പീലിക്കണ്ണുകൾ – 9

പീലിക്കണ്ണുകൾ – 9

കാവ്യദാസ് ചേര്‍ത്തല

ആശുപത്രിവാസം രംഗനാഥന് ഒരു പുതുജീവിതം സമ്മാനിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സ്കൂളിലെത്തിയ അവനില്‍ ആ മാറ്റം പ്രകടമായിരുന്നു. ഒന്നോ രണ്ടോ നോട്ടുബുക്കുകള്‍ മാത്രം കൊണ്ടുവന്നിരുന്ന അവന്‍ ടൈംടേബിള്‍ അനുസരിച്ചുള്ള പുസ്തകങ്ങളുമായി എത്തിയത് എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു. വേഷത്തിലും നടപ്പിലും എന്തിനു പെരുമാറ്റത്തില്‍പ്പോലും മിതത്വം കാട്ടുവാന്‍ ശ്രമിച്ച അവനെ അങ്ങനെ വിടുവാന്‍ പഴയ ബെഞ്ച്മേറ്റ്സിന് ഇഷ്ടമില്ലായിരുന്നു.

"ഇതാരാ ഉവ്വേ" – അവര്‍ അവനെ കളിയാക്കി.

"പ്ലീസ് ഞാനിനി അലമ്പിനില്ല… എനിക്കു പഠിക്കണം."

"എടാ ആന്‍റണീ നീയിതു കേട്ടോ, ഇവനു പഠിക്കണോന്ന്. അപ്പം നമ്മളൊക്കെ എന്തിനാടാ ഇവിടെ വരുന്നേ" – സുരേഷിന് ആ മാറ്റത്തെ അംഗീകരിക്കുവാന്‍ മനസ്സ് വന്നില്ല.

ഇംഗ്ലീഷ് ക്ലാസ്സില്‍ തലേന്നു പഠിപ്പിച്ച കാര്യങ്ങള്‍ ഫ്രാന്‍സിസ് മാഷ് ചോദിക്കുവാന്‍ തുടങ്ങി.

ഉത്തരം പറയുവാന്‍ കഴിയാതെ പിന്‍ബെഞ്ചുകാര്‍ എഴുന്നേറ്റ് തുടങ്ങി. ഫ്രാന്‍സിസ് മാഷ് ആവശ്യപ്പെടാതെ യാതൊരു സങ്കോചവുമില്ലാതെ രംഗനാഥന്‍ ഉത്തരം പറഞ്ഞു.

"എടോ, താന്‍ രണ്ടാഴ്ചയായി ക്ലാസ്സില്‍ ഇല്ലായിരുന്നല്ലോ; പിന്നിതെങ്ങനെ പഠിച്ചു?"

അവന്‍ അതിനു മറുപടി പറഞ്ഞില്ല.

"സര്‍, ഞാനാ രംഗനാഥനു നോട്ട് പറഞ്ഞുകൊടുത്തത്. രാജമല്ലി ടീച്ചറുടെ കൂടെ ഞാനും അമ്പിളീം എല്ലാ ദിവസവും ഇവനെ കാണാന്‍ ആശുപത്രീല്‍ പോകുമായിരുന്നു."

"മോളേ നീ ചെയ്തതു വളരെ നല്ല കാര്യമാ. അറിവു പകര്‍ന്നു കൊടുക്കുമ്പോഴാ വിദ്യാഭ്യാസം പൂര്‍ണമാകുന്നത്. സ്വാര്‍ത്ഥതയില്ലാത്ത ഒരു മനസ്സിനേ അതിനു കഴിയൂ."

"താങ്ക് യൂ സര്‍"-ഗുരുനാഥന്‍റെ അഭിനന്ദനം സീതയെ വിനയാന്വിതയാക്കി.

ക്രിസ്തുമസ് പരീക്ഷയെത്തുടര്‍ന്ന് ഒരു ചെറിയ അവധിക്കാലം. മഞ്ഞിന്‍റെ ആവരണമണിയുന്ന പുലരികളും സന്ധ്യകളും. ഉത്സാഹത്തിമിര്‍പ്പോടെ കുട്ടികള്‍ സ്കൂളിനു പുറത്തേയ്ക്കു പാഞ്ഞു.

അന്നത്തെ മടക്കയാത്രയില്‍ രംഗനാഥനും ടീച്ചറോടൊപ്പമുണ്ടായിരുന്നു.

"ടീച്ചര്‍, ഞാന്‍ ആലോചിക്കുവാരുന്നു."

"എന്താ രംഗാ, പറഞ്ഞോളൂ."

"പഠിച്ചു വല്യ ആളാവണം. അച്ഛന്‍ എന്നെക്കുറിച്ചോര്‍ത്ത് ഒരുപാടു വിഷമിച്ചിട്ടുണ്ട്. ഇനി അച്ഛനെ ഞാന്‍ സങ്കടപ്പെടുത്തില്ല."

"വളരെ നല്ലതു കുട്ടീ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ" – ടീച്ചറിന്‍റെ മനസ്സ് നിറഞ്ഞു.

"നിന്‍റെ ഈ മാറ്റത്തിനു കാരണം ആ പെരുമ്പാമ്പാ. ക്രെഡിറ്റ് മുഴുവന്‍ അതിനാ കൊടുക്കേണ്ടത്" – അമ്പിളിയുടെ കമന്‍റ് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.

"അപ്പം ഞാനോ; എന്നെ ഈ പഹയന്‍ തള്ളിയിട്ടോണ്ടല്ലേ ഇവനെ പാമ്പ് പിടിച്ചത്. അപ്പം ക്രെഡി റ്റ് എനിക്കാ കിട്ടേണ്ടത്."

"എന്‍റെ ഖദീജേ, പുരയ്ക്കു തീ പിടിക്കുമ്പം വാഴ വെട്ടാതെ" – രാജമല്ലിടീച്ചര്‍ ഒരു പഴഞ്ചൊല്ല് തട്ടിവിട്ടു.

"ടീച്ചര്‍, നമ്മുടെ ശശാങ്കന്‍റെ അച്ഛന്‍ ഒരേ കിടപ്പു തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. ഒരു നല്ല ചികിത്സ കിട്ടിയാല്‍ ഒരുപക്ഷേ അച്ഛന്‍ എഴുന്നേറ്റ് നടക്കുമെന്ന് എന്‍റെ മനസ്സ് പറയുന്നു. ടീച്ചറിന് എന്തു തോന്നുന്നു."

"രംഗാ നീ പറഞ്ഞത് ഏറ്റവും ഉചിതമായ ഒന്നാണ്. ഹ്രസ്വമായ നമ്മുടെയൊക്കെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത് ഇത്തരം ചില ജീവകാരുണ്യങ്ങളല്ലേ. വൈകിക്കേണ്ട നാളെ രാവിലെ തന്നെ നമുക്കു ശശാങ്കന്‍റെ അച്ഛനെ കാണാന്‍ പോകാം. വാട്ട് എബൗട്ട് യൂ ഗേള്‍സ്?"

"ഞങ്ങള്‍ റെഡിയാ ടീച്ചര്‍" – അമ്പിളിയും സീതയും ഒരേ സ്വരത്തില്‍ പറഞ്ഞു.

"അപ്പോ ഖദീജയോ? നീ വരുന്നില്ലേ കുട്ടീ?"

"ടീച്ചര്‍, ഞങ്ങള്‍ അതിരാവിലെ വാപ്പച്ചീടെ കുടുംബവീട്ടില് പോകുവാ."

"അതെവിടാ?"

"കോഴിക്കോടാ. ഉപ്പാപ്പ ഞങ്ങളേം കാത്തിരിക്കും."

"എന്നാല്‍ ഖദീജ പൊയ്ക്കോളൂ. എല്ലാവരേം എന്‍റെ സ്നേഹാന്വേഷണം അറിയിച്ചേക്കൂ."

"ശരി ടീച്ചര്‍"- ഖദീജ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു.

തൊട്ടടുത്ത വളവില്‍ രംഗനും യാത്ര ചോദിച്ചു.

"രാവിലെ ഒമ്പതു മണിക്കു ശശാങ്കന്‍റെ വീട്ടില്‍" – ടീച്ചര്‍ അവനെ ഓര്‍മിപ്പിച്ചു.

"ഞാന്‍ എത്തിയിരിക്കും ടീച്ചര്‍."

ഹോസ്റ്റല്‍ ഗെയ്റ്റിനു മുന്നില്‍ വച്ചു ടീച്ചര്‍ സീതയോടും അമ്പിളിയോടുമായി പറഞ്ഞു.

"രംഗനിലെ മാറ്റം നിങ്ങള്‍ കണ്ടോ? ഓരോ പ്രതിസന്ധികളിലൂടെയും ഈശ്വരന്‍ നമ്മെ ഒരുക്കുകയാണ്. ഓരോ പുതിയ ദൗത്യങ്ങള്‍ക്കായി. അതു തിരിച്ചറിയുവാന്‍ കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണമായി."

"ടീച്ചറെന്നാ നാട്ടിലേക്കു പോകുന്നത്?"

"മറ്റെന്നാള്‍ രാവിലെ ഏഴു മണിയുടെ ബസ്സിനു പോകും. എന്താ സങ്കടായോ?"- അവരുടെ വാടിയ മുഖം കണ്ടു ടീച്ചര്‍ ചോദിച്ചു.

"ഉം…"

തീരുമാനിച്ച പ്രകാരം രാജമല്ലിടീച്ചറും കുട്ടികളും ശശാങ്കന്‍റെ വീട്ടിലെത്തി. ശശാങ്കനപ്പോള്‍ അടുക്കളയില്‍ കഞ്ഞിവയ്ക്കുകയായിരുന്നു. അനുജന്‍ ചെന്നു വിളിച്ചപ്പോള്‍ അവന്‍ പുറത്തേയ്ക്ക് വന്നു. ടീച്ചറെ വണങ്ങി കോലായിലെ ബെഞ്ചില്‍ ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു.

ഇന്നോളം അവന്‍റെ പരിമിതികളിലേക്ക് ആരും എത്തിനോക്കിയിട്ടില്ല. തെരഞ്ഞടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയവര്‍പോലും ആ വഴി മറന്നുപോയിരിക്കുന്നു.

അപ്പോഴും തൊഴുകയ്യോടെ നില്ക്കുന്ന ശശാങ്കനോടു ടീച്ചര്‍ ചോദിച്ചു: "അച്ഛന്‍?"

രണ്ടു മുറി മാത്രമുള്ള ആ വീ ടിന്‍റെ തെക്കേമുറിയിലേക്ക് അവന്‍ വിരല്‍ചൂണ്ടി. അവിടെ ഒരു കയര്‍കട്ടിലില്‍ ക്ഷീണിതമായ മുഖഭാവത്തോടെ ഒരാള്‍. പനമ്പുചുമരുകളുടെ വിടവിലൂടെ കടന്നുവരുന്ന പ്രകാശത്തിന്‍റെ നേര്‍രേഖകള്‍ അവിടെയുള്ള മരുന്നുകുപ്പികളില്‍ തട്ടി പ്രതിഫലിക്കുന്നു.

"അച്ഛാ ഇതു ഞങ്ങളുടെ ടീച്ചറാ" – സീത, ടീച്ചറെ ശശാങ്കന്‍റെ അച്ഛനു പരിചയപ്പെടുത്തി.

അയാള്‍ ചിരിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ചുണ്ട് ഒരു വശത്തേയ്ക്കു കോടിയിരിക്കുന്നതിനാല്‍ അതിനു കഴിഞ്ഞില്ല.

അപ്പോള്‍… ആ ഇത്തിരി വെളിച്ചത്തില്‍ രാജമല്ലി ടീച്ചറുടെ കണ്ണുകള്‍ ആ മുഖം തിരിച്ചറിഞ്ഞു: "കുഞ്ഞ…മ്മാ…വന്‍!"

സന്തോഷസന്താപങ്ങളുടെ വേലിയേറ്റത്തില്‍ രാജമല്ലി ടീച്ചറുടെ മനസ്സ് അമ്മാവന്‍റെ രൂപം പുനഃസൃഷ്ടിക്കുകയായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org