സ്നേഹസീമ – 16

സ്നേഹസീമ – 16

വിനായക് നിര്‍മ്മല്‍

രാജു കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ടത്. അയാള്‍ വലതു ചുമലിലൂടെ മുഖം തിരിച്ച് അവിടേക്ക് നോക്കി. തോമസ് ഗെയ്റ്റ് തുറന്നു വരുന്നതാണ് അയാള്‍ കണ്ടത്.

ആഹ്. തോമസ്. വരാന്തയില്‍ നിന്ന സൂസിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു. രാജു കാറിലേക്ക് കയറാതെ പിന്തിരിഞ്ഞു.

നല്ല ചൂട് അല്ലേ… രാജു കുശലാന്വേഷണം എന്ന ഭാവനേ ചോദിച്ചു.

അകത്തും പുറത്തും എല്ലാം നല്ല ചൂടാ… തോമസ് ചിരിച്ചു.

കേറിവാ.. രാജു നല്ല ആതിഥേയനായി തോമസിനെ സ്വീകരിച്ചുകൊണ്ട് അകത്തേയ്ക്ക് നടന്നു.

ഇരിക്ക്… ഞാന്‍ ചായയെടുക്കാം. അതോ തണുത്തതാണോ സൂസി ചോദിച്ചു.

ഒന്നും വേണ്ട. തോമസ് കരമുയര്‍ത്തി തടഞ്ഞു.

ഞാനും വിചാരിച്ചിരിക്കുവായിരുന്നു തോമസിനെ ഒന്നു കാണണമെന്ന്… രാജു പറഞ്ഞു.

പിന്നെ ഓരോരോ തിരക്ക്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി വരെ ഒന്നു പോയായിരുന്നു. അവിടെയൊരു ഡോക്ടര്‍ എന്തോ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടത്രേ.

തോമസ് ആകാംക്ഷയോടെ രാജുവിന്‍റെ മുഖത്തേയ്ക്ക് നോക്കി.

സ്പൈനല്‍ കോഡിന് തകരാറു വന്നവര്‍ക്കുള്ള പ്രത്യേക ചികിത്സയാ… ഒരു ഇഞ്ചക്ഷന്‍… പത്തോ പതിനഞ്ചോ ഇഞ്ചക്ഷന്‍ വേണ്ടിവരും. കാശും നല്ലതുപോലെ ചെലവാക്കണം. അതു സാരമില്ലായിരുന്നു. പക്ഷേ അല്പം കോപ്ലിക്കേഷനുള്ളതാ… പുതിയ കണ്ടുപിടുത്തമാണല്ലോ… അതുകൊണ്ട് നമ്മള് എന്തിനും തയ്യാറാണെന്ന് പറഞ്ഞ് എഴുതിക്കൊടുക്കണം. ഇഞ്ചക്ഷനെടുക്കുമ്പോള്‍ എന്തും സംഭവിക്കാമത്രെ…

രാജുവിന്‍റെ സ്വരത്തില്‍ വിഷാദം നിറഞ്ഞു. ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം തോമസിന് മനസ്സിലായി. ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ മരണംപോലും സംഭവിക്കാമെന്ന്.

അതുകൊണ്ട് ഒരു മറുപടി പറയാതെ ഞാനിങ്ങ് പോന്നു. ജീവനോടെയാണെങ്കിലും എന്‍റെ മോളെ കണ്ടോണ്ടിരിക്കാമല്ലോ.

അതു നന്നായി… തോമസ് പറഞ്ഞു.

പറയുമ്പോ ഒന്നും തോന്നരുത്, സ്പൈനല്‍കോഡിന് തകരാറ് പറ്റിയവര്‍ക്കൊന്നും പിന്നെ ജീവിതകാലത്ത് ഉയിര്‍ത്തെണീല്പ് ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ പിന്നെ വല്ല ധ്യാനോം കൂടി അത്ഭുതം സംഭവിക്കണം. പുതിയ ചികിത്സയാന്നൊക്കെ പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് കാശുണ്ടാക്കാനുള്ള വിദ്യയായിരിക്കും അതെല്ലാം… എണീറ്റ് നടക്കാമെന്ന് പറയുമ്പോ ഇല്ലാത്തവരു പോലും സകലതും വിറ്റുപെറുക്കി കാശുണ്ടാക്കി ചെല്ലുമല്ലോ… ഫലം കിട്ടാതെ വരുമ്പോ പരീക്ഷണം എന്ന് പറഞ്ഞ് അയാള്‍ക്ക് കയ്യൊഴിയുകേം ചെയ്യാം. ഓരോരോ തട്ടിപ്പ്…

അതെയതെ. തോമസ് പറഞ്ഞതുപോലെ വേറെ ചിലരും പറഞ്ഞു. രാജു പറഞ്ഞു.

ഞാനൊന്ന് മോളെ കണ്ടേച്ചും വരട്ടെ. തോമസ് നിമിഷയുടെ മുറിയേല്ക്ക് നടന്നു. പുറകെ രാജുവും.

അവളിപ്പോ വല്ലാത്തൊരു മൂഡിലാ… രാജു ശബ്ദം കുറച്ച് പറഞ്ഞു.

അതു പിന്നെ ആരായാലും അങ്ങനെ തന്നെയല്ലേ… സംഭവിച്ചതൊക്കെ സ്വസ്ഥതയോടെ സ്വീകരിക്കാന്‍ സമയമെടുക്കും.

രാജു ചെന്ന് നിമിഷയുടെ മുറിയുടെ വാതില്‍ തുറന്നു. നിമിഷ കണ്ണടച്ച് കിടക്കുകയായിരുന്നു.

മോളേ… തോമസ് വിളിച്ചു. മനുവിന്‍റെ സ്വരം പോലെയാണ് നിമിഷയ്ക്ക് അത് അനുഭവപ്പെട്ടത്. അവള്‍ സന്തോഷത്തോടെ കണ്ണുതുറന്നു. മനുവിന് പകരം തോമസ്. എങ്കിലും അവള്‍ക്ക് സന്തോഷം തോന്നി

പപ്പയെ കുറെ നാളായല്ലോ ഇവിടേക്ക് കണ്ടിട്ട്… നിമിഷ പരിഭവം പറഞ്ഞു.

പപ്പയ്ക്ക് ഹോട്ടലില്‍ പോകണ്ടേ മോളേ… തോമസ് നിമിഷയുടെ കട്ടിലിന്‍റെ അരികില്‍ ഇരുന്നു.

മനൂന് ജോലിയായെന്ന് പറഞ്ഞ് എനിക്ക് എന്‍റെ ജോലിക്ക് പോകാതിരിക്കാന്‍ പറ്റ്വോ? അവന്‍ പറഞ്ഞതാ ജോലി നിര്‍ത്തിയേക്കാന്‍. എന്നാലും ഇപ്പഴേ അവന്‍റെ മുമ്പീ കൈനീട്ടാനൊരു മടി. ആരോഗ്യം ഉള്ളിടത്തോളം കാലം ജോലി ചെയ്യണം. നമുക്കറിയില്ലല്ലോ കര്‍ത്താവെപ്പഴാ നമ്മളെ വീഴിക്കുന്നതെന്ന്.

ഉം… നിമിഷ അറിയാതെ തല ചലിപ്പിച്ചു.

ശരിയാണ് അവള്‍ തന്നോടുതന്നെ പറഞ്ഞു. നടക്കുന്ന ചുവടുകള്‍ അടുത്തത് പാതാളത്തിലേക്കാണോ പതിയുന്നതെന്ന് ആരറിയുന്നു? എന്നിട്ടും മനുഷ്യന്‍ നിര്‍ത്തലില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ പിന്നിലാക്കുന്നു. മത്സരിക്കുന്നു, പോരാടുന്നു. എല്ലാം എന്തിന് വേണ്ടി… അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് നിശ്ചയമില്ലാത്ത എന്തോ ഒന്നിന് വേണ്ടി…

മോള്‍ കഴിഞ്ഞതിനെയോര്‍ത്തൊന്നും നിരാശപ്പെടരുത്. സങ്കടപ്പെടരുത്. ഇനി അതൊക്കെ ഓര്‍ത്തിട്ട് എന്നാ കാര്യമാ ഉള്ളെ? വിഷമിക്കരുത് കേട്ടോ… തോമസ് കരം നീട്ടി നിമിഷയുടെ ശിരസ്സ് തലോടി.

പപ്പ ഇടയ്ക്ക് ഇങ്ങനെയൊക്കെ വരാം. മോള്‍ക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

നിമിഷയുടെ മനസ്സിന് നല്ല തണുപ്പ് തോന്നി. മനുവിന്‍റെ വീട്ടില്‍ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് തോമസിനെയായിരുന്നു. മനുവിന് സെക്രട്ടറിയേറ്റില്‍ ജോലി കിട്ടിപ്പോകും നേരത്ത് തന്നോട് തോമസ് പറഞ്ഞത് നിമിഷയുടെ കാതുകളിലെത്തി.

ഞാനും ഈ വീടും എന്നും മോളോട് കടപ്പെട്ടിരിക്കുന്നു എന്നതായിരുന്നു അത്.

തോമസ് കുറെ നേരം കൂടി നിമിഷയുടെ അടുത്ത് സമയം ചെലവഴിച്ചിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്. അവര്‍ വീണ്ടും വിസിറ്റിംങ് റൂമിലെത്തി. അപ്പോഴേയ്ക്കും സൂസി മോരുംവെള്ളവുമായി വന്നുകഴിഞ്ഞിരുന്നു.

ചൂടിന് നല്ലതാ…

തോമസ് തടസ്സമൊന്നും പറയാതെ ഗ്ലാസ് വാങ്ങി.

ഒരിറുക്ക് മോരും വെള്ളംകുടിച്ചതിന് ശേഷം തോമസ് രാജുവിന്‍റെ മുഖത്തേക്ക് നോക്കി.

അപ്പോ പിന്നെയെങ്ങനെയാ പിള്ളേരുടെ കാര്യം…?

രാജുവിന്‍റെ മുഖത്തെ അതിശയം കണ്ടപ്പോള്‍ തോമസ് ചിരിയോടെ പറഞ്ഞു.

മനൂന്‍റേം മോള്‍ടേം കാര്യം…

അത്… അതു പിന്നെ…ഞാനെങ്ങനെയാ ഈ അവസ്ഥേല് പറയുന്നതെന്ന് വിചാരിച്ചിരിക്കുവായിരുന്നു. എല്ലാരും പറയുന്നത് നിമിഷയ്ക്ക് ഇപ്പോ ഏറ്റവും കൂടുതല്‍ ആവശ്യം മനൂന്‍റെ പ്രസന്‍സായിരിക്കുമെന്നാ. പോസിറ്റീവായി ഇനിയുള്ള ജീവിതത്തെ കാണാന്‍കൂടി അവള്‍ക്കത് ഉപകാരപ്പെട്ടേക്കുമെന്ന്. അതുകൊണ്ട് ഇത്രയും ആയ സ്ഥിതിക്ക് പറഞ്ഞുറപ്പിച്ചതുപോലെ തന്നെ…

തോമസിന്‍റെ മുഖം ഇരുണ്ടു.

ഞാന്‍ ഒരു കാര്യം പറയട്ടെ, എന്നോട് അലോഹ്യമൊന്നും തോന്നരുത്. എനിക്ക് നിമിഷ മോളോട് അന്നും ഇന്നും സ്നേഹം മാ ത്രമേയുള്ളൂ. പക്ഷേ…

പക്ഷേ… രാജു ചോദിച്ചു.

ഇനി ഈ വിവാഹം നടക്കില്ല.

അതു കേട്ടപ്പോള്‍ രാജു നിസ്സഹായനായി കണ്ണടച്ചു കളഞ്ഞു. അയാള്‍ക്ക് തോമസിന്‍റെ വാക്കുകള്‍ കടുത്ത ആഘാതമൊന്നും നല്കിയില്ല എന്ന് പറയുന്നതാവാം ശരി. തോമസിനെ മനസ്സിലാക്കിയിടത്തോളം അയാളുടെ അടുത്ത പടി അങ്ങനെതന്നെയായിരിക്കുമെന്ന് എന്തുകൊണ്ടോ അയാളുടെ മനസ്സ് പറഞ്ഞിരുന്നു.

ഇത്രയുമായ സ്ഥിതിക്ക്…സൂസി പെട്ടെന്ന് തളര്‍ന്നുപോയി.

അവന്‍ ഞങ്ങളുടെ മോളുടെ കഴുത്തില്‍ താലി വച്ചില്ലന്നല്ലേയുള്ളൂ. എത്ര വര്‍ഷത്തെ സ്നേഹമായിരുന്നു അവര്‍ തമ്മില്‍… കല്യാണം വരെ നമ്മള്‍ പറഞ്ഞുറപ്പിച്ചതല്ലായിരുന്നോ… സൂസി വിങ്ങിപ്പൊട്ടി. സൂസി… രാജു താക്കീതുപോലെ വിളിച്ചു. സൂസി പിന്നെ മിണ്ടിയില്ല. അവര്‍ കരഞ്ഞുകൊണ്ടിരുന്നു.

നമ്മളെല്ലാം മക്കളുടെ കാര്യത്തില്‍ നല്ലതുപോലെ സ്വാര്‍ത്ഥരാ… മക്കളുടെ ഭാവി… അവരെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍… കൊച്ചുമക്കള്‍.. തലമുറ… അതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാ… നിമിഷയുടെ സ്ഥാനത്ത് എന്‍റെ മോനായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നോ അതുതന്നെയേ ഞാനും ചെയ്യുന്നുള്ളൂ.

ശരിയാ തോമസ്… തോമസ് പറഞ്ഞത് എനിക്ക് മനസ്സിലാവും. രാജുവിന്‍റെ സ്വരം ദുര്‍ബലമായിരുന്നു. ഞാന്‍ അതിന് നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല… ഒരു അപ്പനെന്ന നിലയില്‍ തോമസിന്‍റെ നിലപാട് ശരി തന്നെയാ… പക്ഷേ എനിക്കറിയേണ്ടത് ഇത് തോമസിന്‍റെ തീരുമാനമാണോ അതോ മനു കൂടി അറിഞ്ഞുകൊണ്ടാണോ എന്നു മാത്രമാണ്..

തോമസിന് പെട്ടെന്ന് ഉത്തരം കിട്ടിയില്ല. പിന്നെ അയാള്‍ പറഞ്ഞു.

മനുവിനും ഇക്കാര്യത്തില്‍ മറ്റൊരു തീരുമാനമില്ല. പിന്നെ, കരഞ്ഞും കാലുപിടിച്ചുമൊക്കെ അവനെക്കൊണ്ട് ഈ കല്യാണത്തിന് സമ്മതിപ്പിച്ചാലും നിങ്ങളുടെ മോള്‍ അവനെന്നും ഭാരമായിരിക്കും.

എന്‍റെ മോള്‍ ആര്‍ക്കും ഒരു ഭാരമാകാനോ ആരെയെങ്കിലും അവളെ കെട്ടിയേല്പിക്കാനോ ഞാന്‍ ഒരുക്കമല്ല. അവള്‍ ഞങ്ങള്‍ക്ക് ഒരു ഭാരവുമല്ല. തോമസ് പൊയ്ക്കോളൂ. ഇനി ഇതേക്കുറിച്ച് നമുക്കിടയില്‍ ഒരു സംസാരമുണ്ടാവില്ല. ഉറപ്പ്. തോമസ് യാത്ര പോലും പറയാതെ പുറത്തേയ്ക്കിറങ്ങി. മുറിയിലെ സംസാരം മുഴുവന്‍ കേട്ട നിമിഷ ഹൃദയം നുറുങ്ങിക്കരയുകയായിരുന്നു അപ്പോള്‍.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org