സ്നേഹസീമ..

സ്നേഹസീമ..

വിനായക് നിര്‍മ്മല്‍

മൂളിപ്പാട്ടും പാടി കണ്ണാടിയില്‍ നോക്കി മുടി ചീകിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു അത്യാഹിതം പോലെ മുടിയിഴകള്‍ക്കിടയില്‍ മനു വെളുപ്പ് കണ്ടെത്തിയത്. അവന്‍ കണ്ണാടിയുടെ അടുക്കലേയ്ക്ക് കുറെക്കൂടി ചേര്‍ന്നുനിന്നുകൊണ്ട് കറുത്ത മുടിയിഴകള്‍ക്ക് തെല്ലും പരിക്കേല്ക്കാതെ വെളുത്ത മുടിയിഴ പറിച്ചെടുത്തു. നര കണ്ടെത്തിയപ്പോള്‍ ആദ്യം നടുക്കമാണ് ഉണ്ടായതെങ്കില്‍ പിഴുതെടുത്തപ്പോള്‍ ഗൂഢമായ ആനന്ദം അവന് അനുഭവപ്പെട്ടു. ഒരു ശത്രുവിനെ എന്നന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുമ്പോഴുണ്ടാകുന്ന പ്രതിയോഗിയുടെ സംതൃപ്തിക്ക് തുല്യമായിരുന്നു അത്. നരച്ച മുടിയിഴയിലേക്ക് നോക്കി അവന്‍ ഒരു നിമിഷം നിന്നു. ഒരു ചെറുപ്പക്കാരന് മുടി നരയ്ക്കാന്‍ ഇരുപത്തിയെട്ട് ഒരു പ്രായമേ അല്ല. പക്ഷേ.. അവന്‍ ജനലഴികള്‍ക്കിടയിലൂടെ മുടി പുറത്തേയ്ക്ക് ഇട്ടു. മുടിയിഴകള്‍ വകുത്തുമാറ്റി നരച്ച മുടി ഇനി എവിടെയെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ പിന്നില്‍ നിന്ന് സ്വരം കേട്ടു.

നീയിനിയും റെഡിയായില്ലേ മോനേ? തിരിഞ്ഞുനോക്കാതെ തന്നെ അലമാരയുടെ ചില്ലുകണ്ണാടിയിലൂടെ അമ്മ തന്നെ കടന്നുപോകുന്നത് മനു കണ്ടു.

സൂസിയുടെ കയ്യില്‍ എന്തൊക്കെയോ പൊതികളുണ്ടായിരുന്നു.

ഇതൊക്കെ എന്നതാ മമ്മീ? മനു മുഖം തിരിച്ചു ചോദിച്ചു.

കുറച്ച് അച്ചാറും അവുലോസുപൊടിയുമാ…

സൂസി അങ്ങനെ പറഞ്ഞു കൊണ്ട് കട്ടിലില്‍ റെഡിയാക്കി വച്ചിരിക്കുന്ന ബാഗിനുള്ളിലേക്ക് അത് തിരുകിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

എന്‍റെ പൊന്നു മമ്മീ, എന്നെ ഇങ്ങനെ നാണം കെടുത്താതെ… മനു കണ്ണാടിയുടെ മുമ്പില്‍ നിന്ന് വേഗം സൂസിയുടെ അടുക്കലേക്ക് ചെന്നു.

പണ്ടത്തെ കാലത്ത് മക്കള്‍ ജോലിക്കും പഠിക്കാനും പോകുമ്പോഴല്ലായിരുന്നോ മമ്മീ അമ്മമാര് ഇങ്ങനെ ബാഗ് നിറയെ അച്ചാറും തേങ്ങാച്ചമ്മന്തീം കാച്ചിയ എണ്ണയും കൊടുത്തുവിട്ടിരുന്നത്. ഇന്ന് ഇതൊക്കെ ഏതു മുക്കിലും മൂലയിലും കിട്ടും… പിന്നെയാ തിരുവനന്തപുരത്ത്…

മനു സൂസിയൂടെ കയ്യില്‍ നിന്ന് ആ പൊതികളെല്ലാം വാങ്ങി കട്ടിലിലേക്ക് വച്ചു.

ഒരാഴ്ച കഴിഞ്ഞ് ഞാനിങ്ങ് എത്തില്ലേ… ഇപ്പം തന്നെ ലോഡ് കൂടുതലാ… മനു ബാഗെടുത്ത് അതിന്‍റെ തൂക്കം നോക്കി.

എന്നാലും… സൂസി ഇച്ഛാഭംഗത്തോടെ പൊതികളിലേക്കും മനുവിന്‍റെ മുഖത്തേക്കും നോക്കി.

വില്ക്കാന്‍ വച്ചിരിക്കുന്ന അതുപോലത്തെ അച്ചാറ് വല്ലതുമാണോടാ ഇത്… നീ പോകുവാന്ന് അറിഞ്ഞപ്പോ മുതല് നിനക്ക് തന്നുവിടാന്‍ ഓരോന്ന് റെഡിയാക്കി വച്ചോണ്ടിരിക്കുവായിരുന്നു ഞാന്‍.

ഒരു എന്നാലുമില്ല. മമ്മി ഒന്ന് മിണ്ടാതിരുന്നേ… മനു സ്നേഹപൂര്‍വ്വം ശാസിച്ചു.

മമ്മീടേം മോന്‍റേം സെന്‍റി മെന്‍സൊന്നും ഇതുവരേം കഴിഞ്ഞില്ലേ. മുറിയുടെ വാതില്ക്കല്‍ മനീഷയും മഞ്ജിമയും പ്രത്യക്ഷപ്പെട്ടു. മനുവിന്‍റെ ഇരട്ട സഹോദരിമാരാണ് മനീഷയും മഞ്ജിമയും. രണ്ടുപേരും ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പഠിക്കുന്നു.

ഒന്നു പോ പിള്ളേരെ… സൂസിക്ക് പെട്ടെന്ന് സങ്കടം വന്നു.

പത്തിരുപത്തിയെട്ടു വയസ്സായെങ്കിലും ഇതുവരേം എന്‍റെ കൊച്ചിനെ ഒരു രാത്രി പോലും ഞാന്‍ പിരിഞ്ഞിരുന്നിട്ടില്ല. ഇപ്പോ ആദ്യമായിട്ടാ… സൂസി മുക്കുപിഴിഞ്ഞ് നൈറ്റിയില്‍ തുടച്ചു.

ച്ഛേ ഈ മമ്മി… മനു ചുണ്ടു വക്രിച്ചു.

സൂസി പക്ഷേ അത് കാര്യമാക്കിയില്ല.

ഇപ്പോ ഒന്നുമല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗമാണല്ലോയെന്ന് വിചാരിച്ചാ ഞാന്‍ സമ്മതിച്ചെ. അല്ലേല് ശമ്പളം ഇത്തിരി കുറവാണെങ്കിലും സന്ധ്യക്ക് വീട്ടിലെത്തുന്ന വല്ല പണീം മതിയെന്ന് ഞാന്‍ പറഞ്ഞേനേ.

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് എന്നു വച്ചാ ആരാന്നാ മമ്മീടെ വിചാരം? മഞ്ജിമ ചോദിച്ചു.

ആരായാലെന്താ ഇവന്‍ എന്‍റെ മകനല്ലാതെ വരുമോ. എന്തുമാത്രം പ്രാര്‍ത്ഥിച്ചിട്ടാ ഇപ്പോ ഇങ്ങനെയൊരു ജോലി എന്‍റെ കൊച്ചിന് കിട്ടിയെ… കര്‍ത്താവിന്‍റെ ഓരോ അനുഗ്രഹങ്ങള്. സൂസി മുകളിലേക്ക് കൈകള്‍ കൂപ്പി.

എടാ മോനേ… തോമസ് അപ്പോള്‍ മുറിയിലേക്ക് വന്നു.

നീ മമ്മീടെ ഓരോ വര്‍ത്താനോം കേട്ടോണ്ടിരുന്നാ വണ്ടി വണ്ടീടെ പാട്ടിന് പോകും; പറഞ്ഞേക്കാം.

ഞാന്‍ റെഡിയായതാ പപ്പാ.. മനു കട്ടിലില്‍ നിന്നെണീറ്റു. അവന്‍റെ നോട്ടം മുറ്റത്തേയ്ക്ക് പാഞ്ഞു. പിന്നെ അവിടെ നിന്ന് മുഖംതിരിച്ച് മേശപ്പുറത്തിരുന്ന മൊബൈലിന് നേര്‍ക്ക് നീണ്ടു.

നിമിഷ ചേച്ചി എപ്പം വരുമെന്നാ പറഞ്ഞെ? മനുവിന്‍റെ ഭാവം കണ്ടപ്പോള്‍ മഞ്ജുഷ ചിരി അടക്കിവച്ചുകൊണ്ട് ചോദിച്ചു.

ഒന്ന് വിളിച്ചുനോക്കെന്നേ… ചിലപ്പോ രാജുചേട്ടന്‍റെ കണ്ണ് വെട്ടിച്ച് ഇറങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല. മഞ്ജിമ നിര്‍ദ്ദേശിച്ചു.

തോമസിന്‍റെയും സൂസിയുടെയും മുഖത്തേക്ക് മനു നോക്കി. അവരുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ ചമ്മലോടെയാണെങ്കിലും മനു മൊബൈല്‍ കയ്യിലെടുത്തു. അപ്പോഴേയ്ക്കും മുറ്റത്ത് ഒരു സ്കൂട്ടര്‍ ഇരമ്പിയെത്തുന്ന ശബ്ദം കേട്ടു.

നിമിഷചേച്ചിയെത്തി; മഞ്ജിമ വിളിച്ചുപറഞ്ഞു. തുറന്നുകിടക്കുന്ന ജനലഴികള്‍ക്കിടയിലൂടെ മനു നോക്കിയപ്പോള്‍ നിമിഷയുടെ മഞ്ഞ കളറുള്ള വെസ്പ മുറ്റത്തുവന്നുനിന്നു കഴിഞ്ഞിരുന്നു. അവള്‍ തലയില്‍ നിന്ന് മഞ്ഞനിറമുള്ള ഹെല്‍മെറ്റ് ഊരിയെടുക്കുകയായിരുന്നു അപ്പോള്‍. പിന്നെ സ്കൂട്ടറില്‍ നിന്ന് ഇറങ്ങി ഹെല്‍മെറ്റ് വച്ചിരുന്നതുകൊണ്ട് ഉടഞ്ഞുപോയ മുടി കൈകള്‍ കൊണ്ട് ഒന്ന് നിവര്‍ത്തിയിട്ട് ഒട്ടും അപരിചിതത്വം ഇല്ലാതെ വരാന്തയിലേക്ക് കയറി.

ങാ മോളെത്തിയല്ലോ… മോളെ കണ്ടില്ലല്ലോ കണ്ടില്ലല്ലോയെന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു ഞങ്ങള് – സൂസി പറഞ്ഞു.

മോന്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങുവായിരുന്നു. തോമസ് പൂരിപ്പിച്ചു.

സമയമായോ? നിമിഷ വാച്ചിലേക്ക് നോക്കി.

എന്തു സമയമായാലും മോള് വരാതെ ഇവന്‍ ഇറങ്ങുമോ… നല്ല കാര്യമായി. സൂസി ചിരിച്ചു

ഡാഡി പുറത്തേയ്ക്കിറങ്ങാന്‍ വൈകി. അല്ലെങ്കി കുറച്ചും കൂടി നേരത്തെ ഞാനെത്തിയേനേ.

അതു ഞാന്‍ പറഞ്ഞു. മഞ്ജിമ തുടര്‍ന്നു, രാജുചേട്ടന്‍റെ കണ്ണുവെട്ടിച്ച് ഇറങ്ങാന്‍ വൈകുന്നതാന്ന്.

നീ ഇങ്ങ് വന്നേ… തോമസ് സൂസിയോട് പറഞ്ഞു.

അയാള്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു.

ഊം എന്നാത്തിനാ… കട്ടിലില്‍ ഇരിക്കുകയായിരുന്ന സൂസിക്ക് തോമസ് ഉദ്ദേശിച്ചത് മനസ്സിലായില്ല.

ഇങ്ങ് വാടീ… തോമസ് വീണ്ടും പറഞ്ഞു. ആ സ്വരത്തില്‍ ഇത്തിരി കടുപ്പക്കൂടുതല്‍ അനുഭവപ്പെട്ടതുകൊണ്ട് മനസ്സില്ലാമനസ്സോടെ സൂസി കട്ടിലില്‍ നിന്നെണീറ്റു.

നിങ്ങളും ഇങ്ങ് വന്നേ… തോമസ് പെണ്‍മക്കളോടും പറഞ്ഞു. അവര്‍ ഉടനെ അയാളെ അനുസരിച്ചു.

എന്നാത്തിനാ നിങ്ങള് വിളിച്ചെ… സൂസി തോമസിന്‍റെ അടുക്കലെത്തി ചോദിച്ചു

എടീ… പിള്ളേര് വല്ലതും മിണ്ടിപ്പറയട്ടെന്ന്… അവരിനി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞല്ലേ കാണുവുള്ളൂ…

ഓ അതു ശരിയാ ഞാനക്കാര്യം ഓര്‍ത്തില്ല. സൂസി അബദ്ധം പിണഞ്ഞ മട്ടില്‍ വായ് പൊത്തി ചിരിച്ചു.

അല്ലേലും നിനക്ക് പണ്ടേ വകതിരിവെന്ന് പറയുന്ന സാധനം ഇല്ലല്ലോ? തോമസ് കുറ്റപ്പെടുത്തി.

മുറിയില്‍ മനുവും നിമിഷയും തനിച്ചായി. നിമിഷ തല കുമ്പിട്ടു നില്ക്കുകയായിരുന്നു. അവരുടെ ഹൃദയങ്ങളില്‍ വിരഹത്തിന്‍റെ കാറ്റു വീശുന്നുണ്ടായിരുന്നു.

നിമിഷേ… മനു മുന്നോട്ടു ചെന്ന് അവളുടെ കരങ്ങളില്‍ സ്പര്‍ശിച്ചു. തീ പൊള്ളലേറ്റതുപോലെ നിമിഷ ഞെട്ടി ശിരസ്സുയര്‍ത്തി. അപ്പോള്‍ അവളുടെ കണ്‍കോണില്‍ ഒരു തുള്ളി നീര്‍ പൊടിഞ്ഞിരിക്കുന്നതായി മനു കണ്ടു.

ച്ഛേ എന്തായിത്… നിനക്കിത്ര ധൈര്യമൊക്കെയേയുള്ളോ… ഞാനെന്താ യൂറോപ്പിലേക്കോ ഗള്‍ഫിലേക്കോ പോകുവാണോ.. മൂന്നുനാലു മണിക്കൂര്‍ സമയമെടുത്താ എനിക്ക് വരാന്‍ പറ്റുന്ന ദൂരമല്ലേയുള്ളൂ.

ഉം നിമിഷ കണ്ണുതുടച്ചുകൊണ്ട് അവനെ നോക്കി ചിരിച്ചു.

സമയം കളയണ്ടാ. പപ്പ ധൃതി വയ്ക്കുന്നുണ്ടാവും.

എന്തായാലും അളിയനും മഞ്ജുവും വരണം. അളിയന്‍ സ്റ്റാന്‍ഡില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

മനുവിന്‍റെ മൂത്ത സഹോദരിയാണ് മഞ്ജു. ഭര്‍ത്താവ് ബെന്നിക്ക് കരിങ്കുന്നത്ത് പച്ചക്കറി കടയാണ്. അവര്‍ അവിടെയാണ് താമസിക്കുന്നതും.

പിന്നെ എന്‍റെ മുടിയൊക്കെ നരച്ചുതുടങ്ങി കേട്ടോ സന്ദര്‍ഭത്തിന് അയവു വരാന്‍ വേണ്ടി മനു പറഞ്ഞു.

ഇനീം വച്ചുതാമസിപ്പിക്കുന്നില്ല. അവധിക്ക് വരുമ്പോഴേ ഞാന്‍ വന്ന് നിന്‍റെ ഡാഡി രാജു എബ്രഹാമിനെ കണ്ട് പെണ്ണ് ചോദിക്കുന്നുണ്ട്. ഇപ്പോ ഒന്നുമല്ലെങ്കിലും ചായക്കടജോലിക്കാരന്‍റെ മകനെന്നോ വീട്ടില്‍ ഒരു ജോലീം ഇല്ലാതെ പിഎസ്സി പഠിച്ചോണ്ടിരിക്കുന്ന ചെറുപ്പക്കാരനെന്നോ ഉള്ള വിലാസമല്ലല്ലോ എനിക്കുള്ളത്, ശ്രീപത്മനാഭന്‍റെ ചക്രം വാങ്ങുന്ന ആളല്ലേ.

ഡാഡി സമ്മതിച്ചാ മതിയായിരുന്നു. അതേയുള്ളൂ എന്‍റെ പ്രാര്‍ത്ഥന. അതിന് വേണ്ടിയാണല്ലോ ഇത്രേം നാളും കാത്തിരുന്നത്. നിമിഷ നെടുവീര്‍പ്പെട്ടു.

സമ്മതിക്കും. എനിക്കുറപ്പ്. രാജുചേട്ടന് എന്നെ ഇനി അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. എല്ലാം നിന്‍റെ നല്ല മനസ്സിന് ദൈവം തരുന്ന അനുഗ്രഹങ്ങളാ. നീ മനസ്സില്‍ വിചാരിച്ചതുപോലെയൊക്കെ നടന്നില്ലേ. മുറ്റത്ത് ഒരു കാര്‍ വന്നുനില്ക്കുന്ന ശബ്ദം അവര്‍ക്കിടയില്‍ എത്തി.

അളിയനെത്തി. മനു പറഞ്ഞു.

മോനേ മനൂ…. വരാന്തയില്‍ നിന്ന് തോമസിന്‍റെ വിളിയെത്തി.

ഞാന്‍ റെഡിയാ പപ്പാ… മനു വിളിച്ചുപറഞ്ഞു. പിന്നെ അവന്‍ നിമിഷയെ പ്രണയപൂര്‍വ്വം നോക്കി.

പോകുന്നതിന് മുമ്പ് എനിക്കെന്തെങ്കിലും പ്രത്യേക സമ്മാനം വല്ലതും തരാനുണ്ടോ… കവിളില്‍ തൊട്ടുകൊണ്ടാണ് മനു ചോദിച്ചത്. അവന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥം അവള്‍ക്ക് മനസ്സിലായി.

അയ്യടാ… അതൊക്കെ ക ല്യാണം കഴിഞ്ഞ്… നിമിഷ ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി.

തിരുഹൃദയത്തിന്‍റെ രൂപത്തിന് മുമ്പില്‍ കത്തുന്ന മെഴുകുതിരികള്‍. അതിന് മുമ്പില്‍ മനുവും മറ്റുള്ളവരും കൈകള്‍ കൂപ്പി നിന്നു. നിശ്ശബ്ദമായ പ്രാര്‍ത്ഥനയായിരുന്നു എല്ലാവരുടേതും. പ്രാര്‍ത്ഥനയ്ക്കൊടുവില്‍ മനു മാതാപിതാക്കള്‍ക്ക് സ്തുതി നല്കി.

ബെന്നി ബാഗുമെടുത്ത് കാറിന്‍റെ സമീപത്തേക്ക് പോയി. മനു എല്ലാവരുടെയും മുഖങ്ങളിലേക്ക് നോക്കി; ഒടുവില്‍ നിമിഷയുടെയും. യാത്ര അയയ്ക്കും വിധം അവള്‍ തലയാട്ടി. മനു കാറിന് നേര്‍ക്ക് നടന്നു.

എത്രയോ വര്‍ഷത്തെ അവന്‍റെ അദ്ധ്വാനവും പ്രാര്‍ത്ഥനയുമാണ് ഇപ്പോള്‍ ഫലമണിഞ്ഞിരിക്കുന്നത്. പിജി പഠനത്തിന് ശേഷം ഒന്നുരണ്ടു ചെറിയ സ്ഥാപനങ്ങളില്‍ അവന്‍ ജോലി ചെയ്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ജീവിതം ഒരിടത്തും എത്തിച്ചേരുകയില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിമിഷ തന്നെയാണ് പറഞ്ഞത് അതൊക്കെ അവസാനിപ്പിച്ച് പിഎസ്സിക്ക് ശ്രമിക്കണമെന്ന്. എങ്കില്‍ മാത്രമേ ചെറുപ്പം മുതല്‍ക്കേ തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ജീവിതം കിട്ടുകയുള്ളൂവെന്ന് അവള്‍ക്കറിയാമായിരുന്നു. സാമ്പത്തികമായി ഒരുപാട് അന്തരമുണ്ടായിരുന്നു മനുവും നിമിഷയും തമ്മില്‍. തോമസ് കോട്ടയത്ത് ഒരു ഹോട്ടലിലെ ജോലിക്കാരനാണ്. നിമിഷയുടെ ഡാഡി രാജു എബ്രാഹമാകട്ടെ ആ നാട്ടിലെ തന്നെ മുന്‍നിരയിലുള്ള ഒരു പണക്കാരനും. മാത്രവുമല്ല നിമിഷ സ്വാശ്രയ കോളജില്‍ അധ്യാപികയുമാണ്. നിമിഷയുടെ ആ നിര്‍ദ്ദേശം മനു സ്വീകരിച്ചു. തോമസാകട്ടെ മറ്റൊന്നിനും അവനെ നിര്‍ബന്ധിച്ചതുമില്ല. അങ്ങനെ ഒന്നുരണ്ടു വര്‍ഷം പിഎസ്സി കോച്ചിംങും വീട്ടിലിരുന്നുള്ള പഠനവുമായി കഴിഞ്ഞതിന്‍റെ ഫലമാണ് മനുവിന് ലഭിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്. ഇക്കാലമത്രയും മനുവിന് പഠിക്കാനുള്ള കാശും വട്ടച്ചെലവിനുളള കാശും തന്‍റെ വീട്ടുകാരറിയാതെ നിമിഷയായിരുന്നു ചെലവാക്കിയത്. കാറിനുള്ളിലിരുന്ന് മനു എല്ലാവര്‍ക്കും നേരെ കൈവീശി. അവര്‍ തിരികെയും. കണ്‍മുമ്പില്‍ നിന്ന് കാര്‍ അകന്നുപോയി. തന്‍റെ ജീവിതത്തെ മുഴുവന്‍ വല്ലാത്തൊരു ശൂന്യത മൂടിയതായി അപ്പോള്‍ നിമിഷയ്ക്ക് തോന്നി. എല്ലാ ദിവസവും മനുവിനെ കാണുന്നുണ്ടായിരുന്നില്ലെന്നത് ശരി. പക്ഷേ ഒന്നോടിച്ചെന്നാല്‍ കാണാന്‍ കഴിയും വിധത്തില്‍ അവന്‍ കയ്യെത്തും ദൂരത്തുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതുമില്ല.

മോളേ… തോമസ് വിളിച്ചു.

പപ്പാ… നിമിഷ വിഷാദം കലര്‍ന്ന ചിരി ചിരിച്ചു.

നിന്നോട് എന്നതാ പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ വീടും മനൂം എല്ലാം നിന്നോട് കടപ്പെട്ടിരിക്കുവാ… അവനിന്ന് ഈ നിലേല്‍ എത്തിയതിന് കാരണം നീയാ. ഞാന്‍ ചെയ്യേണ്ടതെല്ലാം അവന് വേണ്ടി ചെയ്തത് നീയാ. നിന്‍റെ പ്രായത്തിലുള്ള പെമ്പിള്ളേരൊക്കെ കല്യാണം കഴിഞ്ഞ് രണ്ടും മൂന്നും പിള്ളേരുടേം അമ്മമാരുമായി. എന്നിട്ടും നീ എന്‍റെ മോനുവേണ്ടി കാത്തിരുന്നു. ഓട്ടക്കാലണ പോലെ ഇന്നലെ വരെ വിലയില്ലാതിരുന്ന എന്‍റെ മകനുവേണ്ടി.

പപ്പയെന്നതാ ഇങ്ങനെയൊക്കെ പറയുന്നെ… നിമിഷ സ്നേഹപൂര്‍വ്വം തോമസിനെ വിലക്കി.

പറയണം മോളേ… ഇത് നന്ദിയില്ലാത്തവരുടെ കാലമാ… അവിടെ നമ്മള് നന്ദി അര്‍ഹിക്കുന്നവരോട് നന്ദി പറയേണ്ടത് നമ്മുടെ സംസ്കാരമാ.

നന്ദി പറയാന്‍ നിമിഷ വെറുതെക്കാരിയൊന്നുമല്ലല്ലോ പപ്പാ… നമ്മുടെ വീട്ടിലെ കൊച്ചല്ലേ.. മഞ്ജു വാത്സല്യപൂര്‍വ്വം നിമിഷയെ തന്നോട് ചേര്‍ത്ത് അണച്ചുപിടിച്ചു.

ഒരു മാസത്തിനുള്ളില്‍ നമ്മള് ഇവളെ ഇങ്ങ് കൂട്ടിക്കൊണ്ടുവരില്ലേ, നമ്മുടെ മനൂന്‍റെ പെണ്ണായിട്ട്.

മഞ്ജു അതു പറഞ്ഞപ്പോള്‍ നിമിഷയുടെ മുഖത്ത് ലജ്ജ പരന്നു.

ഞാന്‍ പോവാ… അമ്മ തിരക്കുന്നുണ്ടാവും.

നിമിഷ വെസ്പയിലേക്ക് കയറി എല്ലാവരുടെയും നേരെ കൈകള്‍ വീശി.

നല്ല പെങ്കൊച്ച്… നമ്മുടെ ഭാഗ്യം. സ്കൂട്ടര്‍ അകന്നുപോയപ്പോള്‍ സൂസി ആത്മഗതം കണക്കെ ഉറക്കെ പറഞ്ഞു. മനുവിന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് പൊതുനിരത്തിലേക്ക് നിമിഷയുടെ വെസ്പ ഇറങ്ങിയതും മറ്റൊരു വഴിയില്‍ നിന്ന് കുറുകെയായി ഒരു പജേറോ അതിന് മുമ്പില്‍ വന്നു നിശ്ചലമായി. അപരിചിതമായ ആ വാഹനത്തിലേക്ക് നിമിഷ ആശങ്കയോടെയും ഭയപ്പാടോടെയും നോക്കി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org