സ്നേഹസീമ – 3

സ്നേഹസീമ – 3

വിനായക് നിര്‍മ്മല്‍

ഇനി നിനക്കെന്തെങ്കിലും കൂടുതലായിട്ട് പറയാനുണ്ടോ? രാജു നിമിഷയെ നോക്കി. യുദ്ധക്കളത്തില്‍ പ്രതിയോഗിയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ നഷ്ടപ്പെട്ട് നില്ക്കുന്ന യോദ്ധാവിനെപ്പോലെയായിരുന്നു നിമിഷ. ഇതുവരെ അവള്‍ക്ക് പ്രതികരിക്കാന്‍ ചില മാര്‍ഗങ്ങളും ന്യായീകരിക്കാന്‍ ചില വസ്തുതകളുമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍… എല്ലാം ഒറ്റയടിക്ക് പരാജയപ്പെട്ടിരിക്കുന്നു.

അനൂപ്… നിമിഷയുടെ ഉള്ളില്‍ വെറുപ്പ് തികട്ടിവന്നു. ദുഷ്ടന്‍. അയാള്‍ സമര്‍ത്ഥമായി കരുക്കള്‍ നിരത്തിയിരിക്കുന്നു. ഡാഡിയുമായി അയാള്‍ മുന്നേ സംസാരിച്ചിരിക്കണം. ഇപ്പോള്‍ മമ്മിയില്‍ നിന്ന് ഡാഡിക്ക് കൂടുതല്‍ തെളിവുകളും കിട്ടിയിരിക്കുന്നു. അതുവരെ ചെറിയ ചെറിയ സംശയങ്ങള്‍ മാത്രമായിരുന്നു ഡാഡിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അതെല്ലാം ദൂരീകരിക്കപ്പെട്ടിരിക്കുന്നു.

എടീ മോളേ, ഓരോ അപ്പനും അമ്മയും മക്കള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. ഒരു പക്ഷേ ആ സമയത്ത് മക്കള്‍ക്ക് അത് ഇഷ്ടമായി തോന്നുകയില്ലായിരിക്കാം. എന്നാല്‍ കാലംകഴിയുമ്പോള്‍ അവര്‍ക്ക് മനസ്സിലാവും അച്ഛനും അമ്മയുമായിരുന്നു ശരിയെന്ന്.

രാജുവിന്‍റെ സ്വരം ശാന്തമായിരുന്നു. അയാള്‍ നിമിഷയുടെ തോളില്‍ കൈകള്‍ വച്ചുകൊണ്ട് തുടര്‍ന്നു

എന്‍റെ മോള് ഡാഡിയോട് അനുസരണക്കേട് കാണിക്കരുത്. ഈ പ്രായത്തില്‍ ചില ഇഷ്ടങ്ങളൊക്കെ തോന്നുന്നത് സ്വഭാവികമാ. അതൊന്നും വലിയ പാപമായിട്ടൊന്നും ഇക്കാലത്ത് ഒരു പേരന്‍റ്സും കാണുകേമില്ല. പക്ഷേ പേരന്‍റ്സിന്‍റെ ചങ്കു തകര്‍ത്തുകൊണ്ട് വേണ്ടാത്തതിനൊന്നും ഇറങ്ങിപ്പുറപ്പെടരുത്.

നിമിഷ ഡാഡിയുടെ മുഖത്തേയ്ക്ക് നോക്കി.

ഒരു കാര്യം മാത്രമേ എനിക്ക് ഡാഡിക്ക് ഉറപ്പു നല്കാനുള്ളൂ.

അവളുടെ സ്വരം ശാന്തമായിരുന്നു. അതെന്താണ് എന്ന മട്ടില്‍ അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി.

ഒളിച്ചോട്ടമോ ഇറങ്ങിപ്പോക്കോ… അങ്ങനെയൊന്നും എന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ല, മനു വന്ന് വിളിച്ചാല്‍ പോലും. അങ്ങനെയായിരുന്നുവെങ്കില്‍ എനിക്ക് പണ്ടേ ചെയ്യാമായിരുന്നു. നമ്മുടെ കുടുംബത്തിന്‍റെ സല്‍പ്പേര്.. വര്‍ഷേടേം ഗ്രേഷ്മേടേം ഭാവി… എനിക്കറിയാം ഡാഡി… എനിക്ക് എല്ലാവരോടും സ്നേഹമുണ്ട്. അതുകൊണ്ട് ഡാഡി അങ്ങനെയൊന്നും എന്നെക്കുറിച്ചോര്‍ത്ത് ഭാരപ്പെടരുത്.

അപ്പോള്‍ എന്തിനോ രാജുവിന്‍റെ കണ്ണു നിറഞ്ഞുപോയി. മകള്‍ കുടുംബത്തിന് നല്കുന്ന പ്രാധാന്യത്തെയും സ്നേഹത്തെയുംകുറിച്ചാണ് അയാളപ്പോള്‍ ഓര്‍മിച്ചത്. വളര്‍ത്തിവലുതാക്കിയ മാതാപിതാക്കളെയും ഒരുമിച്ചു കളിച്ചുവളര്‍ന്ന കൂടപ്പിറപ്പുകളെയും വിസ്മരിച്ച് കുടുംബത്തിന്‍റെ മുഖത്തേയ്ക്ക് മുഴുവന്‍ ചെളിവാരിയെറിഞ്ഞും കാമുകനൊപ്പം ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുമുണ്ടല്ലോ. എന്തിനേറെ ഭര്‍ത്താവിനെയും നൊന്തു പ്രസവിച്ച മക്കളെയും വരെ ഉപേക്ഷിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോകു ന്ന ഭര്‍ത്തൃമതികളായ വീട്ട മ്മമാരും. അങ്ങനെയുള്ളപ്പോഴാണ് മകളുടെ നാവില്‍നിന്ന് ഇങ്ങനെയൊരു ഉറപ്പുകിട്ടുന്നത്. അതേറ്റവും ആത്മാര്‍ത്ഥമാണെന്നും അയാള്‍ക്ക് മനസ്സിലായി.

പക്ഷേ… നിമിഷ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ഇപ്പോള്‍ രാജുവിന്‍റെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു.

മറ്റൊരാളെ വിവാഹം കഴി ക്കാന്‍ മാത്രം ഡാഡിയെന്നെ നിര്‍ബന്ധിക്കരുത്. പ്രത്യേകിച്ച് അനൂപിനെപ്പോലെയുള്ള ഒരാളെ. മനുവിനെ വിവാഹം കഴിക്കാന്‍ ഡാഡി സമ്മതിക്കില്ലെങ്കില്‍ ഞാനെന്നും ഇവിടെയുണ്ടാവും ഈ വീട്ടില്‍, ഇങ്ങനെ തന്നെ.

നിമിഷ പെട്ടെന്ന് അകത്തേയ്ക്ക് പോയി. രാജു സ്തംഭിച്ചുനിന്നുപോയി.

മോളേ… സൂസി വിളിച്ചു. അവരുടെ സ്വരത്തില്‍ നടുക്കമുണ്ടായിരുന്നു. നിമിഷയെന്താണെന്ന് അവര്‍ക്ക് നന്നായിട്ടറിയാമായിരുന്നു. അവള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതാണ്. എന്നാല്‍ അതാരെയും വെല്ലുവിളിച്ചുകൊണ്ടല്ല എന്നതാണ് എതിര്‍ഭാഗത്തുള്ളവരെ നിസ്സഹായരാക്കുന്നത്. മറിച്ച് സ്വയം വേദനിപ്പിച്ചുകൊണ്ടാണ് അവള്‍ തന്‍റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്.

രാജുവിന്‍റെ സങ്കടവും നിസ്സഹായതയും ദേഷ്യത്തിലേക്ക് രൂപം മാറി.

എടീ… നിന്നെ ഞാന്‍… നിമിഷയെ അടിക്കാനായി അയാള്‍ പുറകെ ചെന്നു.

ഈ ചേട്ടായി ഇതെന്നതാ കാണിക്കുന്നെ? ബെന്നി ദേഷ്യപ്പെട്ടു.

…അടിച്ചുപഠിപ്പിക്കുന്ന പ്രായമൊക്കെ കഴിഞ്ഞതല്ലേ? അല്ലെങ്കിലും ഇപ്പഴത്തെ പി ള്ളേരെ അടിച്ചു നന്നാക്കാന്‍ പറ്റുമോ…? നിമിഷയുടെ മുറിയുടെ വാതില്‍ ചേര്‍ത്തടയുന്ന ശബ്ദം അവര്‍ കേട്ടു.

നയവും അഭിനയവും വേണം. ബെന്നി ശബ്ദം താഴ്ത്തി പറഞ്ഞു. എങ്കിലേ കാര്യങ്ങള്‍ നടക്കൂ.

അയാള്‍ തുടര്‍ന്നു പറഞ്ഞു.

അവള്‍ക്കെന്നെ ശരിക്കും അറിയില്ല. അവള്‍ക്ക് അനൂപിനെ വേണ്ടെന്ന്… അവനെന്നതാ ഒരു കുറവ്…

പണമില്ലേ… സൗന്ദര്യമില്ലേ… പ്രതാപമില്ലേ… വിദ്യാഭ്യാസമില്ലേ.. ആ മനൂന് എന്നതാ ഉളളത്? ഒരു പുസ്തകപ്പുഴു. നാട്ടില്‍ പോലും ആരോടും വലിയ അടുപ്പമില്ല. പോരാഞ്ഞ് ചായയടിക്കാരന്‍റെ മകനും. വേണ്ട… അവള് കെട്ടണ്ടാ… ഇവിടെ തന്നെ നില്ക്കട്ടെ, കെട്ടാമങ്കയായിട്ട്… രാജുവിന്‍റെ ദേഷ്യം കെട്ടടങ്ങിയിരുന്നില്ല.

ഈ പെണ്ണുങ്ങളുടെ മനസ്സ് നമുക്ക് അറിയില്ല ചേട്ടായി, അവര്‍ക്കാരോടാ പ്രേമം തോന്നുന്നതെന്ന്… എന്തുകൊണ്ടാ പ്രേമം തോന്നുന്നതെന്ന്… ബെന്നി ചിരിച്ചു.

ഞാനൊരു കാര്യം പറഞ്ഞാല്‍ ചേട്ടായി ദേഷ്യപ്പെടുമോ…?

നീ കാര്യം പറ; രാജു അനുവദിച്ചു.

ചേട്ടായി പറഞ്ഞത് ശരിയാ. നമുക്ക് ചേര്‍ന്ന ബന്ധുത്വം തട്ടുങ്കല്‍കാരുമായിട്ട് തന്നെയാ… അനൂപിനെ എനിക്കും ഇഷ്ടമാ, ചെറിയ ചെറിയ ചുറ്റിക്കളികളൊക്കെ ഉള്ളതായി പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും. അതൊക്കെ പിന്നെ അവന്‍റെ പ്രായത്തിന്‍റേം പണത്തിന്‍റേം ആണെന്ന് കരുതിയാ മതി. പോരാഞ്ഞ് അവന്‍റെ ഫീല്‍ഡും അങ്ങനെത്തെയല്ലേ… സിനിമായും ആല്‍ബവും. പക്ഷേ അതൊക്കെ ഒരു പെണ്ണ് കെട്ടിയാ ശരിയാക്കിയെടുക്കാവുന്നതേയുള്ളൂ.

ഈ പറഞ്ഞതില്‍ എനിക്കെവിടെയാ ഇഷ്ടക്കുറവ്… അതോണ്ടൊക്കെ തന്നെയല്ലേ ഞാനും പറഞ്ഞത് നമുക്ക് അനൂപ് മതിയെന്ന്. രാജു ഞെളിഞ്ഞു നിന്നു.

ചേട്ടായി പറഞ്ഞതിലെ ശരിയാ ഞാന്‍ പറഞ്ഞെ. അതുപോലെ മോള് പറഞ്ഞതിലുമുണ്ട് ചില ശരികള്. മനു ഇപ്പോള്‍ വെറും ഏഴാംകൂലിയൊന്നുമല്ല. ഡെപ്യൂട്ടി കളക്ടര്‍ വരെയാകാനുള്ള പോസ്റ്റാ അവന്‍റേത്. ഭരണതലത്തില്‍ വരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാള് നമ്മുടെ കുടുംബത്തില്‍ തന്നെയുണ്ടാവുന്നത് തീരെ നിസ്സാരമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. ചില കാര്യങ്ങള്‍ നടക്കാന്‍ പണം മാത്രം പോരാ ചേട്ടായി, മനസ്സും വേണം. നമുക്ക് നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയുന്ന ഒരാള്‍ സെക്രട്ടറിയേറ്റിലൊക്കെ ഉണ്ടാകുന്നത് നല്ലതല്ലേ… നമ്മള് നോക്കുമ്പോ ബിസിനസ്സാണ് എല്ലാം. ചേട്ടായി പറഞ്ഞതുപോലെ അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയെടുത്ത് നമ്മള് കാലത്തിന് അനുസരിച്ച് മെയ്ന്‍റനന്‍സ് ചെയ്ത് കൊണ്ടുപോകുന്നതാ. അതിനേക്കാള്‍ ഒട്ടും കുറവല്ല ഈ ഗവണ്‍മെന്‍റുദ്യോഗം.

നീയെന്നതാ പറഞ്ഞുവരുന്നെ. ഞാന്‍ അവനെക്കൊണ്ട് നമ്മുടെ മോളെ കെട്ടിക്കണമെന്നോ? രാജുവിന്‍റെ മുഖത്ത് അമ്പരപ്പ് കലര്‍ന്നു.

അങ്ങനെ തീര്‍ത്തു പറയാന്‍ എനിക്ക് അവകാശമില്ലല്ലോ ചേട്ടായി… ഒരു അപ്പന്‍റെ സ്ഥാനത്തു നിന്ന് ചേട്ടായി ചിന്തിക്കുന്നത് എനിക്ക് മനസ്സിലാകും. എന്നാലും തീരുമാനമെടുക്കേണ്ടത് ചേട്ടായിയാ… സ്വന്തം മകളുടെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കര്‍ത്താവെനിക്കൊരു കൊച്ചിനെ തന്നില്ലല്ലോ?

ബെന്നിയുടെ സ്വരത്തില്‍ വേദന കലര്‍ന്നിരുന്നു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ബെന്നിക്ക് ഒരു കുഞ്ഞുണ്ടായിട്ടില്ല. അതിന്‍റെ വേദനയുമായിട്ടാണ് ബെന്നിയും ഭാര്യ റെജീനയും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ രാജുവിന്‍റെ മക്കളെ അയാള്‍ സ്വന്തം മക്കളെപ്പോലെയാണ് കരുതുന്നത്.

ഇനി ഞാന്‍ വേറൊരു വശം കൂടി പറയട്ടെ. വിവാഹം എന്നത് ഒരു നിശ്ചിതകാലത്തേയ്ക്ക് എഗ്രിമെന്‍റ് വച്ച് നടത്തുന്ന ഒരു ബിസിനസ് ഡീല്‍ ഒന്നുമല്ലല്ലോ… രണ്ടിലൊരാളുടെ മരണം വരെ നിന്നുപോകേണ്ട ബന്ധമാ അത്. അപ്പോ രണ്ടു കൂട്ടര്‍ക്കും പരസ്പരം സ്നേഹം വേണം. ഒരു നീണ്ട യാത്രയില്‍പ്പോലും അടുത്ത സീറ്റിലിരിക്കുന്ന ആളോട് അടുപ്പമോ സ്വാതന്ത്ര്യമോ സ്നേഹമോ തോന്നിയില്ലെങ്കില്‍ നമുക്കാ യാത്ര ആസ്വദിക്കാന്‍ കഴിയില്ല. അതിനേക്കാള്‍ വലുതല്ലേ വിവാഹമെന്ന ബന്ധം? അവിടെ മനസ്സുകള്‍ തമ്മില്‍ ചേര്‍ച്ച വേണം. അതാണ് പ്രധാനപ്പെട്ടത്. പണവും പ്രതാപവുമൊക്കെ സെക്കന്‍ററി മാറ്റേഴ്സാ. ചേട്ടായി നമ്മുടെ ജെസ്സിയുടെ കാര്യം മാത്രം ഓര്‍ത്താല്‍ മതി…

ജെസി…

രാജുവിന്‍റെ നെഞ്ചില്‍ സങ്കടങ്ങളുടെ ഒരു കടല്‍ ആര്‍ത്തലച്ചു. രാജുവിന്‍റെയും ബെന്നിയുടെയും ഏകസഹോദരിയാണ് ജെസി. അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നു. സാമ്പത്തികാന്തരത്തിന്‍റെ പേരില്‍ വീട്ടുകാര്‍ അത് എതിര്‍ത്തു. പിന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ട മറ്റൊരുവനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പക്ഷേ അന്ന് തുടങ്ങി ജെസിയുടെ ദുരിതം. ഭര്‍ത്താവ് എങ്ങനെയോ പഴയ പ്രണയം അറിഞ്ഞു. അതോടെ അയാള്‍ക്ക് ജെസിയെ സംശയമായി. വര്‍ഷം പലതു കഴിയുകയും മക്കളുണ്ടാകുകയും ചെയ്തിട്ടും ജെസിയുടെ ജീവിതം ഇന്നും സങ്കടത്തില്‍ തന്നെ. പെങ്ങള്‍ കടന്നുപോകുന്ന ദുരിതങ്ങളെല്ലാം രാജുവിന്‍റെ മനസ്സിലേക്ക് കടന്നുവന്നു.

പണമുണ്ടാകാനും ഇല്ലാതാകാനും ദൈവം തീരുമാനിച്ചാല്‍ മതി. അതോണ്ട് പണത്തിന്‍റെ പേരിലുള്ള അഹങ്കാരമൊന്നും നമുക്ക് വേണ്ടെന്നാ ചേട്ടായി എനിക്ക് തോന്നുന്നെ. നമ്മുടെ കൊച്ച് സന്തോഷമായിട്ടിരിക്കണം. അവളുടെ മനസ്സ് എനിക്കറിയാം. അവള്‍ക്കാരെയും വേദനിപ്പിക്കാന്‍ കഴിയില്ല, സ്വയം വേദനിക്കാനല്ലാതെ. അതോണ്ട് ചേട്ടായി തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്ക്. നമ്മുടെ തറവാട്ടില്‍ വീണ്ടുമൊരു ജെസിയുണ്ടാവണോയെന്ന്… ചേട്ടായി എന്തു തീരുമാനമെടുത്താലും ഞാനുണ്ടാവും കൂടെ. ഞാനിപ്പോ മോളെയൊന്ന് കണ്ടിട്ടുവരട്ടെ.

ബെന്നി അകത്തേയ്ക്ക് നടന്നു. നെഞ്ചു തിരുമ്മി രാജു വരാന്തയില്‍ നിന്നു. അയാള്‍ക്കൊരു തീരുമാനത്തിലുമെത്താനായില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org