പീലിക്കണ്ണുകൾ – 20

പീലിക്കണ്ണുകൾ – 20

കാവ്യദാസ് ചേര്‍ത്തല

തറവാടും അതിനോടു ചേര്‍ന്നുള്ള വിശാലമായ പറമ്പും ചുറ്റുപാടുകളെ അപേക്ഷിച്ച് അല്പം ഉയരത്തിലായിരുന്നു. ആന്‍റണി അങ്കിള്‍ പടിപ്പുരയുടെ ഒതുക്കുകല്ലുകളോടു ചേര്‍ത്തു സ്പീഡ്ബോട്ട് നിര്‍ത്തി. അമ്മയോടും അച്ഛനോടുമൊപ്പം രാജമല്ലി ഇറങ്ങി.

"അങ്കിള്‍ വരുന്നില്ലേ?"

"പിന്നീടാവാം മോളേ. ഒന്നുരണ്ടു റെസ്ക്യൂ ഓപ്പറേഷന്‍സുണ്ട്. ഒന്നു കൈനകരിവരെ പോണം. നരേന്ദ്രനെ തിരികെ വരുമ്പോള്‍ കണ്ടോളാം."

ഒരു പുഞ്ചിരി സമ്മാനിച്ച് ആന്‍റണി അങ്കിള്‍ യാത്രയായി. കുട്ടിക്കാലത്ത് തറവാട്ടിലെത്തുന്ന തന്നെ കൊമ്പന്‍മീശ പിരിച്ചു കണ്ണുരുട്ടി പേടിപ്പിക്കുന്നത് അങ്കിളിനൊരു രസമായിരുന്നു. ബാല്യകാല സ്മരണകളില്‍ രാജമല്ലിയുടെ മനസ്സ് ഒരു ചിത്രശലഭമായി.

ഒരു ചെറിയ ജനാവലി അവിടെ ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുന്നുണ്ടായിരുന്നു. പരിസരപ്രദേശത്തുനിന്നും എത്തിയവരാണ് അവര്‍. വിലപിടിച്ചവ പലതും ഇട്ടെറിഞ്ഞാണ് അവര്‍ വന്നിരിക്കുന്നത്. തിരികെ എത്തുമ്പോള്‍ എന്താകുമെന്ന് ആര്‍ക്കറിയാം? അകത്തളത്തില്‍ രാജമല്ലിയുടെ അമ്മ വല്യമ്മായിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

"ന്നാലും ന്‍റെ മോള്‍ടെ കല്യാണം…"

"മല്ലികേ നീ കരയാതെ. എല്ലാം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ നടക്കും. നീയതു കണ്ടോ. ഏടത്ത്യമ്മ കൈചൂണ്ടിയിടത്തേയ്ക്കു രാജമല്ലിയുടെ അമ്മ മല്ലിക തലയുയര്‍ത്തി നോക്കി.

അത്ഭുതം!! ഒരു വലിയ നിലപ്പന്തലിന്‍റെ നിര്‍മാണം അവിടെ പുരോഗമിക്കുകയാണ്. രാജമല്ലിയുടെ രണ്ട് അമ്മാവന്‍മാരും ഓരോ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടു തലങ്ങും വിലങ്ങും നടക്കുന്നു. ഒന്നിനും ഒരു കുറവും വരരുതെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. 'മുല്ലപ്പന്തലിനുള്ള മാലകള്‍ നമുക്കു ചെത്തിക്കാട്ട് ഫ്ളവര്‍ സ്റ്റോഴ്സില്‍ നിന്നു വാങ്ങിക്കാം. ജെയിംസേട്ടന്‍ എന്‍റെ അടുത്ത ചങ്ങാതിയാ. എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും ചേട്ടന്‍ പൂക്കള്‍ എത്തിച്ചുതരും."

"നരേന്ദ്രാ, അതു നടക്കുമോ? ഗതാഗതമൊക്കെ ആകെ താറുമാറായെന്നാ അറിയാന്‍ കഴിഞ്ഞത്."

"നടക്കും ഏട്ടാ. ഈശ്വരാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി നടക്കും. സാഹചര്യം പരിഗണിച്ചു വിവാഹം അല്പം നീട്ടിവച്ചൂടേയെന്ന് അളിയനും ആലോചിച്ചതാ. നിശ്ചയച്ച മുഹൂര്‍ത്തം തന്നെ ആവട്ടേന്നു പറഞ്ഞതു നമ്മുടെ ഉണ്ണികൃഷ്ണനാ. എനിക്കും അതേ അഭിപ്രായമായിരുന്നു."

അഭയാര്‍ത്ഥികളായി എത്തിയവര്‍ക്കു താമസിക്കുവാന്‍ – പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി – രണ്ടു വലിയ പന്തലുകള്‍ വേറെയും നിര്‍മിച്ചു. നാട്ടില്‍ പ്രമുഖനായ രമേശന്‍ വക്കീല്‍ താമസക്കാര്‍ക്കെല്ലാവര്‍ക്കും ആവശ്യമായ പായകളും പുതപ്പും വിതരണം ചെയ്തു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുവാന്‍ നരേന്ദ്രന്‍റെ സുഹൃത്തുകളും ഒപ്പമുണ്ടായിരുന്നു. തറവാട്ടിലെ 24 മുറികളില്‍ ആറെണ്ണമൊഴികെ ബാക്കിയുള്ളതു കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി നീക്കിവച്ചു. പൊന്നുതമ്പുരാന്‍റെ പടനായകന്മാരുടെ ജന്മം കൊണ്ടു പവിത്രമായ ആ തറവാട് ഇന്നിതാ ആശ്വാസത്തിന്‍റെ അഭയ സങ്കേതമാകുന്നു.

പഴയ ഉരല്‍പ്പുര വീണ്ടും സജീവമായി. പത്തായത്തില്‍ സംഭരിച്ചിരുന്ന നെല്ല് സ്ത്രീജനങ്ങള്‍ വിവിധ ഉരലുകളിലായി കുത്തുവാന്‍ തുടങ്ങി. പുതിയ തലമുറയ്ക്ക് അതു രസകരമായ കാഴ്ചയായിരുന്നു. ഭക്ഷണത്തിനു വിഭവങ്ങളുമായി ചെറുവള്ളങ്ങള്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. വിവാഹസദ്യയ്ക്കുവേണ്ടി നിര്‍മിച്ച കലവറയില്‍ ആദ്യം വിഭവങ്ങള്‍ ഒരുക്കിയതു വിധിയുടെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കുവേണ്ടിയായിരുന്നു. ഊണു കഴിക്കുന്നതിനിടയില്‍ അവരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഇനി വിവാഹത്തിനു രണ്ടുനാള്‍ മാത്രം.

"പ്രിയമുള്ളവരേ, നമ്മുടെ രാജിമോള്‍ടെ വിവാഹത്തിനു നിങ്ങള്‍ടെ എല്ലാവരുടേം അനുഗ്രഹോം സാന്നിദ്ധ്യോം ഉണ്ടാവണം. കലവൂരാ ഒരുക്കങ്ങളൊക്കെ നടത്തിയിരുന്നത്. ഇനി ഒക്കേം ആദ്യംതൊട്ടു തുടങ്ങണം. ഒരച്ഛന്‍റെ സങ്കടം നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ. രാജമല്ലിയുടെ അച്ഛന്‍ വിതുമ്പിപ്പോയി.

"കുഞ്ഞിന്‍റെ കല്യാണം നമുക്കു പൊടിപൊടിക്കണം. ഞങ്ങളെല്ലാം ഒപ്പമുണ്ട് അനന്താ" – അന്‍വറാണ് അതു പറഞ്ഞത്.

വലിയ പാറക്കെട്ടുകള്‍ ഭീഷണിയുയര്‍ത്തി നില്ക്കുന്ന ആ മലയോര ഗ്രാമത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കരയും വെള്ളവും തിരിച്ചറിയാനാകാത്തവിധം കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നു.

ഉണ്ണികൃഷ്ണന്‍ മാഷും ദേവസ്യാമാഷും രംഗനാഥനും കയറിയ വള്ളം മുമ്പത്തെ റോഡിലൂടെ മുന്നോട്ടു നീങ്ങി.

"അതാ വഞ്ചി അങ്ങോട്ടടുപ്പിക്ക്. ആ വീട്ടില്‍ ആരൊക്കെയോ ഉണ്ട്" – ഉണ്ണികൃഷ്ണന്‍ മാഷ് രംഗനാഥനു നിര്‍ദ്ദേശം നല്കി.

കൊട്ടാരസദൃശമായ ആ വീടിന്‍റെ താഴത്തെ നില പൂര്‍ണമായും മുങ്ങിക്കഴിഞിരുന്നു.

ഉണ്ണികൃഷ്ണന്‍ മാഷും ഒപ്പമുള്ളവരും രണ്ടാംനിലയോടു ചേര്‍ന്നു വള്ളം കെട്ടിയിട്ടു.

ജീവിതത്തിന്‍റെ വസന്തകാലം മക്കള്‍ക്കുവേണ്ടി ചെലവഴിച്ചു മുരടിച്ചുപോയ രണ്ടു ജന്മങ്ങളും അവരെ പരിചരിക്കുവാന്‍ നിയുക്തയായ ഒരു മദ്ധ്യവയസ്കയും.

തിമിരം കാര്‍ന്ന മിഴികളുള്ള ആ മനുഷ്യന്‍ ഒരിക്കല്‍ എല്ലാവര്‍ക്കും എല്ലാമായിരുന്നു. വിദേശങ്ങളില്‍ വിജയസോപാനങ്ങള്‍ കീഴടക്കിയ മക്കളുടെ മനസ്സില്‍ ഇപ്പോഴാ അച്ഛനും അമ്മയും ഗൃഹാനുസ്മരണകള്‍ മാത്രമായിരിക്കുന്നു.

"അച്ഛാ നമുക്കിറങ്ങാം"- ഉണ്ണി കൃഷ്ണന്‍ മാഷ് വൃദ്ധനെ ചാരുകസേരയില്‍ നിന്നു പിടിച്ചെഴുന്നേല്പിച്ചു.

"നീ ആരു കുഞ്ഞേ? എനിക്കു മനസ്സിലായില്ലല്ലോ?"- ഏതോ ഒരാത്മബന്ധം കൊണ്ടെന്നപോലെ ആ കാരണവര്‍ ഉണ്ണിമാഷിനെ കെട്ടിപ്പിടിച്ചു.

"ഒക്കേം പറയാമച്ഛാ. നമുക്കു പുറത്തു കടക്കണം. ഇനീം വൈകിക്കൂടാ."

വൃദ്ധയ്ക്കു നടക്കുവാന്‍ പ്രയാസമില്ലായിരുന്നു. പരിചാരികയോടൊപ്പം അവര്‍ മുന്നോട്ടുനീങ്ങി.

ഒരു പഞ്ഞിക്കെട്ട് ഉയര്‍ത്തുന്ന ലാഘവത്തോടെ ഉണ്ണികൃഷ്ണന്‍ മാഷ് വൃദ്ധനെ വള്ളത്തിലെ കസേരയിലേക്ക് എടുത്തിരുത്തി. പരിചാരികയുടെ കയ്യിലെ മരുന്നുപെട്ടിക്കുള്ളില്‍ വൃദ്ധദമ്പതികള്‍ക്കുള്ള പതിവു മരുന്നായിരുന്നു.

താനുള്‍പ്പെടെ ആറു പേര്‍ക്കു സുരക്ഷിതത്വമരുളുന്ന ആ ജലവാഹനം തുഴയുമ്പോള്‍ പണ്ടത്തെ ആ ദീനസ്വരം രംഗനാഥന്‍റെ കാതില്‍ മുഴങ്ങി.

"രംഗാ നീ ഞങ്ങളെ തള്ളിയിടല്ലേ. ഞങ്ങക്ക് നീന്തലറിയൂലാ…"

"ഖദീജാ, എന്‍റെ പെങ്ങളേ മാപ്പ്… മാപ്പ്…" രംഗന്‍റെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.

"അച്ഛാ, ഞാന്‍ ഒരിക്കല്‍ ഇവിടെ വന്നിരുന്നു. ദീപേഷിന്‍റെ സഹപാഠിയായ ഒരു ഉണ്ണികൃഷ്ണനെ അച്ഛനോര്‍മയില്ലേ? ജാതിയുടെ പേരില്‍ അന്ന് അച്ഛനെന്നെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല."

"ഉണ്ണി…കൃഷ്ണന്‍… ചിതലരിച്ചു പോയ ഓര്‍മകളുടെ ഇടയില്‍ ആ പഴയ മൂന്നാം ക്ലാസ്സുകാരന്‍റെ മുഖം തിരിച്ചറിയുവാന്‍ വൃദ്ധനു നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

"ദീപേഷും അനുജന്മാരും?"

"അവര്‍ക്കു തിരക്കല്ലേ മോനേ. എങ്കിലും ഒരിക്കല്‍ അവര്‍ വരാതിരിക്കില്ല, നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനെങ്കിലും."

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org