പീലിക്കണ്ണുകൾ – 1

പീലിക്കണ്ണുകൾ – 1

കാവ്യദാസ് ചേര്‍ത്തല

"അമ്പിളീ ദേ നോക്ക് ഒരു മയില്‍ ദേ ആ മരക്കൊമ്പിലിരിക്കണൂ…"

സീത കൈ ചൂണ്ടിയിടത്തേയ്ക്ക് അമ്പിളി സൂക്ഷിച്ചുനോക്കി. ഇലവുമരത്തിന്‍റെ താഴത്തെ കൊമ്പില്‍ ഒരു മയില്‍! ഹായ് എന്തു ഭംഗിയാണ് ഇതിന്. അവള്‍ക്കു തുള്ളിച്ചാടണമെന്നു തോന്നി.

ആ മലയോര ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പഠിതാക്കളാണ് അയല്‍വാസികളായ ആ കൊച്ചു പെണ്‍കുട്ടികള്‍. തോട്ടംതൊഴിലാളികളായ രായപ്പനെയും സുകുമാരനെയുംപോലെ ഉറ്റ ചങ്ങാതിമാരാണ് അവരുടെ മക്കളും. രക്തബന്ധത്തേക്കാള്‍ എത്രയോ തീവ്രമാണു സ്നേഹബന്ധം എന്ന് അവരുടെ കുടുംബങ്ങള്‍ കാണുമ്പോള്‍ നാട്ടുകാര്‍ക്കു തോന്നാറുണ്ട്.

അമ്പിളി പഠനത്തില്‍ മിടുക്കിയാണ്. സീതയ്ക്കു ചിത്രം വരയ്ക്കുന്നതിലാണു കമ്പം. അതിനാല്‍ത്തന്നെ പലപ്പോഴും പരീക്ഷയ്ക്ക് അവള്‍ക്കു കുറഞ്ഞ മാര്‍ക്കുകൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നു.

"നീയിതു നോക്ക്യേ അമ്പിളീ. ഞാന്‍ കുറച്ചു മുമ്പു വരച്ചതാ" – ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ ഒരു കടലാസ് സീത ബുക്കിനിടയില്‍ നിന്നുമെടുത്തു.

അമ്പിളിയുടെ കണ്ണുകള്‍ അത്ഭുതംകൊണ്ടു വിടര്‍ന്നുപോയി. സ്കൂളിലേക്കു പോരും വഴി തങ്ങള്‍ കണ്ട മയിലിനെ അതേപടി സീത വരച്ചുവച്ചിരിക്കുന്നു.

"നിന്നെ സമ്മതിച്ചു സീതേ. ഇതു ഞാന്‍ നമ്മുടെ ജയശ്രീ ടീച്ചറുടെ കയ്യില്‍ കൊടുക്കും."

"അയ്യോ വേണ്ട; ടീച്ചറെന്നെ കൊല്ലും"- ചിണുങ്ങി. ജയശ്രീടീച്ചര്‍ ഡ്രോയിങ്ങ് അദ്ധ്യാപികയാണ്. ഒട്ടേറെ ബാലപ്രസിദ്ധീകരണങ്ങളില്‍ ടീച്ചര്‍ ചിത്രം വരച്ചിട്ടുണ്ട്. വരയ്ക്കുന്ന കുട്ടികളോടു ടീച്ചര്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്.

ചിത്രം കണ്ട ടീച്ചര്‍ സീതയുടെ തോളില്‍ തട്ടി അഭിനന്ദിച്ചു: "വെല്‍ഡണ്‍ കുട്ടീ. ചിത്രകലയില്‍ നിനക്ക് ഒരു ഭാവിയുണ്ട്."

അദ്ധ്യയനദിവസത്തിന്‍റെ സമാപനമായിട്ടുള്ള മണി മുഴങ്ങി. കുട്ടികള്‍ ഉത്സാഹത്തോടെ സ്കൂള്‍ മതില്‍ക്കെട്ടിനു പുറത്തേയ്ക്കു പാഞ്ഞു.

അമ്പിളിയും സീതയും ചെമ്മണ്‍ പാതയുടെ ഓരം ചേര്‍ന്നു നടന്നുതുടങ്ങി. ലൂക്കോച്ചന്‍ മുതലാളിയുടെ ജീപ്പ് പൊടി പറത്തിക്കൊണ്ടു കടന്നുപോയി. പാണ്ടന്‍ കവലയ്ക്കു സമീപമെത്തിയപ്പോള്‍ വഴിയോരത്തിരുന്ന ചെരുപ്പു നന്നാക്കുന്ന ഈയോബ് ആശാന്‍ അവരെ കണ്ട് അടുത്തേയ്ക്കു വന്നു.

ഈയോബ് ആശാന്‍ ഏവര്‍ക്കും സുപരിചിതനാണ്. ഒരു മഹാപ്രളയം സമ്മാനിച്ച വേര്‍പാടിന്‍റെ മുറിവുകളെ നെഞ്ചിലേറ്റുന്ന ഒരു പാവം മനുഷ്യന്‍! അയാള്‍ക്ക് എല്ലാവരുമുണ്ടായിരുന്നു. പേമാരിയും ഉരുള്‍പൊട്ടലും കവര്‍ന്നെടുത്ത തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍മിക്കുമ്പോഴൊക്കെ, എന്തിനോടൊക്കെയോ ഉള്ള പ്രതിഷേധംപോലെ തന്‍റെ മുന്നിലിരിക്കുന്ന ചെരുപ്പുകളിലേക്ക് അയാള്‍ നീളന്‍ സൂചി പായിക്കും. അപ്പോള്‍ ആ മുഖത്തു പ്രതിഷേധത്തിന്‍റെ അഗ്നിസ്ഫുലിംഗങ്ങള്‍ തെളിഞ്ഞു കാണാം. ഈയോബ് ആശാനും പ്രകൃതിയെ സ്നേഹിച്ചിരുന്നു. ഇന്ന് അയാള്‍ പ്രകൃതിയെ സംഹാരരൂപിണിയായി മാത്രം കാണുന്നു.

"മക്കള് നന്നായി പഠിക്കണം"- ആശാന്‍ അമ്പിളിയുടെയും സീതയുടെയും മൂര്‍ദ്ധാവില്‍ തലോടി.

"എനിക്കും ഉണ്ടായിരുന്നു നിങ്ങളുടെ പ്രായത്തില്‍ ഒരു മകള്‍; ഇസബെല്ല… അവളെ… ആ വെള്ളപ്പൊക്കം കൊണ്ടുപോയി…" – വൃദ്ധന്‍റെ തൊണ്ടയിടറി.

അയാള്‍ നീട്ടിയ കടലമിഠായികള്‍ അവര്‍ വാങ്ങിച്ചു.

"ഞങ്ങള്‍ പോട്ടെ അമ്മാവാ; നാളെ കാണാം. അമ്മാവന്‍ വിഷമിക്കരുത്."

അവര്‍ കണ്ണില്‍നിന്നും മറയുന്നതുവരെ ഈയോബ് ആശാന്‍ അവരെ നോക്കിനിന്നു. ശോണിമയാര്‍ന്ന കണ്ണുകളില്‍ അപ്പോള്‍ വാത്സല്യത്തിന്‍റെ നക്ഷത്രത്തിളക്കം കാണാമായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org