|^| Home -> Novel -> Novel -> സ്നേഹസീമ – 20

സ്നേഹസീമ – 20

Sathyadeepam

വിനായക് നിര്‍മ്മല്‍

“പാത്രം അറിഞ്ഞ് വിളമ്പണം” – തിരിഞ്ഞു നടക്കുമ്പോള്‍ അനൂപിന്‍റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് ആ ചൊല്ലാണ്. പാത്രങ്ങളില്‍ വിളമ്പുന്നത് അത് സ്വീകരിക്കാന്‍ അയാള്‍ക്ക് കഴിവുണ്ടോ എന്ന് നോക്കിയാണ്. ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനേക്കാള്‍ കൂടുതല്‍ വിളമ്പുമ്പോള്‍ അത് പാഴായിപ്പോകുന്നു. ആവശ്യക്കാരനും വിളമ്പുകാരനും അതുകൊണ്ട് പ്രയോജനം ഇല്ലാതെ പോകുന്നു.

കാരണം ഓരോരുത്തരും തങ്ങള്‍ക്ക് വേണ്ടതു മാത്രമാണ് സ്വീകരിക്കുന്നത്. ആവശ്യമുള്ളതിലും ഏറെ വിളമ്പുമ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയാതെ പോകുന്നു. ദഹിക്കുന്നതിലും ഏറെ കഴിക്കുന്നത് അജീര്‍ണ്ണം പിടിപെടാന്‍ കാരണമാകുന്നതുപോലെ…

താന്‍ വിളമ്പിയത് ശരിയായ പാത്രത്തില്‍ അല്ല എന്ന് വീണ്ടും മനസ്സിലാവുന്നു. ചിലര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാള്‍ പ്രിയം തട്ടുകടയിലെ ഭക്ഷണമാണ്. വേറെ ചിലര്‍ക്ക് വീടുകളിലെ മായം ചേരാത്ത ആഹാരത്തേക്കാള്‍ ഹോട്ടലുകളിലെ ഭക്ഷണമാണ് പ്രിയം. വീടുകളെ ഒഴിവാക്കി ഹോട്ടലുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരും ഹോട്ടലുകളില്‍ പരമാവധി കയറാതിരിക്കുന്നവരും…

മനുഷ്യന്‍റെ സ്വഭാവപ്രത്യേകതകള്‍ എത്രയോ വ്യത്യസ്തമാണ്. അവരുടെ രുചിഭേദങ്ങളെയും തിരഞ്ഞെടുപ്പുകളെയും എല്ലാം ബാധിക്കുന്നു. അതുകൊണ്ടാണോ തന്‍റെ സ്നേഹം വീണ്ടും വീണ്ടും പാഴായിപോകുന്നത്. അനൂപിന് ആത്മനിന്ദ തോന്നി.

മനു വിളമ്പിയതായിരുന്നു നിമിഷയ്ക്ക് വേണ്ടിയിരുന്നത്. അവന്‍റെ സ്നേഹത്തോടായിരുന്നു അവള്‍ക്ക് ചായ്വ്. യാത്രക്കാരന്‍ കൈ കാണിക്കുന്നത് കണ്ടിട്ടും കയറ്റാതെ ബസ് ഓടിച്ചുപോകുന്ന ധിക്കാരിയായ ഒരു ഡ്രൈവറെപ്പോലെയാണ് നിമിഷയെന്ന് അവന് തോന്നി. അവഗണിക്കപ്പെടാന്‍ ഒന്നുമില്ലാതിരുന്നിട്ടും താന്‍ പിന്നെയും അവഗണിക്കപ്പെടുന്നു. അര്‍ഹതയില്ലെന്ന് തോന്നുന്നവന്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

മനുഷ്യന്‍റെ സ്നേഹവും സ്നേഹത്തിന് വേണ്ടിയുള്ള അവന്‍റെ അന്വേഷണവും ജീവിതവും അവന്‍ കെട്ടിപ്പൊക്കുന്ന നേട്ടങ്ങളും എല്ലാം ആത്യന്തികമായി ക്ഷണികവും വ്യര്‍ത്ഥവുമാണ്. അതേ നിമിഷം തന്നെ അനൂപിന്‍റെ മനസ്സിലേക്ക് മറ്റൊരു ചിന്തയും കടന്നുവന്നു.

താന്‍ ഇപ്പോഴും ഈ അവസ്ഥയിലും നിമിഷയെ സ്നേഹിക്കുന്നു. അപ്പോള്‍ മനുവിന്‍റെ സ്നേഹത്തേക്കാള്‍ ഉയര്‍ന്നു നില്ക്കുന്നത് തന്‍റെ തന്നെ സ്നേഹമാണ്. തന്‍റെ സ്നേഹം ക്ഷണികമായിരുന്നില്ല, അത് സ്വാര്‍ത്ഥതയുമായിരുന്നില്ല. അതുവരെ അനുഭവപ്പെട്ടിരുന്ന ആത്മനിന്ദ അനൂപിന് നഷ്ടമായി.

വെറുതെ ആട്ടിപുറത്താക്കപ്പെടാന്‍ മാത്രം നിസ്സാരക്കാരനല്ല താനെന്ന് അയാള്‍ തന്നോടു തന്നെ പറഞ്ഞു.

അനൂപ് പെട്ടെന്ന് നിമിഷയുടെ മുറിയിലേക്ക് തിരിഞ്ഞു നടന്നു. കണ്ണടച്ചുകിടക്കുകയായിരുന്ന നിമിഷ മുറിയിലേക്ക് ആരോ പ്രവേശിച്ചതറിഞ്ഞ് കണ്ണുകള്‍ തുറന്നു. മുറിയില്‍ അനൂപിനെ വീണ്ടും കണ്ടപ്പോള്‍ അവള്‍ അമ്പരന്നു. അവള്‍ വേഗം കണ്ണ് തുടച്ചു. അനൂപ് അവളെ നോക്കി ചിരിച്ചു.

സ്റ്റില്‍ ഐ ലവ് യൂ… അനൂപ് നിമിഷയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

നിമിഷ നടുങ്ങിപ്പോയി.

ഒരു പുരുഷന്‍ ആദ്യമായിട്ടായിരുന്നു അവളോട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് മുഖത്ത് നോക്കി പറയുന്നത്. മനു അവളോട് അത് പറഞ്ഞിട്ടില്ല. പകരം മനുവിനെ അവള്‍ സ്വന്തമാക്കുകയായിരുന്നു. ആ സ്നേഹത്തില്‍ സുരക്ഷിതത്വം കണ്ടെത്തിയ മനു നനഞ്ഞ ചിറകിലൊതുങ്ങി തള്ളപ്പക്ഷിയോട് ചേര്‍ന്നുനില്ക്കുന്ന അരുമക്കിളിയായി മാറുകയായിരുന്നു.

ഒരു പക്ഷേ നിമിഷയോട് അങ്ങനെ പറയാന്‍ ആ നാട്ടിലെ പല ചെറുപ്പക്കാരും ആഗ്രഹിച്ചിട്ടുണ്ടായിരുന്നിരിക്കാം. എന്നാല്‍ അവള്‍ മനുവിന് സ്വന്തമാണെന്ന് മനസ്സിലായതോടെ അവര്‍ പലരും അത് പറയാതെ പോയിട്ടുണ്ടാവാം. പക്ഷേ അപ്പോഴും അവളുടെ മനസ്സ് മാറുമെന്ന് പ്രതീക്ഷിച്ച് പുറകെ നടന്നത് അനൂപ് മാത്രമായിരുന്നു.

മനുവും നിമിഷയും സ്നേഹത്തിലായിരുന്നപ്പോഴും അനൂപ് അവളെ സ്നേഹത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചു. എന്നെങ്കിലും ഒരിക്കല്‍ അവളെ സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. ഒരു കുറവുമില്ലാത്ത സ്നേഹമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ മനുവിനാല്‍ ഉപേക്ഷിക്കപ്പെട്ടും ഏറ്റുനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുമ്പോഴും നിമിഷയോട് അനൂപ് പറയുന്നു, ഇപ്പോഴും നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന്.

ആ വാക്കുകളുടെ മുഴക്കം അവിടെയെങ്ങും നിറഞ്ഞുനില്ക്കുന്നതുപോലെ… അതിന്‍റെ ആഘാതം വളരെ വലുതുമായിരുന്നു.

നോ… അവള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ കാതുകള്‍ പൊത്തി.

അല്ലെങ്കില്‍ അവളെങ്ങനെ അത് വിശ്വസിക്കും? അവള്‍ ഒരിക്കല്‍ പോലും സ്നേഹിക്കാത്തവന്‍… അവള്‍ എപ്പോഴും അവഗണിച്ചുകളഞ്ഞവന്‍. വില്ലനായി, ആഭാസനായി അവള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചവന്‍. നായകന് തുല്യം നില്ക്കുന്ന യാതൊരു ഗുണഗണങ്ങളും അവനില്‍ ഇന്നുവരെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുമില്ല. തങ്ങളുടെ സ്നേഹത്തിന് പ്രതിബന്ധം നില്ക്കുന്നവന്‍…തങ്ങളെ ശല്യപ്പെടുത്തുന്നവന്‍… അങ്ങനെയേ നിമിഷ അനൂപിനെ വിലയിരുത്തിയിട്ടുള്ളൂ. പക്ഷേ ഇപ്പോള്‍…

സത്യം… സത്യം… അനൂപ് നെഞ്ചില്‍ കൈവച്ചുകൊണ്ടാണ് അതു പറഞ്ഞത്.

ഞാന്‍ എന്നും നിമിഷയെ സ്നേഹിച്ചിട്ടേയുള്ളൂ. ഈ അവസ്ഥയിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു നിമിഷാ…

നിമിഷ നിഷേധാര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു.

നോ… എനിക്കിത് താങ്ങാനാവില്ല… എനിക്കിത് സഹിക്കാനാവില്ല. നിമിഷ കരഞ്ഞു.

നീ വിശ്വസിക്കണം. അനൂപ് നിമിഷയുടെ കട്ടിലിന്‍റെ ഓരത്തിരുന്നു. അപരിചിതനായ, അല്ലെങ്കില്‍ താന്‍ അതുവരെ അകറ്റിനിര്‍ത്തിയിരുന്ന ഒരു പുരുഷനാണ് അതെന്ന് അപ്പോള്‍ അവള്‍ക്ക് തോന്നിയില്ല.

നിന്നോടുള്ള സഹതാപം കൊണ്ടല്ല ഞാനിത് പറയുന്നത്, എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. എല്ലാവരും നീ പഴയതുപോലെ ആയിത്തീരാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോഴും ഞാന്‍ ഒന്നു മാത്രമേ ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ – നിവേദനം കൊടുത്തുകൊടുത്ത് ദൈവത്തെ അധികം ബുദ്ധിമുട്ടിക്കാത്ത ആളായിരുന്നപ്പോഴും – തൊണ്ടക്കുഴിയില്‍ ഒരു അനക്കമായിട്ടെങ്കിലും നിന്നെ എനിക്ക് ജീവനോടെ കിട്ടണമേയെന്ന്… ഞാന്‍ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ത്ഥിച്ചുവെന്ന് എനിക്കറിയില്ല. ശരിയാ, നീ എന്‍റെ സ്വന്തമാകുമെന്ന് എനിക്കൊരു ഉറപ്പമുണ്ടായിരുന്നില്ല. മനുവിന്‍റെ ഒപ്പമാണെങ്കില്‍ പോലും നീ ഈ നാട്ടിലോ ഈ ലോകത്തോ ജീവനോടെയുണ്ടല്ലോ എന്നതു മാത്രമായിരുന്നു എന്‍റെ ഏക സന്തോഷം. മനു നിന്നെ തള്ളിക്കളയുമെന്ന് ഞാന്‍ കരുതിയിരുന്നുമില്ല. കാരണം അവന്‍റെ സ്നേഹം നിന്‍റെ സ്നേഹത്തേക്കാള്‍ കുറവായിരുന്നുവെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും നിന്‍റെ സ്നേഹം അവന് ജീവിക്കാന്‍ പ്രേരണയാകുമെന്നായിരുന്നു എന്‍റെ ധാരണ. പക്ഷേ… അനൂപ് ചിരിച്ചു.

ഇനിയൊരു സത്യം കൂടി. നിന്നെ എനിക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഒരു വിവാഹം കഴിക്കുമായിരുന്നില്ല. കാരണം ഈ ഭൂമിയില്‍ ഞാന്‍ ഒന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. സ്വര്‍ഗത്തിലും നിന്നെയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ സ്നേഹം ഒരു ഓപ്ഷനലല്ല ഒരു ഡിസിഷനായിരുന്നു.

അനൂപ്… നിമിഷ വീണ്ടും കരഞ്ഞു.

നീ കരയരുത്. ഒരു സ്ത്രീക്കും ഒരു പുരുഷന്‍റെ സ്നേഹവും അവന്‍റെ മനസ്സും മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. സ്നേഹത്തിന്‍റെ പേരില്‍ സ്ത്രീകളെ കവികളും കലാകാരന്മാരും വാഴ്ത്തിപാടുമ്പോഴും പുരുഷന്‍റെ ഹൃദയത്തിന്‍റെ വലിപ്പം അളക്കാന്‍ അവര്‍ക്കൊന്നിനും കഴിഞ്ഞിട്ടുമില്ല. ഞാന്‍ ഒരു കാര്യത്തില്‍ നൂറു ശതമാനം കോണ്‍ഫിഡന്‍റാ… എന്‍റെ സ്നേഹത്തിന്‍റെ കാര്യത്തില്‍… ഞാന്‍ നല്കിയ സ്നേഹമൊന്നും മനസ്സിലാക്കാതെ പോയ പലരുമുണ്ട് ഈ ലോകത്തില്‍. സുഹൃത്തുക്കളായിട്ടും ബന്ധുക്കളായിട്ടും… എന്നെ വേണ്ടെന്ന് വച്ച പലരെയും സ്നേഹത്തിന്‍റെ കാര്യം പറഞ്ഞ് ശല്യപ്പെടുത്താന്‍ പോയിട്ടില്ലെന്നേയുള്ളൂ അവരോടുള്ള സ്നേഹത്തിന് എനിക്കിന്നും കുറവു വന്നിട്ടില്ല. നിമിഷയെന്നെ ആട്ടിപ്പായിച്ചപ്പോഴും അവഗണിച്ചപ്പോഴും എന്‍റെ സ്നേഹത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല, നിനക്ക് ശല്യമാകാതെ നിന്‍റെ പുറകില്‍ തന്നെ ഞാന്‍ എപ്പോഴുമുണ്ടായിരുന്നു.

അനൂപ്… നിമിഷയ്ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ സ്നേഹത്തിനും അതിരുകളുണ്ടെന്നായിരുന്നു അവള്‍ ഇതുവരെ മനസ്സിലാക്കിയിരുന്നത്. മനുഷ്യന്‍റെ സ്വാര്‍ത്ഥതയും നിഗൂഢലക്ഷ്യങ്ങളും അവന്‍റെ സ്നേഹത്തിന് അതിരുകള്‍ വരയ്ക്കുന്നു. ഇങ്ങനെ ചെയ്താല്‍ അങ്ങനെ… നീ എനിക്ക് നല്കിയാല്‍ പകരം ഞാനും നല്കും… വ്യവസ്ഥകള്‍ക്ക് അധീനമായ സ്നേഹം. പക്ഷേ ഇപ്പോള്‍ വ്യവസ്ഥകള്‍ക്ക് അതീതമായ സ്നേഹത്തെ താന്‍ കണ്ടുമുട്ടിയിരിക്കുന്നു. പിന്നെ കരയാതിരിക്കുന്നതെങ്ങനെ?

അനൂപ്… വാതില്ക്കല്‍ നിന്ന് അപ്പോള്‍ രാജുവിന്‍റെ സ്വരം കേട്ടു. അനൂപ് തിരിഞ്ഞു നോക്കി. രാജുവിനെയും പിന്നില്‍ സൂസിയെയും നിമിഷയുടെ സഹോദരങ്ങളെയും അനൂപ് കണ്ടു. അവര്‍ എല്ലാം കേട്ടിരിക്കുന്നുവെന്ന് അവന് മനസ്സിലായി.

അവര്‍ക്കാര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അനൂപ് തന്‍റെ സ്നേഹത്തിന്‍റെ പൂക്കുട ഈ അവസ്ഥയിലും നിമിഷയ്ക്ക് നേരെ നീട്ടിയിരിക്കുന്നു.

രാജു മുറിയിലേക്ക് വന്നു.

മോള്‍ക്ക് ഒറ്റ നിര്‍ബന്ധം… അവളെ ഏതെങ്കിലും അനാഥാലയത്തില്‍ ആക്കണമെന്ന്… രാജു ചങ്ക് പൊടിയുന്ന വേദനയോടെ അനൂപിനോട് പറഞ്ഞു.

അവള്‍ ഞങ്ങള്‍ക്ക് ഭാരമാണെന്ന്… ഇവിടെ ഇങ്ങനെ കഴിയാന്‍ അവള്‍ക്ക് കഴിയില്ലെന്ന്…

അനൂപ് അവിശ്വസനീയതയോടെ നിമിഷയെ നോക്കി.

ആ നോട്ടത്തെ നേരിടാനാവാതെ നിമിഷ കണ്ണടച്ചുകളഞ്ഞു.

ഇത് ഒളിച്ചോട്ടമാണ് നിമിഷാ. ഒപ്പം ക്രൂരതയും. നീ ഇനിയും ഞങ്ങളുടെ സ്നേഹം മനസ്സിലാക്കുന്നില്ലെന്ന് വച്ചാല്‍… അത് കഷ്ടമാണ്. മാറ്റാന്‍ കഴിയാത്തതിനെ അംഗീകരിച്ചേ മതിയാകൂ. സ്നേഹമെന്താണെന്നും ആരുടേതാണ് സ്നേഹമെന്നും മനസ്സിലാക്കാനാണ് ഈ അപകടം പോലും വരുത്തിയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നീ അനാഥയോ ആര്‍ക്കും വേണ്ടാത്തവളോ അല്ല. ഞാന്‍ നിന്നെ വിവാഹം ചെയ്യും. സ്നേഹമെന്ന് പറയുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിലും സമ്പത്തിന്‍റെ ധാരാളിത്തത്തിലും അനുഭവപ്പെടുന്നതല്ല, അത് മനസ്സില്‍ നിന്നുണ്ടാവുന്നതാണ്… മനസ്സാണ്… അനൂപ് നെഞ്ചത്തടിച്ചു പറഞ്ഞു.

ജീവിതത്തോടു നീ നിഷ്ക്രിയത പുലര്‍ത്തുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. നിന്നെ പോലെയായിരിക്കുന്ന അവസ്ഥയിലും ഉന്മേഷത്തോടെ ജീവിക്കുന്ന, സന്തോഷത്തോടെ കഴിയുന്ന, അതിജീവിക്കുന്ന എത്രയോ പേരുണ്ട് ഈ ലോകത്തില്‍. ഇവിടം കൊണ്ട് തീരേണ്ടതല്ല നിന്‍റെ ജീവിതം. ഇത് നിന്‍റെ ജീവിതത്തിന്‍റെ മറ്റൊരു ഘട്ടമാണ്. പിച്ചവച്ച് നടക്കാന്‍ തുടങ്ങുന്ന ഒരു കുഞ്ഞിന്‍റേതുപോലെയുള്ള ജീവിതത്തിന്‍റെ ഒരു ഘട്ടം. ഇവിടെ ചെയ്യാന്‍ നിനക്ക് ഇനിയും ഒരുപാടുണ്ട്. മുറിയില്‍ അടച്ചുപൂട്ടി കഴിയുന്നതുകൊണ്ടാണ് പ്രകാശം നമ്മള്‍ കാണാത്തത്. ജനാലകള്‍ തുറന്നിടുമ്പോള്‍ മാത്രമാണ് അകത്തേക്ക് വെളിച്ചം വരുന്നത്. കൈപിടിക്കാനും തോളിലെടുക്കാനും ഇനി മുതല്‍ ഞാനുണ്ട്. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്, നിന്‍റെ മനസ്സിന്‍റെ മുറിവുണങ്ങുന്നതുവരെ… അല്ലെങ്കില്‍ ഞാന്‍ പറയുന്നത് നിനക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നതുവരെ… അനൂപ് പറഞ്ഞു. നിമിഷയുടെ ഹൃദയത്തിന്‍റെ താഴ്വരയിലേക്ക് ആ വാക്കുകള്‍ വെളിച്ചമായി കടന്നുചെല്ലുകയായിരുന്നു.

******

സ്നേഹത്തിന്‍റെ പേരില്‍ സ്നേഹം ഭ്രാന്താകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിന്‍റെ സ്നേഹം എനിക്ക് കിട്ടുന്നില്ലെങ്കിലും നിന്നെ എനിക്ക് സ്വന്തമാക്കാന്‍ കഴിയുന്നില്ലെങ്കിലും ആസിഡെറിഞ്ഞും തീ കൊളുത്തിയും നിന്നെ നശിപ്പിക്കാന്‍ മടിക്കാത്ത സ്നേഹമാണ് എന്‍റേത്… അങ്ങനെയൊരു കാലത്താണ് അനൂപിന്‍റെ സ്നേഹം വ്യത്യസ്തവും അഭിനന്ദാര്‍ഹവുമാകുന്നത്… ഫാ. ബിനു ജോസ് പ്രസംഗിക്കുകയായിരുന്നു. അച്ചന് മുമ്പില്‍, അള്‍ത്താരയ്ക്ക് മുമ്പില്‍ വിവാഹവേഷത്തില്‍ അനൂപും നിമിഷയും. പ ള്ളി നിറയെ ആളുകള്‍. അനൂപിന്‍റെയും നിമിഷയുടെയും വിവാഹനിമിഷങ്ങളായിരുന്നു അത്.

സ്നേഹമെന്താണെന്ന് ഈ ലോകം ഇവരില്‍ നിന്ന് കണ്ടുപഠിക്കട്ടെ. ആരോഗ്യത്തിനും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും എന്ന് വിവാഹാവസരത്തില്‍ വധൂവരന്മാര്‍ എടുക്കുന്ന പ്രതിജ്ഞ പോലും പലപ്പോഴും വ്യര്‍ത്ഥമാകാറുണ്ട്. ഭര്‍ത്താവിന്‍റെ ആരോഗ്യം നശിക്കുമ്പോള്‍ പരപുരുഷനൊപ്പം ഇറങ്ങിപ്പോകുന്ന ഭാര്യമാരും ഭാര്യയുടെ സൗന്ദര്യം കുറയുമ്പോള്‍ പരസ്ത്രീകളെ തേടിപ്പോകുന്ന ഭര്‍ത്താക്കന്മാരും നമുക്കിടയില്‍ കുറവൊന്നുമല്ല. അവിടെയാണ് പീഠത്തില്‍ ഉയര്‍ത്തിയ വിളക്കുപോല്‍ ഈ സ്നേഹങ്ങള്‍ പ്രശോഭിക്കുന്നത്. അച്ചന്‍ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു. അനന്തരം സംഗീതോപകരണങ്ങള്‍ ചലിച്ചുതുടങ്ങി. ഗായകസംഘം ഗാനങ്ങളാലപിച്ചുതുടങ്ങി. സ്വര്‍ഗ്ഗത്തില്‍ നിന്ന് മാലാഖമാര്‍ നിമിഷയുടെയും അനൂപിന്‍റെയും അരികിലേക്ക് ഇറങ്ങിവന്നു. കിന്നരമേന്തി അടുക്കലെത്തിയ ആ മാലാഖമാര്‍ നിമിഷയുടെ കണ്ണുകളില്‍ ഊറിക്കൂടിയ അവസാനതുള്ളി കണ്ണീരും തുടച്ചുകൊടുത്തു. ഇനിയൊരിക്കലും കരയരുതെന്ന മട്ടില്‍… അപ്പോള്‍ അനൂപ് നിമിഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് നിമിഷയെ കൈത്തണ്ടയില്‍ കോരിയെടുത്ത് അനൂപ് പള്ളിയുടെ പ്രധാന കവാടത്തിലേക്ക് നടന്നു. നിമിഷ ഇരുകരങ്ങള്‍ കൊണ്ടും അനൂപിന്‍റെ കഴുത്തില്‍ കോര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും പിടി അയയാത്ത വിധത്തില്‍… അപൂര്‍വ്വമായ ആ കാഴ്ചയുടെ സന്തോഷത്തില്‍ ഇരുവശങ്ങളിലും നിന്നിരുന്ന ആളുകള്‍ അപ്പോള്‍ താളത്തില്‍ കയ്യടിച്ചുതുടങ്ങി. നല്ലതുവരട്ടെ… നിങ്ങള്‍ക്ക് നന്മയുണ്ടാകട്ടെ.

(അവസാനിച്ചു).

Leave a Comment

*
*