സ്നേഹസീമ – 12

സ്നേഹസീമ – 12

വിനായക് നിര്‍മ്മല്‍

തിരശ്ശീല ഉയര്‍ന്നു. വേദിയില്‍ നൃത്തവേഷത്തില്‍ നിമിഷ. സദസ് മുഴുവന്‍ ആ ഹ്ലാദത്തോടെ കയ്യടിച്ചു. നിമിഷയുടെ ചുവടുകള്‍ ചലിച്ചുതുടങ്ങി. അതിമനോഹരമായ നൃത്തം. പെട്ടെന്നാണ് അത് സംഭവിച്ചത് നൃത്തച്ചുവടുകളുമായി വേദിയെ സമ്പന്നമാക്കുകയും സദസ്സിനെ ഹര്‍ഷപുളകിതരാക്കുകയും ചെയ്ത നിമിഷയുടെ കാലുകള്‍ തെറിച്ചുപോയി. അവളുടേത് പൊയ്ക്കാല്‍ നൃത്തമായിരുന്നുവെന്ന് അപ്പോഴാണ് സദസ്സ് അറിഞ്ഞത്. സദസ്സ് അമ്പരപ്പോടെ ഇരിപ്പിടം വിട്ടെണീറ്റു. തെറിച്ചുപോയ കാലുകള്‍ പിടിക്കാന്‍ ഭാവത്തില്‍ കൈകള്‍ നീട്ടി കരഞ്ഞുകൊണ്ട് നിമിഷ ഇരുന്നു. പെട്ടെന്ന് സ്വപ്നത്തില്‍ നിന്ന് നിമിഷ ഞെട്ടിയുണര്‍ന്നു. താന്‍ എവിടെയാണെന്ന് അവള്‍ക്ക് ഓര്‍മ്മിച്ചെടുക്കാനായില്ല. മഞ്ഞുവീണ ഏതോ താഴ്വരയില്‍ അകപ്പെട്ടതുപോലെയായിരുന്നു നിമിഷ. താന്‍ ഇപ്പോള്‍ പലപ്പോഴും ദുഃസ്വപ്നങ്ങളുടെ തടവറയിലാണെന്ന് അവള്‍ക്ക് തോന്നി. ചില നേരം ഭീകരരൂപികള്‍ വന്ന് തനിക്കു ചുറ്റും നൃത്തം വയ്ക്കും. മറ്റ് ചിലപ്പോള്‍ ആര്‍ത്തട്ടഹസിക്കും. ഉറക്കത്തിന്‍റെ ആഴങ്ങളില്‍ പെട്ട തന്നെ വിളിച്ചുണര്‍ത്താനെന്നോണമാണ് ആ സ്വപ്നങ്ങള്‍ ചില നേരങ്ങളില്‍ അവള്‍ക്ക് അനുഭവപ്പെട്ടിരുന്നത്. ഗാഢമായ ഉറക്കത്തിലായിരുന്നപ്പോഴാണ് ഓരോരോ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നിരുന്നത്. വീണ്ടും മയക്കത്തിലേക്ക്… എത്ര ദിവസമായി താന്‍ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട്. നിമിഷ കണ്ണുകള്‍ തുറന്ന് ചുറ്റുപാടും നോക്കി. ഇപ്പോള്‍ കാഴ്ചകള്‍ക്ക് തെളിച്ചം വന്നു. കണ്ണിലെ മഞ്ഞുപാട അകന്നുമാറിയപ്പോള്‍ അവള്‍ കണ്ടു, പപ്പ… മമ്മി… നിമിഷ ഇനിയും ആരെയോ കാണാനുണ്ടല്ലോയെന്ന് ഭാവിച്ച് ചുറ്റും നോക്കി. ആരെയും കണ്ടില്ല.

മോളേ… രാജു തൊണ്ട ഇടറി വിളിച്ചു.

പപ്പാ… നിമിഷയുടെ ചുണ്ടുകള്‍ ശബ്ദിച്ചു. അപ്പോള്‍ അവളുടെ കണ്ണുകള്‍ ഇരുവശങ്ങളിലൂടെയും ചാലുകീറി ഒഴുകി.

എന്‍റെ മോള്‍ എന്നാത്തിനാ കരയുന്നേ? നെഞ്ചു പൊടിയുന്ന വേദനയില്‍ അങ്ങനെ ചോദിച്ചുകൊണ്ട് രാജു അവളുടെ കണ്ണ് തുടച്ചുകൊടുത്തു. അയാള്‍ ജീവനോടെ കത്തിയുരുകുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അത്രമേല്‍ ആഘാതമായിരുന്നു അയാള്‍ക്ക് സമ്മാനിച്ചിരുന്നത്. സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയവര്‍ പഴയതുപോലെ ജീവിതത്തിലേക്ക് തിരികെ വന്നതായി കേട്ടിട്ടില്ല. അപ്പോള്‍… നിമിഷയുടെ ജീവിതം ഇനിയെന്നും കിടക്കയില്‍. ഹൃദയാഘാതം മൂലം താന്‍ മരിച്ചുപോകാത്തതില്‍ അയാള്‍ക്ക് ഇപ്പോഴാണ് ആദ്യമായി നഷ്ടബോധം തോന്നിയത്. തന്‍റെ ജീവിതം ഇനിയും വലിച്ചൂനീട്ടിയത് ഇതൊക്കെ കാണാനും കേള്‍ക്കാനുമായിട്ടായിരുന്നോ… അയാള്‍ തന്നോടുതന്നെ ചോദിച്ചു.

മനു… നിമിഷ പ്രതീക്ഷയോടെ ചോദിച്ചു.

അവന്‍… സൂസി എന്തെങ്കിലും പറയുന്നതിന് മുമ്പു രാജു ഇടയ്ക്ക് കയറി.

അവന്‍ ഇത്രേം ദിവസോം ഇവിടെയുണ്ടായിരുന്നു മോളേ… നിനക്ക് ബോധം തെളിഞ്ഞുവെന്നറിഞ്ഞപ്പോഴാ ഇവിടന്ന് പോയെ… സര്‍ക്കാര്‍ കാര്യമല്ലേ… എത്ര ദിവസമാ അവധിയെടുത്ത് ഇവിടെ നില്ക്കുന്നെ… എന്നാലും ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കും…

ഉം… നിമിഷ മൂളി

എനിക്ക്… എനിക്ക് ശരി ക്കും എന്നതാ പറ്റിയെ… നിമിഷ ചോദിച്ചു. രാജുവിന് ഉത്തരം കിട്ടിയില്ല.

അവള്‍ ഉത്തരം പ്രതീക്ഷിച്ചിരുന്നുമില്ല. നിമിഷയുടെ ഓര്‍മ്മയിലേക്ക് ആടൂര്‍ യാത്ര തികട്ടിവന്നു. മെറീന മിസ്സിന് പകരക്കാരിയായിട്ടാണു താന്‍ ടൂറിന് പോയത്… യാത്ര ആരംഭിച്ചിട്ട് ഏതാനും മണിക്കൂറുകളേ ആയിട്ടുണ്ടായിരുന്നുള്ളൂ… കുട്ടികള്‍ എല്ലാവരും അതിന്‍റെ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു. വണ്ടിക്കുള്ളില്‍ പാട്ടും ഡാന്‍സും. അതിനിടയിലാണ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാനായി തങ്ങളുടെ ബസ് റോഡരികിലേക്ക് നീക്കിനിര്‍ത്തിയത്… പിന്നെ റോഡ് ഇടിഞ്ഞ് ബസ് പലവട്ടം മറിഞ്ഞ് മറിഞ്ഞ്… വണ്ടിക്കുള്ളില്‍ നിന്നുയര്‍ന്ന കൂട്ട നിലവിളികള്‍ ഇപ്പോഴും കാതുകളില്‍ പ്രതിദ്ധ്വനിക്കുന്നതുപോലെ… താന്‍ രക്ഷപ്പെട്ടതാണ് അത്ഭുതം. ജീവനോടെയിരിക്കുന്നതാണ് അതിശയം. ഇനി ഈ ലോകം കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നതേയല്ല.

പക്ഷേ താന്‍ ജീവിച്ചിരിക്കുന്നു. നിമിഷ ദീര്‍ഘമായി നിശ്വസിച്ചു. അവള്‍ കൈകള്‍ അനക്കാന്‍ ശ്രമിച്ചു. ഒരു കൈ കൊണ്ട് അവള്‍ തന്‍റെ ഉടലിനെ തൊട്ടുനോക്കി. ജീവന്‍റെ അടയാളം എല്ലായിടത്തും ഉള്ളതുപോലെ അവള്‍ക്കനുഭവപ്പെട്ടു. അവളുടെ കൈകള്‍ ഉദരത്തിന് താഴേയ്ക്ക് ഇഴഞ്ഞു. പക്ഷേ അത് നിര്‍ജ്ജീവമായതുപോലെയാണ് അവള്‍ക്ക് തോന്നിയത്. എന്തോ മരവിച്ചിരിക്കുന്നതുപോലെ..

അവളുടെ മുഖത്ത് ആശങ്കകള്‍ പെരുകി.

പപ്പാ ശരിക്കും എന്നതാ എനിക്ക് സംഭവിച്ചേ…? അവള്‍ വീണ്ടും ചോദിച്ചു.

എത്ര ദിവസമായി ഞാനിവിടെ കിടക്കാന്‍ തുടങ്ങീട്ട്? എനിക്കെന്നാ ഇവിടന്ന് പോകാന്‍ കഴിയുന്നേ?

രാജു പെട്ടെന്ന് പൊട്ടിക്കരഞ്ഞുപോയി. അടക്കിനിര്‍ത്താന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ പോയ സങ്കടത്തിന്‍റെ വന്‍കടലുകള്‍. കണ്ണീരിന്‍റെ ആ കടലിലേക്ക് നിമിഷ അന്തിച്ചുനോക്കി കിടന്നു. തന്‍റെ സ്വപ്നങ്ങള്‍ കടലെടുത്തുപോയിരിക്കുന്നുവെന്ന് ഞെട്ടലോടെ നിമിഷ അറിഞ്ഞു.

****************

എന്‍റെ കര്‍ത്താവേ ഞാനിതെങ്ങനെ സഹിക്കും? എന്‍റെ കുഞ്ഞിനോട് നീയെന്നാ ചതിയാ ഇക്കാണിച്ചേ? കട്ടിലില്‍ കിടന്ന് ത്രേസ്യാമ്മ ഉറക്കെ നിലവിളിച്ചു.

നിമിഷയെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച ദിവസമായിരുന്നു അന്ന്. വിലാപം വിഴുങ്ങിയ വീട്… മരണ വീടുപോലെ… ഒരുപ ക്ഷേ മരണവീട്ടിലെ സങ്കടങ്ങളും പതം പറച്ചിലുകളും ശവസംസ്കാരം കഴിയുംവരെ മാത്രമേ പഴയതുപോലെയുള്ള തീവ്രതയിലും തീക്ഷ്ണതയിലും നിലനില്ക്കുകയുള്ളൂ. പക്ഷേ ഇത് സംസ്കരിക്കാത്ത ഒരു ശവം വീട്ടില്‍ സൂക്ഷിക്കുന്നതുപോലെയാണ്… നിമിഷ മരണം വഴി കളമൊഴിഞ്ഞുപോയവളല്ല. സ്വപ്നങ്ങളും ഭാവിയും ജീവിതവും നഷ്ടമായി കിടക്കയില്‍ ജീവനോടെ കഴിയേണ്ടിവരുന്നവളാണ്. മരണംവരെ ഇനിയെന്നും നിമിഷ ഈ വിധമായിരിക്കും. ശയ്യാവലംബിയായി… എണീറ്റ് നടക്കാന്‍ ത്രാണിയില്ലാത്തവളായിട്ട്… ഈ വീടിന്‍റെ സങ്കടം ഒരിക്കലും അവസാനിക്കുകയില്ല. ഈ വീട്ടിലെ വിലാപം ഒരിക്കലും നിലയ്ക്കുകയുമില്ല. കല്യാണവീടാകേണ്ടിയിരുന്ന വീട്… സന്തോഷങ്ങളും ആനന്ദങ്ങളും നിറയേണ്ടിയിരുന്ന വീട്. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. പക്ഷേ അന്തിമ തീരുമാനം കര്‍ത്താവിന്‍റേതത്രെ എന്ന് പറയുന്നതു എത്രയോ ശരി. നോമ്പുകാലം കഴിഞ്ഞുപോയി. ഓശാനയും പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററും കടന്നുപോയി. പക്ഷേ ഉയിര്‍പ്പിന്‍റെ സന്തോഷമില്ലാതെ ഈ വീടു മാത്രം ദുഃഖവെളളിയുടെ സങ്കടങ്ങളില്‍ തനിച്ചായിരിക്കുന്നു.

ഒടേ തമ്പുരാനേ നിനക്ക് ഇത്രയ്ക്കും കണ്ണീച്ചോരയില്ലാതെ പോയല്ലോ. എന്‍റെ മോളെ ഇങ്ങനെ ഈ കിടപ്പുകിടത്തിയിട്ട് നീയെന്നതാ നേടിയെ? ത്രേസ്യാമ്മ ദൈവത്തെ വിചാരണ ചെയ്യുകയായിരുന്നു.

അമ്മച്ചിയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ… ബെഞ്ചമിന്‍ ശാസിച്ചു.

നീ പോടാ… ത്രേസ്യാമ്മ അതേ ഈണത്തില്‍ തിരിച്ചടിച്ചു.

ഞാന്‍ പിന്നെ എന്‍റെ സങ്കടങ്ങളൊക്കെ ആരോടു പറയുമെടാ…?

ബെഞ്ചമിന് അതിന് ഉത്തരമുണ്ടായിരുന്നില്ല. എന്‍റെ പരാതികള്‍ ഞാന്‍ ഉറക്കെ വിളിച്ചുപറയും എന്ന് ബൈബിളിലെ ഏതോ താളുകളില്‍ നിന്ന് ആരുടെയോ ഗദ്ഗദം ഉയര്‍ന്നതുപോലെ അവന് തോന്നി. ചില സങ്കടങ്ങള്‍ക്ക് മുമ്പില്‍ എല്ലാവരും ദൈവത്തെ ചോദ്യം ചെയ്യും. ചില ചോദ്യം ചെയ്യലുകള്‍ ദൈവത്തോടുള്ള അടുപ്പം കൊണ്ട്… മറ്റ് ചിലത് ദൈവത്തോടുള്ള വിദ്വേഷം കൊണ്ട്… ചിലത് സങ്കടം കടിച്ചമര്‍ത്തിയ വേദനയില്‍ നിന്ന്… മറ്റ് ചിലത് രോഷത്തില്‍ നിന്നുയര്‍ന്ന വെറുപ്പില്‍ നിന്ന്. തങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ട കടമ ദൈവത്തിനുണ്ടെന്ന് മനുഷ്യന്‍ വിചാരിക്കുന്നുണ്ടാവാം. അതുകൊണ്ടാണല്ലോ ഓരോന്നും പറഞ്ഞ് ദൈവത്തെ മനുഷ്യന്‍ തന്‍റെ നിസ്സാരതയില്‍ നിന്ന് പ്രതിക്കൂട്ടിലാക്കുന്നത്. ത്രേസ്യാമ്മ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.

സ്ട്രെച്ചറില്‍നിന്ന് നിമിഷയെ കൈത്തണ്ടയില്‍ കോരിയെടുത്ത് കിടക്കയിലേക്ക് കിടത്തിയത് ബെന്നിയായിരുന്നു. ത്രേസ്യാമ്മയുടെ മുറിയുടെ മുമ്പിലൂടെ കടന്നുപോകുമ്പോള്‍ വല്യമ്മച്ചിയുടെ നിലവിളിയൊക്കെയും നിമിഷ കേള്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ ദുരന്തം ആ വൃദ്ധഹൃദയത്തെ എത്രമേല്‍ ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. നിമിഷയെ കിടക്കയില്‍ കിടത്തിയിട്ട് അവളെ നോക്കി ബെന്നി ചിരിച്ചു. പകരം ചിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു നിമിഷ.

മോളേ… ബെന്നി അവളുടെ കിടക്കയ്ക്കരികില്‍ ഇരുന്ന് വിളിച്ചു.

ബീ സ്ട്രോങ്… നിമിഷയുടെ ശിരസ്സ് തലോടിക്കൊണ്ട് ബെന്നി പറഞ്ഞു.

നീയിങ്ങനെ വിഷമിക്കരുത്.

ഉം… നിമിഷ വിഷാദത്തോടെ ചിരിച്ചു.

ബെന്നി പാപ്പന്‍ പൊയ്ക്കോ… ഞാനൊന്നുറങ്ങിക്കോട്ടെ… നിമിഷ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാവാതിരുന്നിട്ടും ബെന്നി കിടക്കയില്‍ നിന്നെണീറ്റു. അയാളുടെ മുഖത്ത് എന്തിനോ വല്ലായ്മയുണ്ടായിരുന്നു.

ബെന്നി മുറിയുടെ വെളിയിലേക്കെത്തിയപ്പോള്‍ പിന്നില്‍ നിന്ന് നിമിഷയുടെ സ്വരം കേട്ടു.

പാപ്പന്‍ ആ ജനാലകൂടി അടച്ചേക്ക്… നിമിഷയുടെ കട്ടിലിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന ജനാലയുണ്ടായിരുന്നു. ബെന്നി വലതുചുമലിലൂടെ മുഖംതിരിച്ച് നിമിഷയെ നോക്കി. അയാളുടെ നോട്ടം കാണാതെ അപ്പോള്‍ നിമിഷ കണ്ണടച്ചു കിടന്നു. ബെന്നി തിരികെ വന്ന് ജനാലയടച്ചു. ബെന്നി മുറിയ്ക്ക് പുറത്തേയ്ക്കെത്തിയപ്പോള്‍ നിമിഷ കണ്ണുതുറന്നു. മുറിയില്‍ ഇരുട്ടുനിറഞ്ഞിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. ഇരുട്ടു നിറഞ്ഞ മുറിയില്‍ നിമിഷയുടെ കണ്ണുകള്‍ രണ്ടു നക്ഷത്രം പോലെ തിളങ്ങിക്കൊണ്ടിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org