Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 13

സ്നേഹസീമ – 13

Sathyadeepam

വിനായക് നിര്‍മ്മല്‍

കോളജിലെ പ്രിന്‍സി പ്പല്‍ സിസ്റ്ററും വിദ്യാര്‍ത്ഥിനികളും അധ്യാപകരും തന്‍റെ കിടക്കയ്ക്ക് ചുറ്റും തന്നെ നോക്കി നില്ക്കുന്നതു കണ്ടപ്പോള്‍ ആ കാഴ്ചയും നോട്ടവും കാണാനാവാതെ നിമിഷ കണ്ണടച്ചു കളഞ്ഞു. കാഴ്ചബംഗ്ലാവിലെ അഴിക്കൂട്ടിലെ ഒരു വിചിത്രജന്തുവാണ് താനെന്ന് അവള്‍ക്ക് അപ്പോള്‍ തോന്നി. എല്ലാവരും തന്നെ നോക്കിനില്ക്കുന്നു. പുതിയൊരു നോട്ടം… പുതിയൊരു ഭാവം… ആ നോട്ടത്തില്‍ സഹതാപമുണ്ട്… ഇതുപോലെയുള്ള അവസ്ഥയില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടതിലുള്ള സന്തോഷമുണ്ട്.

അവരില്‍ ചിലര്‍ ദൈവത്തോട് നന്ദി പോലും പറയുന്നുണ്ടാവും. നമ്മുടെ ആത്മീയതയുടെയെല്ലാം ഒരു തലം അങ്ങനെയാണല്ലോ. ഒരു ബസിന് കൈ കാണിക്കു ന്നു. പക്ഷേ അത് നിര്‍ത്താതെ പോകുന്നു. സ്വഭാവികമായും ദേഷ്യവും നീരസവും തോന്നും. ഏതാനും നിമിഷം കഴിയുമ്പോള്‍ അറിയുന്നു, ആ ബസ് അപകടത്തില്‍ പെട്ടുവെന്നും അതിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചുവെന്നും. അപ്പോള്‍ പ്രെയ്സ് ദ ലോര്‍ഡ് പറയുന്നു. ദൈവത്തിന്‍റെ കരം തന്നെ താങ്ങിയതിനെക്കുറിച്ച് അത്ഭുതപ്പെടുന്നു. ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്നുപാടുന്നു. മരണത്തില്‍ നിന്ന് തന്നെ മാത്രം രക്ഷിച്ച ദൈവത്തെക്കുറിച്ച് പ്രസംഗിക്കുന്നു, ലേഖനങ്ങള്‍ എഴുതുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ആത്മീയതയാണോ… താന്‍ മാത്രം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് ദൈവത്തിന്‍റെ പ്രത്യേകമായ കരുതലായും അപകടത്തില്‍ പെട്ട് മരിക്കുകയോ ഗുരുതരമായ പരിക്കു പറ്റുകയോ ചെയ്തവരെയെല്ലാം ദൈവം കൈവിട്ടുവെന്ന് വിചാരിക്കുന്നതും ശരിയാണോ?

പക്ഷേ എന്തു ചെയ്യാം; എല്ലാവരും അങ്ങനെതന്നെയാണ്. നിമിഷ സ്വയം വിലയിരുത്തുകയായിരുന്നു. അപകടത്തില്‍ നിന്ന് പരിക്കുകള്‍പോലും ഇല്ലാതെ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ താന്‍ വിചാരിക്കുന്നതും അതുപോലെ തന്നെയാകുമായിരുന്നു. താനും ദൈവത്തോട് നന്ദി പറയുമായിരുന്നു. ദൈവമേ നീയെന്നെ മാരകമായ അപകടത്തില്‍ നിന്ന് രക്ഷിച്ചിരിക്കുന്നുവല്ലോ.

പക്ഷേ ഇപ്പോള്‍… ദൈവം തന്നെ ചീന്തിയെറിഞ്ഞിരിക്കുന്നു…

താന്‍ മാത്രം…

പെട്ടെന്നൊരു നിമിഷം കൊണ്ട് ജീവിതം തലകീഴായി മറിഞ്ഞിരിക്കുന്നു. അറം പറ്റിയ പേരാണോ തന്‍റേത്. നിമിഷ… ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രം. ഇതിലും ഭേദം മരിച്ചുപോകുന്നതായിരുന്നു എന്ന് ഇതിനകം പലവട്ടം നിമിഷയ്ക്ക് തോന്നിയിരുന്നു. ജീവിച്ചിരിക്കുന്നില്ല എന്ന സങ്കടമേ അപ്പോള്‍ ഉണ്ടാകുമായിരുന്നുള്ളൂ. ബന്ധുക്കള്‍ക്കും അതായിരുന്നു നല്ലത്.

എന്നാല്‍ ഇത്… ജീവിച്ചിരിക്കുന്ന കാലമത്രയും അവര്‍ക്ക് താന്‍ വേദനയായിരിക്കും. ബാധ്യതയായിരിക്കും. തന്‍റെ വേദന ഒരിക്കലും അവസാനിക്കുകയില്ല. അത്തരം വിചാരങ്ങളിലൂടെ കടന്നുപോകവെ നിമിഷയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിദ്യാര്‍ത്ഥിനികളും അധ്യാപകരും അത് കണ്ടു.

നിമിഷ മിസ്സേ…

മെറീന മിസ്സ് മുന്നോട്ടു ചെന്ന് ആ കണ്ണീര്‍ തുടച്ചുകൊടുത്തു. നിമിഷ കണ്ണ് തുറന്നു. അവള്‍ കണ്ണീരിലൂടെ പുഞ്ചിരിച്ചു. മെറീന മിസ്സിന്‍റെയും കണ്ണ് നിറഞ്ഞിരുന്നു.

തനിക്ക് പകരക്കാരിയായി പോയവള്‍. ജീവിതത്തില്‍ സംഭവിക്കുന്നവയെല്ലാം എത്തുംപിടിയും കിട്ടാത്ത കാര്യങ്ങളാണ്. ചിലരെ ഒഴിവാക്കിയും ചിലരെ പിടി വിടാതെ പിന്തുടര്‍ന്നും ദൈവം ചില കണക്കുകള്‍ തീര്‍ക്കുകയാണോ?

മറ്റുള്ളവര്‍ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഏതു വാക്കുകൊണ്ടാണ് ചിറക് നഷ്ടമായിപ്പോയ ഒരു കിളിയെ ആശ്വസിപ്പിക്കേണ്ടത്? അല്ലെങ്കില്‍ അത്തരം എല്ലാ വാക്കുകളും ഇതുപോലെയുള്ള അവസരങ്ങളില്‍ നിഷ്പ്രയോജനകരമാണ്.

എല്ലാവരും സുഖമായിരിക്കുന്നോ…?

നിമിഷ ചിരിച്ചുകൊണ്ട് ചോദിച്ചു.

കുട്ടികള്‍ തലകുലുക്കി.

നന്നായി പഠിക്കണം കേട്ടോ, വെറുതെ സമയം കളയരുത്.

കുട്ടികള്‍ അതിനും തല കുലുക്കി. സമയം കടന്നുപോയി.

ഞങ്ങളിനി ഇറങ്ങിക്കോട്ടെ മോളേ… പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമിഷയുടെ ശിരസ്സ് തലോടി.

നീയിങ്ങനെ ഓരോന്നുമോര്‍ത്ത് മനസ്സ് വിഷമിപ്പിക്കരുത്. തമ്പുരാന്‍റെ മനസ്സിലെ പദ്ധതികളെന്താണെന്ന് നമുക്കറിയില്ലല്ലോ… അങ്ങേര്‍ക്കെന്തോ പ്ലാനുണ്ടാകും… അതാ ഇങ്ങനെയൊക്കെ സംഭവിച്ചത്.

പ്രിന്‍സിപ്പല്‍ നെടുവീര്‍പ്പിട്ടു.

ഓടിച്ചാടി നടന്നിരുന്ന ഒരാളെ ഒരിക്കലും എണീറ്റുനടക്കാനാവാത്ത വിധത്തിലാക്കുന്നതാണോ പ്ലാന്‍… നിമിഷയ്ക്ക് ചിരിക്കാനാണ് തോന്നിയത്. തനിക്കിനി അത്തരം പ്ലാനുകളില്‍ വിശ്വസിക്കാന്‍ കഴിയില്ല. അതൊരുക്കുന്ന ആളെയും.

ഞങ്ങള് പ്രാര്‍ത്ഥിക്കാം… ദൈവം എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കും. പ്രിന്‍സിപ്പല്‍ അവസാനത്തെ വാക്കു നല്കി ആശ്വസിപ്പിച്ചു. നിമിഷയുടെ ചുണ്ടില്‍ പരിഹാസത്തിന്‍റെ കയ്പ് നിറഞ്ഞു. ദൈവത്തോടുള്ള പരിഹാസം.

പ്രാര്‍ത്ഥനയോടുള്ള നീരസം. എല്ലാവര്‍ക്കും പറഞ്ഞ് രക്ഷപ്പെടാനുള്ള എളുപ്പവഴിയുടെ പേരാണ് പ്രാര്‍ത്ഥന. ആത്മീയതയുടെ പേരിലുള്ള പല അഭ്യാസങ്ങളും ഈ ഒരു പേരിലാണല്ലോ ആളുകളെ വിശ്വസിപ്പിച്ചെടുക്കുന്നതും ചൂഷണം ചെയ്യുന്നതും. പ്രാര്‍ത്ഥനയുടെയും അത്ഭുതങ്ങളുടെയും പേരില്‍… നിനക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. പക്ഷേ ഞങ്ങളുടെ മിനിസ്ട്രിക്ക് വേണ്ടി എന്തെങ്കിലും സാമ്പത്തികസഹായം നല്കണം. പ്രാര്‍ത്ഥനയ്ക്ക് പോലും കാശു വാങ്ങുന്നവര്‍..

വേണ്ട… എനിക്ക് വേണ്ടി ഇനിയാരും പ്രാര്‍ത്ഥിക്കണ്ടാ… പ്രാര്‍ത്ഥനയ്ക്കൊക്കെ ശക്തിയുണ്ടായിരുന്നുവെങ്കില്‍ ഞാനീ കിടപ്പില്‍ കി ടക്കേണ്ടിവരുമായിരുന്നോ… അപകടം സംഭവിച്ചുവെങ്കില്‍ തന്നെ എണീറ്റ് നടക്കില്ലായിരുന്നോ… അതോണ്ട് ഇനി എനിക്കുവേണ്ടി ആരും പ്രാര്‍ത്ഥിക്കണ്ടാ… ആരും പ്രാര്‍ത്ഥിക്കണ്ടാ… നിമിഷ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

ആ കരച്ചില്‍ മുറിയില്‍ എല്ലാവരുടെയും കണ്ണ് നനയിച്ചു. ചിലരൊക്കെ വിതുമ്പിപ്പോകുകയും ചെയ്തു. നിമിഷയോട് ഈ അവസരത്തില്‍ കൂടുതല്‍ സംസാരിക്കുന്നത് നിഷ്പ്രയോജനകരമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്ററിന് തോന്നി. സമാനമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്ന എല്ലാവരുടെയും ജീവിതത്തില്‍ ഇത്തരം ഇരുണ്ട ദിനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സിസ്റ്ററിന് ചില അനുഭവങ്ങള്‍ വ്യക്തമാക്കിക്കൊടുത്തിരുന്നു. വിശുദ്ധരുടെ ജീവിതത്തില്‍ പോലും ഇത്തരം ഇരുണ്ട ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ…ദൈവത്തെ എതിര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍… പ്രാര്‍ത്ഥനയിലുള്ള വിശ്വാസം നഷ്ടപ്പെട്ട അവസരങ്ങള്‍… എല്ലാറ്റിന്‍റെയും നിരാശാഭരിതമായ വശങ്ങള്‍ മാത്രം കാണാന്‍ പ്രേരണ നല്കുന്ന അനുഭവങ്ങള്‍.

ഞങ്ങള് പിന്നെ വരാം.

നിമിഷയെ അവളുടെ സങ്കടങ്ങളിലേക്കും ഏകാന്തതയിലേക്കും സ്വമേധയാ വിട്ടുകൊടുത്തുകൊണ്ട് പ്രിന്‍സിപ്പല്‍ സിസ്റ്ററും അധ്യാപകരും വിദ്യാര്‍ത്ഥിനികളും മുറിവിട്ടു.

ആ വാക്കിലും നിമിഷയ്ക്ക് വിശ്വാസം തോന്നിയില്ല. ആദ്യമാദ്യം എല്ലാവരും സന്ദര്‍ശകരാണ്. അനുശോചനം അറിയിക്കാനെത്തുന്നവര്‍… സഹതപിക്കാനെത്തുന്നവര്‍. പിന്നെപിന്നെ അവരുടെ സന്ദര്‍ശനത്തിന്‍റെ ദൈര്‍ഘ്യം കൂടും. എണ്ണം കുറയും. എല്ലാവരും അവരവരുടെ ജീവിതത്തിന്‍റെ പ്രശ്നങ്ങളിലേക്ക് മടങ്ങിപ്പോകും. കാരണം ജീവിതം അതാണ്. ജീവിതത്തിന് അങ്ങനെയേ പ്രതികരിക്കാനാവൂ. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുത്.

ത്രേസ്യാമ്മയെയും കൂടി സന്ദര്‍ശിച്ചതിന് ശേഷം അവര്‍ പുറത്തേയ്ക്കിറങ്ങി. ഡൈനിങ്ങ് ഹാളില്‍ ചായയും വിഭവങ്ങളുമൊരുക്കി സൂസി കാത്തുനിന്നിരുന്നു.

ഇതൊന്നും വേണ്ടായിരുന്നു സൂസി… പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്നേഹപൂര്‍വ്വം ശാസിച്ചു. സൂസി ദീര്‍ഘമായി നെടുവീര്‍പ്പെടുക മാത്രമേ ചെയ്തുള്ളൂ.

അവള് നിങ്ങളോട് വല്ലതും സംസാരിച്ചോ സിസ്റ്ററേ… സൂസിക്ക് അതറിയാനായിരുന്നു തിടുക്കം.

അവള് ഞങ്ങളാരോടും ഒന്നും മിണ്ടുന്നില്ല… ആരെങ്കിലും മുറിയിലേക്ക് ചെന്നാലുടനെ ദേഷ്യമാ… ഇടയ്ക്കൊക്കെ ഇരുന്ന് കരയുന്നത് കാണാം.. എനിക്കാണെങ്കില്‍ ഒരു സമാധാനവുമില്ല സിസ്റ്ററേ… സൂസി വിതുമ്പി.

ഒക്കെ ശരിയാകും സൂസി. മനസ്സ് മുറിഞ്ഞിരിക്കുന്ന പെങ്കൊച്ചല്ലേ അവള്… പഴയതുപോലെയാകാന്‍ സമയമെടുക്കും. എന്തൊക്കെ ആത്മീയത പറഞ്ഞാലും ചില കയ്പ്പും ചവര്‍പ്പും പരാതിയും പിറുപിറുക്കലും കൂടാതെ പാനം ചെയ്യാന്‍ മാത്രം നമ്മളാരും വിശുദ്ധരൊന്നുമല്ലല്ലോ… മനുഷ്യരല്ലേ? ആട്ടെ മനു വരാറില്ലേ… മനുവിനോട് അവളെങ്ങനെയാ..

അതുമാത്രമാ ചെറിയൊരാശ്വാസം. മനുവിനെ മാത്രം വിളിച്ചോണ്ടിരിക്കുന്നത് കാണാം. പക്ഷേ അവനെപ്പോഴും ഫോണില്‍ക്കൂടി മിണ്ടിക്കൊണ്ടിരിക്കാന്‍ പറ്റുമോ. ഓഫീസിലല്ലേ… അത് അവള്‍ക്ക് ഇഷ്ടമാകില്ല. അതിനും ഇരുന്ന് കരയും, ചിലപ്പോ ഫോണൊക്കെ വലിച്ചെറിയും. ഒന്നും പറയണ്ടായെന്‍റെ സിസ്റ്ററേ ഈ വീട്ടിലെ സകല സന്തോഷോം സമാധാനോം പോയി. ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നുവെന്നല്ലാതെ ഇവിടെയാരും മനസ്സ് തുറന്നൊന്ന് സംസാരിച്ചിട്ടോ ചിരിച്ചിട്ടോ നാളുകുറെയായി

വെട്ടിക്കളഞ്ഞ ചെടി വീണ്ടും തളിരിടാന്‍ സമയമെടുക്കില്ലേ സൂസി… അതുപോലെയാ ജീവിതത്തിലെ ചില പ്രതിസന്ധികളും ദുരന്തങ്ങളും. പഴയതുപോലെയാകാന്‍ സമയമെടുക്കും. പക്ഷേ നിങ്ങളും കൂടി ബോധപൂര്‍വ്വം അതിന് ശ്രമിക്കണം. പരിഹരിക്കാന്‍ പറ്റാത്തതും ശരിയാക്കിയെടുക്കാന്‍ പറ്റാത്തതിനെയും അംഗീകരിച്ചുകഴിയുമ്പോള്‍ തന്നെ പാതി സമാധാനമാകും.

ഉം സൂസി സമ്മതിച്ചു.

ഈ സമയം നിമിഷ മനുവിനോട് സംസാരിക്കാനായി ഫോണ്‍ കയ്യിലെടുക്കുകയായിരുന്നു.

(തുടരും)

Leave a Comment

*
*