുഴങ്ങി. പെണ്‍മക്കള്‍ ത്രേസ്യാമ്മയുടെ മൃതദേഹത്തില്‍ വീണു കിടന്നു കരഞ്ഞു. ചിലര്‍ കു ഞ്ഞേപ്പച്ചനെ കെട്ടിപിടിച്ചു കരഞ്ഞു.

പോയല്ലോടി നമ്മുടെ അമ്മച്ചി പോയല്ലോടീ… എന്ന് കുഞ്ഞേപ്പച്ചനും വാവിട്ടുനിലവിളിച്ചു.

ആ നിലവിളികള്‍ക്കിടയില്‍ നിന്ന് അകന്നുമാറി എത്സ തന്‍റെ മുറിയിലേക്ക് വേച്ചുവേച്ചു നടന്നു. അവള്‍ക്ക് ഒറ്റയ്ക്കിരിക്കാനായിരുന്നു ആഗ്രഹം… ആരും കാണാതെ ഒന്ന് പൊട്ടിക്കരയാന്‍ അവള്‍ കൊതിച്ചിരുന്നു. ചുരുങ്ങിയ നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിച്ചത്? ജീവിതം മാറിമറിയുന്നത് എങ്ങനെയാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്നത് പലതും ചിട്ടപ്പെടുത്തി വച്ച കാര്യങ്ങളല്ല, മറിച്ച് ആകസ്മികമായ സംഭവവികാസങ്ങളാണ്. അല്ലെങ്കില്‍ ആരെങ്കിലും കരുതിയിരുന്നോ അമ്മച്ചി ഇപ്പോള്‍ ഇങ്ങനെ വിട്ടുപിരിയുമെന്ന്… അമ്മച്ചി… എത്സയുടെ ചുണ്ടു വിതുമ്പി.

ആദ്യമായി ഭരണങ്ങാനം പള്ളിയില്‍ വച്ച് ത്രേസ്യാമ്മയെ കണ്ടതിന്‍റെ ഓര്‍മ്മ എത്സയുടെ മനസ്സിലേക്ക് കടന്നുവന്നു.. രണ്ടാമത് റോസ് മേരിയുടെ വീട്ടില്‍ വച്ച്… രണ്ടിടത്തും തട്ടിവീഴാന്‍ ഭാവിച്ചപ്പോള്‍ കൈത്താങ്ങുമായി താനെത്തി. എന്നാല്‍ ആ കൈത്താങ്ങല്‍ പിന്നീട് തന്‍റെ ഭാഗത്തുനിന്നുണ്ടായില്ല.

ബിനു തന്നെ സ്നേഹിക്കാത്തത് അമ്മച്ചിയോടുള്ള സ്നേഹം കൊണ്ടാണെന്നും അമ്മച്ചി ബിനുവിനെ അമിതമായി സ്നേഹിക്കുന്നതുകൊണ്ടാണെന്നും താന്‍ കരുതി… തനിക്കും ബിനുവിനും ഇടയില്‍ വിഘാതമായി നില്ക്കുന്ന ഒരു ഘടകമായി അമ്മച്ചിയെ താന്‍ കണക്കാക്കിപ്പോന്നു. അത്തരം ചിന്തകളില്‍ നിന്ന് ഉടലെടുത്ത വിദ്വേഷവും നെഗറ്റീവ് ചിന്തകളും അമ്മച്ചിയോടുള്ള സ്നേഹത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചു. നല്ല ന്യൂജന്‍ അമ്മച്ചി എന്ന് താന്‍ അഭിപ്രായപ്പെട്ടത് വളരെ പെട്ടെന്ന് തിരുത്തിയെഴുതി.

പിന്നെ വിവാഹദിനത്തില്‍ സ്റ്റേജില്‍ വച്ച് തന്നോട് അമ്മച്ചി ദേഷ്യപ്പെട്ടത്… അതിന്‍റെ പകരംവീട്ടലെന്നോണം താന്‍ അമ്മച്ചിയോട് ദേഷ്യപ്പെട്ട് സംസാരിച്ചത്… ഒടുവില്‍ തന്‍റെ കയ്യില്‍ മുറുക്കിപിടിച്ച് എന്‍റെ മോന്‍… ബിനു എന്ന് പിറുപിറുത്തത്… അവസാനമായി തന്നോടെന്തോ പറയാന്‍ ശ്രമിച്ച്, പരാജയപ്പെട്ട് ഒന്നും പറയാതെ കണ്ണടച്ചത്… ത്രേസ്യാമ്മയുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകള്‍ എത്സയുടെ മനസ്സിലേക്ക് ഒഴുകിവന്നു.

ദൈവമേ… അവള്‍ ശബ്ദമുണ്ടാക്കാതെ കരഞ്ഞു.

അമ്മച്ചി തന്നെ സ്നേഹിച്ചിരുന്നു… ബിനുവിനെ താനുമായി അടുപ്പിക്കാന്‍ അമ്മച്ചി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മച്ചി ഇല്ലാത്ത ഈ നിമിഷം അക്കാര്യം എത്സ തിരിച്ചറിഞ്ഞു. തന്‍റെ വീട്ടില്‍ പോകാനും അവിടെ രണ്ടുമൂന്ന് ദിവസം നില്ക്കാനും പുറത്തെവിടെയെങ്കിലുമൊക്കെ ചുറ്റിക്കറങ്ങാനുമെല്ലാം അമ്മച്ചിയാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ആ നിമിഷങ്ങളില്‍ അതൊന്നും മനസ്സിലാക്കിയില്ല. മറ്റനേകം പെണ്‍കുട്ടികളെ തന്‍റെ മകനുവേണ്ടി തിരഞ്ഞെടുക്കാന്‍ അമ്മച്ചിക്ക് സാധ്യതകളും അവസരങ്ങളുമുണ്ടായിരുന്നിട്ടും താന്‍തന്നെ മതിയെന്ന് ആ അമ്മച്ചി തീരുമാനിക്കാന്‍ കാരണം തന്നോടുള്ള സ്നേഹക്കൂടുതലായിരുന്നില്ലേ… താന്‍ നല്ലവളാണെന്ന് ധരിച്ചതുകൊണ്ടായിരുന്നില്ലേ… ഒറ്റ ആലോചന കൊണ്ട് മകനുവേണ്ടിയുള്ള എല്ലാ അന്വേഷണങ്ങളും അമ്മച്ചി അവസാനിപ്പിച്ചതും തന്നിലുള്ള വിശ്വാസം കൊണ്ടായിരുന്നില്ലേ… പക്ഷേ താന്‍ ആ വിശ്വാസം കാത്തുസൂക്ഷിച്ചില്ല… ആ വിശ്വാസം താന്‍ നിലനിര്‍ത്തിയില്ല.

താന്‍ വെറും പുഴുവായതു പോലെ എത്സയ്ക്ക് തോന്നി. ഭര്‍ത്താവിന്‍റെ അമ്മയെ വര്‍ഗ്ഗശത്രുവായി കാണുന്ന ഭൂരിപക്ഷം മരുമക്കളുടെ പട്ടികയില്‍ തന്‍റെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഏതോ ഒരു അമ്മയില്‍ നിന്നാണ് തനിക്ക് ഒരു ഭര്‍ത്താവിനെ ലഭിച്ചിരിക്കുന്നതെന്ന് ഭാര്യമാരായി മാറുന്ന യുവതികള്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്? തന്‍റെ തുടര്‍ന്നുള്ള ജീവിതവും ഭാവിയും രൂപപ്പെടുത്താന്‍, ആ അമ്മ ചിന്തിയ വിയര്‍പ്പും ഉറക്കമിളച്ച രാത്രികളും അദ്ധ്വാനിച്ച പകലുകളും ഏറെ സഹായിച്ചിട്ടുണ്ടെന്നും അവരോട് താന്‍ കൃതജ്ഞത കാണിക്കേണ്ടവളാണെന്നും ഇവര്‍ മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ടാണ്? പ്രസവിച്ചുവളര്‍ത്തിയ അമ്മയോട് തോന്നുന്ന സ്നേഹം എന്തു കൊണ്ടാണ് ഭര്‍ത്താവിന്‍റെ അമ്മയോട് തോന്നാത്തത്? ചെറുപ്പം മുതല്‍ക്കേ നമ്മുടെ വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് അക്കാര്യത്തില്‍ ചില പരിശീലനങ്ങള്‍ നല്കേണ്ടതുണ്ടെന്ന് ആ നിമിഷങ്ങളില്‍ പോലും എത്സയ്ക്ക് തോന്നി. പക്ഷേ നമ്മുടെ വീടുകളില്‍ സംഭവിക്കുന്നത് എന്താണ്… താന്‍ വിവാഹിതയായി കയറിവന്നപ്പോള്‍ മുതല്‍ അമ്മായിയമ്മയില്‍ നിന്ന് നേരിട്ട പീഡനങ്ങളുടെ കഥകള്‍ പറഞ്ഞുകൊടുത്താണ് ഓരോ അമ്മമാരും തന്‍റെ പെണ്‍മക്കളെ വളര്‍ത്തുന്നത്. സ്വഭാവികമായും ആ പെണ്‍മക്കളുടെ മനസ്സില്‍ അമ്മായിയമ്മമാരെക്കുറിച്ച് പതിയുന്ന ചിത്രം എന്താണ്…? ചെറുപ്രായത്തിലേ ഹൃദയത്തില്‍ പതിഞ്ഞ ആ ചിത്രം കാലക്രമേണ വിവാഹിതയായി പുതിയൊരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മയിലേക്കും നിഴല്‍ വീഴ്ത്തിയെടുക്കും. സ്വന്തം അമ്മ പറഞ്ഞാല്‍ കുറ്റമാകാത്തതു പലതും അമ്മായിയമ്മ പറഞ്ഞാല്‍ കുറ്റമായി. അമ്മായിയമ്മ തെറ്റുകാരിയായി…

ഇനിയൊരിക്കലും അമ്മച്ചിയോട് മാപ്പ് ചോദിക്കാനാവില്ല… അമ്മച്ചിയെ സ്നേഹിക്കാനാവില്ല… എത്സ കട്ടിലില്‍ വീണുകിടന്ന് കരഞ്ഞു. അമ്മച്ചിയുടെ മനസ്സില്‍ തന്നോട് എന്തായിരിക്കാം ഉണ്ടായിരുന്നത്… ദേഷ്യമോ സങ്കടമോ ഇനിയാരോട് ചോദിക്കും…

എത്സേ… അപ്പോള്‍ ഡോക്ടര്‍ ബിന്‍സി മുറിയിലേക്ക് വന്നു.

ബിനുവിന്‍റെ വിവരം വല്ലതും?

എത്സ കണ്ണുതുടച്ചുകൊണ്ട് എണീറ്റിരുന്നു.

ഇല്ല.

അവന്‍റെ ഫ്രണ്ട്സിന്‍റെ നമ്പരുണ്ടോ കയ്യില്‍…

ഇല്ല..

ഞാന്‍ ചേട്ടായിയോട് ചോദിക്കട്ടെ… ബിന്‍സി മുറിക്ക് പുറത്തേയ്ക്ക് പോയി. ബിനു ആ സമയം വാഗമണ്‍ മലനിരകളിലേക്ക് നോക്കി കൈകള്‍ കെട്ടി നില്ക്കുകയായിരുന്നു. ബിന്‍സി വെളിപ്പെടുത്തിയ വിവരങ്ങളുടെ നടുക്കത്തില്‍ ആടിയുലഞ്ഞ് അവന്‍ ലക്ഷ്യമില്ലാതെ ഡ്രൈവ് ചെയ്ത് എത്തിയത് ഇവിടെയായിരുന്നു. റോസ്മേരിയുടെ അടുക്കലേക്ക് പോകണമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ അവള്‍ നല്കിയ താക്കീത് അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പിന്നെയുള്ള ഓപ്ഷന്‍സ് സിദ്ധാര്‍ത്ഥും വൈശാഖും ആയിരുന്നു. അതും വേണ്ടെന്ന് വച്ചു. സിദ്ധാര്‍ത്ഥ് വിവാഹമോചിതനായതിന് ശേഷം ഒരു സുഹൃത്തുമായും ബന്ധപ്പെടുന്നില്ലെന്ന് ബിനുവിന് അറിയാമായിരുന്നു. മറ്റുള്ളവര്‍ നോക്കുമ്പോള്‍ തീരെ നിസ്സാരമായ കാര്യം.

എന്നാല്‍ തന്നെ മാത്രം അത് വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നു. ആ നടുക്കവും അതില്‍ നിന്നുളവായ സങ്കടവും ആരുമായും പങ്കുവയ്ക്കേണ്ടതില്ലെന്നും അവന് തോന്നി. മാത്രവുമല്ല മറ്റുള്ളവര്‍ അവരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി തന്നെ സമീപിക്കുമ്പോള്‍ താന്‍ തന്‍റെ പ്രശ്നങ്ങളുമായി ആരെയും സമീപിക്കേണ്ടതില്ലെന്നും അവന് തോന്നി. അങ്ങനെയാണ് തീര്‍ത്തും ഒറ്റയ്ക്കായിരിക്കാന്‍ അവന്‍ തീരുമാനിച്ചത്.

നേരം ഏറെ കടന്നുപോയിരിക്കുന്നതായി അവനറിഞ്ഞു. മലനിരകളില്‍ ഇരുട്ട് വ്യാപിച്ചിരിക്കുന്നു… ബിനു വീണ്ടും കാറിലേക്ക് കയറി… വാഗമണ്‍ മലനിരകളിലെ വളവുകള്‍ അവനോരോന്നായി പിന്നിട്ടു. കാര്‍ തീക്കോയി എത്തിയപ്പോള്‍ അതുവരെ സ്വിച്ചോഫ് ചെയ്തിരുന്ന മൊബൈല്‍ അവന്‍ ഓണ്‍ ചെയ്തു. അപ്പോള്‍ കാത്തുനിന്നതുപോലെ വാട്ട്സാപ്പ് മെസേജുകള്‍, മിസ്ഡ് കോള്‍ മെസേജുകള്‍ എല്ലാം വന്നുകൊണ്ടിരുന്നു. ബിനു കൗതുകപൂര്‍വ്വം നോക്കി. എത്സയുടെ പേരില്‍ പതിനഞ്ച് മിസ്ഡ് കോളുകള്‍… അവനതില്‍ അത്ഭുതം തോന്നിയില്ല. ബിന്‍സിയുടെ നമ്പറില്‍ നിന്ന് പത്ത് മിസ്ഡ്കോളുകള്‍… ഇല്ല ബിനു അത്ഭുതപ്പെട്ടില്ല. സോജന്‍റെ നമ്പറില്‍ നിന്ന് അഞ്ച്… എല്ലാവരും വിറളി പിടിച്ചിട്ടുണ്ടെന്ന് ബിനുവിന് മനസ്സിലായി… അവന് ഉത്സാഹം തോ ന്നി. തന്‍റെ ജീവിതം എല്ലാവരും കൂടി ഒരു നാടകമാക്കി അവതരിപ്പിച്ചിട്ട് ഇപ്പോള്‍…

സിദ്ധാര്‍ത്ഥിന്‍റെയും വൈശാഖിന്‍റെയും അനിലിന്‍റെയും സുനിലിന്‍റെയും പേരിലും അവന്‍ മിസ്ഡ് കോളുകള്‍ കണ്ടു. നാടൊട്ടുക്ക് തന്നെ കാണാതായ വിവരം അറിഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി. അപ്പോഴാണ് പാലത്തുങ്കല്‍ എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂ പ്പില്‍ അറിയാതെ അവന്‍റെ വിരല്‍ പതിഞ്ഞത്. അവന്‍ കണ്ടത് ത്രേസ്യാമ്മയുടെ ചിരിക്കുന്ന ചിത്രമായിരുന്നു. പൂക്കളുടെ നടുവില്‍ ചിരിക്കുന്ന ത്രേസ്യാമ്മ.

അവന്‍ ആ ഫോട്ടോയിലേക്ക് നോക്കി. അതിന്‍റെ മുകളില്‍ എഴുതിയിരിക്കുന്നത് കണ്ട് അവന്‍ നടുങ്ങിത്തരിച്ചുപോയി. നിര്യാതയായി

പാലത്തുങ്കല്‍ ത്രേസ്യാമ്മ

ശവസംസ്കാരം…

നട്ടെല്ലിന് പിന്നിലൂടെ ഒരുകത്തി പാഞ്ഞതുപോലെ അവന് അനുഭവപ്പെട്ടു. അപ്പോള്‍ ബിന്‍സിയുടെയും സിദ്ധാത്ഥിന്‍റെയും ഓഡിയോ മെസേജുകളും അവന്‍ കേട്ടു.

എടാ നീയെവിടെയാ… നീ വേഗം വീട്ടിലേക്ക് വരണം… അമ്മച്ചിക്ക് സീരിയസാണ്.

പ്ലീസ് ബിലീവ് മീ ബിനൂ… ഞാന്‍ സത്യമാണ് പറയുന്നത്…. പേരമ്മയ്ക്ക് ഹാര്‍ട്ടറ്റാക്കാണ്.

എവിടെയാ…? അമ്മച്ചിക്ക് തീരെ സുഖമില്ല… ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകുവാണ്… അത്എത്സയുടെ സ്വരമായിരുന്നു.

പിന്നെയും പലരുടെ അറിയിപ്പുകള്‍… പല സ്വരങ്ങള്‍… അവ വണ്ടിക്കുള്ളില്‍ കടന്നലുകളെപ്പോലെ ആര്‍ത്തു… ബിനു കാതുകള്‍ പൊത്തി.

നോ… അവന്‍ പരിസരം മറന്ന് അലറി.

എങ്ങനെയാണ് വീടെത്തിയതെന്ന് ബിനുവിന് തന്നെ നിശ്ചയമില്ലായിരുന്നു. രാത്രിയേറെയായിരുന്നു അവന്‍ വീടെത്തിയപ്പോള്‍. വഴിയിലെങ്ങും പ്രത്യേക ലൈറ്റ് ക്രമീകരണങ്ങള്‍… മുറ്റത്ത് പന്തല്‍…കസേരകളിലിരുന്ന് അടക്കിപിടിച്ച് സംസാരിക്കുന്നവര്‍… നേരിയ ശബ്ദത്തില്‍ കന്യാസ്ത്രീയമ്മമാരുടെ ജപമാലപ്രാര്‍ത്ഥനകള്‍… ബിനു ഗെയ്റ്റിന് വെളിയില്‍ വണ്ടി നിര്‍ത്തി. ഡോര്‍ തുറന്ന് അവന്‍ പുറത്തേയ്ക്കിറങ്ങി. അപ്പോള്‍ അതുവരെ തോര്‍ന്നുകഴിഞ്ഞിരുന്ന മഴ വീണ്ടും പെയ്തു തുടങ്ങി, ബിനു വരാന്‍ വേണ്ടികാത്തുനില്ക്കുകയായിരുന്ന മട്ടില്‍… മഴയില്‍ നനഞ്ഞ് ബിനു വീടിനെ നോക്കിനിന്നു.

ഇനി ഈ വീട് അമ്മയില്ലാത്ത വീടാകുന്നു. ഏതു പാതിരാത്രിയിലും എങ്ങനെ വേണമെങ്കിലും വന്ന് വിളിക്കുമ്പോള്‍ വാതില്‍ തുറന്നു തരുന്ന സനേഹത്തിന്‍റെ വീടായിരുന്നു അമ്മ. അത് തകര്‍ന്നുപോയിരിക്കുന്നു. അല്ല താന്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നു. താനാണ്…താന്‍ മൂലമാണ്… ബിനുവിന്‍റെ മനസ്സ് അങ്ങനെ മന്ത്രിച്ചുകൊണ്ടിരുന്നു. വീടിന് നേര്‍ക്ക് നടക്കുമ്പോള്‍ അവന്‍റെ ചുവടുകള്‍ക്ക് ഇടര്‍ച്ചയുണ്ടായിരുന്നു. എവിടെയോ ചുവടുകള്‍ പിഴച്ച് അവന്‍ വേച്ചുവീഴാനും ഭാവിച്ചു. അവന്‍ വരുന്നത് കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥും വൈശാഖും അവന്‍റെ അടുക്കലേക്ക് ചെന്നു…ഇരുവരും അവന്‍റെ കരങ്ങളില്‍ മുറുക്കെ പിടിച്ചു.

അമ്മച്ചി… എന്‍റെ അമ്മച്ചി എന്ത്യേടാ… ബിനു കരഞ്ഞു കൊണ്ട് കൂട്ടുകാരോട് ചോദിച്ചു. അവരൊന്നും മിണ്ടിയില്ല. ബിനു നനഞ്ഞുകുളിച്ച് മുറിയിലേക്ക് കയറി. അവനെ കണ്ടതേ പെങ്ങന്മാര്‍ വാവിട്ട് നിലവിളിച്ചുതുടങ്ങി. ത്രേസ്യാമ്മയെ കിടത്തിയിരിക്കുന്ന മുറിയുടെ അങ്ങേ ചെരിവില്‍ നിലത്ത് ഭിത്തിയില്‍ ചാരിയിരിക്കുകയായിരുന്ന എത്സ, വീണ്ടും പൊട്ടിപുറപ്പെട്ട ആ കരച്ചിലിന്‍റെ കാരണമറിയാന്‍ മുഖം തിരിച്ചുനോക്കി… അവള്‍ അപ്പോള്‍ ബിനുവിനെ കണ്ടു. എത്സയിലും അറിയാതെ സങ്കടം പൊട്ടി. അവള്‍ കരഞ്ഞുകൊണ്ട് കാല്‍ മുട്ടുകളിലേക്ക് മുഖം ചേര്‍ത്തു.

മോനേ… ബിനുവിനെ കണ്ടപ്പോള്‍ കുഞ്ഞേപ്പച്ചനും കരഞ്ഞു.

വിളിക്കെടാ… നീ നിന്‍റെ അമ്മച്ചിയെ വിളിക്കെടാ… നീ വിളിച്ചാ അവളെണീറ്റ് വരുമെടാ… വേറെ ആരു വിളിച്ചിട്ടും എണീല്ക്കാത്ത അവള് നീ വിളിച്ചാ എണീക്കുമെടാ…

ബിനു ആ നിമിഷം കുഞ്ഞേപ്പച്ചനെ തന്‍റെ നെഞ്ചോട് ചേര്‍ത്തു.

അപ്പച്ചാ…

മാസങ്ങള്‍ക്ക് മുമ്പുള്ള ആശുപത്രിയിലെ ആ രംഗം ബിനുവിന്‍റെ മനസ്സിലേക്ക് കടന്നുവന്നു. അന്ന് അപ്പച്ചന്‍ തന്നെ ആശ്വസിപ്പിച്ചത് അവന്‍റെ ഓര്‍മ്മയിലെത്തി.

പോയെടാ… അവള് പോയെടാ… നമ്മളെയൊക്കെ പറ്റിച്ച് കളഞ്ഞ് അവള് പോയെടാ… ആരോടും പറയാതെ… ഒരു വാക്കുകൊണ്ടുപോലും യാത്ര ചോദിക്കാതെ… കുഞ്ഞേപ്പച്ചന്‍ ബിനുവിന്‍റെ നനഞ്ഞൊട്ടിയ മാറോട് ചേര്‍ന്നുനിന്നുകൊണ്ട് പരിതപിച്ചു.

അമ്മച്ചി… ബിനു ത്രേസ്യാമ്മയുടെ നേരെ തിരിഞ്ഞു… ആ മുഖത്ത് ചിരിയുണ്ടോ… അതോ സങ്കടമാണോ… തന്നെ കാണാന്‍ അമ്മച്ചി ആഗ്രഹിച്ചിട്ടുണ്ടാവില്ലേ… തന്നോട് പറയാന്‍ അമ്മച്ചി അവസാനമായി കരുതിവച്ചിരുന്നത് എന്തായിരുന്നു? ബിനു തളര്‍ന്ന് നിലത്തിരുന്നു… അവന്‍റെ മുണ്ടില്‍ നിന്നും ഷര്‍ട്ടില്‍ നിന്നും വെള്ളത്തുള്ളികള്‍ നിലത്തേയ്ക്ക് വീണ് ഒഴുകിത്തുടങ്ങി.

നീ എണീറ്റ് വാ… അലക്സച്ചനെ അപ്പോഴാണ് ബിനു കണ്ടത്…

ചെന്ന് ഡ്രസ് മാറ്… അച്ചന്‍ അവനെ പിടിച്ചെണീല്പിച്ചു. പക്ഷേ ബിനു മുഖം പൊത്തി അവിടെ തന്നെ ഇരുന്നതേയുള്ളൂ.

നേരം പുലര്‍ന്നു… ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വീട്ടില്‍ ശവസംസ്കാരശുശ്രൂഷകള്‍ ആരംഭിച്ചു. കരയാന്‍ പോലും കഴിയാതെ ബിനു ത്രേസ്യാമ്മയുടെ ശവപേടകത്തിന് സമീപം വിറങ്ങലിച്ചുനിന്നു. അന്ത്യചുംബനത്തിന്‍റെ സമയമായി. ഓരോരുത്തരായി ത്രേസ്യാമ്മയ്ക്ക് അന്ത്യചുംബനം നല്കാനായി എത്തി.

സോജന്‍ വന്നപ്പോള്‍ പെട്ടെന്ന് കുഞ്ഞേപ്പച്ചന്‍ പൊട്ടിത്തെറിച്ചു.

തൊട്ടുപോകരുതവളെ… അയാള്‍ സോജന് നേരെ ആക്രോശി ച്ചു. എല്ലാവരും നടുങ്ങിപ്പോയി.

നീയൊന്ന് മനസ്സ് വച്ചിരുന്നെങ്കീ… ഞാന്‍ പറഞ്ഞതിനെ നീയൊന്ന് വകവച്ചിരുന്നെങ്കീ… എങ്കീ എന്‍റെ ത്രേസ്യാമ്മ മരിക്കുകേലായിരുന്നു. അല്ലെങ്കി നിനക്കെന്നാ അല്ലേ… പ്രായം ചെന്ന കാര്‍ന്നോന്മാര് എങ്ങനെയും ചത്തുകെട്ടുപോകണമെന്നല്ലേ നിന്‍റെയൊക്കെ വിചാരം… ഓരോ കുടുംബത്തിലുമുണ്ടല്ലോ മക്കള്‍ക്കും മരുമക്കള്‍ക്കും വേണ്ടാതെ കിടക്കുന്ന കുറെ പാഴ്ജന്മങ്ങള്…

ആരൊക്കെയോ ചേര്‍ന്ന് അപ്പോഴേക്കും കുഞ്ഞേപ്പച്ചനെ അവിടെ നിന്ന് കൊണ്ടുപോയി.

സെമിത്തേരിയില്‍ വച്ച് ബിനു അവസാനമായി ത്രേസ്യാമ്മയെ ഉമ്മ വച്ചു.

അമ്മച്ചീ… ഇനി നമ്മള്‍ ഭൂമിയുടെ സന്തോഷങ്ങളിലോ സങ്കടങ്ങളിലോ ഒരുമിച്ചുണ്ടാവില്ല. എനിക്ക് അറിഞ്ഞുകൂടാത്ത ഏതോ ലോകത്തിലേക്ക് അമ്മച്ചി യാത്രയാകുന്നു. ഇനി നമ്മള്‍ സ്വര്‍ഗ്ഗത്തിന്‍റെ സന്തോഷങ്ങളില്‍ വച്ച് കണ്ടുമുട്ടുമോ… അന്ന് നമുക്ക് പരസ്പരം മനസ്സിലാകുമോ… അന്നും ഞാന്‍ അമ്മച്ചിയെ വേദനിപ്പിക്കുമോ… അന്നും അമ്മച്ചിയെന്നെ സ്നേഹിക്കുമോ… ബിനുവിന്‍റെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ത്തുള്ളി ത്രേസ്യാമ്മയുടെ നെറ്റിയിലേക്ക് അടര്‍ന്നുവീണു. മാപ്പ്… അമ്മച്ചീ… മാപ്പ്… ചെയ്തുപോയ എല്ലാ തെറ്റുകള്‍ക്കും അറിഞ്ഞും അറിയാതെയും അമ്മച്ചിയെ വേദനിപ്പിച്ചതിനും…

ആറടി മണ്ണിന്‍റെ നനവിലേക്ക് ത്രേസ്യാമ്മയെ വഹിച്ചുകൊണ്ട് ശവപേടകം ഇറങ്ങിച്ചെന്നു. അതിന്‍റെ മീതേയ്ക്ക് മണ്ണും കല്ലും കുന്തിരിക്കവും വീണുകൊണ്ടിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org