പീലിക്കണ്ണുകൾ – 5

പീലിക്കണ്ണുകൾ – 5

കാവ്യദാസ് ചേര്‍ത്തല

ക്ലാസ്സിലെ മുതിര്‍ന്ന കുട്ടികള്‍ മിക്കവരും മുട്ടാളന്മാരാണ്. പലരും രണ്ടും മൂന്നും കൊല്ലം ഓരോ ക്ലാസ്സിലും തോറ്റവര്‍. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എത്തുന്ന ഇക്കൂട്ടരെക്കൊണ്ട് അദ്ധ്യാപകവൃന്ദം പൊറുതിമുട്ടുന്നു. മദ്യപാനവും കലഹവും ശീലമാക്കിയ ഒരു തലമുറയുടെ തനിയാവര്‍ത്തനമാണ് ആ വിദ്യാര്‍ത്ഥികള്‍.

രാജമല്ലി ടീച്ചര്‍ സ്ഥലംമാറ്റമായി വന്നിട്ട് ആദ്യ ക്ലാസ്സ്. ജീവശാസ്ത്രപുസ്തകത്തിലെ രക്തപര്യയന വ്യവസ്ഥ വിശദീകരിക്കുകയായിരുന്നു ടീച്ചര്‍. ചെറുചോദ്യങ്ങളിലൂടെ പാഠ്യഭാഗം കുട്ടികളുടെ മനസ്സില്‍ പതിപ്പിക്കാന്‍ ആ നല്ല അദ്ധ്യാപികയ്ക്കു വളരെ പെട്ടെന്നു കഴിഞ്ഞു.

"ആര്‍ക്കെങ്കിലും ഹൃദയത്തിന്‍റെ ചിത്രം ബോര്‍ഡില്‍ വരയ്ക്കാമോ?"

"ടീച്ചറേ, സീത നന്നായി പടം വരയ്ക്കും."

കുട്ടികളിലാരോ പറഞ്ഞതു കേട്ടു ടീച്ചര്‍ അന്വേഷണഭാവത്തില്‍ ഓരോ മുഖത്തെയും മാറി മാറി നോക്കി.

"ഇതാ, ടീച്ചറേ സീത" – അമ്പിളി തൊട്ടടുത്തിരിക്കുന്ന സീതയെ ചൂണ്ടിക്കാട്ടി.

"സീതേ ഇവിടെ വരൂ. ഇതാ ചോക്ക്, കുട്ടി വരച്ചോളൂ; ഉം മടിക്കേണ്ട വരൂന്നേ."

തെല്ലൊരു സങ്കോചത്തോടെയാണ് അവള്‍ ചോക്ക് വാങ്ങിയത്. ഈശ്വരാ നല്ലോണം വരയ്ക്കാന്‍ കഴിയണേ; അവളുടെ മനസ്സ് പ്രാര്‍ത്ഥനാനിര്‍ഭരമായി.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പാഠപുസ്തകത്തിലെ ചിത്രം അച്ചടിച്ചതുപോലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

"ഓ, റിയലി മാര്‍വലസ്. കുട്ടികളേ നിങ്ങള്‍ക്ക് ഈ ചിത്രം ഇഷ്ടമായോ?"

"ങ്ഹാ… ഇഷ്ടായി" – എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞുനിര്‍ത്തി.

അപ്പോഴാണു പിന്‍ബെഞ്ചില്‍ നിന്നും ഒരു കമന്‍റ് ഉയര്‍ന്നത്: "ഇതൊരു ഉപ്പുമാങ്ങയാണെന്നാ എനിക്കു തോന്നുന്നത്."

അതു കേട്ട സീതയുടെ മുഖം പെട്ടെന്നു വാടി. അല്പം കഴിഞ്ഞു നുണക്കുഴികള്‍ വിരിഞ്ഞ കവിളുകളിലൂടെ കണ്ണുനീര്‍മുത്തുകള്‍ താഴേയ്ക്കു വീണു.

"യൂ സ്റ്റാന്‍ഡ് അപ് ദെയര്‍. വാട്സ് യുവര്‍ നെയിം. കം ഹിയര്‍"- രാജമല്ലി ടീച്ചറുടെ നോട്ടം ചെന്നെത്തിയത് പിന്‍ബെഞ്ചിലെ 'ഉന്നത' നിലായിരുന്നു. ഒട്ടുമിക്ക ക്ലാസ്സുകളിലും തോറ്റുപഠിച്ച് എത്തിയതിനാല്‍ ഇഷ്ടന് ഒരു വല്യേട്ടന്‍ ലുക്കുണ്ട്.

"രംഗനാഥന്‍" – പുച്ഛഭാവത്തോടെയായിരുന്നു മറുപടി.

"ഇങ്ങോട്ടിറങ്ങി വാടോ; ഇതാ ചോക്ക്. താന്‍ വലിയ കേമനല്ലേ. ശരിയായ ഹൃദയം താന്‍ വരയ്ക്ക്. എന്നിട്ട് ഭാഗങ്ങളും അടയാളപ്പെടുത്ത്. അതിനുശേഷം ക്ലാസ്സില്‍ താന്‍ ഇരിക്കണോ വേണ്ടയോയെന്നു തീരുമാനിക്കാം. ഉം, ഇന്നാ സൃഷ്ടി തുടങ്ങിക്കോളൂ."

കുട്ടികള്‍ കല്‍പ്രതിമകളെപ്പോലെ നിശ്ചേഷ്ടരായി ഇരുന്നു. രംഗന്‍റെ സ്വഭാവം അവര്‍ക്കു നന്നായി അറിയാം. അവരിലാര്‍ക്കെങ്കിലും അടി കിട്ടുമ്പോള്‍ രംഗനും സംഘവും ആര്‍ത്തു ചിരിക്കും. എന്നാല്‍ അവന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ആരെങ്കിലും ചിരിച്ചതായി കണ്ടാല്‍ അന്നേദിവസം വൈകുന്നേരം ആ സഹപാഠിയെ അവനും സംഘവും കരയിപ്പിക്കും. അതുകൊണ്ട് ആരുംതന്നെ ആ സാഹസത്തിനു മുതിരാറില്ല. ഷര്‍ട്ടിന്‍റെ മടക്കിവച്ച ഫുള്‍കൈ ഒന്നുകൂടി ചുരുട്ടി മേശപ്പുറത്തിരുന്ന ചോക്കെടുത്ത് അവന്‍ വരയ്ക്കാന്‍ തുടങ്ങി. പിന്‍ബെഞ്ചില്‍നിന്നും ഉയര്‍ന്നചിരി കേട്ട ടീച്ചര്‍ ബോര്‍ഡിലേക്കു നോക്കി.

"സൈലന്‍സ്…" – ടീച്ചര്‍ രണ്ടുവട്ടം ചൂരല്‍കൊണ്ടു മേശപ്പുറത്ത് ആഞ്ഞടിച്ചു.

ബോര്‍ഡിലേക്കു നോക്കിയ ടീച്ചറുടെ ദേഷ്യം ആളിക്കത്തി.

"കുരുത്തം കെട്ടവന്‍. കൈ നീട്ടെടാ. ഇതൊക്കെ പഠിപ്പിച്ചാണോ വീട്ടുകാര് ഇങ്ങോട്ട് വിട്ടിരിക്കുന്നത്?"

തവിട്ട് നിറമുള്ള ചൂരല്‍ പലവട്ടം വായുവില്‍ ഉയര്‍ന്നു താണു. പക്ഷേ, രംഗനാഥന്‍റെ മുഖത്ത് ഒരു ഭാവഭേദവുമില്ല.

"ഗെറ്റൗട്ട് ഫ്രം ദ ക്ലാസ്സ്" – അതൊരലര്‍ച്ചയായിരുന്നു.

ടീച്ചറെ രൂക്ഷമായി നോക്കി അവന്‍ ക്ലാസ്സിനു പുറത്തിറങ്ങി.

ഹൃദയത്തിന്‍റെ ചിത്രം വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പ്രണയത്തിന്‍റെ ചിഹ്നമായ മുറിവേറ്റ ഹൃദയവും അമ്പും വരച്ചുവച്ചിരിക്കുന്നു!

"ഈ പടം മായ്ച്ചുകളയരുത്. ഹെഡ്മാസ്റ്റര്‍ വന്നു കാണട്ടെ. ഇവന്‍ ഇവിടെ തുടരണോ വേണ്ടയോ എന്നു സാറുതന്നെ തീരുമാനിക്കട്ടെ."

"വേണ്ട ടീച്ചറേ, അവനോടു വക്കാണത്തിനു പോകണ്ട. ഇന്നാളൊരു ദിവസം അവന്‍ മേരിക്കുട്ടി ടീച്ചറെ വട്ടക്കാലിട്ടു വീഴിച്ചതാ. ഭാഗ്യംകൊണ്ടു ടീച്ചറിനു കുഴപ്പമൊന്നും പറ്റിയില്ല. ഇവനൊരുത്തന്‍ കാരണമാ ആ സോളമന്‍ മാഷ് സ്ഥലംമാറ്റം വാങ്ങി പോയത്" – ശബ്ദം താഴ്ത്തിയാണ് അനശ്വര അക്കാര്യം ടീച്ചറെ അറിയിച്ചത്.

"ഗുരുത്വദോഷം ഞാന്‍ അനുവദിക്കില്ല കുട്ടീ. അവന്‍ എന്താന്നുവച്ചാ ചെയ്യട്ടെ. നമുക്കു നോക്കാല്ലോ.

അച്ഛനെ വിളിച്ചു കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്നു കര്‍ശന നിര്‍ദ്ദേശം നല്കി ഹെഡ്മാസ്റ്റര്‍ രംഗനാഥനെ പറഞ്ഞയച്ചു.

"രാജമല്ലിടീച്ചറേ ഇന്നെന്തായിരുന്നു ടീച്ചറിന്‍റെ ക്ലാസ്സില്‍? രംഗനാഥനെക്കൊണ്ടു ടീച്ചറിനും മതിയായി അല്ലേ. ആ നാശം പിടിച്ചവനെ ഇവിടെനിന്നു ടിസി കൊടുത്തു വിടാന്‍ ഹെഡ്മാസ്റ്റര്‍ രണ്ടു പ്രാവശ്യം ശ്രമിച്ചതാ. എന്തു ഫലം? രാഷ്ട്രീയക്കാരനായ അച്ഛന്‍ ഹെഡ്മാസ്റ്ററുടെ കയ്യും കാലും പിടിച്ച് എങ്ങനെയെങ്കിലും അവനെ ഇവിടെ പ്രവേശിപ്പിക്കും. ആ തന്ത ഒറ്റയൊരുത്തനാ അവനെ ഇത്രത്തോളം വഷളാക്കുന്നത്" – ദേവസ്യാമാഷ് കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കി.

"അവന്‍ ചില്ലറ കുഴപ്പക്കാരനാണെന്നു ക്ലാസ്സിലെ കുട്ടികളും പറഞ്ഞു. ഞാനതു കാര്യമാക്കുന്നില്ല മാഷേ. ഒരു വിദ്യാര്‍ത്ഥിയുടെ മുന്നില്‍ നമ്മള്‍ അദ്ധ്യാപകര്‍ മുട്ടുമടക്കാന്നുവച്ചാല്‍ ഇതില്‍പ്പരം ഒരപമാനം എന്താ ഉള്ളത്? എനിക്കവനെ പേടിയില്ല മാഷേ. എന്‍റെ അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മൂന്നു പെണ്‍മക്കളാ. ഏറ്റവും ഇളയവളാ ഞാന്‍. മുഹമ്മ കാര്‍മ്മല്‍ സ്കൂളിലെ അദ്ധ്യാപകനായ അനില്‍കുമാര്‍ മാഷിന്‍റെ കരാട്ടേ കളരിയിലയച്ച് അച്ഛന്‍ ഞങ്ങള്‍ മൂന്നു മക്കളെയും അത്യാവശ്യം ആയോധനവിദ്യകള്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, രംഗനാഥനെപ്പോലെയുള്ളവനെ നേരിടാന്‍ വള്ളിച്ചൂരലാ നല്ലത്."

***** ****** *****

"ഞങ്ങളും ടീച്ചറിന്‍റെ കൂടെ പോരുവാ. ഞങ്ങളു പോരുന്ന വഴിക്കല്ലേ ടീച്ചറിന്‍റേം വീട്. നമുക്കു വല്ലോം വര്‍ത്താനം പറഞ്ഞു നടക്കാം ടീച്ചറെ. എന്നിട്ട് ഞങ്ങക്ക് ആ വഴി പോകേം ചെയ്യാല്ലോ."

ഖദീജയുടെ കാര്യഗൗരവം നിറഞ്ഞ സംസാരം കേട്ടപ്പോള്‍ രാജമല്ലിടീച്ചര്‍ പൊട്ടിച്ചിരിച്ചു പോയി.

"എന്‍റെ ഖദീജകുട്ടീ, എന്‍റെ വീട് ഇവിടെയല്ല. അങ്ങ് കലവൂരാ. അറിയ്വോ? ഞാന്‍ ഇവിടെ ഹോസ്റ്റലിലല്ലേ താമസിക്കുന്നത്?"

ആത്മബന്ധങ്ങള്‍ ഉടലെടുക്കുന്നത് എത്ര പെട്ടെന്നാണ്. സീതയും അമ്പിളിയും ഖദീജയും വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.

കാര്‍മേഘങ്ങള്‍ കാട്ടാനകളെപ്പോലെ കര്‍ക്കിടകക്കോള്‍കൊണ്ട് ആകാശത്തിന് അഴകു പകര്‍ന്നു. മഴക്കാലം തുടങ്ങിയാല്‍പ്പിന്നെ ആ മലയോരഗ്രാമത്തിനു വറുതിയുടെ ദിനങ്ങളായിരിക്കും. കാടുവെട്ടിത്തെളിച്ചു മണ്ണില്‍ പൊന്നു വിളയിച്ചവര്‍ക്കു വന്യമൃഗങ്ങളെ നേരിടേണ്ടിയിരുന്നുവെങ്കില്‍ ഇന്ന് അതിലുമെത്രയോ അപകടകാരികളായ മനുഷ്യമൃഗങ്ങളെയും അവരുടെ ചൂഷണത്തെയും ഭയന്നു പു തുതലമുറ ജലബോംബുകള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും നടുവില്‍ തളര്‍ന്നുറങ്ങുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org