പീലിക്കണ്ണുകൾ – 10

പീലിക്കണ്ണുകൾ – 10

കാവ്യദാസ് ചേര്‍ത്തല

"ധിക്കാരം കാട്ടിയിട്ട് ന്യായീകരിക്കാന്‍ നോക്കുന്നോ?" – കു ഞ്ഞമ്മാവനു നേര്‍ക്ക് കലിതുള്ളുകയായിരുന്നു മുത്തച്ഛന്‍. തറവാട്ടിലെ മണല്‍ത്തരികള്‍പോലും ആ രൗദ്രഭാവം കണ്ടു പകച്ചുപോയി. അവധിക്കാലം ചെലവഴിക്കുവാനായി അമ്മയുടെ വീട്ടിലെത്തിയ രാജമല്ലിയെന്ന പന്ത്രണ്ടുകാരിക്കു കരച്ചിലടക്കാനായില്ല.

ജനലഴികളില്‍ പിടിച്ചു പുറത്തേയ്ക്കു നോക്കി അവള്‍ പറഞ്ഞു.

"കുഞ്ഞമ്മാവനെ വഴക്കു പറയല്ലേ മുത്തച്ഛാ."

"കേറിപ്പോടീ അകത്ത്. ഒറ്റയൊരെണ്ണം ഇനി ഇവിടെ മിണ്ടിപ്പോകരുത്." പിടയുന്ന കുറേ മനസ്സുകളെ പേറുന്ന ആ ഭവനം അപ്പോള്‍ ഒരു പ്രേതഭവനം തന്നെയായിരുന്നു.

"കണ്ട കങ്കാണിപ്പെണ്ണിനേം വി ളിച്ചോണ്ട് എന്‍റെ തറവാടിന്‍റെ പടിചവിട്ടാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടാ?"

"അഭയം നല്കിയവരെ കൈവിടരുതെന്ന് അച്ഛന്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്?"

"അതുകൊണ്ട്?"

"തണുത്തുറഞ്ഞ ആ മലയോരത്ത് അപരിചിതമായ ജോലിയിടത്തില്‍ എനിക്ക് അഭയം തന്നത് ഇവളുടെ വീട്ടുകാരായിരുന്നച്ഛാ. ഒരിക്കല്‍ വിഷം തീണ്ടി മരണത്തോടു മല്ലിട്ട എന്നെ ഇവളുടെ അച്ഛനാ രക്ഷിച്ചത്."

"അതുകൊണ്ട് നിന്‍റെ ജീവിതം കുരുതികൊടുക്കണമെന്നുണ്ടോ? പണമായിരുന്നു അവര്‍ക്കാവശ്യമെങ്കില്‍ ഈ തറവാടുപോലും ഞാന്‍ എഴുതി കൊടുക്കുമായിരുന്നെടാ. പക്ഷേ, എന്‍റെ അഭിമാനം; നിനക്ക് അതെങ്കിലും ഓര്‍ക്കാമായിരുന്നു."

"അച്ഛാ, ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മലയിടിച്ചില്‍ ഇവളുടെ വീടും ഉള്‍പ്പെട്ടു. ആറു പേരടങ്ങിയ കുടുംബത്തില്‍ ഇവള്‍ മാത്രമേ മരണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടുള്ളൂ. നിരാലംബയായ ഇവളെ, എന്‍റെ സൗദാമിനിയെ ഉപേക്ഷിച്ചു പോരാന്‍ മനസ്സു വന്നില്ലച്ഛാ. ഞാന്‍ ചെയ്തതു തെറ്റാണെങ്കില്‍ അച്ഛന്‍ എന്നെ ശിക്ഷിച്ചോളൂ."

അമ്മാവനു പിന്നില്‍ നിഴല്‍ പോലെ നില്ക്കുന്ന സൗദാമിനി അമ്മായി ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

"നരേന്ദ്രാ, എന്‍റെ തീരുമാനം നീ കേട്ടോളൂ. ഇനി ഒരിക്കലും… ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍പ്പോലും ഈ പടി ചവിട്ടരുത്. നീ എന്‍റെ ചിതയ്ക്ക് കൊള്ളിവച്ചാല്‍ എന്‍റെ ആത്മാവുപോലും പൊറുക്കില്ലെടാ."

മുത്തശ്ശിയുടെയും ഇളയമ്മമാരുടെയും കരച്ചിലുകള്‍ നേര്‍ത്തുനേര്‍ത്തില്ലാതാകുന്നതിനു മുമ്പേ കുഞ്ഞമ്മാവനും അമ്മായിയും പടിപ്പുര കടന്നു. തന്‍റെ കാലടികള്‍ പതിഞ്ഞ മുറ്റത്തേയ്ക്കു കാവും ചിത്രകൂടങ്ങളും കാത്തുപരിപാലിക്കുന്ന ആ എട്ടുകെട്ടിലേക്ക് അമ്മാവന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി. എന്തൊക്കെ ചിന്തകളായിരിക്കാം അപ്പോഴാ മനസ്സിലൂടെ കടന്നുപോയത്.

"ടീച്ചര്‍ കരയുകയാണോ? ശശാങ്കന്‍റെ അച്ഛനെ ടീച്ചര്‍ മുമ്പു കണ്ടിട്ടുണ്ടോ?" സീതയുടെ ചോദ്യം ടീച്ചറെ ഓര്‍മകളില്‍ നിന്നുണര്‍ത്തി. "എന്‍റെ കുഞ്ഞമ്മാവനാ മോളേ ഇത്. കുഞ്ഞമ്മാവനു ഞാനെന്നു വച്ചാല്‍ ജീവനായിരുന്നു. എങ്കിലും അമ്മാവന് ഈ ഗതി വന്നല്ലോ?"

രാജമല്ലി ടീച്ചര്‍ കുഞ്ഞമ്മാവന്‍റെ പാദം തൊട്ടു നമസ്കരിച്ചു. കട്ടിലിനരികില്‍ നില്ക്കുന്ന ശശാങ്കനെയും അനുജന്‍ ഗോപിക്കുട്ടനെയും രാജമല്ലിയുടെ കരങ്ങള്‍ വാത്സല്യത്തോടെ പുല്കി. "മക്കളേ നിങ്ങളുടെ ഏട്ടത്തിയാ ഞാന്‍. നിങ്ങളിനി സങ്കടപ്പെടേണ്ടി വരില്ല. നമുക്ക് അച്ഛനേംകൊണ്ടു നാട്ടിലേക്കു പോവാട്ടോ. അവിടെ അച്ഛനു നല്ല ചികിത്സ കൊടുക്കാം."

കാണുന്നതെല്ലാം ഒരു സ്വപ്നം പോലെയാണു ശശാങ്കനു തോന്നിയത്. സ്വന്തമെന്നു പറയുവാന്‍ ആരൊക്കെയോ ഉണ്ടെന്നുള്ളത് എത്ര ആനന്ദകരമാണ്. മറ്റൊരു നാട്… അപരിചിതമായ മുഖങ്ങള്‍ അവന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

"രാജി… മോള്‍" – ശശാങ്കന്‍റെ അച്ഛന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു.

"അമ്മാവനെന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷായി."

"രംഗനാഥാ, നമുക്കു കാര്യങ്ങളൊക്കെ ഒന്ന് ഊര്‍ജ്ജിതമാക്കണം. നാട്ടിലേയ്ക്ക് അമ്മാവനെ കൊണ്ടുപോകുവാന്‍ ഒരു ആംബുലന്‍സ് വേണ്ടി വരും. ഞാന്‍ ഇവിടത്തെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റുമായി ഒന്നു സംസാരിക്കട്ടെ. പിന്നെ കുട്ടികളുടെ ടിസിയുടെ കാര്യം. എന്‍റെ ട്രാന്‍സ്ഫറിനോടൊപ്പം അതും ശരിയാക്കാം. നാട്ടിലെ സ്കൂളില്‍ ഇവര്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്താ നിന്‍റെ അഭിപ്രായം?"

"ഒക്കേം റെഡിയാക്കാം ടീച്ചര്‍."

"അപ്പോ ടീച്ചറു ഞങ്ങളെ വിട്ടുപോവാണല്ലേ?"

അമ്പിളിക്ക് ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ മനസ്സു വരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ മനസ്സിനെ കീഴടക്കിയ ഒരു നല്ല ഗുരുനാഥയുടെ വേര്‍പാട് അമ്പിളിക്കും സീതയ്ക്കും താങ്ങാവുന്നതിലധികമാണ്. പക്ഷേ, ചില നന്മകള്‍ക്കായി വ്യക്തിഗത സങ്കടങ്ങള്‍ സഹിച്ചല്ലേ പറ്റൂ.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org