പീലിക്കണ്ണുകൾ – 4

പീലിക്കണ്ണുകൾ – 4

കാവ്യദാസ് ചേര്‍ത്തല

"കരയാതെ മകളേ, ഇങ്ങനെ കരഞ്ഞാല്‍ എന്‍റെ കുഞ്ഞ് ദീനം വന്നു കെടപ്പിലാകും" – അമ്മ സീതയെ സമാധാനിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

"ദീനം വന്നു ഞാന്‍ ചത്തോട്ടെ. എന്നോട് അച്ഛന് ഇച്ചിരിപോലും ഇഷ്ടമില്ലല്ലോ. ഉണ്ടായിരുന്നേല്‍ അച്ഛനിങ്ങനെ ചെയ്യുവോ?"

ഒരു പകല്‍ സമ്മാനിച്ച അദ്ധ്വാനത്തിന്‍റെ ക്ഷീണമകറ്റാന്‍ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്ന സുകുമാരന്‍ കട്ടിലില്‍ കിടന്ന് ഏങ്ങലടിച്ചു കരയുന്ന മകള്‍ക്കരികിലേക്കു ചെന്നു.

"അച്ഛന്‍റെ ചീതമ്മേ…" – അയാള്‍ മകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

"ങ്ഹും… ഞാന്‍ അച്ഛനോടു പെണക്കാ. എന്തിനാ അച്ഛാ നമ്മുടെ കുട്ടനെ കൊടുത്തത്?"

മകളുടെ മൂര്‍ദ്ധാവ് തഴുകുമ്പോള്‍ സുകുമാരന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.

ചുഴികളും ഹിമാനികളുമുള്ള സമുദ്രത്തിലൂടെ കപ്പലോടിക്കുന്ന ഒരു കപ്പിത്താനെപ്പോലെയാണ് അയാള്‍. ജീവിതത്തിന്‍റെ പരുക്കന്‍ നടപ്പാതകള്‍ പിന്നിട്ടതിനിടയിലുണ്ടായ ക്ഷതങ്ങളെക്കുറിച്ച് ഓര്‍മിക്കുവാന്‍പോലും മെനക്കെടാറില്ല. പക്ഷേ, ഈ കണ്ണുനീര്‍… എന്തുകൊണ്ടോ അതയാളുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്.

"ചീതമ്മേ, ദേ ഇങ്ങോട്ട് നോക്കിയേ… എന്‍റെ പൊന്നിന് അച്ഛന്‍ കൊണ്ടുവന്നത് എന്താന്നറിയോ?"

അവള്‍ തല ഉയര്‍ത്തി നോക്കി.

ഒരു ജോഡി സ്വര്‍ണക്കമ്മല്‍!! മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ അവള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടുമായിരുന്നു. എന്നാലിപ്പോള്‍…

"എന്‍റെ ചീതക്കുട്ട്യേ, കുട്ടനെ എക്കാലോം നമുക്കിവിടെ വളര്‍ത്താന്‍ പറ്റ്വോ? അവനൊരു മുട്ടനല്യോ? മുട്ടനെ എല്ലാരും വെട്ടാന്‍ കൊടുക്കാ പതിവ്"- അച്ഛമ്മയുടെ വാക്കുകള്‍ സീതയുടെ നിലവിളി ഉച്ചത്തിലാക്കി.

"ഈ അമ്മേടെ ഒരു കാര്യം. ഒന്നു മിണ്ടാതിരിക്കാവോ?" – സീതയുടെ അമ്മ അച്ഛമ്മയ്ക്കു താക്കീതു നല്കി.

സീത അന്നുറങ്ങിയില്ല; അത്താഴം കഴിച്ചുമില്ല. അവളോടൊപ്പം എല്ലാവരും അന്ന് അത്താഴപ്പട്ടിണിയിലായിരുന്നു. കുട്ടനിപ്പോള്‍ മൂസ്സാക്കയുടെ തൊടിയിലായിരിക്കും. അവനെപ്പോലെ വേറെയും ആടുകള്‍ അവിടെയുണ്ടാകും. ദൈന്യം നിറഞ്ഞ നോട്ടമോടെ വിധിയെ പ്രതീക്ഷിച്ചു നില്ക്കുന്ന പാവങ്ങള്‍! അങ്ങനെ ഓരോന്നു ചിന്തിച്ചു സീത എപ്പോഴോ മയങ്ങി.

തൊട്ടടുത്തുള്ള ഹനുമാന്‍ കോവിലില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന മന്ത്രോച്ചാരണങ്ങള്‍. സീത കണ്ണു തുറന്നു.

"അമ്മേ ഞാന്‍ അമ്പിളീടെ വീടുവരെ ഒന്നു പോകുവാട്ടോ. എന്‍റെ കമ്മലെന്ത്യേ?"

അമ്മയ്ക്ക് ആശ്വാസമായി സീതക്കുട്ടിയുടെ പിണക്കമൊക്കെ മാറിയിരിക്കുന്നു. അലമാരയിലെ ചെറിയ ചെപ്പില്‍ നിന്നും രണ്ടു സ്വര്‍ണക്കമ്മലുകള്‍ എടുത്തു മീനാക്ഷി മകളെ അണിയിച്ചു.

"ഒന്നു കണ്ണാടി നോക്കിയേ. എന്തു ചന്താപ്പോ എന്‍റെ ചുന്ദരിക്കുട്ടിയെ കാണാന്‍. പോയിട്ടു വേഗം വരണേ. സ്കൂളില്‍ പോണ്ടേ."

"ദാ, വന്നൂ അമ്മേ" – ഒരു ചിത്രശലഭത്തെപ്പോലെ അവള്‍ പുറത്തേയ്ക്കിറങ്ങിപ്പോയി.

വീട്ടില്‍ നടന്ന സംഭവമെല്ലാം സീത കൂട്ടുകാരിയോടു പറഞ്ഞു: "അമ്പിളീ നീ എന്‍റൂടെ നമ്മടെ ഖദീജേടെ വീടുവരെ ഒന്നു വരണം. നമ്മള്‍ താമസിച്ചാല്‍ ഖദീജാടെ വാപ്പ കുട്ടനെ കൊല്ലും."

"അമ്മേ, ഞാന്‍ സീതേടെ കൂ ടെ പോവാണേ; ഇപ്പം വരാം."

അവരിരുവരുടെയും വീടുകള്‍ മൂന്നു പറമ്പുകള്‍ക്ക് അപ്പുറമിപ്പുറമാണ്. അതുകൊണ്ട് അവരുടെ വീട്ടുകാര്‍ക്ക് ഒരു വീട്ടിലല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ കാണുമെന്നറിയാം.

അവര്‍ ഖദീജയുടെ വീട്ടിലെത്തുമ്പോള്‍ ഖദീജ കുഞ്ഞനുജനെ ഒക്കത്തിരുത്തി തൊടിയില്‍ ഉലാത്തുകയായിരുന്നു. അവനു പല്ല് മുളച്ചു വരുന്നതേയുള്ളൂ. അമ്പിളിയെയും സീതയെയും കണ്ട് അവന്‍ കുഞ്ഞിക്കൈകള്‍ നീട്ടി ചിരിച്ചു. അമ്പിളി കുട്ടിയെ എടുത്തു.

വിവരമെല്ലാമറിഞ്ഞപ്പോള്‍ ഖദീജയുടെ ഉമ്മ ആശ്വസിപ്പിച്ചു: "ഇന്‍റ മോള് ബെശമിക്കാതെ. ഖദീജാടെ ബാപ്പ ഒന്നിങ്ങോട്ട് ബന്നോട്ടെ. നമുക്കു പരിഹാരോണ്ടാക്കാം. നിങ്ങള് കേറീരുന്നു കാപ്പി കുടിക്കിന്‍."

അവര്‍ കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഖദീജയുടെ ബാപ്പ വന്നു. നെറ്റിയില്‍ നിസ്കാരത്തഴമ്പും തലയില്‍ വട്ടത്തൊപ്പിയുമുള്ള ആടറപ്പുകാരന്‍ ഖാദറിക്കയെ അറിയാത്തവരാരും തന്നെ ആ നാട്ടിന്‍പുറത്തില്ല. എപ്പോഴും ഒരു ഗൗരവം ആ മുഖത്തുണ്ടായിരിക്കും. വഴിയരികില്‍ നിന്നു പലരോടും അയാള്‍ തര്‍ക്കിക്കുന്നതു കുട്ടികള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഖദീജയുടെ ഉമ്മ പറയുന്നതു കേള്‍ ക്കാന്‍ ബാപ്പ തയ്യാറായില്ലെങ്കില്‍… എങ്കില്‍… എങ്കില്‍ തന്‍റെ കുട്ടന്‍. സീതയുടെ ഉള്ളൊന്നു കാളി.

"മക്കള് എന്തിനാ ബന്നത്?" – ഖദീജയുടെ ബാപ്പയുടെ സ്വരം സ്നേഹാര്‍ദ്രമായിരുന്നു.

ബാപ്പയെ മാറ്റിനിര്‍ത്തി ഉമ്മ കാര്യം പറഞ്ഞു.

"വാപ്പച്ചീ, ഇവള്‍ടെ ആടിനെ അറക്കണ്ട വാപ്പച്ചീ. ഇവള്‍ക്ക് അയിനെ പെരുത്ത് ഇഷ്ടാ.

"ആണോ മോളേ. ഈ കാന്താരി പറേണത് നേരാണോ?"

അതെയെന്ന അര്‍ത്ഥത്തില്‍ സീത തലയാട്ടി.

"ഇതു മേടിക്കാനാ അച്ഛന്‍ കുട്ടനെ വിറ്റത്. വാപ്പച്ചി ഇതെടുത്തോണ്ട് എന്‍റെ കുട്ടനെ തിരിച്ചുതരണം" – അവള്‍ കാതിലെ കമ്മല്‍ ഊരിയെടുക്കുവാന്‍ തുടങ്ങി.

"അരുത് മോളേ; അതഴിക്കണ്ട. അത് അവിടെ കെടക്കണത് കാണാനെക്കൊണ്ട പെരുത്ത ശേലാണ്. അന്‍റെ കുട്ടനെ നമ്മള് വിട്ടേക്കണ്. വാപ്പച്ചി കയറഴിച്ചു തരാം; മക്കള് കൊണ്ടുപൊക്കോളാമോ?"

സീതയുടെ മുഖത്ത് ആയിരം പൂര്‍ണചന്ദ്രന്മാര്‍ ഒരുമിച്ചുദിച്ചു. അമ്പിളിയും ഖദീജയും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

"ഇങ്ങടെ ഖല്‍ബ് കരിങ്കല്ലാണെന്നാണ് ഞമ്മള് ബിചാരിച്ചത്. പക്ഷേങ്കില് ഇപ്പം പിടികിട്ടി.

"എന്താ അനക്ക് പുടികിട്ടിയത്?"

"പുള്ളേരുടെ മാതിരി ഒരു പാവാണ് ഇങ്ങളെന്ന്; കണ്ണീരു കണ്ടാ അലിയൂന്ന്."

"മതി മതി അന്‍റെ പഞ്ചാര ബര്‍ത്താനം നിര്‍ത്തി ഒരു നല്ല കാപ്പി ഇങ്ങോട്ടെടുക്ക്…. കൂട്ടത്തില്‍ കടിക്കാന്‍ കാര്യായിട്ട് എന്തേലും എടുത്തോളിന്‍, ഏത്…?"

വീട്ടിലെത്തിയിട്ടു വേണം സ്കൂളില്‍ പോവാന്‍. അമ്പളിയും സീതയും കുട്ടനോടൊപ്പം വേഗത്തില്‍ നടന്നു. നഷ്ടപ്പെട്ടെന്ന തീര്‍ച്ചയായത് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം എത്ര വലുതാണ്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org