Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 14

സ്നേഹസീമ – 14

Sathyadeepam

വിനായക് നിര്‍മ്മല്‍

സൈലന്‍റ് മോഡില്‍ മനുവിന്‍റെ മൊബൈല്‍ നിര്‍ത്തലില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. സ്ക്രീനില്‍ നിമിഷയുടെ മുഖവും പേരും തെളിഞ്ഞുവന്നു. മനു ആ മൊബൈലിലേക്ക് നോക്കിയിരുന്നു. എന്നിട്ടും അതെടുക്കാന്‍ അവന് തോന്നിയില്ല.

ആരാ… കുറേ നേരമായല്ലോ വിളിക്കുന്നു… സഹപ്രവര്‍ത്തകനായ ഗോകുല്‍ മനുവിനോട് ചോദിച്ചു.

നിമിഷയാ… നെടുവീര്‍പ്പോടെ മനു പറഞ്ഞു. ഗോകുല്‍ അവന്‍റെ മുഖത്തേക്ക് സഹതാപത്തോടെ നോക്കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ നിമിഷയുടെ കോള്‍ വരുമ്പോള്‍ അവന്‍റെ മുഖത്തെ സന്തോഷവും അടക്കി പിടിച്ച് തിടുക്കത്തിലുള്ള സംസാരവുമാണ് അവന്‍റെ ഓര്‍മ്മയില്‍ വന്നത്. പക്ഷേ ഇപ്പോള്‍…

നിനക്ക് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് ഫോണ്‍ വച്ചുകൂടേ? ഗോകുല്‍ അഭിപ്രായപ്പെട്ടു.

എന്തു പറയാന്‍… എനിക്കൊന്നും പറയാനില്ല. മനു നെടുവീര്‍പ്പോടെ പറഞ്ഞു. ആവര്‍ത്തിച്ചു മടുത്ത് മൊബൈല്‍ നിശ്ശബ്ദമായപ്പോള്‍ അവന്‍ അത് സ്വിച്ചോഫ് ചെയ്തു.

ഓഫീസ് സമയം കഴിഞ്ഞ് റൂമിലെത്തിയതിന് ശേഷമാണ് മനു മൊബൈല്‍ ഓണ്‍ ചെയ്തത്. വാട്സാപ്പില്‍ നിമിഷയുടെ വോയ്സ് മെസേജുകള്‍. പരിഭവവും പരാതികളും സങ്കടങ്ങളും കരച്ചിലുകളുമായിരുന്നു അവയിലെല്ലാം.

നിനക്കെന്നെ വേണ്ടാതായോ… അതായിരുന്നു നിമിഷയുടെ സങ്കടത്തോടെയുള്ള ഒരു ചോദ്യം.

ആ ചോദ്യം വീണ് മനുവിന്‍റെ നെഞ്ച് പൊള്ളി. വേണ്ടാതാകുക. നിമിഷയെ എങ്ങനെ വേണ്ടെന്ന് വയ്ക്കും? പക്ഷേ ഈ അവസ്ഥയില്‍ അവളെ കാണുകയെന്നത് അവന് അത്രമേല്‍ ഹൃദയഭേദകമായിരുന്നു. നാട്ടിലേക്ക് പോകാന്‍ തന്നെ അവന് മനസ്സ് തോന്നിയില്ല. ഇതിനകം പലതവണ നാട്ടില്‍ പോയി. നിമിഷയെ ചെന്നുകാണുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം നിമിഷ കരഞ്ഞു, അവളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ കണ്ണ് നിറഞ്ഞ് അരികില്‍ ഇരിക്കാന്‍ മാത്രമേ മനുവിനും കഴിഞ്ഞുള്ളൂ. മറ്റുള്ളവരുടെ നിസ്സഹായതയുടെയും സങ്കടങ്ങളുടെയും മുമ്പില്‍ മനുവിന് ഒരിക്കലും വാക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനെക്കാളേറെ അവനെ നിസ്സഹായനും അസ്വസ്ഥനുമാക്കിയത് നിമിഷയുടെ അവസ്ഥയും ആ മുറിയുമായിരുന്നു. അവിടെയെങ്ങും സുഖകരമല്ലാത്ത ഗന്ധമാണ് മനുവിന് അനുഭവിക്കാന്‍ കഴിഞ്ഞത്. അപ്പോള്‍ വീണ്ടും നിമിഷയുടെ ഫോണ്‍ വന്നു. എടുക്കണോ വേണ്ടയോ എന്ന് സംശയിച്ച് ഒടുവില്‍ അറ്റന്‍റ് ചെയ്യാന്‍ തന്നെ മനു തീരുമാനിച്ചു.

നീയെന്താ ഫോണെടുക്കാതിരുന്നത്? നിമിഷ അലറുന്നതുപോലെ ചോദിച്ചു.

ഞാന്‍ ഓഫീസിലായിരുന്നു. ഓഫീസ് ടൈമില്‍ മൊബൈല്‍ ബാന്‍ ചെയ്തിരിക്കുകയാ… അറിയില്ലേ നിനക്ക്? മനു ശാന്തത ഭാവിച്ചുകൊണ്ട് തിരികെ ചോദിച്ചു.

നേരത്തെയും ബാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ലേ?

നിമിഷയുടെ ചോദ്യത്തിന് ഇപ്പോള്‍ മനുവിന് ഉത്തരം നഷ്ടമായി.

പോട്ടെ, ബാന്‍ ചെയ്തു, പിന്നെ സ്വിച്ചോഫ് ചെയ്തത് എന്തിനാ…?

അത് ബാറ്ററി ലോ ആയതാ… അല്ലാതെ.. മനു പരുങ്ങി.

മനൂ, എനിക്ക് നിന്നെ അറിയാം. നുണ പറയുമ്പോള്‍ നിനക്ക് നല്ല പരുങ്ങലുണ്ട്.

മനു അതേക്കുറിച്ച് വിശദീ കരിക്കാനൊന്നും പോയില്ല.

ഇപ്പോ എല്ലാവരും എന്നില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുവാ.. എനിക്കറിയാം, ഞാനെല്ലാവര്‍ക്കും ഒരു ഭാരമാ…

നിമിഷയുടെ കരച്ചില്‍ മനുവിന്‍റെ കാതുകളിലെത്തി.

അങ്ങനെയൊന്നും വിചാരിക്കല്ലേ നീയ്… ഓരോരുത്തര്‍ക്കും അവരവരുടേതായ തിരക്കില്ലേ..?

അതെ, അതു ശരിയാ…ആത്മനിന്ദയോടെ നിമിഷ ചിരിച്ചു.

എല്ലാവര്‍ക്കും തിരക്കാ…എനിക്ക് മാത്രം തിരക്കില്ലല്ലോ… ഞാനെവിടെ പോകാനാ. അല്ലേ?

തന്‍റെ വാക്കുകള്‍ എവിടെയോ പിഴച്ചുപോയതായി മനുവിന് മനസ്സിലായി.

വച്ചോ… നീ ഫോണ്‍ വച്ചോ മനൂ… നിമിഷ കരഞ്ഞുകൊണ്ട് ഫോണ്‍ കട്ട് ചെയ്തു.

ച്ഛേ… മനു കൈത്തലം കൂട്ടിത്തിരുമ്മി കിടക്കയില്‍ ചെന്നുകിടന്നു.

നീ നാളെ വീട്ടില്‍ പോകുന്നില്ലേ… ബാത്ത് റൂമില്‍ നിന്ന് കുളി കഴിഞ്ഞുവന്ന ഗോകുല്‍ മനുവിനോട് ചോദിച്ചു.

കഴിഞ്ഞയാഴ്ചയിലും നീ പോയില്ലല്ലോ… അല്ലെങ്കില്‍ ശനിയാഴ്ചയാകാന്‍ നോക്കിയിരിക്കുന്നവനായിരുന്നല്ലോ നീയ്.

വീട്.

മനു ചിരിച്ചു. അവന്‍റെ ചിരിയില്‍ സങ്കടം കലര്‍ന്നിരുന്നു.

എനിക്കിപ്പോ അങ്ങോട്ട് പോകാനേ തോന്നുന്നില്ല. മനുവിന്‍റെ വാക്കുകള്‍ സത്യസന്ധമായിരുന്നു. മനു എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഗോകുലിന് മനസ്സിലായി. വീട്ടിലെത്തിയാല്‍ നിമിഷയെ കാണണം. നിമിഷയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ വിട്ടുനില്ക്കല്‍.

നീയല്ലേ ഇപ്പോ ആ കുട്ടിക്ക് ധൈര്യം കൊടുക്കണ്ടേ? ഗോകുലിന് മനുവിന്‍റെ ഒഴിഞ്ഞുമാറല്‍ ഇഷ്ടമായില്ല.

അത്രയ്ക്ക് ധൈര്യമൊന്നും എനിക്കില്ല. ഉള്ളതല്ലേ നമുക്ക് കൊടുക്കാന്‍ പറ്റൂ? മനു തന്‍റെ കഴിവുകേടു സമ്മതിച്ചു. അപ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു. മനുവും ഗോകുലും ഒരുമിച്ചാണ് ഫോണിലേക്ക് നോക്കിയത്. നിമിഷ. ഗോകുല്‍ മനുവിന്‍റെ ഭാവം സൂക്ഷിച്ചു നോക്കി. മനു വല്ലായ്മയോടെ ഫോണെടുക്കുന്നതും അറ്റന്‍റ് ചെയ്യുന്നതും ഗോകുല്‍ നോക്കി നിന്നു

നീയിനി എന്നാ വരുന്നേ? അങ്ങേത്തലയ്ക്കല്‍ നിന്ന് നിമിഷയുടെ ചോദ്യം.

ഞാന്‍…

എക്സ്ക്യൂസൊന്നും പറയണ്ടാ… നീ നാളെ വരണം. വന്നേ തീരൂ. എനിക്ക് നിന്നെ കാണണം. നിമിഷയുടെ കരച്ചില്‍ ഗോകുലും കേട്ടു.

നീ വരുന്നതു മാത്രമാ എന്‍റെ സന്തോഷം. അതാ എന്‍റെ ആശ്വാസം. നിമിഷ ഫോണ്‍ കട്ട് ചെയ്തു. ധര്‍മ്മസങ്കടത്തിന്‍റെ ചുഴിയില്‍പ്പെട്ട് മനു നിന്നു.

ചെല്ലെടാ… നിമിഷയ്ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടില്ലേ? ഗോകുല്‍ മനുവിന്‍റെ തോളത്ത് തട്ടി പറഞ്ഞു. മനു നെടുവീര്‍പ്പെടുക മാത്രമേ ചെയ്തുള്ളൂ.

അടുത്ത ദിവസം മനു നാട്ടിലേക്ക് പുറപ്പെട്ടു. ഇതിന് മുമ്പ് നാട്ടിലേക്ക് വരുമ്പോള്‍ എന്തുമാത്രം സന്തോഷമാണ് ഉള്ളില്‍ അനുഭവിച്ചിരുന്നതെന്ന് മനു ഓര്‍ത്തു. പ ക്ഷേ ഇപ്പോള്‍… ഒരു വിലാപയാത്രയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴുണ്ടാകുന്നതുപോലെയുള്ള അവസ്ഥ.

വീട്ടിലെത്തിയ മനു നിമിഷയെ കാണാന്‍ പോയി. നിര്‍ബന്ധിക്കപ്പെട്ടു പോകുന്നതുപോലെയായിരുന്നു ആ യാത്ര. നിമിഷയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ആ അവസ്ഥയില്‍ അവളെ കാണാനുള്ള കരുത്തില്ലാത്തതായിരുന്നു മനുവിന്‍റെ പ്രശ്നം. എന്തു സംസാരിക്കും… എങ്ങനെ പറയും? മനുവിനെ കണ്ടപ്പോള്‍ സൂസിക്ക് വലിയ ആശ്വാസം തോന്നി. നിമിഷയെ സന്തോഷിപ്പിക്കാന്‍ ഈ ലോകത്ത് ഇപ്പോള്‍ മനുവിന്‍റെ സാന്നിധ്യം മാത്രമേ ഉപകരിക്കൂവെന്ന് സൂസിക്കറിയാമായിരുന്നു.

മോന്‍ കേറി വാ… വാതില്‍ തുറന്നുകൊടുത്തുകൊണ്ട് സൂസി ക്ഷണിച്ചു.

കഴിഞ്ഞ ആഴ്ചയിലൊന്നും കാണാതിരുന്നപ്പോ മോള്‍ക്ക് വലിയ സങ്കടമായിരുന്നു, ഞങ്ങള്‍ക്കും.

അവധി കിട്ടിയില്ല… അതാ… മനു വിശദീകരിക്കാന്‍ ശ്രമിച്ചു.

ഞായറാഴ്ചയും അവധികിട്ടില്ലേ എന്ന് സൂസി ചോദിച്ചില്ല.

ചെല്ല്…

വാതില്‍ ചേര്‍ത്തടച്ചുകൊണ്ട് സൂസി നിമിഷയുടെ മുറിയിലേക്ക് വിരല്‍ചൂണ്ടി.

മനൂ…

വാതില്‍ തുറന്ന് അകത്തേക്ക് വരുന്ന മനുവിനെ കണ്ട് നിമിഷ അത്യുത്സാഹത്തോടെ വിളിച്ചു. തന്‍റെ നട്ടെല്ലിന് പിന്നിലൂടെ ഒരു മിന്നല്‍ കടന്നുപോയതുപോലെ അവള്‍ക്ക് തോന്നി. അത്രയ്ക്ക് ഉത്സാഹമായിരുന്നു അവള്‍ക്ക്.

വാ… മനൂ… വാ.

തന്‍റെ കിടക്ക ചൂണ്ടിക്കാണിച്ചുകൊണ്ട് നിമിഷ ക്ഷണിച്ചു. പക്ഷേ മനു കസേര വലിച്ചിട്ട് അവിടെയാണ് ഇരുന്നത്.

എത്ര ദിവസമായി നിന്നെ കണ്ടിട്ട്…?

നിമിഷ കരം നീട്ടി അവന്‍റെ കരത്തില്‍ തൊട്ടു. തണുത്തുറഞ്ഞ എന്തിലോ ആണ് താന്‍ തൊടുന്നതെന്ന് അവള്‍ക്ക് തോന്നി.

ഞാന്‍ ഓരോ നിമിഷവും എണ്ണിയെണ്ണിക്കഴിയുകയാ… ശനിയാഴ്ചയാകാന്‍… നീ വരൂല്ലോ എന്നോര്‍ത്ത്… എനിക്ക് സന്തോഷിക്കാന്‍ അന്നും ഇന്നും നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ മനൂ… നിമിഷ ഏങ്ങലടിച്ചുകരഞ്ഞു.

ഉം… തല കുമ്പിട്ട് ഇരിക്കുകയായിരുന്ന മനു മൂളി.

നീയെന്താ വല്ലാതിരിക്കുന്നെ… നിന്‍റെ മുഖമെന്താ ഇങ്ങനെ… അവന്‍റെ മുഖഭാവത്തിലുള്ള വ്യത്യാസം മനസ്സിലാക്കിയ നിമിഷ ചോദിച്ചു.

നല്ല തലവേദന… മനുവിന് പെട്ടെന്ന് ഉത്തരം കിട്ടി.

നിനക്ക് പണ്ടും തലവേദന ഇങ്ങനെ വരാറുള്ളതായിരുന്നല്ലോ… ഇങ്ങ് അടുത്തിരിക്ക്… ഞാന്‍ മസാജ് ചെയ്തു തരാം. മനുവിന് തലവേദന വരുമ്പോള്‍ നിമിഷ പലപ്പോഴും അവന്‍റെ നെറ്റിയുടെ ഇരുവശങ്ങളിലും മസാജ് ചെയ്തുകൊടുക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍… നിമിഷ കൈ ഉയര്‍ത്തി അവന് നേരെ നില്ക്കുകയായിരുന്നു.

വേണ്ട… നീ അധികം സ്ട്രെയ്ന്‍ എടുക്കണ്ടാ. ഒന്നു കിടന്നുറങ്ങിയാല്‍ തീരുന്ന തലവേദനയേ ഉള്ളൂ.

എങ്കില്‍ ഒന്നുറങ്ങി റിലാക്സഡായിട്ട് വന്നാല്‍ പോരായിരുന്നോ.

നിമിഷ സ്നേഹപൂര്‍വ്വം ശാസിച്ചു.

ഞാന്‍ പോട്ടെ…

അവിടെ അധികസമയം നില്ക്കാന്‍ മനുവിന് കഴിയുമായിരുന്നില്ല.

നാളെ രാവിലെ പോകില്ലേ…?

മനു മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ നിമിഷ ചോദിച്ചു.

ഉം.

അടുത്തയാഴ്ച വരില്ലേ?

ഉം; മനു അതിനും മൂളി.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങാനായി മനു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തോമസ് പറഞ്ഞു: മനൂ, നീയിനി ആഴ്ച തോറും ഇവിടേയ്ക്ക് വരണ്ടാ.

നിങ്ങളെന്നാ വര്‍ത്തമാനമാ ഇപ്പറയുന്നെ… സൂസി ദേഷ്യപ്പെട്ടു. ഭാര്യയുടെ നേരെ കരമുയര്‍ത്തി വിലക്കിയിട്ട് തോമസ് മനുവിനോട് തുടര്‍ന്നു: “ഞാന്‍ പറഞ്ഞിട്ട് ഇനി വന്നാ മതി… വരുന്ന കാര്യം ആരോടും പറയാനും നില്‍ക്കണ്ടാ…”

തോമസ് പറഞ്ഞതൊന്നും മനുവിന് മനസ്സിലായില്ല. അവന്‍ അമ്പരപ്പോടെ അയാളെ നോക്കിനിന്നു.

(തുടരും)

Leave a Comment

*
*