Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 10

സ്നേഹസീമ – 10

Sathyadeepam

വിനായക് നിര്‍മ്മല്‍

ഞങ്ങള് പുതിയൊരു വീടു നോക്കുന്നുണ്ടായിരുന്നു… നിമിഷ മോള് ഞങ്ങടെ വീട്ടിലോട്ട് കയറി വരുമ്പോള്‍ ഇത്രയുമൊന്നും ഇല്ലെങ്കിലും…

രാജുവിന്‍റെ വീടിനെ ചൂണ്ടിക്കാണിച്ചു തോമസ് തുടര്‍ന്നു: “ഞങ്ങടെ ഇപ്പോഴത്തെ വീടിനേക്കാള്‍ നല്ലൊരു വീട് വേണമല്ലോ…”

തോമസ് ദീര്‍ഘനേരം പിടിച്ചുവച്ചിരുന്ന ശ്വാസം വിട്ടു.

ഓ അതാണോ… രാജു ചിരിച്ചു. ആ ചിരിയില്‍ മറ്റുള്ളവരും പങ്കുചേര്‍ന്നു.

അപ്പോ വീടിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകാനുണ്ട്. അല്ലാ, നോമ്പുവീടലിന് മുമ്പ് വീട് റെഡിയായാല്‍ കല്യാണം ഉടനെ നടത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തടസ്സമൊന്നുമില്ല… അല്ലേ…

തോമസ് തന്നെ പിന്തുണയ്ക്കാനായി മരുമകന്‍ ബെന്നിയെ നോക്കി.

അതെയതെ… ബെന്നി സമ്മതിച്ചു.

അത് നമുക്ക് എല്ലാവര്‍ക്കും കൂടി അന്വേഷിക്കാമെന്നേ… അതൊന്നും വലിയ കാര്യമൊന്നുമല്ല. തോമസ് വീടു നോക്കിക്കോ… ഞങ്ങളും നോക്കാം… റെഡിയായിക്കഴിഞ്ഞാ രജിസ്ട്രേഷന്‍റെ തീയതി നിശ്ചയിച്ചിട്ട് എന്നോട് പറഞ്ഞാ മതി. മോള്‍ടേം മനൂന്‍റേം പേര്‍ക്ക് നമുക്കത് രജിസ്റ്റര്‍ ചെയ്യാം. എന്താ…?

അയ്യോ അതൊന്നും വേണ്ട. മോന് എന്തായാലും അന്തസ്സുള്ള ഒരു ജോലിയുണ്ടല്ലോ. ഒരു വീടൊക്കെ അവന്‍ നോക്കിയാലും ഇപ്പോ ഉണ്ടാക്കാന്‍ പറ്റും. തോമസിന്‍റെ വാക്കുകളില്‍ ചെറിയൊരു അഹങ്കാരമുണ്ടായിരുന്നു.

ഇപ്പോത്തന്നെ അങ്ങനെയൊരു ജോലിയുള്ളതുകൊണ്ടാണല്ലോ നമ്മള് ഇവിടം വരെയെത്തിയതും. തോമസിന്‍റെ വാക്കുകളിലെ മുന രാജുവിനും മറ്റുള്ളവര്‍ക്കും മനസ്സിലായി.

ശ്രീപത്മനാഭന്‍റെ ചക്രമെന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ള യോഗം എനിക്കുണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല. അതും തിരുവനന്തപുരത്ത്… ഭരണസിരാകേന്ദ്രത്തില്… മന്ത്രിമാരൊക്കെയായി അവന് പരിചയോം ആയി… ഇപ്പോതന്നെ നമ്മുടെ തോണിക്കുഴീലെ സാബുവില്ലേ അവന്‍ വന്നേക്കുന്നു ഒരു ട്രാന്‍സ്ഫര്‍ റെഡിയാക്കിത്തരാമോയെന്ന് ചോദിച്ച്… ആളുകള്‍ക്കൊക്കെ ഇപ്പോ ഭയങ്കര ബഹുമാനമാ… എന്നോടു പോലും..

തോമസ് ഞെളിഞ്ഞിരുന്നു. സൂസി അയാളുടെ തുടയില്‍ ചെറുതായി നുള്ളി. ഏതു നേരവും തനിക്കാണ് വിവരമില്ലാത്തതെന്ന് പരിഹസിക്കാറുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ബെല്ലും ബ്രേക്കുമില്ലാതെ ഓരോന്ന് പറയുന്നത്. തോമസ് അതോടെ മിണ്ടാതിരിക്കുമെന്നാണ് സൂസി കരുതിയത്. പക്ഷേ അയാള്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ പ്രതികരിക്കുകയാണ് ചെയ്തത്.

എന്നതാടി ഇത്… വെറുതെ നുള്ളിക്കൊണ്ടിരിക്കുന്നത്… പറയാനുള്ള കാര്യങ്ങള് പിന്നെ പറയണ്ടായോ…?

സൂസി അതോടെ വിളറി വിയര്‍ത്തുപോയി. അവര്‍ വല്ലായ്മയോടെ ചുറ്റുമുള്ളവരെ നോക്കി. മനുവിന് ദേഷ്യം വന്നു. തോമസിനെയോ സൂസിയെയോ ഒന്നും പറയാന്‍ കഴിയാത്ത ബുദ്ധിമുട്ടില്‍ വാക്കുകള്‍ കടിച്ചമര്‍ത്തി അവന്‍ ഇരുന്നു.

…ങാ… വിഷയം മാറിപ്പോയി. അപ്പോ രാജുച്ചായന്‍ പറഞ്ഞതുപോലെതന്നെ കാര്യങ്ങള്… തോമസ് വീണ്ടും വിഷയത്തിലേക്ക് പ്രവേശിച്ചു.

പക്ഷേ രാജുവിന് പറഞ്ഞു വന്നതിന്‍റെ ഒഴുക്ക് നഷ്ടമായി. തോമസിന്‍റെ ഉള്ളിലെ അപകര്‍ഷത നിമിഷയുടെ ദാമ്പത്യജീവിതം അസ്വസ്ഥമാക്കുമോയെന്ന് പോലും അയാള്‍ സംശയിച്ചു. ചേരേണ്ടവര്‍ തമ്മില്‍ ചേരണം എന്ന് പറയുന്നത് എത്രയോ ശരി. കുടുംബത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ തലങ്ങള്‍ മുതല്‍ എല്ലാ അര്‍ത്ഥത്തിലും തുല്യതയുളളവര്‍ തമ്മിലാണ് ബന്ധുത്വം ഉണ്ടാകേണ്ടത്. സാമ്പത്തികം കുറഞ്ഞ ഒരാള്‍ സാമ്പത്തികമുള്ള ഒരാളുമായി ദാമ്പത്യബന്ധം സ്ഥാപിക്കുമ്പോള്‍ അവിടെ പലപ്പോഴും പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളും പൊരുത്തക്കേടുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപകര്‍ഷത തലപൊക്കുന്നതാണ് കാരണം. ജാതിയും മതവും സംസ്കാരവും വ്യത്യസ്തമായുള്ള വിവാഹബന്ധങ്ങള്‍ എതിര്‍ക്കപ്പെടുന്നതിന് ന്യായമായ വിശദീകരണങ്ങളുമുണ്ടെന്നും രാജുവിന് തോന്നി. മനസ്സമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതിയില്‍ ഏകദേശ ധാരണയോടെയാണ് അന്ന് അവര്‍ പിരിഞ്ഞത്.

വീട്ടിലെത്തിയപ്പോള്‍ മഞ്ജിമ ചോദിച്ചു. ചേട്ടായിക്ക് എന്നതാ പറ്റിയെ അവിടെ വച്ച്… വൗമിറ്റിംങ് ഉണ്ടായത്…

അത്… മനു ഉത്തരം പറയാതെ പരുങ്ങി.

എന്തായാലും മഹാ മോശമായി പോയി. മഞ്ജിമ അഭിപ്രായപ്പെട്ടു.

അത് നിനക്കറിയില്ലേടീ… മഞ്ജു അപ്പോള്‍ അവിടേയ്ക്ക് വന്നു.

ഇവന് അങ്ങനെയൊരു സൂക്കേടുണ്ട്. ഇഷ്ടമില്ലാത്ത മണമോ കാഴ്ചയോ കണ്ടാലുടനെ ഓക്കാനം വരും.

എത്രയിടത്ത് ഇങ്ങനെ പോയി നാണക്കേടുണ്ടാക്കിയിട്ടുണ്ടെന്നോ…

മഞ്ജു മനുവിനെ നോക്കി ഗൂഢമായി ചിരിച്ചു…

നീ പോടീ… മനു ദേഷ്യപ്പെട്ടു.

ശരിക്കും…? മഞ്ജിമ അതിശയിച്ചു.

അതൊരു അസുഖമാണോ? മനീഷ ചോദിച്ചു

ആര്‍ക്കറിയാം… മഞ്ജു കൈ മലര്‍ത്തി.

അളിയോ ബെന്നി മുറിയിലേക്ക് വന്നു.

കേട്ടിടത്തോളം അളിയന്‍റെ പ്രശ്നം സീരിയസാ… അളിയന്‍റെ അടുത്തു നില്ക്കാന്‍ എനിക്ക് തന്നെ ചില നേരത്ത് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എന്‍റെ വിയര്‍പ്പ് നാറ്റമോ വായ്നാറ്റമോ കാരണം അളിയന് ഛര്‍ദ്ദിക്കാന്‍ വരുമോയെന്ന്…

അതു പിന്നെ ആര്‍ക്കായാലും വരും. ഈ സിഗററ്റ് മുഴുവന്‍ വലിച്ചുകേറ്റിയിട്ട്… മഞ്ജു ബെന്നിയെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു.

ഇത് അതൊന്നുമല്ലെന്നേ… ആ ത്രേസ്യാമ്മ ചേടത്തീടെ മുറീ ചെന്നപ്പോ മനസ്സിന് പിടിക്കാത്തത് എന്തെങ്കിലും കണ്ടുകാണും… അതൊന്നും നമുക്കവിടെ വച്ച് പറയാന്‍ പറ്റില്ലല്ലോ. പിന്നെ ഒന്നും അറിയാത്ത മട്ടില്‍ ഇരുന്നന്നേയുള്ളൂ. സാരി മാറി വീട്ടുവേഷത്തിലെത്തിയ സൂസി പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ഇനി അളിയന്‍റെ ജീവിതം മുഴുവന്‍ ഛര്‍ദ്ദീം ഓക്കാനവുമായിരിക്കും… എന്തെല്ലാം കാണാനും അറിയാനും ഇരിക്കുന്നു. കൊച്ചിന്‍റെ തീട്ടോം മൂത്രോം ഉള്‍പ്പെടെ…

ബെന്നി ഗൂഢാര്‍ത്ഥത്തില്‍ പറഞ്ഞു ചിരിച്ചു.

മനുഷ്യരായ മനുഷ്യര്‍ക്കെല്ലാം ഇതൊക്കെയുണ്ട്. അധോവായു, വിയര്‍പ്പുനാറ്റം, വായ്നാറ്റം, ജലദോഷം വന്നാ മൂക്കൊലിപ്പ്… കഫം, ചുമ… അതൊക്കെ കണ്ട് ഇങ്ങനെ ഛര്‍ദ്ദി തുടങ്ങിയാ എന്നാ ചെയ്യാന്‍ പറ്റും. അതു കൊണ്ട് എനിക്ക് തോന്നുന്നത് അളിയനാദ്യം ഒരു മനഃശാസ്ത്രജ്ഞനെ ചെന്നുകാണണമെന്നാ… വീടു വാങ്ങലും പണിയിപ്പിക്കലും പിന്നെയായാലും കുഴപ്പമില്ല.

മനു ഞെട്ടലോടെ ബെന്നിയെ നോക്കി.

അളിയനെന്താ എന്നെ മനോരോഗിയാക്കുവാണോ?

എന്‍റെ അളിയാ ഇത്തിരിയൊക്കെ മനോരോഗമില്ലാത്ത ആരെങ്കിലുമുണ്ടോ…മുഡ് വ്യതിയാനം എന്ന് പറയുന്നതുതന്നെ ഈ മാനസികരോഗത്തിന്‍റെ ചെറിയൊരു പതിപ്പല്ലേ?

എടാ ബെന്നീ നീ വെറുതെ ആവശ്യമില്ലാത്തതൊന്നും പറഞ്ഞു നടക്കല്ലേ… തോമസിന് മരുമകന്‍ പറഞ്ഞത് തെല്ലും ഇഷ്ടമായില്ല. ആ സംസാരം അവിടെ അവസാനിച്ചു. തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഓഫീസില്‍ ഇരിക്കുമ്പോഴും മനുവിന്‍റെ മനസ്സ് ആ ചോദ്യത്തിന് പിന്നാലെയായിരുന്നു. അളിയന്‍ പറഞ്ഞതുപോലെ തനിക്ക് മനോരോഗമെന്തെങ്കിലും ഉണ്ടോ? അമിതമായ വൃത്തിയാണോ തന്‍റെ പ്രശ്നം? ദാമ്പത്യജീവിതത്തില്‍ ശുചിത്വം വേണം. പക്ഷേ അത് അമിതമായാല്‍… പെട്ടെന്ന് മനുവിന്‍റെ ഫോണ്‍ റിംങ് ചെയ്തു. നിമിഷയായിരുന്നു അങ്ങേത്തലയ്ക്കല്‍.

ക്ഷമിക്കണം സാറേ ഓഫീസ് ജോലിക്കിടയില്‍ വിളിച്ചതിന്…

എന്തെങ്കിലും അത്യാവശ്യം കാണുമെന്ന് അറിയാം. അതുകൊണ്ട് കുഴപ്പമില്ല.

കോളജില്‍ നിന്ന് ടൂര്‍ പോകുന്നു, ഞാന്‍ പോകുന്നില്ലാന്ന് തീരുമാനിച്ചിരിക്കുവായിരുന്നു. പെട്ടെന്നാ മെറീന മിസിന് ഒരു അസൗകര്യമുണ്ടായെ… അങ്ങനെയാ പകരം പോകേണ്ടി വന്നെ…ഇന്ന് പോകും. പെര്‍മിഷന്‍ ചോദിക്കാന്‍ വിളിച്ചതാ.

അതിന് താലിച്ചരട് കഴുത്തില്‍ വീണില്ലല്ലോ. പെര്‍മിഷന്… നിമിഷയെ ചൊടിപ്പിക്കാനായി മനു ചോദിച്ചു.

എങ്കില്‍ പെര്‍മിഷന്‍ ചോദിക്കുന്നില്ല, എന്നാല്‍ യാത്ര ചോദിക്കുവാ… ബൈ പിന്നെ കാണാം.

അയ്യോ പിണങ്ങല്ലേ… മനു പറയുന്നതിന് മുമ്പ് അങ്ങേത്തലയ്ക്കല്‍ കോള്‍ നിലച്ചു. അവന്‍ വീണ്ടും വിളിക്കാന്‍ ശ്രമിച്ചെങ്കിലും നോട്ട് റീച്ചബിള്‍ എന്ന സന്ദേശമാണ് കിട്ടിയത്.

ഓഫീസ് കഴിയട്ടെ പിന്നെ വിളിക്കാം. മനു തീരുമാനിച്ചു. അവന്‍ വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചു. രാത്രിയായപ്പോള്‍ മനുവിന് ഒരു ഫോണ്‍ വന്നു. തോമസിന്‍റേതായിരുന്നു ഫോണ്‍.

മോനേ നീ അറിഞ്ഞോ… തോമസിന്‍റെ സ്വരത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നു.

എന്നതാ പപ്പാ…?

നമ്മുടെ നിമിഷ മോള് ടൂറ് പോയ വണ്ടി അപകടത്തില്‍ പെട്ടു.

മനുവിന്‍റെ കയ്യില്‍ നിന്ന് മൊബൈല്‍ താഴെ വീണു ചിതറി.

(തുടരും)

Leave a Comment

*
*