സ്നേഹസീമ – 4

സ്നേഹസീമ – 4

വിനായക് നിര്‍മ്മല്‍

അടഞ്ഞുകിടക്കുന്ന മുറിയുടെ വാതിലില്‍ തട്ടി ബെന്നി വിളിച്ചു:

"നിമിഷ മോളേ…"

നിമിഷ അപ്പോള്‍ ജനാലയ്ക്കല്‍ നിന്ന് മനുവിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ആദ്യ രണ്ടു തവണ നോട്ട് റീച്ചബിള്‍ എന്ന സന്ദേശം കിട്ടിയതിന് ശേഷം മൂന്നാമതും ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വാതിലില്‍ മുട്ടും വിളിയും കേട്ടത്. തുറക്കണമോയെന്ന് ഒരു നിമി ഷം ആലോചിച്ചതിന് ശേഷം അവള്‍ ചെന്ന് വാതില്‍ തുറന്നു.

തുറന്ന ചിരിയുമായി നില്ക്കുന്ന ബെന്നി പാപ്പനെ അവള്‍ കണ്ടു. പകരം അവള്‍ ചിരിച്ചില്ല. വാതില്‍ തുറന്നുകൊടുത്തതിനു ശേഷം അവള്‍ തന്‍റെ കട്ടിലില്‍ ചെന്നിരുന്നു.

എന്നതാ മോളേ ഇത്? നീയെന്താ കൊച്ചുകുട്ടികളെപ്പോലെ… ഒന്നുമല്ലെങ്കിലും നീ ഒരു ടീച്ചറല്ലേ?

നിമിഷ അതിനും മറുപടിയൊന്നും പറഞ്ഞില്ല.

മനൂനെ വിളിച്ചായിരുന്നോ…? നിമിഷയുടെ കയ്യിലിരിക്കുന്ന ഫോണ്‍ നോക്കി ബെന്നി ചോദിച്ചു.

അവനവിടെ എത്തിയോ?

അറിയില്ല; വിളിച്ചിട്ട് കിട്ടുന്നില്ല – നിമിഷ പറഞ്ഞു.

നീ അവനെ വിളിച്ച് ഓരോന്നു പറഞ്ഞ് അവന്‍റെ ടെന്‍ഷന്‍ കൂട്ടണ്ടാ.. ഇപ്പോ ചെന്നു കാണുവല്ലേയുള്ളൂ.

നിമിഷയ്ക്കും അപ്പോള്‍ അക്കാര്യം ശരിയാണെന്ന് തോന്നി. മനു ഇവിടെ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. അനൂപ്… ഡാഡി… അതൊന്നും വിളിച്ചുപറഞ്ഞ് മനുവിന്‍റെ സമാധാനം നശിപ്പിക്കണ്ട. നിമിഷയും തീരുമാനിച്ചു.

ബെന്നി തുടര്‍ന്നു:

സാവധാനം കാര്യം അവതരിപ്പിച്ചാല്‍ മതി. അല്ലെങ്കിലും ഇന്നും നാളെയുമൊന്നും നിന്‍റെ കല്യാണം നടത്താന്‍ പോകുന്നില്ലല്ലോ… ഞാന്‍ നിന്‍റെ ഭാഗത്താ… അതാ എനിക്ക് പറയാനുള്ള ഉറപ്പ്.

നിമിഷ അത്ഭുതത്തോടെ അയാളെ നോക്കി.

എന്നുവച്ച് ചേട്ടായിയെ എതിര്‍ക്കാന്‍ പോവുകാ എന്ന് അര്‍ത്ഥവുമില്ല. വാശിക്കും ആരെയെങ്കിലും തോല്പിക്കാനും ഒന്നുമുള്ള ഏര്‍പ്പാടല്ല ഈ വിവാഹം. എല്ലാവരുടെയും സന്തോഷം. ഒരു കല്യാണം ആകുമ്പോ അതുണ്ടാകണം. ക്ഷണിച്ചുവരുത്തിയ ആളുടെ വയര്‍ നിറയുമ്പോ, അല്ലെങ്കില്‍ നല്ലൊരു സദ്യ കഴിക്കുമ്പോ അവനുണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതുപോലും ഒരു ബ്ലെസിങ്ങാണ് എന്ന് വിശ്വസിക്കുന്ന ആളാ ഞാന്‍…

ബെന്നി കുലുങ്ങിചിരിച്ചു.

സദ്യയ്ക്ക് ആള്‍ക്കാര്‍ കുറ്റം പറഞ്ഞ് എണീറ്റ് പോകരുതെന്ന് തന്നെ ചുരുക്കം. അതാ ഞാന്‍ പറഞ്ഞെ എല്ലാവരുടെയും സന്തോഷം കല്യാണം പോലെയുള്ള ഒരു മംഗളകാര്യത്തിന് അത്യാവശ്യമാണെന്ന്… പിന്നെ, ഒരു പെണ്ണ് ഒരുത്തന്‍റെ കരം പിടിച്ച് ജീവിതം തുടങ്ങാന്‍ പോകുമ്പോ അവിടെ അതുവരെ അവരെ എത്തിച്ച, അവരെ വളര്‍ത്തി വലുതാക്കിയ കാര്‍ന്നോന്മാരുടെ അനുഗ്രഹോം പ്രാര്‍ത്ഥനേം തീര്‍ച്ചയായും വേണം. അല്ലാതെ ശാപം മേടിച്ചുവയ്ക്കരുത്. ബെന്നി പാപ്പന്‍ പ്രേമിക്കുന്നതി ന് എതിരൊന്നുമല്ല.

അയാള്‍ തന്‍റെ ആദര്‍ശം ആവര്‍ത്തിച്ചു.

ആണും പെണ്ണുമായാ അങ്ങനെയൊക്കെ ഇഷ്ടം തോന്നും. മനസ്സെന്ന് പറയുന്നത് അങ്ങനത്തെ ഒരു സാധനമല്ലേ… നീ സമാധാനമായിട്ടിരിക്ക്. സന്തോഷമായിട്ടിരിക്ക്. അയാള്‍ നിമിഷയുടെ തോളത്ത് തട്ടിക്കൊണ്ട് എണീറ്റു. ഞാന്‍ അമ്മച്ചിയെ ഒന്ന് കണ്ടിട്ട് വരട്ടെ.

രാജുവിന്‍റെയും ബെന്നിയുടെയും അമ്മ ത്രേസ്യാമ്മ രോഗകിടക്കയിലാണ്. രാജുവാണ് അമ്മയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ബെന്നി ത്രേസ്യാമ്മയുടെ മുറിയിലേക്ക് പോയപ്പോള്‍ നിമിഷയും ഒപ്പം ചെന്നു.

ഇപ്പോഴാണോടാ നീ വരുന്നെ… ബെന്നിയെ കണ്ടതേ ത്രേസ്യാമ്മ പരിഭവിച്ചു.

കുറേ നേരമായല്ലോ നിന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ തുടങ്ങീട്ട്… അല്ലെങ്കീ ഒരാള് കിടപ്പിലായിപ്പോയാ അയാളെ കാണാനും അടുത്തുവന്ന് മിണ്ടിപ്പറഞ്ഞിരിക്കാനും ഓടിനടക്കുന്നവര്‍ക്ക് സമയം കാണുകേലാ… അതിനുള്ള മനസ്സും ഉണ്ടാവുകേലാ.

ഈ അമ്മച്ചീടെ ഒരു കാര്യം. എപ്പോ കണ്ടാലും ആദ്യം പരാതിയും പരിഭവവുമാ… ബെന്നി ത്രേസ്യാമ്മയുടെ കട്ടിലിന്‍റെ അരികില്‍ ചെന്നിരുന്നു.

ഞാന്‍ പിന്നെ എന്‍റെ സങ്കടോം പരാതീം അയലോക്കത്തെ മാത്തച്ചനോടും കുട്ടിച്ചനോടും പറയണോടാ?ഞാനെന്‍റെ സങ്കടോം പരാതീം ഉറക്കെ പറയും. ദാവീദ് രാജാവു പോലും അങ്ങനെ പറഞ്ഞിട്ടില്ലേടാ?

ആ… ആര്‍ക്കറിയാം. ദാവീദാണോ ജോബാണോ അങ്ങനെ പറഞ്ഞിരിക്കുന്നതെന്ന്… ബെന്നി ചിരിച്ചു.

പ്രായമിത്രേം ആയെങ്കി ലും അമ്മച്ചിക്ക് അതൊക്കെ നല്ല ഓര്‍മ്മയാ അല്ലേ? അയാള്‍ കളിയാക്കി.

പോടാ തെമ്മാടീ… വല്ലപ്പോഴും ബൈബിളൊക്കെ എടുത്തൊന്ന് വായിക്കണം.സത്വിചാരം മനസ്സിലുണ്ടാവണം. ത്രേസ്യാമ്മ കരം നീട്ടി അയാളുടെ തുടയില്‍ ചെറുതായിട്ട് ഒരടി നല്കി.

ആട്ടെ എന്നിട്ട് എന്നതായിരുന്നു ചേട്ടനും അനിയനും കൂടിയുള്ള വര്‍ത്തമാനം?അതു പറ.

നമ്മുടെ നിമിഷക്കുട്ടീടെ കല്യാണാലോചന തന്നെ…

അതെയോ… എവിടുന്നാടാ… ത്രേസ്യാമ്മയില്‍ സന്തോഷവും ആകാംക്ഷയും നിറഞ്ഞു.

എത്ര കാലമായി ഞാനിത് പറയുന്നു. ആര്‍ക്കും ഒരനക്കോം ഉണ്ടായിരുന്നില്ല. എന്‍റെ മോളുടെ കല്യാണം കഴിഞ്ഞ് അവളുടെ ഒരു കുഞ്ഞിനെ കൂടി കണ്ടിട്ട് എനിക്ക് കണ്ണടച്ചാ മതിയായിരുന്നു. ത്രേസ്യാമ്മ കരം കൂപ്പി മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു.

അത്രയ്ക്ക് ധൃതിയായോ അമ്മച്ചിക്ക് പോകാന്‍… വര്‍ഷേടേം ഗ്രേഷ്മേടേം കല്യാണം കൂടാനും അമ്മച്ചിക്ക് ആഗ്രഹമില്ലേ?

നിമിഷ ചോദിച്ചു.

ആദ്യം നിന്‍റെയൊന്ന് കഴിയട്ടെ… എന്നാലല്ലേ അവര്‍ക്ക് ആലോചിക്കാന്‍ പറ്റൂ. അല്ല പിന്നെ… ത്രേസ്യാമ്മ ദേഷ്യം ഭാവിച്ചു.

അല്ലെടാ ബെന്നിച്ചാ, നിനക്ക് അറിയാമോ ഇവളുടെ മനസ്സില്‍ ഒരു ഇഷ്ടമുണ്ട്… രഹസ്യം കൈമാറുന്ന ഭാവത്തിലായിരുന്നു ത്രേസ്യാമ്മ.

ആണോ… അതേ ഭാവം ഉള്‍ക്കൊണ്ട് ബെന്നി ത്രേസ്യാമ്മയുടെ മുഖത്തേയ്ക്ക് കാത് അടുപ്പിച്ചു.

അപ്പോ അമ്മച്ചിയാണ് ഇവളുടെ രഹസ്യം സൂക്ഷിപ്പുകാരി… അതു കൊള്ളാം. എന്നിട്ട്?

നീ ചുമ്മാ എന്നെ കളിയാക്കുവാ… ത്രേസ്യാമ്മ പിണങ്ങി.

നിനക്ക് എല്ലാം അറിയാം.

എനിക്ക് എന്തോന്നറിയാന്‍… ഇതു വല്ലതും ഇവള് എന്നോട് പറയുമോ…? അമ്മച്ചി പറ…

ഞാന്‍ അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ ഒരു കാര്യം പറയാം. പണ്ടത്തെ കാലമല്ല ഇതെന്നോര്‍ക്കണം. പെമ്പിള്ളേര്‍ക്ക് ഇഷ്ടമില്ലാത്ത ഒരുത്തനെക്കൊണ്ട് അവരുടെ കഴുത്തില്‍ താലി കെട്ടിക്കരുത്.

ത്രേസ്യാമ്മ ഏതൊക്കെയോ ഓര്‍മ്മകളില്‍ ദീര്‍ഘമായി നിശ്വസിച്ചു. അപ്പോഴാണ് മുറിവാതില്ക്കല്‍ കാല്‍പ്പെരുമാറ്റം കേട്ടത്. ബെന്നി നോക്കിയപ്പോള്‍ രാജു. പിന്നില്‍ സൂസി. അമ്മച്ചി പറഞ്ഞത് ചേട്ടന്‍ കേട്ടുവെന്ന് ബെന്നിക്ക് മനസ്സിലായി.

ഞാനെന്നാ ഇറങ്ങുവാ അമ്മച്ചി… പിന്നെ വരാം.

നിനക്ക് അല്ലേലും എപ്പഴും തിരക്കല്ലേ… ഇനി വരുമ്പോ നിന്‍റെ കെട്ട്യോളേം കൂടി കൊണ്ടുവാടാ.

ശരിയമ്മച്ചി… ബെന്നി കട്ടിലില്‍ നിന്നെണീറ്റു.

രാജുവിനെ കടന്നുപോകുമ്പോള്‍ ബെന്നി അയാളുടെ മുഖത്തേയ്ക്ക് നോക്കുക മാത്രമേ ചെയ്തുള്ളൂ. ബെന്നി പോയപ്പോള്‍ നിമിഷ വീണ്ടും ചെന്ന് തന്‍റെ മുറിയില്‍ കയറി വാതിലടച്ചു.

രാജുവിന്‍റെ ചിന്താമഗ്നമായ മുഖത്തേയ്ക്ക് സൂസി ആകാംക്ഷയോടെ നോക്കി.

ഇച്ചായനെന്താ ആലോചിക്കുന്നെ…?

നിമിഷേടെ കാര്യം അല്ലാതെന്ത്…?

അയാള്‍ തിരിഞ്ഞു നടന്നു; പുറകെ സൂസിയും.

എന്നിട്ട് അച്ചായനെന്നതാ തീരുമാനിച്ചിരിക്കുന്നേ?

തീരുമാനം… രാജു ഒരു നിമിഷം ആലോചിച്ചു. എന്താണ് തന്‍റെ തീരുമാനം. നി മിഷയും ബെന്നിയും ത്രേസ്യാമ്മയും ജെസിയും അയാളുടെ മനസ്സിലൂടെ കടന്നുപോയി. താനെടുക്കുന്ന തീരുമാനം. അതാണ് നിമിഷയുടെ ഭാവി നിശ്ചയിക്കുന്നത്. മനുവും അനൂപും അയാളുടെ മനസ്സിലൂടെ കടന്നു പോയി.

പഴയ കാലത്തെ അപ്പനായിരുന്നു താനെങ്കില്‍ തനിക്ക് തന്‍റെ ഇഷ്ടം മകളുടെ മേല്‍ അടിച്ചേല്പിക്കാമായിരുന്നു. പക്ഷേ…

നിന്‍റെ അഭിപ്രായം എന്താ…?

രാജു സൂസിയുടെ മുഖത്തേയ്ക്ക് നോക്കി. സൂസിക്ക് സന്തോഷം തോന്നി. ഇത്രയുംകാലത്തെ ജീവിതത്തിനിടയില്‍ അയാള്‍ ഒരിക്കല്‍പോലും തന്‍റെ തീരുമാനം ആരായുകയോ ഇഷ്ടം തിരക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ആദ്യമായി… തങ്ങളുടെ മകളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യത്തിന്… സൂസിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.

ശരിയാ നമ്മുടെ വിലയും നിലയുമൊന്നും അവര്‍ക്കില്ല. എങ്കിലും… എന്‍റെ തീരുമാനം മോളെ വേദനിപ്പിക്കരുതെന്നാ… സൂസി പറഞ്ഞു.

ഉം… രാജു തലചലിപ്പിച്ചു.

എല്ലാരുടേം ആഗ്രഹോം അഭിപ്രായോം അതാണെങ്കില്… രാജു പൂര്‍ത്തിയാക്കിയില്ല. സൂസി അയാളുടെ മുഖത്തേയ്ക്ക് ആകാംക്ഷയോടെ നോക്കി.

എല്ലാരുടേം ഇഷ്ടം പോലെ നടക്കട്ടെ.

ധൃതിയില്‍ പറഞ്ഞവസാനിപ്പിച്ചതിന് ശേഷം അയാള്‍ മുന്നോട്ടു നടന്നു. സൂസിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ സന്തോഷത്തോടെ നിമിഷയുടെ മുറിയിലേക്ക്ഓടി…

മോളേ…

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org