സ്നേഹസീമ – 15

സ്നേഹസീമ – 15

വിനായക് നിര്‍മ്മല്‍

"പപ്പയെന്നതാ ഇപ്പറയുന്നേ?" – മനു ചോദിച്ചു.

തോമസ് ഗൂഢമായി ചിരിച്ചു. ഞാന്‍ പറഞ്ഞതിന്‍റെ ഗുട്ടന്‍സ് നിനക്കും മനസ്സിലായില്ലേ? അയാളുടെ ചോദ്യത്തില്‍ അമ്പരപ്പുണ്ടായിരുന്നു.

നീ അവധിക്ക് വരുന്നത് ഇങ്ങോട്ട് മാത്രമായിട്ടാണോ…?

അല്ല അവന്‍റെ അമ്മായിയുടെ വീട്ടിലേക്ക്… അല്ല പിന്നെ… സൂസി ദേഷ്യപ്പെട്ടു.

നിന്നോടല്ലേ പറഞ്ഞത് മിണ്ടരുതെന്ന്… തോമസ് കര്‍ക്കശ സ്വരത്തില്‍ സൂസിക്ക് നേരെ ചൂണ്ടുവിരലുയര്‍ത്തി. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും നല്ല വീടുണ്ടാകുകയും ചെയ്തതില്‍ പിന്നെ തോമസിന് അധീശത്വമനോഭാവവും അടിച്ചമര്‍ത്തലും കൂടുതലാണെന്ന് സൂ സിക്ക് തോന്നി.

മമ്മിയൊന്ന് മിണ്ടാതിരിക്ക്… മഞ്ജുഷ ശാസിച്ചതോടെ സൂസി പറയാന്‍ വന്നത് വിഴുങ്ങി.

നീ ഇവിടെ വന്നാല്‍ നിമിഷയെ കാണാന്‍ പോകും. നിന്നെ കാത്തിരിക്കുന്നത് ഞങ്ങള്‍ മാത്രമല്ല അവളും കൂടിയാ. അതോണ്ടാ പറഞ്ഞത് നീയിനി വരണ്ടായെന്ന്… അവള്‍ക്ക് നീ വെറുതെ ആശ കൊടുക്കണ്ടാ. ഇനി നിനക്ക് നിന്‍റെ വഴി… അവള്‍ക്ക് അവളുടെ വഴി.

പപ്പാ… മനു ഞെട്ടലോടെ വിളിച്ചു.

നിങ്ങളെന്തു തോന്ന്യാസമാ ഇപ്പറയുന്നെ? സൂസിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഇവന് ഇവന്‍റെ വഴി… നിമിഷയ്ക്ക് നിമിഷയുടെ വഴിയെന്നോ…?

അതെ… തോമസ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

അതുതന്നെയാ അതിന്‍റെ ശരി. അല്ലാതെ പിന്നെ തളര്‍ന്നു കിടക്കുന്ന അവളെക്കൊണ്ട് ഇവനെ കെട്ടിക്കണമെന്നാണോ നീ പറയുന്നത്? അവള്‍ടെ തീട്ടോം മൂത്രോം എടുക്കാന്‍ നീ തയ്യാറാണോ…? അതോ എന്‍റെ മോന്‍ അതൊക്കെ ചുമന്നോട്ടെയെന്നാണോ…?

സൂസിക്ക് ഉത്തരം കിട്ടിയില്ല. മനു നിമിഷയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സൂസിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ അതേസമയം നിമിഷയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. കാരണം മനുവിന്‍റെ വളര്‍ച്ചയിലും അതുവഴി ഈ കുടുംബം ഇന്ന് കൈവരിച്ചിരിക്കുന്ന സാമ്പത്തികസുരക്ഷിതത്വത്തിനും കാരണം നിമിഷയായിരുന്നുവല്ലോ? അതെല്ലാം മറക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ…

എന്നാലും… സൂസി പിറുപിറുത്തു.

അതെ, ചില യാഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ നിന്‍റെ ആവേശോം ആത്മാര്‍ത്ഥതേം തണുത്തു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. തോമസ് ചിരിച്ചു.

എല്ലാവരും പ്രാക്ടിക്കലാ… ഈ ലോകം മുഴുവന്‍ പ്രാക്ടിക്കലാ… നിന്നെക്കൊണ്ട് എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ ഞാന്‍ നിന്‍റെ കൂടെ നില്ക്കും. നിന്‍റെ ആവശ്യം കഴിഞ്ഞോ ഞാന്‍ വേറെ ആളെ നോക്കും. അതോണ്ട് നമ്മളും പ്രാക്ടിക്കലാകുന്നു. തളര്‍ന്നുകിടക്കുന്ന ആ പെങ്കൊച്ചിനോട് എനിക്കൊരു ദേഷ്യോമില്ല… അല്ലെങ്കില്‍ ഞാനെന്നാത്തിനാ ദേഷ്യപ്പെടുന്നെ… അവളോട് സ്നേഹക്കുറവില്ലെന്ന് മാത്രമല്ല പണ്ടുള്ളതിനേക്കാള്‍ സ്നേഹക്കൂടുതലുമുണ്ട്. സഹതാപവുമുണ്ട്. എല്ലാ ദിവസോം ഞാനാ കൊച്ചിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. എന്നുവച്ച് എനിക്ക് അവളെ നമ്മുടെ മോനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ പറ്റുമോ?

നിമിഷചേച്ചീം ചേട്ടായിം സ്നേഹിച്ചിരുന്നവരല്ലേ പപ്പാ… കല്യാണോം ഉറപ്പിച്ചതല്ലേ?

എന്നിട്ട് നമ്മള് ഇങ്ങനെ പറയുന്നത് ശരിയാണോ? മനീഷ ചോദിച്ചു.

നിന്നേക്കാള്‍ ഈ ലോകം കണ്ടതല്ലേ മോളേ ഞാന്‍, നിന്‍റെയത്ര പഠിപ്പില്ല എന്നല്ലേയുള്ളൂ? ഈ ലോകത്ത് ഒരുപാട് ശരികളും ശരികേടുകളുമുണ്ട്. ഇപ്പോ നമ്മളിങ്ങനെയൊരു തീരുമാനമെടുക്കുന്നത് നിമിഷയെ സംബന്ധിച്ച് ശരികേടായിരിക്കാം. പക്ഷേ നാളെ അവള്‍ക്കോ നമുക്കോ വലിയൊരു ബുദ്ധിമുട്ടും പ്രയാസോം ഉണ്ടാകുന്നതിനേക്കാള്‍ ഭേദം ഇപ്പഴത്തെ ഈ ചെറിയ ശരികേടും വേദനയുമാ. തളര്‍ന്നുകിടക്കുന്ന ഒരാളെ ശുശ്രൂഷിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്കേ പറ്റൂ. എന്‍റെ അമ്മച്ചി രണ്ടാഴ്ച ബോധമില്ലാതെ കിടന്നിട്ടില്ല. പക്ഷേ നിങ്ങടെ അമ്മയ്ക്ക് അതുപോലും ബുദ്ധിമുട്ടായിരുന്നു. അല്ലെന്ന് ഇവള് പറയട്ടെ…

തോമസ് സൂസിയുടെ നേരെ കുറ്റപത്രം തയ്യാറാക്കുന്ന മട്ടില്‍ നോക്കി.

അതു പിന്നെ… പശൂം ആടും കോഴീം വീട്ടിലെ പണീം പിള്ളേരുടെ കാര്യോം… അതിനിടേല് അമ്മച്ചീടെ കാര്യോം… ആര്‍ക്കായാലും മടുപ്പ് വരില്ലേ… അതും എത്ര കാലമാണെന്നോര്‍ത്തോണ്ടാ… സൂസി തന്‍റെ ബദ്ധപ്പാടുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

അതെ, വയ്യാതെ കിടക്കുന്നത് ആരായാലും അവരെ നേരാം വണ്ണം നോക്കാതിരിക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകും. അഞ്ചാറ് മക്കളുള്ള അമ്മയോ അപ്പനോ ആണെങ്കില്‍ മകനും മരുമകളും ചോദിക്കുന്നത് നിങ്ങള്‍ക്ക് വേറെയും മക്കളുണ്ടല്ലോ? അവര്‍ക്ക് നിങ്ങളെ നോക്കാന്‍ മേലേ എന്നായിരിക്കും. അല്ലാത്തവര് പറയും എനിക്ക് വീട്ടില്‍ നൂറുകൂട്ടം പണികളില്ലേ അതിന്‍റെ കൂടെ എങ്ങനെയാ ഇങ്ങനെ വയ്യാതെ കിടക്കുന്ന ആളെക്കൂടി നോക്കുന്നത് എന്ന്, ഇപ്പോ നിങ്ങടെ മമ്മി പറഞ്ഞതുപോലെ… അമ്മച്ചി പ്രായം ചെന്നിട്ടാ കിടപ്പിലായെ… നിമിഷയ്ക്ക് മുപ്പതില്‍ താഴെയാ പ്രായം. എത്ര വര്‍ഷം കൂടി ആ പെങ്കൊച്ച് ഈ ഭൂമിയില്‍ ജീവിച്ചിരിക്കാനാ ദൈവത്തിന് പദ്ധതിയുള്ളതെന്ന് നമുക്കറിയില്ല. അത്ര യും കാലം അതിനൊരു കുറവും വരുത്താതെ നോക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് മനസ്സുണ്ടാകുമെന്ന് എനിക്കറിയില്ല. എന്തായാലും നിങ്ങളുടെ മമ്മിക്ക് അതിനുള്ള മനസ്സില്ലെന്നത് ഉറപ്പാ. പിന്നെ നിന്‍റെ കാര്യം… തോമസ് മനുവിന്‍റെ നേരെ തിരിഞ്ഞു.

പെണ്ണുകാണല്‍ച്ചടങ്ങിന് വേണ്ടി പോയപ്പോ ത്രേസ്യാമ്മചേടത്തീടെ മുറീലെത്തിയ നീ ഛര്‍ദ്ദിച്ചത് എന്തിനാണെന്ന് നിനക്കറിയാമല്ലോ…

മനുവിന്‍റെ ശിരസ്സ് കുനിഞ്ഞു.

ഇനി നീ പറ, നിന്‍റെ ജീവിതം അവള്‍ക്ക് വേണ്ടി നശിപ്പിക്കണോ… വലിയൊരു ത്യാഗം ചെയ്തുവെന്ന മട്ടില്‍ ചിലപ്പോ പത്രങ്ങളില്‍ ഫോട്ടോയും വാര്‍ത്തയുമൊക്കെ വന്നേക്കാം… പ ത്രക്കാര്‍ക്ക് അങ്ങനെ പലതുമെഴുതാം. വായിക്കുന്നവരും ഒന്നോ രണ്ടോ ദിവസംകൊണ്ട് അതൊക്കെ മറന്നുപോകും. പക്ഷേ ജീവിതകാലമത്രയും ആ കുരിശ് ചുമക്കാനുള്ളത് നീ മാത്രമായിരിക്കും. അതോണ്ട് നീ നല്ലതു പോലെ ആലോചിക്ക്… ഈ തറവാട് നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് നീയാ… വേറൊരു മകന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ അത് സാരമില്ലായിരുന്നു. ആദര്‍ശത്തിന്‍റേം സ്നേഹത്തിന്‍റേം പേരു പറഞ്ഞ് നീ നിന്‍റെ ജീവിതം പാഴാക്കിക്കളയരുത്. എനിക്കതേ പറയാനുള്ളൂ. ഇനി എന്തുവേണമെന്ന് നീ തീരുമാനിക്ക്…

പപ്പ പറഞ്ഞതൊക്കെ ശരിയാ.

മനു പറഞ്ഞുതുടങ്ങി. വയ്യാതെ കിടക്കുന്ന ഒരാളെ നേരാംവണ്ണം ശുശ്രൂഷിക്കാനൊന്നും എനിക്ക് കഴിയില്ല. ഓവര്‍ നീറ്റ്നെസ് ഒരു മനോരോഗം പോലെ എന്നിലുണ്ട്. പക്ഷേ… എനിക്ക് അവളോട് ഒരു കടപ്പാടില്ലേ പപ്പാ.. എനിക്ക് മാത്രമല്ല നമ്മുടെ ഈ കുടുംബത്തിന് മുഴുവന്‍… അതോര്‍ക്കുമ്പോ… അതോര്‍ത്ത് മാത്രാ ഞാന്‍..

കടപ്പാടിന്‍റെ പേരില്‍ എന്തെങ്കിലും ചെയ്യുന്നതാണോ സ്നേഹം? തോമസ് ചോദിച്ചു.

അങ്ങനെയൊരു വിചാരം കൊണ്ട് നിമിഷയെ സ്വീകരിക്കാന്‍ നീ തയ്യാറാവുകയാണെങ്കില്‍ നിനക്ക് ക്രമേണ അവളെ മടുക്കും. നിനക്ക് അവള്‍ ഭാരമാകും. ഇപ്പോഴാണെങ്കില്‍ ഇതിന്‍റെ പേരില്‍ നിനക്ക് അവളെ ഉപേക്ഷിക്കാന്‍ വളരെയെളുപ്പം കഴിയും. അതിലും വലിയ വേദനയായിരിക്കും നിന്നില്‍ നിന്നുണ്ടാവുന്ന അവഗണന മൂലം നിമിഷ പിന്നീട് അനുഭവിക്കുന്നത്. നിനക്കോ അവള്‍ക്കോ സ്വസ്ഥതയും സന്തോഷവും ഉണ്ടാവുകയില്ല. അവളുടെ സ്ഥാനത്ത് നീയാണെങ്കിലോ അങ്ങനെ ആലോചിച്ചുനോക്കിക്കേ… രാജു ഈ വിവാഹത്തിന് സമ്മതിക്കുമോ… ഇപ്പോഴാണെങ്കില്‍ പോലും അയാള് ഈ വിവാഹത്തിന് സമ്മതിച്ചത് നിന്‍റെ ഗവണ്‍മെന്‍റുദ്യോഗോം അതിന്‍റെ പ്രമോഷന്‍ സാധ്യതകളും കണ്ടുകൊണ്ടാ… അതാ ഞാന്‍ പറഞ്ഞത് ഈ ലോകം വളരെ പ്രാക്ടിക്കലാണെന്ന്… ഒരു ചായക്കടജോലിക്കാരന്‍റെ വേലേം കൂലീം ഇല്ലാത്ത ഒരു മകനായിരുന്നു നീയെങ്കില്‍ അയാള് ഈ വിവാഹത്തിന് സമ്മതിക്കുകേലായിരുന്നു. ഈ ലോകത്ത് നമുക്ക് കിട്ടുന്ന പല സ്നേഹോം പരിഗണനേം നമ്മുടെ കഴിവിന്‍റെയോ ജോലിയുടെയോ പണത്തിന്‍റെയോ സൗന്ദര്യത്തിന്‍റെയോ അടിസ്ഥാനത്തില്‍ മാത്രമാ… വേലേം കൂലീം പണോം പ്രതാപോം ഇല്ലാത്ത ഒരാളേം ആരും തിരിഞ്ഞുനോക്കുകേലാ… പുഴുത്ത പട്ടീടെ സ്ഥാനമേ അയാള്‍ക്കുള്ളൂ. പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങളൊന്നും പലരുടെയും ജീവിതത്തില്‍ ഇല്ല മോനേ… ഇവിടെ നീയെന്തു തീരുമാനമെടുക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തോമസിന്‍റെയും സൂസിയുടെയും മനീഷയുടെയും മഞ്ജുഷയുടെയും നോട്ടം മനുവിന്‍റെ മേലായി. പല പല ചിന്തകള്‍ മനുവിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒടുവില്‍ അവന്‍ പറഞ്ഞു.

പപ്പ എന്തുവേണമെങ്കിലും തീരുമാനിച്ചോ… എനിക്കത് സമ്മതമാ… പറഞ്ഞുകഴിഞ്ഞ് ബാഗും തൂക്കി മനു മുന്നോട്ടു നടന്നു. തോമസ് ആശ്വാസത്തോടെ ചിരിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org