|^| Home -> Novel -> Novel -> സ്നേഹസീമ – 11

സ്നേഹസീമ – 11

Sathyadeepam

വിനായക് നിര്‍മ്മല്‍

വെള്ളക്കുതിരകളെ പൂട്ടിയ രഥം. രഥം തെളിക്കുന്നത് മനുവാണ്. അവന്‍ വി വാഹവേഷത്തിലാണ്. വെള്ള സ്യൂട്ട്. പ്രണയത്തിന്‍റെ അടയാളമെന്നതുപോലെ നെഞ്ചില്‍ ഒരു റോസാപ്പൂവ്. വെള്ള ഗൗണും തൊപ്പിയും ധരിച്ച് നിമിഷ. അവളൊരു മാലാഖയെ അനുസ്മരിപ്പിച്ചു. അവള്‍ സ്വന്തം മുഖം കൈക്കുടന്നയില്‍ താങ്ങി മുകളിലേക്ക് നോക്കിയിരുന്നു. തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വെളുത്ത മേഘങ്ങള്‍. അവള്‍ മുഖമുയര്‍ത്തി ചിരിച്ചു.

പെട്ടെന്ന് എവിടെ നിന്നോ ഒരു വെടിശബ്ദം ഉയര്‍ന്നു. കുതിരകള്‍ പകച്ചു. അവ പരിഭ്രാന്തിയോടെ ഇടറി ഓടിത്തുടങ്ങി.

മനു പരിഭ്രമിച്ചു. അവന് കുതിരകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും വെടിയൊച്ച മുഴങ്ങി. കുതിരകളുടെ ഓട്ടത്തിന് വേഗം വര്‍ദ്ധിച്ചു. രഥത്തില്‍നിന്ന് നിമിഷയുടെ നിലവിളി ഉയര്‍ന്നു. കുതിരകള്‍ കിഴക്കാംതൂക്കായ ഒരു ചെരിവിലേക്ക് ഓടിയിറങ്ങി. രഥചക്രങ്ങള്‍ ചിതറിത്തെറിച്ചു. മനുവും നിമിഷയും രണ്ടിടങ്ങളിലേക്ക് തെറിച്ചുവീണു.

പാറക്കെട്ടുകള്‍ക്കിടയിലേക്ക് നിമിഷ ഉരുണ്ടുരുണ്ടുപോയി. നിമിഷയുടെ തൊണ്ടയില്‍ പൂര്‍ത്തിയാകാത്ത നിലവിളി കുടുങ്ങി കിടന്നു.

കണ്ട സ്വപ്നത്തിന്‍റെ നടുക്കത്തില്‍ നിമിഷയുടെ ദേഹം വിറച്ചു. മെഡിക്കല്‍ കോളജിന്‍റെ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ ശരീരമാസകലം ഘടിപ്പിച്ച വിവിധ ട്യൂബുകളും ഓക്സിജന്‍ മാസ്ക്കുമായി ശവംപോലെ നിമിഷ കിടന്നു.

ചില്ലുപാളികള്‍ക്കപ്പുറം ശരീരവും മനസ്സും ഒരുപോലെ തളര്‍ന്ന് മനു. രാജു, സൂസി.

നടന്നിട്ട് നടത്തം പൂര്‍ത്തിയാകാതെയും ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കാത്തതുപോലെയുമായിരുന്നു മനു. അവന്‍റെ ഉള്ളില്‍ നിലയ്ക്കാത്ത പ്രാര്‍ത്ഥനകള്‍.

ടൂറിന് പോകും വഴിക്കായിരുന്നു അപകടമുണ്ടായത്. എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ടൂറിസ്റ്റ് ബസ് അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനി മരണമടഞ്ഞു. നിമിഷയുള്‍പ്പടെ ആറു പേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. നിമിഷയ്ക്ക് ബോധം വന്നിട്ടില്ല. ബോധം തെളിഞ്ഞാല്‍ മാത്രമേ അടുത്തകാര്യം പറയാന്‍ കഴിയൂ.

ജീവിതം എത്ര പെട്ടെന്നാണ് മാറിമറിയുന്നതെന്നായിരുന്നു മനുവിന്‍റെ ചിന്ത. സന്തോഷങ്ങള്‍ക്കപ്പുറമെല്ലാം സങ്കടത്തിന്‍റെ നിഴല്‍ പരന്നു കിടക്കുന്നു. ഒരു നിശ്ചയവുമില്ല ഓരോന്നിനും എന്ന് പണ്ടൊരു മഹാകവി പാടിയത് എത്രയോ സത്യം. അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് നിശ്ചയമില്ലാത്ത വിധത്തില്‍ ജീവിതത്തിന്‍റെ മീതെ അനിശ്ചിതത്വം പരന്നുകിടക്കുന്നു.

ഒരു അപകടത്തിന് ശേഷം മറ്റൊരു അപകടം. രാജുവിന്‍റെ മനസ്സ് അത്തരമൊരു ചിന്തയിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. താന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നതേയുള്ളൂ. അപ്പോഴേയ്ക്കും തന്‍റെ പ്രിയ മകള്‍…

ദൈവമേ ഇതൊക്കെ കാണാനും കേള്‍ക്കാനുമായിട്ടാണോ താന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നത്. വേണ്ടിയിരുന്നില്ല ഈ രക്ഷപെടല്‍. എന്‍റെ ജീവനെടുത്തായാലും വേണ്ടില്ല എന്‍റെ മകള്‍ രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. രാജു മനസ്സുരുകിപ്രാര്‍ത്ഥിച്ചു.

അപ്പോള്‍ ഐസിയുവിന്‍റെ വാതില്‍ തുറന്ന് ഡോക്ടര്‍ പുറത്തേയ്ക്ക് വന്നു. രാജുവും മനുവും ഡോക്ടറുടെ അടുക്കലേക്ക് ഓടിച്ചെന്നു.

ബീ ഹോപ്പ്ഫുള്‍. നിമിഷ ചെറുതായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

ഡോക്ടര്‍ പറഞ്ഞു. സന്തോഷം കൊണ്ട് മനുവിന്‍റെ കണ്ണുകള്‍ നനഞ്ഞു.

താങ്ക്യൂ ഡോക്ടര്‍. രാജു ഡോക്ടറുടെ കരം കവര്‍ന്ന് നന്ദി അറിയിച്ചു.

എന്നോടെന്തിന് നന്ദി പറയണം, ഞാനെന്‍റെ ജോലി ചെയ്യുന്നു. ബാക്കിയുള്ളതെല്ലാം നിങ്ങളുടെ ഭാഗ്യം. അയാള്‍ തിടുക്കത്തില്‍ വരാന്തയിലൂടെ മുന്നോട്ടു നടന്നുപോയി.

ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടു. സൂസി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.

രാജു ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് തിരികെ ബെഞ്ചില്‍ ചെന്നിരുന്നു.

മനു അപ്പോഴും വരാന്തയില്‍ ഭിത്തിയില്‍ ചാരി നില്ക്കുകയായിരുന്നു. അവന്‍റെ നോട്ടം ഐസിയുവിന് നേര്‍ക്ക് തന്നെയായിരുന്നു. നിമിഷതന്നെ അവസാനമായി ഫോണ്‍ ചെയ്തതും സംസാരിച്ചതും അവന്‍റെ കാതുകളില്‍ നിന്ന് മാഞ്ഞിരുന്നില്ല. പ്രതിധ്വനി പോലെ അവളുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു. എങ്കില്‍ പെര്‍മിഷന്‍ ചോദിക്കുന്നില്ല, എന്നാല്‍ യാത്ര ചോദിക്കുവാ… ബൈ.

രാജു അവനെ സഹതാപത്തോടെ നോക്കി. എത്ര ദിവസമായി അവന്‍ തീ തിന്നുന്നു.

അവള്‍ യാത്ര ചോദിച്ചത് ഇതിനായിരുന്നോ… ഇങ്ങനെയായിരുന്നോ… മനുവിന്‍റെ മനസ്സ് തേങ്ങി. ഇനി എത്ര നാള്‍ കഴിഞ്ഞാലാണ് നിമിഷയ്ക്ക് പൂര്‍വ്വസ്ഥിതിയിലെത്താന്‍ കഴിയുക? അപകടത്തിന്‍റെ അനന്തരഫലങ്ങള്‍ അവള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുമോ? മനുവിന്‍റെ മനസ്സില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും ആശങ്കകളും നിറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ തക്ക കരുത്തൊന്നും മനുവിനില്ലെന്ന് അയാള്‍ക്ക് തോന്നി. ചെറിയ വെയിലേല്ക്കുമ്പോഴേ വാടിപ്പോകുന്ന പൂക്കള്‍ കണക്കെയാണ് അവന്‍റെ മനസ്സ്.

നീ ഇവിടെ വന്നിരിക്ക്. രാജു ക്ഷണിച്ചു.

മനു തെല്ലൊന്ന് പരിഭ്രമിച്ചു. അവന് ഇതുവരെയും അയാളോട് മാനസികമായ അടുപ്പം തോന്നിയിരുന്നില്ല. നിമിഷയെ സ്നേഹിച്ചുതുടങ്ങുമ്പോള്‍ മനസ്സില്‍ രാജുവിനോട് തോന്നിയിരുന്ന അകല്‍ച്ച, ബന്ധുത്വത്തിന്‍റെ അടുത്തഘട്ടമെത്തിയപ്പോഴും അതേപടി നിലനില്ക്കുന്നുണ്ടായിരുന്നു. നാട്ടിലെ ഒരു സമ്പന്നന്‍. അങ്ങനെയാണ് രാജുവിനെ മനു എപ്പോഴും വിലയിരുത്തിയിരുന്നത്. ഉള്ളിലെ അപകര്‍ഷത കൊണ്ട് തങ്ങള്‍ക്കിടയിലുള്ള അകലത്തെ ഭേദിക്കാന്‍ മനുവിന് സാധിച്ചിട്ടുമുണ്ടായിരുന്നില്ല. രാജു ക്ഷണിച്ചപ്പോള്‍ മടിച്ചുമടിച്ചാണെങ്കിലും മനു അയാളുടെ അരികില്‍ ചെന്നിരുന്നു.

രാജു ഒന്നും പറയാതെ തന്‍റെ കരം നീട്ടി മനുവിന്‍റെ തോളത്ത് വച്ചു. മനുവിന് അപ്പോള്‍ വല്ലായ്മയാണ് അനുഭവപ്പെട്ടത്. അപരിചിതനായ ഒരാള്‍ തന്‍റെ ദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന അതേ അസ്വസ്ഥത. വൃത്തികെട്ട ഏതോ വസ്തു അബദ്ധത്തില്‍ ശരീരത്തില്‍ വീണതുപോലെ… ഇഷ്ടമില്ലാത്തത് തൊണ്ടയില്‍ നിന്നിറക്കേണ്ടി വരുന്നതുപോലെ… മെഡിക്കല്‍ കോളജിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ട രംഗങ്ങളും മനുവിന്‍റെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. വൃത്തിഹീനമായ പരിസരങ്ങള്‍. രോഗത്തിന്‍റെ വിവിധ അവസ്ഥകള്‍. അപകടത്തില്‍ പെട്ട് കഴിയുന്നവരുടെ നിലവിളികള്‍. തറയില്‍ പോലും കിടന്നുറങ്ങുന്ന രോഗികള്‍. ആരെയും പ്രത്യേകമായി ഗൗനിക്കാതെ കടന്നുപോകുന്ന ഡോക്ടേഴ്സ്.

മെഡിക്കല്‍ കോളജില്‍ നിന്ന് നിമിഷയെ മാറ്റേണ്ടതുണ്ടെന്ന് മനുവിന് തോന്നി. തന്നെപോലെയുള്ള ഒരാള്‍ക്ക് ഇവിടെ നില്ക്കാന്‍ കഴിയുന്നില്ല. അപകടം നടന്നപ്പോള്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എത്തിച്ചത് മെഡിക്കല്‍ കോളജിലേക്കായിരുന്നു. അല്ലായിരുന്നുവെങ്കില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നടത്താമായിരുന്നു. മറ്റൊരു സ്ഥലത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ പറ്റുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞാല്‍ നിമിഷയെ ഇവിടെ നിന്ന് കൊണ്ടു പോകണമെന്ന് മനു തീരുമാനിച്ചു. അപ്പോഴാണ് അനൂപ് അവിടെയെത്തിയത്. അനൂപിനെ കണ്ടപ്പോള്‍ മനുവിന്‍റെ മുഖം ഒന്നുകൂടി അസ്വസ്ഥമായി.

അങ്കിള്‍… അനൂപിന്‍റെ മുഖത്ത് പ്രകടമായ വേദനയുണ്ടായിരുന്നു.

ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ലൊക്കേഷന്‍ ഹണ്ടിന് വേണ്ടി സിംഗപ്പൂര് വരെ പോയതായിരുന്നു. പുതിയ സിനിമയുടെ ലൊക്കേഷന്‍ മുഴുവന്‍ വിദേശത്താ… അവിടെ വച്ചാ വിവരമറിഞ്ഞെ. അപ്പോ തന്നെ ബാക്കിയുള്ള പരിപാടികളെല്ലാം കാന്‍സല്‍ ചെയ്ത് പോരുകയായിരുന്നു.

രാജു തല കുലുക്കി. അനൂപിന്‍റെ വാക്കുകളില്‍ അയാള്‍ക്ക് ആത്മാര്‍ത്ഥത അനുഭവപ്പെട്ടില്ല. പുറമേയ്ക്ക് സങ്കടം ഭാവിക്കുമ്പോഴും അയാള്‍ ഉള്ളില്‍ സന്തോഷിക്കുകയാണോയെന്ന് രാജു സംശയിച്ചു. തനിക്ക് ലഭിക്കാതെ പോയത് ആര്‍ക്കും ലഭിക്കരുതെന്ന സ്വാര്‍ത്ഥത കലര്‍ന്ന സന്തോഷം. അല്ലെങ്കില്‍ എത്ര പേരുണ്ടാവും മറ്റൊരാളുടെ സങ്കടങ്ങളിലും വേദനകളിലും രോഗങ്ങളിലും ആത്മാര്‍ത്ഥമായി സഹതപിക്കുകയും പങ്കുകൊള്ളുകയും ചെയ്യുന്നവരായിട്ട്? എല്ലാം വെറും പ്രകടനങ്ങള്‍… നിനക്ക് സംഭവിച്ച ദുരന്തം എനിക്ക് സംഭവിക്കാതെ പോയല്ലോ എന്നതില്‍ രഹസ്യമായി സന്തോഷിക്കുന്നവര്‍.

മനൂ, കണ്ടോളന്‍സ്…

അനൂപ് മനുവിന്‍റെ തോളത്ത് കൈകള്‍ വച്ചു.

കണ്ടോളന്‍സ്? മനു ചോദ്യഭാവത്തില്‍ അനൂപിനെ നോക്കി.

ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ അനൂപ് വിശദീകരിക്കാന്‍ ശ്രമിച്ചു.

അല്ല, എനിക്ക് വിഷമമുണ്ട്. നിമിഷയ്ക്ക്… നിമിഷയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍… ഞാന്‍ പ്രാര്‍ത്ഥിക്കും, ഞാന്‍ പ്രാര്‍ത്ഥിക്കും…

അനൂപിന് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതില്‍ ഇടര്‍ച്ചയുള്ളതുപോലെ രാജുവിനും മനുവിനും തോന്നി. അനൂപിന്‍റെ സങ്കടം ആത്മാര്‍ത്ഥമായി തന്നെയുള്ളതാണോ… രാജു ആദ്യമായി സംശയിച്ചു. അഭിനയങ്ങളുടെ ലോകത്ത് സത്യസന്ധമായ ചിരി പോലും തിരിച്ചറിയാന്‍ വിഷമമാണ്.

അല്ല, ഇപ്പോ നിമിഷയ്ക്ക് എങ്ങനെയുണ്ട്… ഡോക്ടറെന്തു പറഞ്ഞു.

റെസ്പോണ്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.. മനു അറിയിച്ചു.

താങ്ക് ഗോഡ്… അനൂപ് കൈകള്‍ കൂപ്പി മുകളിലേക്ക് മുഖമുയര്‍ത്തി.

അങ്കിള്‍, ആന്‍റീ നിങ്ങള് വീട്ടിലോട്ട് പൊയ്ക്കോ… പോയി റെസ്റ്റെടുക്ക്.. എത്ര ദിവസമായി ഇവിടെയിങ്ങനെ നില്ക്കുന്നു. അങ്കിളിന് സ്ട്രെയ്ന്‍ എടുക്കാന്‍ പറ്റുന്ന സമയമല്ല ഇത്… ഞാനിവിടെ മാനേജ് ചെയ്തോളാം. അല്ലെങ്കിലും ഐസിയുവില്‍ കിടക്കുന്ന ആള്‍ക്ക് വേണ്ടി പുറത്തുനില്ക്കുന്ന ആള്‍ അധികമായിട്ട് എന്തു ചെയ്യാനാ ഉള്ളെ? മനൂ, ഞാന്‍ നിന്നോടുംകൂടിയാ പറയുന്നത്… നീയെത്ര ദിവസമാ ഇവിടെയിങ്ങനെ അവധിയെടുത്ത് നില്ക്കുന്നെ..

ഞാനും പറഞ്ഞതാ മോനേ അങ്കിളിനോട്… സൂസി അപ്പോള്‍ പ്രതികരിച്ചു.

വീട്ടിലോട്ട് പൊയ്ക്കോ ഇവിടെ നില്ക്കണ്ടാ എന്ന്. പക്ഷേ സമ്മതിക്കണ്ടേ?

എന്‍റെ മോള്‍ ഇവിടെ ഇങ്ങനെ കിടക്കുമ്പോ ഞാന്‍ വീട്ടില്‍ പോയി സുഖിക്കാനോ… രാജു ദേഷ്യപ്പെട്ടു.

സുഖിക്കുന്ന കാര്യമല്ലല്ലോ അങ്കിള്‍ പറഞ്ഞെ. ചില കാര്യങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്ക്കുന്നവയല്ല. ചിലയിടങ്ങളില്‍ നാം പ്രാക്ടിക്കലുമാകണം. അല്ലേ, അങ്ങനെയല്ലേ മനൂ. അനൂപിന്‍റെ ചോദ്യത്തോട് മനു പ്രതികരിച്ചില്ല.

എനിവേ അതു നിങ്ങളുടെ ഇഷ്ടം. പിന്നെ അങ്കിള്‍, ഡോക്ടറെ പേഴ്സണലായി ചെന്നു കാണണം. എന്തു പറയന്നുവെന്നറിയണം. നമുക്ക് ഈ ലോകത്തിലുള്ള ഏത് ഹോസ്പിറ്റലിലും നിമിഷയെ കൊണ്ടുപോയി ചികിത്സിക്കാം. അതിനുള്ള എല്ലാ ഏര്‍പ്പാടും ഞാന്‍ ചെയ്തോളാം, നമുക്ക് നമ്മുടെ നിമിഷയെ ജീവനോടെ കിട്ടിയാല്‍ മാത്രം മതി.

അനൂപ് പെട്ടെന്ന് തിരിഞ്ഞു നടന്നു. ഒരാഴ്ചകൂടി കടന്നുപോയി. ഒരു ദിവസം ഡോക്ടര്‍ രാജുവിനെയും മനുവിനെയും അടുക്കലേക്ക് വിളിപ്പിച്ചു.

നിമിഷയ്ക്ക് ബോധം തെളിഞ്ഞു.

മനുവിന്‍റെയും രാജുവിന്‍റെയും കണ്ണ് സന്തോഷത്താല്‍ നിറഞ്ഞു.

ഓര്‍മ്മയ്ക്കും കുറവില്ല. ബട്ട്

മനുവിന്‍റെയും രാജുവിന്‍റെയും മുഖത്ത് ആകാംക്ഷ പെരുകി.

സ്പൈനല്‍ കോഡിനാണ് ഇന്‍ച്യൂറി. സോ… നിമിഷയ്ക്ക് ഇനിയൊരിക്കലും പഴയതുപോലെ എണീറ്റ് നടക്കാനാവില്ല.

(തുടരും)

Leave a Comment

*
*