Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 5

സ്നേഹസീമ – 5

Sathyadeepam

വിനായക് നിര്‍മ്മല്‍

വൈകുന്നേരം.

ഹെല്‍ത്ത് ക്ലബില്‍ നിന്ന് വിയര്‍ത്തൊലിച്ച,് ടവ്വലില്‍ മുഖവും കയ്യും തുടച്ച് പുറത്തേയ്ക്കിറങ്ങിവരികയായിരുന്നു അനൂപ്.

അയാള്‍ക്കൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. ആദിത്യനും അര്‍ജുനനും. അവരാണ് അനൂപിന് രാജുവിനെ ചൂണ്ടിക്കാണിച്ചുകൊടുത്തത്.

ആണ്ടെടാ നിന്‍റെ ഭാവി അമ്മായിയപ്പന്‍ നില്ക്കുന്നു. അനൂപ് നോക്കിയപ്പോള്‍ ഫോര്‍ഡ് ഫീഗോയില്‍ ചാരി നില്‍ക്കുകയായിരുന്നു രാജു. എന്തോ ഗൗരവതരമായ വിഷയം ആലോചിക്കുകയാണെന്ന മട്ടില്‍. താന്‍ ഈ സമയത്ത് ഇവിടെയായിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് അത് തന്നെ കാത്തുനില്ക്കുന്നതാണെന്ന് അനൂപ് ഊഹിച്ചു.

ഹായ് അങ്കിള്‍… അനൂപ് കൈ ഉയര്‍ത്തിക്കാണിച്ചു.

അങ്കിളെന്താ ഇവിടെ? അനൂപും സുഹൃത്തുക്കളും റോഡ് മുറിച്ചുകടന്ന് രാജുവിന്‍റെ അടുക്കലേയ്ക്ക് ചെന്നു.

ഞാന്‍… വെറുതെ… അനൂപിനെ ഒന്നു കാണാന്‍… രാജു പരുങ്ങി

അതു ശരി, അല്ലാ ഏതുപ്രായത്തിലും ജിമ്മില്‍ ജോയിന്‍ ചെയ്യാം; അങ്കിളിനും വേണേല്‍ ഒരു കൈ നോക്കാം കേട്ടോ… ആദിത്യന്‍ തമാശയായി പറഞ്ഞു.

അമ്മായിയപ്പനും മരുമകനും തമ്മില്‍ അങ്ങനെയും ചേര്‍ച്ച ആയിക്കോട്ടെ. രാജു അതിന് മറുപടി പറയാതെ ചിരിച്ചതേയുള്ളൂ.

എന്നാ നിങ്ങള് സംസാരിക്ക്… ഞങ്ങള് പോട്ടേടാ.. അനൂപിന് നേരെ കൈകള്‍ വീശി കൂട്ടുകാര്‍ ബുള്ളറ്റിലേക്ക് കയറി. അനൂപ് വീണ്ടും രാജുവിന് നേര്‍ക്ക് തിരിഞ്ഞു.

അപ്പോ കല്യാണക്കാര്യം ഫ്രണ്ട്സിനോടൊക്കെ പറഞ്ഞു, അല്ലേ? ബുള്ളറ്റിന്‍റെ ശബ്ദം അകന്നുപോയപ്പോള്‍ രാജു ചോദിച്ചു.

അതു പിന്നെ എപ്പഴായാലും അവര്‍ അറിയേണ്ടതല്ലേ. മാത്രവുമല്ല എനിക്ക് നിമിഷയെ ഇഷ്ടമാണെന്ന് അവര്‍ക്കൊക്കെ അറിയുകയും ചെയ്യാം.

രാജുവിന്‍റെ തല കുനിഞ്ഞു.

എന്താ അങ്കിളിന്‍റെ മുഖം വല്ലാതിരിക്കുന്നെ?

ഒന്നുമില്ല, അനൂപ് വണ്ടിയേല്‍ കയറ്. എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്.

ഞാനെന്‍റെ വണ്ടിയേല്‍ വന്നോളാം. എവിടേയ്ക്കാന്ന് അങ്കിള് പറഞ്ഞാ മതി.

സ്റ്റേഡിയം ഗ്രൗണ്ടില്‍…രാജു പറഞ്ഞു. അനൂപ് ചെല്ലുമ്പോള്‍ ഗ്രൗണ്ടിന് വെളിയില്‍, കാത്തുനില്ക്കുകയായിരുന്നു രാജു. കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം അനൂപ് അയാളുടെ സമീപത്തേയ്ക്ക് ചെന്നു.

വാ നമുക്ക് നടക്കാം. രാജു പറഞ്ഞു. സ്റ്റേഡിയത്തിലെ നടപ്പാതയിലൂടെ അവര്‍ നടന്നു തുടങ്ങി.

അങ്കിളിനെന്തോ സീരിയസായി സംസാരിക്കാനുണ്ടെന്ന് തോന്നുന്നുവല്ലോ?

ഉം.

അതെന്താണെന്ന് രാജു തന്നെ പറയട്ടെയെന്ന് അനൂപ് കാത്തു. കുറെ നേരം നിശ്ശബ്ദരായി നടന്നു നീങ്ങിയതിന് ശേഷം രാജു പറഞ്ഞു.

അനൂപ് എന്നോട് ക്ഷമിക്കണം. നിമിഷ വിവാഹത്തിന് സമ്മതിക്കുന്നില്ല.

അനൂപിന്‍റെ ഞെട്ടല്‍ പ്രതീക്ഷിച്ച് അയാളുടെ മുഖത്തേയ്ക്ക് നോക്കിയ രാജുവിന് പക്ഷേ അത് കാണാനായില്ല. പകരം അനൂപ് ചിരിക്കുകയായിരുന്നു.

അത് ഞാന്‍ പ്രതീക്ഷിച്ചതാണല്ലോ അങ്കിള്‍? അതല്ലേ നിമിഷയുടെ സ്നേഹം സത്യമായിരുന്നുവെന്നതിന് തെളിവ്. അല്ലാതെ എന്‍റെ പ്രെപ്പോസല്‍ വരുമ്പോള്‍ നിമിഷ കണ്ണുംപൂട്ടി സമ്മതിക്കുമെന്ന് എനിക്കൊരു വിചാരവുമില്ല.

ഇനിയെന്തു മറുപടി പറയണമെന്ന് അറിയാതെ രാജു വിഷമിച്ചു.

നിമിഷയ്ക്ക് മനുവിനെ സ്നേഹമാണ്. അവര്‍ വിവാ ഹം കഴിക്കാന്‍ തീരുമാനിച്ചവരുമാണ്. അതെല്ലാം എനിക്ക് അറിയാം. അതുകൊണ്ട് നിമിഷയുടെ സമ്മതമോ എതിര്‍പ്പോ എനിക്ക് പ്രശ്നമല്ല. എനിക്ക് അറിയേണ്ടത് അങ്കിളിന്‍റെ തീരുമാനമാണ്. അങ്കിളിന്‍റെ നിലപാടാണ്. അങ്കിളെന്തു തീരുമാനിച്ചു?

രാജു പെട്ടെന്ന് നിസ്സഹായനായി. എല്ലാ ചോദ്യങ്ങള്‍ക്കും നടുവില്‍ നില്ക്കുന്നത് താനാണെന്ന് അയാള്‍ക്ക് മനസ്സിലായി. മകളുടെ കണ്ണീരിനും സങ്കടങ്ങള്‍ക്കും താന്‍ മറുപടി നല്കണം. അവളുടെ സന്തോഷത്തിനും പുഞ്ചിരികള്‍ക്കും താന്‍ മറുപടി നല്കണം. കുടുംബത്തെ സംബന്ധിക്കുന്ന എല്ലാ തീ രുമാനങ്ങളും തന്നെ ആശ്രയിച്ചാണിരിക്കുന്നത്. തീരുമാനം ശരിയായിരുന്നുവെങ്കില്‍ അല്ലെങ്കില്‍ എടുത്ത തീരുമാനം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാണെങ്കില്‍ കുടുംബനാഥന്‍ എന്ന നിലയില്‍ താന്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. അതല്ല എടുത്ത തീരുമാനം എവിടെയെങ്കിലും തെറ്റിപ്പോകുകയോ ആരെയെങ്കിലും വേദനിപ്പിക്കുകയോ ചെയ്താല്‍ മരണം വരെ താന്‍ പഴി കേള്‍ക്കപ്പെടും. കുറ്റക്കാരനായി വിധിക്കപ്പെടും. പിണക്കങ്ങള്‍ക്കും വെറുപ്പിനും ഇരയാകും. കുടുംബനാഥന്മാരുടെ നിസ്സഹായതകള്‍ ഈ ലോകത്തില്‍ ആരറിയാനാണ്?

അങ്കിളെന്താ മറുപടി പറയാത്തത്? അനൂപ് ചോദിച്ചു.

ഞാനെന്തു പറയാനാ മോനേ…? പുറമേയ്ക്ക് നോക്കുമ്പോ കാണുന്നതുപോലെ അത്ര വലിയ ദുഷ്ടനോ ക്രൂരനോ ഒന്നുമല്ല ഞാന്‍. ഇനി മറ്റുള്ളവരോട് ചില ക്രൂരതയൊക്കെ കാണിക്കുമ്പോഴും വീട്ടിനുള്ളില്‍ നമുക്കത് കാണിക്കാനുമാവില്ല. പ്രത്യേകിച്ച് നമ്മുടെ മക്കളോട്… ഒരു ദേഷ്യത്തിന് അവരെ ചെറുതായിട്ടൊന്ന് അടിച്ചാല്‍ പോലും ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന വേദനയാ അത്. അപ്പോ അതിലും വലിയ കാര്യങ്ങള്‍ക്കായി നാം അവരെ വേദനിപ്പിച്ചാല്‍ ആ വേദനയോര്‍ത്ത് ജീവിതകാലം മുഴുവന്‍ നമ്മള്‍ തീ തിന്നേണ്ടി വരും.

അങ്കിളെന്നതാ പറഞ്ഞുവരുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.

എന്‍റെ മോള് സന്തോഷവതിയായിരിക്കണം. അതേ ഞാനാഗ്രഹിക്കുന്നുള്ളൂ; രാജു അറിയിച്ചു.

എനിക്ക് അനൂപിനെ ഇഷ്ടമാ, എല്ലാ അര്‍ത്ഥത്തിലും. പക്ഷേ മനുവിനെ ഞാനൊരിക്കലും സ്നേഹിച്ചിട്ടില്ല, ഇനി നാളെ സ്നേഹിക്കാന്‍ കഴിയുമോയെന്ന് തീര്‍ച്ചയുമില്ല. എങ്കിലും എന്‍റെ മോള്‍ക്ക് അവനെയാ ഇഷ്ടമെന്നും അവന്‍റെ കൂടെ ജീ വിക്കാനാ ഇഷ്ടമെന്നും എന്നോട് പറയുമ്പോ…

പറയുമ്പോ.. അനൂപ് ഇടയ്ക്ക് കയറി.

അങ്കിള്‍ ആ വിവാഹത്തിന് സമ്മതിച്ചു അല്ലേ? അനൂപിന്‍റെ സ്വരം ഉയര്‍ന്നു.

സായാഹ്നസവാരിക്കായി ഗ്രൗണ്ടിലെ നടപ്പാതയിലൂടെ നടന്നുപൊയ്ക്കൊണ്ടിരിക്കുന്നവരില്‍ ചിലര്‍ അവരെ തിരിഞ്ഞുനോക്കി. പെട്ടെന്ന് തന്നെ അനൂപ് പരിസരബോധമുള്ളവനായി. അയാള്‍ ശബ്ദം താഴ്ത്തി രാജുവിനോട് ചോദിച്ചു:

അങ്കിളിന് നാണമില്ലേ എന്നോട് ഇതുപറയാന്‍?

അനൂപ് കൈത്തലം കൂട്ടിത്തിരുമ്മി കൊണ്ട് സ്റ്റേഡിയത്തിന്‍റെ അതിരിലെ കൈവരിയില്‍ പിടിച്ച് തിരിഞ്ഞുനി ന്നു

അനൂപ്… രാജു പിന്നില്‍ നിന്ന് അനൂപിന്‍റെ തോളത്ത് കൈ വച്ചു.

അല്ലെങ്കില്‍ നീയൊന്ന് ആലോചിച്ചുനോക്കിക്കേ, മറ്റൊരുവനെ സ്നേഹിക്കുന്ന, മറ്റൊരുവന്‍ സ്നേഹിക്കുന്ന പെണ്ണിനെ നിനക്കെന്തിനാ നിന്‍റെ ഭാര്യയായിട്ട്… അത് എന്‍റെ മോളാണെങ്കില്‍ പോലും…

അനൂപ് അയാള്‍ക്ക് നേരെ തിരിഞ്ഞുനിന്നു.

വിവാഹപ്രായമെത്തുന്നതുവരെയുള്ള കാലയളവില്‍ പല പ്രായത്തില്‍ ആരോടെങ്കിലുമൊക്കെ ഇഷ്ടം തോന്നാത്ത ആരെങ്കിലുമുണ്ടാവുമോ ഇക്കാലത്ത്. പല പല ഇഷ്ടങ്ങള്‍? അങ്ങനെയൊരു ഇഷ്ടമായിട്ടേ നിമിഷയ്ക്ക് മനുവിനോട് ഉള്ള സ്നേഹത്തെ ഞാന്‍ കാണുന്നുള്ളൂ. അവനാണെങ്കില്‍ നിമിഷ ഒരു പുളിങ്കൊമ്പും. അങ്കിളിനും തോന്നിയിട്ടില്ലേ ചില ഇഷ്ടങ്ങള്‍, സൂസിയാന്‍റിക്കും അതേ ഇഷ്ടം തോന്നിയിട്ടുണ്ടാവാം. എന്നിട്ടും നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ… ചില ഇഷ്ടങ്ങള്‍ മായ്ച്ചുകളയേണ്ട ഒരു സ്ലേറ്റാ കുടുംബജീവിതം. അവിടെ പുതിയതായി എല്ലാം എഴുതിത്തുടങ്ങണം… ശരിയാ എനി ക്കും ചിലരെ കാണുമ്പോള്‍ ഇഷ്ടം തോന്നിയിട്ടുണ്ട്. പക്ഷേ അതൊരിക്കലും വിവാഹം കഴിക്കാനുള്ള ഇഷ്ടമായിരുന്നില്ല. വിവാഹം കഴിക്കാനും ഭാര്യയായി കൊണ്ടു നടക്കാനും എന്‍റെ കുഞ്ഞുങ്ങളുടെ അമ്മയാകാനും ഞാന്‍ ഒരു പെണ്‍കുട്ടിയെ മാത്രമേ സ്നേഹിച്ചിട്ടുളളൂ. നിമിഷയെ… മനു എന്നു മുതല്ക്കാണ് അവളെ സ്നേഹിച്ചുതുടങ്ങിയതെന്ന് എനിക്കറിയില്ല, നിമിഷ എന്നു മുതല്ക്കാണ് അവനെ സ്നേഹിച്ചുതുടങ്ങിയതെന്നും എനിക്കറിയില്ല. പക്ഷേ ഞാന്‍ അവളെ കണ്ടനാള്‍ മുതല്‍ സ്നേഹിച്ചുതുടങ്ങിയിരുന്നു. അന്ന് അങ്കിളിന്‍റെ മാരുതി കാറില്‍ ആദ്യമായി സ്കൂള്‍ ഗെയ്റ്റില്‍ അവള്‍ വന്നിറങ്ങിയ നാള്‍ മുതല്‍…

അനൂപിന്‍റെ മനസ്സിലേക്ക് ആ ഓര്‍മ്മ തികട്ടിവന്നു. അന്ന് അവള്‍ക്ക് ആറു വയസ് പ്രായം. ഒന്നാം ക്ലാസുകാരി. താന്‍ നാലാം ക്ലാസുകാരന്‍. അഞ്ചാം ക്ലാസെത്തിയപ്പോഴേയ്ക്കും ബോയ്സിന് വേണ്ടി മാത്രമുള്ള സ്കൂളിലേക്ക് താന്‍ മാറിയിരുന്നു. എങ്കിലും സണ്‍ഡേ സ്കൂളിലെത്തിയപ്പോഴെല്ലാം അവളെ കണ്ടു.

വല്ലാത്തൊരു ഇഷ്ടമായിരുന്നു അവളോട്. അതേതുതരത്തിലുള്ള ഇഷ്ടമാണെന്ന് ഒരിക്കലും അന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. വെറുതെ കൂട്ടുകൂടി നടക്കാനുള്ള ഇഷ്ടം, മിണ്ടിപ്പറഞ്ഞിരിക്കാനുള്ള ഇഷ്ടം. ആ ഇഷ്ടം എന്തായിരുന്നുവെന്ന് പിന്നീട് കൗമാരത്തിലെത്തിയപ്പോഴാണ് മനസ്സിലാക്കാനായത്. അനൂപിന്‍റെ മനസ്സിലൂടെ ആ കാലമൊക്കെ കടന്നുപൊയ്ക്കൊണ്ടിരുന്നു.

അന്നൊക്കെ അവള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. മനു ഞങ്ങളുടെ ഇടയിലേക്ക് വരുന്നതുവരെ.. അനൂപ് വ്യക്തമാക്കി. രാജു അതിശയത്തോടെ അവനെ കേട്ടുനിന്നു.

അനൂപിന്‍റെ സ്നേഹം സത്യമാണെന്ന് അയാള്‍ക്ക് മനസ്സിലായി. പക്ഷേ..

രാജു നിസ്സഹായതയോടെ നെഞ്ച് തിരുമ്മി. എന്തു ചെയ്യണമെന്ന് അയാള്‍ക്കൊരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

എനിക്ക് അവളെ വേണം അങ്കിള്‍, അവളെ എനിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല. അനൂപിന്‍റെ ശബ്ദം ഉറച്ചതായിരുന്നു.

അനൂപ്… രാജു വിളിച്ചു.

നീ എന്‍റെ മോളെ ആത്മാര്‍ത്ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കില്‍ നീയൊരി ക്കലും അവളെ വേദനിപ്പിക്കരുത്. ഇതെന്‍റെ അപേക്ഷയാണ്. രാജുവിന്‍റെ സ്വരം ഇടറിയിരുന്നു. അയാള്‍ അവന് നേരെ കൈകള്‍ കൂപ്പി. പെട്ടെന്ന് രാജു അനൂപിന്‍റെ മുമ്പില്‍ കുഴഞ്ഞുവീണു.

അങ്കിള്‍… അനൂപ് ഞെട്ടലോടെ അയാളെ താങ്ങിപിടിച്ചു.

(തുടരും)

Leave a Comment

*
*