സ്നേഹസീമ – 19

സ്നേഹസീമ – 19

വിനായക് നിര്‍മ്മല്‍

കണ്ണ് തുറന്നു നോക്കിയ നിമിഷയ്ക്ക് ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്? സ്വര്‍ഗത്തിലോ അതോ നരകത്തിലോ? അവളുടെ കണ്ണുകള്‍ക്ക് മുമ്പില്‍ സൂസിയുടെ മുഖം തെളിഞ്ഞു; രാജുവിന്‍റെയും. ഇവരും തന്‍റെ കൂടെയുണ്ടോ? മക്കളുടെ ഏതവസ്ഥയിലും അവരെ വിടാതെ പിന്തുടരുന്നത് മാതാപിതാക്കള്‍ മാത്രമാണോ? ഏതവസ്ഥയിലും അവരെ സ്വീകരിക്കാനും സ്നേഹിക്കാനും കഴിയുന്നത് മാതാപിതാക്കള്‍ക്ക് മാത്രമാണോ? തിരിച്ചൊന്നും കിട്ടാതെ വരുമ്പോഴും കൊടുക്കുന്നതിന് അനുസരിച്ച് കിട്ടാതെ വരുമ്പോഴും പരാതി പറയാതെ മക്കളുടെ പുറകെ പിന്തുടരുന്ന സ്നേഹങ്ങള്‍. അതാണ് മാതാപിതാക്കള്‍. സുഹൃത്തുക്കള്‍ ലാഭനഷ്ടങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ പിരിഞ്ഞുപോകും. കാമുകീകാമുകന്മാര്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ പോലും അകന്നുപോകും. ഭാര്യഭര്‍ത്താക്കന്മാരുടെ സ്നേഹങ്ങള്‍ പോലും ചില ഘട്ടം കഴിയുമ്പോള്‍ മന്ദതയിലാകും. പക്ഷേ മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹത്തിന്‍റെ കാര്യത്തില്‍ കുറവു വരുന്നതേയില്ല. അവര്‍ വിവാഹിതരാകുമ്പോഴും വൃദ്ധരായിക്കഴിയുമ്പോള്‍ പോലും. അവരുടെ മനസ്സില്‍ മക്കള്‍ എന്നും പൊടിക്കുഞ്ഞുങ്ങള്‍തന്നെ. എന്നിട്ടും അതൊന്നും ഓര്‍ക്കാതെയല്ലേ അതുവരെ വളര്‍ത്തിവലുതാക്കിയ മക്കള്‍ ഇന്നലെ കണ്ട ഒരാളുടെ പുറകെ കൈകോര്‍ത്ത് നടന്നുപോകുന്നത്. വിവാഹം കഴിയുന്നതോടെ മാതാപിതാക്കള്‍ അവഗണിക്കപ്പെട്ടവരായി മാറുന്നത്. മക്കള്‍ എന്നും സ്വാര്‍ത്ഥരാണ്, നന്ദികെട്ടവരാണ്. ഇന്നലെത്തെ മക്കള്‍ ഇന്ന് മാതാപിതാക്കളാകുമ്പോഴും. മാതാപിതാക്കളാകുന്നതോടെ മക്കളുടെ വ്യക്തിത്വം മറ്റൊരു രീതിയിലേക്ക് ഉയരപ്പെടുകയാണെന്ന് തോന്നുന്നു.

മോളേ… നിമിഷ ചുറ്റിനും നോക്കുന്നതു കണ്ടപ്പോള്‍ സൂസി നെഞ്ച് പൊട്ടി വിളിച്ചു.

ഞാന്‍… ഞാന്‍ മരിച്ചില്ലേ…? നിമിഷ ചോദിച്ചു. അപ്പോള്‍ രാജുവിന് തന്‍റെ ചങ്ക് പൊട്ടുകയാണെന്ന് തോന്നി.

കൈത്തണ്ടയിലെ രക്തം വാര്‍ന്ന് മകള്‍ കിടക്കുന്ന കാഴ്ചയാണ് അയാളുടെ ഓര്‍മ്മയിലേക്ക് വന്നത്. എങ്ങനെ അവള്‍ക്കത് സാധിച്ചുവെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ നടുക്കമുണ്ടാക്കുന്നു. ഒരു നിമിഷം താന്‍ വൈകിയിരുന്നുവെങ്കില്‍… സൂസി അതേക്കുറിച്ചാണ് ആലോചിച്ചത്. തന്‍റെ മോള്‍ ഇപ്പോള്‍ ഈ ലോകത്ത് കാണുകയില്ലായിരുന്നു. ഹോ, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിച്ചുപോകുകയോ അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്യുന്നതാണ് ഈ ലോകത്തില്‍ ഒരു അപ്പനെയും അമ്മയെയും സംബന്ധിച്ച ഏറ്റവും വലിയ ദുരിതം. അതിനപ്പുറം അവര്‍ക്കൊന്നും സംഭവിക്കാനില്ല.

എന്നെ എന്തിനാ രക്ഷിച്ചെ…? ഞാന്‍ മരിച്ചുപോകില്ലായിരുന്നോ… നിമിഷ നഷ്ടബോധത്തോടെ ചോദിച്ചു.

ആര്‍ക്കും വേണ്ടാതെ, എല്ലാര്‍ക്കും ഭാരമായിട്ട്… നിമിഷയുടെ വാക്കുകള്‍ പതറി.

ആരാ മോളേ പറഞ്ഞത് നിന്നെ ആര്‍ക്കും വേണ്ടെന്ന്… നീയൊരു ഭാരമാണെന്ന്… രാജു ചോദിച്ചു.

നിമിഷ മുഖം പൊത്തി കരഞ്ഞു.

നീയിനി കരയരുത്. സൂസി അവളുടെ കണ്ണീരു തുടച്ചുകൊടുത്തു. അപ്പോള്‍ ഡോക്ടറും സിസ്റ്റേഴ്സും കൂടി മുറിയിലേക്ക് വന്നു. ഒരു ചെറുപ്പക്കാരനായിരുന്നു ഡോക്ടര്‍. രാജുവും സൂസിയും പുറത്തേയ്ക്കിറങ്ങി.

ഹായ് നിമിഷ – ഡോ. സുനില്‍ അഭിവാദ്യം ചെയ്തു.

ഇപ്പോ എന്തു തോന്നുന്നു…?- ഡോക്ടര്‍ ചോദിച്ചു.

രക്ഷപ്പെടണ്ടായിരുന്നുവെന്ന്… നിമിഷ തന്‍റെ മനസ്സിലെ തോന്നല്‍ മറച്ചുവച്ചില്ല.

എനിക്ക് മരിച്ചാല്‍ മതിയായിരുന്നു. നമ്മുടെ നാട്ടിലും ദയാവധം നിയമമാക്കണം. എന്തിനാ എന്നെപ്പോലെയുള്ളവര്‍…

ഡോക്ടര്‍ സുനില്‍ അതു കേട്ടു ചിരിച്ചു.

നമ്മള്‍ നമുക്കു വേണ്ടിയാണ് ജനിച്ചിരിക്കുന്നതെന്നും ജീവിച്ചിരിക്കുന്നതെന്നും തോന്നുന്നതുകൊണ്ടാണ് നിമിഷ ഇങ്ങനെ പറയുന്നത്. നമ്മള്‍ ജനിച്ചതും ജീവിച്ചിരിക്കുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാണ് എന്ന് തിരിച്ചറിയുമ്പോള്‍ ഈ നിരാശയും സങ്കടവുമൊക്കെ മാറിക്കോളും. നമ്മുടെ ജീവിതം കൊണ്ട് നമുക്കല്ല നിമിഷാ പ്രയോജനം മറ്റുള്ളവര്‍ക്കാണ്. അങ്ങനെ പ്രയോജനപ്പെടുന്ന രീതിയില്‍ ജീവിക്കുമ്പോള്‍ മാത്രമേ ജീവിതത്തിന്‍റെ അര്‍ത്ഥം നമുക്ക് തന്നെ പിടികിട്ടൂ.

ഈ ജീവിതംകൊണ്ട് ഇനി ആര്‍ക്ക് എന്തു പ്രയോജനം? നിമിഷ ആത്മനിന്ദയോടെ ചിരിച്ചു.

ശാരീരികക്ഷമതയാണോ ജീവിതവിജയം നിശ്ചയിക്കുന്നത്? നിമിഷയുടെ ചോദ്യത്തെ ഡോക്ടര്‍ മറ്റൊരു ചോദ്യം കൊണ്ട് നേരിട്ടു. ഒരു വീല്‍ച്ചെയറിലിരുന്നുകൊണ്ട് തന്നെ ഈ ലോകത്തെ വിസ്മയിപ്പിച്ച ഒരുപാടു പേരില്ലേ… സ്റ്റീഫന്‍ ഹോക്കിന്‍സിനെപ്പോലെയുള്ളവര്‍… അത്രയും പ്രശസ്തരല്ലാത്ത, നമ്മുടെ ചുറ്റുവട്ടങ്ങളില്‍ പോലുമുണ്ട് ഒരുപിടി ജീവിതങ്ങള്‍. ന്യൂസ്പേപ്പറുകളിലെ പ്രാദേശികപേജില്‍ വരുന്ന വാര്‍ത്തകളില്‍ നമുക്കവരെ കാണാം. നിമിഷയുടെ അത്ര സാമ്പത്തികസുരക്ഷിതത്വമോ കുടുംബത്തിന്‍റെ സപ്പോര്‍ട്ടോ ഒന്നുമില്ലാത്തവരായിരുന്നിട്ടും അവര്‍ എത്രയോ പോസിറ്റീവായിട്ടാണ് ജീവിതത്തെ കാണുന്നത്. മാറ്റാന്‍ കഴിയാത്ത ആയിരിക്കുന്ന അവസ്ഥകളിലായിരുന്നുകൊണ്ട് ജീവിതത്തെ നല്ല രീതിയില്‍ നോക്കിക്കാണുക അതാണ് ഇനി നിമിഷ ചെയ്യേണ്ടത്. ഞാന്‍ പിന്നെ വരാം.

ഡോക്ടര്‍ പെട്ടെന്ന് തന്നെ തിരിഞ്ഞുനിന്നിട്ട് പറഞ്ഞു:

ഒരു കാര്യം പറയാന്‍ മറന്നു. ദയാവധം. ഹണിമൂണ്‍ യാത്രയ്ക്കിടയിലുണ്ടായ ഒരു അപകടം. വര്‍ഷം അഞ്ചായി. എന്‍റെ ഭാര്യ ഇപ്പോഴും കോമാ സ്റ്റേജിലാണ്. എനിക്കും തോന്നിയിട്ടുണ്ട്, നിമിഷ പറഞ്ഞതുപോലെ ഒരു ദയാവധം. അങ്ങനെയെങ്കില്‍ എനിക്കൊരു ജീവിതം ഉണ്ടാകും. പക്ഷേ ഞാന്‍ അത് ചെയ്താല്‍ പത്തു വര്‍ഷം സ്നേഹിച്ച് വിവാഹം കഴിച്ച അവളോടുള്ള എന്‍റെ സ്നേഹത്തിന്, അവള്‍ എനിക്ക് നല്കിയ സ്നേഹത്തിന് എന്തു വില? മാത്രവുമല്ല ഇന്ന് എന്‍റെ ഭാര്യയ്ക്ക് സംഭവിച്ചത് നാളെ എനിക്കും സംഭവിച്ചുകൂടായ്കയില്ല. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ നമ്മളൊക്കെ എപ്പോള്‍ വേണമെങ്കിലും വീണുപോകാവുന്നവരാണ്. കിടന്നുപോകാവുന്നവരും. അതുകൊണ്ട് ഇനി നിമിഷ ചിന്തിക്കേണ്ടത് ദയാവധത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ അല്ല, ബാക്കിയുള്ള ജീവിതത്തെക്കുറിച്ചാണ്.

ഡോക്ടറും സംഘവും മുറി വിട്ടിറങ്ങി. നിമിഷ ഡോക്ടറുടെ വാക്കുകളുമായി കൂട്ടുചേര്‍ന്ന് കിടന്നു.

****    *******    ****

മുറിയുടെ വാതിലുകളും ജനാലകളും അടഞ്ഞുകിടന്നു. ജനലുകള്‍ക്കപ്പുറമുള്ള വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് നിമിഷ ഭാവനയില്‍ കണ്ടു. അലങ്കരിച്ച ആ വാഹനങ്ങളിലൊന്നില്‍ മനുവുണ്ടാകും. ഇന്ന് മനുവിന്‍റെ വിവാഹമാണ്. മനുവും അനുവും. നിമിഷയുടെ കണ്ണുകള്‍ ഇരുവശങ്ങളിലൂടെ നിറഞ്ഞൊഴുകി. എത്രയോ കാലങ്ങളുടെ സ്വപ്നമാണ് ഇത് കടലെടുത്തുകൊണ്ടുപോയിരിക്കുന്നത്. എത്ര മറക്കാന്‍ ശ്രമിച്ചാലും ആ ഓര്‍മ്മകളില്‍ നിന്ന് തനിക്കൊരിക്കലും മോചനം ഉണ്ടാവില്ലെന്ന് നിമിഷയ്ക്ക് തോന്നി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്ക് പെട്ടെന്ന് പോസിറ്റിവാകാനും കഴിയില്ല. അപ്പോഴാണ് മുറിവാതില്‍ തുറക്കപ്പെട്ടത്. സൂസിയായിരിക്കുമെന്നാണ് നിമിഷ കരുതിയത്. പക്ഷേ അവളൊരിക്കലും പ്രതീക്ഷിക്കാത്ത ആളായിരുന്നു അതിഥി. അനൂപ്. അയാള്‍ക്ക് പിന്നില്‍ സൂസിയുടെ തലവെട്ടവും നിമിഷ കണ്ടു. അയാള്‍ മുറിയിലേക്ക് വന്നപ്പോള്‍ വിലകൂടിയ പെര്‍ഫ്യൂമിന്‍റെ ഗന്ധം അവിടെയെങ്ങും നിറഞ്ഞു. അനൂപിനെന്നും ഈ ഗന്ധം തന്നെയായിരുന്നുവല്ലോയെന്ന് ആ അവസ്ഥയിലും നിമിഷ ഓര്‍മ്മിച്ചെടുത്തു.

നിമിഷാ… അനൂപ് അസാധാരണമായിട്ടൊന്നും സംഭവിക്കാത്തതുപോലെ കസേര വലിച്ചിട്ട് നിമിഷയുടെ അരികിലിരുന്നു. അയാളുടെ കൈയില്‍ റോസാപ്പൂക്കള്‍ കൊണ്ടുള്ള ഒരു ബൊക്കെയുമുണ്ടായിരുന്നു.

അനൂപ് അത് കട്ടിലിന്‍റെ അരികില്‍ വച്ചു.

ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നോ ഒരു ഫിലിം പ്രൊഡ്യൂസ് ചെയ്യുന്ന കാര്യം. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുവാ… അതിന്‍റെ തിരക്കിലായിരുന്നു. അതാ കുറേ നാളായി വരാതിരുന്നെ. പക്ഷേ വിവരങ്ങളൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. നിമിഷ ഇത്ര സില്ലിയാണെന്ന് എനിക്കിപ്പോഴാ മനസ്സിലായെ. ഞാന്‍ കരുതിയത് നിമിഷ ആളൊരു ബോള്‍ഡാണെന്നായിരുന്നു.

അനൂപ് ചിരിച്ചു.

എന്നെ പരിഹസിക്കാന്‍ വന്നതാണോ… എന്‍റെ വീഴ്ച കണ്ട് ആനന്ദിക്കാന്‍…? അതും ഈ ദിവസം… മനുവിന്‍റെ കല്യാണ ദിവസം തന്നെ.. നിമിഷക്ക് സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു.

എന്‍റെ ഈ അവസ്ഥയില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് നിങ്ങളാണെന്ന് എനിക്കറിയാം. കാരണം നിങ്ങളെ ഞാന്‍ അത്രയധികം അപമാനിച്ചിട്ടുണ്ട്… നിഷേധിച്ചിട്ടുണ്ട്.

നിമിഷാ… അനൂപിന്‍റെ മുഖത്തെ തെളിച്ചം മങ്ങി.

എന്നെ അത്രയ്ക്കൊരു ദുഷ്ടനായിട്ടാണോ നിമിഷ കരുതിയിരിക്കുന്നത്?

ദുഷ്ടനാണോ ക്രൂരനാണോ അതൊക്കെ ഓരോരുത്തരും സ്വയം വിലയിരുത്തിയാല്‍ മതി. മറ്റുളളവര്‍ പറയുന്നതിനേക്കാള്‍ സ്വയം അറിയുന്നതും പറയുന്നതുമാണല്ലോ കൂടുതല്‍ ശരി? പൊയ്ക്കോ, ഇനി പൂവും ബൊക്കെയുമായി ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ വന്നാല്‍ മതി. നിമിഷ ഭിത്തിയുടെ നേര്‍ക്ക് മുഖം വെട്ടിത്തിരിച്ചു. പറയാന്‍ വന്ന വാക്കുകളൊക്കെ പരാജയപ്പെട്ട് അനൂപ് പുറത്തേയ്ക്കിറങ്ങി. താന്‍ ഇപ്പോഴാണ് നിമിഷയുടെ മുമ്പില്‍ ഏറ്റവും അധികം പരാജയപ്പെട്ടിരിക്കുന്നതെന്ന് അനൂപിന് മനസ്സിലായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org