Latest News
|^| Home -> Novel -> Childrens Novel -> പീലിക്കണ്ണുകൾ – 12

പീലിക്കണ്ണുകൾ – 12

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

കുടിലിനുള്ളില്‍ പ്രവേശിച്ച രാജമല്ലിയോടു വൈദ്യര്‍ രോഗിയുടെ അവസ്ഥ വ്യക്തമാക്കി.

“സ്ഥിതി അല്പം വഷളാണ്. രക്തയോട്ടം തീരെ ഇല്ലാതായിരിക്കുന്നു. സന്ധിബന്ധങ്ങളില്‍ നീര്‍ക്കെട്ടുണ്ട്. അസ്ഥികള്‍ക്കു കടുപ്പവും. ഇത്തരം സാഹചര്യങ്ങളില്‍ ചികിത്സകനു നിഷ്ക്രിയനായി നില്ക്കാനേ കഴിയൂ. എങ്കിലും…”

രാജമല്ലി പ്രതീക്ഷയോടെ വൈദ്യരെ നോക്കി.

“ദൈവാധീനം. അത് ഈ മനുഷ്യനു വേണ്ടുവോളമുണ്ട്. പിന്നെ ആയുര്‍ബലവും. തളര്‍ന്നുപോയ ഈ ശരീരത്തിനുള്ളില്‍ തളരാത്ത ഒരു മനസ്സ് ഉണ്ടായിരുന്നതാ അനുകൂലമായത്. അമ്മാവനുവേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിച്ചോളൂ. ഉണ്ണികൃഷ്ണന്‍മാഷ് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞിരുന്നു. ഒന്നുകൂടി പറയാനുണ്ട്. ചികിത്സ എത്രകാലം വേണ്ടിവരുമെന്നറിയില്ല. ചിലപ്പോള്‍ ഒരു മാസം ചിലപ്പോള്‍ അതിലുമേറെയാകാം. ചികിത്സാകാലത്തിനിടയില്‍ ആരുംതന്നെ പുറത്തുനിന്ന് ഇവിടെ വരാന്‍ പാ ടില്ല. അതാ ഇവിടത്തെ നിയമം. മറ്റു കാര്യങ്ങളൊക്കെ ഞാന്‍ ഉണ്ണികൃഷ്ണന്‍ മാഷോട് പറഞ്ഞയയ്ക്കാം. പ്രാര്‍ത്ഥന… നിരന്തരമായ പ്രാര്‍ത്ഥന, അതു ചികിത്സകന്‍റെ കരങ്ങള്‍ക്കു കരുത്തു പകരും.” വൈദ്യരുടെ കാലടികള്‍ തൊട്ടുവന്ദിച്ച് ഒരു തുക ദക്ഷിണ നല്കി രാജമല്ലി യാത്ര ചോദിച്ചു.

“പോയി വരൂ ടീച്ചറേ. എല്ലാം മംഗളമായ് വരും” – വൈദ്യര്‍ അനുഗ്രഹിച്ചു.

“ആംബുലന്‍സ് ഞാന്‍ മടക്കി അയച്ചു ടീച്ചറേ. അതൊരു അവശ്യസര്‍വീസല്ലേ. കുറച്ചു ദൂരം മുമ്പോട്ടു നടന്നാല്‍ നമുക്കു ജീപ്പു കിട്ടും. ആട്ടെ, വൈദ്യര്‍ എന്തു പറഞ്ഞു?” – ഉണ്ണികൃഷ്ണന്‍ മാഷ് സംഭാഷണത്തിനു തുടക്കമിട്ടു.

വൈദ്യര്‍ സൂചിപ്പിച്ചവയെല്ലാം രാജമല്ലി വിശദമാക്കിയപ്പോള്‍ ശശാങ്കന്‍റെ മുഖത്ത് ആശങ്കയുടെ നിഴല്‍പ്പാടുകള്‍. കാര്യഗൗരവമറിയാതെ ഗോപിക്കുട്ടന്‍ ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ ചെറുവിരലില്‍ പിടിച്ചു മുന്നോട്ടു നടന്നു. ചുറ്റും ചിലച്ചു പറക്കുന്ന പേരത്തത്തകളിലും കുറുകുന്ന പ്രാവിന്‍കൂട്ടങ്ങളിലുമായിരുന്നു അവന്‍റെ ശ്രദ്ധ.

മലഞ്ചരക്കുകള്‍ കയറ്റിപ്പോയി തിരികെ വരുന്ന ഒരു ജീപ്പിനു മാഷ് കൈ കാണിച്ചു. എല്ലാവരും അതില്‍ കയറി.

തന്നെ ഏറ്റവുമധികം സ്നേഹിച്ചിരുന്ന കുഞ്ഞമ്മാവന്‍… ഇതാ യാതൊരു പിരിചയവുമില്ലാത്ത ഒരിടത്ത് ഈശ്വരകാരുണ്യം പ്രതീക്ഷിച്ചു നാള്‍ കഴിക്കാനൊരുങ്ങുന്നു. കുട്ടിക്കാലത്തു മനസ്സില്‍ പതിഞ്ഞ കുഞ്ഞമ്മാവന്‍റെ ചിത്രം രാജമല്ലി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഏതു നല്ല കാര്യത്തിനും മുന്നോട്ടിറങ്ങുന്ന കുഞ്ഞമ്മാവന്‍. “പഠിച്ചു പോത്തുപോലെ വളര്‍ന്നു. ഒരു ജോലി നേടണമെന്ന വിചാരം വല്ലതും അവനുണ്ടോ?”

മുത്തച്ഛന്‍റെ ശകാരങ്ങള്‍ക്കു മറുപടി ഒരു പുഞ്ചിരിയിലൊതുക്കു കുഞ്ഞമ്മാവന്‍ നടുതലകള്‍ക്കു വെള്ളം കോരാന്‍ തുടങ്ങി.

‘ആയ്ക്കോ, എന്താന്നു വെച്ചാലായ്ക്കോ. എന്‍റെ കണ്ണടയുമ്പോഴേ നീ പഠിക്കൂ” – മുത്തച്ഛന്‍റെ ദേഷ്യം ആറിത്തണുക്കുന്നതു പലപ്പോഴും അത്തരം ഓര്‍മപ്പെടുത്തലോടെയാണ്.

ചില ജോലികള്‍ കുഞ്ഞമ്മാവന് ഒത്തുവന്നതായിരുന്നു. പക്ഷേ, ആദര്‍ശത്തിന്‍റെ പേരില്‍ അവ വേണ്ടെന്നു വയ്ക്കുകയായിരുന്നു. കൈക്കൂലിയും ശിപാര്‍ശയുംകൊണ്ടു നേടുന്ന ജോലി ഒരു ഭാരമായിരിക്കുമെന്ന് അമ്മാവന്‍ വിശ്വസിച്ചിരുന്നു.

കുറേ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു തേയിലക്കമ്പനിയില്‍ നിന്നു കുഞ്ഞമ്മാവനു നിയമന ഉത്തരവു വന്നത്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി. മുത്തച്ഛനു സന്തോഷമായി.

“എന്‍റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. നിനക്ക് ഒരു തൊഴില് കിട്ടീലോ; സമാധാനായി.”

ലീവിനു നാട്ടില്‍ വരുമ്പോഴൊക്കെ കുഞ്ഞമ്മാവന്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു.

“സ്ഥലമെത്താറാായി  ടീച്ചര്‍ ഉറങ്ങുകയായിരുന്നോ?” ജീപ്പിന്‍റെ മുന്‍സീറ്റിലിരുന്ന ഉണ്ണികൃഷ്ണന്‍ മാഷ് വിളിച്ചു ചോദിച്ചു.

“അമ്മാവനെക്കുറിച്ച് ഓര്‍ത്തുപോയി മാഷേ.”

”സുരക്ഷിതമായ കൈകളിലാ അമ്മാവനിപ്പോള്‍. ടീച്ചര്‍ മുമ്പു സൂചിപ്പിച്ച ട്രാന്‍സ്ഫറിന്‍റെ കാര്യം?”

“തത്കാലത്തേയ്ക്ക് ഇല്ല മാഷേ. അമ്മാവന് ഒരു നല്ല ചികിത്സ ലഭിക്കണമെന്ന ഉദ്ദേശ്യത്തിലാ അന്നങ്ങനെ ഒരു തീരുമാനമെടുത്തത്. മാഷിന്‍റെ അവസരോചിതമായ ഇടപെടലുകൊണ്ടാ അമ്മാവന് ഇപ്പോള്‍ ഒരു മേല്‍ഗതി ഉണ്ടായിരിക്കുന്നത്. ഇതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.”

“ദേ ടീച്ചറു പിന്നേം സെന്‍റിയാകുന്നു” – മാഷ് കളിയാക്കി.

രാജമല്ലിയുടെ മുഖം ലജ്ജകൊണ്ടു അരുണാഭമായി.

വെട്ടുവഴികളിലൂടെ കടന്നുപോകുന്ന ജീപ്പ് പിന്നില്‍ മേഘമാലകള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. നാല്ക്കവലയില്‍ ജീപ്പ് നിന്നു. ശശാങ്കനും ഗോപിക്കുട്ടനും രാജമല്ലിയും ഇറങ്ങി.

ഉണ്ണികൃഷ്ണന്‍ മാഷ് വണ്ടിയില്‍ത്തന്നെ ഇരുന്നു. അടുത്ത വളവിലാണു മാഷിന് ഇറങ്ങേണ്ടത്.

“ടീച്ചര്‍, കുട്ടികളേ… നാളെ കാണാട്ടോ” – മാഷ് കൈ ഉയര്‍ത്തി.

മൂന്നു വലംകൈകള്‍ വായുവില്‍ അര്‍ദ്ധവൃത്തം ചമച്ചു യാത്രാനുമതി നല്കി.

അകന്നുപോകുന്ന ആ വാഹനത്തെ രാജമല്ലി കണ്ണിമയ്ക്കാതെ നോക്കിനിന്നു. പിന്നെ, കുട്ടികളോടൊപ്പം മുന്നോട്ടു നടന്നു.

*************

രാജമല്ലി ടീച്ചര്‍ സ്ഥലംമാറ്റ അപേക്ഷ പിന്‍വലിച്ചു. ഏറ്റവുമധികം സന്തോഷിച്ചതു സീതയും അമ്പിളിയും ഖദീജയുമായിരുന്നു.

“ടീച്ചറേ, ടീച്ചര്‍ ഇവിടെ നിന്നു പോകാതിരിക്കാനേ ഈ അമ്പിളി മുരുകന്‍ കോവിലില്‍ വഴിപാടു നേര്‍ന്നു” – സീത തൊട്ടടുത്തു നില്ക്കുന്ന അമ്പിളിയെ നോക്കി കണ്ണിറുക്കി.

“അമ്പടീ, അപ്പം ഈ കഴിഞ്ഞ ദിവസം ഉണ്ണാതേം ഉറങ്ങാതേം കരഞ്ഞോണ്ടിരുന്നത് ആരാ? ടീച്ചറ് ഈ സ്കൂളീന്നു പോയാല്‍ ഇനി പഠിക്കാനും പോണില്ലാന്നു പറഞ്ഞതു ഞാനല്ലല്ലോ.”

സീതയ്ക്ക് അത് അംഗീകരിക്കാതെ തരമില്ലായിരുന്നു.

“എന്‍റെ കുട്ടികളേ, നിങ്ങള്‍ക്ക് എന്നെ അത്രയ്ക്കിഷ്ടാ?”

“ഉം… പെരുത്ത് പെരുത്ത് ഇഷ്ടാ. ങ്ങടെ ഖല്‍ബില് സ്നേഹം മാത്രമേ ഉള്ളൂ ടീച്ചറേ. ടീച്ചറ് ഇനി ഈ നാട്ടീന്നു പോണ്ട”- ഖദീജ രാജമല്ലിയുടെ വലതുകരം കണ്ണോടു ചേര്‍ത്തു.

“ഇനി മുതല്‍ കുഞ്ഞമ്മാവന്‍റെ വീട്ടിലാ എന്‍റെ താമസം” – ടീച്ചര്‍ ഭാവിപരിപാടി വിശദമാക്കി.

“നേരാണോ ടീച്ചര്‍. അങ്ങനെയെങ്കില്‍ നമ്മളിനി അയല്‍ക്കാരാ” – സീതയ്ക്കു സന്തോഷം അടക്കാനായില്ല.

ഇന്നലെ വരെ കഴിഞ്ഞ സാഹചര്യത്തില്‍ നിന്ന് ഒരു സ്വയം പറിച്ചുനടല്‍. അതെ, ശൂന്യവത്കരണത്തിന്‍റെ ആനന്ദം രാജമല്ലി അനുഭവിക്കുകയാണ്.

(തുടരും)

Leave a Comment

*
*