Latest News
|^| Home -> Novel -> Novel -> സ്നേഹസീമ – 6

സ്നേഹസീമ – 6

Sathyadeepam

വിനായക് നിര്‍മ്മല്‍

ഐസിയുവിന്‍റെ മുമ്പില്‍ ആശങ്കയോടെ നില്ക്കുകയായിരുന്ന അനൂപിന്‍റെ മുമ്പിലേക്ക് ആശുപത്രി വരാന്തയുടെ അങ്ങേ ചെരിവില്‍ നിന്ന് ഉടുവസ്ത്രത്തിന് തീ പിടിച്ചതുപോലെ നിമിഷ ഓടി വന്നു. അനൂപ് അപ്പോഴും ഹെല്‍ത്ത് ക്ലബില്‍ നിന്നുള്ള വേഷത്തിലായിരുന്നു.

ഡാഡി… നിമിഷയ്ക്ക് മറ്റൊരു വാക്ക് പുറത്തേക്ക് വന്നില്ല.

ഡോണ്ട് വറീ… അങ്കിളിന് പേടിക്കത്തക്കതായി ഒന്നു മില്ല. ചെറിയൊരു ബ്ലോക്കുണ്ട്. അനൂപ് അവളെ ആശ്വസിപ്പിച്ചു.

നിമിഷ വരാന്തയിലെ കസേരയില്‍ ചെന്നിരുന്നു. അവള്‍ ഇരുകരങ്ങള്‍ കൊണ്ടും മുഖം മറച്ച് ശിരസ് കുനിഞ്ഞാണ് ഇരുന്നത്. അപ്പോഴേയ്ക്കും ബെന്നിയും സൂസിയും ഗ്രേഷ്മയും വര്‍ഷയും ബെഞ്ചമിനും വന്നു.

അവരേക്കാള്‍ മുമ്പേ നിമിഷയെത്തിയപ്പോള്‍ തന്നെ അവളുടെ മനസ്സിലെ ആന്തലും നടുക്കവും അനൂപിന് ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. അവന്‍റെ മനസ്സില്‍ അപ്പോള്‍ എന്തിനോ ഗൂഢമായ ആനന്ദം അനുഭവപ്പെട്ടു. ഈ വേദന തനിക്ക് തന്‍റെ കാര്യത്തിന് വേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അവന്‍റെ മനസ്സ് പറഞ്ഞു. എങ്ങനെ അടുത്ത നീക്കങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കുന്നിടത്താണ് തന്‍റെ വിജയം.

ചേട്ടനെ നീ കയറിക്കണ്ടായിരുന്നോ അനൂപേ… ബെ ന്നി ചോദിച്ചു.

ഞാന്‍ കണ്ടു. അങ്കിളിന് കുഴപ്പമൊന്നുമില്ലെന്നേ. അ നൂപ് ആശ്വസിപ്പിച്ചു.

എനിക്ക് ഡാഡിയെ ഒന്ന് കാണാന്‍ പറ്റുമോ… നിമിഷ അപ്പോള്‍ കസേരയില്‍ നി ന്നെണീറ്റ് വന്നു.

ഡോക്ടറോ നഴ്സസോ ആരെങ്കിലും പുറത്തുവരട്ടെ… നമുക്ക് വഴിയുണ്ടാക്കാം. അങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴാണ് പുറത്ത് ബെല്‍ ഘടിപ്പിച്ചിരിക്കുന്നത് അനൂപ് കണ്ടത്. അവന്‍ സ്വിച്ചില്‍ വിരലമര്‍ത്തി. ഉടന്‍തന്നെ ചില്ലുവാതില്‍ തുറന്ന് ഒരു നേഴ്സ് തല പുറത്തേയ്ക്ക് നീട്ടി.

ഒരാളെയെങ്കിലും അകത്തേയ്ക്ക് കടത്തിവിടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ…?

ആരെങ്കിലും ഒരാള്‍… കരച്ചിലോ സംസാരമോ ഒന്നും വേണ്ട കേട്ടോ. നേഴ്സ് നിര്‍ദ്ദേശിച്ചു

അനുവാദം കിട്ടിയപാടെ നിമിഷ അകത്തേക്ക് കയറി. രാജു കണ്ണടച്ച് കിടക്കുകയായിരുന്നു. ആ കിടപ്പ് കണ്ടപ്പോള്‍ നിമിഷയ്ക്ക് കരച്ചില്‍ പൊട്ടി. താന്‍ കാരണമാണോ ഡാഡിക്ക് ഈ അ വസ്ഥ വന്നത്? അവളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. രാജുവിന്‍റെ ഉറക്കം മുറിയാത്ത രീതിയില്‍ അവള്‍ അയാളുടെ കൈപ്പടത്തിന് മീതെ തന്‍റെ കരം വച്ചു. അപ്പോള്‍ പെട്ടെന്ന് രാജു കണ്ണു തുറന്നു. അയാള്‍ നിമിഷയെ നോക്കി ചിരിച്ചു. നിമിഷ കണ്ണീരിലൂടെ പുഞ്ചിരിച്ചു. പേടിക്കാനൊന്നുമില്ലെന്ന് രാജു ആംഗ്യം കാണിച്ചു. അവള്‍ മുഖം കുനിച്ച് രാജുവിന്‍റെ മൂര്‍ദ്ധാവില്‍ ഉമ്മവച്ചു. ആ നിമിഷം അവളുടെ കണ്ണുകളില്‍ നിന്ന് രണ്ടിറ്റുതുള്ളി കണ്ണീര്‍ അയാളുടെ നെറ്റിയിലേക്ക് അടര്‍ന്നുവീണു. പിന്നെ അവള്‍ അവിടെ നിന്നില്ല. നിമിഷ വെളിയിലെത്തിയതേ സൂസി ചോദിച്ചു

നീ ഡാഡിയെ കണ്ടോ മോളേ… നിന്നോട് വല്ലതും പറഞ്ഞോ?

നിമിഷ തലയാട്ടി.

എല്ലാരുംകൂടി ഇവിടെ നി ല്ക്കണ്ടാ അമ്മച്ചിക്കാണെങ്കിലും സമാധാനം കിട്ടില്ല… ചേച്ചിം പിള്ളേരും വീട്ടിലോട്ടു പൊയ്ക്കോ… ഇവിടെ ഞങ്ങളൊക്കെയില്ലേ. ബെന്നി സൂസിയോട് പറഞ്ഞു.

അതെ നിങ്ങള് പൊയ്ക്കോ ഞാനീ ഡ്രസൊന്ന് ചെയ്ഞ്ച് ചെയ്തിട്ട് ഉടനെ തന്നെ വരും. അനൂപ് അറിയിച്ചു.

ഞാന്‍ പോണില്ല മോനേ… പിള്ളേര് വേണമെങ്കി പൊയ്ക്കോട്ടെ… നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. കൃത്യസമയത്ത് ഹോസ്പിറ്റലിലെത്തിച്ചതുകൊണ്ട്… സൂസി അനൂപിന്‍റെ കരം കവര്‍ന്നു

ആന്‍റിയെന്നതാ ഇങ്ങനെ ഫോര്‍മലായി സംസാരിക്കുന്നെ… എന്‍റെ മുമ്പില്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടുനില്ക്കുമ്പോഴല്ലായിരുന്നോ അങ്കിള്‍ കുഴഞ്ഞുവീണത്. അപ്പോ പിന്നെ ഞാന്‍ ഹോസ്പിറ്റലില്‍ എത്തിക്കാതിരിക്കോ. അത് അങ്കിളല്ല മറ്റാരായിരുന്നാലും ഞാനങ്ങനെ തന്നെ ചെയ്യുമായിരുന്നു. അതിനൊക്കെ ഇങ്ങനെ നന്ദി പറഞ്ഞ് ആ വാക്കിന്‍റെ സൗന്ദര്യം കളയണ്ടാ.

എന്തായിരുന്നു സംസാരിച്ചോണ്ടിരുന്നത്… നിമിഷ ശബ്ദം താഴ്ത്തി ചോദിച്ചു.

അതു പിന്നെ.. അനൂപ് പരുങ്ങി.

നിമിഷേടെ കാര്യം തന്നെയാ സംസാരിച്ചോണ്ടിരുന്നെ.

എന്‍റെ കാര്യമോ… അതെന്ത്?

അതൊക്കെ ഇങ്ങനെയൊരു സിറ്റുവേഷനില്‍ പറയാന്‍ പറ്റിയതാണോ അങ്കിള് സുഖമായി പുറത്തുവരാന്‍ വേണ്ടി നമുക്കാദ്യം പ്രാര്‍ത്ഥിക്കാം. അതുകഴിഞ്ഞിട്ടല്ലേ ബാക്കിയെല്ലാം.

അനൂപ് സമര്‍ത്ഥമായി വിഷയം ക്രോഡീകരിച്ചു.

അനൂപേട്ടന്‍ ഞങ്ങളെ ഡ്രോപ്പ് ചെയ്യുമോ… വര്‍ഷ ചോദിച്ചു.

ഓയെസ്, അതിനെന്താ…

എങ്കില്‍ നമുക്ക് പോയാലോ ചേച്ചീ വര്‍ഷ നിമിഷയുടെ നേരെ തിരിഞ്ഞു.

നിമിഷയും അത് സമ്മതിച്ചു. അവള്‍ അത്ര പെട്ടെന്ന് അക്കാര്യം സമ്മതിക്കുമെന്ന് അനൂപ് കരുതിയിരുന്നില്ല. അയാള്‍ക്ക് സന്തോഷം തോന്നി.

എങ്കില്‍ വാ, അനൂപ് മുമ്പേ നടന്നു. അനൂപിന്‍റെ അടുത്തുള്ള സീറ്റിലാണ് നിമിഷയിരുന്നത്. അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ ആ ഭാഗ്യമോര്‍ത്തപ്പോള്‍ അനൂപിന്‍റെ ഉള്ളില്‍ സന്തോഷം നിറഞ്ഞു. പക്ഷേ അയാളത് പുറമേയ്ക്ക് കാണിച്ചില്ല. അപ്പോഴേയ്ക്കും നിമിഷയുടെ മൊബൈല്‍ ശബ്ദിച്ചു. നിമിഷ ഫോണെടുത്തു.

ഹലോ… ങാ.. ഡാഡിയെ ഞാന്‍ കയറി കണ്ടു… നാളെയാ… ഉം… ഉം

മറുതലയ്ക്കല്‍ നിന്ന് പുരുഷശബ്ദം നിമിഷയെ ആശ്വസിപ്പിക്കുകയാണെന്ന് അനൂപിന് മനസ്സിലായി. അത് ഒരേ സമയം നിമിഷയെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും.

ഇല്ല… ഞങ്ങള്‍ വീട്ടിലോട്ട് പോകുവാ… എന്നാ വരുന്നെ… നാളെ വരാന്‍ പറ്റുമോ… നോക്കണേ… ഉം.

കണ്ണ് തുടച്ചുകൊണ്ട് നിമിഷ ഫോണ്‍ കട്ട് ചെയ്തു.

മനുവാ അല്ലേ? പുഞ്ചിരിയോടെ അനൂപ് തിരക്കി. അതെയെന്ന് നിമിഷ തല ചലിപ്പിച്ചു.

മനു നാളെയെത്തുമോ.. മനു വന്നാ നിമിഷയ്ക്ക് ഒരാശ്വാസമായേനേ. അല്ലേ… നിമിഷ മറുപടിയായി തലകുലുക്കിക്കൊണ്ട് മറ്റൊന്ന് ചോദിച്ചു.

നിങ്ങള് തമ്മില്‍, ഡാഡീം അനൂപും തമ്മില്‍ എന്നെക്കുറിച്ച് എന്തു സംസാരിച്ചുവെന്നാ പറഞ്ഞെ?

നിമിഷയുടെ വിവാഹക്കാര്യം. അനൂപ് സംസാരിച്ചു തുടങ്ങി.

നിമിഷയ്ക്ക് എന്നെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് അങ്കിള്‍ പറഞ്ഞു, എനിക്കതില്‍ പുതുമയോ നടുക്കമോ തോന്നിയില്ല. എനിക്കറിയാവുന്ന കാര്യമാണല്ലോ അത്. സ്വഭാവികമായും അങ്കിളിന് അത് വിഷമമുണ്ടാക്കിയിട്ടുണ്ട്. നിമിഷയുടെ ഇഷ്ടം. അതെന്തുമാകട്ടെ എനിക്ക് പ്രശ്നമൊന്നുമില്ല. എനിക്കൊന്നേ പറയാനുള്ളൂ, പേരന്‍റ്സ്… അവരുടെ മനസ്സ് വിഷമിപ്പിച്ചുകൊണ്ട് നമ്മളൊരു ഡിസിഷന്‍ എടുക്കരുത്. പ്രത്യേകിച്ച് വിവാഹം പോലെയുള്ള ഒരു ഡിസിഷന്‍. ശരിയായിരിക്കാം നിമിഷ നോക്കുമ്പോള്‍ എനിക്ക് പല കുറവുകളുമുണ്ടാകാം. മറ്റുള്ളവര്‍ പറയുമ്പോഴാണല്ലോ നമ്മള്‍ നമ്മുടെ പല കുറവുകളും തിരിച്ചറിയുന്നത്. അതുകൊണ്ട് നിമിഷ എന്നെ വിവാഹം കഴിക്കണമെന്ന് എനിക്ക് ശാഠ്യം പിടിക്കാനാവില്ല. പക്ഷേ അങ്കിള് പറയുന്ന ഒരാളെ നിമിഷ വിവാഹം കഴിക്കണം. കല്യാണം കഴിക്കുന്നതിന് മുമ്പുള്ള പ്രേമമൊന്നൊക്കെ പറയുന്നത് ഒരു തരം കണ്ണുകെട്ടിക്കളിയാ. എന്താ, ഏതാ എന്നൊന്നും അറിയാതെയുള്ള കളി. അതിലൊന്നും വ ലിയ കഥയില്ല. പിന്നെയുള്ള ജീവിതമാ വലുത്. എന്‍റെ മോളെ രക്ഷിക്കണേ അനൂപേ എന്ന് പറഞ്ഞാ അങ്കിള് കുഴഞ്ഞുവീണെ. അതെന്തെങ്കിലുമാകട്ടെ, നിമിഷയുടെയെന്നല്ല നമുക്കാരുടെയും സനേഹം തോക്കു ചൂണ്ടിയൊന്നും പിടിച്ചുവാങ്ങാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളു തന്നെയാ ഞാന്‍. നിമിഷ സന്തോഷവതിയായിരിക്കണം. അതു മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

വണ്ടി നിമിഷയുടെ വീടിന്‍റെ മുമ്പിലെത്തി. നിമിഷയും സഹോദരങ്ങളും പുറത്തേയ്ക്കിറങ്ങി.
അനൂപേട്ടാ താങ്ക്യൂ. വര്‍ഷ പറഞ്ഞു

വെല്‍ക്കം. അനൂപ് കൈ ഉയര്‍ത്തികാണിച്ചു വണ്ടി റി വേഴ്സെടുത്ത് തിരിച്ചുപോയി.

വന്നുകയറിയ മഹാലക്ഷ്മിയെ പുറങ്കാലുകൊണ്ട് തട്ടിക്കളഞ്ഞുവെന്നൊക്കെ സിനിമേലും സീരിയലിലും പറയുന്ന ഡയലോഗ് പോലെ തന്നെയാ ഈ നിമിഷചേച്ചീടെ കാര്യം. തങ്ങള്‍ മാത്രമായപ്പോള്‍ വര്‍ഷ പെട്ടെന്ന് നിമിഷയോട് ദേഷ്യപ്പെട്ടു.

ചേച്ചിയെന്തൊരു മണ്ടിയാ… അനൂപേട്ടനെ പോലെയുള്ള ഒരാളെ വേണ്ടെന്ന് വയ്ക്കാന്‍ ചേച്ചിക്കെന്തു കാരണങ്ങളാ ഉള്ളത്?

ഗ്രേഷ്മയുടേതായിരുന്നു ആ ചോദ്യം. അതിന് മുമ്പില്‍ നിമിഷ അന്തിച്ചുനിന്നുപോയി.

ഒരാളെ വേണ്ടെന്ന് വയ്ക്കാന്‍, ഇഷ്ടമായില്ലെന്ന് പറയാന്‍ പല കാരണങ്ങളുണ്ടായിരിക്കാം. പക്ഷേ ഒരാളെ സ്നേഹിക്കാന്‍് പ്രത്യേകിച്ച് കാരണങ്ങളെന്തെങ്കിലും വേണോ… അത് ഒരു തീരുമാനമല്ലേ… ഒരാളെ സ്നേഹിക്കുന്നു എന്ന തീരുമാനം. മുന്‍പിന്‍ നോക്കാതെ, സ്വാര്‍ത്ഥലക്ഷ്യങ്ങളോ ഭാവിയിലെ വെല്ലുവിളികളോ നോക്കാതെയുളള അന്ധമായ തീരുമാനം.

അനൂപേട്ടനെ കണ്ടാ സിനിമാനടന്മാര്‍ തോറ്റുപോകും. എന്താ ഗ്ലാമര്‍… ആ ബോഡി കണ്ടില്ലേ സിക്സ് പായ്ക്കാണെന്നാ തോന്നുന്നെ ബെഞ്ചമിന്‍റേതായിരുന്നു ആ അഭിപ്രായപ്രകടനം

ആ മനൂ ചേട്ടന് എന്നതാ ഉള്ളത്… ഡാഡി പറഞ്ഞതുപോലെ ഒരു പുസ്തകപ്പുഴു. മനുചേട്ടനെ ചേച്ചി എന്തുകണ്ടിട്ടാ പ്രേമിക്കുന്നത്? വര്‍ഷ ചോദിച്ചു.

മനുവിനെ താന്‍ സ്നേഹിക്കാനുള്ള കാരണങ്ങള്‍… നിമിഷയുടെ തലച്ചോര്‍ വീണ്ടും പുകഞ്ഞു. ഇതേ വിഷയത്തില്‍ ഇതിനകം പലതവണ നേരിടേണ്ടി വന്ന ചോദ്യങ്ങള്‍. നിമിഷ മറുപടി പറയാതെ തന്‍റെ മുറിയിലേക്ക് നടന്നു. ഗുണങ്ങളും ഗണങ്ങളും അനൂപിന്‍റെ വശത്താണ്. പക്ഷേ മനു… അവന് എണ്ണിപ്പറയാന്‍ ഗുണങ്ങളില്ല. എന്നിട്ടും എന്തുകൊണ്ടാണ് താന്‍ മനുവിനെ സ്നേഹിക്കുന്നത്?

അടുത്ത ദിവസം തന്നെ രാജുവിന്‍റെ സര്‍ജറി കഴിഞ്ഞു. ആ ദിവസങ്ങളില്‍ തന്നെ മനു അവധിക്ക് നാട്ടിലുമെത്തി.

(തുടരും)

Leave a Comment

*
*