പീലിക്കണ്ണുകൾ – 2

പീലിക്കണ്ണുകൾ – 2

കാവ്യദാസ് ചേര്‍ത്തല

"എഴുന്നേറ്റ് നില്ക്കെടോ. കഴിഞ്ഞ രണ്ടു ദിവസം താനെവിടെയായിരുന്നു. തോന്നുമ്പം വരാനും തോന്നുമ്പം പോകാനും ഇതെന്നാ വല്ല കാലിച്ചന്തയുമാണോ? ലീവ്ലെറ്റര്‍ കൊണ്ടുവന്നിട്ടുണ്ടോ?" – സക്കറിയാമാഷ് ദേഷ്യംകൊണ്ടു വിറച്ചു.

ഏഴാം ക്ലാസ്സ് ബി ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശ്മശാന നിശ്ശബ്ദത തളംകെട്ടി നിന്നു. ക്ലാസ്സ് അദ്ധ്യാപകന്‍ കൂടിയായ സക്കറിയാ മാഷിന്‍റെ സ്വഭാവം അവര്‍ക്കു നന്നേ പരിചിതമാണ്. സദാ മുറുക്കാന്‍ വായിലുള്ള മാഷ് സംസാരിക്കുമ്പോള്‍ രക്തനിറമുള്ള മുറുക്കാന്‍തുപ്പല്‍ ഡെസ്കിനുമേല്‍ തുറന്നുവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ ഇടയ്ക്കൊക്കെ മായാത്ത മുദ്ര പതിപ്പിക്കും. കുട്ടികളില്‍ ചിലര്‍ രഹസ്യമായി ഇക്കാര്യം പ്രധാനാദ്ധ്യാപകനോടു പരാതിപ്പെട്ടതാണ്. പക്ഷേ എന്തു ഫലം? സക്കറിയാമാഷിനെ ഉപദേശിക്കുവാന്‍ അദ്ദേഹത്തിനും ഭയമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രാദ്ധ്യാപകനായ മാഷിന്‍റെ ഓര്‍മശക്തി സമ്മതിച്ചുകൊടുത്തേ പറ്റൂ. ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങള്‍ വര്‍ഷങ്ങളുടെ ക്രമത്തില്‍ എത്ര നേരം വേണമെങ്കിലും അദ്ദേഹം വിവരിക്കും.

തല കുനിച്ചു നില്ക്കുന്ന ശശാങ്കനെ സക്കറിയാമാഷ് തറപ്പിച്ചു നോക്കി.

"എന്താ തന്‍റെ നാവിറങ്ങിപ്പോയോ? കാളപോലെ വളര്‍ന്നല്ലോ. തോന്ന്യവാസം ഞാന്‍ സമ്മതിച്ചു തരില്ല. ഉം കൈനീട്ട്…" – വലിയ ചൂരല്‍ വിറപ്പിച്ചുകൊണ്ടു മാഷ് ശബ്ദമുയര്‍ത്തി.

നിര്‍വികാരിതയോടെ ശശാങ്കന്‍ വലതു കരം നീട്ടി. ആ കൈ വെള്ളയിലെ തഴമ്പുകള്‍ കണ്ടു മാഷ് അമ്പരന്നു. ഉണങ്ങി ഉറച്ച മുറിപ്പാടുകള്‍!

"അവന്‍ മിണ്ടില്ല മാഷേ; ചെവി കേക്കാന്നേ ഉള്ളൂ" – ക്ലാസ്സിലെ കുഞ്ഞന്മാരില്‍ ഒരുവനായ വിഷ്ണുപ്രസാദ് പറഞ്ഞു.

"അവന്‍ കരിങ്കല്‍മടേല് പണിക്കു പോകും. അവന്‍റെ അച്ഛന്‍ തളര്‍വാതം വന്നു കെടപ്പിലാ. അമ്മ കഴിഞ്ഞ മാസാ മരിച്ചത്. അനിയന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്" – അസീസിന്‍റെ വാക്കുകള്‍ സക്കറിയാമാഷിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു.

"ഇരുന്നോളൂ കുട്ട്യേ… സാരമില്ല. ക്ലാസ്സ് കഴീമ്പം ടീച്ചേഴ്സ് റൂം വരെ ഒന്നു വരണം; കേട്ടോ."

അവന്‍ തലയാട്ടി.

ഭയന്നു വിറച്ചിരുന്ന കുട്ടികള്‍ക്കു സമാധാനമായി.

"ശശാങ്കന്‍റെ നോട്ട് കംപ്ലീറ്റ് ചെയ്യാന്‍ താന്‍ സഹായിക്കണം"- വിഷ്ണുപ്രസാദിനു മാഷ് നിര്‍ദ്ദേശം നല്കി.

തന്‍റെ ജുബ്ബാക്കീശയില്‍ നിന്ന് ഒരു പേനയെടുത്ത് മാഷ് ശശാങ്കനു നല്കി. "ഇന്നാ, ഇതിരിക്കട്ടെ. ഇത് എന്തിനാന്നറിയ്വോ? ഈ സാഹചര്യത്തിലും താന്‍ പഠിക്കാന്‍ വരുന്നതിന്."

ശശാങ്കന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ, ജന്മനാ മൂകനായ അവന് എങ്ങനെ അതിനു കഴിയും?

ഉച്ചക്കഞ്ഞി കുടിച്ചശേഷം അവന്‍ സ്റ്റാഫ് റൂമിലെത്തി. അവിടെ നിരന്നു കണ്ട ഡെസ്കിന്മേല്‍ തലവച്ചു മാഷുമാര്‍ കിടക്കുന്നുണ്ട്. ഒന്നുരണ്ട് ടീച്ചേഴ്സ് കുട്ടികളുടെ ഡിക്ടേഷന്‍ ബുക്കുകള്‍ മറിച്ചുനോക്കി ശരിയിടുന്നു.

"ങ്ഹാ… ശശാങ്കനോ? ഇങ്ങ് കേറിവാടോ. തന്‍റെ നഷ്ടമായ ക്ലാസ്സുകള്‍ നമുക്കു മേക്കപ്പ് ചെയ്യാം. എവിടെയാ നിന്‍റെ വീട്?"

അവന്‍ അവിടെ കണ്ട ഒരു കടലാസില്‍ സ്ഥലം എഴുതിക്കാണിച്ചു.

വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് താന്‍ കുറച്ചു നേരം ക്ലാസ്സിലിരിക്കുക. പെന്‍റിംഗ് പോര്‍ഷന്‍സ് മറ്റു ടീച്ചേഴ്സിനെക്കൊണ്ടും എടുപ്പിച്ചു തരാം. വിദ്യാഭ്യാസം അര്‍ഹിക്കുന്ന കരങ്ങളിലെത്തുമ്പോഴാടോ ഒരു അദ്ധ്യാപകന്‍റെ ജീവിതം ചാരിതാര്‍ത്ഥ്യമാകുന്നത്…. അല്ല ഞാനെന്തു വല്യ വര്‍ത്താനമാ തന്നോടീ പറയുന്നത്. തനിക്കു വല്ലതും മനസ്സിലായോ… മാഷ് പുഞ്ചിരിച്ചു. ശശാങ്കനും അതില്‍ പങ്കുചേര്‍ന്നു. ഒരു പുതിയ ഗുരു-ശിഷ്യബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്.

"സീതേ, നമുക്കു ശശാങ്കനു വല്ല സഹായോം ചെയ്യാന്‍ പറ്റ്വോ?" – അമ്പിളി സ്കൂളില്‍ നിന്നുള്ള മടക്കയാത്രയില്‍ ചോദിച്ചു.

"നമ്മളെന്തു ചെയ്യാനാ അമ്പിളീ. നമ്മളും അവനെപ്പോലെ പാവങ്ങളല്ലേ?"

"നീ പറഞ്ഞതു ശരിയാ. പട്ടിണീടെ നടുവില്‍ നില്ക്കുന്ന നമ്മള് എന്തെങ്കിലും ചെയ്യണമെന്നു വിചാരിച്ചാലും കഴീല്ലല്ലോ" – നിസ്സഹായതയുടെ വേദന അമ്പിളിയുടെ മുഖത്ത് നിഴല്‍ വീശി.

പോയ രണ്ടു വര്‍ഷങ്ങളില്‍ ശശാങ്കന്‍ വേറെ ഡിവിഷനിലായിരുന്നു; നാലാം ക്ലാസ്സുവരെ മറ്റേതോ സ്കൂളിലും. അതുകൊണ്ടുതന്നെ അവനെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നില്ല. അന്നാദ്യമായി ഒരു സഹോദരനെക്കുറിച്ച് അമ്പിളി ചിന്തിച്ചുപോയി. കൈവെള്ള തഴമ്പിച്ചു പൊട്ടിയ, ഒരു കുടുംബത്തിന്‍റെ ഭാരം ചുമലില്‍ പേറുന്ന മൂകനായ ശശാങ്കനെ ഓര്‍ത്ത് അവളുടെ മനസ്സ് വേദനിച്ചു.
************
"നീ ഇന്നലെ എവിടെയായിരുന്നെടാ?"- മാത്തച്ചന്‍ മുതലാളിയുടെ അലര്‍ച്ച പാറക്കൂട്ടങ്ങളില്‍ തട്ടി മുഴങ്ങി.

"ഓ… പള്ളിക്കൂടത്തില്‍ അല്യോ. ഇപ്പം പഠിച്ചു വല്യ ദിവാന്‍ പേഷ്കാര് ആകാല്ലോ. എടാ ചെക്കാ ഊമയായ നിന്നെക്കൊണ്ട് വല്ലോം കഴിയ്വോ? ഇവിടെ കൃത്യമായിട്ടു വന്നാ ചെലവിനുളള വക അങ്ങട്ട് തരും. തോന്നുമ്പം വരാനാണേ കുഞ്ഞു വേറെ വല്ല സ്ഥലോം നോക്കണതാ നല്ലത്."

ചുറ്റുമിരുന്നു പാറ പൊട്ടിക്കുന്നവര്‍ അവനെ സഹതാപത്തോടെ നോക്കി. അവര്‍ക്ക് അവനെ അറിയാം. കുട്ടിയായിരിക്കുമ്പോള്‍ വേലുച്ചാമിയുടെ ഒപ്പം അവന്‍ മടയില്‍ വന്നിട്ടുണ്ട്. വേലുച്ചാമി കിടപ്പായശേഷം അയാളുടെ തൊഴില്‍ ഏറ്റെടുത്തു മകന്‍ വീടു പുലര്‍ത്താനായി വരുന്നു.

വലിയ കരിങ്കല്ലുകളെ നിശ്ചിത വലിപ്പത്തിലുള്ള മെറ്റലുകളാക്കി അടിച്ചുമുറിക്കേണ്ട ജോലിയാണ് അവന്. അവന്‍ ഭാരമുള്ള ചുറ്റിക കയ്യിലെടുത്തു ചെറിയ കല്ലുളി മുന്നിലിരിക്കുന്ന കരിങ്കല്ലില്‍ ക്ഷതമേല്പിച്ചു. പ്രഭാതസൂര്യന്‍റെ കിരണങ്ങളോടൊപ്പം ഒരു ഇളംകാറ്റ് പാറമടയില്‍ വീശി.

ജീവിതപ്രാരാബ്ധങ്ങളുടെ കനത്ത പ്രഹരമേറ്റു കരുവാളിച്ച ജീവിതങ്ങള്‍ ആ കരിങ്കല്‍മടയില്‍ ജീവന സംഗീതമുണര്‍ത്തുകയാണ്. ഓരോ പ്രഹരവും അതിജീവനത്തിന്‍റെ വെളിപാടുകളാകുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org