Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 18

സ്നേഹസീമ – 18

Sathyadeepam

വിനായക് നിര്‍മ്മല്‍

മുമ്പില്‍ നില്ക്കുന്നത് താന്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരാളാണ് എന്ന് മനുവിനെ കണ്ടപ്പോള്‍ നിമിഷയ്ക്ക് തോന്നി. വര്‍ഷങ്ങളുടെ മുന്‍പരിചയമില്ലാത്ത ഒരാള്‍… അല്ലെങ്കില്‍ ഏതോ ഒരാള്‍. നിമിഷ മനസ്സിനെ അങ്ങനെ പലതവണ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് മനുവിനെ നോക്കിയത്. മനുവിന് അവളുടെ നോട്ടം കാണാന്‍ കരുത്തുണ്ടായിരുന്നില്ല, നേരിടാന്‍തക്ക ശേഷിയുമുണ്ടായിരുന്നില്ല. പ്രധാനാധ്യാപകന്‍റെ മുമ്പില്‍ തെറ്റ് ചെയ്തിട്ട് ശിക്ഷ കാത്തുനില്ക്കുന്ന ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു അപ്പോള്‍ മനു.

എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും അറിയാതെ അവനെ വിഷമം ബാധിച്ചു. താന്‍ എന്തിനാണ് ഇവിടേയ്ക്ക് വന്നതെന്നു പോലും ഒരു നിമിഷം അവന്‍ മറന്നുപോയിരുന്നു.

മനൂ… നിമിഷ വിളിച്ചു.

എന്താ ഇങ്ങനെ…? അവളുടെ തൊണ്ടയ്ക്ക് പതര്‍ച്ചയുണ്ടായിരുന്നു.

…എന്തെങ്കിലും പറയൂന്നേ… നിമിഷ ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍… മനുവിന് വാക്കുകള്‍ കിട്ടിയില്ല.

എനിക്കറിയാം മനൂന്‍റെ പ്രോംബ്ല്സ്. മനൂന്‍റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ഇങ്ങനെയേ ചെയ്യൂ. അതോണ്ട് അനാവശ്യമായ കുറ്റബോധമൊന്നും മനസ്സില്‍ കരുതണ്ടാ.. എന്താ ആ കൂട്ടീടെ പേര്?

അനു; മനു മറുപടി പറഞ്ഞു.

അനുവും മനുവും; നല്ല ചേര്‍ച്ച. ഫോട്ടോയൊന്ന് കാണിക്കൂ…

മനു മടിച്ചുമടിച്ചു മൊബൈലില്‍ നിന്ന് ഫോട്ടോ കാണിച്ചു.

നല്ല കുട്ടി. എനിക്കിഷ്ടമായി. സങ്കടം കടിച്ചമര്‍ത്തിക്കൊണ്ടാണ് നിമിഷ അത് പറഞ്ഞത്. ഇവിടെ ഈ നിമിഷം താന്‍ കരയുകയോ പൊട്ടിത്തെറിക്കുകയോ ചെയ്താല്‍ അവിടെ തന്‍റെ പരാജയമാണെന്ന് അവള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

എന്നെ ശപിക്കരുത്. മനു പെട്ടെന്ന് നിമിഷയുടെ കാല്‍പ്പാദങ്ങളില്‍ തൊട്ടു.

മനൂ… അവന്‍റെ കരം തന്‍റെ പാദങ്ങളിലേക്ക് നീളുന്നതറിഞ്ഞും അവിടെ കരം പതിയുന്നത് കണ്ടും അമ്പരപ്പോടെ നിമിഷ വിളിച്ചു.

എന്തായിത്…?

പപ്പ നിര്‍ബന്ധിച്ചപ്പോ… എനിക്ക് ഇതല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. ചെയ്യുന്നത് തെറ്റാണെന്നറിയാം. പക്ഷേ… മനു എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.

ഇതില്‍ എവിടെയാണ് മനൂ തെറ്റ്… നിമിഷ അവനെ ആശ്വസിപ്പിച്ചു. താന്‍ അവനെ കുറ്റപ്പെടുത്തിയാല്‍ അത് അവന് സഹിക്കാന്‍ കഴിയില്ലെന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് കടന്നുവന്നു. താന്‍ വേദനിച്ചാലും സങ്കടപ്പെട്ടാലും അവന്‍റെ മനസ്സ് സങ്കടപ്പെടാന്‍ പാടില്ല. വേദനിപ്പിക്കുന്നവരെ തിരികെ വേദനിപ്പിക്കുമ്പോള്‍ അവിടെ സ്നേഹത്തിന്‍റെ പേരു പറഞ്ഞുള്ള മേനി നടിക്കലുകളില്ല. വേദന തന്നവരെയും ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് നമ്മുടേത് സ്നേഹമാകുന്നുള്ളൂ. താന്‍ മനുവിനെ സ്നേഹിച്ചിരുന്നുവെങ്കില്‍, അവനില്‍നിന്ന് തിരികെയൊന്നും പ്രതീക്ഷിക്കാതെയാണ് സ്നേഹിച്ചിരുന്നതെങ്കില്‍ തന്നെ വേദനിപ്പിക്കുന്ന ഈ നിമിഷങ്ങളിലും അവനെ താന്‍ സ്നേഹിക്കണം. മറിച്ച് തന്നെ അവന്‍ വേദനിപ്പിക്കുമ്പോള്‍ തിരികെ താന്‍ അതേപോലെയാണ് പ്രതികരിക്കുന്നതെങ്കില്‍ തന്‍റെ സ്നേഹത്തിന് സ്വാര്‍ത്ഥതയുണ്ടായിരുന്നുവെന്നാണ് അര്‍ത്ഥം.

ജീവിതം ഒന്നല്ലേയുള്ളൂ മനൂ. അപ്പോ നമുക്കതിന് പലര്‍ക്കും ഉത്തരം കൊടുക്കേണ്ടിവരും. മനു ചെയ്യുന്നത് ശരിയാണ്. ശരി മാത്രമാണ്. മനു ഒറ്റ മകനാണ്. തറവാട് അന്യം നിന്നുപോകുക അങ്ങനെ കാരണവന്മാര്‍ നോക്കുമ്പോ പല പ്രശ്നങ്ങളും കാണും. അര്‍ഹതയില്ലാത്തത് നാം ഒരിക്കലും ആഗ്രഹിക്കരുത്. ഈ അവസ്ഥയിലും മനുവുമൊത്തുള്ള ജീവിതം ഞാന്‍ ആഗ്രഹിച്ചുവെന്നതാണ് എന്‍റെ തെറ്റ്. അതൊരു തെറ്റായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. സാരമില്ല മനൂ… ഇപ്പോ ഇതൊക്കെ സംഭവിച്ചത് നല്ലതാണെന്നാ എനിക്ക് തോന്നുന്നത്. കാരണം ഒരു താലിച്ചരട് കഴുത്തില്‍ വീണുകഴിഞ്ഞിട്ടായിരുന്നു ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെങ്കില്‍ അത് ഒരാള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ബുദ്ധിമുട്ടായേനേ. ഇതിപ്പോ ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ? പിന്നെ മനൂ, അനുവിനോട് ഒരിക്കലും എന്‍റെ കാര്യം പറയരുത്. തന്‍റെ ഭര്‍ത്താവ് വിവാഹത്തിന് മുമ്പാണെങ്കില്‍ പോലും മറ്റൊരുവളെ സ്നേഹിച്ചിരുന്നുവെന്ന് അറിയുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ഭര്‍ത്താവിന്‍റെ സ്നേഹം മുഴുവന്‍ തനിക്ക് മാത്രം സ്വന്തമായി കിട്ടണമെന്നാ ഏതൊരു ഭാര്യയുടെയും ആഗ്രഹം. അമ്മയെ പോലും കൂടുതലായി സ്നേഹിക്കുന്നത് ഒരു ഭാര്യ ഇഷ്ടപ്പെടുകയില്ല. അതോണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം ഇവിടെ വച്ച് തീര്‍ന്നു. ഇനിയൊരിക്കലും എന്നെ കാണാനായി മനു വരരുത്… ഇല്ല അതുണ്ടാവില്ലെന്നും എനിക്കറിയാം. മനു പൊയ്ക്കോളൂ.

നിമിഷാ… മനു എന്തോ പറയാന്‍ ഭാവിച്ചു.

പ്ലീസ് മനൂ, എനിക്ക് നല്ല തലവേദന തോന്നുന്നു. നിമിഷ അസ്വസ്ഥതയോടെ തലയില്‍ തൊട്ടുകൊണ്ട് പറഞ്ഞു. മനു നിസ്സഹായനും ദയനീയനുമായി പുറം തിരിഞ്ഞു. ചെയ്യുന്നതിലെ ശരിയും തെറ്റും തമ്മില്‍ അവനില്‍ കൂട്ടിമുട്ടുകയായിരുന്നു. നിമിഷയെ അവളുടെ ജീവിതത്തിന്‍റെ ഏറ്റവും നിസ്സഹായാവസ്ഥയില്‍ താന്‍ ഉപേക്ഷിച്ച് മടങ്ങുകയാണ്.

തന്നെ മാത്രം സ്നേഹിച്ചവള്‍… തനിക്ക് വേണ്ടി കാത്തിരുന്നവള്‍. തന്നോടുള്ള ജീവിതത്തിന് വേണ്ടി ഏതറ്റംവരെയും പൊരുതിയവള്‍. ഒടുവില്‍ ഒരുമിച്ചൊരു ജീവിതം എന്നു വന്നപ്പോഴേയ്ക്കും വിധി തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങള്‍ക്കൊപ്പം ചിതറിത്തെറിക്കപ്പെട്ടവള്‍. ജീവിതത്തില്‍ സംഭവിക്കുന്നവയെല്ലാം മനുഷ്യനെ സംബന്ധിച്ച് ആകസ്മികമാണ്. അവന്‍ വിചാരിക്കുന്നു താന്‍ പ്ലാന്‍ ചെയ്തത് അനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്ന്. പക്ഷേ അവന്‍റെ പ്ലാനുകളെ വെല്ലുവിളിച്ചു ദൈവം തന്‍റെ പദ്ധതി കള്‍ നടപ്പില്‍ വരുത്തുന്നു. അതുകൊണ്ടുതന്നെ നാളെയെക്കുറിച്ചുള്ള അവന്‍റെ അതിരുകടന്ന സ്വപ്നങ്ങള്‍ക്കും ആത്മവിശ്വാസത്തിനും എന്തു വില?

മനു പുറത്തേയ്ക്കിറങ്ങിയത് സൂസിയുടെ മുമ്പിലേക്കാണ്. സൂസി മുറിയുടെ വെളിയില്‍ സംസാരം ശ്രവിച്ച് നില്ക്കുകയായിരുന്നു. സൂസി നോക്കിയപ്പോള്‍ മനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടു. ആ നിമിഷങ്ങളില്‍ സൂസിക്ക് മനുവിനോടുള്ള എല്ലാ ദേഷ്യവും പെട്ടെന്ന് അലിഞ്ഞു പോയി അവന്‍റെയുള്ളില്‍ വേദനയുണ്ട്… കുറ്റബോധമുണ്ട്. പക്ഷേ… എല്ലാ മനുഷ്യര്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തി ഈ ലോകത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് സൂസിക്ക് തോന്നി. ആര്‍ക്കും മറ്റുള്ളവരുടെ ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ താല്പര്യവുമില്ല. മനു ഒന്നും പറയാതെ പുറത്തേയ്ക്ക് നടന്നപ്പോള്‍ സൂസി നിമിഷയുടെ മുറിയിലേക്ക് കയറിച്ചെന്നു.

മനു പോയോ? നിമിഷ ചോദിച്ചു

ഉം.

പെട്ടെന്ന് അതുവരെ അടക്കിവച്ച സങ്കടം മുഴുവന്‍ നിമിഷയില്‍ നിന്ന് പൊട്ടിയൊലിച്ചു. അതൊരു ഉരുള്‍പ്പൊട്ടല്‍ പോലെയായിരുന്നു. ജീവിതത്തില്‍ ഇനിയൊരിക്കലും തനിക്ക് പഴയതുപോലെ ജീവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോള്‍പോലും നിമിഷ ഇതുപോലെ കരഞ്ഞിട്ടില്ലായിരുന്നുവെന്നാണ് സൂസി ഓര്‍മ്മിച്ചത്. അപ്പോഴൊക്കെ അവളുടെ പ്രതീക്ഷ മനു തനിക്കൊപ്പമുണ്ട് എന്നതായിരുന്നു. തന്നെ മനു ഏതവസ്ഥയിലും കൈവിടുകയില്ല എന്നതായിരുന്നു. പക്ഷേ കോര്‍ത്തുപിടിച്ചിരുന്ന മനുവിന്‍റെ കരം വിട്ടുപോയപ്പോള്‍ അവള്‍ ആകെ തകര്‍ന്നുപോയിരിക്കുന്നു. ഇനി അവളുടെ മുമ്പില്‍ ശൂന്യത മാത്രം. ജീവിതത്തില്‍ ഇരുട്ട് മാത്രം. സ്ത്രീയുടെ ജീവിതത്തിന്‍റെ സന്തോഷവും ആകെത്തുകയും പുരുഷനൊരുവന്‍റെ സംരക്ഷണവും കരുതലുമാണോ? ആര്‍ക്കറിയാം. ആ നിമിഷങ്ങളില്‍ കരയാതെയും സങ്കടപ്പെടാതെയും അവളുടെ മുമ്പില്‍ മറ്റൊരു വഴിയും ഇല്ലെന്നോ?

മോളേ… പതിവുപോലെ സൂസിയും മകളുടെ ഒപ്പം കരച്ചിലില്‍ പങ്കുചേര്‍ന്നു. വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍ എന്നും നിറഞ്ഞൊഴുകുന്ന നാലു കണ്ണുകള്‍ എന്നതുപോലെയും കുരിശിന്‍റെ വഴിയിലെ കണ്ടുമുട്ടല്‍ പോലെയുള്ള അനുഭവമായിരുന്നു അത്. പെട്ടെന്ന് തന്നെ നിമിഷയുടെ കരച്ചില്‍ നിലച്ചു.

ഇല്ല… ഞാന്‍ ഇനി കരയുന്നില്ല… എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അവളുടെ വാക്കുകള്‍.

അല്ല ഞാനെന്നാത്തിനാ ചുമ്മാ കരയുന്നെ… നിമിഷ ചിരിച്ചു.

അമ്മ പൊയ്ക്കോ… ഞാന്‍ കുറച്ചുനേരം തനിച്ച് കിടന്നോട്ടെ.

സൂസി നെടുവീര്‍പ്പോടെ നിമിഷയെ നോക്കിക്കൊണ്ട് പിന്തിരിഞ്ഞു.

രാത്രിയില്‍ മുഴുവന്‍ നിമിഷ വളരെ പ്രസന്നയായിരുന്നു. പകല്‍ മനു വന്നതോ സംസാരിച്ചതോ തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു അവളുടെ പ്രതികരണം മുഴുവന്‍. നിമിഷയെ രാത്രിയില്‍ പുതപ്പിച്ച് കിടത്തി പതിവുപോലെ നെറ്റിയില്‍ ഒരു ഉമ്മയും നല്കിയാണ് സൂസി കിടക്കാന്‍ പോയത്. ഗുഡ് നൈറ്റ് അമ്മേ… നിമിഷ ആശംസിച്ചു. നിമിഷ പതിവില്ലാത്തവിധം സന്തോഷവതിയായത് സൂസിയെ അമ്പരപ്പിച്ചു. അവള്‍ അഭിനയിക്കുന്നതോ അതോ യഥാര്‍ത്ഥത്തില്‍ സന്തോഷം അനുഭവിക്കുന്നതോ. സൂസി സംശയിച്ചു. രാത്രിയില്‍ ഒരു ദുഃസ്വപ്നം വന്ന് ഉണര്‍ത്തിയതുപോലെ സൂസി ഉറക്കമുണര്‍ന്നു. സൂസിക്കെന്തോ അസ്വഭാവികത തോന്നി. അവര്‍ വേഗം നിമിഷയുടെ അടുക്കലെത്തി. മോളേ സൂസി വിളിച്ചുകൊണ്ട് നിമിഷയുടെ അരികിലേക്ക് ചെന്നു. അടുത്ത മാത്രയില്‍ അവര്‍ ഉറക്കെ അലറിവിളിച്ചു. മോളേ…

കട്ടിലില്‍ നിന്ന് പുറത്തേയ്ക്ക് നീണ്ടു കിടക്കുന്ന നിമിഷയുടെ കൈത്തണ്ടയില്‍നിന്ന് ചോര ഒലിച്ചിറങ്ങുകയായിരുന്നു അപ്പോള്‍. താഴെ ഒരു രക്തക്കുളവും.

(തുടരും)

Leave a Comment

*
*