സ്നേഹസീമ – 17

സ്നേഹസീമ – 17

വിനായക് നിര്‍മ്മല്‍

സൂസി പെട്ടെന്ന് നിമിഷയുടെ മുറിയിലേക്ക് ഓടിച്ചെന്നു. അകത്തെ മുറിയില്‍ നടന്ന സംസാരം നിമിഷ കേട്ടുകാണുമോയെന്ന് അവര്‍ പേടിച്ചിരുന്നു. വാതില്‍ തള്ളിത്തുറന്ന് ചെന്നപ്പോള്‍ തന്‍റെ ഊഹം ശരിയായിരുന്നുവെന്ന് സൂസിക്ക് മനസ്സിലായി. നിമിഷ ഇളംമുള കീറുംപോലെ കരയുകയായിരുന്നു. അത് കണ്ടു നില്ക്കുമ്പോള്‍ തന്‍റെ നെഞ്ച് ഉരുകുകയാണോയെന്ന് സൂസി സംശയിച്ചു.

ദൈവമേ ഈ കരച്ചില്‍ സഹിക്കാന്‍ കഴിയില്ല. മറ്റേതെങ്കിലും ഒരു അവസ്ഥയിലാണ് നിമിഷ കരയുന്നതെങ്കില്‍ തന്നെ ഇത്രമാത്രം ആ കരച്ചില്‍ തളര്‍ത്തുകയില്ലായിരുന്നുവെന്ന് സൂസി തിരിച്ചറിഞ്ഞു. പക്ഷേ ഈ അവസ്ഥ…

ദുര്‍ബലവും നിസ്സഹായവുമായ അവസ്ഥയില്‍ ഒരു വ്യക്തിയെ തളളിക്കളയുമ്പോഴാണ് അത് വലിയൊരു ആഘാതമായി അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് വൃദ്ധരുടെയും വിധവകളുടെയും രോഗികളുടെയും അംഗവിഹീനരുടെയും ഉപേക്ഷിക്കപ്പെടലുകള്‍ തീവ്രമായ അനുഭവമാകുന്നത്.

കാരണം അവര്‍ ദുര്‍ബലരാണ്. സ്വന്തമായി തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോകുന്നവര്‍… നിസ്സഹായര്‍.. ഇന്നലെ വരെ നിമിഷയ്ക്ക് ആരോഗ്യമുണ്ടായിരുന്നു. അവള്‍ സര്‍വ്വവിധ സ്വതന്ത്രയുമായിരുന്നു. ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവള്‍. പണം, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം.

എന്നാല്‍ ഇന്ന് അവള്‍ വിലയില്ലാത്തവളായി മാറിയിരിക്കുന്നു. അവള്‍ക്ക് സൗന്ദര്യമുണ്ട്. പണമുണ്ട്. അവള്‍ നേടിയെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയുമുണ്ട്. പക്ഷേ ഇല്ലാതെ പോയത് ആരോഗ്യമാണ്… നട്ടെല്ല് തകര്‍ന്നുപോകുമ്പോള്‍ ജീവിതം തന്നെയാണ് വിലയില്ലാതാകുന്നത്.

എല്ലാം തികഞ്ഞ അവസ്ഥയില്‍ അവഗണിക്കപ്പെടുന്നതല്ല ഒന്നും ഇല്ലാത്ത അവസ്ഥയില്‍ തിരസ്കരിക്കപ്പെടുന്നതാണ് സഹിക്കാനാവാതെ വരുന്നത്. ഇപ്പോള്‍ നിമിഷ ആ അവസ്ഥയിലാണ്…

മോളേ…

സൂസി കട്ടിലിലേക്ക് ചെന്നുവീണ് നിമിഷയെ കെട്ടിപിടിച്ചു.

അമ്മേ…

നിമിഷ വാവിട്ടു നിലവിളിച്ചു. അവള്‍ അപ്പോള്‍ മൂന്നോ നാലോ വയസ്സുള്ള ഒരു കുഞ്ഞ് മാത്രമായിരുന്നു. ഇത്രയുമേയുള്ളൂ സ്നേഹം. സ്നേഹം നിസ്വാര്‍ത്ഥമാണ്, അത് ത്യാഗമാണ് എല്ലാറ്റിനെയും അതിശയിക്കുന്നുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിമിഷയ്ക്ക് മനസ്സിലായി.

ഇവിടെ ആര് ആരെയെങ്കിലുമൊക്കെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അതൊക്കെ വ്യവസ്ഥകള്‍ക്ക് വിധേയമാണ്. നിന്നെ സ്നേഹിച്ചാല്‍ എനിക്കെന്തു കിട്ടും എന്ന് ചോദിക്കാതെ ചോദിക്കുന്ന സ്നേഹബന്ധങ്ങള്‍. ഞാന്‍ സ്നേഹിക്കുന്നതുപോലെ നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് എനിക്ക് തോന്നിയാല്‍ നിന്നോടുള്ള എന്‍റെ സ്നേഹത്തിന് അതിരുവയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്ന ഞാന്‍. നിന്‍റെ സ്നേഹം എന്‍റെ സ്നേഹം പോലെ ആകുന്നില്ല എന്ന് എനിക്ക് തോന്നിയാല്‍ പരാതി പറയുന്ന ഞാന്‍. ഇവിടെയെല്ലാം എവിടെയാണ് സ്നേഹമുള്ളത്?

താന്‍ സ്നേഹിക്കപ്പെട്ടിട്ടില്ലേ. നിമിഷ ആദ്യമായി സംശയിച്ചു. മനുവിനെ താന്‍ സ്നേഹിച്ചത് എന്തുകൊണ്ടായിരുന്നു. സൗന്ദര്യം കണ്ടിട്ടോ പണം കണ്ടിട്ടോ ആരോഗ്യം കണ്ടിട്ടോ വിദ്യാഭ്യാസം കണ്ടിട്ടോ… ഇല്ല. ഭൗതികമായി കണ്ടവയൊന്നും കൊണ്ടായിരുന്നില്ല താന്‍ അവനെ സ്നേഹിച്ചത്.

എന്തോ അവനെ സ്നേഹിക്കാന്‍ തോന്നി. ചെറുപ്രായം മുതല്ക്കേ മനസ്സില്‍ മൊട്ടിട്ട സ്നേഹം. മുതിരും തോറും ആ സ്നേഹത്തിന് പലപല നിറങ്ങള്‍. അതുകൊണ്ടുതന്നെ ജീവിക്കുന്നുവെങ്കില്‍ അത് അവനോടൊത്തായിരിക്കുമെന്ന് തീരുമാനിച്ചു. അവനൊപ്പം ജീവിക്കാന്‍ കഴിയാതെ പോയാല്‍ മറ്റൊരു ജീവിതം വേണ്ടെന്നും തീരുമാനിച്ചു.

കാരണം അവന് തന്നോടുള്ളത് നിര്‍വ്യാജമായ സ്നേഹമാണെന്നായിരുന്നു ധാരണ. പക്ഷേ ഇപ്പോള്‍ മനസ്സിലാവുന്നു അവന്‍റേത് സ്നേഹമായിരുന്നില്ല. ആരോഗ്യവും സൗന്ദര്യവും സമ്പത്തുമെല്ലാം ഉളളപ്പോള്‍ ഒരാളെ സ്നേഹിക്കുന്നുവെങ്കില്‍ ആ തോന്നലിന് സ്നേഹം എന്ന് പേരു പറയാന്‍ പോലും കഴിയില്ല. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ തിരികെ സ്നേഹിക്കുമ്പോള്‍ അതിനെ സ്നേഹമെന്ന് പറയാന്‍ കഴിയുമോയെന്ന് ക്രിസ്തു സംശയിക്കുന്നതുപോലെതന്നെയാണ് കാര്യങ്ങള്‍.

തനിക്കൊന്നും കിട്ടാതെ വരുമ്പോഴും തനിക്കെല്ലാറ്റിനെയുംകാള്‍ വലുതായി സ്നേഹിക്കാന്‍ ആരെയെങ്കിലും കഴിയുമ്പോള്‍ മാത്രമേ അത് സ്നേഹമാകുന്നുള്ളൂ. ഇവിടെ മനു തന്നെ സ്നേഹിച്ചിട്ടേയില്ല. നിമിഷ ആ വിചാരത്താല്‍ തകര്‍ന്നുപോയി. ഇത്രയും കാലം മനു തന്നെ സനേഹിക്കുന്നുവെന്ന് അവകാശപ്പെട്ടത് വെറും നുണയായിരുന്നോ. തന്‍റെ സ്ഥാനത്ത് മനുവായിരുന്നുവെങ്കില്‍… താന്‍ മനുവിനെ ഉപേക്ഷിക്കുമായിരുന്നോ?

ഇല്ല നിമിഷയ്ക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. ഒരുപക്ഷേ ആരോഗ്യമുള്ള മനുവിനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെങ്കില്‍ താന്‍ ചിലപ്പോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു. എങ്കില്‍ പോലും ആരോഗ്യം നശിച്ച മനുവിനെ ഉപേക്ഷിക്കാന്‍ ആരൊക്കെ ആവശ്യപ്പെട്ടാലും താന്‍ സന്നദ്ധയാകുകയില്ലായിരുന്നു. കാരണം ആരോഗ്യമുള്ളവര്‍ക്കല്ല രോഗമുള്ളവര്‍ക്കാണ് വൈദ്യനെ കൊണ്ടാവശ്യം. എന്നാല്‍ മനുവിന് അതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാതെ പോയല്ലോ? മനുവിന്‍റെ സ്നേഹം വ്യാജമായിരുന്നു. അത് സ്വാര്‍ത്ഥമായിരുന്നു. നിമിഷ തിരിച്ചറിഞ്ഞു. അവന്‍ മറ്റൊരു വിവാഹം കഴിക്കുന്നതായിരുന്നില്ല തന്നെ സ്നേഹം അവഗണിച്ചതായിരുന്നു നിമിഷയെ തകര്‍ത്തുകളഞ്ഞത്. തന്നെ വിവാഹം കഴിക്കാന്‍ അവനെ തടസ്സപ്പെടുത്തിയത് തന്‍റെ അനാരോഗ്യവും.

മോളേ… സൂസി വിളിച്ചു.

നീ കരഞ്ഞോ… മതിയാവോളം കരഞ്ഞോ… സൂസി അവളെ ആശ്വസിപ്പിച്ചു. അമ്മയുടെയും മകളുടെയും വിലാപങ്ങള്‍ മുറിക്കുള്ളില്‍ നിന്ന് ഉയരുമ്പോള്‍ സോഫയില്‍ ചാരിക്കിടന്ന രാജുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

**********

കോളിംങ് ബെല്‍ അടിക്കുന്നതു കേട്ടപ്പോള്‍ ബെഞ്ചമിനാണ് ചെന്ന് വാതില്‍ തുറന്നത്. വാതിലിനപ്പുറം നില്ക്കുന്ന മനുവിനെ കണ്ടപ്പോള്‍ അവന്‍റെ മുഖം മങ്ങി. നിമിഷയുമായിട്ടുള്ള വിവാഹം നടക്കാന്‍ സാധ്യതയുണ്ടായിരുന്നപ്പോഴും അവന് മനുവിനെ ഇഷ്ടമായിരുന്നില്ല. അനൂപിനെയായിരുന്നു തന്‍റെ ചേച്ചിയുടെ ഭര്‍ത്താവായി അവന്‍ മനസ്സില്‍ കണ്ടിരുന്നത്. ഇപ്പോള്‍ ആ വിവാഹത്തില്‍ നിന്ന് മനു പിന്തിരിഞ്ഞപ്പോള്‍ ആ ഇഷ്ടക്കേട് വെറുപ്പും വിദ്വേഷവുമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

ഊം എന്താ… കാരണവരുടെ മട്ടും ഭാവവും കലര്‍ന്നതായിരുന്നു ബെഞ്ചമിന്‍റെ ചോദ്യം.

എനിക്ക് നിമിഷയെ… അനുവാദത്തിനായി അപേക്ഷിക്കും മട്ടില്‍ മനു പറഞ്ഞു.

ഇനിയെന്തിനാ ഇയാള് എന്‍റെ ചേച്ചിയെ കാണുന്നെ… ബെഞ്ചമിന്‍റെ സ്വരം ഉയര്‍ന്നു.

ആരാ ബെഞ്ചമിന്‍ അവിടെ… രാജു അപ്പോള്‍ അവിടേയ്ക്ക് വന്നു. വാതില്ക്കല്‍ നിന്ന് ബെഞ്ചമിന്‍ കയ്യെടുക്കാതെ തന്നെ അകത്തേയ്ക്ക് തിരിഞ്ഞു. വാതിലിന് കുറുകെ വച്ച ബെഞ്ചമിന്‍റെ കൈകള്‍ക്കിടയിലൂടെ അങ്ങേ വശത്തുനില്ക്കുന്ന മനുവിനെ രാജു കണ്ടു. മനുവിനെ കണ്ടപ്പോള്‍ അയാള്‍ക്ക് സര്‍വ്വനിയന്ത്രണവും നഷ്ടമായി.

എന്താ വിവാഹം ക്ഷണിക്കാന്‍ വന്നതാണോ… രാജുവിന്‍റെ സ്വരം ഉയര്‍ന്നു.

നാട്ടുകാര് പറഞ്ഞുകേട്ടു. കല്യാണം ഉറപ്പിച്ചുവെന്ന്…

മനു മറുപടി പറയാതെ തല താഴ്ത്തി.

നിന്നെ സമ്മതിക്കണം, നന്ദി കെട്ടവന്‍… രാജു പല്ലിറുമ്മി.

നിന്നെ ഇവിടം വരെയെത്തിച്ചത് എന്‍റെ മോളാ… അത് ഈ നാട്ടുകാരും അടക്കം പറയുന്നുണ്ട്. അവളുടെ കണ്ണീര് നിന്‍റെ ജീവിതത്തിലെന്നും ഉണ്ടായിരിക്കും. ശാപം കണക്കെ രാജു പറഞ്ഞു. മനുവിന്‍റെ കണ്ണില്‍ നനവു പടര്‍ന്നു. പരാജിതനെപ്പോലെ, അപമാനിതനെപോലെ മനു പിന്തിരിയാന്‍ ഭാവിച്ചപ്പോള്‍ രാജുവിന്‍റെ പിന്നില്‍ നിന്ന് സൂസി അറിയിച്ചു.

മോള് പറഞ്ഞു, അവള്‍ക്കു മനുവിനെയൊന്ന് കാ ണണമെന്ന്… സംസാരിക്കണമെന്ന്.

ഇനിയെന്തു സംസാരിക്കാന്‍… രാജുവിന് അതാണ് മനസ്സിലാവാതെ പോയത്.

അവള്‍ക്കിനിയും മനസ്സിലായില്ലേ ഇവനെ… കഷ്ടം. രാജു ആത്മനിന്ദയോടെ പറഞ്ഞു.

എന്തായാലും ഇനിയൊരിക്കലും അവര്‍ തമ്മില്‍ കാണില്ലല്ലോ… അവസാനമായിട്ട്… അങ്ങനെയാ മോള് പറഞ്ഞത്..

സൂസി ആവര്‍ത്തിച്ചു. രാജു നെടുവീര്‍പ്പെട്ടു.

നില്ക്ക്… പുറംതിരിഞ്ഞ മനുവിനോടായി രാജു പറഞ്ഞു. മനു തിരിഞ്ഞുനിന്നു.

ചെല്ല്…

മനു തല കുനിച്ച് നിമിഷയുടെ മുറിയിലേക്ക് നടന്നു. കുറ്റക്കാരനെന്ന് എല്ലാ തെളിവുകളും അടിവരയിട്ട് വ്യക്തമാക്കിയ ഒരു കുറ്റവാളി ന്യായാധിപന്‍റെ മുമ്പിലേക്ക് നടന്നുപോകുന്നതുപോലെയായിരുന്നു മനു നിമിഷയുടെ മുറിയിലേക്ക് നടന്നത്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org