പീലിക്കണ്ണുകൾ – 21

പീലിക്കണ്ണുകൾ – 21

ബാലനോവല്‍

കാവ്യദാസ് ചേര്‍ത്തല

ആശയവിനിമയം പോലും അസാദ്ധ്യമായിത്തീര്‍ന്ന പകലുകളും രാത്രികളും. സീതയുടെയും അമ്പിളിയുടെയും ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തഭൂമിയായിരുന്നു. അടിഞ്ഞുകൂടിയ എക്കലും പാറയും കെട്ടിടാവിശിഷ്ടങ്ങളും നീക്കം ചെയ്യുവാന്‍ ദ്രുതകര്‍മസേനയോടൊപ്പം തദ്ദേശീയരും ഉണ്ടായിരുന്നു. പ്രളയതീവ്രതയില്‍ ഗതിമാറിയൊഴുകിയ നീലിയാറ് ഉണ്ണികൃഷ്ണന്‍മാഷിന്‍റെ ഭവനത്തെയും കൈപ്പിടിയിലൊതുക്കി. ഓര്‍മകളുടെ ആലയം നഷ്ടപ്പെട്ട ആ മനുഷ്യന്‍ – ഒരിക്കല്‍ അനാഥത്വത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് എടുത്തെറിയപ്പെട്ട ആ മനുഷ്യസ്നേഹി – അപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു.

"ഫ്രാന്‍സിസ് മാഷേ, ഉണ്ണ്യേട്ടനെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ. ഒന്നു തിരിച്ചു വിളിക്കാന്‍ പറയ്വോ?" – രാജമല്ലിയുടെ സ്വരത്തില്‍ വിഷാദം നിഴലിച്ചിരുന്നു.

"ഉണ്ണികൃഷ്ണന്‍ മാഷ് ഇപ്പോള്‍ ക്യാമ്പ് സര്‍വീസിലായിരിക്കും ടീച്ചറേ. അതാ ഫോണെടുക്കാത്തത്. ടീച്ചര്‍ വിഷമിക്കാതെ. ഞാന്‍ മാഷോട് അന്വേഷണം പറയാം."

ഉച്ച കഴിഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ ഫോണ്‍കോള്‍ വന്നു. വിറയ്ക്കുന്ന കരങ്ങളോടെയാണു രാജമല്ലി കോള്‍ അറ്റന്‍ഡ് ചെയ്തത്. "എല്ലാം ഞാനറിഞ്ഞു ഉണ്ണ്യേട്ടാ."

"ഒടുവില്‍… ഒടുവില്‍ ഞാന്‍ കിടപ്പാടം നഷ്ടപ്പെട്ടവനുമായി."

"തളര്‍ന്നുപോകരുത് ഉണ്ണ്യേട്ടാ. ങ്ഹാ ഏട്ടന്‍ ഫോണ്‍ കട്ട് ചെയ്യല്ലേ; അച്ഛനെന്തോ പറയാനുണ്ട്."

"ഉണ്ണീ ഇനി കല്യാണത്തിനു നാലു നാളേയുള്ളൂ. ഒരു നാടു മുഴുവന്‍ അറിഞ്ഞ് എന്‍റെ മോളുടെ വിവാഹം നടക്കണമെന്നായിരുന്നു ആഗ്രഹം. എല്ലാം ഈശ്വരേച്ഛപോലെയല്ലേ വരൂ. സാരല്യ. ഒന്നും ഓര്‍ത്തു വിഷമിക്കരുത്. മനസ്സ്; അതാ മുഖ്യം. എന്‍റെ മോള്‍ക്കു നിന്നേക്കാള്‍ നല്ലൊരു വരനെ കിട്ടില്ല. അപ്പോള്‍ എല്ലാവരുംകൂടെ നേരത്തേതന്നെ ഇങ്ങ്ട് പോന്നോളൂ."

"അച്ഛാ, ഒരു നാടു മുഴുവന്‍ കണ്ണീരിലാ. ഈ നഷ്ടഭൂമിയിലേക്കു രാജിയെ ഞാന്‍ കൊണ്ടുവരണമെന്നാണോ അച്ഛന്‍ ആഗ്രഹിക്കുന്നത്?"

"അതെ മോനേ. എന്‍റെ മോള്‍ നിനക്ക് ഒരിക്കലും ഒരു ഭാരമാവില്ല. അങ്ങനെയാ ഞാന്‍ അവളെ വളര്‍ത്തിയത്. ഏതു സാഹചര്യത്തിലും കഴിയാന്‍ എന്‍റെ കുട്ടി സന്നദ്ധയാ. മാത്രമല്ല കുട്ടാ, ഈ തറവാട്ടിലെ ഓരോരുത്തരും നിന്നെ അത്രയ്ക്കങ്ങട് ഇഷ്ടപ്പെട്ടുപോയി."

ക്ഷണിക്കപ്പെട്ടവരില്‍ മിക്കവര്‍ക്കും എത്താന്‍ കഴിഞ്ഞില്ല. എങ്കിലും രണ്ടു നാടുകളുടെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. യാത്രാക്ലേശം പരിഗണിച്ചു ജയശ്രീ ടീച്ചറും ദേവസ്യാമാഷും ഡാനിയേല്‍ അച്ചനും മാത്രമാണു വരന്‍റെ ബന്ധുക്കളായി എത്തിയത്.

ലളിതമായ വിവാഹച്ചടങ്ങുകള്‍ക്കൊടുവില്‍ നടന്ന സദ്യയില്‍ അറിഞ്ഞും അറിയാതെയും ഒരു നാടു മുഴുവന്‍ പങ്കെടുത്തു. ആകെ ഒരു പന്തിക്കുള്ള ആളേ ഉണ്ടായിരുന്നുള്ളൂ മിച്ചം വന്നവ സമീപ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അപ്പോള്‍ത്തന്നെ എത്തിച്ചുകൊടുക്കുവാന്‍ നേതൃത്വം നല്കിയതു കുഞ്ഞമ്മാവനായിരുന്നു.

സായന്തനക്കാറ്റിനു വേര്‍പാടിന്‍റെ ഗന്ധമുണ്ടായിരുന്നു.

"രാജീ ഞാന്‍ പോയിട്ടു വരാം. സാഹചര്യങ്ങള്‍ നിനക്കറിയാമല്ലോ. മറ്റന്നാള്‍ രാവിലെ ഞാനിവിടെയെത്തും. അവിടെ സ്ഥിതിഗതികള്‍ അല്പംകൂടി നേരെയാവാനുണ്ട്."

"ഉം… ഉണ്ണിയേട്ടന്‍ പോയ് വരൂ. എന്‍റെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട്."

"നിന്നേക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു മോനേ. നിനക്കു നല്ലതേ വരൂ" – വല്യമ്മാവന്‍ ഉണ്ണികൃഷ്ണനെ ആലിംഗനം ചെയ്തു.

**********

കാറും കോളുമൊഴിഞ്ഞു ആകാശവും ഭൂമിയും പ്രശാന്തത കൈ വരിച്ചു. ഉണ്ണികൃഷ്ണന്‍ മാഷിന്‍റെ സേവനത്തെ പ്രകീര്‍ത്തിച്ചു പത്രമാധ്യമങ്ങള്‍ ശ്രദ്ധേയമായി. പക്ഷേ, അതിലൊന്നും ഉണ്ണികൃഷ്ണന്‍ മാഷ് അല്പംപോലും താത്പര്യം കാണിച്ചില്ല.

അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ തുകയും പിന്‍വലിച്ചു പഞ്ചായത്തു മെമ്പറെ ഏല്പിച്ചു മാഷ് വികാരാധീനനായി.

"ഇതുകൊണ്ടൊന്നും ആവില്ലെന്നറിയാം. എന്നാലും ഇതിരിക്കട്ടെ."

"ഉണ്ണികൃഷ്ണന്‍ മാഷേ. ആയിരം സ്വര്‍ണനാണയത്തേക്കാളും വലിയ നിധിയാ മാഷിന്‍റെ മനസ്സ്. ഇതു ഞാന്‍ സ്വീകരിക്കുന്നില്ല മാഷേ. മാഷിനിപ്പോള്‍ ഒരു കുടുംബമൊക്കെ ആയില്ലേ; ചെലവുണ്ടാവില്ലേ?"

"അങ്ങനെ പറയരുത്. എല്ലാം നഷ്ടപ്പെട്ട ഇന്നലെകളില്‍ എനിക്ക് അഭയം നല്കിയത് ഈ ഗ്രാമമാണ്. ഇത് എന്‍റെ ഒരു പ്രത്യുപകാരമായി കരുതിയാല്‍ മതി."

പറഞ്ഞതിന്‍ പ്രകാരം മൂന്നാം ദിവസം പ്രഭാതത്തില്‍ ഉണ്ണികൃഷ്ണന്‍ മാഷ് തറവാട്ടിലെത്തി. പേരും പെരുമയുമാര്‍ജ്ജിച്ച ആ യുവ അദ്ധ്യാപകനെ നേരില്‍ കണ്ട് അഭിനന്ദിക്കുവാന്‍ ഒട്ടേറെപ്പേര്‍ തറവാട്ടില്‍ വന്നുപോയി.

തന്നെത്തന്നെ മറന്നു ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായ മാഷിന് ഒരു പുതിയ വീട് അനുവദിച്ചുകൊണ്ടുള്ള സന്ദേശം വൈകാതെയെത്തി. ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സില്‍ പ്രമുഖനായ സിബി ജോണ്‍ അന്നു വൈകുന്നേരം ഉണ്ണികൃഷ്ണന്‍ മാഷിനെ ഫോണില്‍ വിളിച്ചു.

"മാഷിന്‍റെ റിക്വയര്‍മെന്‍സ് പറയൂ. ഇതു ഞങ്ങളുടെ ഒരു കോംപ്ലിമെന്‍റാ. മാഷിനെപ്പോലെ ഒരാളെപ്പറ്റി കേട്ടറിഞ്ഞപ്പോള്‍ ഇത്രയെങ്കിലും ചെയ്യണമെന്നു തോന്നി."

"ഇപ്രകാരം ഒരു സഹായം നല്കാന്‍ മനസ്സു കാണിച്ചതിന് ഒരുപാടു നന്ദിയുണ്ട്. പക്ഷേ, ഞാനിതു സ്വീകരിച്ചാല്‍ വീടു നഷ്ടപ്പെട്ട നൂറുകണക്കിനു നിര്‍ദ്ധനര്‍ക്കു മുന്നില്‍ ഞാനൊരു സ്വാര്‍ത്ഥനായിപ്പോകും. എന്നോടു ക്ഷമിക്കൂ. അങ്ങയുടെ നല്ല മനസ്സിനെ ഈശ്വരന്‍ തിരിച്ചറിയും; തീര്‍ച്ച."

ഒക്കെയും കേട്ടുകൊണ്ടു തൊട്ടടുത്തു നില്ക്കുകയായിരുന്നു രാജമല്ലി."

"ഞാനൊരു ബുദ്ധിശൂന്യനാണെന്നു തോന്നുന്നുവല്ലേ?"

"ഒരിക്കലുമില്ല ഉണ്ണ്യേട്ടാ. കുഞ്ഞു മുഖങ്ങളും അക്ഷരങ്ങളും ദിവസേന കണികാണുവാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ അദ്ധ്യാപകര്‍ക്ക് ഇങ്ങനെ ചിന്തിക്കുവാനേ കഴിയൂ. നാം വഴി കാണിച്ചുകൊടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവിയല്ലേ നമ്മുടെ ബാങ്ക് ബാലന്‍സ്. ഡോണ്‍ട് വറി. ഏട്ടന്‍ കാപ്പി കുടിക്കാന്‍ വരൂ. ദേ, എല്ലാവരും അപ്പുറത്തു കാത്തിരിക്കുന്നു."

വിദൂരമായ ഒരു മലയോര ഗ്രാമത്തില്‍ സീതയെയും അമ്പിളിയെയും രംഗനാഥനെയും പോലെ ഒരു പറ്റം ശിഷ്യഗണങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ക്കു രാജമല്ലിയും ഉണ്ണികൃഷ്ണനും അദ്ധ്യാപകര്‍ മാത്രമല്ല… നാം ആരും നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈശ്വരന്‍റെ പ്രതിരൂപങ്ങള്‍. അതെ അങ്ങനെ പറയുന്നതാവും കൂടുതല്‍ ശരി. ആയിരം പീലിക്കണ്ണുകള്‍ക്കു വിസ്മയം പകര്‍ന്നുകൊണ്ട്, അവരുടെ കൊച്ചുകൊച്ചു സങ്കടങ്ങളെ സന്തോഷമാക്കി മാറ്റുവാന്‍ ഇനി മുതല്‍ ആ മലയോരഗ്രാമത്തിന്‍റെ മകളായി നമ്മുടെ രാജമല്ലി ടീച്ചറും ഉണ്ണിമാഷോടൊപ്പമുണ്ട്.

(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org