സമരിയാക്കാരന്‍റെ സുവിശേഷം; സത്രക്കാരന്‍റെയും

സമരിയാക്കാരന്‍റെ സുവിശേഷം; സത്രക്കാരന്‍റെയും

ചെറുകഥ

ജീസ് പി. പോള്‍

മാര്‍ക്കോസ് കണ്ണുകള്‍ തുറക്കുവാനുള്ള പരിശ്രമത്തിലാണ്. കണ്‍പോളകള്‍ പാതിപോലും വിടരുന്നില്ല. ശുശ്രുഷയ്ക്കായി ഇടയ്ക്കിടെ വരുന്ന സത്രക്കാരനാണു പറഞ്ഞത് വഴിയരികില്‍ മുറിവേറ്റു ജീവച്ഛവമായി കിടന്നപ്പോള്‍ ഒരു സമരിയാക്കാരനാണ് ഇവിടെ എത്തിച്ചതെന്ന്. കണ്‍പോളകളിലും നെറ്റിത്തടത്തിലുമുള്ള സത്രക്കാരന്‍റെ തൈലം പൂശലും തലോടലുമാണ് വേദനയില്‍ ഏക ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ കാര്യം അന്വേഷിച്ച് ആ സമരിയാക്കാരന്‍ ഇവിടെ വന്നപ്പോഴൊന്നും തനിക്ക് ബോധം തെളിഞ്ഞിരുന്നില്ലത്രേ.

സമരിയാക്കാരനായ ആ നല്ല മനുഷ്യനെ അന്വേഷിച്ച് മാര്‍ക്കോസ് ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി. എത്രയോ കാലമായി ഈ വഴിയിലൂടെ ജെറീക്കോയിലേക്കും തിരികേയും താന്‍ യാത്ര ചെയ്യുന്നു. ഇതുവരെ ഒരപകടവും ഉണ്ടായിട്ടില്ല. ജെറീക്കോക്കാരനായ സക്കേവൂസ് അയാളുടെ മുന്തിരിത്തോട്ടങ്ങളൊക്കെ വില്‍ക്കുവാന്‍ പോകുന്നു എന്നറിഞ്ഞാണ് ഉള്ള പണവുമായി അതുവാങ്ങാന്‍ ജെറീക്കോയിലേക്കു പോയത്. കൊള്ളക്കാര്‍ പണമെല്ലാം കൊണ്ടുപോയി. താന്‍ മരിച്ചുവെന്നു കരുതിയാകണം തന്നെ ഉപേക്ഷിച്ചത്. ഒരിറ്റുവെള്ളം കിട്ടാനായി ഞരങ്ങി ഇടയ്ക്ക് കണ്ണുതുറന്നപ്പോള്‍ തന്നെ അറിയാവുന്ന പുരോഹിതനും പിന്നാലെ ദേവാലയശുശ്രൂഷിയും കാണാത്തമട്ടില്‍ കടന്നു പോകുന്നതാണ് കണ്ടത്. പിന്നീട് തനിക്കൊന്നും ഓര്‍മ്മയില്ല.

ചെറിയ കുളമ്പടി ശബ്ദം താഴെ കേട്ടപ്പോള്‍ ചിന്തയില്‍ നിന്നുണര്‍ന്ന് ആകാംക്ഷയോടെ അയാള്‍ നോക്കി. അതാ ഒരാള്‍ തന്‍റെ കഴുതയ്ക്കൊപ്പം സത്രത്തിനരികിലേക്കു കടന്നുവരുന്നു. കണ്ടിട്ട് അധികം പ്രായം തോന്നുന്നില്ല. ഒരുപക്ഷേ അതായിരിക്കുമോ തന്നെ ഇവിടെ എത്തിച്ച ആ സമരിയാക്കാരന്‍?
മുറിയുടെ വാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ട് മാര്‍ക്കോസ് തിരിഞ്ഞു നോക്കാന്‍ ശ്രമിച്ചു. കഴുത്തൊന്നും തിരിക്കാനാവാത്തവിധമാണ് വേദന. സത്രക്കാരനൊപ്പം നേരത്തേ സത്രത്തിലേക്കു കയറി വന്ന ആ യുവാവുമുണ്ട്.

"ഉണര്‍ന്നോ? കര്‍ത്താവിനു സ്തോത്രം. എങ്ങനെയുണ്ട് സഹോദരാ. വല്ലാതെ പേടിപ്പിച്ചു കളഞ്ഞു കേട്ടോ. ജീവന്‍ തിരിച്ചു കിട്ടണേയെന്നായിരുന്നു പ്രാര്‍ത്ഥനയൊക്കെയും."

സംസാരത്തിനിടയില്‍തന്നെ സ്നേഹത്തോടെയുള്ള ഒരു തലോടലും. അത്ഭുതത്തോടെ നോക്കിയിരിക്കുന്ന മാര്‍ക്കോസിനോട് സത്രക്കാരന്‍ പറഞ്ഞു. "ഇതുതന്നെ. ഇതാണ് താങ്കളെ ഇവിടെയെത്തിച്ച ആ മനുഷ്യന്‍."

ബാര്‍ണബാസ് – അതാണയാളുടെ പേര്. വലതുകരം സാവധാനം ഉയര്‍ത്തി അയാളുടെ കരങ്ങളില്‍ പിടിച്ചു. തന്‍റെ ജീവന്‍ രക്ഷി ച്ചതിനുള്ള നന്ദിയും കടപ്പാടുമൊക്കെ ആ കരങ്ങളുടെ ചൂടില്‍ നിന്നും ഇറുകിപ്പിടുത്തത്തില്‍ നിന്നും കണ്ണില്‍ നിന്നുമൊക്കെ അയാള്‍ വായിച്ചെടുക്കട്ടെ.

"താങ്കളുടെ ശുശ്രുഷയ്ക്ക് ഇനിയും പണം ആവശ്യമുണ്ടെങ്കില്‍ തരാനാണ് ബാര്‍ണബാസ് ഇപ്പോഴിങ്ങോട്ടു വന്നത്. താങ്കള്‍ ഉണര്‍ന്നിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ കണ്ടിട്ടു പോകാമെന്നു കരുതി കയറിയതാണ്." – സത്രക്കാരന്‍ പറഞ്ഞത് ഒരു ചെവിയിലൂടെ കടന്നുവെങ്കിലും മാര്‍ക്കോസ് തിരിച്ചൊന്നും പറയാനില്ലാത്ത തരത്തില്‍ സമരിയാക്കാരന്‍റെ മുഖത്തുതന്നെ നോക്കിയിരുന്നു. ഒരുപക്ഷേ ഇതായിരിക്കുമോ യഹോവയുടെ രൂപം?

"ഹേയ്, എന്താ ഇത്ര അത്ഭുതത്തോടെ നോക്കുന്നത്? ഞാന്‍ വെറുമൊരു സാധാരണക്കാരന്‍ തന്നെ." ചിരിച്ചുകൊണ്ട് തോളില്‍ തട്ടി ബാര്‍ണബാസ് പറഞ്ഞപ്പോഴാണ് മാര്‍ക്കോസിനു പരിസര ബോധമുണ്ടായത്.

"ജറുസലേമിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് വഴിയോരത്ത് ഞാന്‍ താങ്കളെ കണ്ടത്. കൈയിലുണ്ടായിരുന്ന വെള്ളവും വീഞ്ഞും ഒലിവെണ്ണയുമൊക്കെ ഉപയോഗിച്ച് മുറിവുകള്‍ വൃത്തിയാക്കി വച്ചുകെട്ടിയെങ്കിലും ബോധം വീണില്ല. അതുകൊണ്ടാ താങ്ങിയെടുത്ത് ഇവിടെ എത്തിച്ചത്. അത്യാവശ്യമുണ്ടായിരുന്നതുകൊണ്ടാ ഞാന്‍ പോയത്. ഇടയ്ക്ക് രണ്ടു പ്രാവശ്യം വന്നപ്പോഴും താങ്കള്‍ ഉണര്‍ന്നിരുന്നില്ല."

"ജറുസലേമില്‍ എന്തായിരുന്നു പരിപാടി? എന്തിനാ അവിടെ പോയത്?" ഏറെ അടുപ്പമുള്ളയാളോടെന്ന പോലെയാണ് മാര്‍ക്കോസ് ചോദിച്ചത്.

"അതാരു കഥ തന്നെയാണ്. യേശു എന്നൊരു പ്രവാചകന്‍ ഇപ്പോള്‍ അവിടെ മുഴുവന്‍ പ്രസംഗിച്ചും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചും നടക്കുന്നില്ലേ. അവനെ കാണാനും അവന്‍റെ പ്രസംഗം കേള്‍ക്കാനുമായി പോയതാണ്. അവിടെ ചെന്നപ്പോള്‍ അതിലേറെ അത്ഭുതം. ഒരു യഹൂദന്‍ വഴിയരികില്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടെന്നും പുരോഹിതനും ലേവായനുമൊക്കെ കാണാത്തമട്ടില്‍ കടന്നുപോയെന്നും ഒരു സമറിയാക്കാരന്‍ വന്ന് അയാളെ എടുത്ത് സത്രത്തില്‍ ഏല്‍പ്പിച്ചെന്നുമൊക്കെ ഉപമയായി അവന്‍ അവിടെ യഹൂദനായ ഒരു നിയമജ്ഞനോട് പറയുന്നതുകേട്ടു. നീയും പോയി അതു പോലെ ചെയ്യുക-യഹൂദനും സമരിയാക്കാരനും അയല്‍ക്കാരാവാം എന്ന വലിയ ആശയം പറഞ്ഞാണ് ആ നിയമജ്ഞനെ വിട്ടത്. എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനുമാണ് അവന്‍. വരാനിരിക്കുന്ന രക്ഷകന്‍ അവന്‍ തന്നെയെന്നാ എന്‍റെ വിശ്വാസം." ഒറ്റ ശ്വാസത്തിലാണ് ബാര്‍ണബാസ് ഇത്രയും പറഞ്ഞത്.

"യേശുവോ? അയാളെ കാണാനാണോ താങ്കള്‍ ഇത്രദൂരം പോയത്? പുരോഹിതന്മാരെയും നിയമജ്ഞന്മാരെയുമൊന്നും അംഗീകരിക്കാത്ത അവനെങ്ങനെ വരാനിരിക്കുന്ന രക്ഷകനാകും? ഒരു തച്ചന്‍റെ മകനായാണോ ഇസ്രായേലിന്‍റെ രാജാവു ജനിക്കുന്നത്?" വേദനകളെല്ലാം മറന്ന് അവജ്ഞയോടെയാണ് മാര്‍ക്കോസ് ചോദിച്ചത്.

"താങ്കള്‍ക്കു തെറ്റി സഹോദരാ. യൂദയായിലെ ബേദ്ലഹേമില്‍ നിന്നായിരിക്കും രാജാവെന്ന് തിരുവെഴുത്തുണ്ടല്ലോ. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവച്ചപ്പോള്‍ ആചാര്യനായ ശെമയോന്‍ തന്നെയല്ലേ വരാനിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞുവെന്ന് പറഞ്ഞത്? അവനെ ലക്ഷ്യമിട്ട് നാട്ടിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും ഹേറോദേസ് രാജാവ് കൊന്നൊടുക്കിയിട്ടും ദൈവം അവനെ കാത്തില്ലേ? പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ വിശുദ്ധഗ്രന്ഥത്തിലെ കാര്യങ്ങളെപ്പറ്റി ആചാര്യന്മാരോട് തര്‍ക്കിച്ചില്ലേ അവന്‍? എന്തധികാരത്താലാണ് നീ പഠിപ്പിക്കുന്നതെന്നു ചോദിച്ചുചെന്ന ആചാര്യന്മാരെ ഉത്തരം മുട്ടിച്ചില്ലേ? ഇപ്പോള്‍ നാം കാണുന്നതോ. എത്ര രോഗികളെയാ സുഖമാക്കുന്നത്?. വഴിതെറ്റി നടന്ന എത്ര പേരെയാ നേര്‍വഴിയിലേക്കു കൊണ്ടു വരുന്നത്? ജെറീക്കോയിലെ സക്കേവൂസ് അവനെ കാണാന്‍ മരത്തില്‍ കയറിയിരുന്നതാ. മരത്തിനു താഴെ വന്നു നിന്ന് സക്കേവൂസിനെ വിളിച്ച് അവന്‍റെ വീട്ടിലേക്കു പോയ കാര്യം അറിഞ്ഞതല്ലേ? ദൈവത്തെ സ്നേഹിക്കുകയെന്നു പറഞ്ഞാല്‍ മനുഷ്യരെ സ്നേഹിക്കുകയെന്നാണെന്നു പഠിപ്പിക്കുന്ന അവനല്ലാതെ ഏതു നേതാവാ ഇനി വരാനുള്ളത്? ഇത്ര ലളിതമായി ദൈവത്തെ ആരാ വെളിപ്പെടുത്തിയിട്ടുള്ളത്?"

ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദിച്ച ബാര്‍ണബാസിന്‍റെ ആവേശം മാര്‍ക്കോസില്‍ അത്ഭുതമുണര്‍ത്തി. തിരുവെഴുത്തുകളിലും തങ്ങളുടെ ആചാരങ്ങളിലുമൊക്കെ ഇയാള്‍ക്ക് നല്ല അവഗാഹമുണ്ട്. അയാള്‍ ഓര്‍ത്തു. സക്കേവൂസിനുണ്ടായ മാറ്റവും അത്ഭുതകരമാണ്. അതുകൊണ്ടല്ലേ ജനങ്ങളെ പിഴിഞ്ഞ് സമ്പാദിച്ചു കൂട്ടിയ തന്‍റെ മുന്തിരിത്തോട്ടങ്ങളെല്ലാം വില്‍ക്കാന്‍ അയാള്‍ തീരുമാനിച്ചത്?

"അതിരിക്കട്ടെ ഇത്ര ആവേശമുണ്ടാകാന്‍ മാത്രം യേശു എന്തു സഹായമാ താങ്കള്‍ക്ക് ചെയ്തുതന്നത്?" ഉത്തരം മുട്ടിക്കാന്‍ പറ്റുമെന്നു കരുതിയാണ് മാര്‍ക്കോസ് ആ ചോദ്യമെറിഞ്ഞത്.

"താങ്കള്‍ക്കറിയുമോ, വര്‍ഷങ്ങളോളം കുഷ്ഠരോഗബാധിതനായി വീടിനുള്ളിലെ ഇരുളില്‍ കഴിഞ്ഞയാളാണ് ഞാന്‍." മാര്‍ക്കോസ് ആശ്ചര്യത്തോടെയും അല്‍പം ഭീതിയോടെയുമാണ് അയാളുടെ വാക്കുകള്‍ കേട്ടത്. "എന്‍റെ സഹോദരിയും ഞാനും മാത്രമായി ഒരു വീട്ടില്‍. ഞാന്‍ പുറത്തിറങ്ങാറേയില്ലായിരുന്നു. സഹോദരിയാകട്ടെ വഴിതെറ്റിയ പോക്കും. അഞ്ച് ഭര്‍ത്താക്കന്മാരോടൊപ്പം അവള്‍ താമസിച്ചു. കുഷ്ഠരോഗിയായതു കൊണ്ട് എനിക്കൊന്നും പറയാനുമാകില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ എന്നെ വീട്ടില്‍ നിന്നും പുറന്തള്ളുമെന്നു ഞാന്‍ ഭയന്നു. ഒരു ദിവസം യാക്കോബിന്‍റെ കിണറിനരികെ വെള്ളം കോരാന്‍ പോയ സഹോദരിയെ, കാത്തിരുന്നപോലെ യേശു കണ്ടുമുട്ടി. യേശുവുമായി സംസാരിച്ച അന്നുമുതല്‍ അവളുടെ ജീവിതത്തിനു മാറ്റം വന്നു. അവളുടെ നിര്‍ബന്ധത്താലാണ് ഞാന്‍ യേശുവിനെ കാണാന്‍ പോയത്. മറ്റ് ഒമ്പതു കുഷ്ഠരോഗികള്‍ക്കൊപ്പം ഞാനും അവനോട് രോഗശാന്തിക്കായി നിലവിളിച്ചു. അവന്‍റെ ഒരു നോട്ടം കൊണ്ടു തന്നെ പാടുകള്‍ പോലും അവശേഷിപ്പിക്കാതെ രോഗം മാറി. കുളിച്ചു ശുദ്ധനായി ഒരു വാക്കു നന്ദി പറയാന്‍ ഞാന്‍ വീണ്ടും ചെന്നപ്പോള്‍ നന്ദി പറയുക എന്നതും വലിയൊരു കാര്യമായി അവന്‍ എടുത്തു പറഞ്ഞു. ഇത്ര വലിയ അനുഗ്രഹങ്ങള്‍ നല്‍കിയ അവന്‍ എനിക്കു ദൈവം തന്നെയാണ്. ഒരു വാക്കു നന്ദിപറഞ്ഞ എന്നെപ്പോലൊരു സാധാരണക്കാരനെപ്പോലും പരിഗണിക്കാനും ശ്രദ്ധിക്കാനും അവനെപ്പോലൊരാള്‍ക്കു മാത്രമേ കഴിയൂ."

മാര്‍ക്കോസിനു പുരട്ടാനുള്ള തൈലവുമായി സത്രക്കാരന്‍ കടന്നുവന്നതുകണ്ട് ബാര്‍ണബാസ് സംസാരം ഒട്ടൊന്നു നിര്‍ത്തി തിരിഞ്ഞുനോക്കി. സത്രക്കാരന്‍ കൊണ്ടുവന്ന തൈലം മാര്‍ക്കോസിന്‍റെ കണ്‍പോളകളിലും നെറ്റിത്തടത്തിലും സാവധാനം പുരട്ടി. വേദന കുറഞ്ഞുവരുന്നുണ്ട്.

"ദാ ഇയാളെയും പലപ്പോഴും ഞാന്‍ അവന്‍റെ പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുപോകാറുണ്ട്. പണത്തോട് ആര്‍ത്തിയുണ്ടായിരു ന്ന പഴയരീതിയൊക്കെ മാറ്റി ആത്മാര്‍ത്ഥമായി സേവനം ചെയ്യാനുള്ള തോന്നല്‍ അവന്‍റെ പ്രസംഗം കേട്ടതു മുതലാ ഉണ്ടായതെന്ന് ഇവനും പറയാറുണ്ട്."

ശരിയെന്ന അര്‍ത്ഥത്തില്‍ സത്രക്കാരന്‍ തലയാട്ടി.

"എന്‍റെ ജീവിതമാര്‍ഗമാണിത്. ഇതിലൂടെ പരമാവധി പണമുണ്ടാക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ഇവിടെ വരുന്നവര്‍ക്ക് ശരിയായ ശുശ്രൂഷ ലഭിക്കുന്നുണ്ടോയെന്നൊന്നും ഞാന്‍ നോക്കാറില്ലായിരുന്നു. ഒരു ദിവസം അവന്‍ പറഞ്ഞു. ഒരു മൈല്‍ നടക്കാന്‍ ആവശ്യപ്പെടുന്നവനോടുകൂടി രണ്ടു മൈല്‍ നടക്കണമെന്ന്. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ കൊടുക്കുമ്പോഴാണ് നമ്മുടെ പങ്കുവയ്പ്പു പൂര്‍ണമാകുന്നതെന്ന്. അതാണ് കാരുണ്യമെന്ന് അപ്പോഴാണ് ഞാന്‍ എന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിച്ചത്. ഇവിടെ വരുന്നവരെക്കുറിച്ചോര്‍ത്തത്. രോഗികളെ ശുശ്രൂഷിക്കാന്‍ ആരെങ്കിലും തരുന്ന തുകയില്‍ നിന്ന് ഇനിയൊരിക്കലും അര്‍ഹിക്കുന്നതിനപ്പുറം എടുക്കില്ലെന്ന് അന്നു തന്നെ ഞാന്‍ തീരുമാനിച്ചു."

സാവധാനമാണെങ്കിലും ഉള്ളില്‍ നിന്നു വരുന്നതുപോലെയാണ് സത്രക്കാരന്‍ പറഞ്ഞത്.

മാര്‍ക്കോസ് ഓര്‍ത്തു; കൊടുക്കുന്ന പണത്തിനുള്ള പരിഗണനയും ശുശ്രുഷയുമല്ല അതിനുമപ്പുറം സമര്‍പ്പണത്തോടെയുള്ള പരിചരണമാണ് ഇവിടെ തനിക്കു ലഭിച്ചത്. അല്ലായിരുന്നെങ്കില്‍ താന്‍ ഇത്ര വേഗം സുഖപ്പെടില്ലായിരുന്നു. യാതൊരു പരിചയവും ബന്ധവുമില്ലാത്ത, തന്നെ വഴിയരികില്‍ നിന്നെടുത്ത് ഇവിടെയെത്തിക്കാനും ശുശ്രൂഷിക്കാനും ഇവര്‍ക്കു പ്രചോദനമായത് യേശുവാണെങ്കില്‍…. മനസിന്‍റെ അഗാധതയിലെങ്ങോ ഒരു കൊള്ളിയാന്‍ മിന്നുന്നതുപോലെ മാര്‍ക്കോസിനു തോന്നി.

ദൈവത്തെ സ്നേഹിക്കണമെന്ന് നിരന്തരം പ്രസംഗിക്കുകയും വഴിയരികില്‍ മുറിവേറ്റു കിടന്ന തന്നെ ശ്രദ്ധിക്കാതെ കടന്നു പോവുകയും ചെയ്ത പുരോഹിതനേക്കാള്‍ മറ്റൊന്നും നോക്കാതെ തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച സമറായനല്ലേ ശരി. രാജാവിനുള്ള ചുങ്കം കണക്കില്‍ അധികമായി നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത് പകുതിപോലും ഖജനാവിലടയ്ക്കാതെ സ്വന്തം സമ്പാദ്യത്തില്‍ കൂട്ടുന്ന തന്നെപ്പോലുള്ള പ്രമാണിമാരുടെ മുന്നില്‍ സമറിയാക്കാരനില്‍ നിന്നു ലഭിച്ച ദനാറയുടെ മൂല്യത്തേക്കാള്‍ അധികമായ പരിചരണം തന്ന സത്രക്കാരന്‍ വലുതാവുന്നില്ലേ? ഇവര്‍ക്കു പ്രചോദനമായത് യേശുവാണെങ്കില്‍…. തന്‍റെ മുന്നില്‍ ചിരിതൂകി നില്‍ക്കുന്നത് സമരിയാക്കാരനോ അതോ യേശു തന്നെയോ എന്ന് തി രിച്ചറിയാനാകാത്തപോലെ മാര്‍ക്കോസ് മിഴിച്ചുനോക്കി.

"ഒരുവട്ടമെങ്കിലും താങ്കള്‍ വന്ന് യേശുവിന്‍റെ വചനങ്ങള്‍ കേള്‍ക്കണം. ഞങ്ങള്‍ക്കുറപ്പുണ്ട്. താങ്കള്‍ക്കും ജീവിതത്തെക്കുറിച്ച് ശരിയായ അറിവുണ്ടാകുമെന്ന്. സുഖമാകട്ടെ. ഞാന്‍ താങ്കളേയും കൊണ്ടു പോകാം" ബാര്‍ണബാസിന്‍റെ വാക്കുകള്‍ അങ്ങകലെ ജോര്‍ദാന്‍റെ മറുകരെനിന്നും യേശു മാടി വിളിച്ചുകൊണ്ടു പറയുന്നതുപോലെയാണ് മാര്‍ക്കോസിനു തോന്നിയത്.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അയാളെ സത്രക്കാരന്‍ കൈപിടിച്ചു സഹായിച്ചു. തൈലം പുരട്ടുന്നത് അവസാനിപ്പിച്ച് സത്രക്കാരന്‍ പിന്നോട്ടു മാറി.മാര്‍ക്കോസ് പതിയെ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. വേദനയില്ലാതെ കണ്ണു തുറന്നുവരുന്നുണ്ട്. സാവധാനം അയാള്‍ കണ്ണു തുറക്കുകയാണ്. പുതിയൊരു വെളിച്ചത്തിലേക്ക്. പുതിയൊരു ജീവിതത്തിലേക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org